നിയമബന്ധിതമായിരുന്നു മലയാള സിനിമാ കൊലകള്‍

നായകന്‍ വില്ലന്റെ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയാല്‍ വെട്ടിനിരത്തലുകളൊക്കെയും അസാധുവാകും, അക്രമത്തിന്റെ സ്‌കെയിലില്‍ അളക്കാന്‍ പോയാല്‍ വില്ലനാര് നായകനാര് എന്നത് അക്കുത്തിക്കുത്ത് നടത്തി തീരുമാനിക്കേണ്ടി വരും – 2022ല്‍ ‘പ്രാപ്പെട’ സിനിമക്ക് മികച്ച നവാഗത സംവിധായകനുള്ള കേരള സര്‍ക്കാര്‍ പുരസ്‌കാരം നേടിയ കൃഷ്ണന്ദു കലേഷ് എഴുതുന്നു

വില്ലന്റെ ഉന്മൂലനം ആണ് എല്ലാക്കാലത്തും നായകന്റെ നിയോഗം, അതിലേക്കുള്ള നായകന്റെ യാത്രയാണ് ആക്ഷന്‍ സിനിമ. പണ്ട് നായകന്‍ ഒരാളും വില്ലന്മാരുടേത് തലവനുള്ള ഒരു സംഘവുമായിരുന്നെങ്കില്‍, ഇന്ന് ഒറ്റപ്പടത്തില്‍ നായകന്മാരുടെ എണ്ണം കൂടി, അതിനര്‍ത്ഥം വില്ലന്‍ അത്ര പവര്‍ഫുള്‍ ആണെന്നായിരിക്കാം, വില്ലനെ എത്രത്തോളം ഭീകരന്‍ ആക്കുന്നുവോ അത്രയും കൂടുതല്‍ മൊമെന്റ്കള്‍ ആക്ഷന്‍ സിനിമകള്‍ക്ക് ലഭിക്കുന്നു, അയാളെ ഇല്ലാതാക്കുന്ന നായകന്‍ സ്വന്തം ജീവനും ജീവിതവും കളഞ്ഞു സോസൈറ്റിക്ക് ഒരു സര്‍വീസ് ചെയ്യുന്നു. എല്ലാ ഡിസ്ട്രക്ഷനുകളെയും വെട്ടിനിരത്തി നായകന്‍ വില്ലന്റെ സമക്ഷമെത്തുന്ന ക്‌ളൈമാക്‌സിനു വേണ്ടിയാണു സിനിമയുടെ ഡ്രൈവ് ഇരിക്കുന്നത്, എന്നാല്‍ നായകന്‍ വില്ലന്റെ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയാല്‍ വെട്ടിനിരത്തലുകളൊക്കെയും അസാധുവാകും, അക്രമത്തിന്റെ സ്‌കെയിലില്‍ അളക്കാന്‍ പോയാല്‍ വില്ലനാര് നായകനാര് എന്നത് അക്കുത്തിക്കുത്ത് നടത്തി തീരുമാനിക്കേണ്ടി വരും.

ക്ലിന്റ് ഈസ്റ്റ്വുഡ് പോപ്പുലറൈസ് ചെയ്ത അമേരിക്കന്‍ കൗ ബോയ് സിനിമകളില്‍ നിന്ന് കടം കൊണ്ട ഹീറോ വിതൗട്ട് എ പാസ്റ്റ് എന്ന നായകസങ്കല്പത്തെ, പിന്നീട് ക്ലിന്റ് ഈസ്റ്റുവുഡ് തന്നെ പോലീസ് സ്റ്റോറികളിലൂടെ അമേരിക്കന്‍ നഗരത്തിലേക്ക് നട്ടപ്പോള്‍ ഹീറോയ്ക്ക് ഒരു സര്‍വീസ് പാസ്റ്റ് ഒക്കെ കൊടുത്തു സെറ്റില്‍ ചെയ്തു. ചികയാനാണെങ്കില്‍ ജപ്പാനില്‍ അമ്പതുകളില്‍ കുറസോവ കളിച്ച കളിയാണ് അമേരിക്ക ആക്ഷന്‍ പടങ്ങളിലേക്ക് ഏറ്റെടുത്തത്. അത്തരത്തില്‍ ഒരു ന്യായീകരന്‍ പാസ്റ്റൊക്കെ കൊടുത്തു (ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്താത്ത പരിപാടി നമ്മക്കില്ല) നാം ഇങ്ങോട്ട് കൊണ്ടുവന്നവയാണ് ഉറങ്ങിക്കിടക്കുന്ന കൊലകൊല്ലി നായകന്മാര്‍ എന്ന പ്രോട്ടോടൈപ്പ്, ‘ഹം’ എന്ന സിനിമയില്‍ ബച്ചന്‍ ഇതിനെ പോപ്പുലറൈസ് ചെയ്തു, പിന്നീടു സൗത്തിലേക്കെത്തി, കുറെ രജനി സിനിമകള്‍ അതേറ്റെടുത്തു. ഇങ്ങു മലയാളത്തില്‍ മണ്ണാറത്തൊടി ജയകൃഷ്ണന്റെ ആക്ഷന്‍ വേര്‍ഷന്‍ എന്നത് ഇരട്ടമുഖമുള്ള ഉസ്താദായി. മനുഷ്യനെന്നാല്‍ ആത്യന്തികമായി ഗ്രേ ആണ്, നന്മയും തിന്മയുമൊക്കെ മിത്തോളജിക്കല്‍ ബൈനറികളാണ് എന്നൊക്കെയുള്ള ക്ളാസ് എടുക്കാന്‍ വരുന്നവര്‍ അമൈദി, ഇതൊന്നുമല്ല ടോപ്പിക്.

പണ്ടൊക്കെ മലയാളത്തില്‍ സിനിമയൊന്നിന് പരമാവധി ഒരു റിവോള്‍വര്‍, ക്ലൈമാക്‌സിലെ ഒന്നോ രണ്ടോ ഉന്മൂലനം, പിന്നീടു നായകന്റെ വക നിയമത്തിനു കീഴടങ്ങല്‍ ഒക്കെയാണ് ചടങ്ങുകള്‍. അഥവാ കീഴങ്ങിയില്ലെങ്കില്‍ നായകന്‍ മരണം വരിച്ചു എന്നര്‍ത്ഥം. നീതിക്ക് വേണ്ടി അഹോരാത്രം പോരാടുമ്പോള്‍ മിനിമം നിയമം, ധാര്‍മികത ഒക്കെ കീപ്പ് ചെയ്യുന്ന ആളായിരുന്നു അന്നത്തെ ചെറുപ്പക്കാരുടെ നായകന്മാര്‍. പരമവില്ലന്റെ ഒടുക്കത്തെ ചാവ് പോലും പരമാവധി നായകന്റെ കൈകൊണ്ടാകാതെ ശ്രദ്ധിക്കുന്ന ആക്ഷന്‍ സിനിമകള്‍ ഉണ്ടായിരുന്നു, നായകന്‍ തല്ലി പതം വരുത്തിയിട്ട വില്ലന്‍ രണ്ടാമത്തെഴുന്നേറ്റു വരുമ്പോഴുള്ള കാലു തെറ്റി വീഴല്‍, ഷോക്കടി, ഉപകഥാപാത്രത്തിന്റെ വെടിവെപ്പ്, അംഗച്ഛേദം തുടങ്ങി പാമ്പുകടി മുതല്‍ കൃമികടി വരെയുള്ള കീഴ്വഴക്കങ്ങള്‍ വില്ലന്റെ മേല്‍ പ്രയോഗിച്ചുകൊണ്ട് നായകനെ പരമാവധി നിയമവിധേയനായി നിലനിര്‍ത്തുന്ന അസംഖ്യം ആക്ഷന്‍ പടങ്ങള്‍… ‘ചാണക്യന്‍’ സിനിമയില്‍ സ്വന്തം മരണത്തെ വില്ലനായ മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവെച്ചാണ് നായകന്റെ പോക്ക്, അപ്പോഴും നിയമത്തെ ആയുധമാക്കികൊണ്ടാണ് ഓപ്പറേഷന്‍.

ഗുണ്ടകളെ നായകന്റെ കൈകളാല്‍ അടിച്ചു തുരത്തിയാലും കൊല്ലാതെ സൂക്ഷിക്കേണ്ടുന്ന ലോജിക്കല്‍ ധാര്‍മികത മലയാളത്തിലെ അടിപ്പടങ്ങള്‍ പിന്തുടര്‍ന്ന് പോന്നിരുന്നു. ചിലതില്‍ മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന തരം കുറുക്കുവിദ്യകളാല്‍ ശിഷ്ടകാലം നായകന് പരിക്കില്ലാത്ത രീതിയില്‍ അവസാനിപ്പിക്കുന്നു, (ഉദാഹരണം: പത്രം), അപ്പോഴും ന്യായം നായകന്റെ പക്കലാണെന്നുള്ള ഉത്തമബോധ്യം ജനങ്ങള്‍ക്ക് ഡയലോഗ് വഴി കൊടുത്തിട്ടേ സിനിമ അവസാനിപ്പിക്കൂ, ഏകദേശം ഒന്ന് മുതല്‍ നാലഞ്ചു മിനിറ്റ് വരെ നായകന്റെ ന്യായവിധികല്‍പ്പനക്കായി (നാവടി) പലചിത്രങ്ങളും അവസാനം നീക്കിവെക്കാറുണ്ട്, എന്നിട്ടേ നിറയൊഴിക്കൂ, സിനിമാറ്റിക് ടൈമിനേക്കാള്‍ റിവോള്‍വറിലെ ഒരു ബുള്ളറ്റിനു വിലയുണ്ടായിരുന്നു അന്ന്. ഇനിയിപ്പോള്‍ വില്ലന്റെ സാമ്രാജ്യത്തിലെ ഓരോരുത്തരെയും നായകന്‍ കൊന്നു തള്ളേണ്ട പ്രോഗ്രാം ആണെങ്കില്‍ ഓരോ കൊലയും തിരക്കഥയിലെ പ്ലോട്ട് പോയന്റുകളായിരിക്കും, അതിന്റെ ഓപ്പറേഷന്‍, ശൈലി ഒക്കെയും സിനിമയുടെ തന്നെ ഗതിയെ നിശ്ചയിക്കുന്നു, അതിന്റെ അവസാനം അട്ടത്തിലോ, വട്ടക്കസേരയിലോ ഉള്ള പ്രധാന വില്ലനെ വെടിവെച്ചിടുമ്പോള്‍ സിനിമ അവസാനിക്കുന്നു. പറഞ്ഞു വരുന്നത് സ്‌ക്രീനിലെ ഓരോ മനുഷ്യജീവനും അല്പസ്വല്പം നിയമസാധുതയും വിലയുമുണ്ടായിരുന്ന സിനിമാക്കാലമായിരുന്നു അത്.

ഹോളിവുഡിലെ സ്റ്റാലന്‍-അര്‍ണോള്‍ഡ് മാച്ചോ നായകന്മാര്‍ വഴി എണ്‍പതുകളില്‍ ഉച്ചസ്ഥായിയില്‍ നിന്ന ഗണ്‍ ഫെറ്റിഷ് (തോക്കാസക്തി) യഥാര്‍ത്ഥത്തില്‍ ഇപ്പോഴാണ് ഇന്ത്യന്‍ സിനിമയില്‍ ആഘോഷിക്കപ്പെടുന്നത് (കൈതി, KGF, വിക്രം). അറുപതുകളിലെ ഇംഗ്ലീഷ് കൗ ബോയ്-വിജിലാന്റി ആക്ഷന്‍ ചിത്രങ്ങളെ അനുകരിച്ചിരുന്ന ഹിന്ദി ചിത്രങ്ങളെ വീണ്ടും അനുകരിച്ചിരുന്ന കാബറെയും റേപ്പും ചേസും ജോസ്പ്രകാശുമൊക്കെയുള്ള എഴുപതുകളിലെ ഓവര്‍ ദി ടോപ് മള്‍ട്ടിസ്റ്റാര്‍ മലയാളചിത്രങ്ങളില്‍ നിന്നും മാറി, എണ്‍പതുകളുടെ പകുതിയോടെ ഇരുത്തം വന്ന ലോക്കലൈസ്ഡ് ആക്ഷനുകളിലേക്ക് മലയാളം ചേക്കേറി. ഇംഗ്ലീഷ് ത്രില്ലറുകളിലെ കഥാതന്തു, കഥാപാത്രം, നോവല്‍ അഡാപ്‌റ്റേഷന്‍ എന്ന രീതിയിലേക്കൊക്കെ നമ്മുടെ ആക്ഷന്‍ സിനിമകള്‍ പുരോഗമിച്ചു. ഇവിടുത്തെ സോഷ്യോ പൊളിറ്റിക്കല്‍ സെറ്റിങ്ങിലേക്ക് അധോലോകനായകന്മാരെയും ക്രിമിനലുകളെയും പോലീസിനെയുമൊക്കെ സ്ഥാപിച്ചു അല്പസ്വല്പം ഗ്രൗണ്ടഡ് ആയി.

പിന്നെയുള്ളത് തന്റെ കുടുംബത്തിന് നിഷേധിച്ച നീതി പ്രതികാരത്തിലൂടെ വീട്ടി ഒടുവില്‍ നിയമത്തിനു കീഴടങ്ങുന്ന വിജിലാന്റി നായകന്മാര്. എല്ലാ കോമിക് സൂപ്പര്‍ഹീറോസും അക്രമം വാഴുന്ന സിറ്റിയിലെ നീതി നടപ്പാക്കുന്ന വിജിലന്റികളായിരുന്നു എന്ന് നാം ഓര്‍ക്കണം, ഇപ്പോഴാണ് അവരുടെ തട്ടകങ്ങള്‍ വേറെ മള്‍ട്ടി-ഓമ്‌നി-മെഗാ-ഹൈപ്പര്‍ വേഴ്സുകളായത്, ന്യൂയോര്‍ക്കിലെ ഓരോ അരിമണിയും എല്ലായെണ്ണവും കൂടി പെറുക്കിയെടുത്തു കഴിഞ്ഞു. പക്ഷെ അവരുടെയൊക്കെ സര്‍വിസ് കിട്ടണമെങ്കില്‍ അമേരിക്കന്‍ പൗരനായിരിക്കണം എന്ന് മാത്രം. എന്നാല്‍ നമുക്കുള്ളത് അവരെ വെല്ലുന്ന സൂപ്പര്‍ നായകന്മാര്‍ ആണ്, കോമിക് സൂപ്പര്‍ ഹീറോസ് മാസ്‌കിട്ടു ചെയ്യുന്നത് അവര്‍ മാസ്‌കിടാതെ പട്ടാപ്പകല്‍ നിര്‍വഹിക്കും, അവിടെ കഥാനായകരും, ആക്ഷന്‍ ഹീറോസും, സൂപ്പര്‍ ഹീറോസും മൂന്നു തട്ടകങ്ങളിലാണ് പ്രവര്‍ത്തിക്കുക, നമുക്കെല്ലാം കൂടി ഒരെണ്ണത്തില്‍ ലഭിക്കും.

ഒക്കെ, കൊലയിലേക്ക് തിരിച്ചു വരാം. കൊല്ലുന്ന ക്രൂരത വഴി ഭീതി വിതയ്ക്കുക എന്നത് യഥാര്‍ത്ഥത്തില്‍ മാഫിയ- ക്രൈം സിണ്ടിക്കേറ്റിന്റെ രീതിയാണ്, അപ്പോഴും മാഫിയ ചിത്രങ്ങളില്‍ അതിനൊത്തുള്ള ഗൗരവം കൊടുത്തിട്ടേ ശവം വീഴ്ത്താറുണ്ടായിരുന്നുള്ളൂ, സിനിമയുടെ ടൈമിനെയും സിനിമാറ്റിക് ലോജിക്കിനെയും മുന്‍ നിറുത്തി അവയുടെ എണ്ണത്തെ പിടിച്ചു നിര്‍ത്തിയിരുന്നു, യഥേഷ്ടം കൊല്ലാന്‍, കേഴയോ കാടയോ ബ്രോയ്‌ലറോ അല്ല മനുഷ്യരാണ് എന്നൊരു ബോധ്യം വെച്ചിരുന്നു. എന്റെ ഓര്‍മ്മയില്‍ ആദ്യമായി ‘രാജാവിന്റെ മകനി’ലെ വിന്‍സെന്റ് ഗോമസാണ് ഒരു കൂട്ടക്കൊല തന്നെയും ക്ലൈമാക്‌സില്‍ ചെയ്യുന്നത്, അതും അന്ന് പുതുമയാര്‍ന്ന മെഷിന്‍ ഗണ്‍ ഒക്കെ വെച്ച് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ തന്നെ പുള്ളി തീര്‍ത്തു കളയും, സിറ്റുവേഷനെ അത്രയും മൂപ്പിലേക്ക് അതിന്റെ തിരക്കഥ എത്തിച്ചിരുന്നു, അപ്പോഴും അവസാനം ഒരു ഇമോഷണല്‍ കണ്‍ഫ്യൂഷന്‍ നിലനില്‍ക്കുന്ന പോയിന്റ് വെച്ച് പോലീസിന്റെ വെടികൊണ്ടയാള്‍ വീഴുന്നത് കാണാം. അത്രയും വലിയ ഒരു ക്രൈം ചെയ്തിട്ട് നായകന്റെ ശിഷ്ടകാലം എന്താവും എന്ന് സിനിമ തീരുമ്പോള്‍ ഉടലെടുക്കാവുന്ന ഒരു അസ്വസ്ഥതയെ നിയമപരമായിത്തന്നെയും തിരക്കഥാകൃത്തു അവിടെ സോള്‍വ് ചെയ്യുന്നു, അതിനോടൊപ്പമുണ്ടായിരുന്ന മറ്റൊരു മാഫിയ സിനിമയായ ‘ഇരുപതാം നൂറ്റാണ്ടി’ലെ ജാക്കി മന്ത്രിപുത്രനെ കൊന്നശേഷം നിയമത്തിനു കീഴടങ്ങുകയാണ്, അതുവരെയും സിനിമയില്‍ ജാക്കി ചെയ്ത കൊലകള്‍ മാഫിയ നിയമത്തിനു കീഴിലുള്ളവയായിരുന്നു, ഇതാകട്ടെ പേഴ്‌സണല്‍ ആണ്, അതുകൊണ്ടു സ്വയം ജയില്‍ വരിക്കും, അത്രത്തോളം എത്തിക്കലി ചാര്‍ജ്ഡ് ആയിരുന്നു അന്നത്തെ അധോലോകരാജാക്കന്മാര്‍. മലയാളത്തിലെ ലേറ്റസ്റ്റ് മാഫിയ ആക്ഷന്‍ ഹിറ്റായ ‘ലൂസിഫറി’ല്‍ പോലും കാടിനകത്തു സകല ഗുണ്ടകളെയും വെടിവെച്ചു കൊന്നു തള്ളിയ ശേഷം തെളിവ് നശിപ്പിക്കേണ്ടുന്ന നറേറ്റിവ് ലോജിക് പിന്തുടരുന്നത് കാണാം. കാരണം അല്പസ്വല്പം സോഷ്യലിസ്റ്റുകളായ നമ്മള്‍ അറ്റ്‌ലീസ്റ്റ് ആ ശവങ്ങള്‍ക്കെന്തു സംഭവിക്കും (കുഴിച്ചിടുമോ, കത്തിക്കുമോ) എന്ന് ചിന്തിക്കും, വീട്ടില്‍ കറന്റു പോയാല്‍ അയലോക്കത്തും പോയോ എന്നെത്തിനോക്കുന്നത്ര പാക്ക്ഡ് ആയി ജീവിക്കുന്ന കേരളമെന്ന പട്ടണത്തിലാണ് (കൊച്ചുസംസ്ഥാനം മാത്രമല്ല വലിയൊരു പട്ടണവട്ടം തന്നെയാണ്) സംഭവം അരങ്ങേറുന്നത്. മലമ്പ്രദേശത്തൊരു ശവം മറവ് ചെയ്യാനുള്ള മലയാളിയുടെ ബുദ്ധിമുട്ട് നമ്മള്‍ ‘ദൃശ്യ’ത്തില്‍ കണ്ടതാണ്. രണ്ടായിരത്തിലെ ആദ്യ പകുതി വരെയുള്ള മലയാളത്തിലെ ഏതൊരു ആക്ഷന്‍ ചിത്രങ്ങളിലും കില്ലിംഗ് കൗണ്ട് എന്നത് തുലോം തുച്ഛമാണ്, നായകന് ക്ലൈമാക്‌സിനായി മാറ്റിവെച്ചിരിക്കുന്ന ഒരു സാക്രിഫൈസിങ് ക്രിയയായിരുന്നു അത്, പല ചിത്രങ്ങളിലും വില്ലനെ കൊല്ലാതെ നരകിക്കാന്‍ വിടാറാണ് പതിവ് (ആറാം തമ്പുരാന്‍, നരസിംഹം, ഉസ്താദ്).

മറ്റു ഭാഷകളില്‍ അത്തരമൊരു സമസ്യ ഉന്നയിക്കപ്പെടാറില്ല, കാരണം സോഷ്യല്‍ വയലന്‍സിന്റെ രീതികള്‍, വകഭേദങ്ങള്‍, ഫ്രീക്വെന്‌സി ഒക്കെയും മറ്റു പലയിടത്തും രൂക്ഷമാണ്, കൂടാതെ മിത്തോളജിക്കല്‍ ഹാങ്ങോവറുള്ള അവരുടെ നായകന്മാര്‍ ഉന്മൂലനത്തില്‍ ഡോക്ടറേറ്റ് എടുത്തവരുമാണ്, അവിടുത്തെ പല നായകന്മാരും ജാതി-ദൈവ റെപ്രെസെന്റേറ്റിവ്കളായിരുന്നു, പലദൈവങ്ങളും ഉഗ്രമൂര്‍ത്തികളാണ്, അസുരനെ കൊന്നു ശിരച്ഛേദനം ചെയ്യുന്നവര്‍. തെലുങ്കനോ, ബോംബെ ദാദയോ, ലാദനും എലിയനും മുതല്‍ ഗോഡ്‌സില്ലയെക്കൊണ്ട് വരെ നിരന്തരം പൊറുതിമുട്ടിയ ന്യൂയോര്‍ക്ക് സായിപ്പോ പകല്‍വെട്ടത്തില്‍ കൂട്ടക്കൊലകള്‍ ചെയ്തു സ്റ്റാര്‍ ആയാലും നമ്മള്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല, പക്ഷെ ഇന്നത്തെ കേരളത്തില്‍ പത്തിരുപതു പേരെ നിന്നനില്പില്‍ ഒരുത്തന്‍ വെട്ടുകയും വെടിവെക്കുകയും ചെയ്താല്‍ നമ്മളൊന്ന് അസ്വസ്ഥനാകും, അത്തരത്തിലൊരു നേരമ്പോക്ക് നുണ പോലും ഒരു മലയാളിക്ക് ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ല, അതുകൊണ്ടു കൂടിയാണ് ഹെവി കൊലകള്‍ ഉള്ള മലയാളസിനിമകളുടെ ക്ലൈമാക്‌സുകള്‍ അതിര്‍ത്തിക്കപ്പുറമാക്കുന്നത്. മറിച്ചൊരു നറേറ്റിവ് (രക്തരൂക്ഷിതമായ സംസ്ഥാനം) നോര്‍ത്തില്‍ കറങ്ങിനടക്കുന്ന കേരളവിദ്വെഷ വാട്‌സാപ്പ് ഫോര്വേഡുകളില്‍ മാത്രമാണ്.

സിനിമ ഡിജിറ്റല്‍ ആയതോടെ നമ്മുടെ മൈന്‍സ്ട്രീം സിനിമയ്ക്കുണ്ടായ പ്രധാനമാറ്റം തൊലിപ്പുറത്താണെന്നു കാണാം, സ്ലോമോഷന്റെ പെരളി ആയി, ആ ടൂള്‍ നല്ലൊരു സമയം ഉപയോഗിക്കുന്നത് പാട്ടിനും, പിന്നെ നിഷ്ടൂരമായ ബ്ലഡി കൊലകള്‍ക്കുമാണെന്നു കാണാം, ഒരു നയനസുഖം… അതിനോടൊപ്പം തന്നെ നമ്മുടെ വിദേശസിനിമാ സംസര്‍ഗ്ഗവും കൂടി, അമേരിക്കന്‍ ഷൂട്ട് ഔട്ടുകള്‍, സ്നൈഡര്‍ കോമിക് സ്‌റ്റൈല്‍, കൊറിയന്‍ വയലന്‍സ്, സീരിയല്‍ കില്ലിംഗ് പ്ലോട്ടുകള്‍ ഒക്കെയും റെഫെറെന്‍സുകളായി. ഇവയെ വേണ്ടവിധം ഇന്‍ഡ്യനീകരിക്കുന്നുണ്ടോ അതോ അപ്പാടെ ലിഫ്റ്റിങ് ആണോ എന്നതാണ് സംശയം. ‘ഗോഡ്ഫാദര്‍’ എന്ന വിഖ്യാത റെഫെറെന്‍സ് സിനിമയെ മണിരത്‌നത്തിന്റെ ‘നായകന്‍’ ഇന്‍ഡ്യനീകരിച്ചിട്ടുണ്ടെങ്കില്‍ ‘ഭീഷ്മ’ ഫാന്റസൈസ് ചെയ്തിരിക്കുകയാണെന്നു കാണാം. (പകര്‍പ്പിന്റെ ഭീകരവെര്ഷന് എന്നത് അമേരിക്കയിലെ പ്രൈവറ്റ് ഗാരേജുകളെ നോക്കി ഇവിടെയും സെറ്റ് ചെയ്ത സ്റ്റീലിന്റെ ബെഞ്ചും, ഡ്രില്ലും, കട്ടറും, ഹുക്കും, ഗ്രൈന്‍ഡറുമൊക്കെയുള്ള സീരിയല്‍ കില്ലര്‍ ലെയ്തുകളുടെ സെറ്റപ്പുകളാണ്). നമ്മുടെ നായകര്‍ ഒരു ഡസന്‍ ഗുണ്ടകളെ വെട്ടി ചോര ചീറ്റിച്ചു കാറ്റടിപ്പിച്ചു പൊടിപറത്തി സ്ലോമോഷനില്‍ നടന്നു പോകുമ്പോഴേക്കും അങ്ങ് ജോണ്‍ വിക്ക് ഒരുസിറ്റിയിലെ കൂട്ടക്കൊലക്ക് ശേഷം അടുത്ത മുനിസിപ്പാലിറ്റി പിടിച്ചിട്ടുണ്ടാകും, അയാള്‍ക്ക് പേച്ചും സ്ലോമോഷനൊന്നുമില്ല, ഒരു വീഡിയോ ഗെയിമിലേതു പോലെ അടിച്ചുനിരത്തി കമ്പ്‌ലീറ്റ് ലെവലാക്കി ലക്ഷ്യസ്ഥാനത്തു എത്തണം എന്നേയുള്ളൂ, ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങള്‍ ഒക്കെയും കൊലക്ക് ഗ്ലോറിഫിക്കേഷന്‍ കൊടുക്കാറില്ല എന്നും കാണാം, ആക്ഷന്‍ എന്ന പേര് സാധൂകരിക്കും വരെ ആക്ഷന്‍ പീസുകള്‍ ഉണ്ടാവും, കഥയില്‍ ലക്ഷ്യവും വലിയ ഇവന്റുകളുമാണ് അവര്‍ക്ക് പ്രധാനം! ഗോര്‍ വയലന്‍സൊക്കെ (Dark Comedy Violence/ Crime/ Horror) അവിടെ സെപ്പറേറ്റ് ജോണറാണ്, അതിനുള്ളത് സെപ്പറേറ്റ് സെറ്റ് ഓഫ് കാണികള്‍ ആണ്, ലോകം മൊത്തം ഓടിക്കാനുള്ള മള്‍ട്ടി മില്യണ്‍ ഫ്രാഞ്ചൈസി പടങ്ങളായ മിഷന്‍ ഇമ്പോസിബിളിലും, ജുറാസിക് പാര്‍ക്കിലും, അവഞ്ചറിലുമൊക്കെ അത് കാണിക്കാന്‍ അവര്‍ക്കതറിയാന്‍ മേലാഞ്ഞിട്ടല്ല, ഗോര്‍-ബോഡി വയലന്‍സ് കണ്ടുപിടിച്ചവരാണവര്‍, ഓരോന്നിനും ഓരോ വേദികള്‍ ഉണ്ടെന്നവര്‍ക്കറിയാം.

രണ്ടായിരത്തിന്റെ പകുതിയോടെ മൊഴിമാറ്റ ചിത്രങ്ങളുടെ കേരള വിപണി സജീവമായതോടെയാണ് ലോക്കല്‍ സ്‌ക്രീനിലെ കൊല്ലിനും കൊലക്കും മുള്ളാണിയുടെ പോലും വിലയില്ലാതായത്. തെലുങ്കിലും മറ്റും നായകന്‍ നടന്നു പോകുന്നവഴി മരം കുലുക്കി ശവം വീഴ്ത്തുന്ന പോലെയാണ് കൊലകള്‍, അതൊക്കെയും അരുംകൊലകള്‍… ആക്ച്വലി നേര്‍ക്കുനേരെ പോയി തല്ലുന്നത് വരേയ്ക്കും നായകന്‍ മാംസങ്ങളെ ഇട്ടുകൊടുത്തു കൊണ്ടേയിരിക്കുന്നു. ചരിത്രത്തിലെയും, മിത്തോളജിയിലെയും യുദ്ധങ്ങളുടെ അതെ ലോജിക്കാണിവിടെയും, അവരുടെ രാജാവിനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പടയാളികള്‍ ആണിവര്‍, പക്ഷെ യുദ്ധഭൂമിയില്‍ ശത്രുരാജ്യം ആവണം അപ്പുറം, നിങ്ങളീ മയമില്ലാതെ ലോഡ്കണക്കിനു കൊന്നു തള്ളുന്നത് ഇന്ത്യന്‍ പൗരന്മാരെ തന്നെയാണ് ബ്രോ ഒരു തരിപ്പ് തരാനായി അല്ലുവും, ജൂനിയറും, ബാലയ്യയും ചേര്‍ന്ന് കൊന്നുതള്ളിയ ആള്‍ക്കാരുടെ കൗണ്ട് നോക്കിയാല്‍ ആന്ധ്രായിലെ ചില തിരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ വരെ അസാധുവാകും.

പറഞ്ഞു വന്നത് ഇവയുടെ പോപ്പുലാരിറ്റി യഥാര്‍ത്ഥത്തില്‍ ഈ വക സെറ്റപ്പിനെ-ജോണറുകളെ വീണ്ടും പിന്നോട്ടടിച്ചു, ആക്ഷന്‍ വണ്ടി എഴുപതുകളില്‍ വീണ്ടും കിടന്നു ട്രിപ്പടിക്കുന്നു. പഴയ വീഞ്ഞ് തന്നെ സ്ലോമോഷനില്‍ കളര്‍ഫുള്‍ ആയി ഇറക്കി സംവേദന നിലവാരത്തെ ഏകീകൃതമാക്കിക്കഴിഞ്ഞിരിക്കുന്നു, സ്ത്രീകളെയും കുട്ടികളെയും മുടിക്കുത്തിനു പിടിച്ചു വലിക്കുന്ന, കൊലകള്‍ക്കിടയില്‍ ആര്‍ത്തട്ടഹസിക്കുന്ന, ഉണ്ടക്കണ്ണുള്ള, മറുകുവെച്ച ക്രൂരമുഖമുള്ള വില്ലന്മാരും, അവരുടെ താവളത്തില്‍ കാബറെയ്ക്ക് പകരമുള്ള ഐറ്റം ഡാന്‍സുകളുമായി എഴുപതുകളിലേത് കണക്കെ സ്‌ക്രീനില്‍ തിരിച്ചെത്തി, ഒരു മാറ്റമുണ്ട്; KSEB യെ നിലനിര്‍ത്തിയിരുന്ന, സ്വന്തമായി മൃഗശാല വരെയുണ്ടായിരുന്ന ബംഗ്ലാവ്-സിംഹാസന സെറ്റപ്പില്‍ നിന്നും തക്കാളിപ്പെട്ടിയും, ടയറും, ചങ്ങലയും കൊണ്ടിടുന്ന, വെല്‍ഡര്‍മാരെ തീറ്റിപ്പോറ്റുന്ന ഗാരേജുകളിലേക്ക് ബില്ല്യണയര്‍ വില്ലന്മാര്‍ ഒതുങ്ങി (ബള്‍ബുകള്‍ LED ആയിട്ടുണ്ട്), അഥവാ നായകന്‍ കൊന്നില്ലെങ്കില്‍ കാലാന്തരങ്ങളില്‍ ആസ്ത്മ വന്നു ചാവാനാണ് ഇത്രയും മണി-മസില്‍ പവറുള്ളവരുടെ വരെ യോഗം !

പോപ്പുലര്‍ സിനിമയില്‍ ഇത്തരത്തില്‍ ഓണ്‍സ്‌ക്രീന്‍ കൊലകള്‍ നിസാരവല്‍ക്കരിക്കുമ്പോള്‍ താല്‍ക്കാലിക ‘ദൃശ്യമിഴിവ്’ ലഭിക്കുന്നുണ്ടെങ്കിലും, കൂട്ടക്കൊലയ്ക്ക് ഏത്തക്കുലയുടെ പോലും വിലയില്ലാതാവുന്നതോടെ നായകന്റെ ഉന്മൂലനമെന്ന ഉദ്ദേശലക്ഷ്യത്തിന്റെ മേന്മ കുറയുന്നു, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് കൊടുക്കേണ്ട സാറ്റിസ്ഫാക്ഷന്റെ ഉത്തരവാദിത്തങ്ങള്‍ കൂടുന്നു, രണ്ടരമണിക്കൂറിലെ ഓരോ പത്തുമിനിറ്റിലും വാഴപ്പിണ്ടി കണക്കെ ശവങ്ങള്‍ വീഴുന്നതോടെ ക്‌ളൈമാക്‌സില്‍ അതിലും വലിയതൊന്നു നടപ്പിലാക്കാന്‍ നായകന്മാര്‍ നിര്‍ബന്ധിതരാകുന്നു, ജയവും ഉന്മൂലനവും പുത്തരിയല്ലാതൊരു നായകന്, തോല്‍വി അറിയാത്തൊരു നായകന് ക്ലൈമാക്‌സില്‍ വില്ലനെ ഇല്ലാതാക്കുമ്പോള്‍ എന്ത് നിര്‍വൃതി-ജയം പുതുതായി തരാനാണ്? എങ്ങനെ സിനിമയ്ക്കൊരു വഴിമാറ്റം ക്‌ളൈമാക്‌സില്‍ ഉണ്ടാക്കും? കൊലയ്ക്ക് വിലയില്ലാതാക്കുന്നതോടെ തിരക്കഥയിലെ കോണ്‍ഫ്‌ളിക്റ്റുകള്‍ ഓളം തട്ടാത്ത തടാകം പോലെ നിശ്ചലമാകും, വിരസതയുടെ വലിയൊരു നദി നീന്തിക്കടക്കേണ്ടി വരും, തുടര്‍ന്ന് ബിജിമ്മും സ്ലോമോഷനും എന്‍സെമ്പിള്‍ കാസ്റ്റുമൊക്കെ ഉള്‍പ്പെടുത്തിയുള്ള ഏതാനും ഹിസ്റ്റീരിയ മോമെന്റുകളിലേക്ക് മാത്രമായി മാസ്സ് സിനിമകള്‍ ചുരുങ്ങുന്നു, അണ്ടര്‍ഗ്രൗണ്ടില്‍ പേരിനൊരു തിരക്കഥയും. പണപ്പിരിവ് നടത്തി നാളുകള്‍ക്ക് ശേഷം കേവല ട്രോള്‍ മെറ്റീരിയലുകള്‍ ആയിത്തീവുന്നത്ര കെല്‍പ്പുള്ളവയായി നമ്മുടെ ആക്ഷന്‍ ജോണറുകള്‍ക്ക് രൂപമാറ്റം (ഛേദം) വന്നതുപോലെ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply