1921 – എം.പി. നാരായണമേനോന്റെ ഖിലാഫത്ത് പോരാട്ടങ്ങള്‍

മാപ്പിള ഔട്ട് റേജസ് ആക്റ്റ് എന്ന കിരാതനിയമം ഉപയോഗിച്ച് 14 വര്‍ഷം ശിക്ഷ അനുഭവിച്ച ആളാണ് നാരായണ മേനോന്‍. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും നാരായണമേനോനും ആയിരിക്കും ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ഹിന്ദുപോരാളികള്‍. മേനോനെ മഞ്ചേരിയില്‍ നിന്ന്് അറസ്റ്റ് ചെയ്ത് തിരൂര്‍ വരെ നടത്തിക്കൊണ്ട് പോയി. കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ചു. ആ യാത്രയിലുടനീളം അദ്ദേഹത്തിന്റെ ശരീരത്തില്‍ ബയണറ്റുകൊണ്ട് കുത്തിയിരുന്നു. ചോരവീണ വഴിയിലൂടെയായിരുന്നു തിരൂരിലേക്കുള്ള യാത്ര.

മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് വില്ലേജ് ഓഫീസിനടുത്തുള്ള പറമ്പോട്ട് തറവാടിന്റെ അകത്തളത്തിലിരുന്ന് വിജയം കരുണാകരന്‍ തന്റെ വല്യമ്മാമയായ എം.പി. നാരായണമേനോനെക്കുറിച്ച് സംസാരിച്ചത് ഏറെ അഭിമാനത്തോടെയാണ്. വിജച്ചേച്ചിയെ ഏറെ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ കാണുന്നത്. വളരെ അവിചാരിതമായി ചേച്ചി എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. ആലിപ്പറമ്പില്‍ തന്നെയാണ് ചേച്ചി ഇപ്പോഴുമുള്ളത് എന്ന് ഞാനറിയുന്നത് അപ്പോഴാണ്. ചേച്ചിയുടെ ഫോണ്‍ നമ്പര്‍ എന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടുപോയിരുന്നു. മകന്‍ കേണല്‍ ഗോപാല്‍ കരുണാകരനൊപ്പം സിംഗപ്പൂരിലോ, അതല്ലെങ്കില്‍ പെണ്‍മക്കള്‍ക്കൊപ്പം ബാംഗ്ലൂരിലൊ, നോയിഡയിലോ ആയിരിക്കും ചേച്ചി എന്നാണ് ഞാന്‍ കുരുതിയത്. ആലിപ്പറമ്പ് പറമ്പോട്ട് തറവാട്ടില്‍ ചേച്ചി ഒറ്റയ്ക്ക് താമസിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞാന്‍ അവരെ തേടിച്ചെന്നു.

വിജയചേച്ചിയുടെ ഭര്‍ത്താവ് ഡോ. കെ.പി. കരുണാകരന്‍ ഇന്ത്യയിലെ പ്രശസ്തനാ പൊളിറ്റിക്കല്‍ സയന്റിസ്റ്റായിരുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി അടക്കമുള്ള പല സര്‍വ്വകലാശാലകളില്‍ അധ്യാപകനായിരുന്നു കരുണാകരന്‍. ഫുള്‍ ബ്രെയ്റ്റ് സ്‌കോളര്‍ഷിപ്പോടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി അദ്ദേഹം. ഇംഗ്ലണ്ടില്‍നിന്നാണ് ഡോക്ടറേറ്റ് എടുത്തത്. ആ കാലത്ത് ഭര്‍ത്താവിനൊപ്പം വിജയചേച്ചിയും ഇംഗ്ലണ്ടിലേക്കു പോയി. യാത്ര പറയാനായി വല്യമ്മാമയായ എം.പി. നാരായണമേനോനെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം കരുണാകരനോട് പറഞ്ഞ തമാശ ഇപ്പോഴും വിജയചേച്ചി ഓര്‍ക്കുന്നു.

“”എടോ ഇവളെ ഇംഗ്ലണ്ടിലേയ്ക്ക് കൊണ്ടുപോയാല്‍ തനിയ്ക്ക് പഠിക്കാന്‍ സമയം കിട്ടുമോ. ഇവളെ ശുശ്രൂഷിക്കാനല്ലേ നേരമുണ്ടാവൂ.”” 1990ല്‍ തന്നെ ചേച്ചിയും കെ.പി. കരുണാകരനും ആലിപ്പറമ്പിലെ പറമ്പോട്ട് വീട്ടില്‍ എത്തിയിരുന്നു. കുഞ്ഞുനാളിലേ പരിചിതമായ ഈ വീട് അവര്‍ വാങ്ങിയതാണ്. ഇരുനൂറ്റി അന്‍പതോളം കൊല്ലം പഴക്കമുള്ള ഈ തറവാട് അതേപോലെ സംരക്ഷിക്കുകയാണ് വിജയചേച്ചി.

ഈ വീട് 1921ലെ മലബാര്‍ കലാപത്തിലെ ഒരധ്യായമാണ്. എം.പി. നാരായണമേനോന്റെ പിതാവ് പറമ്പോട് കരുണാകരമേനോന്‍ ഈ തറവാട്ടുകാരനായിരുന്നു. പറമ്പോട്ട് തറവാട്ടുകാരും പുഴക്കാട്ടിരിയിലെ മുതല്‍ പുരേടത്ത് എന്ന തറവാട്ടുകാരും ബ്രിട്ടീഷ് അനുകൂലികളായിരുന്നു എന്ന് വിജയചേച്ചി പറയുന്നു. മുതല്‍ പുരേടത്ത് നാരായണിയമ്മയാണ് എം.പി. നാരായണ മേനോന്റെ മാതാവ്. വളരെ കുറച്ച് കാലമേ പുഴക്കാട്ടിരിയിലെ അമ്മ വീട്ടില്‍ നാരായണമേനോന്‍ താമസിച്ചിട്ടുള്ളൂ. പിന്നീട് അങ്ങാടിപ്പുറത്ത് വീടുവെച്ചു നാരായണിയമ്മ. അവിടെയാണ് നാരായണമേനോന്‍ വളര്‍ന്നത്. പിതാവ് കരുണാകരമേനോന്‍ അകാലത്തില്‍ മരണപ്പെട്ടു. അമ്മയോടായിരുന്നു നാരായണമേനോന് അടുപ്പം. മകള്‍ നാണിക്കുട്ടി ശരണിനോട് പില്‍ക്കാലം അദ്ദേഹം തന്റെ അമ്മയെക്കുറിച്ച് പറഞ്ഞത് പ്രൊഫസര്‍ എം.പി.എസ്. മേനോന്‍ തന്റെ മലബാര്‍ സമരം : എം.പി. നരായണമേനോനും സഹപ്രവര്‍ത്തകരും എന്ന കൃതിയില്‍ കുറിച്ചതിങ്ങനെ:

“”എന്നില്‍ എന്തെങ്കിലും പവിത്രത നീ എപ്പോഴെങ്കിലും ദര്‍ശിച്ചുവെങ്കില്‍ അതിനുത്തരവാദി എന്റെ അമ്മയാണ്. അത് എനിക്കെന്റെ അമ്മയില്‍നിന്നു കിട്ടിയതാണ്. അച്ഛനില്‍നിന്നല്ല.”” കണ്ണീരോടുകൂടി മാത്രമേ അമ്മയെ അദ്ദേഹം ഓര്‍ത്തിട്ടുള്ളൂ എന്നും നാണിക്കുട്ടി ശരണ്‍ കുറിച്ചിട്ടുണ്ട്.

വല്യമ്മാമയുടെ മഹത്വം പില്‍ക്കാലത്താണ് തിരിച്ചറിയുന്നതെന്ന് വിജയചേച്ചി പറഞ്ഞു. കുട്ടികാലത്ത് നല്ലതൊന്നും അദ്ദേഹത്തെ കുറിച്ച് കുടുംബക്കാരില്‍നിന്നു പറഞ്ഞു കേട്ടിട്ടില്ല. അതിന് പല കാരണവും ഉണ്ടായിരുന്നു. ഒന്ന് അദ്ദേഹം ബ്രിട്ടീഷ്‌വിരുദ്ധനായി എന്നതാണ്. കുടിയാന്മാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുമ്പോള്‍ നായര്‍ ജന്മിമാര്‍ക്ക് അതത്ര രുചിക്കില്ലല്ലൊ. മുസല്‍മാന്‍മാരുമായി ആഴത്തില്‍ ഇടപഴകിയതും ബന്ധുക്കളേയും കുടുംബക്കാരേയും രോഷാകുലരാക്കി. ഇതെല്ലാം വല്യമ്മാമയെക്കുറിച്ച് ശരിക്കും മനസ്സിലാക്കാന്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഭര്‍ത്താവിന്റെ ഗവേഷണവുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം വിജയം കരുണാകരനും ഇംഗ്ലണ്ടില്‍ താമസിച്ചു. തിരിച്ചുവന്നപ്പോഴും അമ്മാമയെ കണ്ടു. ധീരനായിരുന്നു അദ്ദേഹമെന്നാണ് വിജയ ചേച്ചിയുടെ വിലയിരുത്തല്‍. സ്വന്തം ബോധ്യത്തില്‍ അദ്ദേഹം തീരുമാനമെടുത്തു. രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തെ തിരുത്താനോ തീരുമാനങ്ങളില്‍ മാറ്റം വരുത്താനോ പ്രിയപ്പെട്ട അമ്മയ്‌ക്കൊ പ്രിയപത്‌നിക്കോ സാധ്യമായതുമില്ല.

കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരുടെ കുടുംബവുമായി ആഴമേറിയ സൗഹൃദത്തെക്കുറിച്ച് വിജയം കരുണാകരന്‍ ഓര്‍ത്തെടുക്കുന്നു. ഒരിക്കല്‍ കട്ടിലശ്ശേരിയുടെ കുടുംബവും തന്റെ കുടുംബവും ചേര്‍ന്ന് പന്തിഭോജനം നടത്തിയതും, അന്ന് കട്ടിലശ്ശേരിയുടെ മകള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതുമൊക്കെ. എം.പി. നരായണമേനോനെ ഓര്‍ക്കാന്‍ ഇങ്ങനെ കുറച്ചുപേര്‍ മാത്രമേ ബാക്കിയുള്ളൂ. അദ്ദേഹത്തിന്റെ പേരക്കുട്ടികളെ ആരേയും കാണാന്‍ എനിക്ക് സാധിച്ചില്ല. ഏക മകള്‍ നാണിക്കുട്ടി ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലാണ് പഠിച്ചത്. അവര്‍ കോളേജ് അധ്യാപികയും പ്രിന്‍സിപ്പലും ഒക്കെ ആയിരുന്നു. ബീഹാറുകാരനായ ശരണിനെ വിവാഹം കഴിച്ചു. ശിഷ്ടകാലം അവര്‍ ജീവിച്ചത് പാറ്റ്‌നയിലാണ്. ആണ്‍മക്കളായ കരുണാകരനും മോഹന്‍ദാസും കൃഷ്ണദാസുമൊക്കെ മദ്രാസിലായിരുന്നു. നാരായണമേനോന്‍ ദീര്‍ഘകാലം ജയിലിലായിരുന്നതിനാല്‍ പിതാവിന്റെ ലാളന ഏല്‍ക്കാന്‍ മക്കള്‍ക്ക് സാധിച്ചില്ല. കുട്ടിക്കാലത്തെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്കിടയില്‍ ജയില്‍മുറിയിലെ ഇരുമ്പഴികള്‍ ഉണ്ടായിരുന്നു. രാമകൃഷ്ണമിഷന്റെ പിന്തുണയാലാണ് ഈ മക്കള്‍ വിദ്യാഭ്യാസം നേടിയത്. 1887 മാര്‍ച്ച് 23 നാണ് നാരായണമേനോന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം വീട്ടില്‍ തന്നെ എഴുത്താശാന്റെ കീഴില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഒറ്റപ്പാലം ഹൈസ്‌കൂളിലും കൊല്ലങ്കോട്ട് രാജാസ് ഹൈസ്‌കൂളിലും. കോളേജ് വിദ്യാഭ്യാസം മദ്രാസ് പ്രസിഡന്‍സി കോളേജിലായിരുന്നു. തന്റെ തറവാടിന്റെ രീതികളില്‍നിന്നു വ്യത്യസ്തമായി കുട്ടിക്കാലത്തു തന്നെ മുസ്ലീംങ്ങളുമായി അദ്ദേഹം സൗഹൃദം പുലര്‍ത്തി. പുഴക്കാട്ടിരിയും സമീപ സ്ഥലങ്ങളും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായിരുന്നു. കുട്ടിക്കാലത്ത് മുസ്ലീം വിഭാഗത്തിലേയും ദളിത് വിഭാഗത്തിലേയും തന്റെ കൂട്ടുകാരുമായി സഹവസിച്ചതിന്റെ പേരില്‍ വീട്ടിലേയ്ക്ക് പ്രവേശിക്കണമെങ്കില്‍ കുളിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. മദ്രാസ് പ്രസിഡന്‍സി കോളേജില്‍ പഠിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ മുസല്‍മാന്‍മാര്‍ ധരിക്കുന്ന ഷെര്‍വാണിയും കുര്‍ത്തയും തുര്‍ക്കിത്തൊപ്പിയുമൊക്കെ അണിഞ്ഞ് ക്ലാസില്‍ വന്നതിന്റെ പേരില്‍ കോളേജ് അധികാരികള്‍ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ഈ രീതി പില്‍ക്കാലവും അദ്ദേഹം തുടര്‍ന്നല്ലൊ. 1921 ലെ പോരാട്ടകാലത്ത് കള്ളിമുണ്ടും, ബനിയനും, പച്ചബെല്‍റ്റും തൊപ്പിയും ഒക്കെ ചിലപ്പോഴെങ്കിലും ധരിച്ചിരുന്നു അദ്ദേഹം. അതൊരു നിലപാട് വ്യക്തമാക്കലായിരുന്നു. മാപ്പിളമേനോന്‍ എന്ന് സവര്‍ണ്ണ ഹിന്ദുക്കള്‍ അദ്ദേഹത്തെ കളിയാക്കി വിളിക്കുകയും ചെയ്തു. മുസ്ലീംങ്ങളോട് സഹവസിച്ചതും, അവരോടൊപ്പം ഭക്ഷണം കഴിച്ചതും, അവരുടെ വസ്ത്രങ്ങള്‍ ധരിച്ചതും തെറ്റാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിചാരണവേളയില്‍ അദ്ദേഹം പറഞ്ഞത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എം.പി.യെ ഒരു ബ്രിട്ടീഷ്‌വിരുദ്ധ പോരാളിയാക്കിയതില്‍ പ്രസിഡന്‍സി കോളേജിന് വലിയൊരു പങ്കുണ്ട്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിലേയ്ക്ക് അദ്ദേഹം ആകര്‍ഷിക്കപ്പെടുന്നത് ഇവിടെവെച്ചാണ്. മദ്രാസിലെ ബ്രിട്ടീഷ് വിരുദ്ധ സമ്മേളനങ്ങളില്‍ ബിപിന്‍ചന്ദ്രപാലും, ലോകമാന്യതിലകനും, ആനിബസന്റും, സത്യമൂര്‍ത്തിയും ഒക്കെ പ്രസംഗിക്കാന്‍ വന്നിരുന്നു. നാരായണമേനോന്‍ അവരുടെ പ്രഭാഷണങ്ങള്‍ കേട്ടു. പ്രസിഡന്‍സി കോളേജില്‍ ഏറെ നാള്‍ തുടരാനായില്ല. പിന്നീട് മദ്രാസിലെ കൃസ്ത്യന്‍ കോളേജില്‍ ബി.എ.യ്ക്കു ചേര്‍ന്നു. പൊളിറ്റിക്കല്‍ ഹിസ്റ്ററിയും പൊളിറ്റിക്കല്‍ എക്കോണമിയുമായിരുന്നു വിഷയം. നാരായണമേനോന് ഏറ്റവും പ്രിയപ്പെട്ട അധ്യാപകന്‍ പ്രൊഫ: ഹോഗായിരുന്നു. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയെക്കുറിച്ചൊക്കെ നാരായണമേനോന്‍ അറിയുന്നത് പ്രൊഫ: ഹോഗില്‍നിന്നാണ്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ട മനോഭാവം രൂപപ്പെടാന്‍ അതും കാരണമായി. അമ്മാമന്മാര്‍ അദ്ദേഹത്തെ വക്കീലാക്കാന്‍ ആഗ്രഹിച്ചു. ബി.എ. പൂര്‍ത്തിയാക്കി നേരെ ലോ കോളേജില്‍ പോകാനൊന്നും സാധിച്ചില്ല. പിന്നീട് സ്വതന്ത്രമായി പഠിച്ച് നിയമബിരുദം നേടി. അതിനുശേഷം പെരിന്തല്‍മണ്ണ മുന്‍സിഫ് കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങി….

1919 തൊട്ട് സജീവരാഷ്ട്രീയത്തിലെത്തി. കുടിയാന്‍ സംഘമുണ്ടാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാര്‍ അയല്‍ക്കാരനായിരുന്നു. സമരമുഖത്തു മാത്രമല്ല ജീവിതത്തിലും ഇവര്‍ പ്രിയ കൂട്ടുകാരായിരുന്നു. കട്ടിലശ്ശേരിയുടെ വീട്ടില്‍ പലപ്പോഴും നാരായണമേനോന്‍ താമസിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ സുഹൃത്തുമായിരുന്നു അദ്ദേഹം. കുടിയാന്‍ സംഘം ഉണ്ടാക്കാനായി വള്ളവുനാട്ടിലും ഏറനാട്ടിലും അദ്ദേഹം യാത്ര ചെയ്തു. മുസ്ലീംപള്ളികളില്‍ പോയി പ്രഭാഷണം നടത്തി പോരാളികളെ സംഘടിപ്പിച്ചു.

1921 സെപ്തംബര്‍ 10നാണ് നാരായണമേനോനെ അറസ്റ്റ് ചെയ്യുന്നത്. ഈ അറസ്റ്റോടെയാണ് വാരിയംകുന്നത്ത് മുറിവേറ്റ സിംഹമായി മാറുന്നത്. മാപ്പിള ഔട്ട് റേജസ് ആക്റ്റ് എന്ന കിരാതനിയമം ഉപയോഗിച്ച് 14 വര്‍ഷം ശിക്ഷ അനുഭവിച്ച ആളാണ് നാരായണ മേനോന്‍. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയും നാരായണമേനോനും ആയിരിക്കും ക്രൂരമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിയ ഹിന്ദുപോരാളികള്‍. മേനോനെ മഞ്ചേരിയില്‍ നിന്ന്് അറസ്റ്റ് ചെയ്ത് തിരൂര്‍ വരെ നടത്തിക്കൊണ്ട് പോയി. കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ചു. ആ യാത്രയിലുടനീളം അദ്ദേഹത്തിന്റെ ശരീരത്തില്‍ ബയണറ്റുകൊണ്ട് കുത്തിയിരുന്നു. ചോരവീണ വഴിയിലൂടെയായിരുന്നു തിരൂരിലേക്കുള്ള യാത്ര. പതിനാല് വര്‍ഷത്തെ ജയില്‍ ജീവിതത്തിനുശേഷം വെല്ലൂര്‍ ജയിലില്‍ നിന്ന് പുറത്തുവന്നു. ആനമങ്ങാട്ടു നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചത്. നാരായണമേനോനെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പത്‌നി നിരാഹാരം കിടന്നിരുന്നു എന്ന് കേട്ടിട്ടുണ്ട്. പിന്നീടവര്‍ മക്കളേയും കൂട്ടി മദ്രാസിലേക്കു പോയി. 1934ല്‍ ജയില്‍ വാസം കഴിഞ്ഞ് വന്ന ശേഷവും അദ്ദേഹം കോണ്‍ഗ്രസ്സുകാരനായി പ്രവര്‍ത്തിച്ചു. ഒരു സ്ഥാനവും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള പെന്‍ഷന്‍ മേടിച്ചിട്ടില്ല. മക്കള്‍ കേരളത്തിലേക്ക് വന്നതുമില്ല. 1966 ഒക്‌ടോബര്‍ 6നാണ് അദ്ദേഹം അന്തരിച്ചത്. അങ്ങാടിപ്പുറത്തെ കോണ്‍ഗ്രസ് പാര്‍ട്ടി നാരായണമേനോന്‍ അനുസ്മരണം നടത്തിയിരുന്നു. അവിടുത്തെ സര്‍വ്വീസ് സഹകരണ ബാങ്ക് നാരായണ മേനോന്റെ സ്മാരകമായി ഒരു ഓഡിറ്റോറിയം പണിതിട്ടുണ്ട്. മക്കള്‍ കൃഷ്ണദാസും, മോഹന്‍ദാസും, നാണിക്കുട്ടിയുമൊക്കെ നല്ല വിദ്യാഭ്യാസം തേടി. നാണിക്കുട്ടി പഠിച്ചത് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലാണ്. അവിടുന്ന് ബി.എ. പൂര്‍ത്തിയാക്കി.

നാരായണമേനോനെ അറസ്റ്റ് ചെയ്ത് മഞ്ചേരിയില്‍നിന്ന് തിരൂര്‍ വരെ നടത്തിക്കൊണ്ട് പോകുമ്പോള്‍ ചങ്ങലയില്‍ ബന്ധിപ്പിക്കാന്‍ കാരണം. മുസ്ലീം പോരാളികള്‍ അദ്ദേഹത്തെ മോചിപ്പിച്ചുകൊണ്ടുപോയേക്കും എന്ന് ബ്രിട്ടീഷ് അധികാരികള്‍ ഭയന്നതുകൊണ്ടാണ്.

പതിനാല് വര്‍ഷത്തെ ജയില്‍ശിക്ഷക്കുകാരണം അദ്ദേഹത്തിന്റെ വിട്ടുവീഴ്ച ചെയ്യാത്ത നിലപാടായിരുന്നു. തൂക്കിലേറ്റാനും അന്തമാനിലേയ്ക്ക് നാടുകടത്താനും ഒക്കെ തീരുമാനമുണ്ടായിരുന്നു. പ്രൊഫ: ഹോഗ് അടക്കമുള്ളവര്‍ അദ്ദേഹത്തിനന്റെ മോചനത്തിനായി ശ്രമിക്കുകയും ചെയ്തു. കെ.പി. കേശവമേനോന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മാപ്പ് പറഞ്ഞ് ശിക്ഷയില്‍ ഇളവുനേടാന്‍ നിര്‍ബന്ധിച്ചു. കേശവമേനോനും മറ്റും പതുക്കെ സമരങ്ങളില്‍ നിന്ന് പിന്‍വാങ്ങി ബ്രിട്ടീഷുകാരുടെ കണ്ണില്‍ നല്ല ഉണ്ണികളാവാന്‍ ശ്രമിക്കുകയാണെന്ന തോന്നല്‍ നാരായണമേനോനുണ്ടായിരുന്നു. ഇക്കാര്യം കെ.പി. കേശവമേനോനോട് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. ഹിന്ദുനേതാക്കളുടെ ഭാഗത്തുനിന്ന് ചതിയുണ്ടായിയെന്ന് നാരായണമേനോന്‍ തിരിച്ചറിഞ്ഞു. മാപ്പ് എഴുതിക്കൊടുത്ത് ശിക്ഷയില്‍ ഇളവുനേടാന്‍ മേനോനെ നിര്‍ബന്ധിക്കണമെന്ന് ഭാര്യ കല്യാണിക്കുട്ടിയമ്മയോട് രാജാജി അടക്കമുള്ള പല നേതാക്കളും പറഞ്ഞുനോക്കി. പക്ഷെ മാപ്പ് എഴുതിക്കൊടുത്ത് ഒറ്റുകാരനാവാന്‍ എം.പി. തയ്യാറായില്ല.

ആദ്യം കോയമ്പത്തൂരിലും പിന്നെ മദ്രാസിലും ആയിരുന്നു ജയില്‍ ജീവിതം. പതിനാല് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചതോടെ വെല്ലൂര്‍ ജയിലിലേക്കു മാറ്റി. ജയിലിലും അദ്ദേഹം റെബലായിരുന്നു. തടവുപുള്ളികളുടെ അവകാശത്തിനായി പോരാടി.

കോഴിക്കോട് വെച്ച് മഹാത്മാഗാന്ധി തിരികൊളുത്തിയ കോണ്‍ഗ്രസ്-ഖിലാഫത്ത് പോരാട്ട സമ്മേളനത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ എം.പി.യും ഉണ്ടായിരുന്നു. മാപ്പിള പോരാളികളെ സംഘടിപ്പിക്കാന്‍ മുസ്ലീം പുരോഹിതര്‍ രംഗത്തുവരട്ടെ എന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. എം.പി. നാരാണമേനോന്‍ ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടായിരുന്നു. അക്കാര്യം അദ്ദേഹം ഗാന്ധിജിയെ അറിയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായിരുന്നു പോരാളികള്‍ക്ക് നേതൃത്വം നല്‍കേണ്ടത് എന്ന് എം.പി. വിശ്വസിച്ചു. അങ്ങനെയായിരുന്നുവെങ്കില്‍ ഈ കലാപത്തിന്റെ മതേതരമുഖം ഒന്നുകൂടി ദീപ്തമാകുമായിരുന്നു. ആ നിലപാട് തന്നെയാണ് മാപ്പിളപോരാളികളെ സംഘടിപ്പിക്കാന്‍ എം.പി.യെ പ്രാപ്തനാക്കിയത്. പള്ളികളില്‍ പോയി അദ്ദേഹം സമരാഹ്വാനം നടത്തി. മാപ്പിളമാരുടെ ഹൃദയത്തിലായിരുന്നു അദ്ദേഹത്തിന് സ്ഥാനം. പില്‍ക്കാലം കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചില നേതാക്കളുടെ നിലപാടുകള്‍ കാരണം പലരേയും മുസല്‍മാന്‍മാര്‍ വെറുത്തു. താനടക്കമുള്ള നേതാക്കള്‍ക്ക് ഇക്കാരണം കൊണ്ട് മുസ്ലീംങ്ങളുടെ വെറുപ്പ് സമ്പാദിക്കേണ്ടിവന്നതിനെക്കുറിച്ച് കെ.പി. കേശവമേനോന്‍ എഴുതിയിട്ടുമുണ്ടല്ലൊ.

മാപ്പിള പോരാളികള്‍ക്ക് വിശ്വസ്തനായ നേതാവായി മാറി എന്നതുതന്നെയാണ് എം.പി.യെ ബ്രിട്ടീഷുകാര്‍ ലക്ഷ്യംവെക്കാന്‍ കാരണം. ഒരു ഹിന്ദുനേതാവിന് വിപ്ലവകാരികള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത ബ്രിട്ടീഷ് അധികാരികളെ രോഷാകുലരാക്കി ആ കണ്ണി മുറിച്ചുമാറ്റിയേ പറ്റൂ എന്ന് അവര്‍ തീരുമാനിച്ചു. എം.പി.യുടെ അറസ്റ്റോടെ മാപ്പിളപോരാളികെള അഭിസംബോധന ചെയ്യാന്‍ ഒരു ഹിന്ദുനേതാവും ഇല്ലാതായി. ബ്രിട്ടീഷുകാര്‍ ലക്ഷ്യംവെച്ചതും വര്‍ഗ്ഗീയചേരിതിരിവായിരുന്നു. വള്ളുവനാട്ടിലും ഏറനാട്ടിലും എം.പി.യുടെ അസാന്നിധ്യം പലതരം അരക്ഷിതാവസ്ഥകള്‍ക്കു കാരണമായി. ബ്രിട്ടീഷുകാരുടെ പല ആഖ്യാനങ്ങളും സമര്‍ഥമായി പ്രക്ഷേപണം ചെയ്യാന്‍ എം.പി.യുടെ ദീര്‍ഘകാല ജയില്‍വാസം കാരണമായി. മഹാത്മാഗാന്ധിയുമായി അടുപ്പമുണ്ടായിട്ടും ജയിലില്‍നിന്നു ഗാന്ധിജിക്കു കത്തയക്കാതിരിക്കാന്‍ എം.പി. നാരായണമേനോന്‍ ശ്രദ്ധിച്ചു. ഈ തീരുമാനത്തെ ഗാന്ധിജി അഭിനന്ദിക്കുകയാണ് ചെയ്തത്. മേനോന് മഹാത്മജി അയച്ച ഒരു കത്ത് ലഭ്യവുമാണ്. യെര്‍വാദാ മന്ദിരത്തില്‍ നിന്ന് 1932 ഒക്‌ടോബര്‍ 5ന് എഴുതിയ കത്താണത്.

പ്രിയ നാരായണ മേനോന്‍,

ജയിലില്‍ നിന്നും എനിയ്ക്ക് കത്തെഴുതാതിരിക്കാനുള്ള താങ്കളുടെ തീരുമാനത്തോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ജയിലില്‍ കിടക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് കത്തെഴുതില്ല എന്ന തീരുമാനം ഞാന്‍ തിരുത്തുകയാണ്. യു. ഗോപാലമേനോന്‍ എഴുതിയ കത്ത് എന്റെ പക്കലുണ്ട്. ഞാന്‍ വെല്ലൂരിലുള്ളപ്പോഴാണ് ശ്രീമതി. മേനോന്‍ മിഷണറിയുമൊത്ത് എന്നെ കാണാന്‍ വന്നത്. താങ്കളുടെ മോചനത്തിനായി പരിശ്രമിക്കണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു. എനിയ്ക്ക് താങ്കളുടെ കേസ് പൂര്‍ണ്ണമായും അറിയാം. കേളപ്പന്‍ എനിയ്ക്ക് എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ട്. അത് ഞങ്ങളുടെ പക്കലുണ്ട്.

ലോഡ് ഇര്‍വിന്‍ ദല്‍ഹിക്കുപോകും മുമ്പ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സോപാധിക മോചനം വേണ്ടെന്ന താങ്കളുടെ നിശ്ചയത്തെക്കുറിച്ചും അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ അതിനോട് യോജിക്കുന്നു. അതിന്റെ നീക്കുപോക്കുകള്‍ ഞങ്ങളുടെ സംതൃപ്തിയ്ക്ക് അനുസരിച്ച രീതിയില്‍ നടന്നില്ല. ബാക്കി ഇന്ത്യയും താമസിയാതെ താങ്കള്‍ക്കൊപ്പം ചേരും.

ജയിലില്‍ താങ്കള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ വളരെ നല്ലതാണ്. പക്ഷേ എന്തുകൊണ്ടാണ് താങ്കള്‍ ചര്‍ക്കാ ക്ലാസുകളെ എതിര്‍ക്കുന്നത്. നൂല്‍ നൂല്‍ക്കുന്നത് ഒരു ഊര്‍ജ്ജദായകമായ കാര്യമാണ്. ഞാനയച്ച കാര്‍ഡ് പ്രൊഫസര്‍ ഹോഗിന്ന് കിട്ടിയില്ല എന്നതില്‍ അത്ഭുതം തോന്നുന്നു.

സത്യസന്ധതയോടെ എം.കെ. ഗാന്ധി

(മഹാത്മാഗാന്ധിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ ഉള്‍പ്പെട്ട കത്ത്. പരിഭാഷ: പി.സുധാകരന്‍)

ജയിലില്‍ കിടക്കുമ്പോഴും അദ്ദേഹം മുസല്‍മാന്‍മാരുടെ ദൈന്യതയെക്കുറിച്ചാണ് ചിന്തിച്ചത്. ഇക്കാര്യം കാണിച്ച് യാക്കൂബ്ഹസ്സന് അദ്ദേഹം കത്തയച്ചിരുന്നല്ലൊ. ആ കത്ത് പിന്നീട് മഹാത്മജിയും വായിച്ചു പ്രതികരിച്ചു. ഇക്കാര്യം എം.എപി.എസ്. മേനോന്റെ പുസ്തകത്തില്‍ നിന്ന് എടുത്തു ചേര്‍ക്കുന്നതാണ് ഉചിതം. പുസ്തകങ്ങളില്‍ കൂടിയും ആണല്ലോ എന്റെ യാത്ര.

നാരായണമേനോന്‍ ജയിലിലും തന്റെ സഹനസമരം തുടര്‍ന്നു. ജയില്‍ചട്ടങ്ങളെ അദ്ദേഹം സസന്തോഷം അനുസരിച്ചു. പക്ഷേ, വ്യക്തികളുടെ അന്തസ്സിനെ അവമതിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ പ്രവൃത്തികളെ വിമര്‍ശിച്ചു. തടവുകാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളെങ്കിലും കിട്ടുവാനായി അദ്ദേഹം നിരാഹാരവ്രതം അനുഷ്ഠിച്ചു. ശുചിത്വത്തിനും ശുദ്ധമായ ഭക്ഷണത്തിനും വേണ്ടി അദ്ദേഹം സമരം നടത്തി. സ്ഥിരമായി പത്രങ്ങള്‍ വായിച്ചിരുന്നതിനാല്‍ മലബാറിലെ മാപ്പിളസ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അറിഞ്ഞു വ്യസനിച്ചു. 1923ല്‍ അദ്ദേഹം യാക്കൂബ് ഹസന്, അനാഥരാക്കപ്പെട്ട മാപ്പിളസ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാനേര്‍പ്പാടു ചെയ്യണം എന്നഭ്യര്‍ഥിച്ചുകൊണ്ട് എഴുതിയ കത്ത് ജയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ഇതില്‍ പ്രതിഷേധിച്ച് എം.പി നിരാഹാരസമരം തുടങ്ങി. ഒരാഴ്ചയ്ക്കുശേഷം, ജയില്‍സൂപ്രണ്ടിന്റെ ശുപാര്‍ശയനുസരിച്ച് ഗവണ്‍മെന്റ് ആ കത്ത് യാക്കൂബ് ഹസന്നയച്ചുകൊടുത്തു. ഹസന്റെ മറുപടി എം.പി.ക്ക് കിട്ടിയതായറിവില്ല. പക്ഷേ 1924ല്‍ യാക്കൂബ് ഹസന്‍ ഹിന്ദുപത്രത്തില്‍ എഴുതിയ റിപ്പോര്‍ട്ട് പ്രൊഫസര്‍ ഹോഗ് എം.പി.യെ കാണിച്ചു. ഇതില്‍നിന്നു മനസ്സിലാവുന്നത് എം.പി.യുടെ കത്ത് ഹസന് കിട്ടിയിരുന്നെന്നും അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിച്ചു എന്നുമാണ്. ഗാന്ധിജിക്കദ്ദേഹം എഴുതിയ കത്തിന്റെ കോപ്പി ‘ഹിന്ദു’വില്‍ അച്ചടിച്ചിരുന്നു. യാക്കൂബ് ഹസന്റെ (ഗാന്ധിജിക്കുള്ള) കത്ത് താഴെ കൊടുത്ത പ്രകാരമായിരുന്നു.

”മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരും വധശിക്ഷയ്ക്ക് വിധേയരായവരും നാടുകടത്തപ്പെട്ടവരുമായ ആയിരക്കണക്കില്‍ മാപ്പിളമാരുടെ സ്ത്രീകളും കുട്ടികളും ഇന്ന് പട്ടിണിയാലും ഭയത്താലും കഷ്ടപ്പെടുകയാണെന്ന വിവരം അറിഞ്ഞാല്‍ അങ്ങ് ദുഃഖിക്കുമെന്ന് എനിക്കറിയാം.

മാപ്പിളമാര്‍ പണ്ടും ദരിദ്രരായിരുന്നു. ജന്മിമാരുടെ നിലങ്ങളില്‍ കൂലിവേല ചെയ്താണവര്‍ ഉപജീവനം നടത്തിയിരുന്നത്. കലാപം ഈ ദരിദ്രരെ, പട്ടിണിയുടെ അഗാധഗര്‍ത്തത്തിലേക്ക് തള്ളിനീക്കി. തങ്ങളോടു യുദ്ധം ചെയ്ത മാപ്പിളമാരോട് ഗവണ്‍മെന്റിന് യാതൊരു ദാക്ഷിണ്യവും തോന്നുന്നില്ല എന്നതില്‍ അത്ഭുതമില്ലല്ലോ. നിര്‍ബന്ധപൂര്‍വ്വം ചിലരെ മതപരിവര്‍ത്തനത്തിന് വിധേയരാക്കി എന്നതിനാല്‍ ഹിന്ദുക്കള്‍ മാപ്പിളമാരോട് പ്രതികാരം വീട്ടുകയാണിപ്പോള്‍. പട്ടാളം അവരുട വീടുകളും പള്ളികളും ചുട്ടെരിച്ചു. ആയിരക്കണക്കിന് മാപ്പിളമാരെ വെടിവെച്ചുകൊന്നു. കുറേപേരെ കാണാതായി. ബാക്കി ആയിരങ്ങളെ നാടുകടത്തി. നാട്ടില്‍ ശേഷിച്ചവര്‍ കൂട്ടപ്പിഴ അടച്ച് ഭക്ഷണത്തിനു വഴിയില്ലാതെ ഉഴലുകയാണ്. പോലീസുകാര്‍ ഇവരെ പിഴിഞ്ഞരിക്കുകയും ചെയ്യുന്നു. പേടിച്ച് അര്‍ദ്ധശവങ്ങളായാണിവര്‍ ജീവിക്കുന്നത്. മലബാറില്‍ ചെന്ന് അവരെ കണ്ട എനിക്കീ വാസ്തവം ബോധ്യമായിരിക്കുന്നു. അവരുടെ സുഹൃത്തായ എം.പി. നാരായണമേനോന്റെ ആവശ്യപ്രകാരമാണ് ഞാന്‍ മലബാറില്‍ വന്നിരിക്കുന്നത് എന്ന് പറഞ്ഞിട്ടുപോലും (ഗവണ്‍മെന്റിന്റെ ഏജന്റാണോ എന്നു കരുതി) എന്നോടു സംസാരിക്കാന്‍ ഇവര്‍ ഭയപ്പെട്ടു.

ഭര്‍ത്താക്കന്മാരും പുരുഷന്മാരും നഷ്ടപ്പെട്ട മാപ്പിളസ്ത്രീകളുടെ (ഉമ്മമാരുടെ) സ്ഥിതി ശോചനീയമാണ്. ഇന്ത്യയിലെ മറ്റു പ്രവിശ്യകളിലെ മുസ്ലിം സ്ത്രീകളെപ്പോലെ ഉമ്മമാര്‍ പര്‍ദ്ദ ധരിക്കുന്നവരല്ല. ബുദ്ധിമതികളും അധ്വാനശീലരുമായ ഇവര്‍ മാപ്പിളമാരോടൊപ്പം വയലിലും പറമ്പിലും ജോലി എടുത്തിരുന്നവരാണ്. പുരുഷന്മാര്‍ നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ജോലി ലഭിക്കാത്തതിനാലും കുഞ്ഞുങ്ങളെ പട്ടിണിയില്‍നിന്നു രക്ഷിക്കാന്‍ കഴിയാതെയും ഇവര്‍ കരയുകയാണ്. പോരാത്തതിന് മലബാറില്‍ ഭയങ്കരമായ പട്ടിണിയും ക്ഷാമവും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ദരിദ്രരായിരുന്നുവെങ്കിലും യാചിക്കുന്ന സ്വഭാവം മാപ്പിളമാര്‍ക്കില്ലായിരുന്നു. പക്ഷേ, യാചിക്കുന്ന ഉമ്മമാര്‍ ഇന്ന് ഒരു സാധാരണ ദൃശ്യമായിട്ടുണ്ട്. ഈ റമസാന്‍ കാലത്ത് മദിരാശിയില്‍ ഭിക്ഷ യാചിച്ചു നടക്കുന്നവരില്‍ മുക്കാല്‍ഭാഗവും ഉമ്മമാരാണ്. മറ്റു പട്ടണങ്ങളിലെ സ്ഥിതിയും ഇതേ പ്രകാരമാണ് എന്നാണെന്റെ അറിവ്. അവഗണിക്കപ്പെട്ട മാപ്പിളക്കുട്ടികളുടെ സ്ഥിതി ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണല്ലോ.

മാപ്പിള സമുദായത്തെ ധാര്‍മികവും ഭൗതികവുമായ നാശത്തില്‍ നിന്നു കരകയറ്റണമെങ്കില്‍ പെട്ടെന്ന് വല്ലതും ചെയ്‌തേ പറ്റൂ. എന്തൊക്കെ തെറ്റുകള്‍ അവരില്‍ കണ്ടേക്കാമെങ്കിലും മാപ്പിളമാര്‍ വിശിഷ്ട മനുഷ്യരാണ്. അവര്‍ക്ക് അവരുടെ പിതാക്കന്മാരായ അറബികളുടെ ധൈര്യവും ശക്തിയുമുണ്ട്. മാതാക്കളായ നായര്‍ സ്ത്രീകളുടെ ശാലീനതയും അധ്വാനശീലവും മനക്കരുത്തും ഉണ്ട്. മാപ്പിളയുടെ മതസ്‌നേഹം മനസ്സിലാക്കുന്നതിനേക്കാള്‍ വെറുക്കപ്പെടുകയാണുണ്ടായത്. തന്റെ മതത്തിന് വന്നുചേരുന്ന അപമാനത്തെ പൊറുക്കുന്നവനല്ല മാപ്പിള. മലബാറിലെ അന്നത്തെ അന്തരീക്ഷത്തില്‍ നടന്ന സംഭവങ്ങള്‍ എവിടെയെങ്കിലും നടന്നിരുന്നുവെങ്കില്‍ അവിടത്തെ ഹിന്ദുവോ, മുസ്‌ലിമോ, ക്രിസ്ത്യനോ മാപ്പിളമാര്‍ പ്രവര്‍ത്തിച്ചപോലെ തന്നെ പ്രവര്‍ത്തിക്കുമായിരുന്നു എന്നാണെന്റെ വിശ്വാസം. മാപ്പിളമാര്‍ ആവശ്യത്തിലധികം കഷ്ടതകള്‍ അനുഭവിച്ചു. സമരം ചെയ്ത കുറ്റത്തിന് അവരുടെ സ്ത്രീകളും കുട്ടികളും ഇനിയും ശിക്ഷ അനുഭവിച്ചു കൊണ്ടേയിരിക്കണമെന്നാണോ സമുദായത്തിന്റെ തീരുമാനം.

ഈ അഭ്യര്‍ഥന ഞാന്‍ അങ്ങയുടെ മുമ്പാകെ അര്‍പ്പിക്കുന്നു. മഹാത്മജീ… അങ്ങ് എന്തു ചെയ്യണമെന്ന് ഞാനുപദേശിക്കേണ്ടതില്ലല്ലോ. അങ്ങ് ആവശ്യപ്പെട്ടാല്‍ ഹിന്ദുക്കള്‍ മാപ്പിളമാര്‍ ചെയ്ത തെറ്റ് പൊറുക്കാനും അവര്‍ക്ക് മാപ്പുകൊടുത്ത് അവരെ സഹായിക്കാനും തയ്യാറാകും. അങ്ങ് അപേക്ഷിച്ചാല്‍ ഇന്ത്യക്കാര്‍ മാപ്പിള സമുദായത്തെ രക്ഷിക്കാന്‍ മുന്നോട്ടു വന്നേക്കും.”

എം.പി.യുടെ കണ്ണില്‍ വെള്ളം നിറഞ്ഞുകണ്ടത് ഈ കത്ത് വായിച്ചശേഷമാണ് എന്നാണ് സഹതടവുകാര്‍ രേഖപ്പെടുത്തിയത്. എം.പി ആദ്യമായി വികാരവിവശനായി കരഞ്ഞു. നിര്‍ഭാഗ്യവശാല്‍, (അതോ ഭാഗ്യവശാലോ) യാക്കൂബ് ഹസന്റെ കത്തിനുള്ള ഗാന്ധിജിയുടെ പ്രതികരണം വായിക്കാന്‍ അക്കാലത്ത് എം.പി.ക്ക് അവസരം ലഭിച്ചില്ല. 1924 മെയ് മാസത്തില്‍ ”യങ്ങ് ഇന്ത്യ” യില്‍ ഗാന്ധിജി ഇപ്രകാരം എഴുതി:

”രണ്ടു സമുദായങ്ങളും തമ്മില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ എന്റെ അഭ്യര്‍ഥന എത്ര കണ്ട് ഫലപ്രദമാകും എന്ന് എനിക്കറിയില്ല. യാക്കൂബ് ഹസന്റെ കത്ത് പ്രസിദ്ധം ചെയ്തില്ലെങ്കില്‍ ഞാന്‍ ഒരു ഭീരുവാണ് എന്ന ആക്ഷേപത്തിന് അര്‍ഹനാകും. അതിനാല്‍, അതിവിടെ പ്രസിദ്ധം ചെയ്യുന്നു. ഇന്ത്യയിലെ ഹിന്ദുക്കള്‍, മാപ്പിളമാര്‍ മലബാറിലെ ഹിന്ദുക്കളോടു ചെയ്ത അക്രമങ്ങളില്‍ കോപിച്ചിരിക്കയാണ്. മാപ്പിളമാരുടെ അക്രമപ്രവൃത്തികളെ വേണ്ടത്രെ ഇടിച്ചുപറഞ്ഞിട്ടില്ല എന്നാണ് ഹിന്ദുക്കള്‍ കരുതുന്നത് എന്നെനിക്കറിയാം. ഞാന്‍ കരുതുന്നതുപോലെ തന്നെ, അവരും യാക്കൂബ് ഹസന്റെ ”ഏതൊരാളും അത്തരുണത്തില്‍ മാപ്പിളമാര്‍ പ്രവര്‍ത്തിച്ചതുപോലെ ചെയ്യുമായിരുന്നു” എന്ന പ്രസ്താവനയെ വിമര്‍ശിക്കും എന്നും എനിക്കറിയാം. എത്ര വലിയ പ്രകോപനവും, നിര്‍ബന്ധപൂര്‍വമായ മതം മാറ്റലിനെ ന്യായീകരിക്കുവാന്‍ പറ്റുന്നതല്ല. മാപ്പു കൊടുക്കത്തക്ക പ്രവൃത്തികളില്‍ ഒന്നായി ഇതിനെ യാക്കൂബ് ഹസന്‍ കാണുന്നില്ല എന്നു ഞാന്‍ കരുതുന്നു. മാപ്പിളമാര്‍ മതഭ്രാന്തുകൊണ്ട് കാട്ടിക്കൂട്ടുന്ന അക്രമങ്ങള്‍ക്കുള്ള ശിക്ഷയാണവര്‍ ഇന്നനുഭവിക്കുന്നത്. ഹന്ദുക്കള്‍ അവരുടെ പക മൂലം, ദാനശീലം മറന്നു എന്നതും പറയേണ്ടതാവശ്യമാണ്. അത് ദൈവത്തിന്റെ മുന്നില്‍ ഒരു തെറ്റായിത്തന്നെ കണ്ടേക്കും. മാപ്പിളമാര്‍ ദൈവത്തിന്നെതിരായി ഒരു തെറ്റു ചെയ്തു. അതിനുള്ള ശിക്ഷ അവരനുഭവിക്കുന്നു. ഹിന്ദുക്കള്‍ ദൈവത്തിനോട് തെറ്റു ചെയ്താല്‍ അവരും അനുഭവിക്കും. പട്ടിണികൊണ്ട് കഷ്ടപ്പെടുമ്പോള്‍, മറ്റെല്ലാം മറന്ന് സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. ഇതു വായിക്കുന്ന എല്ലാ ഹിന്ദുക്കളോടുമായി ഞാനഭ്യര്‍ഥിക്കുന്നു. അവരാല്‍ കഴിയുന്ന സഹായം അയച്ചുതന്നാല്‍ ഞാനത് മാപ്പിളമാര്‍ക്കയച്ചുകൊടുത്ത് അവരുടെ ദുരിതം കുറയ്ക്കാന്‍ ശ്രമിക്കുന്നതാണ്

മലബാര്‍ സമരത്തിലെ ചില വ്യതിയാനങ്ങള്‍ അതിന്റെ മഹത്വത്തിന് പരിക്കേല്‍പ്പിച്ചതിനെ സംബന്ധിച്ച് നാരായണമേനോന് നല്ല ബോധ്യമുണ്ടായിരുന്നു. അത്തരം വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിച്ചിട്ടുമുണ്ട്. പക്ഷെ അതൊന്നും ഒറ്റുകാരുടെ പക്ഷത്തേയ്ക്കു നീങ്ങാന്‍ കാരണമായതുമില്ല. താന്‍ കൂടി നേതൃത്വം നല്‍കിയ ഒരു മഹാസമരത്തിന്റെ ശരിയില്‍ തന്നെയാണ് അദ്ദേഹം വിശ്വസിച്ചത്. പാവപ്പെട്ട മാപ്പിളമക്കള്‍ക്കൊപ്പം ഹൃദയംകൊണ്ട് തന്നെയാണ് അദ്ദേഹം ചേര്‍ന്നുനിന്നത്. അക്കാര്യത്തില്‍ ഒരു സന്ദേഹവും അദ്ദേഹത്തിനില്ലായിരുന്നു. ജയിലില്‍ വെച്ച് മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിനെ കാണുന്നുണ്ടല്ലൊ നാരായണമേനോന്‍. മോഴികുന്നത്ത് ഒരു കലാപത്തിലും പങ്കെടുത്തിട്ടില്ല. കലാപാഹ്വാനം നടത്തിയിട്ടുമില്ല. നിസ്സഹായനായിരുന്നു ആ ബ്രാഹ്മണന്‍. പക്ഷെ ജയിലില്‍ അകപ്പെട്ട സ്ഥിതിയ്ക്ക് ധീരനായി മുന്നോട്ട് പോകാനാണ് നാരായണമേനോന്‍ പറഞ്ഞത്.

1932-33 കാലത്ത് എം.പി. നാരായണമേനോനൊപ്പം വെല്ലൂര്‍ജയിലില്‍ ഇം.എം.എസ്. നമ്പൂതിരിപ്പാടും ഉണ്ടായിരുന്നു. അതെപ്പറ്റി ഇം.എം.എസ്. ഇങ്ങനെ കുറിച്ചു:’

എം.പി.യുടെ കൂടെ ജയിലില്‍ പാര്‍ക്കാന്‍ അവസരം കിട്ടിയത് ഒരു ഭാഗ്യമായാണ് ഞാന്‍ കാണുന്നത്. ഒരു ധൈര്യശാലിയായ സ്വാതന്ത്ര്യഭടന്‍. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യപതാക ഒരിഞ്ചുപോലും താഴ്ത്താനനുവദിക്കാത്ത ധൈര്യശാലി, ഒരു മികച്ച പണ്ഡിതന്‍, ഇതെല്ലാമായിരുന്നു എം.പി. നാരായണമേനോന്‍. എന്നോട് വളരെ വാത്സല്യത്തോടെ പെരുമാറിയ ആ മഹാനെ അങ്ങേയറ്റത്തെ ബഹുമാനത്തോടെയല്ലാതെ ഓര്‍ക്കാന്‍ പറ്റില്ല.’

1934ല്‍ ജയില്‍മുക്തനായ ശേഷവും എം.പി. നാരായണമേനോന്‍ സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ തന്നെയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് അദ്ദേഹം വീണ്ടും അറസ്റ്റ് വരിച്ചു. മൂന്നുകൊല്ലം പിന്നെയും ജയില്‍വാസം. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കൡ പതിനേഴ് വര്‍ഷം ജയില്‍വാസം അനുഷ്ഠിച്ച മറ്റൊരു നേതാവില്ല.

സ്വാതന്ത്ര്യാനനന്തരം അദ്ദേഹം ഹാതാശനായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും അദ്ദേഹം വഹിച്ചില്ല. ആര്‍ക്കും മുഖംകൊടുക്കാതെ ആനമങ്ങാട് തന്റെ പത്‌നിക്കൊപ്പം അദ്ദേഹം ജീവിച്ചു. തന്റെ മക്കളുടെ നേട്ടത്തിനുവേണ്ടി ഒരു രാഷ്ട്രീയ സ്വാധീനവും അദ്ദേഹം ചെലുത്തിയില്ല. മക്കളുടെ വിദ്യാഭ്യാസത്തിന് സഹായിച്ചത് രാമകൃഷ്ണമിഷനായിരുന്നു. ആണ്‍മക്കള്‍ ചെന്നൈയിലാണ് പഠിച്ചതും വളര്‍ന്നതും. ആനമങ്ങാട് അദ്ദേഹം ചെറിയൊരു വീട് വാങ്ങിയിരുന്നു. പില്‍കാലം അത് ഒരു ബ്രാഹ്മണന് ദാനം ചെയ്തു. ആ വീട്ടില്‍പോയി പ്രൊഫ: എം.പി.എസ്. മേനോന്‍ തന്റെ അമ്മാമനെ കണ്ടിരുന്നു. മേനോന്റെ പുസ്തകം എം.പി. യെ സംബന്ധിച്ച ഉജ്ജ്വല രേഖയാവാന്‍ കാരണം അമ്മാമനില്‍നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നതുകൊണ്ടാണ്. 2018ലാണ് ഡല്‍ഹിയില്‍വെച്ച് എം.പി.എസ്. മേനോന്‍ അന്തരിച്ചത്. ധാരാളം ശിഷ്യസമ്പത്തുള്ള പ്രഗത്ഭനായ ഭിഷഗ്വരനായിരുന്നു എം.പി.എസ്. മേനോന്‍. കേരളത്തിലെ ധാരാളം ആശുപത്രികളില്‍ അദ്ദേഹം ഉപദേഷ്ടാവവായിരുന്നു. തന്റെ അമ്മാമനെച്ചൊല്ലി അദ്ദേഹം അഭിമാനിച്ചു. ഇംഗ്ലീഷില്‍ അദ്ദേഹം എഴുതിയ പുസ്തകത്തിന്റെ പരിഭാഷ 1992ലാണ് കോഴിക്കോട്ടെ ഐ.പി.എച്ച്. പുറത്തിറക്കിയത്. 1921ലെ മലബാര്‍ സമരത്തെക്കുറിച്ച് രചിക്കപ്പെട്ട മികവുറ്റ ഗ്രന്ഥമാണ് ഈ ഭിഷഗ്വരന്റേത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പറമ്പോട്ട് തറവാടിനടുത്താണ് എം.പി. കരുണാകരന്‍ താമസിക്കുന്നത്. വിജയചേച്ചിയുടെ ഏട്ടന്‍. തൊണ്ണൂറ്റൊന്നു വയസ്സായി അദ്ദേഹത്തിന്. തന്റെ വല്യമ്മാമനായ എം.പി. നാരായണമേനോനെക്കുറിച്ച് അഭിമാനത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. ചില ഓര്‍മ്മകള്‍ അദ്ദേഹം കുറിച്ചു വെച്ചിട്ടുമുണ്ട്. കുട്ടിക്കാലത്ത് വല്യമ്മാമയെ പേടിയായിരുന്നുവെന്ന് കരുണാകരന്‍ ഓര്‍ക്കുന്നു. തനിയ്ക്ക് കുട്ടിക്കാലത്ത് ആസ്മ രോഗമുണ്ടായിരുന്നപ്പോള്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ വല്യമ്മാമയും കൂടെവരുമായിരുന്നു എന്ന് കരുണാകരന്‍ ഓര്‍ക്കുന്നു. പില്‍കാലത്ത് വല്യമ്മാമ വഴികാട്ടിയായി മാറിയെന്നും കരുണാകരന്‍ പറഞ്ഞു. കുട്ടിക്കാലത്തുതന്നെ ഹിന്ദി കോഴ്‌സ് പാസ്സായി. മഹാത്മജി ഒപ്പിട്ട കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അമൂല്യമായി സൂക്ഷിക്കുന്നു. എം.പി. നാരായണമേനോന്റെ മാതാവിന്റേയും പിതാവിന്റേയം ഫോട്ടോ അദ്ദേഹമാണ് ഞങ്ങള്‍ക്ക് തന്നത്.

പുഴക്കാട്ടിരിയിലെ മുതല്‍പുരേടത്ത് തറവാട് ഇപ്പോഴില്ല. പില്‍ക്കാലം ആ വീട് കൈവശം വന്നതാവഴിക്കാര്‍ക്ക് അത് സംരക്ഷിക്കാനാവാത്തതുകൊണ്ട് പൊളിച്ചുകളഞ്ഞു. അവിടെ പുതിയൊരു വീടുവന്നു. എം.പി. നാരായണമേനോനെക്കുറിച്ച് ഏറെയൊന്നും ഈ താവഴിക്കാര്‍ക്ക് അറിയില്ല. എം.പി.എസ്. മോനോന്‍ എഴുതിയ ഇംഗ്ലീഷ് പുസ്തകം ആ വീട്ടില്‍ സൂക്ഷിക്കുന്നു. പഴയ തറവാട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പത്രവാര്‍ത്ത അവര്‍ സൂക്ഷിച്ചിട്ടുണ്ട്. വല്ലപ്പോഴും ഗവേഷകര്‍ ആ വീട് അന്വേഷിച്ച് വരാറുണ്ടെന്ന് അവര്‍ പറഞ്ഞു.

(Telbrain Books പ്രസിദ്ധീകരിക്കുന്ന ‘1921 പോരാളികള്‍ വരച്ച ഭൂപടങ്ങള്‍’ എന്ന പുസ്തകത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply