മാര്‍ക്കറ്റ് സോഷ്യലിസവും മാര്‍ക്‌സിസം -ലെനിനിസവും

വിപണിയും വിനിമയവും വിതരണവും സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെ അവധാനതയോടെ അഭിസംബോധനചെയ്യാനും വിപണി വ്യവസ്ഥയും തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ തിരിച്ചറിയാനും ഷീജിന്‍പിങ്ങിന് സാധിച്ചിട്ടുണ്ടെന്നുള്ളതിന്റെ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്രത്തോളം ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസത്തിന് നടന്നെത്താനായിട്ടുണ്ട് എന്നത് തീര്‍ച്ചയായും ശുഭോദര്‍ക്കമാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനൊന്നാം കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി നടന്ന മൂന്നാം പ്ലീനത്തിലാണ് (1978) സാമ്പത്തികപരിഷ്‌കരണത്തിന്റെയും (reform) സമ്പദ് വ്യവസ്ഥയുടെ തുറന്നുകൊടുക്കലിന്റെയും (opening) പുതിയ പാത സ്വീകരിക്കാനുള്ള തീരുമാനമെടുക്കുന്നത്. ദൈങ്‌സിയാവോപിങ്ങിന്റെ സിദ്ധാന്തങ്ങള്‍ക്ക് പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചതോടെ, 1949ല്‍ പീപ്പിള്‍സ് റിപ്പബ്ലിക്ക് സ്ഥാപിതമായതിന് ശേഷം ചൈനീസ് പാര്‍ട്ടി പിന്തുടര്‍ന്ന പൊതു ലൈനില്‍നിന്നും വ്യതിചലിക്കാന്‍ തീരുമാനിച്ചുവെന്ന കാര്യം ഉറപ്പായി. ചൈനക്കാരില്‍ കുറച്ചുപേരെ സമ്പന്നരാക്കുകയും ചൈനയുടെ കുറച്ചു പ്രദേശങ്ങളെ സമ്പന്നമാക്കുകയും ചെയ്തുകൊണ്ട് മുഴുവന്‍ ആളുകളെയും ചൈനയെയൊന്നടങ്കവും സമ്പന്നമാക്കാനുള്ള ബൃഹത്തായ പദ്ധതിക്കടിത്തറയിടുകയെന്നതായിരുന്നു ദെങ്ങിന്റെ കാഴ്ചപ്പാട്. സാമ്പത്തികപരിഷ്‌കരണമെന്നാല്‍ ഉടമസ്ഥാവകാശ രൂപങ്ങളിലും മാനേജ്‌മെന്റ് രീതികളിലും വിപണിയോടുള്ള സമീപനത്തിലും വിതരണസമ്പ്രദായത്തിലും ഉള്ള പരിഷ്‌കരണമാണെന്നും തുറന്നുകൊടുക്കല്‍ എന്നതിന്റെ അര്‍ത്ഥം സമ്പദ്വ്യവസ്ഥയെ വിദേശമൂലധനത്തിനും സാങ്കേതികവിദ്യക്കും കടന്നുവരാ നായി ചൈനയുടെ വാതില്‍ തുറന്നുകൊടുക്കലാണെന്നും പതിമൂന്നാം കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗത്തില്‍ ദങ് വിശദീകരിച്ചു. മുതലാളിത്ത പുനഃസ്ഥാപനത്തിന്റെ ഭീഷ ണിയെക്കുറിച്ചും അതിനെതിരെ അനുസ്യൂതം നടത്തിക്കൊണ്ടിരിക്കേണ്ട സമരത്തെക്കുറിച്ചും അതുവരെ നിലനിന്നിരുന്ന അടിസ്ഥാന ലൈനിന്റെ മൗലികകാഴ്ചപ്പാടിനും അന്തഃസത്ത കടകവിരുദ്ധമെന്ന് പറയാവുന്ന ഒന്നാണ് ദെങ്ങ് സിയാവോ മുന്നോട്ടുവച്ച പുതിയ ലൈന്‍ എന്നത് നിസ്തര്‍ക്കമാണ്. അതുകൊണ്ട് തന്നെ പതിമൂന്നാം കോണ്‍ഗ്രസ്സ് മാവോ സേതൂങ്ങ് വിഭാവനം ചെയ്ത അനുസ്യൂതവിപ്ലവത്തിന്റെയും രണ്ടു ലൈന്‍ സമരത്തിന്റെയും പാതയില്‍ നിന്നുള്ള വിഛേദവും തിരുത്തും എന്ന നിലയില്‍ ആഗോളതല ത്തില്‍ വിമര്‍ശിക്കപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്തു. വിമര്‍ശകര്‍ പ്രധാനമായും മാവോ ചിന്തയുടെ വക്താക്കളായിരുന്നുവെങ്കില്‍, ആഘോഷിച്ചത് സാമാജ്യത്വ മൂലധനശക്തികളാണ്. ”പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാല്‍ മതി” എന്ന ചൈനീസ് ആപ്തവാക്യമുദ്ധരിച്ചുകൊണ്ട് ഏത് വിധേനയും സാമ്പത്തിക പുരോഗതിയാര്‍ജ്ജിക്കുകയെന്നത് ചൈനീസ് സോഷ്യലിസത്തിന്റെ നിലനില്പിനും വളര്‍ച്ചക്കും അനിവാര്യവും അനുപേക്ഷണീയവുമാണെന്ന കാര്യത്തില്‍ പാര്‍ടിയെ തന്റെ പിന്നില്‍ അണിനിരത്തുന്നതില്‍ ദെങ്ങ് വിജയിച്ചു. സാമ്പത്തിക പരിഷ്‌കരണത്തിലൂ ന്നിയ പുതിയ ലൈനിനോടുള്ള വിയോജിപ്പുകളും എതിര്‍പ്പുകളും നിശ്ശബ്ദമാക്കപ്പെടുകയും അതിനെ സംബന്ധിച്ച പ്രത്യയശാസ്ത്ര ചര്‍ച്ചകള്‍ നിരോധിക്കപ്പെടുകയും ചെയ്തു. ”നൂറു പുഷ്പങ്ങള്‍ വിരിയട്ടെ, നൂറു ചിന്താഗതികള്‍ ഏറ്റുമുട്ടട്ടെ” എന്ന മാവോചിന്തയുടെ അടിക്കല്ലുകളെ തന്നെ ഇളക്കി പ്രതിഷ്ഠിച്ചുകൊണ്ടാണ് ദെങ്ങിന്റെ കാലം പുരോഗമിച്ചത് എന്നര്‍ത്ഥം.

സാധാരണക്കാരന്റെ ദാരിദ്ര്യമകറ്റാനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സോഷ്യലിസത്തിന് സാധിക്കുന്നില്ലെങ്കില്‍ സോഷ്യലിസം മുതലാളിത്തത്തേക്കാള്‍ മെച്ചമാണെന്ന് എങ്ങിനെ പറയാന്‍ സാധിക്കും എന്ന ന്യായവാദമാണ് പരിഷ്‌കരണപരിപാടികള്‍ക്കു പിന്നിലെ സാമാന്യതത്വമായി ദെങ്ങ് ചൈനക്കാരുടെ മുമ്പില്‍ ഉയര്‍ത്തിക്കാട്ടിയത്. സാംസ്‌കാരികവിപ്ലവവും ”നാല്‍വര്‍ സംഘവും” സോഷ്യലിസത്തെ ദാരിദ്ര്യത്തിന്റെ ആത്മീയസിദ്ധാന്തമാക്കി പരിവര്‍ത്തിപ്പിക്കാനാണ് ശ്രമിച്ചതെന്ന് ആരോപിച്ചുകൊണ്ട്, സാംസ്‌കാരികവിപ്ലവകാലത്തിന്റെ കാല്‍പ്പാടുകളെപ്പോലും മായ്‌ക്കേണ്ടതുണ്ടെന്ന കാര്യത്തില്‍ ദെങ്ങിന്റെ സിദ്ധാന്തവും പ്രവര്‍ത്തനങ്ങളും ബദ്ധശ്രദ്ധമായിരുന്നു. സാംസ്‌കാരികവിപ്ലവത്തെ, ചൈനയുടെ സമ്പദ് പുരോഗതിയെ പിറകോട്ടടിപ്പിക്കുകയും ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ മാത്രം സംഭാവന ചെയ്യുകയും ചെയ്ത ഒരു വിപല്‍ക്കര ശക്തിയാണെന്ന ചിന്തയെ സാധാരണ ചൈനക്കാരന്റെ പൊതുബോധത്തില്‍ രൂഢമൂലമാക്കാന്‍ ദെങ്ങിന്റെ പ്രസംഗങ്ങള്‍ക്ക് സാധ്യമായി. സമ്പദ് വികസനത്തോട് പൊതുവിലും സ്വകാര്യസ്വത്ത് സമ്പാദനം, സമ്പദ് വിതരണത്തിലെ അസമത്വങ്ങള്‍, പുതിയതരം ഉല്പാദനബന്ധങ്ങളുടെ ആവിര്‍ഭാവം എന്നിവയോടുള്ള സാമാജ്യത്വജനതയുടെയും മധ്യവര്‍ഗ്ഗത്തിന്റെയും വീക്ഷണത്തിന്റെ കാര്യത്തില്‍ മാറ്റമുണ്ടായി. 1978 മുതല്‍ക്കുള്ള സാമ്പത്തിക പരിഷ്‌കരണവും സമ്പദ്ഘടനയുടെ തുറന്നിടലും ചൈനയുടെ സാമ്പത്തിക കുതിപ്പിന് കളമൊരുക്കിയെ ന്നതില്‍ യാതൊരു സംശയവുമില്ല. അതിന്റെ പരിണിതഫലമായി, ചൈനയുടെ പിന്നാക്കപ്രദേശങ്ങളിലൊന്നായ തെക്കന്‍ ചൈനയിലെ തീരദേശമേഖലയില്‍ പതിനഞ്ചോളം വന്‍നഗരങ്ങളുയര്‍ന്നുവന്നു. നഗരവല്കരണം ഗ്രാമീണജനതയുടെ വര്‍ദ്ധമാനമായ കുടിയേറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കി. അതേസമയം, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലും സമ്പന്നരും ദരിദ്രരും തമ്മിലുമുള്ള അന്തരം പൂര്‍വ്വാധികം വര്‍ദ്ധിക്കുകയും അസമാനമായ വളര്‍ച്ചയുടെ മുതലാളിത്ത മാതൃകയായി അതു പരിണമിക്കുകയും ചെയ്തു. ദെങ്ങ് സിയാവോപിങ്ങും പാര്‍ടി നേതൃത്വവും ഇത്തരത്തിലുള്ള ഒരു ധ്രുവീകരണ പ്രതിഭാസം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് വേണം അനുമാനിക്കാന്‍. മുതലാളിത്ത ഉല്പാദനശക്തികളുടെ വളര്‍ച്ചാപ്രകിയയില്‍ അനിവാര്യമായും സംഭവിക്കുന്ന ഈ സാമ്പത്തികപ്രതിഭാ സത്തെ തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യംകൊണ്ട് നിയന്ത്രണവിധേയമാക്കുകയെന്ന സൈദ്ധാന്തിക പരികല്പനയുടെ രത്‌നച്ചുരുക്കമായി ദെങ്ങ് അവതരിപ്പിച്ച് ”ഒരു കേന്ദ്ര ദൗത്യം രണ്ട് അടിസ്ഥാന ദൗത്യങ്ങള്‍” (One centraltask, two basic points) എന്ന തത്വം സമ്പദ് വികസനത്തിന് പ്രഥമപ്രാധാന്യം നല്‍കുകയും അതിനെ മാര്‍ക്‌സിസം ലെനിനിസം -മാവോ ചിന്ത, സോഷ്യലിസ്റ്റ് പാത, ജനകീയ ജനാധിപത്യ സര്‍വ്വാധിപത്യം, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നീ നാലു പ്രധാന തത്വങ്ങള്‍ക്ക് (Four cardinal principles) വിധേയമാക്കുകയും ചെയ്യുകയെന്ന രാഷ്ട്രീയഭാവനയില്‍ തീര്‍ച്ചയായും ഇത്തരം അനുമാനങ്ങള്‍ക്ക് സ്ഥാനം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ടിയും ഭരണകൂടവും മുതലാളിത്ത ഉല്പാദനശക്തികളെ തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ നിയന്ത്രണത്തിന് വിധേയമാക്കുന്നതില്‍ എതത്തോളം വിജയിച്ചിട്ടുണ്ട് എന്നത് വിവാദവിഷയമാണ്. സമ്പദ്ഘടനാപരിഷ്‌കരണവും തുറന്നിടലും പ്രഖ്യാപിച്ച 1978ല്‍ നിന്നും പതിമൂന്നാം കോണ്‍ഗ്രസ്സിലെത്തുമ്പോഴേക്കും (1987) ചൈനയില്‍ വന്‍തോതിലുള്ള ജനകീയപ്രക്ഷോഭങ്ങള്‍ ഉടലെടുക്കുകയും 1989-ല്‍ അത് ടിയാന്‍ മിന്‍ സ്‌ക്വയറിലെത്തി ബൂര്‍ഷ്വാ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള ജനാധിപത്യമുന്നേറ്റമായി പരിണമിക്കുകയും ചെയ്തു. 1989ലെ ടിയാന്‍മിന്‍ സ്‌ക്വയര്‍ പ്രക്ഷോഭകാരികളെ നിഷ്ട്രമായി അടിച്ചമര്‍ത്തിക്കൊണ്ടാണ് ദെങ്ങിന്റെ നേതൃത്വത്തില്‍ പാര്‍ടിയും ഭരണകൂടവും നേരിട്ടത്. ജനകീയപ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രക്ഷോഭത്തിനനുകൂലമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നുവെന്നത് ഏറെ ശ്രദ്ധയോടെ കാണേണ്ട കാര്യമാണ്. പതിമൂന്നാം കോണ്‍ഗ്രസ്സില്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാവോസിയാങ്ങ് ടിയാന്‍മിന്‍ സ്‌ക്വയര്‍ പ്രക്ഷോഭത്തിന് ധാര്‍മ്മിക പിന്തുണ നല്‍കിയെന്ന ആരോപണത്തിന് വിധേയമായി നേതൃത്വത്തില്‍ നിന്നൊഴിവാക്കപ്പെടുകയുണ്ടായി. തുടര്‍ന്നു പാര്‍ടി നേതൃത്വത്തിലേക്ക് വന്ന ജിയാങ്ങ് ജെമിന്‍ ദെങ്‌സിയാവോപിങ്ങിന്റെ ലൈനും നയവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുന്നോ ട്ടുപോയതെങ്കിലും സാമ്പത്തികപരിഷ്‌കരണത്തോടൊപ്പം രാഷ്ട്രീയപരിഷ്‌കരണവും അനി വാര്യമാണെന്ന പുതിയ ലൈനിന്റെ പ്രയോക്താവായി മാറി. അതായത്, ഷാവോസിയാ ങ്ങിന്റെ പുറത്താകലിന് കാരണമായ ”ജനാധിപത്യവാദം’മറ്റൊരു രീതിയില്‍ പാര്‍ട്ടിക്കുള്ളിലേക്കൊളിച്ചു കടത്താനായിരുന്നു ജിയാങ്ങ് ജെമിന്റെ ശ്രമം. ബഹുപാര്‍ടി സംവിധാനവും ജനാധിപത്യ അവകാശങ്ങളും അനുവദിക്കപ്പെട്ടില്ലെങ്കിലും ജിയാങ് ജെമിന്റെ കാലത്ത് (1989 – 2002 വരെ പാര്‍ടി സെക്രട്ടറിയും 1993 മുതല്‍ 2003 വരെ ചൈനീസ് പ്രസിഡന്റും) ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നവീകരണം സാധ്യമായി എന്നത് വസ്തുതയാണ്. ഇതിന്റെ സൈദ്ധാന്തിക സ്രോതസ്സായി അദ്ദേഹമവതരിപ്പിച്ച് മൂന്ന് പ്രതിനിധാനങ്ങള്‍ പാര്‍ടിയുടെ ഘടനയെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെ പുതിയ വസ്തുനിഷ്ഠ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ന്യായീകരിക്കുകയുണ്ടായി. എന്നാല്‍, സിപിസി യുടെ വര്‍ഗ്ഗഘടനയില്‍ നിന്ന് തെന്നിമാറുന്ന തരത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തെ സംബന്ധിച്ച മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് തത്വത്തെ ഇക്കാലത്ത് പുനര്‍നിര്‍വ്വചിക്കുകയും ചെയ്യുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

– ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ബഹുജനാടിത്തറ വികസിപ്പിക്കേണ്ടതിനെ സംബന്ധിച്ച് ജിയാങ്‌ജെമിന്‍ 2001 ല്‍ നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗത്തില്‍ ഈ വ്യതിയാനം സുവ്യക്തമാണ്. പരിഷ്‌കരണവും തുറന്നിടലും തുടങ്ങിയതിന് ശേഷം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യനിരയില്‍ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ജനങ്ങള്‍ പങ്കാളികളായിട്ടുള്ള ശാസ്ത്ര-സാങ്കേതിക സംരംഭങ്ങളുടെ സ്ഥാപകരായ സാങ്കേതികവിദഗ്ധര്‍, വിദേശമൂലധനസംരംഭങ്ങളില്‍ മാനേജ്‌മെന്റ് ഉദ്യോഗങ്ങള്‍ വഹിക്കുന്നവര്‍, സ്വന്തമായി ബിസ്സിനസ്സ് നടത്തുന്ന കുടുംബങ്ങള്‍, ഇടനിലക്കാരായ ബ്രോക്കര്‍മാര്‍, സ്വകാര്യകച്ചവട ഉടമസ്ഥര്‍, സ്വതന്ത്ര പ്രഫഷണലുകള്‍ എന്നിവരുടെ ഒരു പുതിയ നിര സമൂഹത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് – സര്‍വ്വോപരി, നിരവധിയാളുകള്‍, എല്ലായ്‌പ്പോഴും വ്യത്യസ്ത ഉടമസ്ഥതകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരിക്കുന്നുണ്ട്. (വ്യത്യസ്ത മേഖലകളിലേക്കും) ആളുകളുടെ ജോലിയും യോഗ്യതയും (status) നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റം ഇനിയും തുടരും. പാര്‍ടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മാനിച്ചുകൊണ്ട്, ഈ വിഭാഗങ്ങളെല്ലാം സോഷ്യലിസ്റ്റ് സമൂഹത്തിന്റെ വളര്‍ച്ചക്കുവേണ്ടി സംഭാവന നല്‍കുന്നുണ്ട്. ഈ വിഭാഗം തൊഴിലാളികള്‍, കര്‍ഷകര്‍, ബുദ്ധിജീവികള്‍, പാര്‍ടിമെമ്പര്‍മാര്‍, പിഎല്‍എ (peoples army) ഉദ്യോഗസ്ഥര്‍, പട്ടാളക്കാര്‍ എന്നിവര്‍ക്കൊപ്പം അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന് മാതൃഭൂമിയോടും സോഷ്യലിസത്തോടും കൂറുപുലര്‍ത്തുന്ന, സമൂഹത്തിലെ എല്ലാ മേഖലയില്‍നിന്നുമുള്ള മികച്ച ഘടകങ്ങളുടെ പങ്കാളിത്തം ആവശ്യമാണ്. പാര്‍ടിലൈനിന്റെയും പരിപാടിയുടെയും വിജയത്തിനുവേണ്ടി ഏതൊരാളും ആത്മാര്‍ത്ഥതയോടെ സ്വയം സമര്‍പ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അത് പാര്‍ടി അംഗത്വത്തിന് ആവശ്യമായ യോഗ്യതയുടെ മാനദണ്ഡം കണക്കാക്കുന്നതില്‍ പ്രധാനമായി കാണാവുന്നതാണ്.

ചൈനയുടെ ആധുനികവല്കരണത്തിന്റെ ഫലമായി സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങളുടെ വര്‍ഗ്ഗസ്വഭാവമെന്താണെന്നും പുതുതായി ആവിര്‍ഭവിച്ച വര്‍ഗ്ഗങ്ങളുടെ സ്വഭാവമെന്താണെന്നും വിശകലനം നടത്തുന്നതിന് പകരം, അവയെ new stratum അഥവാ പുതിയ സാമൂഹികനിരകള്‍ എന്ന അര്‍ത്ഥത്തില്‍ വര്‍ഗ്ഗതരമായി കാണുന്ന ജിയാങ്ങ് ജെമിന്റെ വീക്ഷണം തന്നെ അടിസ്ഥാനപരമായി മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് വിരുദ്ധമാണ് മാത്രമല്ല, സ്വകാര്യ സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയും സ്വകാര്യലാഭത്തിന് വേണ്ടി മൂലധനം മുടക്കുന്നവരെയും കുടുംബത്തിന്റെ നേതൃത്വത്തില്‍ വ്യവസായം നടത്തുന്നവരേയും ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരുടെ വിവിധ തട്ടുകളെയുമെല്ലാം ‘ജനങ്ങള്‍’എന്ന വിഭാഗത്തിലുള്‍പ്പെടുത്തി, തൊഴിലാളിവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും പട്ടാളക്കാര്‍ക്കും ബുദ്ധിജീവികള്‍ക്കുമൊപ്പം സോഷ്യലിസം കെട്ടിപ്പടുക്കാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്നവര്‍ എന്ന് വിലയിരുത്തുന്നതില്‍ തൊഴിലാളിവര്‍ഗ്ഗ വീക്ഷണലോപം മാത്രമല്ല, തൊഴിലാളിവര്‍ഗ്ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന മൗലികസമീപനത്തിന്റെ നിഷേധവും ഉള്ളടങ്ങിയിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ച തൊഴിലാളിസംഘടനാ നേതാക്കളെ ബലംപ്രയോഗിച്ച് അമര്‍ച്ചചെയ്യുന്ന നിലപാടാണ് ജിയാങ് ജെമിന്‍ സ്വീകരിച്ചത് എന്നും ഓര്‍ക്കേണ്ടതുണ്ട്.

– ദെങ്ങ്‌സിയാവോപിങ്ങിന്റെ നേതൃത്വത്തില്‍ സമ്പദ്വ്യവസ്ഥയുടെ വാതില്‍ വിദേശ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് തുറന്നുകൊടുക്കുമ്പോഴും പാര്‍ട്ടിക്കുള്ളിലേക്ക് അന്യവര്‍ഗ്ഗങ്ങള്‍ പ്രവേശിക്കുന്നതിനെ കര്‍ശനമായി തടഞ്ഞുനിര്‍ത്തുകയും അതിനെതിരെ ജാഗ്രത പുലര്‍ത്തുകയും ചെയ്തിരുന്നു. മുതലാളിത്തോല്പാദനശക്തികളുടെ വളര്‍ച്ച ത്വരിതപ്പെടുമ്പോള്‍ സ്വാഭാവികമായും സംഭാവ്യമായ സ്വകാര്യമൂലധന കേന്ദ്രീകരണത്തെ ഒരു വര്‍ഗ്ഗശക്തിയായി മാറാനനുവദിക്കുന്നത് സോഷ്യലിസത്തിന്റെ നിലനില്പിനും വളര്‍ച്ചക്കും അപകടകരമാണെന്ന കാഴ്ചപ്പാട് ദെങ്ങിനുണ്ടായിരുന്നു. ഈ കാഴ്ചപ്പാടാണ് ടിയെന്‍മിന്‍ സ്‌ക്വയര്‍ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ളഭരണകൂടത്തിന്റെ തീരുമാനത്തിന് വഴി വെച്ചത്. എന്നാല്‍ സാമ്പത്തിക പരിഷ്‌കരണപരിപാടികള്‍ സമൂഹത്തില്‍ സൃഷ്ടിച്ച പുതിയ വര്‍ഗ്ഗഘടകങ്ങളെ വിലയിരുത്താന്‍ മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് വര്‍ഗ്ഗവിശകലനത്തിന്റെ അടിസ്ഥാനനിലപാടില്‍ നിന്നും വ്യതിചലിച്ച് പുതിയ മാനദണ്ഡങ്ങള്‍ സ്വീകരിക്കാനുള്ള പ്രവണതയുടെ പ്രതിനിധാനങ്ങളാണ് ജിയാങ് ജെമിന്‍ അവതരിപ്പിച്ചത്. പാര്‍ടിയെ ഉദാരവല്കരിക്കാനുള്ള ജിയാങ്‌ജെമിന്റെ ശ്രമങ്ങള്‍ പൂര്‍ണ്ണമായും വിജയിച്ചില്ലെങ്കിലും പാര്‍ടിയിലും ഭരണത്തിലും അദ്ദേഹത്തിന് നേതൃസ്ഥാനമുണ്ടായിരുന്ന രണ്ട് ദശാബ്ദങ്ങള്‍ക്കി ടയില്‍ തൊഴിലാളിവര്‍ഗ്ഗപാര്‍ടിയെന്ന സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നത് പ്രസ്താവ്യമാണ്. സമ്പദ്വികാസത്തോടൊപ്പം അഴിമതിയും സ്വജനപക്ഷപാതവും പാര്‍ടിയുടെ പ്രാദേശിക തലങ്ങളില്‍ പിടിമുറുക്കിയ മാഫിയാസംഘങ്ങളും അനുക്രമം ശക്തിപ്രാപി ക്കുകയും നിയമവാഴ്ചയെന്നത് നാമമാത്രവും ഏകപക്ഷീയവുമായ ഒരു അസംബന്ധമായി അധഃപതിക്കുകയും ചെയ്തതിന്റെ ഫലമായി ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസമെന്ന മുദ്രാവാക്യം വെറും വാചക കസര്‍ത്തായി മാറുകയാണുണ്ടായത്. — 1978നുശേഷമുള്ള ചൈനയുടെ വികസനപാത, മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് തത്വങ്ങളില്‍ നിന്നും മാവോചിന്തയില്‍ നിന്നുമുള്ള വ്യതിചലനമായിരുന്നോ എന്നതിനെക്കാളധികം പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നം, വാസ്തവത്തില്‍, സോഷ്യലിസ്റ്റ് പരിവര്‍ത്തനകാലഘട്ടത്തില്‍ അനിവാര്യമായ മുതലാളിത്ത ഉല്പാദനശക്തികളുടെ വളര്‍ച്ചാഘട്ടം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ സൃഷ്ടിക്കുന്ന ഇത്തരം പരിണാമങ്ങളാണ്. തൊഴിലാളിവര്‍ഗ്ഗം അധികാരം പിടിച്ചെടുക്കുകയും ഉല്പാദനോപാധികള്‍ പൊതുസ്വത്താക്കുകയും ചെയ്യുന്നതോടെ കമ്യൂണിസ്റ്റ് തത്വങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ ഉടച്ചുവാര്‍ക്കാനാവുമെന്ന അന്ധവിശ്വാസം മാര്‍ക്‌സിസം ലെനിനിസം വെച്ചുപുലര്‍ത്തുന്നില്ല. ”മനുഷ്യര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഒരു സാമൂഹ്യരൂപം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒട്ടുമില്ല” എന്ന മാര്‍ക്‌സിന്റെ നിഗമനം ഇത് വ്യക്തമാക്കിയിട്ടുണ്ട്. പൂമോണിന്റെ ‘ദാരിദ്ര്യത്തിന്റെ തത്വശാസ്ത്ര’ത്തെ വിമര്‍ശനവിധേയമാക്കി മാര്‍ക്‌സ് വിശകലനം ചെയ്യുന്നതിപ്രകാരമാണ്. ”മനുഷ്യരുടെ ഉല്പാദനമേഖലയുടെ ഒരു പ്രത്യേകഘട്ടത്തെക്കുറിച്ച് സങ്കല്പിക്കുകയാണെങ്കില്‍, ഒരു പ്രത്യേകരീതിയിലുള്ള വാണിജ്യത്തെയും ഉപഭോഗത്തെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വാണിജ്യത്തിന്റെയും ഒരു പ്രത്യേക ഘട്ടത്തെക്കുറിച്ച് സങ്കല്പിക്കുകയാണെങ്കില്‍, അതുമായി ബന്ധപ്പെട്ട വ്യവസ്ഥയുടെയും അഥവാ വര്‍ഗ്ഗങ്ങള്‍ക്കനുസൃതമായ കുടുംബസംവിധാനത്തെ, ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിന്നുസൃതമായ സിവില്‍സമൂഹത്തെ നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഒരു പ്രത്യേക പൗരസമൂഹത്തെ സങ്കല്പിച്ചുനോക്കുക. അപ്പോള്‍ ഈ പൗരസമൂഹത്തിന്റെ തന്നെ ഔദ്യോഗിക ആവിഷ്‌കാരമായ രാഷ്ട്രീയ സാഹചര്യം എന്താണെന്ന് മനസ്സിലാക്കാനാവും. മനുഷ്യര്‍ക്ക് അവരുടെ ഇഷ്ടമനുസരിച്ചുള്ള ഉല്പാദനശക്തികളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന് ഇവിടെ ഇനിയും കൂട്ടിച്ചേര്‍ക്കേണ്ടതില്ല. (Marx to PV Anenkov -Dec.28 -1846. Marx – Engels- Lenin On historical materialism, page 274)

— എല്ലാ ഉല്പാദനശക്തികളും ആര്‍ജ്ജിതമാണെന്നും മുന്‍കാലപ്രവര്‍ത്തനങ്ങളുടെ ഫലമാണെന്നും അതുകൊണ്ടുതന്നെ അവ പുതിയ ഉല്പാദനത്തിനുള്ള അസംസ്‌കൃത വസ്തുവാണെന്നും മാര്‍ക്‌സ് തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. നിര്‍ദ്ദിഷ്ഠസാഹചര്യങ്ങളിലെ ഉല്പാദനശക്തികള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തുമ്പോള്‍ നിലനില്‍ക്കുന്ന ഉല്പാദനബ ന്ധങ്ങളെ തകര്‍ത്ത് പുതിയ ഉല്പാദനശക്തികളുടെ നിലനില്പിനും വളര്‍ച്ചക്കുമനുഗുണമായ പുതിയ ഉല്പാദനബന്ധങ്ങളെ സൃഷ്ടിക്കുന്ന പ്രകിയ ചരിത്രവികാസത്തില്‍ അനിവാര്യമായും സംഭവിക്കുന്നതാണെന്നും ചരിത്രപരമായ ഭൗതികവാദനിലപാടിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തെയും തുടര്‍ന്നുള്ള ചരിത്രവികാസത്തെയും മാര്‍ക്‌സിസം വിഭാവനം ചെയ്യുന്നത്. രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇഛാനുസരണം ഉല്പാദനശക്തിയുടെ സോഷ്യലിസ്റ്റ്/കമ്യൂണിസ്റ്റ് മാതൃകയെ സമൂഹത്തിന്റെ മുകളില്‍ കെട്ടിവെച്ച് കൊണ്ട് സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനം സാധ്യമാവുമെന്ന് കരുതുന്നതില്‍ മാര്‍ക്‌സിസമില്ല. അത് കേവലം ഉട്ടോപിയന്‍ ആശയം മാത്രമാണ് എന്ന് ലെനിന്‍ തന്നെ സോവിയറ്റനുഭവങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. സമൂഹത്തെ ചെറുകിട ഉല്പാദനത്തില്‍ നിന്നും സോഷ്യലിസത്തിലേക്കുയര്‍ത്താന്‍ നമുക്ക് വേണ്ട്രത സാധിക്കാത്ത സാഹചര്യത്തില്‍ ചെറുകിട ഉല്പാദനത്തിന്റെയും വിനിമയത്തിന്റെയും ഘടകാംശമായ ഉല്പന്നമെന്ന നിലയില്‍ കുറച്ചുമുതലാളിത്തം ഒഴിച്ചുകൂടാനാവാത്തതാണ്. അതുകൊണ്ട് ചെറുകിട ഉല്പാദനത്തിനും സോഷ്യലിസത്തിനും ഇടക്കുള്ള ഒരു കണ്ണിയായി, ഒരുപാധിയായി, ഉല്പാദനശക്തികളെ വികസിപ്പിക്കാനുള്ള ഒരു രീതിയായി മുതലാളിത്തത്തെ നാമുപയോഗിക്കണം. പ്രത്യേകിച്ചും അതിനെ സ്റ്റേറ്റ് മുതലാളിത്തത്തിന്റെ വഴികളിലേക്കെത്തിച്ചുകൊണ്ട് – (Lenin, collected works Vol 32. Page 350) – 1978നുശേഷം ചൈനയില്‍ സംഭവിച്ചത് മുതലാളിത്ത പുനഃസ്ഥാപനമല്ലെന്നും കമ്യൂണിസത്തിന്റെ പ്രാഥമികഘട്ടത്തില്‍ ഉല്പാദനശക്തികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ നിര്‍ദ്ദിഷ്ഠസാഹചര്യത്തിനനുഗുണമായ വിധത്തില്‍ ജനകീയ ജനാധിപത്യ സര്‍വ്വാധിപത്യത്തിന്റെ നേതൃത്വത്തില്‍ ബോധപൂര്‍വ്വം നടപ്പിലാക്കുന്ന മുതലാളിത്ത വളര്‍ച്ചയാണെന്നും സ്ഥാപിച്ചെടുക്കാന്‍ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും ഉദ്ധരണികള്‍ നിര്‍ല്ലോഭം ഉപയുക്തമാക്കാവുന്നതാണ്.

എന്നാല്‍ അടിസ്ഥാനപ്രശ്‌നം ചൈന എത്രത്തോളം മുതലാളിത്തവല്‍ക്കരിക്കപ്പെട്ടു എന്നതല്ല. കഴിഞ്ഞ മൂന്നുദശകങ്ങളില്‍ ചൈന കൈവരിച്ച സാമ്പത്തികപുരോഗതി അസൂയാര്‍ഹമാണെന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. ഈ സാമ്പത്തികപുരോഗതിയുടെ ഫലമായി ചൈനീസ് സമൂഹത്തിലുടലെടുത്തിട്ടുള്ള പുതിയ സാമൂഹിക വര്‍ഗ്ഗങ്ങളുടെ ചരിത്രപരമായ വികാസപ്രക്രിയയില്‍ ഭരണകൂടത്തിനും പാര്‍ട്ടിക്കും എത്രത്തോളം ഇടപെല്‍ നടത്താനാവും എന്നതാണ്. ”സോഷ്യലിസ്റ്റ് ഭരണത്തില്‍ ഉല്പാദനശക്തികളുടെ നിലവാരത്തെയും ഉല്പാദനബന്ധങ്ങളെയും ഒത്തിണക്കി മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമങ്ങളാണ് ചൈനയില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട് (സീതാറാം യെച്ചൂരി – 2002) 1987ല്‍ 13-ാം കോണ്‍ഗ്രസ്സില്‍ ദെങ് സിയാവോപിങ്ങ് നിര്‍വ്വചിച്ച മാര്‍ക്കറ്റ് സോഷ്യലിസത്തിന് ഈ ശ്രമം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോവാന്‍ സാധിച്ചിട്ടുണ്ടോ എന്നതും ചിന്തനീയമാണ്. കാരണം, സാമ്പത്തികപരിഷ്‌കാരങ്ങള്‍ ചൈനീസ് ജനതക്കിടയില്‍ വലിയ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും രാജ്യത്തെ അതിസങ്കീര്‍ണ്ണമായ സാമൂഹ്യവിഭാഗങ്ങളുടെ ഘടനയെയും വീക്ഷണങ്ങളെയും താല്പര്യങ്ങളെയുമെല്ലാം അത് പുനര്‍നിര്‍വ്വചിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ അതിര്‍വരമ്പുകള്‍ പുതിയ ഇടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കപ്പെടുകയും അവര്‍ക്കിടയിലെ അന്തരം വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കര്‍ഷകര്‍, സാധാരണ തൊഴിലാളികള്‍, മുന്‍പട്ടാളക്കാര്‍, മറ്റു ദുര്‍ബ്ബലജനവിഭാഗങ്ങള്‍ എന്നിവര്‍ക്ക് നിലക്കള്ളിയില്ലാത്ത അവസ്ഥയാണ്. അവരുടെ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് 2001 ല്‍ തന്നെ നിരീ ക്ഷിക്കപ്പെട്ടിരുന്നു. ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ സത്വരപുരോഗതിയുടെ ഫലമായി സൃഷ്ടിക്കപ്പെട്ട പുതിയ സാമൂഹ്യവിഭാഗങ്ങളെക്കുറിച്ച് മൂന്നുവര്‍ഷക്കാലം നടത്തിയ ഒരു പഠനറിപ്പോര്‍ട്ട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ പഠനമനുസരിച്ച് ആദ്യമുണ്ടായിരുന്ന സാമൂഹ്യവിഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുകയും തല്‍സ്ഥാനത്ത് പുതിയ വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവരികയും ശക്തിപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ പരിണിതഫലമായി പാര്‍ടിക്ക് അതിന്റെ സാമൂഹ്യാടിത്തറ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ഷകര്‍, നഗരങ്ങളിലെ തൊഴിലാളികള്‍, ന്യൂനപക്ഷമതവിഭാഗങ്ങള്‍, റിട്ടയര്‍ ചെയ്ത പട്ടാളക്കാര്‍, ബുദ്ധിജീവികളിലൊരു വിഭാഗം എന്നിവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇങ്ങിനെ ഔദ്യോഗികമായി സ്ഥിരീ കരിക്കപ്പെട്ട സാമ്പത്തിക ധ്രുവീകരണങ്ങളും പുതിയ വര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവവും സമ്പദ്വികസനത്തിന്റെ ഓരോ ഘട്ടത്തിലും മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

– സാമ്പത്തികപുരോഗതി സൃഷ്ടിച്ച ഈ പുതിയ പ്രതിഭാസത്തെയും സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന അന്തരത്തെയും അഭിസംബോധന ചെയ്യാനാവുമോ എന്നത് ഒരു പ്രായോഗിക പ്രശ്‌നം മാത്രമല്ല; സൈദ്ധാന്തികപ്രശ്‌നം കൂടിയാണ്. സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കണോമി എന്ന പ്രയോഗവും നിര്‍വ്വചനവും നിലവില്‍ വരുന്നത് 1992ലാണ്. ഉല്പാദനോപാധികള്‍ പൂര്‍ണ്ണമായോ ഭാഗികമായോ പൊതു ഉടമയിലായിരിക്കുമ്പോഴും വിപണി സ്വതന്ത്രവും മത്സരാധിഷ്ഠിതവുമായി നിലനില്‍ക്കുകയും സ്വകാര്യമൂലധന സമാഹരണത്തിന്റെ സാമൂഹിക ഇടമായി നിലനിര്‍ത്തപ്പെടുകയും ചെയ്യുന്നുവെന്നുള്ളതാണ് സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കണോമിയെ സവിശേഷമാക്കുന്നത്. ആസൂത്രണത്തിലും ഉല്പാദനത്തിലും വിതരണത്തിലുമെല്ലാം കമ്പോളശക്തികളെ മാനദണ്ഡമാക്കുന്നത് സോഷ്യലിസത്തെ സംബന്ധിച്ചുള്ള മാര്‍ക്‌സിസ്റ്റ് -ലെനിനിസ്റ്റ് സിദ്ധാന്തത്തില്‍നിന്നും വേറിട്ടുനില്‍ക്കുന്ന മാനദണ്ഡങ്ങളാണ്. ”സാമ്പത്തികാസൂത്രണംകൊണ്ട് മാത്രം ഒരു വ്യവസ്ഥ സോഷ്യലിസ്റ്റാവില്ല, കാരണം മുതലാളിത്ത വ്യവസ്ഥയിലും ആസൂത്രണമുണ്ട്. അതുപോലെ മാര്‍ക്കറ്റുള്ളത്‌കൊണ്ടു മാത്രം മുതലാളിത്തമാവില്ല” എന്നായിരുന്നു ദെങ്ങിന്റെ നിലപാട് കമ്പോളമത്സരമുള്ളിടത്ത് കുത്തകയുണ്ടാവുമെന്നാണ് മാര്‍ക്‌സിയന്‍ കാഴ്ചപ്പാട്.

ചൈനക്ക് സാമ്പത്തികാഭിവൃദ്ധി പ്രദാനം ചെയ്യുന്നകാര്യത്തിലും ലോകമുതലാളിത്തത്തോട് കിടപിടിക്കുന്ന കാര്യത്തിലും സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് സമ്പദ്വ്യവസ്ഥ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും സോഷ്യലിസത്തിന്റെ പ്രാരംഭഘട്ടമെന്ന് വിശേഷിപ്പിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ സമ്പദ് വിതരണത്തില്‍ സന്തുലിത തത്വം സ്ഥാപിക്കാന്‍ ഭരണകൂടത്തിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വേണ്ടത്ര വിജയിക്കാന്‍ സാധിച്ചിട്ടില്ല. സമ്പദ് വിതരണത്തില്‍ സന്തുലിതത്വമുണ്ടാക്കേണ്ടത് വിപണിയിലെ കിടമത്സരത്തിലൂടെയാണ് എന്നതാണ് തത്വമെങ്കില്‍ മാര്‍ക്കറ്റ് സോഷ്യലിസത്തോട് മാര്‍ക്‌സിസം -ലെനിനിസം വിയോജിക്കാനാണ് സാധ്യത. തൊഴിലാളിവര്‍ഗ്ഗത്തെയും സഖ്യശക്തികളെയും പ്രതിനിധാനം ചെയ്തുകൊണ്ട് സോഷ്യലിസ്റ്റ് മാര്‍ക്കറ്റ് ഇക്കോണമിയിലെ കമ്പോളമത്സരത്തില്‍ പങ്കെടുക്കുന്നത് ചൈനയുടെ ജനകീയജനാധിപത്യഭരണകൂടമാണെന്ന് സങ്കല്പിച്ചാല്‍ തന്നെയും ഘടനയിലും പ്രവര്‍ത്തനത്തിലും തൊഴിലാളിവര്‍ഗ്ഗതാല്പര്യങ്ങളെ തല്‍ക്കാലത്തേക്കെങ്കിലും രണ്ടാംസ്ഥാനത്തേക്ക് തള്ളിമാറ്റിക്കൊണ്ടിരിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇക്കാരണത്താല്‍ സിപിസിക്ക് മുതലാളിത്തമൂലധനസമാഹരണത്തിന്റെ ചരിത്രനിയമങ്ങളില്‍ എത്രത്തോളം ഇടപെടല്‍ നടത്താനും സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ വിപ്ലവപാതയിലേക്ക് അതിനെ വഴിതിരിച്ചുവിടാനും സാധിക്കും എന്നതാണ് ചൈനീസ് സ്വഭാ വത്തിലുള്ള സോഷ്യലിസത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതിലെ നിര്‍ണ്ണായകഘടകം. ഈ പ്രശ്‌നത്തെ പുതിയ പാര്‍ട്ടി -ഭരണനേതൃത്വം എങ്ങിനെ അഭിസംബോധനചെയ്യും എന്നുള്ളത് കാത്തിരുന്നു കാണേണ്ടതാണ്. വിപണിയും വിനിമയവും വിതരണവും സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെ അവധാനതയോടെ അഭിസംബോധനചെയ്യാനും വിപണി വ്യവസ്ഥയും തൊഴിലാളിവര്‍ഗ്ഗരാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ തിരിച്ചറിയാനും ഷീജിന്‍പിങ്ങിന് സാധിച്ചിട്ടുണ്ടെന്നുള്ളതിന്റെ സൂചനകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്രത്തോളം ചൈനീസ് സ്വഭാവത്തിലുള്ള സോഷ്യലിസത്തിന് നടന്നെത്താനായിട്ടുണ്ട് എന്നത് തീര്‍ച്ചയായും ശുഭോദര്‍ക്കമാണ്.

(2017ൽ നടന്ന ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ പത്തൊമ്പതാം കോൺഗ്രസ്സിനെ അവലോകനം ചെയ്തു കൊണ്ട് ജനശക്തി മാസിക യിൽ എഴുതിയ ലേഖനങ്ങളിൽ ഒന്നാണിത്.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply