ഗാഡ്ഗിലിന്റെ ജാതി തിരയേണ്ടതുണ്ടോ?

സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാറും, പാര്‍ട്ടിയും നിയോഗിച്ച സൈബര്‍ തൊഴിലാളികള്‍ ഗാഡ്ഗിലിന് മഹാരാഷ്ട്ര ബ്രാഹ്മണ പട്ടവും, സംഘിപട്ടവും ചാര്‍ത്തി നല്‍കുന്നതാണ് അവസാനമായി കാണുന്നത്. ഇത് ആരെയാണ് സഹായിക്കുക എന്ന രാഷ്ട്രീയ ചോദ്യം മനസ്സിലാക്കാനുള്ള വിവേകവും ആശയപരമായ ത്രാണിയും ഈ വൈതാളികര്‍ക്കില്ലാതെ പോകുന്നു. രാഷ്ട്രീയമായി പരാജയപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു ശത്രുവിനെ സൃഷ്ടിച്ച് അടിച്ചു കൊല്ലുക എന്ന വിധ്വംസക രാഷ്ട്രീയവും ഇവര്‍ കയ്യാളുന്നു. പണത്തിനു വേണ്ടിയോ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ വിടുപണി ചെയ്യുന്ന അവരോട് രാഷ്ട്രീയ ചോദ്യം ചോദിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ ഇപ്രകാരമുള്ള ആരോപണങ്ങള്‍ സൈബര്‍ പോരാളികള്‍ ഉന്നയിക്കുന്ന പശ്ചാത്തലമെന്താണെന്നതാണ് മനസ്സിലാക്കേണ്ടത്.

2011 ല്‍ ആണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ നിശ്ചയിക്കപ്പെട്ട പ്രൊഫ.മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്നും അതില്‍ പിന്നെയും അദ്ദേഹം പശ്ചിമഘട്ടത്തിനും അതുവഴി കേരളത്തിനും സംഭവിക്കാന്‍ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ചിലര്‍ അതിനെ പ്രവചനം എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ശാസ്ത്ര വിജ്ഞാനത്തിന്റെയും അനുഭവത്തിന്റെയും അടിത്തറയില്‍ നിന്നു പറഞ്ഞ കാര്യങ്ങളാണ്.

റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് കേരളത്തില്‍ മലയോര ജനതയെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ തിരിക്കാനുള്ള നീക്കങ്ങള്‍ സംഘടിതമായി നടന്നത്. അതിന്റെ ഭാഗമായി ഗാഡ്ഗിലിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ പടച്ചുണ്ടാക്കി. അദ്ദേഹത്തിനെതിരെ നിരത്തിയ കള്ള ആരോപണങ്ങള്‍ ശ്രദ്ധിക്കുക:

1) അന്താരാഷ്ട്ര സംഘങ്ങളുടെ ഏജന്റായി നിന്ന് കേരളത്തിന്റേയും മലയോര ജനതയുടേയും വികസനം തടസ്സപ്പെടുത്തുന്നു.

2) ശീതീകരിച്ച മുറിയിലിരുന്ന് നഗര പരിസ്ഥിതിവാദിയായ ഗാഡ്ഗില്‍ കര്‍ഷകര്‍ക്കും സാധാരണ ജനങ്ങള്‍ക്കുമെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു.

3) പശ്ചിമഘട്ടത്തെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ വേണ്ടിയാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയത്…

തുടങ്ങിയവയായിരുന്നു പ്രധാന ആരോപണങ്ങള്‍.

എന്നാല്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളും അതില്‍ അന്തര്‍ലീനമായിട്ടുള്ള തത്വവും സമീപന രീതിയും പുറത്തു വന്നപ്പോള്‍ മലയോര ജനതയുടേതുള്‍പ്പെടെയുള്ളവരുടെ ശത്രുത ഇല്ലാതാകുകയും ജനങ്ങള്‍ ഗാഡ്ഗിലിന്റെ ശാസ്ത്ര ബോധത്തേയും സത്യസന്ധതയെ കുറിച്ചും കൂടുതലായി സംസാരിക്കുവാനും തുടങ്ങി. ഗാഡ്ഗിലിനെതിരെ നിര്‍മ്മാണലോബിയും സര്‍ക്കാറുകളും ഉദേ്യാഗസ്ഥമേധാവിത്വവും ഉയര്‍ത്തിക്കൊണ്ടു വന്ന ഇല്ലാക്കഥകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത് 2018ലെ വ്യാപകമായ മലയിടിച്ചിലിലും പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലുമായിരുന്നു. അതിവൃഷ്ടി മാത്രമാണ് അന്നത്തെ ദുരന്തങ്ങള്‍ക്ക് കാരണമെന്ന ഔദ്യോഗിക ഭാഷ്യം ജനങ്ങള്‍ വിശ്വസിച്ചില്ല. പശ്ചിമഘട്ടത്തിന്റെ അതിലോലമായ ഇടങ്ങളില്‍ പോലുമുള്ള ക്വാറികളും ഭൂവിനിയോഗരീതികളും പ്രകൃതിദുരന്തത്തിനു കാരണങ്ങളായെന്നുമുള്ള പഠനങ്ങള്‍ പുറത്തു വരികയും ചെയ്തു. എന്നിട്ടും വെള്ളപൊക്കത്തെ ചാലുകളും തോടുകളും ഉണ്ടാക്കി എങ്ങനെ കൈകാര്യം ചെയ്യാമെന്ന ഒറ്റ അജണ്ടക്കു ചുറ്റുമാണ് സര്‍ക്കാര്‍ ഇപ്പോഴും കറങ്ങുന്നത്.

2018ലേയും 2019ലേയും പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ നിര്‍മ്മാണ നയങ്ങള്‍ വലിയ രീതിയില്‍ തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. അതിനു ശേഷവും കരിങ്കല്‍ കൂനകള്‍ക്ക് മുകളില്‍ പടുത്തുയര്‍ത്തുന്ന, അനാവശ്യമായ ഒന്നെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും പറഞ്ഞ കെ.റെയില്‍, കുന്നും മലകളും കുഴിച്ചും, കടല്‍ വെള്ളം കടത്തിയും ഉണ്ടാക്കുന്ന കൃത്രിമ ജലപാത, പശ്ചിമഘട്ട മലകള്‍ തുരന്നുള്ള തുരങ്ക പാത തുടങ്ങിയ കൂടുതല്‍ ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്ന പദ്ധതികളുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. കേരള സര്‍ക്കാറും സി.പി.എം ഉം ഇക്കാര്യത്തില്‍ ജനങ്ങളില്‍ നിന്ന് വലിയ പ്രതിരോധം തന്നെ നേരിടുന്നുണ്ട്. ക്വാറികളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 2018ലും 2019ലും ദുരന്തങ്ങള്‍ ഉണ്ടായതിനു ശേഷവും പിണറായി സര്‍ക്കാര്‍ 50 മീറ്ററാക്കി കുറയ്ക്കുക മാത്രമല്ല ഗ്രീന്‍ ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതി വരെ കേസ്സിനു പോകുകയും ചെയ്തു. ജനങ്ങളുടെ സുരക്ഷിതത്വത്തിനുപരി സര്‍ക്കാറിനെ നയിക്കുന്നത് കോര്‍പ്പറേറ്റ് മൂലധന താല്‍പര്യവും, നിര്‍മ്മാണലോബികളുമാണെന്ന് എല്ലാവര്‍ക്കും ഏറെക്കുറെ ബോധ്യപ്പെടുകയും ചെയ്തു. ഇതും സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടയാക്കിയിട്ടുണ്ട്. തങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയും, കോര്‍പ്പറേറ്റ് ദാസ്യവും പിടിക്കപ്പെട്ടപ്പോള്‍ അതില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമമെന്ന നിലയ്ക്കാണ് ഇപ്പോള്‍ ഗാഡ്ഗിലിന്റെ ജാതിപോലും തിരയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാറും, പാര്‍ട്ടിയും നിയോഗിച്ച സൈബര്‍ തൊഴിലാളികള്‍ ഗാഡ്ഗിലിന് മഹാരാഷ്ട്ര ബ്രാഹ്മണ പട്ടവും, സംഘിപട്ടവും ചാര്‍ത്തി നല്‍കുന്നതാണ് അവസാനമായി കാണുന്നത്. ഇത് ആരെയാണ് സഹായിക്കുക എന്ന രാഷ്ട്രീയ ചോദ്യം മനസ്സിലാക്കാനുള്ള വിവേകവും ആശയപരമായ ത്രാണിയും ഈ വൈതാളികര്‍ക്കില്ലാതെ പോകുന്നു. രാഷ്ട്രീയമായി പരാജയപ്പെടുമ്പോള്‍ ഏതെങ്കിലും ഒരു ശത്രുവിനെ സൃഷ്ടിച്ച് അടിച്ചു കൊല്ലുക എന്ന വിധ്വംസക രാഷ്ട്രീയവും ഇവര്‍ കയ്യാളുന്നു. പണത്തിനു വേണ്ടിയോ, സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ വിടുപണി ചെയ്യുന്ന അവരോട് രാഷ്ട്രീയ ചോദ്യം ചോദിക്കുന്നതില്‍ കാര്യമില്ല. എന്നാല്‍ ഇപ്രകാരമുള്ള ആരോപണങ്ങള്‍ സൈബര്‍ പോരാളികള്‍ ഉന്നയിക്കുന്ന പശ്ചാത്തലമെന്താണെന്നതാണ് മനസ്സിലാക്കേണ്ടത്.

കേരളം പൊതുവെ സംഘപരിവാര പ്രത്യയശാസ്ത്രത്തെ നിരാകരിക്കുന്നവരാണ്. അതിനെ പ്രതിരോധിക്കാനുള്ള ഏക ശക്തി തങ്ങളാണെന്ന് കുറച്ചു കാലമായി സി.പി.എം. പറഞ്ഞു പോരുന്നുമുണ്ട്. കച്ചിത്തുരുമ്പില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരോട് ഈ ദ്വന്ദ്വത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് ആരെന്ന ചോദ്യമുന്നയിച്ചിട്ടു കാര്യമില്ല. ജാതി പറഞ്ഞ് ഗാഡ്ഗിലിനെ അസ്പൃശ്യനാക്കാം എന്നാണ് അവര്‍ വിചാരിക്കുന്നത്. ജാതിയുടെ ഭാഷയെ പാടെ നിരാകരിക്കാന്‍ ശ്രമിച്ചവരായിരുന്നു സി.പിഎം. ഇന്ത്യയിലെ സവര്‍ണ്ണ അവര്‍ണ്ണ സംഘര്‍ഷങ്ങളെ അവര്‍ ഒരു കാലത്തും പരിഗണിച്ചിട്ടില്ല. അവര്‍ പരിഗണിച്ചാലും ഇല്ലെങ്കിലും തല മണലില്‍ പൂഴ്ത്തിക്കിടന്നാല്‍ ചരിത്രം ഇല്ലാതാകുന്നില്ലല്ലോ? ഇന്ത്യയില്‍ ദലിത്, ബ്രാഹ്മണിക വിരുദ്ധമുന്നേറ്റങ്ങള്‍ ശക്തി പ്രാപിച്ചു വരുന്നതിനെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല . പിന്നെ സ്വാര്‍ത്ഥ താത്പര്യത്തെ മുന്‍നിര്‍ത്തി ആ സമവാക്യം എങ്ങിനെ ഉപയോഗിക്കാം, വികൃതമായിട്ടെങ്കിലും എന്നുള്ള അന്വേഷണത്തില്‍ നിന്നാകണം ഗാഡ്ഗിലിന് ബ്രാഹ്മണിസ്റ്റ് പട്ടം ചാര്‍ത്തുന്നത്.

ഗാഡ്ഗിലിനെ കൂടുതല്‍ അറിയുമ്പോള്‍ ഇതും ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ്. മാധവ് ഗാഡ്ഗിലിനെ ഒരു അക്കാദമിക് പരിസ്ഥിതി പണ്ഡിതന്‍ എന്ന നിലയിലെ പലരും ഇതുവരെ അറിഞ്ഞിട്ടുള്ളൂ. അതിനപ്പുറത്തുള്ള അദ്ദേഹത്തിന്റെ സാമൂഹ്യ രാഷ്ടീയ വീക്ഷണങ്ങള്‍ പുറത്തു വരുന്നതുവരെ തരം താണ വാചക കേളികളില്‍ ഇക്കൂട്ടര്‍ അഭിരമിക്കട്ടെ. വിശ്വസിക്കുന്നവര്‍ക്ക് വേണമെങ്കില്‍ വിശ്വസിക്കാം. ഗാഡ്ഗില്‍ ജാതി വ്യവസ്ഥക്കെതിരെ രാഷ്ട്രീയ നിലപാടെടുത്തിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ പിതാവ് ഡോ.അംബേദ്കറുടെ സാമൂഹിക നീതിക്കായുള്ള പ്രവര്‍ത്തനത്തോടൊപ്പം നിന്നയാളും, അടുത്ത സൗഹൃദവലയത്തിലുണ്ടായിരുന്നയാളുമായിയിരുന്നു. അംബേദ്കര്‍ തുടങ്ങിവെച്ച ബുദ്ധമത പ്രചാരണം അദ്ദേഹത്തിന്റെ മരണശേഷം ഏറ്റെടുത്തു നടത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്ന് കണ്ട് ശ്രീലങ്കയില്‍ നിന്നും മറ്റുമായി ബുദ്ധമതപണ്ഡിതരെ വരുത്തി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ബുദ്ധമത ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ് മാധവ് ഗാഡ്ഗിലിന്റെ പിതാവ്. അത്തരമൊരു യാഥാസ്ഥിതിക വിരുദ്ധ കുടുംബാന്തരീക്ഷത്തിലാണ് ഗാഡ്ഗില്‍ വളര്‍ന്നത്. ജാതിയെ നിരാകരിക്കുന്ന മഹാത്മാ ഫൂലേ തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു പോന്ന സംഘങ്ങളിലെ ഒരു അംഗമായിരുന്നു അദ്ദേഹത്തിന്റെ അമ്മ.

ഗാന്ധിയന്‍ സാമൂഹിക സാമ്പത്തിക ചിന്തകളെ പിന്‍പറ്റിയ ജനകീയനായ പരിസ്ഥിതി ശാസ്ത്രജ്ഞനെന്ന നിലയില്‍, ഗ്രാമസമൂഹങ്ങളാണ് പ്രകൃതി വിഭവങ്ങളുടെ അധിപരെന്നും, അവ അവര്‍ക്ക് വിട്ടുകൊടുക്കണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. തദ്ദേശീയരാണ് തങ്ങളുടെ പ്രദേശത്തെ വികസനവും വിഭവ ഉപയോഗവും തീരുമാനിക്കേണ്ടത് എന്ന ഉറച്ച നിലപാട് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും കാണാം. നഗരപരിസ്ഥിതിവാദികള്‍ക്ക് ഗാഡ്ഗിലിനെ അനഭിമതനാക്കിയേക്കാവുന്ന ഒരു കാര്യം കൂടി പറയാം. വനം വകുപ്പിന് വനത്തിനു മേല്‍ കുത്തകാധികാരം ലഭിച്ചതു മുതല്‍ക്കാണ് കാടുകള്‍ ഇല്ലാതായതെന്നും, കാടുകളെ പരിപാലിച്ചു വന്നിരുന്ന ജനതയെ കാടുകളില്‍ നിന്നും ഇറക്കി വിട്ടതാണ് കാട് നശിക്കാന്‍ കാരണമെന്നും വാദിക്കുന്നയാളാണ് ഗാഡ്ഗില്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വന്യമൃഗശല്യം നേരിടുന്ന കര്‍ഷകരേയും ജനങ്ങളേയും അവരുടെ കാര്‍ഷിക വിളകളേയും ജീവനേയും അപകടത്തിലാക്കുന്ന വന്യമൃഗങ്ങള്‍ക്കുനേരെ സ്വയം പ്രതിരോധത്തിന് അനുവദിക്കാത്ത വന്യ ജീവി സംരക്ഷണ നിയമം റദ്ദ് ചെയ്യണമെന്നും, കാട്ടുപന്നിയെ പോലുള്ള കൃഷിനാശമുണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊന്ന് മാംസം ഉപയോഗിക്കാന്‍ കര്‍ഷകര്‍ക്കും തദ്ദേശീയ ജനങ്ങള്‍ക്കും അനുവാദം നല്‍കണമെന്നും മാധവ് ഗാഡ്ഗില്‍ പറയുന്നു. ഗോത്ര വിഭാഗങ്ങള്‍ക്ക് അവരുടെ പാരമ്പര്യമായ നായാട്ട് തുടരാനും ഭക്ഷ്യയോഗ്യമായവയെ ഭക്ഷിക്കാനും സ്വാതന്ത്ര്യമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. കൊളോണിയല്‍ വികസനം എങ്ങിനെയാണ് ജാതി വ്യവസ്ഥയെ ദൃഢമാക്കുന്നതെന്നതിനെ കുറിച്ച് അദ്ദേഹത്തിന്റെ പഠനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും കൊളോണിയല്‍ വികസനത്തിന്റെ ചൂട്ടു പിടിക്കുന്നവരും, സവര്‍ണ സംവരണം നടപ്പാക്കി ബ്രാഹ്മണിക ജാതിവ്യവസ്ഥയെ പോറലേല്‍ക്കാതെ നിലനിര്‍ത്തുവാന്‍ വെമ്പുന്നവരും ഇനിയും ഗാഡ്ഗിലിനെ ആക്രമിക്കും. കാരണം ഗാഡ്ഗില്‍ ശരിയാണെന്ന കാര്യത്തില്‍ അവര്‍ക്ക് തീര്‍ച്ചയുണ്ട്.

(അടുത്തിടെ പ്രസിദ്ധീകരിക്കാനിരിക്കുന്ന മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയെ ആസ്പദമാക്കി രചിച്ചത്. ആത്മകഥയുടെ മലയാള പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത് വിനോദ് പയ്യടയാണ്)

(കടപ്പാട് അന്തര്‍ധാര)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply