ജാതി : പ്രതീക്ഷനല്‍കുന്ന പ്രീ സ്‌കൂള്‍ വിദ്യാഭ്യാസ നയം

ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാനപ്പെട്ട ഒരിനമാണ് സാമ്പ്രദായിക വിദ്യാഭ്യാസ സംവിധാനത്തിലേക്ക് നഴ്‌സറി ക്ലാസ് വിദ്യാഭ്യാസം കൂട്ടിച്ചേര്‍ക്കു ക എന്നത് .മൂന്നുമുതല്‍ പ്രായമുള്ള കുട്ടികളെ ഈ നയമനുസരിച്ച് വിദ്യാഭ്യാസ ക്രമീകരണങ്ങള്‍ക്കകത്തേക്ക് പ്രവേശിപ്പിക്കുന്നതിനെ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നു .നിലവില്‍ കുട്ടികള്‍ സ്വകാര്യ നഴ്‌സറി സ്‌കൂളുകളില്‍ പഠിച്ചിട്ടു തന്നെയല്ലേ ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്നത് ആ നിലയ്ക്ക് പുതിയ നയത്തിനെന്ത് പുതുമ എന്ന് നമ്മള്‍ ചിന്തിച്ചേക്കാം .എന്നാല്‍ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് കൃത്യമായ ഒരു സിലബസ്സും അധ്യാപകനും ഒക്കെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നു .പ്രാദേശികമായ സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനത്തെ സുഗമമാക്കുകയും ഒപ്പം അറിവിന്റെ വിശാലമായ ലോകത്തിലേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തെ അയത്‌നരഹിതമാക്കുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യങ്ങളുടെ മുകളിലാണ് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പുതിയ വിദ്യാഭ്യാസനയം കാണുന്നത് .പ്രീ സ്‌കൂള്‍ ക്ലാസുകളിലേക്കുള്ള സിലബസും കരിക്കുലവും നിര്‍മ്മിക്കുന്നതിനുള്ള ഉത്തരവാദിത്തവും ചുമതലയും കേന്ദ്രഗവര്‍മെന്റിനാണ് വിദ്യാഭ്യാസനയം ഏല്പ്പിച്ചു കൊടുത്തിട്ടുള്ളത് .ഈ നയത്തിന്റെ ആഴത്തിലുള്ള വിശകലനതിലേക്ക് പോകുന്നതിന് മുമ്പ്് പ്രീ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് നമ്മള്‍ ഒന്ന് ചിന്തിക്കുന്നത് അനുചിതം ആകില്ലെന്ന് കരുതുന്നു .

ശരീരം കൊണ്ടും മനസ്സുകൊണ്ടും ആണ് ഓരോ മനുഷ്യകുഞ്ഞും അവനു ചുറ്റുമുള്ള ലോകത്തെ കണ്ടെത്തുന്നതും അതിനെ സാംശീകരിക്കുന്നതും അതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നത്. അറിവ് കൂടുതല്‍ ക്രിയാത്മകമായി സമൂഹവുമായി ഇടപെടാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്നു. മറ്റൊരു രീതിയില്‍ നോക്കിയാല്‍ നിലവിലുള്ള സമൂഹവുമായി പൊരുത്തപ്പെട്ട് ജീവിക്കാനുള്ള പ്രാപ്തിയായി അറിവിനെ, ജ്ഞാനസമ്പാദനത്തെ കാണാവുന്നതാണ് .തന്റെൂ അറിവിന്റെ ലോകത്തിനകത്തേക്ക് പുതിയ അറിവുകളെ ചേര്‍ത്തു വയ്ക്കുകയും കൂടുതല്‍ കൂടുതല്‍ സക്രിയമായി സമൂഹത്തോട് സംവദിക്കുകയും ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ വിദ്യാഭ്യാസത്തിന് കഴിയുന്നു .ശരീരം കൊണ്ടും മനസ്സുകൊണ്ടും കുഞ്ഞുങ്ങള്‍ അതിവേഗത്തില്‍ വളരുന്ന മാന്ത്രിക കാലമാണ് ശൈശവം .മനുഷ്യരുടെ വ്യക്തിത്വ രൂപികരണത്തില്‍ ശൈശവ അനുഭവങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന വസ്തുത മിക്കവാറുമെല്ലാ മനശാസ്ത്രജ്ഞരും അംഗീകരിച്ചിട്ടുണ്ട്.അമ്മയുടേയും അച്ഛന്റെയും സൗഹാര്‍ദ്ദപൂര്‍ണ്ണമായ ഒരു കുടുംബത്തിന്റെയും സ്‌നേഹസുരക്ഷിതത്വങ്ങളില്‍ നിന്നും സമൂഹത്തിന്റെ നിര്‍ദ്ദയത്വങ്ങളിലേക്കും അനിശ്ചിതത്വങ്ങളിലേക്കും കുഞ്ഞുങ്ങള്‍ പ്രവേശിക്കുന്നതിന്റെ തുടക്കമാണ് പ്രീ സ്‌കൂള്‍ കാലഘട്ടം .കുഞ്ഞുങ്ങള്‍ ലോകത്തെ തിരിച്ചറിയുന്നത്, അതിനെ മനസ്സിലാക്കുന്നത്, അതിനെ തന്നോട് ചേര്‍ത്തു വയ്ക്കുന്നത് മനസ്സിലൂടെ, ബോധത്തിലൂടെ മാത്രമല്ല അവരുടെ ശരീരം കൊണ്ട് കൂടിയാണ് .

സ്വന്തം ശരീരത്തിന്റെ് സുഖത്തിലൂടെയാണ് മനുഷ്യര്‍ ലോകത്തെ കണ്ടെത്തുന്നതെന്ന ഫ്രോയ്ഡിയന്‍ ചിന്തയെ തന്നെയാണ് മറ്റൊരര്‍ത്ഥത്തില്‍ എന്താണ് ”സ്വത്വം” എന്നത് ”ശൈശവവും സമൂഹവും” എന്ന ഗ്രന്ഥത്തിലൂടെ നിര്‍വ്വചിക്കാന്‍ ശ്രമിക്കുമ്പോള്‍ എറിക് എറിക്‌സന്‍ ചെയ്യുന്നത് .എറിക്‌സന്‍ സ്വത്വം എന്നതിനെ ശാരീരികവും മാനസീകവും സാമൂഹികവുമായ ഒരവസ്ഥയായാണ് നിര്‍വ്വചിക്കുന്നത്. സ്വന്തം ശരീരത്തിനകത്ത് വ്യക്തി അനുഭവിക്കുന്ന ശാരീരികവും മാനസീകവുമായ സ്വാസ്ഥ്യം, ഏത് ലക്ഷ്യത്തിലേക്കാണ് താന്‍ നീങ്ങുന്നതെന്ന വ്യക്തമായ തിരിച്ചറിവ് ഒരു വ്യക്തിക്ക് ഉണ്ടാവുക, തനിക്ക് ചുറ്റുമുള്ള ആളുകളില്‍ നിന്നും അംഗീകാരവും സ്‌നേഹവും കരുതലും പിന്തുണയും ലഭിക്കുമെന്ന ഉറപ്പുണ്ടാവുക തുടങ്ങിയവയാണ് സ്വത്വബോധം എന്നതിന്റെ തെളിവുകളായി എറിക്‌സന്‍ മുന്നോട്ട് വയ്ക്കുന്നത് .വ്യക്തിയുടെ സ്വത്വബോധം എന്നത് അയാളുടെ മാത്രം പരിശ്രമങ്ങളുടെ ആകെത്തുകയായിട്ടല്ല മറിച്ച് സമൂഹത്തിനും കുടുംബത്തിനും ഇക്കാര്യത്തില്‍ ക്രീയാത്മക പങ്കാളിത്തം വഹിക്കാനുണ്ട് എന്ന നിലപാടാണ് എറിക്‌സന്‍ മുന്നോട്ടുവച്ചത് .താന്‍ ജീവിക്കുന്ന സമൂഹത്തിനകത്ത് സ്വാഭിമാനമുള്ള സ്വാതന്ത്ര്യമുള്ള സ്വയം നിര്‍്ണ്ണയശേഷിയുള്ള പ്രാപ്തികളുള്ള [Capabilities] ഒരു വ്യക്തിയായി ഒരാള്‍ക്ക് കഴിയുമ്പോഴാണ് അയാളുടെ സ്വത്വം പ്രകാശിതമാകുന്നതെന്നാണ് എറിക്‌സന്‍ സിദ്ധാന്തിക്കുന്നത് .ഈ വിശാലമായ പരിപ്രേക്ഷ്യത്തില്‍ വേണം നമ്മള്‍ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്ന പ്രീ സ്‌കൂള്‍ പഠന സംവിധാനത്തെ വിലയിരുത്തുവാന്‍ .

ഇന്ത്യയില്‍ കൊടികണക്കിന് ആളുകളാണ് ജാതീയമായ അയിത്തവും അസ്പ്രശ്യതയും അനുഭവിക്കുന്നത് .നിത്യജീവിതത്തില്‍ ഓരോ നിമിഷവും ജാതി അവരുടെ മുന്നോട്ടുള്ള ജീവിതത്തെ അനിശ്ചിതത്വങ്ങള്‍ കൊണ്ട് പരിമിതപ്പെടുത്തുന്നു .ജാതി ഒരു നിത്യയാഥാര്ത്ഥ്യമായി നമുക്കൊപ്പം ജീവിക്കുന്നത് കുടുംബവും സമൂഹവും ജാതിയുടെ മൂല്യബോധത്തെ സാംശീകരിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നത് മൂലമാണ് .കുടുംബവും സമൂഹവും എല്ലാവരേയും ജാതിയുടെ മൂല്യബോധതിനകത്ത് രൂപപ്പെടുത്തിയിട്ടുള്ള പെരുമാറ്റങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. അയിത്തവും അസ്പ്രശ്യതയും കാണിക്കുക എന്നത് ഓരോ സവര്‍ണ്ണ ജാതി മനുഷ്യരുടേയും കടമയും ഉത്തരവാദിത്തവുമായി സമൂഹം ചിത്രീകരിക്കുന്നു .അയിത്തവും അസ്പ്രശ്യതയും മടികൂടാതെ എതിര്‍പ്പ് കൂടാതെ സ്വീകരിക്കുക എന്നത് തങ്ങളുടെ കടമയായി ഓരോ കീഴാളനേയും സമ്മതിപ്പിക്കാനും ജാതീയസമൂഹത്തിന് കഴിയുന്നിടത്താണ് ജാതിയും അയിത്തവുമൊക്കെ സനാതന ആര്‍ഷഭാരത സംസ്‌കാരമായി ജാതിവാദികള്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നത് .ജാതിവിവേചനവും അയിത്തവും നിയമം മൂലം ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടെങ്കില്‍ പോലും ഇന്നും അതെല്ലാം യാതൊരു തരത്തിലുമുള്ള കുറവുമില്ലാതെ അഭംഗുരം തുടരുന്ന ഒരു രാജ്യത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. ജാതിയുടെ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗ്ഗം ജാതിയേയും അയിത്തത്തേയും മഹത്വവല്ക്കരിക്കുന്ന സവര്‍ണ്ണ ബ്രാഹ്മണ ജാതിബോധത്തെ ഇല്ലായ്മ ചെയ്യാനോ ചുരുങ്ങിയ പക്ഷം ദുര്‍ബലപ്പെടുത്താനോ പറ്റുന്ന രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കുട്ടികളെ കടത്തിവിടുക എന്നതാണ് .ഇവിടെയാണ് പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പ്രീ സ്‌കൂള്‍ സമ്പ്രദായത്തിന്റെ പ്രാധാന്യം .ജാതീയമായ വേര്‍തിരിവുകളുടെ സാമൂഹ്യവും വൈകാരികവുമായ മുറിവുകള്‍ ഇല്ലാതെ എല്ലാ ജാതിമതസ്ഥരായ കുഞ്ഞുങ്ങള്‍ക്കും ഒന്നിച്ചിരിക്കാനും കളിക്കാനും പഠിക്കാനും പറ്റിയ ഇടങ്ങളായി പ്രീ സ്‌കൂളുകളെ മാറ്റുന്ന പുത്തന്‍ പഠന പദ്ധതികള്‍ ശാസ്ത്രീയമായും ക്രീയാത്മകമായും പ്രായോഗികമായും രൂപപ്പെടുത്തി നടപ്പിലാക്കുന്ന പക്ഷം ഇന്ത്യയിടെ ജാതിബദ്ധജഡില സമൂഹത്തെ നമുക്ക് ജീവസുറ്റതാക്കി മാറ്റാവുന്നതാണ് .ചുരുങ്ങിയ പക്ഷം അത്തരമൊരു സാധ്യതയുടെ സാധ്യതയെ പറ്റിയെങ്കിലും നമുക്ക് സ്വപ്നം കാണാന്‍ പുതിയ വിദ്യാഭ്യാസ നയം നമ്മെ പ്രേരിപ്പിക്കുന്നു .

അമേരിക്കയില്‍ വര്‍ണ്ണവെറി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കറുത്തവംശജര്‍ക്ക് വെള്ളക്കാര്‍ക്കൊപ്പം പഠിക്കാനുള്ള നിയമം സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ അതിനെ നഖശിഖാന്തം വംശീയ വാദികളായ വെള്ളക്കാര്‍ എതിര്‍ക്കുകയാണ് ഉണ്ടായത് .അന്ന് ലൂസിയാന പ്രവിശ്യയിലെ ന്യൂ ഓര്‍ലിയാന്‍്‌സിലുള്ള വില്ല്യം ഫ്രാന്‍സ്. എലിമെന്ററി സ്‌കൂളിലേക്ക് പ്രവേശനം നേടിയ റൂബി ബ്രിഡ്ജസ് എന്ന കറുത്ത വംശജയായ പെണ്‍കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ് വെള്ളക്കാര്‍ തങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കുകയും തെരുവില്‍ ആ കുട്ടിക്കെതിരെ മനുഷ്യമതില്‍ തീര്‍ക്കുകയും ചെയ്തപ്പോള്‍ അവളുടെ രക്ഷയ്ക്കായി എത്തിയത് നിയമവും കോടതിയും പോലീസും ആയിരുന്നു .സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ എല്ലാ ജാതിക്കാര്‍ക്കും മതക്കാര്‍ക്കും ജീവിക്കാന്‍ പറ്റുന്ന തുല്യതയുടെ ഇടമാക്കി മാറ്റിയതും നിയമവും കോടതിയും പോലീസും നിയമവാഴ്ചയും തന്നെയാണ് .ഹത്രയിലെ പെണ്‍കുട്ടിയുടെ ദൈന്യത ഒരു നിത്യാനുഭവമായി ദലിത് ആദിവാസികള്‍ അനുഭവിക്കുന്ന പുത്തന്‍ ഇന്ത്യയില്‍ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പ്രീ സ്‌കൂള്‍ സംവിധാനം അത്ര നിഷ്‌കളങ്കമായി തള്ളിക്കളയേണ്ട ഒരു പരിഷ്‌കാരം അല്ലേയല്ല .സാംസ്‌കാരിക ദേശീയതയും ഭൂരിപക്ഷ മത മേധാവിത്വത്തില്‍ അധിഷ്ടിതമായ മത നിരപേക്ഷതയും ഉദാത്ത ലക്ഷ്യങ്ങളായി മുന്നോട്ടുവയ്ക്കുന്ന ഭരണവര്ഗ്ഗ നീതിബോധത്തിനകത്ത് ജാതിനശീകരണം എന്നത് ഒരു ഉപലക്ഷ്യമായി പോലും വരാന്‍ ഇടയുണ്ടാവില്ല എന്നിടത്താണ് പ്രീ സ്‌കൂള്‍ സംവിധാനമെന്ന ”കുഞ്ഞുങ്ങളെ പിടിക്കുക ”എന്ന ഫാസിസ്റ്റ് മസ്തിഷ്‌കപ്രക്ഷാളനഭീകരതയുടെ സാധ്യതകള്‍ ഇന്ത്യന്‍ മതേതര സങ്കല്പ്പങ്ങളുടെ മുകളില്‍ ഡെമോക്ലീസിന്റെ വാളായി തൂങ്ങി കിടക്കുന്നത് .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply