ജനാധിപത്യത്തില്‍ ആര്‍ക്കുമൊരു പ്രിവിലേജുമില്ല സര്‍….

രാജിവെക്കാതിരിക്കാന്‍ ശിവന്‍കുട്ടിക്ക് നിരവധി കാരണങ്ങള്‍ നിരത്താനാകും. മുഖ്യമന്ത്രിയടക്കം അതു ചെയ്യുന്നുമുണ്ട.് എന്നാല്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന താന്‍ അതു തീരും വരെ മന്ത്രിസ്ഥാനത്തു തുടരുന്നില്ല എന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു എന്നു കരുതുക. അതു ജനാധിപത്യരാഷ്ട്രീയത്തിനു നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല. രാഷ്ട്രീയത്തിനു നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്ന ദിശയില്‍ വലിയൊരു ചരിത്രമായിരിക്കുമത്. ്അതിനദ്ദേഹം തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

ജനപ്രതിനിധികളുടെ പ്രിവിലേജിനെ കുറിച്ചാണല്ലോ ഇപ്പഴത്തെ പ്രധാന ചര്‍ച്ച. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയാണ് ഈ ചര്‍ച്ചയെ സജീവമാക്കിയിരിക്കുന്നത്. പ്രതിഷേധമാണ് നടന്നതെന്ന് ഇടതുപക്ഷം പറയുമ്പോള്‍ കയ്യാങ്കളിയാണ് നടന്നതെന്ന് യുഡിഎഫ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ കേസാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളിലേക്ക് നയിച്ചത്, കേസ് പിന്‍വലിക്കാനനുമതി നല്‍കണണെന്ന സര്‍ക്കാര്‍ വാദത്തെ സുപ്രിംകോടതിയടക്കം തള്ളിക്കളഞ്ഞിരിക്കുകയാണ്. മാത്രമല്ല മന്ത്രി ശിവന്‍കുട്ടിയടക്കമുളളവര്‍ വിചാരണനേരിടണമെന്നും കോടതി പ്രസ്താവിച്ചു. ഇപ്പോഴിതാ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷപ്രക്ഷോഭം നിയമസഭയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. നിയമസഭക്കുപുറത്തും പ്രതിപക്ഷം സമരരംഗത്താണ്. സഭക്കകത്തെ പ്രതിഷേധത്തിനു പകരം പുറത്തെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് അവസാനം പ്രതിപക്ഷ തീരുമാനം.

സംഭവവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി വളരെ പ്രസക്തമാണ്. ജനപ്രതിനിധികളുടെ മാത്രമല്ല, രാഷ്ട്രീയനേതാക്കളുടെ പ്രിവിലേജിനെയും അത് ചര്‍ച്ചാവിഷയമാക്കുന്നു. നിയമസഭയുടെ പരമാധികാരി സ്പീക്കറാണെന്നും അതിനാല്‍ അതിനകത്തുള്ള സംഭവങ്ങളെ കുറിച്ചുള്ള അന്തിമതീരുമാനം സ്പീക്കര്‍ക്കാണെന്നും കോടതിക്കോ മറ്റധികാരസ്ഥാപനങ്ങള്‍ക്കോ അതിലൊരു പങ്കുമില്ലെന്നും അത്തരത്തിലൊരു പ്രിവിലേജ് നിയമസഭംഗങ്ങള്‍ക്കുണ്ടെന്നുമാണ് സര്‍ക്കാരിന്റെ പ്രധാനവാദം. അതിനാല്‍ നിയമസഭക്കകത്തെ പ്രതിഷേധങ്ങളില്‍ കോടതി ഇടപെടേണ്ടതില്ലെന്നും. ഒറ്റനോട്ടത്തില്‍ ശരിയാണെന്നു തോന്നുന്ന വാദം. ഒരു പരിധിവരെ അതു ശരിയുമാണ്. ആ പരിധി ഏതാണെന്നതാണ് പ്രശ്‌നം. പ്രതിഷേധം, ക്രിമിനല്‍ കേസിലേക്കെത്തും വരെ ആ പ്രിവിലേജ് നിലനില്‍ക്കുന്നുണ്ട് എന്നുതന്നെയാണ് കോടതിവിധിയുടെ അര്‍ത്ഥം. എന്നാല്‍ ക്രിമിനല്‍കുറ്റത്തിലേക്കു കടക്കുമ്പോള്‍ വിഷയം മാറുന്നു. അതു കൈകാര്യം ചെയ്യേണ്ടത് സ്പീക്കറല്ല, നീതിന്യായസംവിധാനമാണ്. അല്ലെങ്കില്‍ ഒരു നിയമസഭാംഗം സഭക്കകത്ത് വെച്ച് മറ്റൊരംഗത്തെ വെടിവെച്ചുകൊന്നാല്‍ പോലും കോടതിക്കോ പോലീസിനോ ഇടപെടാനാവുമോ എന്നും കോടതി ചോദിച്ചു. മാണിയുടെ പ്രസംഗം തടയാനായി അന്നത്തെ പ്രതിപക്ഷം നടത്തിയതൊക്കെ കാണാത്ത ആരെങ്കിലും ഉണ്ടോ? കസേരകളും കമ്പ്യൂട്ടറുമടക്കമുള്ള പൊതുമുതല്‍ തകര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമല്ലേ? അതു നടക്കുന്നത് എവിടെയായാലും ചെയ്യുന്നത് ആരായാലും ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ യാതൊരു പരിഗണനയുമില്ല എന്നതാണ് വാസ്തവം. അതുതന്നെയാണ് സുപ്രിംകോടതിവിധിയുടെ അര്‍ത്ഥവും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തെ പല സംസ്ഥാനങ്ങളിലും സമാനസംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും അതൊന്നും കോടതിയിലെത്തിയിട്ടില്ലെന്നും അതിനാല്‍ കോടതിവിധി പ്രകാരം മന്ത്രി രാജിവെക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ആ വാദം തെറ്റാണെന്നും കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നടന്ന സംഭവങ്ങളില്‍ കേസെടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവും പറയുന്നു. അതിലേതു ശരിയായലും ഇവിടെ പ്രസക്തമല്ല. ഇതുവരെ നടപടികളെടുത്തിട്ടുല്ലെങ്കില്‍ ഇനിമുതല്‍ എടുക്കണം. അതിന് ഈ സംഭവം നിമിത്തമാകുകയാണെങ്കില്‍ അത്രയും നന്ന്. ഈ വിഷയത്തിലാകട്ടെ എല്‍ഡിഎഫ് വലിയ കെണിയിലുമാണ് എന്നതാണ് രാഷ്ട്രീയകൗതുകം. തങ്ങളുടെ നിലപാട് ന്യായീകരിക്കാന്‍ ഒരു പരിധിക്കപ്പുറം പോകാനവര്‍ക്കാകില്ല. കാരണം അന്നത്തെ സമരം കെ എം മാണിക്കെതിരെ ആയിരുന്നു എന്നതു തന്നെ. ഇന്നാകട്ടെ മാണിയുടെ മകന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്സ് എല്‍ഡിഎഫിലാണ്. മാണിയെ അഴിമതിക്കാരന്‍ എന്നു പറയാതെ അന്നത്തെ സമരത്തെ ന്യായീകരിക്കേണ്ട ഗതികേടിലാണ് എല്‍ഡിഎഫ്. ജോസ് കെ മാണിയും വായമൂടിക്കെട്ടിയിരിക്കേണ്ട അവസ്ഥയിലാണ്. യാതൊരു തത്വദീക്ഷയുമില്ലാതെ അധികാരത്തിനു വേണ്ടി മാത്രം രാഷ്ട്രീയനിലപാടും മുന്നണിയും മാറുന്നവര്‍ക്കുള്ള ഒരു പാഠമായിരിക്കും ഈ സംഭവമെന്നതില്‍ സംശയമില്ല.

പ്രിവിലേജ് എന്ന പദത്തിലേക്കുതന്നെ തിരിച്ചുവരാം. തങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രിവിലേജ് ഉണ്ടെന്നു ധരിച്ചുവെച്ചിരിക്കുന്ന നിരവധി വിഭാഗങ്ങള്‍ കേരളത്തിലുണ്ട്. അതില്‍ ഏറ്റവും പ്രധാനമാണ് ജനപ്രതിനിധികളും നേതാക്കളുമെല്ലാമടങ്ങുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍. രാജഭരണം, ഫ്യൂഡലിസം, മതഭരണം തുടങ്ങി ലോകം കണ്ട ഭരണസംവിധാനങ്ങളിലെല്ലാം ഭരണാധികാരികള്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടായിരുന്നു. അതെല്ലാം തകര്‍ക്കുകയും എല്ലാവരും തുല്ല്യരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു എന്നതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നിട്ടാണ് രാഷ്ട്രീയക്കാരും അവരില്‍ നിന്ന് കുറച്ചുകാലം ജനപ്രതിനിധികളാകുന്ന ചിലരും പ്രത്യേക പ്രിവിലേജ് ഉള്ളവരാണെന്ന് അവകാശപ്പെടുന്നത്. ഈ സംഭവം തന്നെ നോക്കൂ. ഏതെങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയാകപ്പെടുന്നവര്‍ തല്‍ക്കാലം അവര്‍ വഹിക്കുന്ന പദവിയില്‍ നിന്ന് മാറിനില്‍ക്കുകയാണ് വേണ്ടത്. ഉദ്യേഗസ്ഥരേയും മറ്റും സസ്‌പെന്റ് ചെയ്യാറുണ്ടല്ലോ. പല മന്ത്രിമാരും ആ മാതൃകയെ പിന്തുടര്‍ന്ന് രാജിവെക്കുകയും പിന്നീട് തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സുപ്രിംകോടതി വിധിക്കുശേഷം പോലും അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ മന്ത്രിയോ അതിനദ്ദേഹത്തെ പ്രേരിപ്പിക്കാന്‍ മുഖ്യമന്ത്രിയോ തയ്യാറാകുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴിമതി ആരോപണങ്ങളുടെ വിഷയത്തിലും ഇത്തരത്തിലുള്ള പ്രിവിലേജ് ഉപയോഗിക്കപ്പെടുന്നത് നിരന്തരമായി കാണാം. അഴിമതി ആരോപണങ്ങളുയരുമ്പോള്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് എന്താണ് സംഭവിക്കാറുള്ളത്? ആരോപണത്തിനു വിധേയമാകുന്ന രാഷ്ട്രീയനേതാക്കളാരും നിയമത്തിനുമുന്നിലെത്താറില്ല. ആകെയാരു അപവാദം ബാലകൃഷ്ണപിള്ള മാത്രമായിരുന്നു. അതാകട്ടെ വി എസിന്റെ കടുത്ത നിലപാടുമൂലം. ഇപ്പോള്‍ നടക്കുന്ന സഹകരണ, കുഴല്‍പണ, മരംമുറി അഴിമതി കേസുകളിലൊന്നും കുറ്റക്കാരിലെ രാഷ്ട്ീയ നേതാക്കള്‍ ശിക്ഷിക്കപ്പെടാനിടയില്ല എന്നുറപ്പ്. ആ ദിശയില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്. നിയമസഭയിലെ സംഭവങ്ങളില്‍ സ്പീക്കര്‍ തീരുമാനിക്കുമെന്നു പറയുന്ന പോലെ അഴിമതി കേസുകളും പാര്‍ട്ടി നടപടികളില്‍ അവസാനി്പ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണല്ലോ. എന്തിനേറെ, സ്ത്രീപീഡന കേസുകളില്‍ പോലും പാര്‍ട്ടി കോടതി തീരുമാനം മതിയെന്നു കരുതുന്നവരാണല്ലോ വനിതാ കമ്മീഷന്‍ ചെയര്‍പേഴസനടക്കമുള്ള പല നേതാക്കളും. രാഷ്ട്രീയക്കാര്‍ക്ക് മറ്റുള്ളവര്‍ക്കില്ലാത്ത എന്തൊക്കെയോ പ്രിവിലേജ് ഉണ്ടെന്നുള്ള ധാരണക്കു പുറത്താണ് ഈ നിലപാടുകളെല്ലാം ഉണ്ടാകുന്നത്. അതുപോലെതന്നെ സര്‍ക്കാര്‍ ഓഫിസുകളിലും പോലീസ് സ്‌റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം തങ്ങള്‍ക്ക് പ്രത്യേക പ്രിവിലേജ് ഉണ്ടെന്നാണ് പലും ധരിച്ചുവെച്ചിരിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് ശിവന്‍ കുട്ടിയുടെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയുടെ പ്രസക്തി. രാജിവെക്കാതിരിക്കാന്‍ നിരവധി കാരണങ്ങള്‍ നിരത്തനാകും. മുഖ്യമന്ത്രിയടക്കം അതു ചെയ്യുന്നുമുണ്ട.് എന്നാല്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന താന്‍ അതു തീരും വരെ മന്ത്രിസ്ഥാനത്തു തുടരുന്നില്ല എന്നു വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു എന്നു കരുതുക. അതു ജനാധിപത്യരാഷ്ട്രീയത്തിനു നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല. രാഷ്ട്രീയത്തിനു നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചു പിടിക്കുന്ന ദിശയില്‍ വലിയൊരു ചരിത്രമായിരിക്കുമത്. ്അതിനദ്ദേഹം തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.

മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമായതിനാല്‍ ആവര്‍ത്തിക്കട്ടെ. ഒരു ജനാധിപത്യസംവിധാനത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആവശ്യമില്ല എന്നതു തന്നെയാണത്. അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അവിടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കുന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ പ്രസക്തി. തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഇത്തരത്തിലുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് വരുമാനം നല്‍കുന്ന തൊഴിലാകരുത് അത്. ആകുമ്പോഴാണ് പ്രിവിലേജുകളൊക്കെ ഉയര്‍ന്നു വരുന്നത്. എല്ലാവരും രാഷ്ട്രീയപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ് വേണ്ടത്. അങ്ങനെയാണ് ജനാധിപത്യം കരുത്തുറ്റതാകുക. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ലല്ലോ ജനാധിപത്യം. ഒരാള്‍ ഒരു തവണയേ ജനപ്രതിനിധിയാകാവൂ എന്നതും പ്രധാനമാണ്. മാത്രമല്ല, ഇവരും ഇവരെ നിയന്ത്രിക്കുന്ന പാര്‍ട്ടികളും വിവരാവകാശത്തിനു കീഴിലാകുകയും വേണം. അത്തരമൊരു ദിശയിലേക്കാണ് നിയമസഭാംഗങ്ങളുടെ പ്രിവിലേജിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നീങ്ങേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply