മലയാളികള്‍ പ്രാകൃതരും കപടരുമായ തോറ്റ ജനത മാത്രം

ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളിലെ വളര്‍ച്ച വ്യത്യസ്ഥമാണ്. അത്തരം സാഹചര്യത്തില്‍ ഇല്ലാത്ത അവകാശവാദങ്ങള്‍ അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനാണ് ശ്രമിക്കേണ്ടത്. മാത്രമല്ല കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ – അതു ഗുണകരമായാലും മോശമായാലും – മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും മാത്രമല്ല, നവോത്ഥാന – ദേശീയ പ്രസ്ഥാനങ്ങള്‍ക്കും മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ പങ്കുണ്ട്. അതുമറച്ചുവെച്ച് എല്ലാറ്റിനേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തില്‍ കാണുന്നതുതന്നെ പ്രാകൃതാവസ്ഥയുടേയും കാപട്യത്തിന്റേയും ഉദാഹരണമാണ്.

ഏറ്റവും ആധുനികരാണെന്നു ഒരു വശത്ത് അഹങ്കരിക്കുന്നവരാണല്ലോ മലയാളികള്‍. എന്നാല്‍ വാസ്തവമെന്താണ്? ഏറ്റവും പ്രാകൃതരാണ് നമ്മളെന്നതല്ലേ യാഥാര്‍ത്ഥ്യം? ഒപ്പം ഏറ്റവും കാപട്യം ഉള്ളില്‍ കൊണ്ടു നടക്കുന്നവരും. പണ്ട് ആത്മഹത്യക്കുമുന്നെ സുബ്രഹ്മണ്യദാസ് എന്ന യുവാവ് എഴുതിവെച്ചപോലെ മലയാളികള്‍ തോറ്റ ജനതയല്ലാതെ മറ്റെന്ത്? എന്തിനേയും കക്ഷിരാഷ്ട്രീയ കണ്ണടയിലൂടെ മാത്രം കാണുക, നിഷ്ഠൂരമായ കൊലപാതകങ്ങളെയും അഴിമതികളേയും ഏതു ജനവിരുദ്ധനയങ്ങളേയും പോലും ന്യായീകരിക്കുക, ജാതി – ജെന്റര്‍ -മതം പോലുള്ള വിഷയങ്ങളില്‍ തികഞ്ഞ കാപട്യവും കാലഹരണപ്പെട്ട നിലപാടുകളും കൈകൊള്ളുക, ഘോരഘോരം പുരോഗമനം പ്രസംഗിക്കുകയും അതൊന്നും ജീവിതത്തില്‍ പ്രയോഗിക്കാതിരിക്കുകയും ചെയ്യുക, പോലീസ് അതിക്രമങ്ങളെയും നിയമം കയ്യിലെടുക്കുന്നതിനെ പോലും ന്യായീകരിക്കുക. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെയെല്ലാം അധിക്ഷേപിച്ച് നമ്പര്‍ വണ്‍ എന്നഹങ്കരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ സംഭവം തന്നെ നോക്കൂ. ഏഴുവര്‍ഷം കൊണ്ട് ആറുകുട്ടികളെ പ്രസവിച്ച്, ഭര്‍ത്താവിന്റെ പീഡനങ്ങളെല്ലാം സഹിച്ച്, തികഞ്ഞ ദാരിദ്ര്യത്തില്‍ ജീവിക്കുന്ന ഒരു സ്ത്രീയുടെ ജീവിതം വാര്‍ത്തയായപ്പോഴും കുഞ്ഞ് മണ്ണുമാന്തിതിന്നോ എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. തിന്നെന്ന് ഒരു വിഭാഗം രാഷ്ട്രീയക്കാരും മാധ്യമങ്ങളും വാദിച്ചു. മറുവശത്ത് അത്തരം ദാരിദ്ര്യം കേരളത്തിലില്ലെന്നും നമ്മള്‍ നമ്പര്‍ വണ്‍ ജനതയാണെന്നും അതിനെ അധിക്ഷേപിക്കാനാണ് ഇത്തരം വാര്‍ത്തകളെന്നും മറ്റൊരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയക്കാരും വാദിച്ചു. എന്തര്‍ത്ഥമാണ് ഇതിലെല്ലാം ഉള്ളത്? അവരുടെ അവസ്ഥ മനസ്സിലാക്കി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുക എന്നതില്‍പരം മറ്റെന്തിന് എന്താണ് പ്രസക്തി? പതിനായിരകണക്കിനു കുട്ടികള്‍ മലയാളം പോലും വായിക്കാനറിയാതെ പ്ലസ് ടുവിലെത്തുമ്പോഴും മിടുക്കിയായ ഒരു കുട്ടി തര്‍ജ്ജമ ചെയ്‌തെന്നു പറഞ്ഞ് പൊതുവിദ്യാഭ്യസത്തെ കുറിച്ച് അഹങ്കരിക്കുന്നു, മറ്റുള്ളവരെ പുച്ഛിക്കുന്നു. ക്ലാസ്സ് റൂമിലെ പാമ്പുകടിയെ മറച്ചുവെക്കുന്നു. ഇവിടത്തെ സ്ത്രീപീഡനങ്ങളെല്ലാം മറച്ചുവെച്ച് മറ്റു സംസ്ഥാനങ്ങളെ ഭത്സിക്കുന്നു. സുപ്രിംകോടതിവിധിയെ പോലും ലംഘിച്ച് ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് അയിത്തം കല്‍പ്പിക്കുന്നു.
നമ്പര്‍ വണ്‍ എന്ന അവകാശവാദം തന്നെ നോക്കുക. ചരിത്രപരമായി ഒരിക്കലും ഒരു രാഷ്ട്രമായിരുന്നിട്ടില്ലാത്ത ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ വളര്‍ച്ച ചരിത്രപരമായി തന്നെ വളരെ വ്യത്യസ്ഥമാണ്. അത് സ്വാഭാവികമാണ്. പല വിഷയങ്ങളിലും നമ്മള്‍ മുന്നിലാണ്. എത്രയോ വിഷയങ്ങളില്‍ പിന്നിലുമാണ്. ഉദാഹരണമായി പ്രാഥമിക വിദ്യാഭ്യാസത്തില്‍ മുന്നിലായിരിക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസത്തില്‍ പുറകിലാണ്. പ്രാഥമിക ആരോഗ്യമേഖലയില്‍ മുന്നിലായിരിക്കുമ്പോള്‍ ജീവിതശൈലിരോഗങ്ങലളിലും ആത്മഹത്യയിലും മദ്യപാനത്തിലുമൊക്കെയും മുന്നിലാണ്. സ്ത്രീവിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും ഒന്നിരുട്ടിയാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. രാഷ്ട്രീയരംഗത്തും അധികാരത്തിലുമൊക്കെ സ്ത്രീകള്‍ എത്രയോ പുറകിലാണ്. ലിംഗനീതിയെ കുറിച്ചു പറയുമ്പോഴും ആരാധനാലയങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് വിലക്കു നിലനില്‍ക്കുന്നു. അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ആള്‍ക്കൂട്ട അക്രമണം നടക്കുന്നു. ട്രാന്‍സ്‌ജെന്ററുകളുടെ ജീവിതത്തില്‍ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ എത്രയോ പുറകിലാണ് നാം. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ അറുംകൊലകള്‍ നടക്കുന്ന പ്രദേശമാണ് കേരളം. പാര്‍ട്ടി മാറിയാല്‍ പോലും കൊല ചെയ്യപ്പെടുന്നു. രാജ്യത്തെ പല കലാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ശക്തമായ വിദ്യാര്‍ത്ഥി സമരങ്ങള്‍ നടക്കുമ്പോള്‍ ഇവിടെ നടക്കുന്നത് ഗുണ്ടായിസമാണ്. നമുക്കു ജാതിയില്ല എന്നു പറയുമ്പോഴും എവിടെയെങ്കിലും വല്ല പ്രണയവിവാഹങ്ങളൊഴികെ ജാതിയെ മറികടക്കുന്ന വിവാഹങ്ങള്‍ നടക്കുന്നില്ല. അപ്പോഴും കെവിനെ പോലുള്ളവര്‍ ധാരാളം. ലവ് ജിഹാദ് ആരോപണങ്ങളും സദാചാരപോലീസിംഗും വര്‍ദ്ധിക്കുന്നു. പ്രത്യക്ഷത്തില്‍ എന്തുതോന്നിയാലും മിക്കവാറും പേരുടെ ദൈനംദിനജീവിതത്തില്‍ ജാതിബോധം ശക്തമായി നിലനില്‍ക്കുന്നു. സവര്‍ണ്ണവാലുള്ളവരുടേയും അതിനെ ന്യായീകരിക്കുന്നവരുടേയും എണ്ണം കൂടിവരുന്നു. വിനായകനും മധുവും ജിഷയും ഹാദിയയും മദനിയും വാളയാര്‍ സഹോദരിമാരുമൊക്കെ നമ്മുടെ കാപട്യത്തത്തിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നു. പോലീസതിക്രമങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ മുതല്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ വരെ ആവര്‍ത്തിക്കുന്നു. നയമല്ല എന്നു പറയുമ്പോഴും ഭീകരനിയമങ്ങളുടെ ഉപയോഗം വര്‍ദ്ധിക്കുന്നു. ജനകീയസമരങ്ങളെ മുഴുവന്‍ അടിച്ചമര്‍ത്തുന്നു. പ്രതികരിക്കുന്നവരെ മാവോയിസ്റ്റും മുസ്ലിംഭീകരരുമാക്കി മുദ്രയടിക്കുന്നു. മറുവശത്ത് സമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ പോലീസില്‍ പോലും ആത്മഹത്യകള്‍ പെരുകുന്നു. എവിടേയും ഉപയോഗിക്കുന്ന ഒന്നായി ഇസ്ലാമോഫോബിയയെ ഉപയോഗിക്കുന്നു. ആദിവാസികളുടെ അവസ്ഥയില്‍ നാം എത്രയോ പുറകില്‍.
മറുവശത്ത് കാര്‍ഷിക, വ്യവസായിക മേഖലകളെല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. പ്രവാസിപണവും ടൂറിസവും ഭാഗ്യക്കുറിയും മദ്യവുമില്ലെങ്കില്‍ മാത്രമല്ല, ലോറികള്‍ പണി മുടക്കിയാല്‍ പോലും എല്ലാവരും പട്ടിണി കിടക്കുന്ന അവസ്ഥ. എന്തിനും കേന്ദ്രത്തോട് യാചിക്കേണ്ട ദുരന്തം. പരിസ്ഥിതി നശീകരണത്തില്‍ മുന്നിലായ നമ്മള്‍ മാലിന്യസംസ്‌കരണത്തില്‍ ഏറ്റവും പുറകില്‍. സ്വന്തം ഇടങ്ങള്‍ വൃത്തിയാക്കി പൊതുയിടങ്ങള്‍ നശിപ്പിക്കുന്നു. ഇല്ലാതാകുന്ന പാടങ്ങളും പെരുകുന്ന ക്വാറികളും നശിക്കുന്ന ജലാശയങ്ങളും തകരുന്ന പശ്ചിമഘട്ടവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ നാം നേരിടാന്‍ പോകുന്ന ദുരന്തങ്ങളുടെ നേര്‍കാഴ്ചകളാകുന്നു. പ്രളയം പോലും നമ്മെ ഒന്നും പഠിപ്പിക്കുന്നില്ല. ഏതു ജനകീയ വിഷയത്തെപോലും കാണുന്നത് കക്ഷിരാഷ്ട്രീയതാല്‍പ്പര്യത്തില്‍. പൊതുമേഖലയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുമ്പോഴും സ്വകാര്യ ആശുപത്രികളും അണ്‍എയ്ഡഡ്് വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യകാറുകളും സ്വകാര്യ മൊബൈല്‍ കമ്പനികളും വന്‍കിട മാളുകളും മാത്രം മതി നമുക്ക്. ഫാസിസത്തെ കുറിച്ചൊക്കെ പ്രസംഗിക്കുമ്പോഴും അടിയന്തരാവസ്ഥയെ അനുകൂലിച്ച ജനത. സാമൂഹ്യനീതിയെ കുറിച്ച് പ്രസംഗിക്കുമ്പോഴും മണ്ഡലിനും അംബേദ്കറിനും നേരെ മുഖം തിരിച്ച ജനത. ഇപ്പോഴും ജാതിസംവരണത്തിന്റെ രാഷ്ട്രീയം തിരിച്ചറിയാത്ത വലിയൊരു സമൂഹം.
ആരംഭത്തില്‍ സൂചിപ്പിച്ചപോലെ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളിലെ വളര്‍ച്ച വ്യത്യസ്ഥമാണ്. അത്തരം സാഹചര്യത്തില്‍ ഇല്ലാത്ത അവകാശവാദങ്ങള്‍ അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനാണ് ശ്രമിക്കേണ്ടത്. മാത്രമല്ല കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ – അതു ഗുണകരമായാലും മോശമായാലും – മാറിമാറി ഭരിച്ച ഇരുമുന്നണികള്‍ക്കും മാത്രമല്ല, നവോത്ഥാന – ദേശീയ പ്രസ്ഥാനങ്ങള്‍ക്കും മിഷണറിപ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ പങ്കുണ്ട്. അതുമറച്ചുവെച്ച് എല്ലാറ്റിനേയും കക്ഷിരാഷ്ട്രീയ താല്‍പ്പര്യത്തില്‍ കാണുന്നതുതന്നെ പ്രാകൃതാവസ്ഥയുടേയും കാപട്യത്തിന്റേയും ഉദാഹരണമാണ്. സമീപകാലത്തെ നമ്മുടെ പുറകോട്ടുപോക്കിനും എല്ലാവരും ഉത്തരവാദികളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പറയാനാകുക നമ്മള്‍ ഒരു തോറ്റ ജനത തന്നെയാണെന്നാണ്. അതുമറച്ചുവെക്കാന്‍ ഭംഗിയായി മറ്റു ജനവിഭാഗങ്ങളെ അധിക്ഷേപിക്കുന്നു എന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply