എന്റെ ഗൗരിയമ്മ പരീക്ഷണം

ഈയൊരു ചരിത്ര മുഹൂര്‍ത്തം വേണ്ടപോലെ ഉപയോഗപ്പെടുത്തിയാല്‍ നിലവിലുള്ള വ്യവസ്ഥാപിത-മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ ജാതി പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ബദല്‍ നിലപാടുകള്‍ സ്വീകരിക്കുന്ന പുതിയ ഒരു ജനകീയ പ്രസ്ഥാനത്തിന് ഗൗരിയമ്മയുടെ നേതൃത്വമുണ്ടെങ്കില്‍ ശക്തമായി മുന്നേറാനാവുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു.അത്തരമൊരു പ്രസ്ഥാനത്തില്‍ നമുക്ക് ഇറങ്ങി പ്രവര്‍ത്തിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ സഖാവ് കെ വേണുവും വന്നുചേര്‍ന്നു.

അടുത്തയിടെ പ്രസിദ്ധീകരിച്ച അജിതയുടെ ആത്മകഥയുടെ രണ്ടാംഭാഗം ‘ഓര്‍മ്മയിലെ തീനാളങ്ങള്‍’ളില്‍ നിന്നൊരു ഭാഗം

കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയത്തിലെ ചലനങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഞങ്ങള്‍ നിരീക്ഷിക്കാറുണ്ടായിരുന്നുവെങ്കിലും അതൊന്നും നമ്മുടെ കാര്യമല്ല എന്ന മട്ടില്‍ മാറി നില്കുകയായിരുന്നു പതിവ്. പക്ഷെ സിപിഎമ്മിനകത്തെ ചില ചലനങ്ങളില്‍ എനിക്ക് താല്പര്യം തോന്നിയ ഒരു സന്ദര്ശനമായിരുന്നു 1994ല്‍ പാര്‍ട്ടി കെ.ആര്‍ ഗൗരിയമ്മക്കെകതിരേ ആരംഭിച്ച അച്ചടക്ക നടപടികള്‍. കമ്മ്യൂണിസ്‌റ് പ്രസ്ഥാനത്തിനുവേണ്ടി ചെറുപ്പം മുതല്‍ ഏറെ ത്യാഗം ചെയ്ത് പോരാടിയ സ്വന്തം ജീവിതം പ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പിച്ച ഗൗരിയമ്മയെ ഞങ്ങളെപോലെയുള്ള പിന്‍തലമുറക്കാര്‍ ഏറെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. സിപിഐയും സിപിഎമ്മുമായി 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മയുടെ ജീവിത സഖാവായ ടി.വി.തോമസ് സിപിഐയില്‍ ചേര്‍ന്നു. സിപിഎമ്മില്‍ ചേര്‍ന്ന ഗൗരിയമ്മ പ്രസ്ഥാനത്തിനുവേണ്ടി അദ്ദേഹത്തെപോലും തള്ളിപ്പറയാന്‍ തയ്യാറായി. അത്രത്തോളം അസാധാരണമായ പാര്‍ട്ടി കൂറുള്ള ഗൗരിയമ്മയെ ഒടുവില്‍ 1994 ജനുവരിയില്‍ ആണെന്ന് തോന്നുന്നു. പാര്‍ട്ടി പുറത്താക്കി.അന്ന് കേരളത്തിലെ ഇടതുപക്ഷത്തെ എല്ലാകാലവും പിന്തുണച്ച സാധാരണ ജനങ്ങള്‍ക്കിടയില്‍ ഈ നടപടിക്കെതിരായ പ്രതിഷേധം ഒരു കൊടുങ്കാറ്റുപോലെ ഉയര്‍ന്നു പൊങ്ങി. സ്വാഭാവികമായും ഒരു രാഷ്ട്രീയ ജീവിയായ എന്നെയും അത് ബാധിച്ചു. മറ്റൊരു ചരിത്രവും കൂടി ഇതോടൊപ്പം പറയാനുണ്ട്. 1987ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിച്ചാല്‍ ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കും എന്ന പ്രചാരണം നടത്തി. അവസാനം ജയിച്ചു കഴിഞ്ഞപ്പോള്‍ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം അപ്പോഴും മറക്കാന്‍ കഴിയിഞ്ഞിരുന്നില്ലല്ലോ.
ഗൗരിയമ്മക്കെതിരെ അച്ചടക്ക നടപടികള്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവരെ നേരില്‍കണ്ട് ഞാന്‍ അവരോടൊപ്പമാണെന്നും, അവര്‍ ഒരു പുതിയ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാന്‍ മുന്നോട്ടുവന്നാല്‍ ഞാനും അതോടൊപ്പമുണ്ടെന്നും അറിയിക്കാന്‍ ഞാന്‍ വെമ്പല്‍ കൊണ്ടു.ഗൗരിയമ്മയ്‌ക്കെതിരായ ഈ പുറത്താക്കല്‍ നടപടിക്ക് ഞാന്‍ മൂന്നു കാരണങ്ങളാണ് കണ്ടത്. ഒന്ന് നേതാക്കന്മാരെ മുഖത്ത് നോക്കി വിമര്‍ശിക്കാന്‍ തയ്യാറായത്. രണ്ട് അവര്‍ ഒരു പിന്നോക്ക ജാതിയില്‍ പെട്ട ഒരാളായതുകൊണ്ട് (പാര്‍ട്ടിക്കകത്തും സവര്‍ണ്ണ മേധാവിത്വം ശക്തമാണെന്ന ആരോപണം ഓര്‍ക്കുക). മൂന്ന്, എല്ലാറ്റിനുമുപരി അവര്‍ ഒരു സ്ത്രീയായിരുന്നതുകൊണ്ട്. എത്ര തന്നെ ത്യാഗപൂര്‍ണമായ പാരമ്പര്യമുണ്ടെങ്കിലും ഒരു സ്ത്രീക്ക് നേതാക്കന്മാരെ വിമര്‍ശിക്കാന്‍ അര്ഹതയില്ല എന്ന തികഞ്ഞ പുരുഷാധിപത്യ നിലപാട് തന്നെയാണ് സിപിഎമ്മിനുള്ളത് എന്ന് ഞാന്‍ വിലയിരുത്തി.ആലപ്പുഴയിലെ എന്റെ ചില സുഹൃത്തുക്കള്‍, ഗാന്ധിയനായ ജഗദീഷും അദ്ദേഹത്തിന്റെ ജീവിത സഖി ഗീതയും വഴി ഞാന്‍ ഗൗരിയമ്മയുമായി ബന്ധപെട്ടു. ജഗദീഷും ഗീതയും അവരുടെ രണ്ടു മക്കളുമടങ്ങിയ വീട്ടില്‍ എന്നെ അവര്‍ വളരെ സന്തോഷത്തോടെയും സ്‌നേഹത്തോടെയും സ്വീകരിക്കാറുണ്ടായിരുന്നു. അവരും ഗൗരിയമ്മയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. കൂടാതെ അജിത്-രാജശ്രീ തുടങ്ങിയ സുഹൃത്തുക്കളും അന്ന് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ കുറച്ചുപേര്‍ ഗൗരിയമ്മ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആലപ്പുഴയില്‍ ഒത്തുകൂടാന്‍ തുടങ്ങി. നാല്പതു വര്‍ഷങ്ങളിലധികമായി താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതൃത്വം തന്നെ പുറത്താക്കിയപ്പോള്‍ സ്വാഭാവികമായും അവരും കുറച്ചു വിഷമത്തിലായിരുന്നു.ഈയൊരു ചരിത്ര മുഹൂര്‍ത്തം വേണ്ടപോലെ ഉപയോഗപ്പെടുത്തിയാല്‍ നിലവിലുള്ള വ്യവസ്ഥാപിത-മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീ ജാതി പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ബദല്‍ നിലപാടുകള്‍ സ്വീകരിക്കുന്ന പുതിയ ഒരു ജനകീയ പ്രസ്ഥാനത്തിന് ഗൗരിയമ്മയുടെ നേതൃത്വമുണ്ടെങ്കില്‍ ശക്തമായി മുന്നേറാനാവുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു.അത്തരമൊരു പ്രസ്ഥാനത്തില്‍ നമുക്ക് ഇറങ്ങി പ്രവര്‍ത്തിക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതിനിടയില്‍ ഞങ്ങളുടെ കൂട്ടത്തില്‍ സഖാവ് കെ വേണുവും വന്നുചേര്‍ന്നു. ഇത്തരമൊരു പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ടതിന്റെയും അതിന് അതിന്റെ നേതൃത്വം ഏറ്റെടുക്കേണ്ടതിന്റെയും പ്രസക്തി ഗൗരിയമ്മയെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ പലപ്പോഴായി കൂട്ടത്തോടെ ഗൗരിയമ്മയെ ചെന്നുകണ്ടു.പെട്ടെന്ന് ഒരു പാര്‍ട്ടി രൂപീകരിക്കുന്നതിനോടും തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനെത്തന്നെ പങ്കെടുക്കുന്നതിനോടും ഞങ്ങള്‍ക്ക് യോജിപ്പില്ലായിരുന്നു. മുകളില്‍ പറഞ്ഞതുപോലുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ കുറച്ചു വര്‍ഷങ്ങലെടുത്ത് പക്വമായ ഒരു സമയത്ത് പാര്‍ട്ടി രൂപീകരണം നടത്തുകയാണ് ഉചിതമെന്നു ഞങ്ങള്‍ ഗൗരിയമ്മയെ ധരിപ്പിക്കാന്‍ പലതവണ ശ്രമിച്ചു.ഗൗരിയമ്മ ഞങ്ങളെ വളരെ സ്‌നേഹത്തോടെ തന്നെയാണ് സ്വീകരിച്ചത്. ഞങ്ങള്‍ പറയുന്നതെല്ലാം അവര്‍ കേട്ടു. അവര്‍ക്കാണെങ്കില്‍ ആലപ്പുഴ ജില്ലാ മുഴുവനും അതിഗംഭീരമായ സ്വീകരണങ്ങളാണ് ലഭിച്ചുകൊണ്ടിരുന്നത്. ഗൗരിയമ്മയ്ക്കുള്ള അതിശക്തമായ ആഴത്തില്‍ വേരുകളുള്ള ജനകീയ സ്വാധീനം വിളിച്ചോതുന്നതായിരുന്നു ഈ സ്വീകരണയോഗങ്ങള്‍. ചില യോഗങ്ങളില്‍ അവര്‍ എന്നെയും കൊണ്ടുപോയി. അവരുടെ ജനസമ്മതി എനിക്കും ആവേശകരമായ അനുഭവമായിരുന്നു.

 

 

 

 

 

 

 

 

ഗൗരിയമ്മയുടെ ജീവചരിത്രമെഴുതാന്‍ ഇതിനിടയില്‍ ഒരു ശ്രമം നടത്തി. ഗൗരിയമ്മ അവരുടെ ജീവചരിത്രത്തില്‍ കുറച്ചുഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ കുറച്ചുലക്കങ്ങള്‍ എനിക്ക് തന്നു.ഒരു ദിവസം കാറിലിരുന്നുകൊണ്ട് ഗൗരിയമ്മയോടു ഞാനൊരു ചോദ്യം ചോദിച്ചു. ഒരിക്കലെങ്കിലും ഗൗരിയമ്മ ഗര്‍ഭം ധരിച്ചിരുന്നില്ലേ എന്ന്. അതിനു അവര്‍ തന്ന മറുപടി ഇന്നും എന്നെ വേദനിപ്പിക്കുന്നു. രണ്ടു തവണ താന്‍ ഗര്‍ഭിണിയായെന്നും എന്നാല്‍ പാര്‍ട്ടി ഉത്തരവാദിത്വങ്ങളില്‍നിന്ന് ശാരീരികസ്ഥിതി പരിഗണിച്ച് കുറച്ചു സമയമെങ്കിലും അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്നും അക്കാരണത്താല്‍ അത് രണ്ടും അലസിപ്പോയി എന്നുമാണ് അവര്‍ പറഞ്ഞത്. ഇന്നൊരുപക്ഷെ എന്നോട് പറഞ്ഞ ഈ രഹസ്യം അവര്‍ നിഷേധിച്ചേക്കാം.ഇത്തരത്തില്‍ ഗൗരിയമ്മയോടൊപ്പം ഒരു പുതിയ ബദല്‍ പ്രസ്ഥാനത്തിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നതിനിടയിലാണ് അവര്‍ ഉടനെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ പോവുകയാണെന്ന് അറിഞ്ഞത്. ചില എസ്.എന്‍.ഡി.പി ക്കാരും പാര്‍ട്ടിയില്‍ നിന്നും നേരത്തെ അഴിമതി ആരോപണങ്ങളും മറ്റും നേരിട്ട് പുറത്താക്കപ്പെട്ടവരായ ചില നേതാക്കളും ചേര്‍ന്ന് ഗൗരിയമ്മയെ ഒരു പാര്‍ട്ടിയുണ്ടാക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഗൗരിയമ്മക്കാണെങ്കില്‍ ഞങ്ങളൊക്കെ പറയുന്ന പുതിയ രീതിയെക്കുറിച്ച് വലിയ വിശ്വാസവുമുണ്ടായിരുന്നില്ല. പാര്‍ട്ടി ഇല്ലാതെ പ്രവര്‍ത്തിക്കാനാവില്ലെന്ന പരമ്പരാഗതധാരണയില്‍ നിന്നുകൊണ്ട് അവര്‍ ജെ.എസ്.എസ് എന്ന പാര്‍ട്ടി ഉണ്ടാക്കി.

[widgets_on_pages id=”wop-youtube-channel-link”]

അതോടെ ഞാനാകെ നിരാശയിലാണ്ടു. ഒരു പുതിയ ബദല്‍ പ്രസ്ഥാനം ഗൗരിയമ്മയുടെ നേതൃത്വത്തിലുണ്ടാകില്ലെന്ന് ബോധ്യപ്പെട്ട ഞാന്‍ ആ പാര്‍ട്ടിയുടെ രൂപീകരണ പ്രക്രിയയില്‍ നിന്ന് ക്രമേണ ഒഴിഞ്ഞു മാറി. എന്റെ ഫെമിനിസ്റ്റ് ധാരണകള്‍ പ്രകടമാക്കാനുള്ള ചരിത്രപരമായ ഒരവസരമായി ഞാന്‍ ആവേശപൂര്‍വം പുണര്‍ന്ന ആ സ്വപ്നം അകാല ചരമമടഞ്ഞു. വെറും നാല് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ അനുഭവങ്ങളൊക്കെയും. പിന്നീട് ആ ഭാഗത്തേക്ക് ഞാന്‍ ഒരിക്കലും തിരിഞ്ഞു നോക്കിയില്ല.

(പ്രസാധനം ഡി സി ബുക്‌സ്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply