ഉമേഷ് വള്ളിക്കുന്നിനൊപ്പം സാംസ്‌കാരികകേരളം

പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് നിയമപാലകരായ കേരളപോലീസ് നിയമവിരുദ്ധമായ സദാചാരപോലീസിംഗ് നടത്തുന്നത്.

സദാചാരപോലീസിംഗ് അരുതെന്ന് സര്‍ക്കുലറുണ്ടായിട്ടും അതുതന്നെ തുടരുകയാണ് നമ്മുടെ പോലീസ്. ഇപ്പോഴിതാ ഒരു പോലീസുകാരനു നേരെതന്നെയാണ് സദാചാരം ഉറഞ്ഞുതുള്ളുന്നത്. കോഴിക്കോട് ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ, സുഹൃത്തായ സ്ത്രീയുടെ ഫ്‌ളാറ്റ് സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ ആ സ്ത്രീയെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഐ.പി.എസിന്റെ ഈ അപമാനകരമായ തീരുമാനത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രസ്താവന.

ആരുടെ പോലീസ് എന്ന് നിരവധി തവണ ചോദിക്കേണ്ട സന്ദര്‍ഭങ്ങളിലൂടെ കേരളാപോലീസ് കടന്നുപോയികൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഒരു അധ്യാപികയെ സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കനുസരിച്ചു പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പരാതിക്കാരുടെ ഇഷ്ടപ്രകാരം മാപ്പുപറയിപ്പിച്ചു അതുവീഡിയോയില്‍ പകര്‍ത്തി നാടുമുഴുവന്‍ പ്രചരിപ്പിക്കാന്‍ പോലീസ് കൂട്ടുനിന്നു. ഈയടുത്ത് കോവിഡ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കാര്‍ പിന്തുടര്‍ന്ന് ‘എന്താ പരിപാടി?’ എന്നുചോദിക്കുന്ന സദാചാരക്കണ്ണുള്ള പോലീസും വാര്‍ത്തകളില്‍ നിറഞ്ഞു.

ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് ഐ.പി.എസ് പുറത്തിറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനുമിടയിലെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പോലും നിയമവിധേയമായ ഒരു രാജ്യത്താണ് സുഹൃത്തായ സ്ത്രീയുടെ ഫ്‌ലാറ്റ് സന്ദര്‍ശിച്ചു എന്നതിന്റെ പേരില്‍ ആ സ്ത്രീയെ പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് അങ്ങേയറ്റം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതിച്ചേര്‍ത്ത് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഒരു ഔദ്യോഗിക രേഖയില്‍ ഇത്തരത്തില്‍ എഴുതിച്ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന സാക്ഷരത പോലുമില്ലാത്ത ഇവരെ നയിക്കുന്നത് ഉത്തരേന്ത്യന്‍ ഖാപ്പു പഞ്ചായത്തുകളുടെ നാടുവാഴിത്തകാല മൂല്യവിചാരങ്ങളാണ്.

ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സ്ത്രീ രണ്ട് പരാതികള്‍ ഐ.ജി. മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. അതിലൊന്നില്‍ ഇങ്ങനെ പറയുന്നു. ’08-09-2020 തീയ്യതി ഞാന്‍ തനിച്ച് താമസിക്കുന്ന ഫ്‌ലാറ്റില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ACP എന്ന് പരിചയപ്പെടുത്തി സുദര്‍ശന്‍ സാറും നാരായണന്‍ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു സാറും വരികയും ‘നിങ്ങളാണോ ആതിര? ഫോട്ടോയില്‍ കാണുന്ന പോലെയൊന്നും അല്ലല്ലോ’ എന്ന് എന്നെ ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തില്‍ ACP കമന്റടിക്കുകയും ചെയ്തു.’ പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികളുടെ സ്വതന്ത്ര സഞ്ചാരങ്ങള്‍ക്ക് പിറകേ ഒളിഞ്ഞു നോട്ടവുമായി നടക്കുന്ന ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയെപ്പോലും ഒപ്പം കൂട്ടാതെയും ആതിര താമസിക്കുന്ന ഫ്‌ലാറ്റില്‍ ചെല്ലുന്നു. മേല്പറഞ്ഞ വിധം ഒരു പോലീസുദ്യോഗസ്ഥനു ചേരാത്ത വിധം അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നു.

പാലത്തായിയിലും വാളയാറിലും പിഞ്ചു കുഞ്ഞുങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചവര്‍ക്കെതിരെ കുറ്റകരമായ ഉദാസീനത കാണിക്കുന്ന പോലീസ് സദാചാര പോലീസിങ്ങില്‍ കാണിക്കുന്ന ഈ അമിതോത്സാഹം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ആതിരയുടെ പരാതിയില്‍ ഉടന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. ഉമേഷ് വള്ളിക്കുന്നിനും സുഹൃത്ത് ആതിരയ്ക്കുമെതിരായ പോലീസ് നീക്കങ്ങളെ ചെറുത്തു തോല്പിക്കുക എന്നത് ആത്മബോധമുള്ള മുഴുവന്‍ പൗരസമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply