ഇനിയും സിനിമാ സാക്ഷരത നേടാത്ത മലയാളി

എഴുപതുകളിലെ ആര്‍ട് സിനിമകളുടെ ദുര്‍ഗ്രാഹ്യതയെയും സംവേദനക്ഷമത ഇല്ലായ്മയെയും മറികടക്കാനായി രൂപം കൊണ്ടതാണല്ലോ തത്സമയ സംവേദനം നടത്തുന്ന ഇടനില സിനിമകള്‍, മധ്യവര്‍ത്തി സിനിമകള്‍ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന സിനിമകള്‍. കലയ്ക്കും കച്ചവടത്തിനും ഇടയില്‍ ഒരു പാലം പണിയാന്‍ ഉദ്ദേശിച്ച് ഉള്ളവയായിരുന്നു ഈ സിനിമകള്‍. ശരിയാണ്, കലാ സിനിമയ്ക്കും കച്ചവട സിനിമയ്ക്കും ഇടയില്‍ നില്ക്കുന്ന ഈ സിനിമകളെ ശരിയായ രീതിയില്‍ അപഗ്രഥിക്കാതെ നാം കൊട്ടിഘോഷിച്ചു. അക്കാലത്തെ സിനിമാവബോധം തന്നെയാണ് ഇന്നും ഭൂരിഭാഗം മലയാളിയുടേത്. ഇത്തരത്തിലുള്ള സിനിമകള്‍ വേറൊരു തരത്തില്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ന് അവ അര്‍ഹിക്കാത്ത രീതിയിലുള്ള വിശേഷണങ്ങള്‍ ചേര്‍ത്ത് യഥാര്‍ത്ഥ സിനിമ എന്ന രീതിയില്‍ നാം അവയെ പുകഴ്ത്തുന്നു. ഇതിലൂടെ ഏകശിലാ രൂപത്തിലുള്ളതും യന്ത്രീകതയും ജഡത്വവും നിറഞ്ഞ നമ്മുടെ ആസ്വാദനത്തെ അവിടെത്തന്നെ കുടുക്കിയിടുന്നു.

”ജഡബന്ധിതമായ ജീവിതത്തെ തുടര്‍യാപനത്തില്‍ ആത്മീയതയുടെ വെളിപാടുകളായി പരിണമിച്ചുണര്ത്തിയ ദൃശ്യാവിഷ്‌കാര വൈഭവം”. ”കഥാപാത്രത്തിന്റെ നിശിത തീക്ഷ്ണഭാവങ്ങളെ അരികുകളില്‍ വളരെ സൂക്ഷ്മമായി നിവേശിപ്പിച്ചു കൊണ്ടുള്ള പ്രകാശനം”. ”ചോര നേരുതേമ്പി നില്ക്കുതന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാര മികവ് ആദരണീയം”. ഇത് എന്താണ്, എന്തിനെക്കുറിച്ചാണ് എന്നായിരിക്കും എല്ലാവരും അത്ഭുതപ്പെടുന്നത്. ഇത് സിനിമകളെ കുറിച്ചുള്ള അഭിപ്രായങ്ങളാണ്. ഒരു വര്ഷലത്തെ മലയാളം സിനിമാ അവാര്‍ഡ് നിര്‍ണ്ണയ ജൂറിയുടെ അഭിപ്രായങ്ങള്‍. ഒരുപക്ഷെ, ഇത്തരം അഭിപ്രായങ്ങള്‍ മലയാളിക്കു മാത്രമേ പറയാന്‍ പറ്റൂ. കാരണം നാം എല്ലാ മേഖലകളിലും അത്രമാത്രം പ്രബുദ്ധരാണല്ലോ. ഒരു പത്തുവര്ഷക്കാലത്തെ ജൂറിയുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ നമ്മുടെ സിനിമാവബോധം / സംസ്‌കാരം എവിടെ എത്തിനില്ക്കുന്നു എന്ന് ശരിക്കും ബോധ്യപ്പെടും. ജൂറി മെമ്പര്‍മാര്‍ ഈ രംഗവുമായി ബന്ധപ്പെട്ടവര്‍ ആയിരിക്കുമല്ലോ. ഇതില്‍ പലരും ചേര്‍ന്നായിരിക്കുമല്ലോ സിനിമാ സംബന്ധിയായ – ചലച്ചിത്രമേള, അവാര്‍ഡ്്, പാഠ്യപദ്ധതി – പല പോളിസി തീരുമാനങ്ങളും എടുക്കുന്നതും നടപ്പാക്കുന്നതും. അപ്പോള്‍ ഇതിന്റെയൊക്കെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ.

കേരളത്തിലെ ഒരു ചലച്ചിത്രമേളയ്ക്കു വേണ്ടി ‘ചിത്രസൂത്രം’ എന്ന സിനിയുടെ സംവിധായകന്‍ വിപിന്‍ വിജയ് ഒരു സിഗ്‌നേച്ചര്‍ ഫിലിം ഒരുക്കിയിരുന്നു. ആദ്യ ദിവസം ഈ ഫിലിം പ്രദര്ശിപ്പിച്ചപ്പോള്‍ത്തന്നെ കുറേ പ്രേക്ഷകര്‍ കൂവി. തുടര്‍ന്ന് അത് പിന്‍വലിക്കണമെന്ന് ഒരു പാട് മുതിര്‍ന്ന സംവിധായകര്‍ നിര്‍ദ്ദേശം വച്ചു. ഈ സിഗ്‌നേച്ചര്‍ ഫിലിമിന്റെ പേരില്‍ ഒരു ഓപ്പണ്‍ ഫോറം തന്നെ സംഘടിപ്പിച്ചു. (മേളയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്). ആ വര്‍ഷം സിനിമ കാണാന്‍ വിപിനും പോയിരുന്നു. സിനിമയ്ക്ക് മുന്നേ സിഗ്‌നേച്ചര്‍ ഫിലിം പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ കൂവിത്തുടങ്ങി. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നിരുന്ന ഫ്രഞ്ച് ദമ്പതികളും കൂവി. എന്തിനാണ് കൂവിയതെന്ന് വിപിന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, അവര്‍ ധരിച്ചത് കേരളത്തില്‍ ഒരു സിനിമ തുടങ്ങുന്നതിന് മുന്നേയുള്ള ഒരാചാരമാണ് ഇതെന്നാണ്. (അവലംബം: ഞാനും വിപിന്‍ വിജയും തമ്മിലുള്ള അഭിമുഖം).

ഒരു പഴയകാല സംഭവം കൂടി പറയാം. ഗൊദാര്‍ദിന്റെ ‘വിവറാ സാ വി’ (Vivre Sa Vie) എന്ന സിനിമയുടെ പ്രദര്‍ശനത്തിന്റെ ഇടവേളയില്‍ പുറത്തിറങ്ങി ചായ കുടിച്ചു കൊണ്ടിരിക്കവെ ഒരു സുഹൃത്ത് അടുത്തുവന്നു. ഒരു പ്രശസ്ത സാഹിത്യകാരനും, അക്കാലത്ത് ഏറ്റവും പുതിയത് എന്ന് വിവക്ഷിക്കുന്ന തരത്തിലുള്ള ആധുനികസാഹിത്യം ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് സുഹൃത്ത്. അയാളുടെ മുഖത്ത് ദ്വേഷ്യവും വിരസതയും പ്രകടമായിരുന്നു. ഇത് എന്തൊരു സിനിമയാ…. ഇയാളുടെ എല്ലാ സിനിമകളും ഇതുപോലെയൊക്കെത്തന്നെയാണോ? അദ്ദേഹം രോഷാകുലനായി. ഞാന്‍ ഒന്നും പറഞ്ഞില്ല. അദ്ദേഹം ഇടവേളയ്ക്ക് ശേഷം തിരിച്ച് ഹാളിലേക്ക് കയറിയോ എന്ന് അറിയില്ല. അതുവരെ നിലനിന്നിരുന്ന സിനിമയുടെ അന്തകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗൊദാര്‍ദിന്റെ അത്രയൊന്നും കടുപ്പമല്ലാത്ത സിനിമയാണത്. ആ സിനിമപോലും നമുക്ക് വലിയ പ്രശ്‌നമാവുന്നു. ആസ്വാദനത്തില്‍ കീറാമുട്ടിയാവുന്നു. മറ്റൊരു സംഭവം. ഗൊദാര്‍ദിന്റെതന്നെ ഒരു സിനിമയില്‍ ഷൂട്ടിങ്ങ് സമയത്ത് ഉപയോഗിച്ച മൈക്ക് ഫ്രെയിമില്‍ കാണുന്നുണ്ട്. ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത് ഇത് അശ്രദ്ധ മൂലം സംഭവിച്ചതാണ് എന്നാണ്. ഗൊദാര്‍ദിന് സിനിമയുണ്ടാക്കാന്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .

‘കാഞ്ചന സീത’ പുറത്തുവന്ന കാലത്ത് അരവിന്ദന് രണ്ടു ഭാഗത്തു നിന്നുള്ള വിമര്‍്ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. ഒന്ന് മത, ഇതിഹാസ പാരമ്പര്യവാദികളുടെ ഭാഗത്തുനിന്നാണ്. പാവനമായ നമ്മുടെ ദൈവങ്ങളെ കളിയാക്കുന്നു എന്നായിരുന്നു അവരുടെ വിമര്‍ശനം. രണ്ടാമത്തേത് സിനിമാ പാരമ്പര്യവാദികളില്‍ നിന്നാണ്. നിലവിലുള്ള സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് കുതറുന്ന ആ സിനിമ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ അതിനെ ബുദ്ധിജീവി സിനിമ, ജാഡ സിനിമ എന്നൊക്കെ പലരും വിമര്‍ശിച്ചു. (ഇത് മലയാളിയുടെ മാത്രം കാര്യമല്ല, ഇന്ത്യയിലെ സിനിമാസ്വാദനത്തിന്റെ കാര്യം ഏറെക്കുറെ ഇതുപോലെത്തന്നെ ആയിരുന്നു. അക്കാലത്ത് മണി കൌള്‍, കുമാര്‍ സാഹ്‌നി എന്നിവരുടെ സിനിമകളോടും നമ്മുടെ സമീപനം ഇതുപോലെത്തന്നെ ആയിരുന്നു. അതില്‍ പ്രധാനം ഇത്തരം സിനിമകള്‍ സംവേദനക്ഷമമല്ല എന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കൌള്‍ സംവേദനത്തെ കുറിച്ച് ഒരു ലേഖനം തന്നെ എഴുതിയത്).

‘ചിത്രസൂത്രം’ എന്ന സിനിമയ്‌ക്കെതിരെയും നാം ഇത്തരത്തിലുള്ള വിമര്‍ശ നങ്ങള്‍ തന്നെയാണ് തൊടുത്തത്. ബുദ്ധിജീവി സിനിമ, അക്കാദമിക ജാഡ, ഗൊദാര്‍ദിന്റെ സിനിമകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത, മണി കൌള്‍, കുമാര്‍ സാഹ്‌നി തുടങ്ങിയവരുടെ കേരളത്തിലെ പിന്തുടര്‍ച്ചക്കാരന്‍ എന്നിങ്ങനെ നീണ്ടു വിമര്‍ശനങ്ങള്‍. രണ്ടു ശൈലികള്‍ പിന്തുടരുന്ന സംവിധായകരായ ഗൊദാര്‍ദിനെയും, മണി കൌളിനെയും ഒരേ തൊഴുത്തില്‍ കെട്ടുന്നതിലൂടെ, സിനിമയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് എത്രമാത്രം വികലമാണ് എന്നാണ് വെളിവാകുന്നത്. അതുകൊണ്ടുതന്നെയാണ് വളരെ വ്യത്യസ്തമായ, നമുക്ക് ശീലമില്ലാത്ത ശൈലികളിലുള്ള സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ആവാതെ കേവലം ബഹളമോ, ചീത്തപറച്ചിലോ മാത്രമായിത്തീരുന്നത്. സിനിമ രൂപപരമായ പരീക്ഷണം മാത്രമാണെന്നും, സങ്കീര്‍ണ്ണമായ സിനിമ പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നുമാണ് മറ്റൊരു വിഭാഗം പരാതിപ്പെട്ടത്. നിലവിലുള്ള രീതികളില്‍ നിന്ന് വളരെ വ്യത്യസ്തമായ, വ്യവസ്ഥാപിത ആസ്വാദന സങ്കല്പ്പങ്ങളെ വെല്ലുവിളിക്കുന്ന സിനിമകളെ പരീക്ഷണ സിനിമകള്‍ എന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തുക എന്ന എളുപ്പവഴിയാണല്ലോ നാം എപ്പോഴും പിന്തുടരുന്നത്. എന്താണ് ഈ ‘പരീക്ഷണം’ എന്നതില്‍ നിന്ന് അങ്ങിനെ നാം ഒഴിഞ്ഞു മാറുന്നു. കാഞ്ചനസീതയ്ക്കും ചിത്രസൂത്രത്തിനും ഇടയിലൂടെ ഏതാണ്ട് നാല്‍പ്പതോളം വര്‍ഷങ്ങള്‍ ഒഴുകിപ്പോയെങ്കിലും ഇത്തരം സിനിമകളെ വിശേഷിപ്പിക്കാന്‍ നമുക്ക് പുതിയ വാക്കുകള്‍ ഒന്നും കണ്ടെത്താനായില്ല എന്നതാണ് ദുരവസ്ഥ.

ഇതൊക്കെയും വിരല്‍ ചൂണ്ടുന്നത് മലയാളിയുടെ സിനിമാവബോധത്തിലേക്കാണ്. നാം സത്യത്തില്‍ സിനിമാ സാക്ഷരരാണോ? കേരളത്തില്‍ ഇരുപത്തിനാലോളം ചലച്ചിത്രമേളകള്‍ അരങ്ങേറി. ഓരോ മേളയിലും തിരക്ക് കൂടിക്കൂടി വരുന്നു. പ്രേക്ഷക പങ്കാളിത്തത്തില്‍ മേള റിക്കാര്‍ഡ് സൃഷ്ടിക്കുകയാണ്. വാതില്‍ തകര്‍ത്താണ് പലരും അകത്ത് കയറുന്നത്. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ പോലും ഇന്ന് ചെറുതും വലുതുമായ മേളകളും സിനിമാ പ്രദര്‍ശനങ്ങളും ചര്‍ച്ചകളും നടക്കുന്നു. നുക്ക് ഒരു ചലച്ചിത്ര അക്കാദമിയുണ്ട്. സിനിമയ്ക്ക് മാത്രമായി സര്‍ക്കാരിന്റെതായി രണ്ടു പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്. (ഇത് മറ്റൊരു സംസ്ഥാനത്തിലും ഉണ്ടാവാന്‍ വഴിയില്ല). മാത്രവുമല്ല, ഇന്റര്‍നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഏറ്റവും പുതിയ സിനിമകള്‍ പോലും കാണാന്‍ ഇന്ന് കഴിയും. കൊറോണക്കാലത്ത് അകത്ത് അടച്ചിരിക്കുമ്പോഴായിരിക്കും നാം പല മാധ്യമങ്ങളിലൂടെ ഏറ്റവും അധികം സിനിമകള്‍ കണ്ടിട്ടുണ്ടാവുക. അനുബന്ധമായി ഓണ്‍ ലൈനില്‍ ധാരാളം ചര്‍ച്ചകളും നടക്കുന്നു. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും മറ്റുമായി ഇന്ന് സിനിമയെ കുറിച്ച് ധാരാളം എഴുതപ്പെടുന്നുണ്ട്. മാത്രവുമല്ല, സിനിമ കണ്ടുകൊണ്ടിരിക്കവെ Instant നിരൂപണം എഴുതുന്നവരും ധാരാളം. കേരളത്തില്‍ സ്‌കൂള്‍, കോളേജ് തലത്തില്‍ സിനിമ പാഠ്യപദ്ധതിയുടെ ഭാഗമാണ്. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ മീഡിയ സ്‌കൂളുകള്‍ ഉള്ള സംസ്ഥാനം കേരളമായിരിക്കും. കാഴ്ചയുടെ ഇത്രമാത്രം വിപുലമായ ഒരു സാഹചര്യം സംജാതമായിട്ടും മലയാളി പ്രേക്ഷകരുടെ സിനിമാവബോധത്തില്‍ / സിനിമാ സാക്ഷരതയില്‍ വലിയ മാറ്റമൊന്നും ഉണ്ടായില്ല.

സിനിമയെ ഗൗരവമുള്ള ഒരു കലാരൂപം എന്നൊക്കെയുള്ള നിലയില്‍ സമീപിക്കേണ്ടുന്ന ആവശ്യം തന്നെ ഉണ്ടെന്ന് വിശ്വസിക്കാത്ത / ചിന്തിക്കാത്ത പ്രേക്ഷകരാണ് വലിയൊരു ഭാഗം. ഇവര്‍ക്ക് (ഇത്തരം സിനിമകള്‍ ഉണ്ടാക്കുന്നവര്‍ക്കും) മേളയും മറ്റും ഒരു പ്രശ്‌നമേയല്ല. ലോകത്തിലെ ഏതൊരു ജനതയേയും പോലെ ജനപ്രിയ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍. ഈ വിഭാഗത്തിന് സിനിമ (ടിവി പരിപാടികളും) വളരെ ഗൗരവത്തോടെ നേരം കൊല്ലാനുള്ള / നേരം പോക്കാനുള്ള ഉപാധിയാണ്. ടൈം പാസ് / എന്റര്‍ടൈന്‍മെന്റ് എന്നതില്‍ക്കൂടുതലായി മറ്റൊന്നും തന്നെ ഇവര്‍ക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ നിലവാരമുള്ളവര്‍ എന്നോ, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായവര്‍ എന്നോ ഉള്ള വ്യത്യാസമില്ല. ഇവരെ സംബന്ധിച്ച് ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന രാഷ്ട്രീയമോ, മൂല്യങ്ങളോ ഒന്നും തന്നെ പ്രശ്‌നമല്ല. അല്ലെങ്കില്‍ അത്തരം ഒരു അവസ്ഥ നിലനില്ക്കുന്നുണ്ട് എന്ന് അറിയാത്തവരും, അറിയാന്‍ താത്പര്യം ഇല്ലാത്തവരുമാണ് ഇവര്‍. ഇത് വെറുമൊരു സിനിമയോ, ടിവി പരിപാടിയോ മാത്രമല്ലേ എന്ന് കരുതുന്നവര്‍. ഇതില്‍ രാഷ്ട്രീയം, മൂല്യം മുതലായ കാര്യങ്ങള്‍ തപ്പി തല ചൂടാക്കാന്‍ ആഗ്രഹിക്കാത്തവര്‍. സാമാന്യ ബുദ്ധി പോലും ഉപയോഗിക്കാതെ സിനിമയെയും ടിവി പരിപാടികളെയും ഇവര്‍ ഉപഭോഗം ചെയ്യുന്നു.

നല്ല സിനിമകളുമായി നല്ല പരിചയം ഉണ്ടായിട്ടും, സിനിമയിലെ യാഥാര്ത്ഥ്യം, ദൃശ്യ ശ്രാവ്യ ബന്ധം, ആഖ്യാനം, സ്‌ക്രിപ്റ്റ്, അഭിനയം, സംഗീതം എന്നിവയെക്കുറിച്ച് ഇക്കൂട്ടര്‍ ഒരു സാമ്പ്രദായികമായ സങ്കല്‍പ്പമാണ് വച്ച് പുലര്‍ത്തുന്നത്. അതുകൊണ്ട് തന്നെ, സിനിമയുടെ അടിസ്ഥാനത്തെത്തന്നെ വീണ്ടു വിചാരത്തിന് വിധേയമാക്കിയ സിനിമകളും, ദൃശ്യങ്ങളെയും ശബ്ദത്തെയും കുറിച്ച് പുതിയ കാഴ്ചപ്പാടുള്ള, കാലത്തിന് പരമ പ്രാധാന്യം കൊടുക്കുന്ന സിനിമകളും ഇവര്‍ക്ക് കടുപ്പം കൂടിയതും ദുര്‍ഗ്രഹവും ബോറടിപ്പിക്കുന്നതുമായും അനുഭവപ്പെടുന്നു. ബോറടിയാണ് നമ്മുടെ ഒരു പ്രധാന വിഷയം. സിനിമയെ കുറിച്ചു മാത്രമല്ല, സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ശൈലികളിലുള്ള മറ്റു കലകളും നമ്മെ ബോറടിപ്പിക്കുന്നു. ‘Everything you say is boring and incomprehensible’, she said, ‘but that alone doens’t make it true’ എന്ന് കാഫ്ക. തന്റെ സൃഷ്ടി അനുവാചകനെ ബോറടിപ്പിച്ച് അവരത് ഉപേക്ഷിക്കണം എന്ന രീതിയില്‍ ഒരു കലാകാരനും ചിന്തിക്കുകയില്ലല്ലോ. അനുവാചകര്‍ ആസ്വദിക്കാന്‍ തന്നെയാണല്ലോ കലാകാരന്‍ സൃഷ്ടികള്‍ രചിക്കുന്നത്. അപ്പോള്‍ പ്രശ്‌നം കലാകാരന്റെയല്ല, അനുവാചകരുടേതാണ് എന്നുവരുന്നു. ”സിനിമ അസഹനീയമായി അനുഭവപ്പെട്ടു, ബോറടിപ്പിച്ചു എന്നൊക്കെ പറയുമ്പോള്‍ അതിനര്ത്ഥം നിങ്ങള്‍ ആ സിനിമ ആസ്വദിക്കാന്‍ പാകമായിട്ടില്ല എന്നാണ്, അല്ലാതെ അത് സിനിമയുടെ കുറ്റമല്ല” എന്ന് പ്രശസ്ത ടര്‍ക്കി്ഷ് ചലച്ചിത്രകാരനായ ന്യൂറി ബില്‌ഗെ സെലാന്‍. പ്രശസ്ത ഇറാനിയന്‍ ചലച്ചിത്രകാരന്‍ അബ്ബാസ് കിയരോസ്താമിക്ക് ‘ബോറടിപ്പിക്കുന്ന’ സിനിമകളാണ് ഇഷ്ടം. ”ചില സിനിമകള്‍ കണ്ടുകൊണ്ടിരിക്കവെ ഞാന്‍ മയങ്ങിയിട്ടുണ്ട്. അത് സിനിമയുടെ കുറ്റം കൊണ്ടല്ല. അതേ സമയം രാത്രിയില്‍ ഉണര്‍ന്നിരുന്ന് ചിന്തിക്കാന്‍ ആ സിനിമകള്‍ എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. പിറ്റേ ദിവസം രാവിലെയും പിന്നെ പലപ്പോഴും ഈ സിനിമകള്‍ എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്”.

മഹത്തായ സിനിമയുടെ ആസ്വാദനം പോകട്ടെ, സാധാരണ സിനിമകള്‍ പോലും അതിന്റെ വിവക്ഷകള്‍ മനസ്സിലാക്കി ആസ്വദിക്കാന്‍ നമ്മുടെ ഭൂരിഭാഗം പ്രേക്ഷകര്‍ക്കും ആവുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് ഇടതു രാഷ്ട്രീയത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. സിനിമയുടെ സൗന്ദര്യശാസ്ത്രപരമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ത്തന്നെ, ദൃശ്യങ്ങളിലൂടെ ചില മൂല്യങ്ങള്‍ / പ്രത്യയശാസ്ത്രം സംപ്രേക്ഷണം ചെയ്യുന്നു എന്ന് ഇവര്‍ അറിയുന്നില്ല. അതുകൊണ്ടുതന്നെ, ദൃശ്യങ്ങളുടെയും ചിഹ്നങ്ങളുടെയും ഒരു വന്‍ കടലില്‍ ജീവിക്കുന്ന നാം ദൃശ്യങ്ങളുടെയും ചിഹ്നങ്ങളുടെയും ധ്വനി / വിവക്ഷ തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍, ഒരു ദൃശ്യത്തിലൂടെ ആരാണ് സംസാരിക്കുന്നത് എന്നും അറിയുന്നില്ല. അതുകൊണ്ടാണ് ഒരു ഭാഗത്ത് വ്യവസ്ഥിതിക്കെതിരെ സമരം ചെയ്യുകയും മറുഭാഗത്ത് വ്യവസ്ഥിതിയുടെ ഭാഗമായ സിനിമകളെ ആസ്വദിക്കുകയും ചെയ്യുന്നത്. അതായത്, രാവിലെ മുതല്‍ വൈകുന്നേരം വരെ സമരം ചെയ്ത് വൈകുന്നേരം വീട്ടിലെത്തിയാല്‍ അല്ലെങ്കില്‍, രാപ്പകല്‍ സമരത്തിനിടയില്‍ക്കിട്ടുന്ന ഇടവേളകളില്‍, വ്യവസ്ഥിതിയെ താങ്ങി നിര്‍ത്തുന്നതില്‍ സഹായകമായി പ്രവര്‍ത്തിക്കുന്ന മോഹന്‍ ലാലിന്റെയും, മമ്മൂട്ടിയുടെയും (അതുപോലുള്ള മറ്റു പലരുടെയും) സിനിമകളും, വ്യവസ്ഥിതിയുടെ മൂല്യങ്ങളെ പുനരുല്‍പ്പാദിപ്പിക്കുന്ന ടിവി സീരിയലുകളും, സ്ത്രീ-ദളിത്-മത വിരുദ്ധ പരിപാടികളും കണ്ടാണ് ക്ഷീണമകറ്റുന്നത് / ടൈം പാസ്സാക്കുന്നത്. നേതാക്കള്‍ പോലും ഇത്തരത്തിലുള്ള താരങ്ങളുടെ കൂടെനിന്ന് സെല്‍ഫി എടുക്കാനാണ് ബദ്ധപ്പെടുന്നത്. ജനപ്രിയ ബ്രഹ്മാണ്ഡ സിനിമയ്ക്ക് പരസ്യമായാണ് വലിയ നേതാവ് നിന്നുകൊടുക്കുന്നത്.

സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ പല സങ്കേതങ്ങളുടെ – പ്രതിഷ്ഠാപനം, വീഡിയോ ആര്‍ട്ട്, പെര്‍ഫോര്‍മന്‍സ് – ഭാവനാല്‍മകമായ സമ്മേളനമായി സിനിമ ഇന്ന് മാറി. ഇവിടെ കഥ, കഥാപാത്രങ്ങള്‍, അഭിനയം, സംഭാഷണങ്ങള്‍, നാടകീയത, വൈകാരികത എന്നീ പരമ്പരാഗത ഘടകങ്ങള്‍ക്ക് തീരെ പ്രസക്തിയില്ല. ഈ സാഹചര്യത്തിലും നാം ഒരു പ്രത്യേക സങ്കല്‍പ്പത്തിലൂടെ സിനിമയെ സമീപിക്കുന്നു. ഇപ്പോഴും കഥ തന്നെയാണ് നാം സിനിമയില്‍ അന്വേഷിക്കുന്നത്. ഇതിവൃത്തത്തെ അടിസ്ഥാനമാക്കിയാണ് നാം ആസ്വദിക്കുന്നതും നിരൂപിക്കുന്നതും. സിനിമ പഠിക്കുന്ന എം.എ.ക്കും ബി.എ.ക്കും പഠിക്കുന്ന കുട്ടികളാകട്ടെ സിനിമയുടെ സവിശേഷതയെ അടിസ്ഥാനമാക്കിയല്ല, പുതിയ പുതിയ സാഹിത്യ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലാണ് സിനിമയെ സമീപിക്കുന്നത്. അപ്പോള്‍ സിനിമയെ അര്‍ത്ഥനത്തിലേക്ക് മാത്രം ചുരുക്കുകയാണ്. ഇന്ന് ധാരാളം പേര്‍ സിനിമയില്‍ പി.എച്ച്.ഡി. എടുക്കുന്നുണ്ട്. എല്ലാവരും സിനിമയുടെ സാമൂഹ്യ പാഠത്തെയാണ് വിഷയമാക്കുന്നത്. എത്രപേര്‍ സിനിമയുടെ സൗന്ദര്യ ശാസ്ത്രം വിഷയമാക്കിയിട്ടുണ്ട് എന്നറിയില്ല.  ഈയൊരു സമീപനം – അവബോധം, ആസ്വാദനം – എല്ലാ മേഖലയിലും പ്രതിഫലിക്കുന്നു. ഒരു സാഹിത്യകൃതിയെ ആധാരമാക്കി ഒരു സംവിധായകന്‍ സിനിമയുണ്ടാക്കിയാല്‍ ആ സൃഷ്ടി എന്താണ്, സിനിമ എന്ന രീതിയില്‍ എവിടെ നില്ക്കുമന്നു എന്നല്ല, മറിച്ച് വരിയോടു വരി താരതമ്യം ചെയ്ത് സിനിമയും മൂലകൃതിയും എത്രമാത്രം നീതി പുലര്‍ത്തി എന്ന രീതിയിലാണ് ചര്‍ച്ച. ഇതിനെക്കുറിച്ചാണ് സാഹിത്യകാരനും സംവിധായകനും വാക് യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്.

മറ്റൊന്ന് നാം സിനിമയെ ആസ്വദിക്കുന്നത് പ്രധാനമായും ഉള്ളടക്കത്തെ അടിസ്ഥാനമാക്കി മാത്രമാണ്. മലയാളിയുടെ രാഷ്ട്രീയ ‘പ്രബുദ്ധത’ മൂലം ഇത് രാഷ്ട്രീയ ഉള്ളടക്കം എന്നതിലേക്ക് മാത്രം ചുരുക്കപ്പെട്ടു. അങ്ങിനെ ഈ വീക്ഷണകോണിലൂടെ സിനിമ ആസ്വദിക്കുന്ന ശീലം പൊതുവെ വളര്ന്നു വന്നു. രാഷ്ട്രീയ പരികല്പ്പനകള്‍ ധാരാളമായി ഉപയോഗിച്ചുകൊണ്ടാണ് നാം സിനിമയെക്കുറിച്ച് എഴുതുന്നതും ചര്‍ച്ച ചെയ്യുന്നതും. സിനിമ നല്കുന്ന ഐന്ദ്രിയാനുഭവം നമ്മുടെ നിഘണ്ടുവില്‍ ഇല്ല. അതുകൊണ്ടുതന്നെ നമ്മുടെ സിനിമാ ആസ്വാദനവും എഴുത്തും ഏകശിലാത്മകമാണ്. ഇത്തരം ഭാവുകത്വം വളര്‍ത്തി യെടുക്കുന്നതില്‍ നമ്മുടെ ചലച്ചിത്ര മേളകള്ക്ക് വലിയ പങ്കുണ്ട് എന്നു തോന്നുന്നു.

നമ്മുടെ സിനിമ തുടക്കം തൊട്ടുതന്നെ നാടകവും സാഹിത്യവുമായി കെട്ടുപിണഞ്ഞാണ് വളര്‍ന്നത്. എം.ടി. വാസുദേവന്‍ നായരിലൂടെയും മറ്റും ഈ ബന്ധം അരക്കിട്ടുറപ്പിച്ചു. അതുകൊണ്ടുതന്നെയായിരിക്കും സിനിമാ ആസ്വാദനത്തിലും സിനിമയെ കുറിച്ചുള്ള എഴുത്തിലും സാഹിത്യം നമുക്ക് മാനദണ്ഡമായത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കാം സാഹിത്യ കൃതികളെ ആധാരമാക്കിയതുകൊണ്ടാണ് മുന്കാാലത്ത് നല്ല സിനിമകള്‍ ഉണ്ടായത് എന്ന് നാം ഇടക്കാലത്ത് അഭിപ്രായപ്പെട്ടത്. സിനിമയെക്കുറിച്ചുള്ള സംസാരത്തില്‍ നാം സിനിമയുടെ ഭാഷ, വ്യാകരണം എന്നൊക്കെ ഉപയോഗിക്കുന്നതും ഇതുകൊണ്ടായിരിക്കാം. എന്നാല്‍ ഉച്ചരിക്കപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്ന ഭാഷയില്‍ നിന്ന് വ്യത്യസ്തമാണ് സിനിമാ ദൃശ്യങ്ങള്‍, അവ പ്രതിരൂപാത്മകമല്ല, അവ യാഥാര്ത്ഥ്യവത്തെ പ്രകാശിപ്പിക്കുന്നത് പ്രതീകങ്ങളില്‍ കൂടിയല്ല, യാഥാര്ത്ഥ്യത്തില്‍ കൂടിത്തന്നെ എന്നര്‍ത്ഥം. അതായത് ഒരു വൃക്ഷത്തെ സിനിമാ ദൃശ്യം വൃക്ഷത്തില്‍ കൂടിത്തന്നെയാണ് പ്രകാശിപ്പിക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് പല ചലച്ചിത്രകാരന്മാരും സൈദ്ധാന്തികരും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രശസ്ത ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ പസോളിനി സിനിമയെ Im-signs – Image signs എന്ന രീതിയിലാണ് കാണുന്നത്. അദ്ദേഹത്തിന്റെ സങ്കല്പ്പ ത്തില്‍ Im-signs എന്നാല്‍ ചേഷ്ടകള്‍, ചുറ്റുപാടുകള്‍, സ്വപ്നം, ഓര്‍മ്മ എന്നിവയൊക്കെ ഉള്‍ച്ചേര്‍ന്നiതാണ്.

എഴുപതുകളിലെ ആര്‍ട് സിനിമകളുടെ ദുര്‍ഗ്രാഹ്യതയെയും സംവേദനക്ഷമത ഇല്ലായ്മയെയും മറികടക്കാനായി രൂപം കൊണ്ടതാണല്ലോ തത്സമയ സംവേദനം നടത്തുന്ന ഇടനില സിനിമകള്‍, മധ്യവര്‍ത്തി സിനിമകള്‍ എന്നൊക്കെ വിശേഷിപ്പിച്ചിരുന്ന സിനിമകള്‍. കലയ്ക്കും കച്ചവടത്തിനും ഇടയില്‍ ഒരു പാലം പണിയാന്‍ ഉദ്ദേശിച്ച് ഉള്ളവയായിരുന്നു ഈ സിനിമകള്‍. ശരിയാണ്, കലാ സിനിമയ്ക്കും കച്ചവട സിനിമയ്ക്കും ഇടയില്‍ നില്ക്കുന്ന ഈ സിനിമകളെ ശരിയായ രീതിയില്‍ അപഗ്രഥിക്കാതെ നാം കൊട്ടിഘോഷിച്ചു. അക്കാലത്തെ സിനിമാവബോധം തന്നെയാണ് ഇന്നും ഭൂരിഭാഗം മലയാളിയുടേത്. ഇത്തരത്തിലുള്ള സിനിമകള്‍ വേറൊരു തരത്തില്‍ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്ന് അവ അര്‍ഹിക്കാത്ത രീതിയിലുള്ള വിശേഷണങ്ങള്‍ ചേര്‍ത്ത് യഥാര്‍ത്ഥ സിനിമ എന്ന രീതിയില്‍ നാം അവയെ പുകഴ്ത്തുന്നു. ഇതിലൂടെ ഏകശിലാ രൂപത്തിലുള്ളതും യന്ത്രീകതയും ജഡത്വവും നിറഞ്ഞ നമ്മുടെ ആസ്വാദനത്തെ അവിടെത്തന്നെ കുടുക്കിയിടുന്നു.

അങ്ങേയറ്റം വേഗം കുറഞ്ഞതും കട്ടുകള്‍ ഇല്ലാതെ വളരെയധികം ദൈര്‍ഘ്യമേറിയ ടേക്കുകള്‍ ഉള്ളതുമായ, സംഭാഷണം, സാധാരണ വ്യവഹരിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍, അഭിനയം എന്നിവയൊന്നും തന്നെ ഇല്ലാത്ത സിനിമകളും അതുപോലെ വളരെ വേഗതയേറിയ കട്ടുകള്‍ ഉള്ള (ഒരു നിമിഷത്തിനുള്ളില്‍ നിരവധി കട്ടുകളുള്ള) സിനിമകളും, കഥാപാത്രങ്ങള്‍ ഇരുന്നോ, നിന്നോ യാതൊരു ഭാവഭേദവും ഇല്ലാതെ പറയുന്ന സംഭാഷണങ്ങള്‍ ഉള്ള സിനിമകളും ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്ക് പോലും കണ്ടിരിക്കാന്‍ കഴിയുന്നില്ല. നാം അസഹിഷ്ണുക്കളാവുന്നു. ഒരു മേളയില്‍ ഇത്തരത്തിലുള്ള ഒരു സിനിമയായ Mekong Hotel പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ സഹിക്കവയ്യാതെ ബഹളം വക്കുകയുണ്ടായത്രേ. ഇത്തരത്തിലുള്ള മറ്റൊരു സിനിമ സംവിധായകന്റെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രേക്ഷകര്‍ പ്രദര്‍ശനം അലങ്കോലപ്പെടുത്തി. ചെറിയ തരത്തിലുള്ള വ്യത്യാസങ്ങള്‍ മാത്രമേ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുള്ളൂ. വ്യത്യാസങ്ങള്‍ അസാധാരണമാം വിധത്തിലുള്ളതാകുമ്പോള്‍ നാം അസഹിഷ്ണുക്കളാകുന്നു. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയര്‍ന്നില്ല എന്നു മാത്രമാല്ല, പൊതു മര്യാദ മാനിക്കാന്‍ കൂടി പ്രേക്ഷകര്‍ തയ്യാറാകുന്നില്ല. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇറങ്ങിപ്പോവുകയല്ലേ വേണ്ടത്? അതല്ലേ ജനാധിപത്യ മര്യാദ? പ്രേക്ഷകന്‍ ആഗ്രഹിക്കുന്ന / ഇഷ്ടപ്പെടുന്ന സിനിമ ഉണ്ടാക്കണമെങ്കില്‍ പിന്നെ സംവിധായകന്റെ ആവശ്യമില്ലല്ലോ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply