മണിപ്പൂര്‍: ഗോത്രസ്വയംഭരണത്തിലൂടെ ശാശ്വത സമാധാനം

എത്തനോളജിക്കല്‍ നോട്ട് ബുക്സില്‍ മാര്‍ക്‌സ് വടക്കന്‍ അമേരിക്കയിലെ ഇറിഗ്വോയ് സമൂത്തിന്റെ ചരിത്രത്തെക്കുറിച്ച് ഹെന്റി മോര്‍ഗന്റെ Ancient Society എന്ന പുസ്തകത്തെ അധികരിച്ചു വിശദമായി എഴുതിയിട്ടുണ്ട്. അതുമായി മണിപ്പൂരിലെ ഗോത്ര വ്യവസ്ഥക്കു വളരെ സാമ്യമുണ്ട് – അയ്യന്‍കാളിയുടെ 160-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ദലിത് സമുദായ മുന്നണി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണപരമ്പരയില്‍ നടത്തിയ പ്രഭാഷണം…

ഈ അടുത്തകാലത്തുണ്ടായ മണിപ്പൂരിലേയും ഹരിയാനയിലേയും സംഭവവികാസങ്ങള്‍ ഒറ്റപ്പെട്ടവയല്ല. ബിജെപിഭരണത്തിന് കീഴില്‍ ഇന്ത്യയില്‍ ഉണ്ടാവുന്ന അശാന്തിയുടേയും ഹിംസയുടെയും അന്തരീക്ഷം പുതിയതല്ല. അതിനുമുമ്പുതന്നെ, ബിജെപിയുടെ നേതൃത്വത്തിലുള്ള ആദ്യഘട്ടത്തിലെ ഭരണം മുതല്‍തന്നെ, ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരികയായിരുന്നു. ആള്‍ക്കൂട്ടകൊലകള്‍, വിദ്യാഭ്യാസമേഖലയിലെ കടന്നുകയറ്റങ്ങള്‍, വിവിധ സ്ഥാപനങ്ങളെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍, ജനാധിപത്യമൂല്യങ്ങളെ വെല്ലവിളിക്കല്‍, ഭരണഘടനയുടെ പ്രാധാന്യം ഇല്ലാതാക്കല്‍, രാഷ്ട്രത്തിന്റെ പരമാധികാരമെന്നത് മതാധികാരമാക്കാനുള്ള ശ്രമങ്ങള്‍, ന്യൂനപക്ഷ – ദളിത് ജനതയോടുള്ള അവഹേളനങ്ങളും ആക്രമണങ്ങളും – അങ്ങനെ പലതും നിത്യസംഭവമായിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വന്തം അജണ്ട എന്ന രീതിയല്‍ ഭരണകൂടം തന്നെയാണ് മൗനാനുവാദത്തിലൂടെയോ നിഷ്‌ക്രിയത്വത്തിലൂടെയോ േ്രപാത്സാഹനംതന്നെ കൊടുത്തുകൊണ്ടോ ഇതിനെല്ലാം ചുക്കാന്‍ പിടിച്ചിട്ടുള്ളത് എന്ന ആരോപണം ശക്തമാണ്.. അതിന്റെ ഭാഗമായി നടന്ന ദളിത് ന്യൂനപക്ഷവേട്ടകള്‍, സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അവ ചെയ്തവര്‍ക്ക് ലഭിച്ച സംരക്ഷണങ്ങള്‍, മാധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങള്‍, അക്കാദമിക് മേഖലയില്‍ സ്വതന്ത്രശബ്ദങ്ങളെ ഇല്ലാതാക്കല്‍ – അങ്ങനെ പറഞ്ഞാല്‍ തീരാത്ത ഇടപെടലുകള്‍ നടന്നിരുന്നു.

ഇസ്രായലില്‍ നിന്നുള്ള പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞന്‍, – സാമുവേല്‍ ഐസന്‍സ്റ്റാഡ് (Samuel Eisenstadt, 1923-2010) – അദ്ദേഹം സിയോണിസ്റ്റൊന്നുമായിരുന്നില്ല – അടല്‍ ബിഹാരി വാജ്പേയിയുടെ മന്ത്രിസഭ അധികാരത്തില്‍ ഇരിക്കുമ്പോള്‍ എന്നോട് ചോദിച്ചു-ബിജെപി അധികാരത്തില്‍ഇരിക്കുമ്പോള്‍ അവര്‍ക്ക് കുറെയൊക്കെ സംയമനം പാലിക്കേണ്ടിവരില്ലേ? അല്ലെങ്കില്‍ ഭരണം നിലനിര്‍ത്താനാവുമോ? ഞാന്‍ ഗവേഷണം ചെയ്തിരുന്ന വിദേശ സര്‍വകലാശാലയില്‍ അദ്ദേഹം വന്നപ്പോള്‍ ഉണ്ടായ സ്വകാര്യ സംഭാഷണം ആയിരുന്നു. അദ്ദേഹം ഉദാഹരിച്ചതു ക്രിസ്ത്യന്‍ മിഷനറി ആയ ഗ്രഹാം സ്‌റ്റെയിനിനെയും കുടുംബത്തെയും തീയിട്ടുകൊന്ന ധാര സിംഗിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവമായിരുന്നു. അന്നു ഞാന്‍ പറഞ്ഞത് അത്തരത്തിലുള്ള സമീപനമുള്ളവരല്ല സംഘപരിവാര്‍ എന്നായിരുന്നു. അവര്‍ കാലങ്ങളായി സ്വന്തം ഹിംസാധിഷ്ടിത അജണ്ടകള്‍ നടപ്പിലാക്കാനുള്ള അവസരമായാണ് അധികാരലബ്ധിയെ കണ്ടിട്ടുള്ളത് എന്നാണ് . 2014ല്‍ ബിജെപി അധികാരത്തില്‍ വന്ന ദിവസം അവരുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ അമിത് ഷാ പറഞ്ഞത് ഞാന്‍ ഇടയ്ക്കു ഉദ്ധരിക്കാറുണ്ട്. കാരണം അത് അവരുടെ രാഷ്ട്രീയ അജണ്ട മറവിലത്തെ വെളിവാക്കുന്ന ഒരു പ്രസ്താവന ആയിരുന്നു- അദ്ദേഹം ആവേശപൂര്‍വ്വം അന്ന് പറഞ്ഞത് ”കോണ്‍ഗ്രസ്് സ്‌കൂള്‍ ഓഫ് തോട്ട് (thought) അവസാനിപ്പിച്ച് നമ്മുടെ സ്‌കൂള്‍ ഓഫ് തോട്ട് കൊണ്ടുവരാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത് എന്നാണ് . അതാണവരുടെ നയം. കോണ്‍ഗ്രസ്സ് സ്‌കൂള്‍ ഓഫ് തോട്ട് എന്നതിനെ ഇന്ത്യന്‍ നാഷണല്‍ കേണ്‍ഗ്രസ്സുമായിമാത്രം ബന്ധപ്പെടുത്തി കാണേണ്ടതില്ല. സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉടലെടുത്ത രാഷ്ട്രീയ മൂല്യങ്ങളുടെ സമുച്ചയമാണ് ആ പദം. അങ്ങനെയുള്ള ഒരു തോട്ട് ഉണ്ടായിരുന്നതിനാലാണ് ഗാന്ധിയേയും നെഹ്റുവിനേയും മറ്റ് ദേശീയനേതാക്കളേയും ഭിന്നതകള്‍ക്കുള്ളിലും അംഗീകരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോലും തയ്യാറായത്. കൊളോണിയല്‍ വിരുദ്ധസമരത്തിന്റെ സുദീര്‍ഘമായ ഒരു പാരമ്പര്യത്തെയാണ്, അതുകൊണ്ടുവന്ന ജനാധിപത്യമൂല്യങ്ങളെയാണ്, മനുഷ്യാവകാശമൂല്യങ്ങളെയാണ് അതു പ്രതിനിധാനം ചെയ്യുന്നത്. ജനാധിപത്യമെന്നത് കേവലമായ ഭൂരിപക്ഷത്തിന്റെ മൃഗീയമായ ഇടപെടലുകളല്ല, ന്യൂനപക്ഷത്തിനുകൂടി സംസാരിക്കാനവസരമുള്ള, അവര്‍ക്കും അവകാശങ്ങളുള്ള ഒന്നാണ് എന്നു വിശ്വസിക്കുന്ന, ഭരണഘടന പാര്‍ശ്വവത്കൃതരുടെ അവകാശങ്ങളും സുരക്ഷതത്വവും ഉറപ്പുവരുത്താന്‍ കൂടിയുള്ളതാണ് എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളുടെയെല്ലാം സാകല്യമാണ്, കോണ്‍ഗ്രസ്സ് സ്‌കൂള്‍ ഓഫ് തോട്ട്. അതിനെ പൂര്‍ണ്ണമായി ഇല്ലാതാക്കി സംഘപരിവാറിന്റെ ഐഡിയോളജി, പ്രചരിപ്പിക്കാനും നടപ്പില്‍ വരുത്താനുമുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത് എന്നാണ് അന്ന് അമിത് ഷാ പറഞ്ഞത്.. അതിനുശേഷം ഇന്ത്യ കണ്ടത് അതു നടപ്പാക്കാനുള്ള ഹിംസാപൂര്‍ണ്ണമായ പദ്ധതികളായിരുന്നു.

എന്നാല്‍ അതോടൊപ്പം പ്രതിരോധങ്ങളും ഉയര്‍ന്നുവന്നു. സി എ എക്കെതിരേയും കാര്‍ഷികബില്ലുകള്‍ക്കെതിരേയും നടന്ന പോരാട്ടങ്ങള്‍, മാധ്യമങ്ങള്‍ കാര്യമായി സ്പര്‍ശിക്കാത്ത തൊഴില്‍ നിയമഭേദഗതികള്‍ക്കെതിരായ തൊഴിലാളികളുടെ, േ്രടഡ് യൂണിയനുകളുടെ പ്രതിരോധം, അസംഘടിത മേഖലകളിലെ സമരങ്ങള്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. എന്നാല്‍ അവയെയൊന്നും പരിഗണിക്കാതെ എല്ലാറ്റിനേയും ബുള്‍ഡോസര്‍ ഉപയോഗിച്ചെന്നപോലെ അടിച്ചുതകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്ന പോലെതന്നെ. കുറ്റവാളികളെന്നു ആരോപിക്കപ്പെടുന്ന വ്യക്തികള്‍ താമസിക്കുന്ന ഭരണകൂടം നേരിട്ട് അടിച്ചുതകര്‍ക്കുന്ന നിയമരാഹിത്യം ഇപ്പോള്‍ പരക്കെ ഉണ്ടാവുന്നുണ്ട്. ഇക്കാര്യത്തില്‍ കോടതി ശരിയായ സമയത്ത് ഇടപെട്ടിരുന്നില്ല. ആദ്യം യുപിയിലാണ് അത്തരം തകര്‍ക്കലുണ്ടായത്. അപ്പോള്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നതെന്നു കോടതി പറയണമെന്ന് കബില്‍ സിബല്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ കോടതി പറഞ്ഞത് അത്തരത്തില്‍ ഒരു പൊതു ഉത്തരവ് നല്‍കാന്‍ കഴിയില്ല എന്നായിരുന്നു. തല്‍ക്കാലമത് തടഞ്ഞു. ഇനിയും ഉണ്ടായാല്‍ നോക്കാമെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് അത്തരം സംഭവങ്ങള്‍ വ്യാപകമായപ്പോള്‍, എതിരാളികള്‍ക്കുനേരെ ബുള്‍ഡോസറുകള്‍ വ്യാപകമായി ഉപയേഗിക്കുന്നു എന്നു മനസ്സിലായപ്പോളാണ് കോടതി ശക്തമായി ഇടപെട്ടത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ധാരാളം പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നടന്നെങ്കിലും വീണ്ടും സംഘപരിവാര്‍ തന്നെ അധികാരത്തിലെത്തി. ഒപ്പം പുതിയ രാഷ്ട്രീയ അജണ്ടകള്‍ നിവര്‍ത്തിയിട്ടു. അതിന്റെ ഭാഗമാണ് വനസംരക്ഷണിയമവും ഏക സിവില്‍ കോഡും മറ്റും. ഇവക്കെല്ലാം പ്രാധാന്യമുള്ള സംഘര്‍ഷമാണ് ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത്. അതിന്റെ വേരുകള്‍ കൊളോണിയല്‍ കാലംവരെ നീണ്ടതാണ്. അതുമായി ബന്ധപ്പെട്ട് വളരെ ദുരുദ്ദേശപരമായ പ്രചാരണങ്ങള്‍ നടക്കുന്നു. 1917-19 കാലത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ കുക്കികള്‍ ശക്തമായ കലാപം നടത്തിയിരുന്നു.ആംഗ്ലോ -കുക്കി യുദ്ധം എന്നാണ് അത് അറിയപ്പെടുന്നത്. എന്നാലിപ്പോള്‍ കുക്കികള്‍ അങ്ങനെയൊരു ബ്രിട്ടീഷ് വിരുദ്ധ കലാപം നടത്തിയിട്ടില്ല എന്ന് പ്രചരിപ്പിക്കുകയാണ്. അതിനുമപ്പുറം അതെകുറി്ച്ച് പുസ്തകമെഴുതിയ കുക്കികളായ രണ്ടു അക്കാദമിക് സ്‌കോളര്‍മാര്‍ക്കെതിരേയും ഒരു എഴുത്തുകാരനെതിരേയും കേസെടുത്തിരിക്കുന്നു. , The Anglo- Kuki War, 1917-1919: A Frontier Uprising Against Imperialism During the First World War എന്ന പുസ്തകത്തിന്റെ എഡിറ്റര്‍മാരായ ജഹാങ്ക്‌ഹോമാങ് ഗെയ്റ്റ്, തോണ്‍ഖോലാല്‍ ഹയോകിപ് (Jangkhomang Guite and Thongkholal Haokip) എന്നിവര്‍ക്കെതിരെയാണ് ഒരു മെയ്തി സംഘടനയോട് എപരാതിപ്രകാരം മണിപ്പൂര്‍ പോലീസ് കേസ്സെടുത്തത്. ഒരാള്‍ ജെ എന്‍ യുവിലെ അധ്യാപകനാണ്. അന്നത്തെ കലാപത്തെ യുദ്ധം എന്നു വിശേഷിപ്പിച്ചതു ഇന്‍ഡ്യാ സര്‍ക്കാരിനെതിരെയുള്ള ആക്രമണമാണ് എന്ന് ആരോപിച്ചാണ് കേസ്. കൂടാതെ ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ ആയി വിരമിച്ച വിജയ് ചെഞ്ചിക്കെതിരെ (Vijay Chenji) Anglo-Kuki War 1917-1919: Victory in Defeat എന്ന പുസ്തകമെഴുതിയതിന്റെ പേരിലും കേസ് എടുത്തിട്ടുണ്ട്. .ഇവ രണ്ടും അക്കാദമിക് ചരിത്ര പുസ്തകങ്ങളാണ്. ആഗ്ലോ-കുക്കി വാര്‍ എന്ന ഒരു സംഭവം ഉണ്ടായിട്ടില്ല എന്നു രേഖപ്പെടുത്തണമെന്നാണ് ആവശ്യം. മലബാര്‍ കലാപത്തെ വാര്‍ എന്നു വിശേഷിപ്പിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമില്ലേ? അതൊരു യുദ്ധം തന്നെയായിരുന്നു. അതുപോലെയായിരുന്നു ഇതും. അല്ലെങ്കില്‍ പഴശ്ശിയുടെ യുദ്ധം പോലെ. ബ്രിട്ടന് അത് ഒരു റെയ്ഡ് മാത്രമായിരിക്കാം. എന്നാല്‍ ചരിത്രകാരന്റേയും തദ്ദേശീയ ജനതയുടെയും ചരിത്രബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുദ്ധം എന്നു പ്രയോഗിക്കുന്നത്. അതുപോലും സഹിക്കാനാവാതെ കേസ് കൊടുക്കുക… ചരിത്രകാരന്മാര്‍ കൃത്യമായി പഠിച്ചെഴുതുന്ന പുസ്തകങ്ങള്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇതുപോലെ മറ്റൊരു പ്രചാരണം മറ്റൊന്ന് മണി്പ്പൂരിനും ബര്‍മ്മക്കുുമിടയിലെ കബാവാലി എന്ന സ്ഥലത്തെ കുറിച്ചാണ്. ഇന്ത്യയിയലെന്തു സംഭവിച്ചാലും ഉത്തരവാദിത്തം നെഹ്റുവിന്റെ തലയിലാണല്ലോ കെട്ടിവെക്കുന്നത്. ഈ സ്ഥലം 1952-53 കാലത്ത് നെഹ്റു ബര്‍മ്മക്ക് നല്‍കിയെന്നാണ് പ്രചാരണം. തികച്ചും ചരിത്രവിരുദ്ധമാണത്. മണിപ്പൂര്‍ രാജാവ് കീഴടക്കിയ ബര്‍മ്മീസ് പ്രദേശമാണത്. പിന്‍കാലത്ത് അത് തിരിച്ചുകൊടുത്തു. അതിനുശേഷവും 18-ാം നൂറ്റാണ്ടില്‍ മണിപ്പൂര്‍ രാജാവ് ആ പ്രദേശം വീണ്ടും കീഴടക്കി. പിന്നീട് ബ്രിട്ടീഷുകാരുമായി നടത്തിയ ചര്‍ച്ചയില്‍ 1834ല്‍ അവര്‍ അത് ബര്‍മക്കു തിരി്ച്ചുകൊടുത്തു. അതിനെയാണ് 1953ല്‍ നെഹ്റുവാണ് കൊടുത്തത് എന്ന പ്രചാരണം നടത്തുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ മണിപ്പൂരില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു.

എന്താണ് മണിപ്പൂരില്‍ നടക്കുന്നത്? കലാപഭൂമിയായി മണിപ്പൂര്‍ എന്തുകൊണ്ടുമാറി? ഇപ്പോഴത്തെ സര്‍ക്കാരിന്റെ നയങ്ങളുമായി ബന്ധപ്പെട്ടും മെയ്തികള്‍ക്കു സംവരണം നല്‍കണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലുമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. പക്ഷെ മൂന്നുവിഭാഗത്തില്‍ പെട്ട ഗോത്രജനതകള്‍ തമ്മില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന സ്പര്‍ദ്ധകളുണ്ട്. അവ പ്രധാനമായും സ്വത്വപരമായ തീവ്രനിലപാടുകളുടെ പേരിലാണ്. അതിനുള്ള പ്രധാന കാരണം വിഭവങ്ങളുപയോഗിക്കുന്ന രീതി ഇവര്‍ക്കുള്ളില്‍ വ്യത്യസ്ഥമാണ് എന്നതാണ്. എത്തനോളജിക്കല്‍ നോട്ട് ബുക്സില്‍ മാര്‍ക്സ് വടക്കന്‍ അമേരിക്കയിലെ ഇറിഗ്വോയ് സമൂത്തിന്റെ ചരിത്രത്തെക്കുറിച്ച് ഹെന്റി മോര്‍ഗന്റെ Ancient Society എന്ന പുസ്തകത്തെ അധികരിച്ചു വിശദമായി എഴുതിയിട്ടുണ്ട്. അതുമായി മണിപ്പൂരിലെ ഗോത്ര വ്യവസ്ഥക്കു വളരെ സാമ്യമുണ്ട്. അദ്ദേഹം അതിലൂടെ പറയാന്‍ ശ്രമിക്കുന്നത്, കൊളോണിയല്‍ ശക്തികള്‍ കമ്യൂണ്‍ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലെ സാമൂഹ്യ ഉടമസ്ഥത തകര്‍ത്ത് സ്വകാര്യ ഉടമവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനെ കുറിച്ചാണ്. മണിപ്പൂരിലെ നാഗന്മാര്‍ ഏകദേശംഇറിഗ്വോയ് ജനതയെപോലെയാണ്. അവര്‍ കോമണ്‍ ലാന്റ് ഓണര്‍ ഷിപ്പില്‍ നില്‍ക്കുന്നവരാണ്. സ്വാകാര്യസ്വത്തായി ഭൂമിയെ കാണുന്നവരല്ല. അവര്‍ക്കു സ്വാധീനമുള്ള മേഖലകളിലെ ഭൂബന്ധമെന്നത് പൊതു ഉടമസ്ഥതയാണ്. അഥവാ ഗ്രാമസഭകളുടെ നിയന്ത്രണത്തിലാണ്.. ഭൂമിയാണല്ലോ എന്നും ഏറ്റവും പ്രധാന ഉല്‍പ്പാദന ഉപാധി. ഗ്രാമസഭകള്‍ തെരഞ്ഞെടുക്കുന്ന ഗോത്രപ്രമുഖരും മറ്റുമടങ്ങുന്ന സമിതിയാണ് അതിനെ നിയന്ത്രിക്കുന്നത്. ജനാധിപത്യപരമായ സാമൂഹ്യസംവിധാനത്തിനകത്താണ് ഭൂമിയുടെ ഉടമാവകാശം കൈകാര്യം ചെയ്യപ്പെടുന്നത്. എന്നാല്‍ കുക്കികളുടേത് അല്‍പ്പം വ്യത്യസ്ഥമാണ്. അവരില്‍ ഭൂ ഉടമസ്ഥത പൊതുവാണെങ്കിലും കസ്‌റ്റോഡിയന്‍ഷിപ്പ് ഗോത്രപ്രമുഖനാണ്. അവരുടെ തന്നിഷ്ടങ്ങള്‍ നടത്താന്‍ കഴിയുന്ന അവസ്ഥയാണ്. മറ്റിള്ളവര്‍ക്ക് ഭൂമി പാട്ടത്തിനു കൊടുക്കുകയാണ്. മെയ്തികള്‍ക്കിടയിലാകട്ടെ സ്വകാര്യ ഉടമസ്ഥതയാണ് നിലനില്‍ക്കുന്നത്. ഈ മൂന്ന് വ്യത്യസ്ഥ ഭൂബന്ധങ്ങളാണ് ചരിത്രപരമായി വളര്‍ന്നു വന്നത്. അതായത് പ്രശ്നം സ്വത്വപരം മാത്രമല്ല, ചരിത്രസാഹചര്യങ്ങളില്‍ ഉണ്ടായിട്ടുള്ള ഭൂബന്ധങ്ങളെ കൂടി സ്പര്‍ശിക്കുന്നവയാണ്. ഈ വ്യത്യസ്ഥതകള്‍ ഉപേക്ഷിക്കാന്‍ ആരും തയ്യാറല്ലതാനും.

മണിപ്പൂരിലെ ഭൂമിശസ്ത്രവും വളരെ പ്രധാനമാണ്. കുക്കികളും നാഗന്മാരും പൊതുവില്‍ കുന്നുകള്‍ നിറഞ്ഞ മേഖലകളിലാണ് ജീവിക്കുന്നത്. മെയ്തികളാകട്ടെ താഴ്വരകളിലും. അവര്‍ക്ക് ഭൂമി വളരെ കുറവാണ്. ഭൂമി കൂടുതല്‍ നാഗന്മാരുടേയും കുക്കികളുടേയും കൈവശമാണ്. പക്ഷെ അവ ആവാസയോഗ്യമെന്നു പറയാനാവില്ല വനപ്രദേശങ്ങളാണ് കൂടുതലും. അവിടങ്ങളില്‍ ജനവാസം വളരെ കുറവാണ്. മണ്ഡലങ്ങളും വളരെ കുറവാണ്.. തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ 60 ശതമാനവും സീറ്റുകളും താഴ്വരയില്‍ നിന്നാണ്. അതിനാല്‍ തന്നെ മെയ്തികള്‍ക്ക് നിയമപരമായ ഇടപെടലുകളെ സ്വാധീനിക്കാനാവും.

കൊളോണിയല്‍ കാലത്ത് ഭരണാധികാരികള്‍ ഭൂബന്ധങ്ങളില്‍ നേരിട്ട് കാര്യമായി ഇടപെട്ടിരുന്നില്ല. അവര്‍ക്കാവശ്യം നികുതിയായിരുന്നു. യുദ്ധത്തില്‍ മണിപ്പൂര്‍ രാജാവ് പരാജയപ്പെട്ട ശേഷം ഓരോവീടിനും മൂന്നു രൂപ വീതം നികുതി പിരിക്കാനുള്ള ഉത്തരവാദിത്തം പലരേയും ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് വന്ന ചില നിയമങ്ങള്‍ മൂന്നുവിഭാഗങ്ങളേയും അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. മൂന്നുകൂട്ടരും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും സ്വയംഭരണത്തിനും അനുയോജ്യമായ നിയമങ്ങളല്ല അവയെന്നു വിശ്വസിച്ചു. 1947-49 കാലത്ത് ഇന്ത്യയുടെ ഭാഗമാകുന്ന സന്ദര്‍ഭത്തില്‍ മണിപ്പൂരില്‍ നിലനിന്നിരുന്ന ഭൂബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും അങ്ങനെതന്നെ നിലനിര്‍ത്തുക എന്ന നിലപാടാണ് സ്വീകരിച്ചത്. സത്യത്തില്‍ 22000 ചതുരശ്ര കിമി വിസ്തീര്‍ണ്ണമുള്ള മണിപ്പൂരിന്റെ, രാജാവ് ഭരി്ച്ചിരുന്ന ചെറിയ പ്രദേശം മാത്രമാണ് ഇന്ത്യയുടെ ഭാഗമാകുന്നത്. ഭൂരിഭാഗം പ്രദേശത്തു ജീവിക്കുന്നവരുമായി സര്‍ദാര്‍ പട്ടേലോ അദ്ദേഹത്തിന്റെ ദൂതനോ ചര്‍ച്ചപോലും ചെയ്തില്ല. അതോടെ നാഗന്മാരും കുക്കികളും ജീവിക്കുന്ന ബാക്കിഭാഗങ്ങളും ഇന്ത്യയുടേതായി എന്ന സങ്കല്‍പ്പത്തിലാണ് ഇപ്പോഴും നിലിനില്‍ക്കുന്നത്. അവരുമായി ഒരു കരാറും ഉണ്ടായില്ല. അങ്ങനെയാണ് മണിപ്പൂരിന്റെ അതിര്‍ത്തികള്‍ നിശ്ചയിച്ചത്.. കബാവാലി പ്രശ്നം സജീവമാകുന്നതും അങ്ങനെതന്നെ. ആദ്യം കേന്ദ്രഭരണപ്രദേശമായിരുന്ന മണിപ്പൂര്‍ പിന്നീടാണ് സംസ്ഥാനമായി മാറിയത്.

മണിപ്പൂരുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിഷയം ആറാം ഷെഡ്യൂളുമായി ബന്ധപ്പെട്ടാണ്. ആറാം ഷെഡ്യൂള്‍ പ്രകാരം ഗോത്രവിഭാഗങ്ങള്‍ക്ക് സ്വയം ഭരണം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മണിപ്പൂരിനെ ഉള്‍്പ്പെടുത്തിയില്ല. ത്രിപുരയും ആസാമും മിസോറാമും മേഘാലയവുമെല്ലാം ഉള്‍പ്പെട്ടു. മണിപ്പൂരിനേയും ഉള്‍പ്പെടുത്തുമെന്ന് നരസിംഹറാവു പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു. പക്ഷെ ചെയ്തില്ല. അതിനെല്ലാം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭരണാധികാരികള്‍ മനസ്സിലാക്കിയില്ല.കൊളോണിയല്‍ കാലത്തും അതിനുശേഷവും മുന്‍പ് കൊണ്ടുവന്നിട്ടു ള്ള ഭൂപരിഷ്‌കരണ നിയമങ്ങള്‍ വ്യത്യസ്ത രീതിയില്‍ ഗോത്ര വിഭാഗങ്ങളെ ആശങ്കകളില്‍ ആഴ്ത്തിയിട്ടുണ്ട്. അതുപോലെ പുതിയ വന സംരക്ഷണ ഭേദഗതി ബില്ലും (2023 ) ആശങ്കകള്‍ ഉയര്‍ത്തുന്നതാണ്.

ഇത്തരത്തില്‍ ചരിത്രപരമായി ഉരുത്തിരിഞ്ഞ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന മൂന്നു വിഭി്ന്ന സ്വത്വവിഭാഗങ്ങളെ എങ്ങനെ ഒന്നിപ്പിക്കാമെന്നതു അന്വേഷിക്കുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമാധാനത്തിനുള്ള ഏകസാധ്യത. ഇവര്‍ തമ്മിലുള്ള സ്വത്വവൈര്യം അവസാനിപ്പിക്കണം. എന്നാല്‍ അതിനുള്ള സാമൂഹ്യ സമ്പത്തിക രാഷ്ട്രീയ സാഹചര്യമല്ല 1990നു ശേഷം ഉയര്‍ന്നുവന്നിട്ടുള്ളത്. മൂന്നു വ്യത്യസ്ഥമായ ഭൂബന്ധങ്ങള്‍ വ്യത്യസ്ഥമായ രീതികളിലാണ് ഈ സമൂഹങ്ങളെ ബാധിക്കുന്നത്. ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും കാലഘട്ടത്തില്‍ സംഭവിച്ചത് മണിപ്പൂര്‍ പ്രദേശത്തേക്ക് മൂലധനത്തിന്റെ ശക്തമായ കണ്ണ് എത്താന്‍ തുടങ്ങി എന്നതാണ്. അപ്പോള്‍, ഭൂമി എന്നത് എളുപ്പത്തില്‍ വിനിമയം ചെയ്യാന്‍ സാധിക്കത്തക്ക ഉല്‍പ്പന്നമായി മാറേണ്ടതുണ്ട്. ഈ ബോധ്യം മൂലധനശക്തികള്‍ക്കുണ്ടായത് ആ പ്രദേശത്തെ സംബന്ധിച്ച് വ്യത്യസ്ഥമായ രീതിയിലാണ് ആഘാതമുണ്ടാക്കിയത്. അതിനു കാരണം പൊതു ഉടമസ്ഥതയിലുള്ള ഭൂമി പെട്ടന്ന് മൂലധനത്തിനോ ഭരണകൂടത്തിനോ കവര്‍ന്നെടുക്കാന്‍ കഴിയില്ല എന്നതാണ്.

അതേസമയം മൂന്നു വിഭാഗങ്ങള്‍ എന്നു പറയുമ്പോള്‍ തന്നെ, ഓരോ വിഭാഗത്തിനുള്ളിലും രാഷ്ട്രീയധാരണയിലും നിലപാടുകളിലും വ്യത്യസ്ഥരായവര്‍ നിരവധിയുണ്ട്. ഓരോ വിഭാഗത്തിലും ഇന്‍സര്‍ജന്റ് ഗ്രൂപ്പുകളുണ്ട്. അവരുമായും ഗവണ്മന്റ് സംസാരിക്കേണ്ടതുണ്ട്. എന്ിക്ക് ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് ധാരണ ലഭിച്ചത് ഇന്ത്യക്ക് പുറത്തു പോയപ്പോഴാണ്. അവിടെ നിന്ന് വിദേശങ്ങളില്‍ പഠിക്കാന്‍ എത്തുന്നവരില്‍ നിന്നാണ്. അവരില്‍ പലരും ഇത്തരം ഗ്രൂപ്പുകളുടെ കൂടി ഭാഗമായിരുന്നു. തായ്ലന്റിലും മറ്റും ചില കോണ്ഫറന്‌സുകളില്‍ പങ്കെടുത്തപ്പോള്‍ അവിടെയുള്ള ഗോത്രവിഭാഗങ്ങളില്‍ പലരും നോര്‍ത്ത് ഈസ്റ്റിലെ ഇത്തരം ഗ്രൂപ്പുകളെ കുറിച്ച് ഉത്കണ്ഠയുള്ളവരായിരുന്നു എന്നുകണ്ടു. ഉള്‍ഫ നാഗ എന്ന സംഘടന, മ്യാന്‍മറിന്റെ ബോര്‍ഡറിലാണ് പ്രധാനമായും കേന്ദ്രികരിച്ചിരിക്കുന്നത്. അവിടെ അവര്‍ക്കു ക്യാമ്പുകളുണ്ട്. ആ ക്യാമ്പുകളില്‍ പോയി അവരുമായി സംസാരിച്ച് രാജീവ് ഭട്ടാചാര്യ ഒരു പുസ്തകം രചിച്ചിട്ടുണ്ട് *Rendezvous with Rebels). അസം യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു കോണ്‍ഫ്രന്‍സില്‍ മുഖ്യപ്രഭാഷകനായി ഞാന്‍ പങ്കെടുത്ത ചടങ്ങിലാണ് ആ പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. അന്ന് അദ്ദേഹവുമായും വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളുടെ ചില പ്രധാന വശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇന്‍സര്‍ജന്റ് ഗ്രൂപ്പുകളെ കൂടാതെ മണിപ്പൂരില്‍ വ്യത്യസ്ഥ സാമ്പത്തിക വര്‍ഗ്ഗങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ ഗുണഫലങ്ങള്‍ കിട്ടണമെങ്കില്‍ ഇപ്പോഴത്തെ ഭൂബന്ധങ്ങള്‍ നിലനിന്നാല്‍ പോര എന്നു കരുതുന്ന സാമ്പത്തിക വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവരുന്നു. മെയ്തികളാകട്ടെ നാഗരുടേയും കുക്കികളുടേയും ഭൂമിയും തങ്ങളുടെ ഭൂബന്ധങ്ങള്‍ക്കുള്ളില്‍ കൊണ്ടുവന്നാലേ അവയില്‍ കൈവെക്കാനാവൂ എന്നു കരുതുന്നു. അവരാഗ്രഹിക്കുന്നത് ഏകീകൃത ഭൂനിയമങ്ങളും ബന്ധങ്ങളുമാണ്. അപ്പോഴേ ഏതു ഭൂമിയും വാങ്ങാനാകൂ. ചരിത്രപരമായി ഉണ്ടായ ഭൂബന്ധങ്ങള്‍ക്കു മുകളില്‍ മുതലാളിത്തത്തിന്റേയും ആഗോളവല്‍ക്കരണത്തിന്റേയും ഫലമായി ഉയര്‍ന്നുവന്ന പുതിയ സാമ്പത്തിക വര്‍ഗ്ഗങ്ങള്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പുറകിലെ പ്രധാന ഘടകമാണ്. അതുമായി ബന്ധപ്പെട്ടാണ് മെയ്തി വിഭാഗം സംവരണമാവശ്യപ്പെട്ടത്. ആദ്യമവര്‍ സംവരണ സമ്പ്രദായത്തിന് എതിരായിരുന്നു. നാഗാ – കുക്കിവിഭാഗങ്ങളാകട്ടെ തങ്ങള്‍ വളരെ പുറകില്‍ നില്‍ക്കുമ്പോള്‍ സംവരണം മെയ്തികള്‍ക്കും ലഭിക്കുന്നത് അംഗീകരിക്കാന്‍ തയ്യാറല്ല.

ഭരണകൂടം ശരിയായി ഇടപെട്ടിരുന്നു എങ്കില്‍ ഇത്രയും കൂട്ടക്കുരുതികളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഒഴിവാക്കാമായിരുന്നു. എന്നാല്‍ അതിനുള്ള ഇച്ഛാശക്തി സര്‍ക്കാരിനുണ്ടായില്ല. അതിനുള്ള കാരണം അതിനകത്തുവന്ന മതപരമായ സമീപനങ്ങളാകാം. മെയ്തി വിഭാഗങ്ങളില്‍ കൂടുതലും ഹിന്ദുക്കളും കുറച്ച് മുസ്ലിമുകളുമാണ്. നാഗന്മാരും കുക്കികളും ഏറെക്കുറെ ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവരാണ്. അത്തരം മതപരമായ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും ഗോത്രപരമായ വൈരുദ്ധ്യങ്ങളെ മുന്‍നിര്‍ത്തിവേണം അവയെ മനസ്സിലാക്കാന്‍. മതമല്ല അവിടെ കേന്ദ്രപ്രശ്നം. ഗോത്രപരമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍നിന്നു ഉരുത്തിരിയുന്നതാണ്. കലാപത്തിന് അത് ചാലകശക്തിയാകുന്നു എന്നു മാത്രം. കൂടുതല്‍ പ്രധാനം നേരത്തെ വിവരിച്ച വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശവും ഭൂബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. അതതു ജനവിഭാഗങ്ങളിലെ ഭൂബന്ധങ്ങളെ ഭരണകൂടം അക്രമിക്കാതിരിക്കലാണ് വേണ്ടത്. അഥവാ ചെറിയ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയാലും ഗോത്രപരമായ ഭൂബന്ധങ്ങളെ പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാകരുത്. അത് ഇരുകൂട്ടര്‍ക്കും സ്വീകാര്യമാകില്ല. പക്ഷെ അതല്ല സംഭവിക്കുന്നത്. നാഗ, കുക്കി വിഭാഗങ്ങളെ ഭയപ്പെടുത്തി അവരുടെ ഭൂമി മെയ്തി വിഭാഗങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്ന ഭീതി നാഗ-കുക്കി വിഭാഗങ്ങള്‍ക്കിടയിലുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്..

ആറാം ഷെഡ്യൂളില്‍ പറയുന്ന സ്വയംഭരണം എന്തുകൊണ്ട് മണിപ്പൂരില്‍ നടപ്പാക്കുന്നില്ല എന്ന പ്രശ്നവുമുണ്ട്. അത്തരമവകാശം മൂന്നു വിഭാഗങ്ങള്‍ക്കും നല്‍കിയാല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ ഭരണഘടനാപരമായി തന്നെ പരിഹരിക്കാനാവും. ഭരണഘടനക്കു പുറത്തുള്ള ഒന്നും അവിടെ ചെയ്യേണ്ടതില്ല. മണിപ്പൂരിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുകയും മറ്റു നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളപ് പോലെ ഗോത്ര സ്വയംഭരണമനുവദിക്കുകയും ചെയ്യാവുന്നതാണ്. മുത്തങ്ങ സമരത്തിലും ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. അടിസ്ഥാനപരമായി ഭരണഘടനക്കുള്ളിലെ അവകാശമാണത്. കേരളത്തില്‍ ഗോത്രമഹാസഭ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ തീവ്രവാദപരമായി വ്യാഖ്യാനിച്ചിരുന്നു. എന്നാലത് ഭരണഘടനാനുസൃതമാണ്. അതനുവദിക്കാത്തതാണ് മണിപ്പൂരിലെ പ്രശ്നങ്ങള്‍ക്ക് ഒരു പ്രധാന കാരണം.

കൊളോണിയല്‍ ഭരണാധികാരികളുടെ ലക്ഷ്യം. divide and rule ആണെന്ന് ഉപരിപ്ലവമായി പറയാം. എന്നാല്‍ കൃത്രിമമായ വിഭജനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. സ്വത്വപരമായ വിഭജനം നേരത്തെ നിലനിന്നിരുന്നു. അത് തങ്ങള്‍ക്കനുകൂലമായി കൊളോണിയലിസ്റ്റുകള്‍ ഉപയോഗിച്ചിരുന്നു ജനാധിപത്യ ഇന്ത്യയില്‍ അതുണ്ടാവാന്‍ പാടില്ല. ആഫ്രിക്കയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ വളരെ ഹിംസാപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. അതെന്തിനാണ്, അവര്‍ സമാധാനപരമായി കഴിയേണ്ടവരേല്ലേ എന്നാര്‍ക്കും തോന്നും. എന്നാല്‍ വംശീയമായ ബോധ്യങ്ങളും പ്രത്യയശാസ്ത്രങ്ങളുമൊക്കെ നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ അതുണ്ടാകാം. അതും രാഷ്ടീയമാണ്. പുതിയ കാലത്തില്‍ നമ്മളത് മനസിലാക്കുന്ന രീതി വ്യത്യസ്ഥമാണെന്നുമാത്രം. ആഫ്രിക്കയില്‍ ഇപ്പോള്‍ നിര്‍കോളനീകരണത്തിന്റെ വലിയ രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാവുന്നനുണ്ട്. പാന്‍ ആഫ്രിക്കന്‍ സ്വത്വത്തിനു മുന്‍തൂക്കം കൊടുത്തുകൊണ്ട് മറ്റു വിഭാഗീയതകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

മാര്‍ക്സ് എതനോളജിക്കല്‍ നോട്ട് ബുക്സില്‍ കൈകാര്യം ചെയ്യുന്ന പ്രധാന പ്രമേയം പൗരാണിക സമൂഹങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളില്‍ നിന്നും പഠിക്കുക എന്നതുകൂടിയാണ്. ഗോത്രബന്ധങ്ങളില്‍ അധിഷ്ഠിതമായ സാമൂഹ്യഘടനയുടെ അടിസ്ഥാനപരമായ ഭൂബന്ധങ്ങള്‍ എന്താണെന്നതും അവരുടെ നിലപാടെന്താണെന്നതും പരിശോധിക്കേണ്ടത് ഭാവി സോഷ്യലിസ്റ്റ് സമൂഹത്തിന് അനിവാര്യമാണെന്നു മാര്‍ക്സ് പറയുന്നു. മുതലാളിത്തത്തില്‍ നിന്ന് മാത്രമല്ല, പൗരാണിക സമൂഹങ്ങളില്‍ നിന്നും ജനാധിപത്യത്തിന്റെ ചില ധാരകള്‍ കണ്ടെത്താന്‍ കഴിയും എന്നാണ് ആ കുറിപ്പുകളില്‍ അദ്ദേഹം മുന്നോട്ടുവെക്കുന്ന ഒരു ആശയം . മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് മാര്‍ക്സ് അതെഴുതിയത്. അതിന്റെ ചെറിയ ഭാഗം മാത്രമാണ് എംഗല്‍സ് തന്റെ കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്ന കൃതിയില്‍ ഉദ്ധരിക്കുന്നതും വിശദീകരിക്കുന്നതും. മോര്‍ഗന്റെ പുസ്തകത്തിന്റെ ചെറിയ വ്യാഖ്യാനം മാത്രമാണത്. അതിന്റെ എത്രയോ ഇരട്ടി മെറ്റീരിയലാണ് മാര്‍ക്സ് കുറിച്ചുവച്ചിട്ടുള്ളത് . അതില്‍ പറയുന്നത് ജനാധിപത്യവും മനുഷ്യാവകാശവുമൊക്കെ ഗോത്രസമൂഹങ്ങളില്‍ നിലനിന്നിരുന്നതില്‍ നിന്നും പുതിയ കാലത്തിനു ഉള്‍ക്കൊള്ളാനാവും എന്നാണ്. ഈ പഠനത്തെക്കൂടി അടിസ്ഥാനമാക്കിയാണ് വേറെ സസൂലിച്ച് എന്ന റഷ്യന്‍ വിപ്ലവകാരിക്ക് മറുപടി എഴുത്തിയപ്പോള്‍ മുതലാളിത്ത വികസനത്തിനുശേഷമേ സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകൂ എന്നു താനൊരിക്കലും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നത്. ഇംഗ്ലണ്ടിനെ മാതൃകയാക്കി താനൊരു വിശകലനം മൂലധനത്തില്‍ നല്‍കിയെന്നുമാത്രം. മറ്റുപ്രദേശങ്ങളും അങ്ങനെയാണ് എന്നു താന്‍ പറഞ്ഞിട്ടില്ല. റഷ്യയിലെ പൊതു ഉടമസ്ഥതയിലുള്ള കമ്യൂണുകളെ കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തിക്കുകയും ആ കമ്യൂണുകളെ സോഷ്യലിസ്റ്റ രാഷ്ട്രീയത്തിനു വാഹകശക്തിയായി മാറ്റുകയും ചെയ്യുക എന്നതാണ് അഭികാമ്യം. അല്ലാതെ വ്യവസായിക തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവം സംഘടിപ്പിക്കല്‍ മാത്രമാണ് മാര്‍ഗ്ഗമെന്ന് തനിക്കു തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മോര്‍ഗന്റെ ഇറിഗ്വോയ് വിഭാഗത്തെക്കുറി്ച്ചുള്ള വിശകലനമാണ് അദ്ദേഹം സ്വാംശീകരിച്ചത്. ഇന്ത്യയെക് കുറിച്ചും കേരളത്തെക്കുറിച്ചുപോലും അദ്ദേഹം തന്റെ 1879 ലെ Notes on India യില്‍ പറയുന്നുണ്ട്. എത്തനോളജിക്കല്‍ കുറിപ്പുകളില്‍ ബ്രാഹ്മണ്യത്തിനെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം അടങ്ങിയിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാഗ വിഭാഗത്തിന് മാര്‍ക്‌സ് പഠിക്കുന്ന ഇറിഗ്വോയ് വിഭാഗത്തിനു സമാനമായ ഭൂബന്ധങ്ങളും ഗോത്രബന്ധങ്ങളുമുള്ള പ്രദേശമാണ് മണിപ്പൂര്‍. എന്നാല്‍ ആ വൈവിധ്യത്തെ അംഗീകരിക്കുന്ന സമീപനമല്ല ഭരണകൂടത്തിന്റേത്. മാത്രമല്ല മെയ്തി വിഭാഗത്തിന്റെ ഇപ്പോഴത്തെ ക്രൂരമായ ഇടപെടലുകള്‍ക്കുപുറകില്‍ ഇന്ത്യയിലാകെ ഉയര്‍ന്നു വന്നിട്ടുള്ള ജനാധിപത്യ വിരുദ്ധ വലതു രാഷ്ട്രീയം തന്നെയാണ് എന്ന് കാണാം. അതില്‍ നിന്നാണ് അവര്‍ക്കതിനുള്ള ഊര്‍ജ്ജം ലഭിക്കുന്നത്. എന്തുചെയ്താലും തങ്ങള്‍ക്ക് സംരക്ഷണം കിട്ടുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ഗുജറാത്തില്‍ വംശഹത്യാസമയത്ത് പോലീസിനെ നിര്‍ജ്ജീവമാക്കിയെന്നാരോപണമുണ്ടായിരുന്നു എന്ന് നമുക്കറിയാം. സുപ്രീം കോടതി പറയുന്നത് മണിപ്പൂരില്‍ നിയമ വ്യവസ്ഥ മരവിപ്പിക്കപ്പെട്ടതിരിക്കുന്നു എന്നാണ്. അതിനാലാണ് വംശഹത്യയും കൂട്ടക്കൊലകളും സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങളും വ്യാപകമായി നടന്നത്.

വിശാലമായ അര്‍ത്ഥത്തില്‍, നമ്മുടെ രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു നോക്കുകയാണെങ്കിലും ഗോത്രവിഭാഗങ്ങളോട് ആധുനിക സമൂഹങ്ങള്‍ എന്ന് പറയുന്നവര്‍ സ്വീകരിക്കേണ്ട (ഈ ഗോത്രവിഭാഗങ്ങളും സത്യത്തില്‍ ആധുനികരാണ്. ആധുനിക കാലത്തെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുന്നവരാണ്) രാഷ്ട്രീയ പ്രത്യയശാസ്ത്രം ഗോത്രതനിമ നിലനിര്‍ത്താനുള്ള അവരുടെ താല്‍പ്പര്യങ്ങളെ പാടെ നിരാകരിക്കാന്‍ പാടില്ല ഏന് തന്നെയാണ്. . ആര്‍ എസ് എസ് കാരനായിരുന്ന താന്‍ എന്‍ എസ് എസ് കാരനായതിനെക്കുറിച്ച് സുകുമാരന്‍ നായര്‍ പറഞ്ഞല്ലോ. കൂടുതല്‍ അഭിമാനകരമായി അത് തോന്നി എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആര്‍ എസ് എസ്സിനും സ്വീകാര്യമായ ഒരു ഗോത്രപരമായ തീരുമാനമാണ്. കേരളത്തിന്റെ ആധുനികതക്കുള്ളില്‍ നിന്നാണ് അദ്ദേഹം ഇതു പറയുന്നത്. അതാകട്ടെ ഗോത്രപരമായതും നായര്‍ ഗോത്രത്തിനു കിട്ടുന്ന സവര്‍ണ്ണ പ്രിവിലേജുകളുടെ അടിസ്ഥാനത്തില്‍ സാമൂഹികാധികാരം കയ്യാളുമ്പോള്‍ യാതൊരു തരത്തിലുള്ള വൈകാരിക പ്രശ്നങ്ങളെം നേരിടാതെയാണ് എന്നും മനസ്സിലാക്കേണ്ടതുണ്ട്. അപ്പോള്‍ മണിപ്പൂരിലെ ഗോത്രവിഭാഗങ്ങളുടെ അവസ്ഥ ഊഹിക്കാമല്ലോ. തങ്ങളുടെ ഭൂബന്ധങ്ങള്‍ തകരുന്നത് അവര്‍ക്ക് അംഗീകരിക്കാനാവില്ല. അതിലധിഷ്ഠിതമാണ് അവരുടെ ജീവിതവും രാഷ്ട്രീയവുമൊക്കെ. അതിനു വെല്ലുവിളികളുണ്ടാകുമ്പോള്‍ പ്രതികരണമുണ്ടാകും. ഇത് ഒരു രാഷ്ട്രീയ താരതമ്യം അല്ല. സുകുമാരന്‍ നായരുടേതു വെറും ഗീര്‍വാണം മാത്രമാണ് എന്ന് അറിയാതെയുമല്ല.

എന്നാല്‍ തീര്‍ച്ചയായും ആഗോളവല്‍ക്കരണത്തിന്റേയും ഉദാരവല്‍ക്കരണത്തിന്റേയും നേട്ടങ്ങള്‍ തങ്ങള്‍ക്കു ആവശ്യമുണ്ട് എന്ന് കരുതുന്നവരെ അതില്‍ നിന്നും തടയാനുമാവില്ല. ലോകത്തുനടക്കുന്ന സാമ്പത്തിക പ്രക്രിയകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നു ഒരു വിഭാഗത്തോട് മാത്രമായി പറയുന്നത് ശരിയുമല്ല. അതവരുടെ സ്വാതന്ത്ര്യമാണ്. അതിന്റെ പേരില്‍ പക്ഷെ ഗോത്രജനത എന്ന നിലയില്‍ സ്വയംഭരണത്തിനുള്ള അവകാശം ഇല്ലാതാകുന്നില്ല. ചൈന മുതലാളിത്തരാജ്യമായത് സര്‍ക്കാര്‍ ആഗോള മൂലധനവുമായി സന്ധി ചെയ്ത് കൂടുതല്‍ സ്വാകാര്യ മൂലധനം ചൈനയില്‍ വരണമെന്ന നിലപാടെടുത്തതിനാലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഭരണകൂടമായിട്ടും അവര്‍ അവരുടെ മുതലാലായത് വഴിയാണ് തെരെഞ്ഞെടുത്തത്. അത്തരത്തിലുള്ള സ്വാതന്ത്ര്യമാണ് സ്വയംഭരണത്തിലൂടെ ലഭിക്കുക. ഓരോ വിഭാഗവും ഭരണഘടനാ പ്രകാരമുള്ള സ്വയംഭരണത്തിന് അവകാശമുള്ളവരാണ് എന്ന നിലപാടിന്റെ അടിസ്ഥാനത്തിലുള്ള വീക്ഷണമാണ് സമാധാനത്തിന്റെ പാതയിലേക്ക് മണിപ്പൂരിലെ നയിക്കുക. അതംഗീകരിക്കലാണ് മണിപ്പൂര്‍ സംഘര്‍ഷം ശാശ്വതമായി പരിഹരിക്കാനുള്ള പ്രധാന മാര്‍ഗ്ഗവും അതുതന്നെയാണ്. അതിനാണ് ഇപ്പോള്‍ ഭരണകൂടം മുന്‍കൈ എടുക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply