ബിഎസ്എന്‍എല്‍ അന്ത്യനാളുകളിലോ…?

1.76 ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്എന്‍ എലില്‍ 50 ശതമാനത്തോളം ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്. ഇനി കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകാനുമിടയില്ല. വലിയൊരു തൊഴില്‍ മേഖലയാണ് അതിലൂടെ യുവജനങ്ങള്‍ക്ക് നഷ്ടപ്പടുന്നത്.

മുപ്പതുവര്‍ഷമായി ബിഎസ്എന്‍എല്ലില്‍ കരാര്‍ ജീവനക്കാരനായിരുന്ന, അന്‍പത്തിരണ്ടുകാരനും ഭിന്നശേഷിക്കാരനുമായിരുന്ന നിലമ്പൂര്‍ സ്വദേശി രാമകൃഷ്ണന്റെ ആത്മഹത്യ രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയുടെ സൂചനയാണ്. രാജ്യത്തിന്റെ അഭിമാനമായിരുന്ന, ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങലില്‍ ഒന്നായ ബിഎസ്എന്‍എല്ലിലെ താല്‍ക്കാലിക ജീവനക്കാരനാണ് 10 മാസമായി തുച്ഛം വേതനം പോലും ലഭിക്കാതെ ഓഫീസില്‍ തന്നെ ജീവനൊടുക്കിയത്. രാമകൃഷ്ണനെ പിരിച്ചുവിടുമെന്ന സൂചനയും മരണത്തിന് കാരണമായി. മറുവശത്ത് നിരവധി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും സ്ഥിരക്കാരെ നിര്‍ബന്ധിത പെന്‍ഷന്‍ നല്‍കിവിടാനുമാണ് നീക്കം. അതിന്റെ നടപടികള്‍ ആരംഭിച്ചുകഴി്ഞ്ഞ്ു. കേരളത്തിലെ കെ എസ് ആര്‍ ടി സിക്കു സമാനമാണ് രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ അവസ്ഥയെന്നര്‍ത്ഥം. സംഭവത്തെ തുടര്‍ന്ന് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. എന്നാലദ്ദേഹത്തിന്റെ കൈപിടിയിലൊന്നും ഒതുങ്ങാത്ത സംഭവങ്ങളാണ് ബിഎസ്എന്‍എല്ലില്‍ അരങ്ങേറുന്നത്.

ടെലികോം മേഖലയിലെ സ്വകാര്യവല്‍ക്കരണാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന ജീവനക്കാരുടേയും മറ്റ് പ്രസ്ഥാനങ്ങളുടേയും സ്ഥിരം പല്ലവിയോട് ഈ ലേഖകന്‍ യോജിക്കുന്നില്ല. ഇന്ത്യയുടേത് ഒരു മിശ്ര സമ്പദ് ഘടന തന്നെയാണ്. സ്വകാര്യ മേഖലകള്‍ തമ്മിലും അവയും പൊതുമേഖലകളും തമ്മിലും ആരോഗ്യകരമായ മത്സരമാണ് നമുക്കാവശ്യം. എങ്കിലേ അവ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകൂ. കുത്തക, അത് സ്വകാര്യമേഖലയായാലും പൊതുമേഖലയായാലും ജനവിരുദ്ദമായേ മാറൂ. മൊബൈല്‍ കമ്പനികള്‍ തമ്മില്‍ നടന്ന ആരോഗ്യകരമായ മത്സരത്തന്റെ ഫലമാണല്ലോ നിരക്കുകള്‍ കുത്തനെയിടിഞ്ഞത്. പകരം ഒരു കമ്പനി മാത്രമായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. പ്രശ്‌നം സ്വതന്ത്രവും ആരോഗ്യകരവുമായ മത്സരത്തിനു പകരം ഭരണകൂടം തന്നെ ചില സ്വകാര്യകുത്തകള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുകയും പൊതുമേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതുമാണ്. മുതലാളിത്തം ചൂഷണത്തിലധിഷ്ഠിതമായ സമ്പദ്ഘടനതന്നെ. എന്നാലവിടേയും ചില അലിഖിത നിയമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടാറ്റയും ബിര്‍ളയും തമ്മില്‍ നടന്നിരുന്ന മത്സരത്തിലൊക്കെ മിനിമം മര്യാദയൊക്കെ ഉണ്ടായിരുന്നല്ലോ. എന്നാല്‍ ”മാന്യമായ” മുതലാളിത്ത സംവിധാനത്തിന് അനുയോജ്യമല്ലാത്ത നടപടിയാണ് സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിന്റെ ഭാഗമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. രാജ്യത്തെ മിക്കവാറും മുഴുവന്‍ ജനങ്ങളും ഫോണ്‍ ഉപയോഗിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ബിഎസ്എന്‍എല്‍ ഈ പ്രതിസന്ധി നേരിടുന്നതെന്നതാണ് വൈരുദ്ധ്യം. അതിനാല്ഡ തന്നെ രാമകൃഷ്ണന്റെ മരണം, ആത്മഹത്യയല്ല, ഇന്‍സ്റ്റിട്യൂഷണല്‍ കൊലപാതകമെന്നു തന്നെ പറയണം.

സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയുടെ അവസാനകാരണം ബിഎസ്എന്‍എല്ലിനു 4 ജി അടക്കം നിഷേധിച്ചതും ജിയോക്ക് അനര്‍ഹമായ രീതിയില്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നതാണെന്നത് പകല്‍പോലെ വ്യക്തം. preferential basis ഇല്‍ 4G അനുവദിക്കാന്‍ പാടില്ലെന്ന വിചിത്ര വാദമാണ് ഇതിനു കാരണമായി പറയുന്നത്. സ്വാഭാവികമായും ജനങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്ന് ജിയോയിലേക്ക് ഒഴുകും. സേവനമേന്മയും സൗകര്യങ്ങളും നിരക്കുകുറവുമാണ് ജനങ്ങള്‍ക്കാവശ്യം. തൊഴിലാളി സംഘടനകളും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പറയുന്ന പോലെ നഷ്ടം സഹിച്ച് പൊതുമേഖല സംരക്ഷിക്കലല്ല. അംബാനിക്ക് ഏകപക്ഷീയമായി ടെലികോം മേഖലയെ തീറെഴുതി കൊടുക്കുമ്പോള്‍ സംഭവിക്കേണ്ടതാണ് സംഭവിക്കുന്നത്. എയര്‍ടെല്‍, വോഡഫോണ്‍ സ്ഥാപനങ്ങളും സജീവമായി മത്സരരംഗത്തുണ്ട്. ഇതിന്റെ ഫലമായി കേരള സര്‍ക്കിളില്‍ തന്നെ 2018-’19 കാലത്തുണ്ടാക്കിയ നഷ്ടം 261 കോടി രൂപയാണ്. 2017-’18ല്‍ 634 കോടിയാണ് കേരളമുണ്ടാക്കിയിരുന്ന ലാഭം എന്നതും കൂട്ടിവായിക്കണം.

ഇത്തരമൊരു സാഹചര്യത്തിലാണ് പിരിച്ചുുവിടല്‍ നടപടികളുമായി ബി എസ് എന്‍ എല്‍ ഡയറക്ടര്‍ ബോര്‍ഡ് മുന്നോട്ടുപോകുന്നത്. അമ്പത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടാനാണ് നീക്കം. ഒരു ലക്ഷത്തോളം പേര്‍ക്ക് വളണ്ടറി റിട്ടയര്‍മെന്റ് നല്‍കാനും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിരിച്ച് വിടല്‍ നടപടി. സാമ്പത്തിക നഷ്ടം നികത്താനായി ബി.എസ്.എന്‍.എല്‍ കെട്ടിടങ്ങള്‍ വാടക്ക് നല്‍കാനും നീക്കമുണ്ട്. അതേസമയം 1.76 ലക്ഷത്തോളം ജീവനക്കാരുള്ള ബി.എസ്എന്‍ എലില്‍ 50 ശതമാനത്തോളം ജീവനക്കാരും അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ വിരമിക്കുന്നവരാണ്. ഇനി കൂടുതല്‍ നിയമനങ്ങള്‍ ഉണ്ടാകാനുമിടയില്ല. വലിയൊരു തൊഴില്‍ മേഖലയാണ് അതിലൂടെ യുവജനങ്ങള്‍ക്ക് നഷ്ടപ്പടുന്നത്. ഈ സാഹചര്യത്തില്‍ ബിഎസ്എന്‍എല്‍ അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണെന്നു പറയുന്നതില്‍ തെറ്റുണ്ടെന്നു തോന്നുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ബിഎസ്എന്‍എല്‍ അന്ത്യനാളുകളിലോ…?

  1. എന്റെ മാഷേ. . . ഞാനൊക്കെ 2 ജിയോ സിം എടുത്തു. . . തുഛമായ വിലയില്‍ 4 ജി ഡൗണ്‍ ലോഡിംഗിന്റെ ഒരു സുഖം. . അതാണ് സാധാരണക്കാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും നല്ലത്. . മടേത് അധര വ്യായാമത്തിനേ പറ്റൂ. . . .

Leave a Reply