വധം മാത്രമല്ല ശിക്ഷ

മറ്റൊരു പ്രധാന വിഷയം കൂടി കാണാതെ വയ്യ. വധശിക്ഷക്കു വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തിന്റേയും ജാതിയും മതവും വര്‍ഗ്ഗവും പരിശോധിച്ചാല്‍ അവരില്‍ ഉന്നതരുടെ എണ്ണം വളരെ കുറവാണെന്നു കാണാം. കുറ്റവാളികളില്‍ ഉന്നതര്‍ കുറഞ്ഞിട്ടല്ല, അവര്‍ പക്ഷെ കൊലക്കയറിലെത്തുന്നതിനുമുമ്പ് രക്ഷപ്പെടുന്നതാണ് അതിനു കാരണം. അത്തരത്തിലുള്ള സാമൂഹ്യ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. അതനു കയ്യടിക്കുന്നതാണ് നമ്മുടെ പോതുബോധം.

കഴിഞ്ഞ രണ്ടുദിവസമായി നിരന്തരമായി കേള്‍ക്കുന്ന ചോദ്യമാണ് സൗമ്യയുടെ കൊലപാതകി ഗോവിന്ദച്ചാമിയെ ശിക്ഷിച്ചോ? നിര്‍ഭയയുടെ, ജിഷയുടെ കൊലപാതകികളെ ശിക്ഷിച്ചോ? ഹൈദരാബാദില്‍ പ്രിയങ്കയുടെ കൊലയാളികളെ നിയമവിരുദ്ധമായി പോലീസ് വെടിവെച്ചുകൊന്നതിനെ ന്യായീകരിക്കാനാണ് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ചോദ്യങ്ങള്‍ വസ്തുതാപരമായും രാഷ്ട്രീയമായും തെറ്റാണെന്നതാണ് യാാഥാര്‍ത്ഥ്യം. മൂന്നു സംഭവത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അതില്‍ തന്നെ നിര്‍ഭയയുടെ കേസിലെ പ്രതികള്‍ ഉടന്‍ തൂക്കിലേറ്റപ്പെടും. തീര്‍ച്ചയായും പല പീഡനകേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. വാളയാര്‍ തന്നെ സമീപകാല ഉദാഹരണം. എന്നാല്‍ ഇതെല്ലാം വ്യാജ ഏറ്റുമുട്ടല്‍ കൊലക്ക് ന്യായീകരണാകുന്നതെങ്ങിനെ?
ശിക്ഷ എന്നാല്‍ വധശിക്ഷ മാത്രം എന്ന പ്രാകൃത ചിന്തയിലാണ് നാമെല്ലാം ജീവിക്കുന്നത് എന്നതാണ് വസ്തുത. ഇപ്പോഴിതാ അതു നടപ്പാക്കാന്‍ കോടതി പോലും വേണ്ട, പോലീസായാലും ജനക്കൂട്ടമായാലും മതി എന്നായിരിക്കുന്നു. കൂട്ടബലാല്‍സംഗ – കൊലപാതക കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ആ പരമാവധി ശിക്ഷ എന്നത് വധശിക്ഷയാണോ? അല്ല. വധശിക്ഷ എന്നത് കാലഹരണപ്പെട്ട ഒന്നാണെന്നും അതിനു പകയുടെ വിലവാരമേ ഉള്ളു എന്നും തിരിച്ചറിഞ്ഞ് മിക്കവാറും രാജ്യങ്ങള്‍ അതവസാനിപ്പിച്ചു കഴിഞ്ഞു. എന്നിട്ടും നമ്മളതിനായി മുറവിളി കൂട്ടുന്നു. വിചാരണപോലുമില്ലാതെ. ആള്‍ക്കൂട്ടവിചാരണയും ശിക്ഷനടപ്പാക്കലും ആധുനിക സമൂഹത്തിനു ചേര്‍ന്നതല്ല. പൊതുജനമനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനല്ല ശിക്ഷ, മറിച്ചു നീതി നടപ്പാനാണ്. നിര്‍ഭാഗ്യവശാല്‍ കോടതികള്‍ പോലും ഇക്കാര്യത്തില്‍ തെറ്റായ സമീപനം പുലര്‍ത്താറുണ്ട്. ജിഷ വധകേസില്‍ വിധി പ്രഖ്യാപിച്ച് കോടതി സ്ത്രീകളുടെ അന്തസ്സുയര്‍ത്താനാണ് വിധിയെന്നും പൊതുജനാഭിപ്രായം കൂടി തങ്ങള്‍ കണക്കിലെടുക്കുന്നു എന്നും പറഞ്ഞത് നീതിയുക്തമാണെന്നു പറയാനാകില്ല.
കണ്ണിനു കണ്ണ്, കാതിനു കാത്, തലക്കു തല തുടങ്ങിയവയൊക്കെ കാലഹരണപ്പെട്ട നീതിയാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ അതു ഭൂഷണമല്ല. ഭീകരന്മാരും കൊടുംകുറ്റവാളികളും മാവോയിസ്റ്റുകളും മറ്റും ചെയ്യുന്നതിനു പകരം തിരിച്ചും അതാകാം എന്ന ന്യായീകരണവും ശരിയല്ല. ഭീകരസംഘടനയല്ലല്ലോ ജനാധിപത്യ ഭരണ കൂടം. കോടതിനടപടികള്‍ അതിവേഗമാക്കി വധശിക്ഷ ഒഴികെയുള്ള കഠിന ശിക്ഷ നടപ്പാക്കുക മാത്രമാണ് ശരി. അമേരിക്ക, ചൈന, മതരാഷ്ട്രങ്ങള്‍ തുടങ്ങി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏകാധിപത്യം നിലനില്‍ക്കുന്ന രാഷ്ട്രങ്ങളാണ് മുഖ്യമായും ഇന്ന് വധശിക്ഷ നടപ്പാക്കുന്നത്. ഏതൊരു രാജ്യത്തേയും കടന്നാക്രമിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ജയിലുകള്‍ ഉള്ളത്. ഭീകരസംഘടനകളും വധശിക്ഷ നടപ്പാക്കാറുണ്ട്. ജനാധിപത്യ രാഷ്ട്രങ്ങള്‍ മിക്കവാറും അത് നിരോധിച്ചു കഴിഞ്ഞു. ഐക്യരാഷ്ട്രസഭയും ശക്തമായി ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഒരു മതവിശ്വാസവും കൊലയെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ അഹിംസയുടെ പ്രവാചകനെ രാഷ്ട്രപിതാവെന്നു വിളിക്കുന്ന, ബുദ്ധന്റെ നാടെന്ന് അഭിമാനിക്കുന്ന ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത് ചെവികൊണ്ടിട്ടില്ല. ഇനിയെങ്കിലും ആ ദിശയില്‍ ചിന്തിച്ചില്ലെങ്കില്‍ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്ന നമ്മുടെ അഹങ്കാരത്തിന് അര്‍ത്ഥമില്ലാതാകും. പക്ഷെ പ്രമുഖ പാര്‍ട്ടികളില്‍ സിപിഎം മാത്രമാണ് വധശിക്ഷക്കെതിരെ നിലപാടെടുത്തിരിക്കുന്നത്. പലപ്പോഴും അവരത് നടപ്പാക്കുന്നു എന്നത് വേറെ കാര്യം.
ശിക്ഷയേയും ജയിലിനേയും കുറിച്ചുള്ള തെറ്റായ ധാരണകളും പലരും നിരന്തരമായി ആവര്‍ത്തിക്കുന്നു. ഗോവിന്ദച്ചാമി ജയിലില്‍ സുഖിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നു എന്നത് ഒരു സ്ഥിരം ശൈലിയായിരിക്കുന്നു. ജയിലില്‍ അത്രക്കു സുഖമാണെങ്കില്‍ ഇപ്പറയുന്നവര്‍ക്ക് എന്തെങ്കിലും ചെറിയ കുറ്റം ചെയ്ത് അവിടെ പോയി സുഖമായി ജീവിക്കാമല്ലോ. കുറ്റവാളിയായ ഒരാള്‍ സമൂഹത്തില്‍ സ്വതന്ത്രമായി ജീവിക്കുന്നത് മറ്റുള്ളവര്‍ക്ക് അപകടകരമായതിനാല്‍ അവനെ മാറ്റി പാര്‍പ്പിക്കുക എന്നതാണ് ശിക്ഷ കൊണ്ടുദ്ദേശിക്കുന്നത്. അവന് സാമൂഹ്യജീവിതവും ചലനസ്വാതന്ത്ര്യവും നിഷേധിക്കുക. അതുതന്നെയാണ് മരണത്തേക്കാള്‍ വലിയ ശിക്ഷ. അല്ലാതെ അവനു ഭക്ഷണം നല്‍കാതെ പട്ടിണിക്കിട്ട് കൊല്ലുകയല്ല. കൂടാതെ കുറ്റവാളിയെ മാറ്റിയെടുക്കലും ഏതൊരു ശിക്ഷയുടേയും അടിസ്ഥാന ലക്ഷ്യം തന്നെയാണ്. പക്ഷെ ആ ലക്ഷ്യമൊന്നും നേടാവുന്ന നിലവാരം നമ്മുടെ നീതിന്യായസംവിധാനത്തിനോ ജയിലുകള്‍ക്കോ ഇല്ല എന്നത് ശരിയാണ്. ജയിലില്‍ പോകുന്ന കുറ്റവാളി മിക്കപ്പോഴും കൊടുംകുറ്റവാളിയായാണ് പുറത്തുവരുന്നത്.
മറ്റൊരു പ്രധാന വിഷയം കൂടി കാണാതെ വയ്യ. വധശിക്ഷക്കു വിധിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തിന്റേയും ജാതിയും മതവും വര്‍ഗ്ഗവും പരിശോധിച്ചാല്‍ അവരില്‍ ഉന്നതരുടെ എണ്ണം വളരെ കുറവാണെന്നു കാണാം. കുറ്റവാളികളില്‍ ഉന്നതര്‍ കുറഞ്ഞിട്ടല്ല, അവര്‍ പക്ഷെ കൊലക്കയറിലെത്തുന്നതിനുമുമ്പ് രക്ഷപ്പെടുന്നതാണ് അതിനു കാരണം. അത്തരത്തിലുള്ള സാമൂഹ്യ അന്തരീക്ഷമാണ് ഇവിടെ നിലനില്‍ക്കുന്നത്. അതനു കയ്യടിക്കുന്നതാണ് നമ്മുടെ പോതുബോധം. അല്ലെങ്കില്‍ നോക്കൂ, ഉന്നാവയില്‍ ഭയാനകമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത് തങ്ങള്‍ക്ക് പോലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നും സ്‌റ്റേഷനില്‍ നിന്ന് ആട്ടിയോടിച്ചു എന്നുമാണ്. ഹൈദരാബാദില്‍ പോലീസ് ചെയ്തത് എന്താണെന്നു നാം കണ്ടു. ഇരു സംഭവങ്ങളുടേയും പ്രതികളുടെ സാമൂഹ്യനിലവാരം പരിശോധിച്ചാല്‍ മാത്രം മതി മുകളില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമെന്ന് ബോധ്യമാകാന്‍. നമ്മളാകട്ടെ നിയമം കയ്യിലെടുത്ത പോലീസിന് കയ്യടിക്കുന്നു.
തീര്‍ച്ചയായും നിരവധി കുറ്റവാളികള്‍ രക്ഷപ്പെടുന്നുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപടലുകളും അതിന് പോലീസും പ്രൊസിക്യൂഷനുമെല്ലാം ഒത്താശ ചെയ്യുന്നതും സാമ്പത്തികമടക്കമുള്ള കാരണങ്ങളാല്‍ ഉന്നതനീതിപീഠങ്ങളെ സമീപിക്കാന്‍ പലപ്പോഴും ഇരകള്‍ക്ക് കഴിയാത്തതുമൊക്കെ അതിനു കാരണമാണ്. ഉദാഹരണം വാളയാര്‍ തന്നെ. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നമ്മുടെ നീതിന്യാ സംവിധാനത്തിന്റെ കരുതലും പലര്‍ക്കും സംശയത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ കാരണമാണ്. കേസുകള്‍ അനന്തമായി നീളുന്നു എന്നതും ശരിയാണ്. തീര്‍ച്ചയായും ഇതിനെല്ലാം ദീര്‍ഘകാലാടിസ്ഥാനത്തില്‍ തന്നെ പരിഹാരം കാണണം. അപ്പോഴും നിയമവിരുദ്ധമായാലും ആരുടേതായാലും വേണ്ടില്ല, കണ്ണിന് കണ്ണ്, ജീവനു ജീവന്‍ എന്ന നമ്മുടെ പ്രാകൃതമായ ചിന്താഗതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply