ഇതുകൊണ്ടൊന്നും ലക്ഷ്യം നേടാനാവില്ല മോദിജി…..

ഉദ്ഘാടന പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോകളിലൂടെയും മോദിയുടെ പ്രസംഗത്തിലൂടേയും, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍, പ്രതിപക്ഷനേതാവിനെ ഒഴിവാക്കി, വന്ദേഭാരതിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം വികസനത്തിന്റേയും ഉത്തരവാദിത്തം മോദി ഏറ്റെടുക്കുന്ന തമാശയാണ് കണ്ടത്. കേരളത്തിലിപ്പോള്‍ റെയില്‍വേയുടം സുവര്‍ണ്ണകാലമാണെന്നു മോദി അവകാശപ്പെടുന്നതു കേട്ടു

ഇത്തവണയെങ്കിലും കേരളത്തില്‍ നിന്നും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കുറെയേറെ സീറ്റുകള്‍ നേടിയെടുക്കുക എന്ന ലക്ഷ്യത്തിലാണ് ബിജെപി തന്ത്രങ്ങള്‍ മെനയുന്നതെന്ന് വളരെ വ്യക്തം. പാര്‍ട്ടിയുടെ സമീപകാലനടപടികളും പ്രവര്‍ത്തനങ്ങളും പരിശോധിച്ചാല്‍ അത് വ്യക്തമാണ്. മുസ്ലിം വിരുദ്ധതയുടെ അടിത്തറയില്‍ നിന്നുതന്നെ, കൃസ്ത്യന്‍ വിഭാഗങ്ങളെ കയ്യിലെടുക്കുക, യുവജനങ്ങള്‍ക്ക് പ്രതീക്ഷ സാധ്യമാകുക തങ്ങളില്‍ കൂടി മാത്രമാണെന്നു സ്ഥാപിക്കുക, വികസനത്തിന്റെ വക്താവായും അതിമാനുഷനായും മോദിയുടെ ഇമേജ് ശക്തമാക്കുക എന്നിവയാണ് ഈ പ്രക്രിയയുടെ അടിസ്ഥാനഘടകങ്ങള്‍. അവയെല്ലാം സംയോജിക്കുന്ന ഒന്നായിരുന്നു മോദിയുടെ ഇത്തവണത്തെ കേരള സന്ദര്‍ശനം എന്നു കാണാം.

പതിവില്‍ നിന്നു വ്യത്യസ്ഥമായി വലിയ റോഡ് ഷോയാണ് മോദി കൊച്ചിയില്‍ കാഴ്ചവെച്ചത്. അതിന്റെ ലക്ഷ്യം ആരാധകരിലും പാര്‍ട്ടി പ്രവര്‍ത്തകരിലും ആവേശമുണ്ടാക്കുക എന്നതാണെന്നു പകല്‍പോലെ വ്യക്തം. അതേസമയം യുവജനങ്ങളെ ആകര്‍ഷിക്കാനെന്ന പേരില്‍ കൊട്ടിഘോഷിച്ചു നടന്ന യുവം 2023 എന്ന പരിപാടി വലിയ പരാജയമായിരുന്നു എന്നുതന്നെ പറയാം. മാധ്യമപ്രവര്‍ത്തകരോട് ഒരിക്കലും സംവദിക്കാത്ത മോദി, പലപ്പോഴും ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ടവരോട് സംസാരിക്കലാണ്. അതെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആയിരിക്കുമെന്നതില്‍ സംശയം വേണ്ട കൊച്ചിയില്‍ പക്ഷെ യുവജനങ്ങള്‍ക്ക് എന്തുചോദ്യവും ചോദിക്കാമെന്നായിരുന്നു പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒന്നും സംഭവിച്ചില്ല,. ഉണ്ടായത് അദ്ദേഹത്തിന്റെ മന്‍ കി ബാത്ത് മാത്രം. ഒരു ചോദ്യം പോലും ചോദിക്കാനുള്ള അവസരം ആര്‍ക്കും ലഭിച്ചില്ല. മാത്രമല്ല, യുവം പരിപാടിയില്‍ രാഷ്ട്രീയം പറയില്ലെന്നു പറഞ്ഞ മോദി പറഞ്ഞതെല്ലാം മറ്റൊന്നുമായിരുന്നില്ല. അത്തരത്തില്‍ പരിശോധിച്ചാല്‍ തികഞ്ഞ പരാജയമായിരുന്നു പരിപാടി എന്നുവ്യക്തം.

കൊച്ചിയിലെ അടുത്ത പ്രധാനപരിപാടി കൃസ്ത്യന്‍ മേലദ്ധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഏറെ ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായതിനാല്‍ അതിന്റെ ലക്ഷ്യം എന്താണെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. എന്തായാലും കുറെയേറെ പ്രമുഖരെ മോദിക്കുമുന്നിലെത്തിക്കാന്‍ അതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി എന്നതില്‍ സംശയമില്ല. എന്തായാലും ഈ നിലക്കുപോകുകയാണെങ്കില്‍ കൃസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് കുറെ വോട്ടുനേടാന്‍ ബിജെപിക്കാവുമെന്നുറപ്പ്. സംഘപരിവാറിനേക്കാള്‍ ഇസ്ലാമോഫോബിയ കൊണ്ടു നടക്കുന്നവരാണല്ലോ കേരളത്തിലെ ഈ വിഭാഗങ്ങളില്‍ വലിയൊരു ഭാഗവും. അതേസമയം ലോകസഭയിലേക്ക് ഒരു സീറ്റെങ്കിലും നേടുക എന്ന ലക്ഷ്യത്തിലെത്താന്‍ ബിജെപിക്കാകുമെന്നു കരുതാനാവില്ല. മാത്രമല്ല, കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ള തീരദേശവാസികള്‍, കുടിയേറ്റ കര്‍ഷകര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ക്ക് എന്തെങ്കിലും പരിഹാരം ഉറപ്പുനല്‍കാന്‍ പ്രധാനമന്ത്രിക്കായില്ല എന്നാണ് റിപ്പോര്‍ട്ട്. റബ്ബറിനു താങ്ങുവില എന്ന പ്രധാന ആവശ്യത്തില്‍ പോലും അനുകൂലമായ മറുപടി ലഭിച്ചില്ല എന്നാണറിവ്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എക്കു പോകാന്‍ തയ്യാറെടുക്കുന്ന ജോണി നെല്ലൂരിനു പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചില്ല. അദ്ദേഹം ഡെല്‍ഹിയില്‍ പോയി കാണുമെന്നാണ് കേള്‍ക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിന്റെ വികസനത്തിനെന്ന അവകാശവാദവുമായി കുറെയേറെ പദ്ധതികള്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് സ്വാഗതാര്‍ഹം തന്നെ. അവിടേയും റോഡ് ഷോ ഒക്കെയുണ്ടായി. പദ്ധതികള്‍ മിക്കവാറും റെയില്‍വേയുമായി ബന്ധപ്പെട്ടത്. ഇന്ത്യന്‍ റെയില്‍വേക്ക് വലിയ വരുമാനം ഉണ്ടാക്കി കൊടുക്കുന്നവരാണ് കേരളീയര്‍. എന്നാല്‍ അതിനനുപാതികമായ വികസനം ഒരുകാലത്തും നമുക്ക് ലഭിച്ചിട്ടില്ല. വന്ദേഭാരത് ട്രെയിന്‍ തന്നെ ഇന്ത്യയിലോടി തുടങ്ങി രണ്ടുവര്‍ഷമായി. 17-ാമത്തെ ട്രെയിനാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല കാലാകാലങ്ങളില്‍ ഉണ്ടാകാറുള്ളപോലെ റെയില്‍വേ വികസനത്തിന്റെ സ്വാഭാവികമായ ഒരു ഉല്‍പ്പന്നം മാത്രമാണ് വന്ദേഭാരത്. എന്നാല്‍ ഈ സന്ദര്‍ഭത്തെ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടിയ പ്രാധാന്യത്തോടെ ആഘോഷിച്ചതിന്റെ ലക്ഷ്യം എന്താണെന്നു വ്യക്തമാണ്. ഇലക്ട്രിക് ട്രെയിനുകള്‍, രാജധാനി, ശതാബ്ദി, ഗരീബ് രഥ്്, ദുരന്തോ, മഹാരാജാ തുടങ്ങിയ ട്രെയിനുകളൊന്നും ആരംഭിച്ചപ്പോള്‍ ഒരുപ്രധാനമന്ത്രിയും ഇത്രമാത്രം ആഘോഷങ്ങളുമായി രംഗത്തിറങ്ങിയിട്ടില്ല. ലക്ഷ്യം വ്യക്തം. അതേസമയം കെ റെയിലിന്റെ പേരു പറഞ്ഞ് വന്ദേഭാരതിനെ ആക്ഷേപിക്കുന്ന സമീപനവും ശരിയല്ല. കാരണം ഇതാരുടേയും ഔദാര്യമല്ല, നമ്മുടെ അവകാശമാണ് എന്നതുതന്നെ.

സംസ്ഥാനത്തെ റെയില്‍വേ ലൈനുകളിലെ വളവുകള്‍ കാരണം 100 കിലോമീറ്റര്‍പോലും വേഗത വന്ദേഭാരതിനു ലഭിക്കില്ലെന്നുറപ്പ്. എന്നാല്‍ വളവുകള്‍ നീക്കാന്‍ എത്രയും വേഗം നടപടിയെടുക്കുമെന്ന പ്രഖ്യാപനമുണ്ട്. 381 കോടി അതിനായി മാറ്റിവെച്ചിട്ടുമുണ്ട്. നല്ലത്. എല്ലാ വണ്ടികളുടേയും വേഗത അതിലൂടെ വര്‍ദ്ധിക്കും. എന്നാലതുപോര. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നാലുവരി പാത എന്നത് എത്രയോ കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്. അതു നടപ്പാക്കാതെ കേരളത്തിലെ റെയില്‍വേവികസനം ഒരു പരിധി വിട്ട് മുന്നോട്ടുപോകില്ല. സിഗ്നലുകള്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആക്കുകയും വേണം. കുറെ സ്‌റ്റേഷനുകളുടെ നവീകരണം ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്. നല്ലത്. മൊത്തം 2033 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രഥാമിക പരിഗണന വേണ്ടത് നാലുവരിപാതക്കാണ്. ആദ്യഘട്ടത്തില്‍ ഏറ്റവും ട്രെയിന്‍ സാന്ദ്രതയുള്ള എറണാകുളം – ഷൊര്‍ണൂര്‍ മേഖലയില്‍ ഇതു നടപ്പാക്കുമെന്ന വാര്‍ത്തകണ്ടു. ദേശീയപാത വികസനത്തിന്റെ വിഷയത്തില്‍ കേരളം കേന്ദ്രത്തെ സഹായിച്ചപോലെ ഇക്കാര്യത്തിലും നിലപാടെടുത്താല്‍ നാലുവരി റെയില്‍പാത യാഥാര്‍ത്ഥ്യമാകുമെന്നുറപ്പ്. അപ്രായോഗികമായ കെ റെയിലിനുവേണ്ടിയുള്ള പിടിവാശി ഉപേക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്തായാലും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കെ റെയിലാവശ്യം മുഖ്യമന്ത്രി മുന്നോട്ടുവെക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അദ്ദേഹമത് ഉന്നയിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിനു ഏറ്റവും അനുയോജ്യമായ ഒരു ഗതാഗതമാര്‍ഗ്ഗമാണ് ജലഗതാഗതം എന്ന് എത്രയോ കാലമായി നാം കേള്‍ക്കുന്നതാണ്. എന്നാല്‍ ആ കാര്യമായൊന്നും നടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കൊച്ചി വാട്ടര്‍ മെട്രോ വളരെ പ്രധാനപ്പെട്ട കാല്‍വെപ്പാണ്. ഇന്ത്യയിലെ പല നഗരങ്ങള്‍ക്കും ഇതിനെ മാതൃകയാക്കാനാകും. ഉദ്ഘാടനം ചെയ്യപ്പെട്ട ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് നമ്മെ ഒരുപടി കൂടി ആധുനികതയിലേക്ക് നയിക്കുമെന്നുറപ്പ്. അതേസമയം ഉദ്ഘാടന പരിപാടിയില്‍ പ്രദര്‍ശിപ്പിച്ച വീഡിയോകളിലൂടെയും മോദിയുടെ പ്രസംഗത്തിലൂടേയും, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍, പ്രതിപക്ഷനേതാവിനെ ഒഴിവാക്കി, വന്ദേഭാരതിന്റെ മാത്രമല്ല, കേരളത്തിന്റെ മൊത്തം വികസനത്തിന്റേയും ഉത്തരവാദിത്തം മോദി ഏറ്റെടുക്കുന്ന തമാശയാണ് കണ്ടത്. കേരളത്തിലിപ്പോള്‍ റെയില്‍വേയുടം സുവര്‍ണ്ണകാലമാണെന്നു മോദി അവകാശപ്പെടുന്നതു കേട്ടു. മറുവശത്ത് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയിലൂടെ വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. പ്രഖ്യാപനത്തിലൊതുങ്ങില്ല എന്നുതന്നെ കരുതാം. കാരണം പലരും കൊട്ടിഘോഷിക്കുന്നപോലെ വളരെ മെച്ചപ്പെട്ട അവസ്ഥയൊന്നുമല്ല കേരളത്തിന്റേത്. അതീവദാരിദ്ര്യത്തില്‍ കഴിയുന്ന നിരവധി പേരുടെ നാടുകൂടിയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്. അവരുടെ വികസനമാണ്, വികസനത്തിന്റെ യഥാര്‍ത്ഥ രാഷ്ട്രീയം.

മോദിയുടെ ഈ വരവില്‍ ലക്ഷ്യമിട്ട ഉദ്ദേശങ്ങള്‍ പൂര്‍ണ്ണമായിട്ടല്ലെങ്കിലും കുറെയൊക്കെ നേടാന്‍ ബിജെപിക്കായിട്ടുണ്ട് എന്നുറപ്പ്. പലപ്പോഴും തങ്ങളുടെ അജണ്ടയനുസരിച്ച് രാഷ്ട്രീയത്തെ വഴിതിരിച്ചുവിടാനും അവര്‍ക്കാവുന്നുണ്ട്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ ലോകസഭയില്‍ ഏതാനും സീറ്റ് എന്നതിലേക്കൊന്നും കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ അതെത്തുമെന്നു കരുതാനാകില്ല. ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കുമൊപ്പം ബിജെപിക്ക ബാലികേറാമലയായി കേരളവും തുടരുമെന്നുതന്നെയാണ് രാഷ്ട്രീയകണക്കെടുപ്പില്‍ ലഭിക്കുന്ന സൂചന. അതേസമയം മോദിക്കും ബിജെപിക്കും ഉചിതമായ മറുപടി കൊടുക്കാനുള്ള ഡി വൈ എഫ് ഐയുടെ നീക്കം വേണ്ടത്ര വിജയിച്ചില്ല എന്നതാണ് വാസ്തവം. യുവം പരിപാടിയില്‍ എന്തു ചൊദ്യവും ചോദിക്കാമെന്ന മോദിയുടെ പ്രഖ്യാപനത്തോട് പ്രതകരി്ച്ച് ഡിവൈഎഫ്‌ഐ നേതൃത്വം 100 ചോദ്യങ്ങള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചല്ലോ. മിക്ക ചോദ്യങ്ങളും വളരെ പ്രസക്തമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ശ്രദ്ധേയമായ ഒന്നോ അതിലധികോ രാഷ്ട്രീയ പരിപാടികളിലൂടെ ചോദ്യം ചെയ്യല്‍ ഒരു രാഷ്ട്രീയസംഭവമാക്കാനവര്‍ക്കായില്ല. ആയിരുന്നെങ്കില്‍ അതൊരു പുതിയ തുടക്കമായിരുന്നു. പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രി വരെയുള്ള ജനപ്രതിനിധികള്‍ തു സമയത്തും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥരാണെന്ന സന്ദേശം അതിലൂടെ ലഭിക്കുമായിരുന്നു. നിലവിലെ ജനാധിപത്യസംവിധാനത്തില്‍ ഒരു കുതിച്ചുചാട്ടമായി അതുമാറുമായിരുന്നു. എന്നാല്‍ പ്രഖ്യാപനമൊക്കെ നടത്തിയെങ്കിലും അര്‍ഹിക്കുന്ന പ്രാധാന്യം ആ പരിപാടിക്കു നല്‍കാന്‍ ഡി വൈ എഫ് ഐക്കായില്ല എന്നു പറയാതെ ഈ കുറിപ്പവസാനിപ്പിക്കാനാവില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply