മമ്മുട്ടിയും മോഹന്‍ലാലും അവസാന സൂപ്പര്‍ സ്റ്റാറുകള്‍ !!

എന്താണിവരുടെ കാലത്ത് മലയാളിസിനിമയിലുണ്ടായ പ്രധാന മാറ്റം? ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സിനിമയെ കൂടുതല്‍ പുരുഷാധിപത്യപരവും സവര്‍ണ്ണാധിപത്യപരവും ധനികാധിപത്യപരവുമായി എന്നതാണത്. സ്വാഭാവികമായും അതിന്റെ മറുവശം സ്ത്രീവിരുദ്ധവും ദളിത് – ന്യൂനപക്ഷ വിരുദ്ധവും ദരിദ്രരെ പുറത്താക്കുന്നതുമായി. സത്യനും നസീറും മധുവുമൊക്കെ ജ്വലിച്ചുനിന്ന മലയാളസിനിമയിലെ ആദ്യദശകങ്ങള്‍ അങ്ങനെയായിരുന്നില്ല. എത്രയോ ദരിദ്രകുടുംബങ്ങളുടെ ജീവിതം സിനിമക്ക് പ്രമേയമായി. ഷീലയിലൂടേയും ശാരദയിലൂടേയും ജയഭാരതിയിലൂടേയും മറ്റും വെള്ളിത്തിരയിലെത്തിയ എത്രയോ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍, എത്രയോ ശക്തരായ മുസ്ലിം – ദളിത് കഥാപാത്രങ്ങള്‍..

അഭിനയരംഗത്ത് അരനൂറ്റാണ്ടുതികഞ്ഞ മമ്മുട്ടിയുടെ എഴുപതാം പിറന്നാള്‍ വന്‍ ആഘോഷങ്ങളോടെ കടന്നുപോയി. 50 വര്‍ഷവും ഏറെക്കുറെ സൂപ്പര്‍ സ്റ്റാറായി തുടരുക എന്നതിന് പല ഉദാഹരണങ്ങളുമുണ്ടാകാമെങ്കിലും വിരളമാണ്. കമലഹാസന്റേയും ബച്ചന്റേയും പോലുള്ളവര്‍ ഇന്ത്യയിലുണ്ട്. മലയാളത്തില്‍ പ്രേംനസീര്‍ പതിറ്റാണ്ടുകളോളം മുടിചൂടാമന്നനായിരുന്നു. അതേസമയം മറ്റുള്ള ഭൂരിഭാഗം പേരില്‍ നിന്നും മമ്മുട്ടിയുടെ വ്യത്യാസം ശാരീരികക്ഷമതയാണ്. 70ലും യൗവനം കാത്തുസൂക്ഷിക്കുന്നു എന്നതാണ്. സത്യത്തില്‍ അതുതന്നെയാണ് 70-ാം പിറന്നാള്‍ ദിവസം പ്രധാനമായും ചര്‍ച്ചയായത്. കുറെയേറെ മികച്ച ചിത്രങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയിലേയോ കേരളത്തിലെ തന്നേയോ അഭിനയത്തില്‍ നമ്പര്‍ വണ്‍ ഒന്നുമല്ല മമ്മുട്ടി. പിറന്നാള്‍ ദിവസവും അതാരും പറഞ്ഞിട്ടുമില്ല. അതേസമയം മലയാളികള്‍ക്കെല്ലാം സ്വന്തം കുടംബാംഗം പോലെതന്നെയാണ് അദ്ദേഹം. മോഹന്‍ലാലും അങ്ങനെതന്നെ.

മമ്മുട്ടിയെ കുറിച്ചുള്ള അപദാനങ്ങള്‍ക്കുശേഷം മറ്റൊരു വിഷയമാണ് ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത്. മോഹന്‍ലാലിനൊപ്പം മമ്മുട്ടിയും സൂപ്പര്‍ സ്റ്റാറായി തിളങ്ങിനിന്ന ഈ പതിറ്റാണ്ടുകളില്‍ മലയാളസിനിമക്കുണ്ടായ മാറ്റമാണത്. അക്കാര്യം പരിശോധിക്കുമ്പോള്‍ തീര്‍ച്ചയായും മറ്റുപലരേയും പോലെ ഇവരും വിമര്‍ശനമര്‍ഹിക്കുന്നു. അത് ഇത്തരം സമയങ്ങളില്‍ പറയുന്നതു ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. പക്ഷെ എം എന്‍ വിജയന്‍മാഷ് പറഞ്ഞിരിക്കുന്നത് നിങ്ങള്‍ക്കാരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് ചെകിടത്തടിച്ച് പറയണം എന്നാണ്. മറ്റൊന്ന് സിനിമയില്‍ നടനെന്തു ഉത്തരവാദിത്തം, സംവിധായകന്‍ പറയുന്നതല്ലേ അവര്‍ ചെയ്യുക എന്ന ചോദ്യമാണ്. സാധാരണ നടന്മാരുടെ കാര്യത്തില്‍ അതു ശരിയായിരിക്കാം. എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളുടെ കാര്യത്തില്‍ അതങ്ങനെയല്ല എന്ന് എത്രയോ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. പ്രത്യേകിച്ച് നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിനുശേഷം. ഒരു പരിധിവരെ മലയാളസിനിമയെ കാലങ്ങളോളം നിയന്ത്രിച്ചത് ഏതാനും സൂപ്പര്‍ സ്റ്റാറുകളായിരുന്നു. കഥ കേട്ട് ആരഭിനയിക്കണം, ആരു സംവിധാനം ചെയ്യണമെന്നുപോലും അവരാണല്ലോ തീരുമാനിച്ചിരുന്നത്. പലര്‍ക്കും സ്വന്തം നിര്‍മ്മാണ – വിതരണ സംവിധാനവുമുണ്ട്. ഏതാനും വലിയ സംവിധായകരൊഴികെ മറ്റെല്ലാവരേയും ഇവര്‍ മറികടന്നിരുന്നു എന്നതല്ലേ സത്യം.? ഒരു സിബിഐ ഡയറികുറിപ്പിലെ സിബിഐ കഥാപാത്രം ബ്രാഹ്മണനാകണമെന്ന് മമ്മുട്ടിയാണ് നിര്‍ദ്ദേശിച്ചതെന്ന് കഴിഞ്ഞ ദിവസം തിരകഥാകൃത്ത് എസ് എന്‍ സ്വാമി തന്നെ പറഞ്ഞല്ലോ. നടി അക്രമിക്കപ്പെട്ട സംഭവത്തിനുശേഷം മലയാളസിനിമയിലെ പുരുഷാധിപത്യ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് സംവിധായകന്‍ പറഞ്ഞാലും സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ അവതരിപ്പിക്കില്ല എന്ന് പൃഥീരാജ് പറഞ്ഞതും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിഷയത്തിലേക്കു തിരിച്ചുവരാം. എന്താണിവരുടെ കാലത്ത് മലയാളിസിനിമയിലുണ്ടായ പ്രധാന മാറ്റം? ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ സിനിമയെ കൂടുതല്‍ പുരുഷാധിപത്യപരവും സവര്‍ണ്ണാധിപത്യപരവും ധനികാധിപത്യപരവുമായി എന്നതാണത്. സ്വാഭാവികമായും അതിന്റെ മറുവശം സ്ത്രീവിരുദ്ധവും ദളിത് – ന്യൂനപക്ഷ വിരുദ്ധവും ദരിദ്രരെ പുറത്താക്കുന്നതുമായി. സത്യനും നസീറും മധുവുമൊക്കെ ജ്വലിച്ചുനിന്ന മലയാളസിനിമയിലെ ആദ്യദശകങ്ങള്‍ അങ്ങനെയായിരുന്നില്ല. എത്രയോ ദരിദ്രകുടുംബങ്ങളുടെ ജീവിതം സിനിമക്ക് പ്രമേയമായി. ഷീലയിലൂടേയും ശാരദയിലൂടേയും ജയഭാരതിയിലൂടേയും മറ്റും വെള്ളിത്തിരയിലെത്തിയ എത്രയോ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍, എത്രയോ ശക്തരായ മുസ്ലിം – ദളിത് കഥാപാത്രങ്ങള്‍… സത്യനെപോലുള്ളവരുണ്ടെങ്കിലും തീര്‍ച്ചയായും വെളുപ്പും സൗന്ദര്യവുമൊക്ക പ്രധാന ഘടകമായിരുന്നെങ്കിലും, തുടക്കകാലത്തെ എല്ലാ പരിമിതികളഉമുണ്ടായിരുന്നെങ്കിലും സിനിമകള്‍ പൊതുവില്‍ പറഞ്ഞിരുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ കഥകളായിരുന്നു.

ഈയൊരു ധാരക്കാണ് പിന്നീട് മാറ്റം വന്നത്. സിനിമ കൂടുതല്‍ കൂടുതല്‍ കച്ചവടവല്‍ക്കരിക്കുന്നതൊക്കെ മനസ്സിലാക്കാം. അത് ഒരേസമയം കലയും വ്യവസായവുമാണ്. അതിനാല്‍ ജനങ്ങളെ രസിപ്പിക്കണം, തിയറ്ററുകളിലെത്തിക്കണം. ആ മാറ്റങ്ങള്‍ മറ്റെല്ലായിടത്തുമെന്നപോലെ ഇവിടേയുമുണ്ടായി. ഒപ്പം സമാന്തരമായ ഒരു പാതയും നിലനിന്നു. എന്നാല്‍ മുഖ്യധാരയില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്ന മാറ്റങ്ങളാണ് സംഭവിച്ചത്. അതാണ് തുടക്കത്തില്‍ പറഞ്ഞ സിനിമ കൂടുതല്‍ പുരുഷാധിപത്യപരവും സവര്‍ണ്ണാധിപത്യപരവും ധനികാധിപത്യപരവുമായി എന്നത്. ആ മാറ്റത്തില്‍ ഏറ്റവും പങ്കുവഹിച്ചത് മമ്മുട്ടിയുടേയും മോഹന്‍ലാലിന്റേയും അഭിനയശേഷിയും ശരീരവുമായിരുന്നു. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചകളിലെല്ലാം പൗരുഷത്തിന്റെ പ്രതീകമായി ബുദ്ധിജീവികള്‍ പോലും മമ്മുട്ടിയെ വിശേഷിപ്പിക്കുന്നതു കേട്ടു. ഇവിടെ പൗരുഷമെന്നു പറയുന്നത് സ്ത്രീകള്‍ക്കുമേലുള്ള ആധിപത്യമാണെന്ന് മമ്മുട്ടിയുടെ എത്രയോ സിനിമകള്‍ സാക്ഷി. അക്കാര്യത്തില്‍ മമ്മുട്ടിയോ ലാലോ ഒന്നും ഉത്തരവാദികളല്ലെന്നു വാദിക്കാം. എന്നാല്‍ മലയാളസിനിമയെ പൂര്‍ണ്ണമായും നിയന്ത്രിക്കുന്ന വിധത്തില്‍ ഇവരടക്കം വിരലിലെണ്ണാവുന്നവര്‍ മാറിയ സാഹചര്യത്തില്‍ അങ്ങനെ മാപ്പുകൊടുക്കാവുന്ന ഒന്നല്ല അത്.

മമ്മുട്ടി – മോഹന്‍ലാല്‍ ദ്വന്ദത്തെ കുറിച്ചും ചിലത് പറയേണ്ടിവരും. എന്തുകൊണ്ട് ഇവര്‍ രണ്ടുപേരും പതിറ്റാണ്ടുകളായി സൂപ്പര്‍ സ്റ്റാറുകളായി തുടരുന്നു എന്നതുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ എഴുത്തുകാരനും സിനിമാനിരൂപകനുമായ എന്‍ പി സജീഷ് എഴുതിയതാണ് ഓര്‍മ്മവരുന്നത്. നാമെല്ലാം ഉള്ളില്‍ മോഹന്‍ലാലും പുറത്തേക്ക് മമ്മുട്ടിയുമാണെന്നാണ് സജീഷ് പറയുന്നത്. പോലീസായും കുടുംബനാഥനായും സ്ത്രീകളെ ചെകിടത്തടിച്ചും വരുതിയില്‍ നിര്‍ത്തുന്ന പുരുഷനായുമുള്ള മമ്മുട്ടി കഥാപാത്രങ്ങളെയാണ് നമുക്കിഷ്ടം. കുടിയനായ മമ്മുട്ടിയേയോ കാമുകിമാരുമായി നൃത്തം ചവിട്ടുന്ന മമ്മുട്ടിയേയോ ആന്റി ഹീറോയായ മമ്മുട്ടിയേയോ താല്‍പ്പര്യമില്ല. നാമെല്ലാം പുറത്തേക്ക് അങ്ങനെയാണല്ലോ. എന്നാല്‍ അതിനെല്ലാം വിപരീതമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലാലിനെയാണ് നമുക്കിഷ്ടം. കാരണം നാമെല്ലാം ഉള്ളില്‍ അങ്ങനെയാണ്. നമ്മുടെ ബാഹ്യമായ നാട്യങ്ങളേയും ആന്തരികമായ ചോദനകളേയുമാണ് ഇരുകൂട്ടരും ചേര്‍ന്ന് തൃപ്തിപ്പെടുത്തുന്നത്, ഇരുവരും നമുക്കാവശ്യമാണ്, അതിനാലാണ് ഇരുവരും സൂപ്പര്‍ സ്റ്റാറുകളായി തുടരുന്നതെന്നായിരുന്നു നിരീക്ഷണം. അഥവാ ശ്രീരാമനേയും ശ്രീകൃഷ്ണനേയും പോലെ. സാമൂഹ്യജീവിതത്തിന്റെ പല മേഖലകളിലും ഇത്തരം ദ്വന്ദങ്ങളെ കാണാനാകും.

തീര്‍ച്ചയായും സമൂഹത്തിലുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം സിനിമയിലും കാണാം. കേരളത്തിലുണ്ടായ നവോത്ഥാന – സാമൂഹ്യ മുന്നേറ്റങ്ങളുടെ ബാക്കിയായിതന്നെ ആദ്യകാല സിനിമകളെ കാണാം. എന്നാല്‍ പതുക്കെ പതുക്കെ അതെല്ലാം നഷ്ടപ്പെട്ട്, എന്തിനെയെല്ലാം ആട്ടിയോടിച്ചു എന്നു നാം കരുതിയോ ആ മൂല്യങ്ങളിലേക്കെല്ലാം സമൂഹം തിരിച്ചുപോകാന്‍ തുടങ്ങിയപ്പോള്‍ സിനിമയും ആ വഴി സ്വീകരിച്ചു. പ്രത്യക്ഷത്തിലുള്ള ജാതിവിവേചനം ഇല്ല എന്നു തോന്നുമ്പോഴും പരോക്ഷമായി ഇവിടെയത് ശക്തിയായി തന്നെ നിലനില്‍ക്കുന്നു എന്നതാണല്ലോ യാഥാര്‍ത്ഥ്യം. അതിന്റെ പ്രതിഫലനമായിരുന്നു അയ്യര്‍ ദി ഗ്രേറ്റിലും വിയറ്റ്‌നാം കോളനിയിലുമൊക്കെ കണ്ടത്. അതേസമയത്തുതന്നെ ശക്തമായി കൊണ്ടിരുന്ന ന്യൂനപക്ഷവിരുദ്ധതയാണല്ലോ ധ്രുവത്തിലേയും പ്രമേയം. ആ സിനിമയിലെ സിന്ദൂരക്കുറിയും താടിയും എന്തിനെയായിരുന്നു പ്രതിനിധാനം ചെയ്തിരുന്നത് എന്നുവ്യക്തം. ഗള്‍ഫിലും മറ്റും പോയി അധ്വാനിച്ച് പണമുണ്ടാക്കിവന്നവരെ ”പുത്തന്‍ പണക്കാരായി” അധിക്ഷേപിക്കുന്ന എത്രയോ സിനിമകള്‍.. അവരില്‍ പലരും ആദ്യം കള്ളക്കടത്തുകാരായി, പിന്നീട് ഭീകരരും. പ്രധാനമായും മോഹന്‍ലാല്‍ സവര്‍ണ്ണ പരുഷബിംബമായി തിരശ്ശീലയില്‍ നിറഞ്ഞാടി. മണ്ഡല്‍ കമ്മീഷനുശേഷം ജോലികിട്ടാത്ത സവര്‍ണ്ണന്റെ വേദനയും അര്‍ഹതയില്ലാതെ ജോലിലഭിച്ച അവര്‍ണ്ണന്റെ അഹങ്കാരവും നിരവധി സിനിമകളുടെ പ്രമേയമായി. സംഘപരിവാര്‍ വളര്‍ച്ചയോടെ മലപ്പുറത്തുപോയാല്‍ ബോംബു ലഭിക്കുമെന്ന ഡയലോഗ് പോലും സിനിമയില്‍ കേട്ടു. സത്യത്തിലത് ലഭിക്കുക കണ്ണൂരായിട്ടും. ഈ സമയത്തെല്ലാം സ്ത്രീകഥാപാത്രങ്ങള്‍ നായകരുടെ നിഴലുകള്‍ മാത്രമായി. പാവപ്പെട്ടവരും കറുത്തവരും ട്രാന്‍സ് ജെന്ററുകളുമൊക്കെ കോമാളികളായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാനിര്‍മ്മാണരംഗത്തും ഇതിന്റെ അലയൊലികളുണ്ടായി. ആദ്യം കഥ കേല്‍ക്കുന്ന് സൂപ്പര്‍ സ്റ്റാറുകളായി. പിന്നീടയാള്‍ തീരുമാനിക്കുന്നപോലെയായി കാര്യങ്ങള്‍. തിലകനെ പോലുള്ള മഹാനടന്മാര്‍ പോലും പുറത്തായി. വിനയനെ പോലുള്ള സംവിധായകര്‍ ഇടകാലത്ത് കുറെ സത്യങ്ങള്‍ വിളിച്ചു പറഞ്ഞു. അന്നത് കാര്യമായി ആരും പരിഗണിച്ചില്ല. എന്നാല്‍ നടി അക്രമിക്കപ്പെട്ടതോടെ അതുവരേയും ഒളിച്ചുവെച്ച സത്യങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. എന്നിട്ടും ഈ മഹാനടന്മാരൊക്കെ നിന്നത് ഇരക്കൊപ്പമായിരുന്നില്ല, വേട്ടക്കാരനൊപ്പമായിരുന്നു. എന്നാല്‍ അതോടൊപ്പമുണ്ടായ ഗുണകരമായ മാറ്റമെന്നു പറയുന്നത് സിനിമക്കകത്തും പുറത്തും പോരാടുന്ന ചെറുപ്പക്കാരുടെ, പ്രത്യേകിച്ച പെണ്‍കുട്ടികളുടെ ഒരു നിരതന്നെ ഉയര്‍ന്നുവന്നു എന്നതാണ്. AMMA യുടെ നിലപാടുകളെ ചോദ്യം ചെയ്ത് അവര്‍ രൂപീകരിച്ച WCC ശക്തമായി നിലപാടുകളുമായി ഇപ്പോഴും സജീവമാണ്. അവരോട് ഐക്യപ്പെട്ട നടന്മാരും അല്ലാത്തവരുമായി ഒരു നിരയും രംഗത്തുണ്ട്. എന്നാല്‍ അപ്പോഴും ഈ പോരാട്ടത്തോട് ഐക്യപ്പെടാന്‍ മഹാനടന്മാര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, അവര്‍ ഊട്ടിവളര്‍ത്തുന്ന ഫാന്‍സിനു മുമ്പത്തെ പ്രതാപം നഷ്ടപ്പെട്ടെങ്കിലും ഇപ്പോഴും രംഗത്തുണ്ട്. മറുവശത്ത് രാജ്യം നേരിടുന്ന അതിരൂക്ഷമായ പ്രശ്‌നങ്ങളോട് രാജ്യത്തെങ്ങുമുള്ള സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിക്കുമ്പോള്‍ അത്തരമൊരു നീക്കവും ഇവിടെയില്ല. WCC യിലെ കുട്ടികള്‍ മാത്രമാണ് ഏതെങ്കിലും രീതിയില്‍ പ്രതികരിക്കുന്നത്.

ഇത്തരമൊരവസ്ഥയിലേക്ക് മലയാളസിനിമ മാറിയതില്‍ മമ്മുട്ടിയും മോഹന്‍ലാലുമടക്കമുള്ളവര്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ പങ്കുണ്ട്. നടന്‍ കേവലം സംവിധായകന്റെ ഉപകരണമാണെന്ന പരമ്പരാഗത ന്യായമൊക്കെ സൂപ്പര്‍ സ്റ്റാറുകളുടെ കാര്യത്തില്‍ അപ്രസക്തമാണ്. അതേസമയം ആശ്വാസകരമായ കാര്യം സൂപ്പര്‍ സ്റ്റാറുകളുടെ സമ്പൂര്‍ണ്ണാധിപത്യത്തിന്റെ കാലം ഏറെക്കുറെ അവസാനിച്ചു എന്നതാണ്. സിനിമയുടെ എല്ലാ മേഖലകളിലും പുതിയ ലോകത്തെ ഉള്‍ക്കൊള്ളുന്ന ചെറുപ്പക്കാര്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. അതിന്റെ പ്രതിഫലനം പല സിനിമകളിലും പ്രകടമാകാന്‍ തുടങ്ങിയിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യയാകട്ടെ പണാധിപത്യത്തിനും ഇടിവു വരുത്തിയിരിക്കുന്നു. ഒ ടി ടി പ്ലാറ്റ് ഫോമുകളാകട്ടെ സിനിമയുടെ പ്രദര്‍ശനവും എളുപ്പമാക്കുന്നു. ഇനിയൊരിക്കലും സിനിമയില്‍ ഇതുവരെ കണ്ട രീതിയിലുള്ള സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകാനിടയില്ല എന്നതാണ് വസ്തുത. മമ്മുട്ടിയും ലാലുമൊക്കെ അവസാന സൂപ്പര്‍ സ്റ്റാറുകളാകട്ടെ, സിനിമ കൂടുതല്‍ ജനകീയമാകട്ടെ എന്നാണ് ഈ എഴുപതാം പിറന്നാള്‍ വേളയില്‍ ആശിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply