ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയെ സ്മരിക്കുമ്പോള്‍

ലിംഗഭേദവുമായി ബന്ധപ്പെട്ട ഡോക്ടര്‍ ലോഹ്യയുടെ പല നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തിനും വളരെയേറെ മുന്‍പിലായിരുന്നു. ഭരണത്തി ല്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന അദ്ദേഹത്തിന്റെ വാദം പഞ്ചായത്തിരാജ് സമ്പ്രദായത്തിലെ സംവരണം നടപ്പാക്കുന്നതിന് എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നു എന്നോര്‍ക്കുക. പൊതുജീവിതം, രാഷ്ട്രീയം, നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ആദര്‍ശം വീണ്ടെടുക്കുക എന്നതാണ് ഡോക്ടര്‍ ലോഹ്യയുടെ വിയോഗ വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ശ്രദ്ധാഞ്ജലി.

ഒക്ടോബര്‍ 12.കാലത്തിന് മുന്‍പേ നടന്ന, സാര്‍വ്വേദേശീയ സാമ്യവാദ പോരാളിയും രാഷ്ട്രീയ ദാര്‍ശനികനുമായ ഡോക്ടര്‍ റാം മനോഹര്‍ ലോഹ്യയുടെ വിയോഗത്തിന്റെ അന്‍പത്തിമൂന്ന് സംവത്സരങ്ങള്‍. ജീവിതത്തിലുടനീളം സാമൂഹ്യ സമത്വത്തിനായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ ഡോക്ടര്‍ ലോഹ്യയുടെ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുക്കളില്‍ ഒന്ന് സ്ത്രീ പുരുഷ സമത്വത്തിലധിഷ്ഠിതമായ ലിംഗനീതിയായിരുന്നു.അദ്ദേഹത്തിന്റെ സമകാലികരില്‍ ചിലര്‍ ലിംഗനീതിക്കെതിരായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തികൊണ്ട് വന്നപ്പോള്‍ എല്ലാ പ്രതീക്ഷകളും നല്‍കി കൊണ്ട് ലിംഗനീതി എന്ന വിഷയത്തില്‍ ശക്തമായി ഉറച്ചുനിന്ന് സോഷ്യലിസ്റ്റ് അജണ്ടയുടെ പുനര്‍നിര്‍വ്വചനത്തിനായി അദ്ദേഹം നില കൊണ്ടു.

ജാതിയുടേയും ലിംഗഭേദത്തിന്റെയും അടിസ്ഥാനത്തിലുള്ള വേര്‍തിരിവുകളെ വിവേചനത്തിന്റെ ഏറ്റവും മോശം രൂപമായി കണക്കാക്കിയ അദ്ദേഹം സമൂഹത്തില്‍ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ് സ്ത്രീകളെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. ലിംഗവിവേചനം ലോക ജനസംഖ്യയുടെ പകുതിയെ ബാധിക്കുന്നു, അത് ലോക വ്യാപകമാണ്.വര്‍ണ്ണം, ജാതി വര്‍ഗ്ഗം, സംസ്‌കാരം, രാജ്യം, നാഗരികത എന്നിവയുടെ പേരിലുള്ള അടിച്ചമര്‍ത്തലുകള്‍ വ്യക്തവും വ്യതിരിക്തവുമാണ്.വര്‍ഗ്ഗപരവും ജാതിയ വുമായ അടിച്ചമര്‍ത്തലുകള്‍ രാജ്യാന്തരമായി മാത്രമായിരിക്കാമെന്നും എന്നാല്‍ ലിംഗപരമായി സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന അടിച്ചമര്‍ത്തലുകള്‍ സര്‍വ്വവ്യാപിയാണെന്നും ഡോക്ടര്‍ ലോഹ്യ വാദിച്ചു.

ആധുനിക സമ്പദ്വ്യവസ്ഥയും വര്‍ഗ്ഗസമത്വവും ജാതി, ലിംഗ അസമത്വം ഇല്ലാതാക്കില്ലെന്ന് ലോഹ്യ അവകാശപ്പെട്ടു.വിവേചനത്തിന്റെ നിര്‍ദ്ദിഷ്ടവും സ്വയം ഭരണപരവുമായ രൂപങ്ങളാണ് അവയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവ രണ്ടിനേയും വ്യത്യസ്തവും സ്വതന്ത്രവുമായി അഭിമുഖീകരിക്കേണ്ടതാണെന്ന് വാദിച്ചു. എന്നിരുന്നാലും, അവയെ അദ്ദേഹം പൂര്‍ണ്ണമായും പ്രത്യേകമായി കണ്ടില്ല. ദാരിദ്ര്യത്തിനെതിരായ എല്ലാ യുദ്ധങ്ങളും തട്ടിപ്പാണ്,അതേ സമയം, ഈ രണ്ട് വിവേചനങ്ങള്‍ക്കെതിരായ യുദ്ധമാണ് ബോധപൂര്‍വ്വവും സുസ്ഥിരവുമായ യുദ്ധം,” അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും സോഷ്യലിസവും സമത്വത്തിനായുള്ള പോരാട്ടങ്ങളാണെങ്കില്‍, ലിംഗഭേദം അത്തരം അജണ്ടകളുടെ കാതലായിരിക്കണം.ലോകത്തില്‍ സാമൂഹ്യസമത്വം സാക്ഷാത്കരിക്കുന്നതിന് വേണ്ടി അദ്ദേഹം ആവിഷ്‌കരിച്ച ‘സപ്തവിപ്ലവങ്ങള്‍” ലിംഗസമത്വം, ജാതി, വര്‍ഗ സമത്വം, ദേശീയ വിപ്ലവം, സാമ്രാജ്യത്വത്തിന്റെ അന്ത്യം, വ്യക്തിഗത സ്വകാര്യതയുടെ സംരക്ഷണം എന്നിവയ്ക്ക് തുല്യമാണെന്ന് അദ്ദേഹം കരുതി. സ്ത്രീപുരുഷ വിവേചനം അവസാനിക്കുമ്പോള്‍ മാത്രമേ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന് യഥാര്‍ത്ഥ വിജയം കൈവരിക്കാനാകൂ എന്ന് ഡോക്ടര്‍ ലോഹ്യ വിശ്വസിച്ചു. ലിംഗവിവേചനത്തിനും ജാതിയമായ അസമത്വങ്ങള്‍ക്കും വര്‍ഗ്ഗപരമായ വിവേചനങ്ങള്‍ക്കുപരിയായ പ്രാധാന്യം നല്‍കാതിരുന്ന മറ്റ് സോഷ്യലിസ്റ്റുകളില്‍ നിന്നും മാര്‍ക്‌സിസ്റ്റുകളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നതിനും കാരണം ഇതായിരുന്നു.

ദൈനംദിന ജീവിതത്തില്‍ ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരവസ്ഥയെ വളരെ ഫലപ്രദമായി തന്നെ പ്രതിഫലിപ്പിച്ച ഡോക്ടര്‍ ലോഹ്യ അതിന്റെ ചില മാനങ്ങള്‍ എടുത്തുകാട്ടി. സ്ത്രീധന സമ്പ്രദായത്തോട് വെറുപ്പ് പ്രകടിപ്പിച്ച അദ്ദേഹം, സ്ത്രീകള്‍ക്ക് ശരിയായ വിദ്യാഭ്യാസം നിഷേധിക്കുന്നതിലേക്ക് നയിക്കുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടി.വിദ്യാസമ്പന്നരായ വധുക്കള്‍ക്ക് അനുയോജ്യരായ തുല്യ വിദ്യാഭ്യാസ യോഗ്യതകളുള്ള വരന്മാരെ ലഭിക്കുന്നതിന് കൂടുതല്‍ സ്ത്രീധനം നല്‍കേണ്ടതുണ്ട്.ഗ്രാമീണ ഇന്ത്യയില്‍ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന പ്രധാന പ്രതിബന്ധങ്ങളില്‍ ഒന്നായി ഇതിനെ അദ്ദേഹം തിരിച്ചറിഞ്ഞു. അതിരു കടന്ന ആര്‍ഭാടത്തോടെയുള്ള വിവാഹങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. അവ അശ്ലീലവും വധുക്കളുടെ മാതാപിതാക്കള്‍ക്ക് ഭാരവുമാണെന്ന് കരുതിയ അദ്ദേഹം ഇത് ആണ്‍കുട്ടികള്‍ക്ക് മുന്തിയ പരിഗണനന ലഭിക്കുന്നതിന് ഇട നല്‍കുമെന്ന് അവകാശപ്പെട്ടു. ഇന്നും സ്ത്രീ സന്താനങ്ങളെ ശാപമായി കരുതുന്ന, അതിന്റെ പേരില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭ്രൂണഹത്യകളും വിവാഹ മോചനങ്ങളും പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിക്കലും അനുസ്യുതം തുടരുമ്പോള്‍ ഡോക്ടര്‍ ലോഹ്യയുടെ കാലാതീതമായ ദാര്‍ശനീകത്വത്തിന് മുന്‍പില്‍ അറിയാതെ നാം ശിരസ്സ് നമിച്ചു പോകുന്നു.

മാതാപിതാക്കളും ബന്ധുക്കളും കൂടി ആലോചിച്ചു ഉറപ്പിക്കുന്ന പരമ്പരാഗത രീതിയിലുള്ള വിവാഹ സങ്കല്പത്തിനോടും ഡോക്ടര്‍ ലോഹ്യക്ക് അനുകൂല മനോഭാവമായിരുന്നില്ല.മകനെയോ മകളെയോ വിവാഹം കഴിച്ചയക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് വിശ്വസിച്ച അദ്ദേഹം മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും ആരോഗ്യവും നല്‍കുന്നതിലൂടെ അവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നതായും പ്രായപൂര്‍ത്തിയായവര്‍ അവരുടെ വ്യക്തിഗതമായ ഇഷ്ട്ടങ്ങള്‍ക്കും പരിഗണനകള്‍ക്കും അനുസൃതമായി പങ്കാളികളെ സ്വയം തിരഞ്ഞെടുക്കേണ്ടതാണെന്നും വിശ്വസിച്ചു.മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും ഇഷ്ടത്തിനും ബാഹ്യതാല്‍പ്പര്യ ങ്ങള്‍ക്കും വഴങ്ങി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഇഷ്ട്ടമില്ലാത്ത വൈവാഹീക ബന്ധങ്ങളില്‍ ഏര്‍പ്പെടേണ്ടി വരുന്നതിന്റെ ഫലമായി വര്‍ദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങളുടെ നിരക്കും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചകളും സാധാരണ സംഭവങ്ങളാകുന്ന സമൂഹത്തില്‍ ഡോക്ടര്‍ ലോഹ്യയുടെ ചിന്തകള്‍ എത്രമാത്രം കാലാതീതമായിരുന്നു എന്ന് ചിന്തിപ്പിക്കുവാന്‍ നമ്മെ േ്രപരിപ്പിക്കുന്നു.

ലോഹ്യന്‍ കാഴ്ചപ്പാടിലൂടെയുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഫലങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്ന വയാണ്.ഉദാഹരണത്തിന്, ഉത്തരേന്ത്യയില്‍ നവവ ധൂവരന്മാരെ സ്വീകരിക്കുമ്പോള്‍ പുരുഷന്മാരെ ‘ആയുഷ്മാന്‍ഭവ’ എന്നും സ്ത്രീകളെ ‘ദീര്‍ഘസുമംഗലീ ഭവ’എന്നുമാണ് സംബോധന ചെയ്യുന്നത്.ഇതിന്റെ പിന്നിലെ ലിംഗവിവേചനത്തെ നാം കാണാതെ പോകുന്നു. ഒരര്‍ത്ഥത്തില്‍ രണ്ട് സംബോധനകളിലൂടെയും ലക്ഷ്യം വെക്കുന്നത് പുരുഷന്റെ ക്ഷേമത്തേയാണ്, ദീര്‍ഘായുസ്സിനെയാണ്. വൈധവ്യമെന്ന സ്ത്രീകള്‍ക്ക് മാത്രമായി നേരിടേണ്ടി വരുന്ന ദുഃഖപൂര്‍ണ്ണമായ അവസ്ഥയെ എത്രമാത്രം അവജ്ഞയോടെ അശുഭകരമായിട്ടാണ് സമൂഹം കാണുന്നത് എന്ന് നോക്കുക.പുരുഷന് ദീര്‍ഘായുസ്സ് നേരുന്ന സമൂഹം സ്ത്രീക്ക് നേരുന്നതും ഒരര്‍ത്ഥത്തില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് തന്നെയല്ലെ.വൈധവ്യത്തിന് അവളുടെ ആയുസ്സിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന സമൂഹം പക്ഷെ പുരുഷന്റെ വിഭാര്യനെന്ന അവസ്ഥയെ കണക്കിലെടുക്കുന്നതേയില്ല.ഇത് ഒരു തരത്തില്‍ സ്ത്രീക്കെതിരായ പ്രകടമായ വിവേചനമല്ലേയെന്നാണ് ലോഹ്യ ദര്‍ശനങ്ങളുടെ കാഴ്ചപ്പാടിലൂടെയുള്ള നിരീക്ഷണങ്ങള്‍ നമ്മൂടെ ചോദിക്കുന്നത്.നമ്മുടെയൊക്കെ നിത്യജീവിതത്തില്‍ ആചാരങ്ങളിലും പെരുമാറ്റങ്ങളിലുമായി പ്രകടമായ ലിംഗവിവേചനം ദൃശ്യമാകുന്ന സാമാനമായ അനേകം പൊരുത്തക്കേടുകള്‍ ദൃശ്യമാകുന്നുണ്ട്.

സമൂഹത്തില്‍ വിധവകള്‍ക്കും അവിവാഹിതരായി കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്കും നേരിടേണ്ടി വരുന്ന അപമാനങ്ങളെ കുറിച്ചും ആശങ്കാകുലനായിരു ന്ന അദ്ദേഹം വിധവകളോട് ചില സമൂഹങ്ങള്‍ കല്പിക്കുന്ന കളങ്കത്തെക്കുറിച്ചും സംസാരിച്ചിരുന്നു .ഇന്നും പല സമൂഹങ്ങളിലും വിധവകളെ അപശകുനമായി കണ്ട് വീട്ടിലും നാട്ടിലും മംഗള കര്‍മ്മ നടക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ സാന്നിധ്യം പോലും ഒഴിവാക്കുന്ന പ്രവണതയുണ്ട്. കൊല്‍ക്കത്തയിലെ കാളിഘട്ട്, ഉത്തര്‍പ്രദേശിലെ വൃന്ദാവന്‍ തുടങ്ങി ഉത്തരേന്ത്യയിലെ ഒട്ടനേകം ക്ഷേത്രങ്ങളില്‍ കാണുന്ന ശുഭ്രവസ്ത്രധാരികളായ മുതിര്‍ന്ന സ്ത്രീകളുടെ കൂട്ടങ്ങള്‍ അകാലത്തില്‍ നേരിടേണ്ടി വന്ന വൈധവ്യത്തിന്റെ ഫലമായി കുടുംബങ്ങളില്‍ നിന്നും നിര്‍ദ്ദാക്ഷിണ്യം നടതള്ളപ്പെട്ടവരാണ്. പലപ്പോഴും പിന്നോക്കമെന്ന് കരുതപ്പെടുന്ന ജാതിസമൂഹങ്ങളില്‍ വിധവകളോട് ഉയര്‍ന്നതെന്ന് പറയപ്പെടുന്ന ജാതി സമൂഹങ്ങളിലെപ്പോലെ നിഷ്‌കരുണമായ പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. സാമൂഹികമായി നിര്‍വ്വചിക്കപ്പെട്ട പങ്ക് നിര്‍വ്വഹിക്കുവാന്‍ സ്ത്രീകളെ അനുവദിക്കുന്നതില്‍ നിന്നും വിരുദ്ധമായി സ്ത്രീകളെ അടുക്കളയില്‍ തളച്ചിട്ട് മറ്റുള്ളവര്‍ക്കായി വെള്ളവും വിറകും ശേഖരിക്കുന്നവരായി ഒതുക്കുന്നതിനെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തിരുന്നു. കുടുംബത്തിലെ മറ്റുള്ളവര്‍ക്കെല്ലാം വെച്ചു വിളമ്പിയ ശേഷം മാത്രമേ സ്ത്രീകള്‍ ഭക്ഷണം കഴിക്കാവു എന്ന കല്പനയെ അദ്ദേഹം എതിര്‍ത്തു. ഇത് മൂലം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങളിലെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കും മതിയായ അളവില്‍ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. ദരിദ്ര കുടുംബങ്ങളില്‍ സ്ത്രീകള്‍ക്ക് കഷ്ടതകള്‍ വളരെ കൂടുതലായിരുന്നു, അവിടെ ഭക്ഷണവും കുറവായിരിക്കും. യാത്രാവേളകളില്‍ വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭക്ഷണ സമയത്ത് കുടുംബാംഗങ്ങളായ സ്ത്രീകളും മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കാന്‍ ഇരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചിരുന്നു .ചി ല സമയങ്ങളില്‍, കുടുംബത്തിന് ആവശ്യമായ ഭക്ഷണം ഉണ്ടോ എന്ന് അദ്ദേഹം അടുക്കളയില്‍ പോയി നോക്കുക പോലുമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്.ഇന്നും നമ്മുടെ സമൂഹത്തില്‍ സാമ്പത്തികമായി താഴെക്കിടയിലുള്ള കുടുംബങ്ങളില്‍, വിശിഷ്യാ ശാരീരിക അദ്ധ്വാനം കുടുംബത്തിന്റെ പ്രധാന വരുമാന േ്രസാതസ്സായ കുടുംബങ്ങളില്‍ വിശിഷ്ടവും സ്വാദിഷ്ട്ടവും പോഷകാഹാര മൂല്യമുള്ളതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി നിലനില്‍ക്കുന്നുണ്ട് എന്നോര്‍ക്കുക.

മറ്റൊന്നാണ് ഗ്രാമീണ സ്ത്രീകളുടെ സാമ്പത്തികാവസ്ഥ. എന്തിനും ഏതിനും കുടുംബത്തിലെ പുരുഷന്മാരെ ആശ്രയിക്കേണ്ടി വരുന്ന അവരുടെ അവസ്ഥ പരിതാപകരമാണ്.ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിരക്ഷരരായ ഗ്രാമീണ സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന കാര്‍ഷിക മേഖലയില്‍ പല കാരണങ്ങളാല്‍ സംഭവിക്കുന്ന തൊഴിലവസര നഷ്ടത്തിന്റെ ഫലമായി സംഭവിക്കുന്ന വരുമാന നഷ്ട്ടം. ഉപകാരപ്രദമല്ലാതെ പോകുന്ന അവരുടെ കര്‍മ്മശേഷി രാഷ്ട്രപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുക അതോടൊപ്പം അവര്‍ക്കൊരു വരുമാനമാര്‍ഗ്ഗം തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡോക്ടര്‍ ലോഹ്യയുടെ മനസ്സില്‍ വിരിഞ്ഞതാണ് ‘ഭൂസേന’യെന്ന ആശയം. അതിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്ന, ലോഹ്യ ശിഷ്യനായിരുന്ന ഡോക്ടര്‍ രഘുവംശ പ്രസാദ് സിംഗിന്റെ മുന്‍കൈയില്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

1963ല്‍ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ലോക്‌സഭ നിയോജകമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ലോകസഭയിലെ തന്റെ കന്നിപ്രസംഗത്തില്‍ ഉന്നയിച്ച പ്രധാനപ്പെട്ട വിഷയം ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകള്‍ അനുഭവിക്കുന്ന ശൗചാലയ സൗകര്യത്തിന്റെ അഭാവത്തെക്കുറിച്ചായിരുന്നു.അന്ന്, അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ഭരണകക്ഷിയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ താങ്കളെ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഈ കക്കൂസ് കാര്യം പറയാനാണോ എന്ന് പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപി ക്കുകയാണ് ഉണ്ടായത്.അര നൂറ്റാണ്ടിനു ശേഷം മാ ത്രമാണ് ഇന്ത്യയിലെ ഒരു ഭരണകൂടത്തിനും അതി നു നേതൃത്വം നല്‍കുന്ന ഒരു പ്രധാനമന്ത്രിക്കും ഈ വിഷയത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കുവാനും അനുഭവപ്പെടാനും ഇടയായതും അതിന്റെ അടിസ്ഥാനത്തില്‍ പ്രധാന വിഷയമായി ഇത് സ്വീ രിക്കുവാന്‍ ഇടയായതും ഭരണതുടര്‍ച്ച നേടാന്‍ സാധിച്ചതും.രണ്ടാം പ്രാവശ്യം ഭരണത്തിലേറാന്‍ തങ്ങളെ സഹായിച്ച മുഖ്യമായ രണ്ട് വിഷയങ്ങളിലൊന്ന് ശൗചാലയ നിര്‍മ്മാണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭരണ കക്ഷിയായ ബിജെപിയും സമ്മതിച്ചത് ഓര്‍ക്കുക.

‘ചര്‍മ്മത്തിന്റെ സ്വേച്ഛാധിപത്യ”ത്തെക്കുറിച്ചും സമൂഹത്തിന് ധവള ചര്‍മ്മത്തോടുള്ള അഭിനിവേശത്തെക്കുറിച്ചും ഡോക്ടര്‍ ലോഹ്യ വിശദമായി എഴുതി. സൗന്ദര്യത്തെ വെളുത്ത ചര്‍മ്മവുമായി തുലനം ചെയ്യുന്നത് വിവേചനപരമാണെന്നും, ഇരുണ്ട ചര്‍മ്മമുള്ള സ്ത്രീകള്‍ അവരുടെ കുടുംബത്തിനുള്ളില്‍ സാമൂഹികകളങ്കത്തിനും അവഗണനയ്ക്കും മോശമായ പെരുമാറ്റത്തിനും ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെളുത്ത സാമ്രാജ്യത്വത്തിന്റെ കോളനിവല്‍ക്കരണമാണ് വെള്ളചര്‍മ്മത്തിന് പ്രത്യേക പരിഗണന നല്‍കുന്ന സംസ്‌കാരത്തിന് കാരണമായി മാറിയാതെന്ന് അദ്ദേഹം വാദിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ലോകം ഭരിച്ചിരുന്നുവെങ്കില്‍ സ്ത്രീ സൗന്ദ ര്യത്തിന്റെ നിലവാരം വ്യത്യസ്തമാകുമായിരുന്നുവെന്ന് ഡോക്ടര്‍ ലോഹ്യ വാദിച്ചു.സോപ്പുകള്‍, ക്രീമുകള്‍, ലോഷനുകള്‍, മറ്റ് സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിലൂടെ ഈ ”സ്വേച്ഛാധിപത്യത്തെ” ശക്തിപ്പെടുത്തുന്ന വിപണിയെ അദ്ദേഹം വിമര്‍ശിച്ചു.

ലിംഗസമത്വം സ്ഥാപിക്കുന്നതിന്, തുല്യ അവസരങ്ങളല്ല, മുന്‍ഗണനാ പരിഗണനയാണ് ആവശ്യമെന്ന് അദ്ദേഹം വാദിച്ചു. അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ തുല്യ പരിഗണന നിലവിലുള്ള അസമത്വങ്ങള്‍ ശാശ്വതമാക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ വനിതാ സംവരണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ് പോലും ഡോക്ടര്‍ ലോഹ്യയായിരുന്നു. തന്റെ ജീവിതകാലത്ത് വളരെ വളരെ മുന്‍കൂട്ടി തന്നെ സര്‍ക്കാര്‍ ജോലികളിലും ഉന്നത പഠന സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ശ്വവത്കരിക്കപ്പെട്ട പിന്നോക്ക ജാതികളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 60% സംവരണം നല്‍കണമെന്ന് അദ്ദേഹം വാദിച്ചു. ജനസംഖ്യയുടെ 90% ആണെ ങ്കിലും, പിന്നോക്ക വിഭാഗങ്ങള്‍ ഒരു മേഖലയിലും 5 മുതല്‍ 10% വരെ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നില്ല.സ്ത്രീകളുടെ ഊര്‍ജ്ജവും കാര്യശേഷിയും ഉപയോഗിച്ചുകൊണ്ട് മാത്രമേ രാഷ്ട്രത്തിന് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയൂ, അദ്ദേഹം വിശ്വസിച്ചു.’ രാജ്യത്തിന്റെ ധാര്‍മ്മികമായ ക്ഷേമത്തിന്റെ മാനദണ്ഡം അതിലെ സ്ത്രീകളാണ്, ഒപ്പം അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവയിലെ സ്ത്രീകളും’ അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിന്റെയെല്ലാം പ്രായോഗിക നടപടി എന്ന നിലയില്‍ 1952 ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ആരംഭം കുറിച്ച ഡോക്ടര്‍ ലോഹ്യ പാര്‍ട്ടിക്കുള്ളില്‍ തന്നെ അതിന് തുടക്കം കുറിച്ചു. അംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതാക്കള്‍ എന്നീ നിലകളില്‍ കൂടുതല്‍ സ്ത്രീകളുടെ പങ്കാളിത്തത്തിനായി അദ്ദേഹം വാദിച്ചു കൊണ്ട് സജീവരാഷ്ട്രീയത്തില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തത്തിന്റെ ആവശ്യകതക്ക് അടിവരയിട്ടു. രാഷ്ട്രീയത്തില്‍ വര്‍ധിച്ച തോതിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം രാഷ്ട്രീയത്തിലെ അക്രമവാസനകള്‍ക്ക് ശമനമുണ്ടാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. പുരുഷന്മാരേക്കാള്‍ സിവില്‍ അവകാശ ധ്വംസനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പിന്റെ പ്രതിബദ്ധത കൂടുതല്‍ സ്ത്രീകള്‍ക്കാണ് എന്ന് അദ്ദേഹം കരുതി.

ലിംഗഭേദവുമായി ബന്ധപ്പെട്ട ഡോക്ടര്‍ ലോഹ്യയുടെ പല നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കാലഘട്ടത്തിനും വളരെയേറെ മുന്‍പിലായിരുന്നു. ഭരണത്തി ല്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന അദ്ദേഹത്തിന്റെ വാദം പഞ്ചായത്തിരാജ് സമ്പ്രദായത്തിലെ സംവരണം നടപ്പാക്കുന്നതിന് എത്രയോ ദശാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നു എന്നോര്‍ക്കുക. പൊതുജീവിതം, രാഷ്ട്രീയം, നിസ്സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ആദര്‍ശം വീണ്ടെടുക്കുക എന്നതാണ് ഡോക്ടര്‍ ലോഹ്യയുടെ വിയോഗ വാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും നല്ല ശ്രദ്ധാഞ്ജലി.

(സമാജ് വാദി ജനത പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply