എന്റെ ശരീരം എന്റെ സ്വന്തം: ശാരീരിക സ്വയംഭരണവും സമഗ്രതയും- ഭാഗം 2

”എന്റെ ശരീരം എന്റെ തെരഞ്ഞെടുപ്പ്” എന്ന മുദ്രാവാക്യം സ്ത്രീവിമോചനത്തിന്റ ഒരു താക്കോല്‍വാക്യമാണിന്ന്. ഈ വാക്കുകളിലൂടെ സ്ത്രീസമൂഹം പ്രഖ്യാപിക്കുന്നതു ശാരീരിക സ്വയംഭരണമെന്ന മനുഷ്യാവകാശമാണ്. പ്രസ്തുത കാഴ്ചപ്പാടിന്റെ വിപുലമായ അര്‍ത്ഥതലങ്ങളും ഈ അധികാരം കരഗതമാക്കുന്നതില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും ലേഖനത്തിന്റെ ഭാഗം ഒന്നില്‍ ‘മൈ ബോഡി ഈസ് മൈ ഔണ്‍’ എന്ന യുഎന്‍എഫ്പിഎ റിപ്പോട്ടിന്റെ വെളിച്ചത്തില്‍ പരിശോധിച്ചു. ഈ ഭാഗത്ത് ഇതു സംബന്ധിച്ച് ആഗോള മനുഷ്യാവകാശ ഉടമ്പടികള്‍ വ്യക്തമാക്കുന്നത് എന്തെന്നും വിവിധ രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ ഈ അവകാശത്തോടു പ്രതികരിക്കുന്നത് എങ്ങനെയെന്നും വിലയിരുത്തും. തുടര്‍ന്ന്, ഉപന്യാസത്തിന്റെ മൂന്നാം ഭാഗത്ത് ഈ അധികാരം പ്രായോഗികമായി അനുഭവവേദ്യമാകാന്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയതലങ്ങളില്‍ വേണ്ട ഇടപെടലുകളെക്കുറിച്ചു ചര്‍ച്ചചെയ്യും. കൂടാതെ, ഈ മനുഷ്യാവകാശ വീക്ഷണത്തോട് ഇന്ത്യന്‍ ജനത ഏതുവിധം പ്രതികരിക്കുന്നുവെന്നും പരിശോധിക്കും.

യുഎന്‍എഫ്പിഎ ജനസംഖ്യാ റിപ്പോട്ട് 2021 അന്താരാഷ്ട്ര ഉടമ്പടികളും പ്രഖ്യാപനങ്ങളും ശാരീരിക സ്വയംനിര്‍ണ്ണയത്തിനുള്ള അവകാശത്തെ എത്രമാത്രം പിന്തുണക്കുന്നുവെന്നു വിശദമാക്കുന്നുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ കാഴ്ചപ്പാടുകള്‍ ശാരീരിക സ്വയംഭരണവും സമഗ്രതയും സംശയലേശമന്യേ അംഗീകരിക്കുന്നു. പ്രത്യുല്‍പാദനവും ലൈംഗികതയുമായി ബന്ധപ്പെട്ടത് ഉള്‍പ്പെടെ സ്വന്തം ആരോഗ്യപരിരക്ഷയെക്കുറിച്ചു തീരുമാനമെടുക്കാന്‍ വ്യക്തികള്‍ക്കുള്ള അവകാശവും അവ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ഗര്‍ഭനിരോധനത്തെ സംബന്ധിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതിനും സ്ത്രീക്കു ലൈംഗികബന്ധം പുലര്‍ത്തണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതിനുമുള്ള അധികാരങ്ങളും അവകാശ ഉടമ്പടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ശാരീരിക സ്വയംഭരണാധികാരം എന്ന അടിത്തറയില്‍ മാത്രമേ മനുഷ്യാവകാശങ്ങള്‍ കെട്ടിപ്പടുക്കാനാകൂവെങ്കിലും, ഈ അധികാരം അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളിലും മറ്റും പ്രത്യേകമായി അധികമിടങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷേ, അവകാശ ഉടമ്പടികളും അന്താരാഷ്ട്ര കരാറുകളും ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി കാഴ്ചപ്പാടുകള്‍ ശാരീരിക സ്വയംഭരണാധികാരം ലക്ഷ്യമിടുന്നുണ്ട്.

ലൈംഗികവും പ്രത്യുല്‍പാദനപരവുമായ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍, ശാരീരിക സ്വയംഭരണമെന്നാല്‍ വിവേചനം, ബലാത്ക്കാരം, ആക്രമണം എന്നിവയെ ഭയപ്പെടാതെ ലൈംഗികവും പ്രത്യുല്‍പാദനപരവും ആരോഗ്യസംബന്ധിയുമായ ആവശ്യങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനും ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താനും വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ്. 1994 ലെ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്യുലേയ്ഷന്‍ ആന്റ് ഡവലപ്‌മെന്റിന്റെ (ഐസിപിഡി) കര്‍മ്മ പരിപാടി, 1995 ലെ സ്ത്രീകളെ സംബന്ധിച്ച നാലാം ലോക കോണ്‍ഫറന്‍സിന്റെ പ്ലാറ്റ്‌ഫോം ഓഫ് ആക്ഷന്‍ എന്നിവയിലാണ് ഈ അവകാശങ്ങള്‍ ആദ്യം വ്യക്തമാക്കിയത് (1).

വിവിധ അന്താരാഷ്ട്ര ഉടമ്പടികളുടെയും കരാറുകളുടെയും കാഴ്ചപ്പാടുകള്‍ അനുസരിച്ചു ലൈംഗികത, പ്രത്യുല്‍പാദന ആരോഗ്യം, തീരുമാനമെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ”സ്വയംഭരണാധികാരം” എന്നതില്‍ സമഗ്ര ലൈംഗിക വിദ്യാഭ്യാസം, ഗര്‍ഭനിരോധനോപാധികള്‍ സംബന്ധിച്ച വിവരങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത, മാതൃവാരോഗ്യസംരക്ഷണ, വന്ധ്യതാചികിത്സ, ലിംഗസത്വം സ്ഥിരീകരിക്കുന്ന ഹോര്‍മോണ്‍/ശാസ്ത്രക്രിയ ചികിത്സ പോലുള്ള ഇടപെടലുകള്‍, പൂര്‍ണ്ണമായ ഗര്‍ഭച്ഛിദ്ര പരിചരണം തുടങ്ങിയവ ഉള്‍പ്പെടുന്നു. വിവാഹം, വിവാഹമോചനം തുടങ്ങിയ സാമൂഹിക അസ്തിത്വം നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍, സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള നിയമപരമായ ശേഷി, ഒരാളുടെ ലിംഗവ്യക്തിത്വം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളെയും ‘സ്വയംഭരണാധികാരം’ സ്പര്‍ശിക്കുന്നു.

ശാരീരിക സ്വയംഭരണത്തിനുള്ള അവകാശങ്ങള്‍ ദേഹത്തിന്റെ സമഗ്രതയ്ക്കുള്ള അധികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ വ്യക്തിയുടെ സ്വാതന്ത്ര്യവും സുരക്ഷയുമായും ചേര്‍ന്നിരിക്കുന്നു. പീഡനം, ക്രൂരത, മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റം എന്നിവയില്‍ നിന്നുള്ള സ്വാതന്ത്ര്യം, ഒരാളുടെ ശരീരവും മനസ്സും ഉള്‍പ്പെട്ട സ്വത്വത്തിന്റെ അലംഘനീയത തുടങ്ങിയവയും ശാരീരിക സമഗ്രതയില്‍ ഉള്‍പ്പെടും. പുനരുല്‍പാദനത്തിന്റെയും ലൈംഗികതയുടെയും പശ്ചാത്തലത്തില്‍, ഈ അവകാശത്തിന്റെ ലംഘനങ്ങളില്‍ സ്ത്രീ ജനനേന്ദ്രിയ ഛേദനം, കന്യകാത്വ പരിശോധന, ശിക്ഷാര്‍ഹമായ ഗുദപരിശോധനകള്‍, പങ്കാളിക്കു നേരേയുള്ളത് ഉള്‍പ്പെടെയുള്ള ബലാത്സംഗങ്ങള്‍, ലിംഗാധിഷ്ഠിത ആക്രമണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ശാരീരിക സ്വയംഭരണവും സമഗ്രതയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ പ്രത്യുല്‍പാദനത്തിന്റെയും ലൈംഗികതയുടെയും മേഖലകളില്‍ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. ”ലൈംഗികബന്ധത്തിനോ വിവാഹത്തിനോ സമ്മതമേകാനും ഗര്‍ഭനിരോധന സേവനങ്ങള്‍ മുതലായവ ലഭ്യമാക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധിയോ വ്യക്തികളുടെ നിയമപരമായ ശേഷിയോ” നിര്‍വ്വചിക്കുന്ന നയങ്ങളിലൂടെയും നിയമങ്ങളിലൂടെയും മറ്റും രാജ്യങ്ങള്‍ ഈ അവകാശങ്ങള്‍ സ്ഥിരീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു.

സ്വയംഭരണാവകാശങ്ങള്‍ അന്യോന്യം ആശ്രയിക്കുന്നതും പിന്തുണയ്ക്കുന്നതുമാണ്. ”ശാരീരികവും മാനസ്സികവുമായ സമഗ്രത ബഹുമാനിക്കപ്പെടാനുള്ള അവകാശം” (യൂറോപ്യന്‍ യൂണിയന്‍, 2012, ആര്‍ട്ടിക്കിള്‍ 3:1); ‘ജീവിതം, ശാരീരികവും മാനസ്സികവുമായ സമഗ്രത, സ്വാതന്ത്ര്യം, വ്യക്തിയുടെ സുരക്ഷ എന്നിവയ്ക്കുള്ള അവകാശങ്ങള്‍” (യുഎന്‍ ജനറല്‍ അസംബ്ലി, 2007എ, ആര്‍ട്ടിക്കിള്‍ 7:1); പല രാഷ്ട്രഭരണഘടനകളും അംഗീകരിച്ച പീഡനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം, ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം തുടങ്ങിയവയില്‍ നിന്നുള്ള സംരക്ഷണം, അന്തസ്സിനും സ്വകാര്യതയ്ക്കുമുള്ള അവകാശം, ആരോഗ്യത്തിനുള്ള അവകാശം തുടങ്ങിയവ വ്യത്യസ്തരൂപങ്ങളില്‍ ഈ കാഴ്ചപ്പാടു പ്രകടമാകുന്നു.

ശാരീരിക സ്വയംഭരണവും പ്രത്യുല്‍പാദനപരമായ തീരുമാനങ്ങളും പരസ്പരബന്ധിതമാണ്. ഈ രംഗത്തെ ശാസ്ത്രീയ വിവരങ്ങള്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ മനുഷ്യാവകാശ നിയമങ്ങള്‍ ശക്തമായി സ്ഥിരീകരിക്കുന്നു. ‘കുട്ടികളുടെ എണ്ണവും ഗര്‍ഭധാരണത്തിന് ഇടയിലെ കാലവിടവും സംബന്ധിച്ചു സ്വതന്ത്രത്തോടും ഉത്തരവാദിത്വത്തോടുംകൂടെ തീരുമാനമെടുക്കാനുളള’ സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ സ്ത്രീകള്‍ക്കെതിരായ എല്ലാവിധ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 16.1 ഇ, രാജ്യങ്ങളോട് ആവശ്യപ്പെടുന്നു. ‘ഈ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ അവരെ പ്രാപ്തരാക്കുന്നതിനുള്ള വിവരങ്ങള്‍, വിദ്യാഭ്യാസം, മാര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കുള്ള അവകാശവും’ അവര്‍ക്കുണ്ടെന്നും പ്രസ്തുത ആര്‍ട്ടിക്കിള്‍ വ്യക്തമാക്കുന്നു.

ഭിന്നശ്ശേഷിക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍ (The Convention on the Rights of Persons with Disabilities) കുട്ടികളുടെ എണ്ണത്തെയും അവര്‍ തമ്മിലുള്ള കാലവിടവിനെയും കുറിച്ചു തീരുമാനം എടുക്കാനുള്ള അവകാശം ഭിന്നശ്ശേഷിക്കാര്‍ക്കും ബാധകമാണെന്നു വ്യക്തമാക്കുന്നു. മനുഷ്യരുടെയും ജനങ്ങളുടെയും അവകാശങ്ങള്‍ സംബന്ധിച്ച ആഫ്രിക്കന്‍ ചാര്‍ട്ടറില്‍ (African Charter on Human & Peoples’ Rights) ഉള്‍പ്പെട്ട ആഫ്രിക്കയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രോട്ടോക്കോളും-‘മാപുട്ടോ പ്രോട്ടോക്കോള്‍’ (Protocol on the Rights of Women in Africa-the Maputo Protocol) ഈ അവകാശം അംഗീകരിച്ചിട്ടുണ്ട്. ഐസിപിഡി പ്രോഗ്രാം ഓഫ് ആക്ഷന്‍, നാലാമതു വുമണ്‍ വേള്‍ഡ് കോണ്‍ഫറന്‍സിന്റെ ഭാഗമായി പ്രഖ്യാപിച്ച ബീജിംഗ് ഡിക്ലറേഷന്‍ & പ്ലാറ്റ്‌ഫോം ഫോര്‍ ആക്ഷന്‍ എന്നിവയിലും സമാന കാഴ്ചപ്പാടു കാണാം.

ശാരീരിക സ്വയംഭരണത്തിന് അത്യാവശ്യമാണ് ആരോഗ്യസേവനങ്ങള്‍. പ്രത്യുല്‍പാദനപരവും ലൈംഗികവുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിക്കുകയും സ്വീകരിക്കുകയും ചെയ്യുക, ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നേടുക, ഈ കാര്യങ്ങള്‍ സംബന്ധിച്ചു തീരുമാനമെടുക്കുക എന്നീ കാര്യങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശത്തില്‍ ഉള്‍പ്പെടുമെന്നതാണെന്നാണു സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ കമ്മറ്റിയുടെ (United Nations Committee on Economic, Social and Cultural Rights – UN CESCR) അഭിപ്രായം. കൂടാതെ, സ്ത്രീകളുടെ സ്വയംഭരണാധികാരത്തിനു ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യം ഒഴിച്ചുകൂടാന്‍ ആവാത്തതാണെന്നും അതു പൗര/രാഷ്ട്രീയ അവകാശങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ഈ സമിതി വ്യക്തമാക്കുന്നു.

ആരോഗ്യ സേവനങ്ങള്‍, ആളുകള്‍ക്കു തങ്ങളുടെ ശരീരത്തിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കാനാകും വിധമുള്ള തെരഞ്ഞെടുപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതാകണമെന്നു സ്ത്രീകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ സമിതി വ്യക്തമാക്കുന്നു. സ്വയംഭരണാവകാശം, സ്വകാര്യത, രഹസ്യാത്മകത, ബോധ്യത്തോടെയുള്ള സമ്മതം, തെരഞ്ഞെടുപ്പ് തുടങ്ങിയ സ്ത്രീകളുടെ മനുഷ്യാവകാശങ്ങള ബഹുമാനിക്കുംവിധം എല്ലാ ആരോഗ്യസേവനങ്ങളും രൂപപ്പെടുത്താന്‍ രാജ്യങ്ങള്‍ ശ്രദ്ധിക്കണമെന്നും ഈ സമിതി ആവശ്യപ്പെടുന്നുണ്ട്.

കുടുംബജീവിതത്തെയും സ്വകാര്യതയെയും സംബന്ധിച്ചു തീരുമാനമെടുക്കാന്‍ കഴിയുന്നതു ശാരീരിക സ്വയംഭരണത്തിനുള്ള അധികാരത്തിന്റെ മുഖ്യവശമാണെന്നു മനുഷ്യാവകാശ ഉടമ്പടികള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, രാഷ്ട്രീയ അവകാശ ഉടമ്പടി ആര്‍ട്ടിക്കിള്‍ 17 (1) സൂചിപ്പിക്കുന്നത് ‘ആരും ഒരു വ്യക്തിയുടെ സ്വകാര്യത, കുടുംബം, വീട്, കത്തിടപാടുകള്‍ എന്നിവയില്‍ അനിയന്ത്രിതമായതോ നിയമവിരുദ്ധമോ ഇടപെടാനോ അവന്റെ ബഹുമാനത്തിനും പ്രശസ്തിക്കും എതിരായി നിയമവിരുദ്ധമായ ആക്രമണത്തിനു വിധേയമാക്കാനോ പാടില്ല’ എന്നാണ്. കുട്ടികളുടെ കണ്‍വെന്‍ഷന്‍ (ആര്‍ട്ടിക്കിള്‍ 16), അമേരിക്കന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ (ആര്‍ട്ടിക്കിള്‍ 11), മനുഷ്യാവകാശങ്ങള്‍ക്കുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ (ആര്‍ട്ടിക്കിള്‍ 8), കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും സംബന്ധിച്ച ആഫ്രിക്കന്‍ ചാര്‍ട്ടര്‍ (ആര്‍ട്ടിക്കിള്‍ 10), ആസിയാന്‍ മനുഷ്യാവകാശ പ്രഖ്യാപനം (ആര്‍ട്ടിക്കിള്‍ 21) തുടങ്ങിയ മറ്റ് അന്താരാഷ്ട്ര, പ്രാദേശിക മനുഷ്യാവകാശ ഉടമ്പടികളിലും സമാന കാഴ്ചപ്പാടു കാണാം,

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ശാരീരിക സ്വയംഭരണ വിഷയത്തില്‍ മനുഷ്യാവകാശ ഉടമ്പടികള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റു കാഴ്ചപ്പാടുകളാണു വേര്‍തിരിവില്ലായ്മയും ലിംഗസമത്വവും. പക്ഷഭേദമില്ലാത്ത തീരുമാനങ്ങളാണു മനുഷ്യാവകാശങ്ങളുടെ കേന്ദ്രബിന്ദു. വിവേചനരാഹിത്യം, തുല്യപരിഗണന എന്നീ കാഴ്ചപ്പാടുകള്‍കൊണ്ട് അര്‍ത്ഥമാക്കുന്നതെന്തെന്നാല്‍ ലിംഗഭേദം, പ്രായം, വംശം, ഗോത്രീയത, മതം, ദേശീയത, വൈവാഹികനില, ആരോഗ്യം, ഭിന്നശ്ശേഷി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങള്‍ നിയമത്തിലോ നയത്തിലോ എന്തെങ്കിലും വേര്‍തിരിവു കാണിക്കാതിരിക്കുക എന്നതാണ് (UN CESCR, 2009). ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യ വിവരങ്ങളും സേവനങ്ങളും കൗമാരക്കാര്‍ക്കു നിയന്ത്രിക്കുന്നതു പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന്റെ ഉദാഹരണമാണ് (UN CESCR).

വ്യക്തികളുടെ ശാരീരിക സ്വയംഭരണത്തെയും സമഗ്രതയെയും സാമൂഹിക സാഹചര്യം പരിഗണിക്കാതെ രാജ്യങ്ങള്‍ മാനിക്കണം. നിയമത്തിലും കീഴ്വഴക്കങ്ങളിലും സ്ത്രീകള്‍ക്കെതിരായ വിവേചനം സംബന്ധിച്ച യുഎന്‍ വര്‍കിങ് ഗ്രൂപ്പ് വ്യക്തമാക്കുന്നത് ‘സ്ത്രീക്കോ പെണ്‍കുട്ടിക്കോ സ്വന്തം ശരീരത്തെയും പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങളെയും ക്കുറിച്ചു സ്വയംഭരണാധികാരമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അവകാശം സമത്വത്തിനും സ്വകാര്യതക്കുമുള്ള അവളുടെ മൗലികാവകാശത്തിന്റെ കാതലാണ്’ എന്നാണ്. ശാരീരിക സ്വയംഭരണം സംബന്ധിച്ച വിഷയങ്ങളില്‍ കുട്ടികളുടെ അഭിപ്രായവും പ്രധാനമാണിന്ന്. അവരുടെ സമ്മതമില്ലാത ലിംഗവ്യക്തിത്വത്തില്‍ മാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ ചെയ്യുന്നതു ശാരീരിക സമഗ്രതയിലുളള കടന്നുകയറ്റവും പീഡനവുമാണെന്നു യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശരീരത്തിന്റെ സമഗ്രത മനുഷ്യാവകാശങ്ങളിലെ സുപ്രധാനമായ കാഴ്ചപ്പാടാണ്. ഒരു പൊതുതത്ത്വമെന്ന നിലയില്‍, ഇതുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സ്വതന്ത്രവും ബോധ്യമുള്ളതുമായ സമ്മതം വാങ്ങാതെ ഒരാളുടെ ശരീരത്തില്‍ നുഴഞ്ഞുകയറുന്നതില്‍ നിന്നു രാജ്യത്തെയും മൂന്നാംകക്ഷിയെയും തടയുന്നു.

ഈ കാഴ്ചപ്പാട് അന്താരാഷ്ട്ര സിവില്‍ രാഷ്ട്രീയ അവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 7 വ്യക്തമാക്കുന്നത് ‘ആരെയും പീഡനത്തിനോ ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിനോ ശിക്ഷയ്‌ക്കോ ഇരയാക്കരുത്’ എന്നാണ്. കൂടാതെ, ‘ഒരു വ്യക്തിയുടെ സ്വതന്ത്ര സമ്മതമില്ലാതെ വൈദ്യശാസ്ത്രപരമോ ശാസ്ത്രീയമോ ആയ പരീക്ഷണങ്ങള്‍ക്കോ വിധേയരാക്കരുത്’ എന്നും പ്രസ്തുത വകുപ്പു വ്യക്തമാക്കുന്നു. ഭിന്നശ്ശേഷിക്കാരുടെ അവകാശ കണ്‍വെന്‍ഷന്‍, ആര്‍ട്ടിക്കിള്‍ 15 ഉള്‍പ്പെടെ അന്താരാഷ്ട്ര, മേഖലാതല മനുഷ്യാവകാശ കരാറുകളില്‍ ഈ ആശയം പ്രതിധ്വനിക്കുന്നു; കുട്ടികളുടെ അവകാശ കണ്‍വെന്‍ഷന്‍, (ആര്‍ട്ടിക്കിള്‍ 37 എ), പീഡനത്തിനും മറ്റു ക്രൂരവും മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റത്തിനും ശിക്ഷക്കും എതിരായ കണ്‍വെന്‍ഷന്‍ എന്നിവയില്‍ ഈ ചിന്ത സുവ്യക്തമായിക്കാണാം. ആഫ്രിക്കന്‍ യൂണിയന്‍-ബഞ്ചുല്‍ ചാര്‍ട്ടര്‍ (ആര്‍ട്ടിക്കിള്‍ 4); ആഫ്രിക്കന്‍ യൂണിയന്‍-മാപുട്ടോ പ്രോട്ടോക്കോള്‍ (ആര്‍ട്ടിക്കിള്‍ 4:1); അമേരിക്കന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്‍ (ആര്‍ട്ടിക്കിള്‍ 5:1) തുടങ്ങിയ മേഖലാതല മനുഷ്യാവകാശ ഉടമ്പടികളും ഈ പ്രമാണം ഉയര്‍ത്തിപ്പിടിക്കുന്നു. മനുഷ്യാവകാശങ്ങള്‍ക്കുള്ള ഇന്റര്‍ അമേരിക്കന്‍ കോടതി മുതലായവയും ഇതുതന്നെയാണു വ്യക്തമാക്കുക.

ഈ അവകാശങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്കാണു പ്രധാന ബാധ്യത. നിയമനിര്‍മ്മാണം, നയം, ബജറ്റ് വിനിയോഗം എന്നിവയിലൂടെ സര്‍ക്കാരുകള്‍ മനുഷ്യാവകാശ ചുമതലകള്‍ നിര്‍വ്വഹിക്കണം. ഇതിനുവേണ്ട നടപടികള്‍ അതിന്റെ പ്രാധാന്യവും സാമൂഹികസാഹചര്യം അനുസരിച്ചു കൈക്കൊള്ളണം. അതിപ്രധാന്യമുള്ളവ ഉടനടിയും മറ്റുള്ളവ കാലക്രമേണയും നടപ്പില്‍വരുത്തി, അവകാശങ്ങള്‍ പൗരജീവിതത്തില്‍ അനുഭവവേദ്യമാക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പറയുന്നു (UN CESCR). ശാരീരിക സ്വയംഭരണത്തിന്റ മേഖലയില്‍ വ്യക്തികള്‍ അനുഭവിക്കുന്ന തടസ്സങ്ങള്‍ നീക്കുക എന്നത് ഇതില്‍ പ്രധാനമാണ്. ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യസേവനങ്ങള്‍, വിദ്യാഭ്യാസം, വിവരങ്ങള്‍ എന്നിവ കൃത്യമായി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നാം നീക്കണം. ഇതിനായി സ്ത്രീകള്‍, കുട്ടികള്‍, എല്‍ജിബിടിഐ സമൂഹം, കുടിയേറ്റക്കാര്‍, വംശീയ, വംശീയ ന്യൂനപക്ഷങ്ങള്‍, ഗ്രാമീണജനങ്ങള്‍ എന്നിവരുടെ വ്യത്യസ്ത ആവശ്യങ്ങളും അപകടസാധ്യതകളും കണക്കിലെടുത്തു നിയമങ്ങളും പദ്ധതികളും രൂപപ്പെടുത്തണം. കൂടാതെ, ഒരു സമൂഹത്തിന്റെയും അവകാശങ്ങള്‍ മറ്റുള്ളവര്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്.

സമഗ്രമായ ലൈംഗികവിദ്യാഭ്യാസം, ഗര്‍ഭനിരോധനം, ഗര്‍ഭച്ഛിദ്രം, ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യം എന്നിവയെക്കുറിച്ചു വിവരങ്ങള്‍ നേടല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങള്‍ ശാരീരിക സ്വയംഭരണത്തിനും സമഗ്രതയ്ക്കുമുള്ള അവകാശങ്ങളെ ലംഘിക്കുന്നു ( UN CCPR, 2019; UN CESCR, 2016). ഇത്തരം സേവനങ്ങള്‍ നേടാന്‍ മൂന്നാംകക്ഷിയുടെ അംഗീകാരമോ സമ്മതമോ ആവശ്യപ്പെടുന്ന നിയമങ്ങളും (കുട്ടികളുടെ വികാസം പ്രാപിക്കുന്ന കഴിവുകള്‍ കണക്കിലെടുത്ത്) അവകാശലംഘനമാണ് (UN CEDAW, 1999). മനുഷ്യാവകാശ ഉടമ്പടികളും കരാറുകളും ”മുതിര്‍ന്നവര്‍ ഉഭയസമ്മതത്തോടെ സ്വകാര്യതയില്‍ നടത്തുന്ന ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടരുതെന്നും’ പ്രായപൂര്‍ത്തിയായവരുടെ സ്വവര്‍ഗ്ഗ ലൈംഗിക പ്രവര്‍ത്തനത്തിനെതിരേ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കരുതെന്നും സര്‍ക്കാരുകളോടു നിര്‍ദ്ദേശിക്കുന്നു. അതിനൊപ്പം, ഗര്‍ഭമലസിപ്പിക്കല്‍, എച്ച്‌ഐവി നില വെളിപ്പെടുത്താതിരിക്കല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ സ്വത്വപ്രകാശനം എന്നിവ കുറ്റകരമാക്കുന്ന നിയമങ്ങളും ശാരീരിക സ്വയംഭരണത്തിന്റെയും സമഗ്രതയുടെയും അവകാശങ്ങളെ മറികടക്കുന്നു (UN CESCR, 2016, Para. 40) എന്നും അവ വ്യക്തമാക്കുന്നു.

കൗമാരക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതും രാജ്യങ്ങളുടെ ഉത്തരവാദിത്വമാണ്. തങ്ങളുടെ ശരീരത്തെയും ആരോഗ്യത്തെയുംകുറിച്ചു കൃത്യമായ വിവരങ്ങള്‍ നേടേണ്ടതു ശാരീരിക സ്വയംഭരണാധികാരത്തിന് അത്യാവശ്യമാണ് (UN CESCR, 2016). ഇതിനര്‍ത്ഥം, ”കൗമാരക്കാരുടെ വൈവാഹികനില കണക്കിലെടുക്കാതെയും അവരുടെ സ്വകാര്യതയെയും രഹസ്യസ്വഭാവത്തെയും മാനിച്ചുകൊണ്ടും, മാതാപിതാക്കളോ രക്ഷിതാക്കളോ സമ്മതമില്ലാതെയും ഇത്തരം സേവനങ്ങള്‍ ഗവണ്‍മെന്റ് അവര്‍ക്കു നല്കണം” എന്നതാണ്. ദുര്‍ബ്ബല ജനതയെ ചൂഷണം, ഉപദ്രവം തുടങ്ങിയവയില്‍ നിന്നു സംരക്ഷിക്കുന്നതിനായി ചില രാജ്യങ്ങള്‍ 18 വയസ്സില്‍ താഴെയുള്ളവരുടെ വിവാഹവും ലൈംഗികബന്ധവും കുറ്റകരമാക്കിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലരും ഇത്തരം ക്രിമിനല്‍ വിലക്കുകള്‍ അംഗീകരിക്കുന്നില്ല. അത്തരം നടപടികള്‍ക്കു പ്രതീകാത്മക പ്രാധാന്യം മാത്രമേയുള്ളൂ എന്നും അവ ഇതിനകം പാര്‍ശ്വവത്കരിക്കപ്പെട്ടതും താരതമ്യേന നിരാലംബവുമായ സമൂഹങ്ങളെ ദോഷകരമായി ബാധിക്കും എന്നുമാണ് അവരുടെ വീക്ഷണം. പകരം, യുവതികള്‍ക്കു സാമ്പത്തിക അവസരങ്ങള്‍ നല്കുന്നതുപോലുള്ള ശാക്തീകരണ പ്രവൃത്തികളാണു ചൂഷണത്തിന് ഇരയാകുന്ന വ്യക്തികളെയും സമൂഹങ്ങളെയും സംബന്ധിച്ചു കൂടുതല്‍ ഫലപ്രദമെന്നാണ് അവരുടെ അഭിപ്രായം.

ശാരീരിക സ്വയംഭരണത്തിനും സമഗ്രതക്കുമുള്ള അവകാശങ്ങള്‍ പരിരക്ഷിക്കുന്നതിനും അവകാശലംഘനങ്ങള്‍ തടയുന്നതിനും സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നതും ഗവണ്‍മെന്റുകളുടെ പ്രധാന ഉത്തരവാദിത്വമാണ്. അതിനായി, ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള കമ്മിറ്റി നിയമങ്ങളും നയങ്ങളും പരിപാടികളും നടപ്പാക്കാന്‍ 2016 ല്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. സ്വയംഭരണവും സമഗ്രതയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഉപയോഗിക്കാന്‍ ഏവരേയും പ്രാപ്തരാക്കുക എന്നതും അന്താരാഷ്ട്ര മനുഷ്യാവകാശ മൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. മനുഷ്യാവകാശങ്ങളുമായി ചേര്‍ന്നുനില്ക്കുന്ന നിയമങ്ങള്‍ ശാരീരിക സ്വയംഭരണത്തിനും സമഗ്രതയ്ക്കുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ലക്ഷ്യമിടുന്ന എല്ലാ വ്യക്തികള്‍ക്കും തുല്യ പരിരക്ഷ ഉറപ്പുനല്കുന്നു. എന്നാല്‍, ലോകമെമ്പാടും ഇതിനു വിരുദ്ധമായ കാഴ്ചകള്‍ ധാരാളം കാണാം. വ്യത്യസ്തമായ ലൈംഗിക ആഭിമുഖ്യമോ ലിംഗവ്യക്തിത്വമോ ഉള്ളവര്‍ക്കെതിരേ ആക്രമണവും വിവേചനവും നിരന്തരം നടക്കുന്നു. ഇതു തടയുക എന്നതും സര്‍ക്കാരുകളുടെ മുഖ്യചുമതലയാണ്.

ശാരീരിക സ്വയംഭരണത്തിനും സമഗ്രതക്കുമുള്ള അവകാശങ്ങള്‍ നിറവേറ്റുന്നതിനു ഗവണ്‍മെന്റുകള്‍ ലൈംഗികവും പ്രത്യുല്‍പാദനവുമായ ആരോഗ്യം സംബന്ധിച്ചു ഗുണനിലവാരമുള്ള വിവരങ്ങളും സേവനങ്ങളും പദ്ധതികളും ലഭ്യമാക്കേണ്ടതാണ് (UN CESCR, 2016, 2000). അന്താരാഷ്ട്ര മനുഷ്യാവകാശ ഉടമ്പടികള്‍ നടപ്പാക്കുന്നതു വിലയിരുത്തുന്നതിനായി യുഎന്നിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഉടമ്പടി സംഘടനകളുടെ അഭിപ്രായത്തില്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗം, വന്ധ്യതാചികിത്സ, മാതൃ ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം തുടങ്ങിയ കുടുംബ രൂപവത്കരണവുമായി ബന്ധപ്പെട്ട സംഗതികളും എച്ച്‌ഐവി ഉള്‍പ്പെടെയുള്ള ലൈംഗികരോഗങ്ങള്‍ തടയല്‍, സമഗ്രമായ ലൈംഗികവിദ്യാഭ്യാസം, ലൈംഗിക അപര്യാപ്തതയ്ക്കുള്ള ചികിത്സ, ലൈംഗികാതിക്രമങ്ങള്‍ തടയല്‍, ലൈംഗികപീഡനങ്ങള്‍ അതിജീവിച്ചവര്‍ക്കുള്ള പരിചരണം മുതലായ ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതിനൊപ്പം, ട്രാന്‍സ്‌ജെന്ററുകളുടെ ലിംഗസ്വത്വത്തെ സ്ഥിരീകരിക്കുന്നതിനും ശാരീരിക, മാനസ്സിക, സാമൂഹിക ആരോഗ്യ ആവശ്യങ്ങള്‍ക്കും ക്ഷേമത്തിനും ഉതകുന്നതുമായ ലിംഗ-സ്ഥിരീകരണ ആരോഗ്യ പരിരക്ഷയും ഇതുള്‍ക്കൊള്ളുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ കാഴ്ചപ്പാടില്‍ നിന്നു പരിശോധിക്കുമ്പോള്‍ ലൈംഗികവും പ്രത്യുല്‍പാദനവുമായ ആരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ ശാരീരിക സ്വയംഭരണവും സമഗ്രതയും പ്രോത്സാഹിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമായി രാജ്യങ്ങള്‍ ദേശീയ നിയമ/നയ മാനദണ്ഡങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പൊതുഅടിത്തറയാണു മനുഷ്യാവകാശങ്ങള്‍ നല്കുന്നത്. അവരവരുടെ സാമൂഹിക സംസ്‌കാരിക പ്രത്യേകതകള്‍ പരിഗണിച്ച് അവ രൂപവത്കരിക്കാം. ആരോഗ്യസംരക്ഷണം, ഗര്‍ഭനിരോധന ഉപാധികള്‍, ലൈംഗികത എന്നിവയെക്കുറിച്ചും ശാരീരിക സ്വയംഭരണത്തിന്റെ ഇതര മാനങ്ങളെക്കുറിച്ചും സ്വയം തീരുമാനമെടുക്കാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്ന് ഉറപ്പുവരുത്താന്‍ പല രാഷ്ട്രങ്ങള്‍ക്കും ഇനിയും ബഹുദൂരം സഞ്ചരിക്കാനുണ്ട് എന്നും അന്താരാഷ്ട്ര ഉടമ്പടികള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഓരോ രാജ്യത്തും നിലനില്ക്കുന്ന നിയമങ്ങളെ ശാരീരിക സ്വയംഭരണത്തിനും സമഗ്രതക്കുമുള്ള അവകാശങ്ങളുടെ വെളിച്ചത്തില്‍ യുഎന്‍എഫ്പിഎ റിപ്പോട്ടു വിലയിരുത്തുന്നുണ്ട്. ഈ അധികാരം സംരക്ഷിക്കുന്നതോ നിരസിക്കുന്നതോ ആയ നിയമങ്ങള്‍ ഓരോയിടത്തുമുണ്ട്. ഈ അവകാശങ്ങളെ പ്രസക്തമായവിധം പിന്തുണയ്ക്കാന്‍ നിയമങ്ങള്‍ക്കാകും. ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ സേവനങ്ങളിലേക്കുള്ള എല്ലാവരുടെയും പ്രവേശനം ഉറപ്പാക്കുക, സമഗ്രമായ ലൈംഗികവിദ്യാഭ്യാസം നല്കാന്‍ സ്‌കൂളുകളെ നിര്‍ബന്ധിക്കുക, ആരോഗ്യപരിരക്ഷ നല്കുന്നതില്‍ ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ള സമ്മതം ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങള്‍ നിയമപിന്തുണയില്‍ നടപ്പാക്കാം. ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യസേവനങ്ങളിലേക്കും വിവരങ്ങളിലേക്കുമുള്ള കൗമാരക്കാരുടെ പ്രവേശനം പരിമിതപ്പെടുത്തുന്നതിനും സ്വവര്‍ഗ്ഗബന്ധങ്ങള്‍ വിലക്കുന്നതിലൂടെ വ്യക്തികളുടെ ശരീരത്തെ നിയന്ത്രിക്കുന്നതിനും സര്‍ക്കാരുകള്‍ക്കു നിയമങ്ങള്‍ ഉപയോഗിക്കാം. നിയമനിര്‍മ്മാതാക്കളുടെ ഉദ്ദേശ്യലക്ഷങ്ങള്‍ക്കപ്പുറം, ശരിയായി രൂപപ്പെടുത്താത്തതോ അവ്യക്തമായതോ ആയ ചട്ടങ്ങള്‍ പലപ്പോഴും ശാരീരിക സ്വയംഭരണത്തിനു ഹാനികരമാകാം. പല രാജ്യങ്ങളിലെയും നീതിന്യയ വ്യവസ്ഥകള്‍ ഇപ്പോഴും വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ അനുസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഗാര്‍ഹികപീഡനത്തെ ക്രിമിനല്‍ കുറ്റമാക്കി പരിഗണിക്കാത്ത രാജ്യങ്ങളെയും കാണാം. വിവാഹമോചനത്തില്‍ പുരുഷന്മാര്‍ക്കു കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കുന്ന രാഷ്ട്രങ്ങളെയും ദാമ്പത്യബലാത്സംഗത്തെ കുറ്റകരമാക്കാത്തവരും ഇന്നുമുണ്ട്. മുപ്പതിലധികം രാജ്യങ്ങള്‍ വീടിനു വെളിയില്‍ സഞ്ചരിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നുവെന്നാണ് യുഎന്‍എഫ്പിഎ പഠനം വ്യക്തമാക്കുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരമുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതിനു സര്‍ക്കാരുകള്‍ ഉപയോഗിക്കുന്ന പ്രാഥമിക മാധ്യമങ്ങള്‍ രാജ്യനിയമങ്ങളാണ്. എന്നാല്‍, നിയമപരമായി നല്കപ്പെട്ട അവകാശങ്ങള്‍ വ്യക്തിജീവിതത്തില്‍ പ്രതിഫലിക്കുന്നതിനു നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിനപ്പുറം സമൂഹത്തില്‍ പ്രാബല്യത്തില്‍ വരുത്താന്‍ ഗവണ്‍മെന്റുകള്‍ ക്രിയാത്മക നടപടികള്‍ എടുക്കേണ്ടതുണ്ട്. രാജ്യത്തിന്റെ നൈയാമിക ചട്ടക്കൂടില്‍നിന്നു വേര്‍പെടുത്തി നിയമമോ നയമോ പരിഗണിക്കാനാവില്ല. ഉദാഹരണത്തിന്, പല രാജ്യങ്ങളിലും ലൈംഗികവൃത്തിക്കു സമ്മതമേകുന്നതിനുള്ള കുറഞ്ഞപ്രായം സംബന്ധിച്ച ചട്ടങ്ങളുണ്ട്. അവ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യ വിവരങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തുന്നതിനുള്ള കുറഞ്ഞ പ്രായം നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങളുമായി പൊരുത്തപ്പെടുന്നില്ല. സുരക്ഷിതമായ ലൈംഗിക സമ്പ്രദായങ്ങളോ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട ഏതെങ്കിലും വിവരങ്ങളോ സേവനങ്ങളോ നിയമപിന്തുണയില്‍ നേടാനാകും മുമ്പു കൗമാരക്കാര്‍ക്കു നിയമപരമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില സ്ഥലങ്ങളില്‍ പരസ്പരവിരുദ്ധമായ നിയമങ്ങള്‍ നിലനില്ക്കാം. അത്തരം സ്ഥലങ്ങളില്‍ ഏതു നിയമത്തിനു മുന്‍ഗണന നല്കണം എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാം. ഇതു ചിലപ്പോള്‍ ചട്ടത്തിന്റെ ഗുണം ലഭിക്കേണ്ട വ്യക്തികളെ മാത്രമല്ല, നിയമം നടപ്പാക്കാന്‍ ഉത്തരവാദികളായ അധികാരികളെയും ബാധിച്ചേക്കാം. പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അഭാവത്തില്‍പ്പോലും, നൈയാമികമായ അവ്യക്തതയും പ്രശ്‌നമാകാം. ഉദാഹരണത്തിന്, ഗര്‍ഭം അലസിപ്പിക്കല്‍ നിയമപരമാണെങ്കിലും ചട്ടലംഘനം ആരോപിക്കുമെന്ന ഭയത്താല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഈ സേവനം നല്കാന്‍ വിമുഖത കാണിക്കാറുണ്ട്. 1994 ലെ അന്താരാഷ്ട്ര ജനസംഖ്യാ വികസന കോണ്‍ഫറന്‍സില്‍ (ഐസിപിഡി) ഗര്‍ഭം അലസിപ്പിക്കലിനു ശേഷമുള്ള പരിചരണം അതിന്റെ നിയമസാധുത പരിഗണിക്കാതെതന്നെ ലഭ്യമാക്കണമെന്ന 179 രാജ്യങ്ങള്‍ അംഗീകരിച്ച കാഴ്ചപ്പാടു പല സര്‍ക്കാരുകളും നടപ്പാക്കുന്നില്ല.

നിയമപരമായി അനുവദിക്കപ്പെട്ട ശാരീരികമായ സ്വയംഭരണം ഒരു രാജ്യത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പൗരജനതക്കു പ്രായോഗികമായി ലഭ്യമാകണമെങ്കില്‍ ഘടനാപരമായ പല പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. മതിയായ ബജറ്റുവിഹിതം നിയമത്തിന്റെ ഫലപ്രാപ്തി ഉറപ്പാക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഉദാഹരണത്തിന്, പ്രായമോ വൈവാഹിക നിലയോ പരിഗണിക്കാതെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നൊരു നിയമം മെക്‌സിക്കോ പാസാക്കി. അതിനു ശേഷവും കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണ നിരക്ക് ഉയര്‍ന്നുനിന്നു, പ്രത്യേകിച്ചു ദരിദ്രകുടുംബങ്ങളില്‍ ഉള്ളവരില്‍. ധനാപര്യാപ്തത ആയിരുന്നു ഇതിനു കാരണം. ഇതു സംബന്ധിച്ച വിശകലനം വ്യക്തമാക്കുന്നതു ഫണ്ടുകള്‍ മികച്ച രീതിയില്‍ നീക്കിവെച്ചാല്‍ മാത്രമേ ലൈംഗികാരോഗ്യം സംബന്ധിച്ച വിവരങ്ങളും ഗര്‍ഭനിരോധന സേവനങ്ങളും അവ ആവശ്യമുള്ള ദരിദ്രസമൂഹങ്ങളില്‍ എത്തി കൗമാരക്കാര്‍ക്കടക്കം പ്രയോജനകരമാകൂ എന്നാണ്.

ഒരു നിയമം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ആരോഗ്യസംവിധാനങ്ങള്‍ക്കു ശേഷിയുണ്ടാക്കാന്‍ അനുബന്ധമായി പല പ്രവര്‍ത്തനങ്ങളും ആവശ്യമായേക്കാം. സേവനങ്ങള്‍ക്കുള്ള വൈദ്യശാസ്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുക, ആരോഗ്യപ്രവര്‍ത്തകര്‍ക്കു നിയമത്തിന്റെ ഉള്ളടക്കത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് അവബോധം ഉണ്ടാക്കുക, ഉചിതമായ മരുന്നുകളും ഉപകരണങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനു ലോജിസ്റ്റിക്‌സും സംഭരണ സംവിധാനങ്ങളും ഒരുക്കുക, ചികിത്സ സംബന്ധിച്ച വിവരസഞ്ചയം സൃഷ്ടിക്കുക, ഗുണനിലവാരമുള്ള സേവനം താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനു സാമ്പത്തിക സംവിധാനങ്ങള്‍ നിര്‍മ്മിക്കുക, സേവനങ്ങളുടെ ഗുണനിലവാരവും സ്വീകാര്യതയും ഉറപ്പാക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ലൈംഗികത അശുദ്ധമാണെന്നു വീക്ഷിക്കുന്ന സാംസ്‌കാരികവും മതപരവുമായ വീക്ഷണങ്ങള്‍, ദാരിദ്ര്യംമൂലം ഗര്‍ഭനിരോധന ഉപാധികള്‍ക്കും ആരോഗ്യസേവനങ്ങള്‍ക്കും പണം ചെലവഴിക്കാന്‍ സാധിക്കാതിരിക്കല്‍, മതപരവും വംശീയവും ഭാഷാപരവും, ദേശപരവുമൊക്കെയായ വിവേചനങ്ങള്‍ മൂലം വിദ്യാഭ്യാസം തൊഴില്‍ മുതലായവയില്‍നിന്നു പുറന്തള്ളല്‍ തുടങ്ങിയ കാര്യങ്ങളുടെ പരിഹാരവും നിയമങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് അത്യന്താപേക്ഷിതമാണ്. കൂടാതെ, നിയമത്തെക്കുറിച്ചുള്ള വ്യക്തികളുടെ അജ്ഞതയും അതിന്റെ പ്രയോഗത്തെ പിന്നോട്ടടിക്കും. ദൈനംദിന ജീവിതത്തില്‍ പ്രാധാന്യമില്ലെന്ന തോന്നലും ചട്ടങ്ങള്‍ നടപ്പാക്കുന്നതിനു തടസ്സമാണ്. നിയമങ്ങളും നയങ്ങളും സ്ത്രീകളെ സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രാപ്തരാക്കുകയും വിവിധ ജനവിഭാഗങ്ങളുടെ ആരോഗ്യ പരിരക്ഷ ഉള്‍പ്പെടെ ഉറപ്പുവരുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യും. മനുഷ്യാവകാശധ്വംസനങ്ങളുടെ ഇരകള്‍ക്കു നീതി, സാന്ത്വനം, നഷ്ടപരിഹാര സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കുന്നതിലൂടെയാണിത്.

തുടര്‍ന്ന്, യുഎന്‍എഫ്പിഎ ഓരോ രാജ്യത്തെയും നിയമപരമായ അവസ്ഥ എസ്ഡിജി 5.6.2 സൂചകത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യപരിരക്ഷയും അനുബന്ധ വിവരങ്ങളും വിദ്യാഭ്യാസവും 15 ഉം അതിലധികവും വയസ്സുള്ള സ്ത്രീപുരുഷന്മാര്‍ക്കു പൂര്‍ണ്ണവും തുല്യവുമായി ഉറപ്പിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഓരോ രാജ്യത്തും എത്രമാത്രമുണ്ടെന്നു വിലയിരുത്തുന്നതാണ് ഈ സൂചകം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ അംഗരാജ്യങ്ങള്‍ എത്രമാത്രം മുന്നേറിയെന്ന് അറിയാന്‍ യുഎന്‍ ഉണ്ടാക്കിയ സൂചകങ്ങളുടെ ഭാഗമാണിത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ മറ്റു മാനദണ്ഡങ്ങള്‍ എന്നിവയുടെ വെളിച്ചത്തിലുള്ള ഈ സംയോജിത സൂചകം ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യവും അവകാശങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ അന്തരീക്ഷം വിലയിരുത്തുന്നു. പ്രസവപരിചരണം; ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും, കുടുംബാസൂത്രണവും; സമഗ്രമായ ലൈംഗിക വിദ്യാഭ്യാസവും വിവരങ്ങളും; ലൈംഗിക ആരോഗ്യം, ക്ഷേമം എന്നീ 4 വിശാലമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇവയെ 13 ഘടകങ്ങളാക്കി ഓരോന്നും നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്നത് എങ്ങനെയെന്ന് ഈ സൂചകം വ്യക്തമാക്കുന്നു. ഗര്‍ഭകാല പരിചരണവുമായി ബന്ധപ്പെട്ടു പ്രസവശുശ്രൂഷ, ജീവന്‍രക്ഷോപാധികള്‍, ഗര്‍ഭം അലസിപ്പിക്കല്‍, ഗര്‍ഭച്ഛിദ്രാനന്തര പരിചരണം എന്നീ 4 കാര്യവും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും കുടുംബാസൂത്രണവും സംബന്ധിച്ചു ഗര്‍ഭനിരോധനോപാധികളുടെ ലഭ്യത, ഗര്‍ഭനിരോധന സേവനങ്ങള്‍ക്കു സമ്മതത്തിന്റെ ആവശ്യകത, അടിയന്തര ഗര്‍ഭനിരോധന സംവിധാനങ്ങള്‍ എന്നീ 3 സംഗതികളും വിലയിരുത്തുന്നു. ലൈംഗിക വിദ്യാഭ്യാസവും വിവരങ്ങളും സംബന്ധിച്ചു സമഗ്രമായ ലൈംഗികവിദ്യാഭ്യാസ നിയമം, സമ്പൂര്‍ണ്ണമായ ലൈംഗിക വിദ്യാഭ്യാസ പാഠ്യപദ്ധതി എന്നീ 2 കാര്യങ്ങളും ലൈംഗികാരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും മേഖലയില്‍ എച്ച്‌ഐവി പരിശോധന, കൗണ്‍സിലിംഗ്; എച്ച്‌ഐവി ചികിത്സ, പരിചരണം; എച്ച്‌ഐവി ബാധിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആരോഗ്യനിലയുടെ രഹസ്യസ്വഭാവം നിലനിറുത്താനുള്ള അവകാശം; എച്ച്പിവി വാക്‌സീന്‍ ലഭ്യത എന്നീ 4 വിഷയങ്ങളും പഠിക്കുന്നു.

ഇതിന്റെ ഭാഗമായി, ചില ആരോഗ്യ സേവനങ്ങള്‍ ലഭ്യമാകുന്നതിനു രക്ഷകര്‍ത്താവ്, പങ്കാളി, ജഡ്ജി, മെഡിക്കല്‍ കമ്മിറ്റി തുടങ്ങിയ മൂന്നാം കക്ഷികളില്‍ നിന്നു സമ്മതത്തിനു വ്യക്തികളെ നിര്‍ബന്ധിക്കുന്ന നിയമപരമായ നിബന്ധനകള്‍ തുടങ്ങിയവ പരിശോധിക്കും. കൂടാതെ, ശാരീരിക സ്വയംഭരണത്തെ തടസ്സപ്പെടുത്തുന്ന മതപരവും സാമൂഹികവുമായ സമാന്തര നിയമവ്യവസ്ഥകള്‍, ഈ രംഗത്തെ രാഷ്ട്രനിയമങ്ങളെ തടയുന്ന മറ്റു ഘടകങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും വിലയിരുത്തും. ഈ സൂചകം നിയമത്തിന്റെ സാന്നിധ്യം മാത്രമേ പരിശോധിക്കൂ. നിയമത്തിന്റെ നടപ്പാക്കല്‍ പരിഗണിക്കുന്നില്ല എന്നതും നാം ശ്രദ്ധിക്കണം.

ഡേറ്റ ലഭിച്ച രാജ്യങ്ങളില്‍, സൂചകം 5.6.2 ന്റെ അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന 5 സ്ഥാനം നേടിയത് സ്വീഡന്‍ (100), ഉറുഗ്വേ (99), കംബോഡിയ (98), ഫിന്‍ലാന്‍ഡ് (98), നെതര്‍ലാന്‍ഡ്‌സ് (98) എന്നീ രാജ്യങ്ങളാണ്; അവസാനസ്ഥാനത്തെ 5 രാഷ്ടങ്ങള്‍ ദക്ഷിണ സുഡാന്‍ (16), ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ (32), ലിബിയ (33), ഇറാഖ് (39), ബെലീസ് (42) എന്നിവയും. സൂചകം 5.6.2 കണക്കാക്കാനുള്ള ഡേറ്റയും അതിന്റെ വ്യക്തിഗത ഘടകങ്ങളും സംബന്ധിച്ചു 107 രാജ്യം റിപ്പോട്ടു ചെയ്തു. എന്നിരുന്നാലും, സൂചകത്തിനായി പൂര്‍ണ്ണ ഡേറ്റ 75 രാജ്യം മാത്രമേ ലഭ്യമാക്കിയുള്ളൂ. പ്രസവ പരിചരണം സംബന്ധിച്ച് 79 ഉം ഗര്‍ഭനിരോധനത്തെയും കുടുംബാസൂത്രണത്തെയും കുറിച്ചു 104 ഉം സമഗ്ര ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് 98 ഉം ലൈംഗിക ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും മേഖലയില്‍ 101 ഉം രാജ്യങ്ങള്‍ വിവരങ്ങള്‍ നല്കി.

സമ്പൂര്‍ണ്ണ ഡേറ്റ നല്കിയ 75 രാജ്യത്തു, ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും പൂര്‍ണ്ണവും തുല്യവുമായി ഉറപ്പാക്കാന്‍ വേണ്ട നിയമങ്ങളുടെയും ചട്ടങ്ങളുടെയും നാലില്‍ മൂന്നും (73%) നിലവിലുണ്ട്. എന്നാലും, ഇത്തരം അവകാശങ്ങളെ പിന്തുണക്കുന്ന നിയമങ്ങളുള്ള 20% ഇടങ്ങളിലും മറ്റുവിധ നിയമവ്യവസ്ഥകളുണ്ട്. ഇത്, ആ രാജ്യങ്ങളിലെ എല്ലാവര്‍ക്കും നിയമങ്ങളുടെ പ്രയോജനം ലഭിക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഡേറ്റ ലഭ്യമായ 80% രാജ്യങ്ങളിലും ലൈംഗികാരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനും പിന്തുണക്കുന്നതിനും നിയമങ്ങളുണ്ട്. ഗര്‍ഭനിരോധനോപാധികളുടെ പൂര്‍ണ്ണവും തുല്യവുമായ ലഭ്യത ഉറപ്പാക്കുന്നതിനു 75% രാഷ്ട്രങ്ങളിലും സമഗ്രമായ ”പ്രസവ പരിചരണം ലഭ്യമാക്കുന്നതിനു 71% ദേശങ്ങളിലും നിയമങ്ങളും ചട്ടങ്ങളുമുണ്ട്. പക്ഷേ, 56% രാജ്യങ്ങളില്‍ മാത്രമാണു സമഗ്ര ലൈംഗികവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന നൈയാമിക വ്യവസ്ഥകള്‍ ഉള്ളതെന്നും ഈ പഠനം വ്യക്തമാക്കുന്നു.

ലൈംഗിക ആരോഗ്യസംരക്ഷണം പഠനവിധേയം ആക്കുമ്പോള്‍ മിക്കവാറും എല്ലാ രാജ്യവും എച്ച്‌ഐവി പരിരക്ഷ ഉറപ്പു നല്കുന്നുവെങ്കിലും ഏകദേശം 50% രാജ്യങ്ങള്‍ മാത്രമാണ് എച്ച്പിവി വാക്‌സീന്‍ ഉറപ്പാക്കിയിട്ടുള്ളത്. ഗര്‍ഭനിരോധനോപാധികളുടെയും കുടുംബാസൂത്രണത്തിന്റെയും കാര്യത്തില്‍, 104 രാജ്യത്തില്‍ 91% സ്ഥലങ്ങളിലും ഗര്‍ഭനിരോധന സേവനങ്ങള്‍ നല്കുമെന്ന് ഉറപ്പിക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്ന് റിപ്പോട്ടു ചെയ്തു. എന്നാല്‍, ഇവിടങ്ങളില്‍ പലതിലും ഈ സേവനങ്ങളുടെ ലഭ്യത കുറഞ്ഞ പ്രായം, മൂന്നാംകക്ഷിയുടെ അംഗീകാരം, വൈവാഹിക നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

ഗര്‍ഭനിരോധന സേവനങ്ങളുടെ ലഭ്യത സംബന്ധിച്ചു വിവരം നല്കിയ 104 രാജ്യത്ത് ഈ സേവനങ്ങള്‍ നിയമപരമായി ഉറപ്പാക്കിയവയില്‍ ഉള്‍പ്പെട്ട 12% ദേശങ്ങളില്‍ ഇതര നിയമവ്യവസ്ഥകള്‍ മേല്‍ സൂചിത അവകാശങ്ങളെ പിന്തുണക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്. വിവരങ്ങള്‍ ലഭിച്ചവയില്‍ 87% രാജ്യങ്ങളില്‍ വന്ധ്യംകരണം ഉള്‍പ്പെടെയു!!െള്ള ഗര്‍ഭനിരോധന സേവനങ്ങള്‍ ലഭിക്കുന്നതിനു മുമ്പു വ്യക്തികളുടെ പൂര്‍ണ്ണവും സ്വതന്ത്രവും ബോധ്യമുള്ളതുമായ സമ്മതം ഉറപ്പാക്കുന്ന നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്നു റിപ്പോട്ടു ചെയ്തിട്ടുണ്ടെങ്കിലും, അവയിലെ 9% സ്ഥലങ്ങളിലും ഈ നിയമങ്ങള്‍ക്കു വിരുദ്ധമായ ഇതര നൈയാമികവ്യവസ്ഥകള്‍ കാണാം.

സൂചകം 5.6.2 കണക്കാക്കാന്‍ പ്രസവപരിചരണം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ച 79 രാജ്യം വിലയിരുത്തുമ്പോള്‍ 95% പ്രദേശങ്ങളിലും പ്രസ്തുത സേവനം പ്രാപ്യമാക്കുന്നതിനു നിയമങ്ങളും ചട്ടങ്ങളുമുണ്ട്. എന്നാലും, ചില രാജ്യങ്ങളില്‍ സേവനലഭ്യത വൈവാഹികനില, പ്രായം, രക്ഷകര്‍ത്താവ് അല്ലെങ്കില്‍ പങ്കാളി തുടങ്ങിയ മൂന്നാംകക്ഷികളുടെ അംഗീകാരം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഈ രാജ്യങ്ങളില്‍ 44% മാത്രമാണ് അവരുടെ ദേശീയ അവശ്യമരുന്നു പട്ടികയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ജീവന്‍രക്ഷോപാധികള്‍ സംബന്ധിച്ച യുഎന്‍ കമ്മീഷന്‍ (United Nations Commission on Life-Saving Commodities for Women and Children) നിര്‍ദ്ദേശിക്കും വിധം പ്രത്യുല്‍പാദന ആരോഗ്യത്തിനും മാതൃ/ശിശു സ്വാസ്ഥ്യത്തിനുളള 13 വസ്തുക്കളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീകളുടെ ഗര്‍ഭനിരോധന ഉറകള്‍, ഗര്‍ഭനിരോധന ഇംപ്ലാന്റുകള്‍, അടിയന്തിര ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നീ 3 കാര്യങ്ങള്‍ മറ്റു 10 വസ്തുക്കളെക്കാള്‍ കുറവായാണു പ്രസ്തുത പട്ടികകളില്‍ ഉള്‍പ്പെടുത്തപ്പെട്ടത്. 79 രാജ്യത്തില്‍ 93% സ്ഥലങ്ങളിലും ഗര്‍ഭമലസിപ്പിക്കല്‍ ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലെങ്കിലും നിയമപരമാക്കിയിട്ടുണ്ട്; 90% ദേശങ്ങളും സ്ത്രീയുടെ ജീവരക്ഷക്കാണെങ്കില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നു; ഏകദേശം 80% രാജ്യങ്ങളും സ്ത്രീയുടെ ശാരീരികാരോഗ്യം സംരക്ഷിക്കാനോ ഭ്രൂണത്തിനു വൈകല്യമുള്ള അവസരത്തിലോ ഇതിനു സമ്മതിക്കുന്നു; 60 ശതമാനത്തിന് അല്പം കൂടുതല്‍ രാഷ്ട്രങ്ങള്‍ ബലാത്സംഗ കേസുകളില്‍ ഈ ഇടപെടലിന് അനുമതിയേകുന്നു. പല രാജ്യങ്ങളും ഗര്‍ഭച്ഛിദ്രത്തിന് ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ അംഗീകാരം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നടപടിക്ക് എതിരായ സാമൂഹിക വിശ്വാസങ്ങളാണ് ഈ നിയന്ത്രണത്തിനുളള മുഖ്യകാരണം. ഇത്തരം നിബന്ധനകള്‍ ഗുണപ്രദമല്ലെന്നാണ് ഈ രംഗത്തെ പല വിദഗ്ദ്ധരുടെയും ചിന്ത. ഗര്‍ഭമലസിപ്പിക്കല്‍ സേവനങ്ങള്‍, അനുബന്ധ വിവരങ്ങളുടെ ലഭ്യത, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ എന്നിവ നിയമപരമായി സ്ത്രീകള്‍ക്ക് ഉറപ്പാക്കിയ രാജ്യങ്ങളിലാണ് ഏറ്റവും കുറവു ഗര്‍ഭച്ഛിദ്ര നിരക്ക് എന്നതും ശ്രദ്ധനീയമാണ്. 61 രാജ്യങ്ങളിലെ ഡേറ്റ വിലയിരുത്തിയ ഒരു പഠനം, ഗര്‍ഭച്ഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നതോ സ്ത്രീയുടെ ജീവന്‍ അല്ലെങ്കില്‍ അവളുടെ ശാരീരികാരോഗ്യം സംരക്ഷിക്കാന്മാത്രം ഇത് അനുവദിക്കുന്നതോ ആയ ഇടങ്ങളില്‍, ഗര്‍ഭച്ഛിദ്രങ്ങളില്‍ 25% മാത്രമാണു സുരക്ഷിതമെന്നു കണ്ടെത്തി. ഗര്‍ഭം അലസിപ്പിക്കല്‍ വിശാലമായവിധം നിയമവിധേയമായ രാജ്യങ്ങളില്‍ 90 ശതമാനവും സുരക്ഷിതമാണ്.

ഗര്‍ഭച്ഛിദ്രത്തിന്റെ നിയമസാധുത പരിഗണിക്കാതെതന്നെ, അതിനു ശേഷമുള്ള പരിചരണം സാര്‍വ്വത്രികമായി ലഭ്യമാക്കണമെന്ന് ഐസിപിഡി പ്രോഗ്രാം ഓഫ് ആക്ഷന്‍ പോലുള്ള അന്താരാഷ്ട്ര പ്രഖ്യാപനങ്ങള്‍ ആവശ്യപ്പെടുന്നു. എന്നിരുന്നാലും, ഡേറ്റയുള്ള 79 രാജ്യത്ത് 80% ഇടങ്ങളില്‍ മാത്രമേ ഗര്‍ഭച്ഛിദ്രത്തിന്റെ നിയമപരമായ സാധുത കണക്കിലെടുക്കാതെ അനന്തര പരിചരണം ഉറപ്പാക്കുന്ന നിയമങ്ങളോ ചട്ടങ്ങളോ ഉള്ളൂ. സര്‍വ്വതലസ്പര്‍ശിയായ ലൈംഗികവിദ്യാഭ്യാസവും അറിവുകളും നല്കുന്ന കാര്യത്തില്‍, വിവരങ്ങള്‍ ലഭിച്ച രാജ്യങ്ങളില്‍ 62% മാത്രമേ സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തെ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ നിര്‍ബന്ധ ഘടകമാക്കി മാറ്റുന്ന നിയമങ്ങളോ ചട്ടങ്ങളോ ദേശീയ നയങ്ങളോ ഉണ്ടാക്കിയിട്ടുള്ളൂ.

സൂചകം 5.6.2 ന്റെ മൊത്തത്തിലുള്ള വിശകലനം വെളിപ്പെടുത്തുന്നതു ശാരീരിക സ്വയംഭരണത്തെ പിന്തുണക്കുന്ന നിയമപരവും നിയന്ത്രണപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വരുമാനമല്ല രാജ്യങ്ങളുടെ രാഷ്ട്രീയ ഇച്ഛാശക്തിയാണു പ്രധാനമെന്നാണ്. ഈ രംഗത്ത് ഏതു വരുമാന നിലവാരമുള്ള രാഷ്ട്രത്തിനും മികച്ചതോ മോശമോ ആയ പ്രകടനം നടത്താനാകുമെന്ന് ഈ റിപ്പോട്ട് തെളിയിക്കുന്നുണ്ട്. എസ്ഡിജി 5.6.2 വിലയിരുത്തല്‍ ഈ മേഖലയിലെ നിയമങ്ങളെക്കുറിച്ചുള്ള സമഗ്രവിവരം നല്കുന്നില്ല. ചുരുങ്ങിയ ചില വശങ്ങള്‍ മാത്രമാണ് ഇവിടെ പരിശോധിക്കുക. അതിനാല്‍, ഓരോ രാജ്യത്തെയും സംബന്ധിച്ചു കൂടുതല്‍ സമഗ്ര പഠനം നടത്തി അന്താരാഷ്ട്ര മനുഷ്യാവകാശ കാഴ്ചപ്പാടുകള്‍ക്ക് അനുസൃതമായി സൂക്ഷമതലത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ഓരോ സമൂഹവും മുന്‍കൈ എടുക്കണമെന്നു യുഎന്‍എഫ്പിഎ റിപ്പോട്ട് ഓര്‍മ്മപ്പെടുത്തുന്നത്.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ സമ്പൂര്‍ണ്ണവും തുല്യവുമായ ലൈംഗിക, പ്രത്യുല്‍പാദന ആരോഗ്യവും അവകാശങ്ങളും ഉറപ്പുനല്കുക എന്ന ഉദ്ദേശ്യത്തോടെ നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതു സംബന്ധിച്ച പുരോഗമനപരമായ മാതൃകകളും റിപ്പോട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് ടുണീഷ്യയില്‍ ദാമ്പത്യബലാത്സംഗം ഒരു കുറ്റമല്ലായിരുന്നു. എന്നിരുന്നാലും, 2017 ല്‍ പാര്‍ലമെന്റ് ലിംഗാധിഷ്ഠിത ആക്രമണം തടയുന്നതിനു സമഗ്രമായ നിയമം നിര്‍മ്മിക്കുകയും അതില്‍ ദാമ്പത്യബലാത്സംഗം കുറ്റമാണെന്നു വ്യക്തമാക്കുകയും ചെയ്തു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയെയോ പെണ്‍കുട്ടിയെയോ വിവാഹം കഴിച്ചാല്‍ ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ അനുവദിക്കുന്ന മുന്‍പത്തെ പഴുതുകളും പുതിയനിയമം ഇല്ലാതാക്കി.

ലിംഗവ്യക്തിത്വം, ലിംഗാവിഷ്‌കാരം, ലൈംഗിക സ്വഭാവസവിശേഷതകള്‍ എന്നിവ സംബന്ധിച്ച 2015 ലെ നിയമത്തിലൂടെ (Gender Identity, Gender Expression & Sex Characteristics Act) ലിംഗസ്വത്വത്തിനുള്ള അവകാശത്തിന്റെ ഭാഗമായി ”ശാരീരിക സമഗ്രതയ്ക്കും സ്വയംഭരണത്തിനും” ഉള്ള അവകാശം മാള്‍ട്ട അംഗീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു വ്യക്തിയുടെ ലൈംഗികസ്വഭാവങ്ങള്‍ ശസ്ത്രക്രിയ മുതലായ വൈദ്യശാസ്ത്ര ഇടപെടലുകളിലൂടെ വ്യത്യാസപ്പെടുത്തുന്നതും നിയമം നിരോധിച്ചു. ചികിത്സക്കു വിധേയനാകുന്ന വ്യക്തിക്കു ബോധ്യത്തോടെയുള്ള സമ്മതം നല്കാനാകുന്നതുവരെ ഇത്തരം ഇടപെടലുകള്‍ മാറ്റിവെക്കേണ്ടതാണെന്നും അതു വ്യക്തമാക്കുന്നു. 18 വയസ്സിനു മുകളിലുള്ള ട്രാന്‍സ്‌ജെന്ററുകള്‍ക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ അധികാരികളുടെ മറ്റു ഇടപെടലുകളോ ഇല്ലാതെ ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാന്‍ അനുവദിക്കുന്ന നിയമം 2015 ല്‍ അയര്‍ലണ്ടു നിര്‍മ്മിച്ചു. ഡെന്മാര്‍ക്ക്, മാള്‍ട്ട, അര്‍ജന്റീന എന്നിവയ്ക്കു ശേഷം അത്തരം നിയമം കൊണ്ടുവന്ന ലോകത്തിലെ 4-ാം രാജ്യമാണ് അയര്‍ലന്‍ഡ്. വ്യക്തിയുടെ സ്വകാര്യത, അന്തസ്സ്, വിവേചനരാഹിത്യം എന്നിവ ചൂണ്ടിക്കാട്ടി സ്വവര്‍ഗ്ഗ ലൈംഗികതയും മുതിര്‍ന്നവര്‍ക്കിടയില്‍ സമ്മതത്തോടെയുള്ള ലൈംഗികബന്ധവും കുറ്റകരമല്ലാതാക്കുന്ന നിയമം 2019 ല്‍ ബോട്‌സ്വാന ഉണ്ടാക്കി.

യുഎന്‍എഫ്പിഎ റിപ്പോട്ടിന്റെ പശ്ചാത്തലത്തിലുള്ള ചര്‍ച്ചയുടെ ഈ ഭാഗം സ്ത്രീകളുടെ സ്വയംനിര്‍ണ്ണയാവകാശത്തെ ആഗോള മനുഷ്യാവകാശ നിയമങ്ങള്‍ നല്കുന്ന പ്രാധാന്യമെന്തെന്നു വ്യക്തമാക്കുന്നു. ഈ കാഴ്ചപ്പാടില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ അധികാരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രനിയമങ്ങള്‍ സംബന്ധിച്ചു പ്രതീക്ഷാനിര്‍ഭരമായ നിരവധി വസ്തുതകള്‍ യുഎന്‍എഫ്പിഎ റിപ്പോട്ട് നമുക്കു മുന്നില്‍ വയ്ക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികതയുടെ വിലക്കുകള്‍ മറികടന്ന് ഈ മേഖലയില്‍ നാം ബഹുദൂരം മുന്നേറേണ്ടതുണ്ടെന്നു മുന്നറിയിപ്പു നല്കുന്നു. ലേഖനത്തിന്റെ ഭാഗം മൂന്നില്‍ സുസ്ഥിരവികസന ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിലേക്കു സമൂഹത്തെ നയിക്കാന്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തേണ്ട സ്ത്രീസമൂഹത്തിന് നിയമപരമായി അര്‍ഹതപ്പെട്ട ഈ അവകാശം പ്രായോഗികമായി ഉറപ്പാക്കാനുള്ള നടപടികളെക്കുറിച്ചും ലിംഗസമത്വത്തിന്റെ ഈ പ്രശ്‌നം ഇന്ത്യ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതു സംബന്ധിച്ചും വിലയിരുത്തും.

റെഫറന്‍സ്

1.https://www.unfpa.org/sowp-2021?_ga=2.206485779.1478360725.1593458242-1532854079.1591294254

also read

എന്റെ ശരീരം എന്റെ സ്വന്തം: ശാരീരിക സ്വയംഭരണവും സമഗ്രതയും – ഭാഗം 1

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply