സാഹിത്യവും മലയാളിയും : പാരസ്പര്യത്തിന്റെ ചരിത്ര വര്‍ത്തമാനങ്ങള്‍

ആധുനികോത്തരകാല (വര്‍ത്തമാനകാല) രചനകളെ സംബന്ധിച്ച് തൊണ്ണൂറുകളുടെ അവസാനത്തില്‍ സി ആര്‍ പരമേശ്വരന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇന്നും ഒരു വലിയ പരിധിവരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ‘അസഹിഷ്ണുതയുടെ ആവശ്യം’ എന്ന് തന്റെ ലേഖനത്തില്‍ സി ആര്‍ ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു: ‘ആധുനികതയ്ക്ക് ശേഷമുള്ള തലമുറയില്‍ സ്വയം രാഷ്ട്രീയവത്കരിക്കാനും അതുവഴി എഴുത്തുകാരന്റെ മൂല്യബോധത്തെ ബലവത്താക്കാനും സ്വതന്ത്രമായ ഒരു ദര്‍ശനം രൂപീകരിക്കാനും സാധിച്ചിട്ടുള്ളവര്‍ വിരളമാണ്. നമ്മുടെ യുവ കവികളും കഥാകൃത്തുക്കളും വൃഥാ പുലമ്പികൊണ്ടിരിക്കുന്ന യുവനിരൂപകരുമെല്ലാം പുരോഗമനസാഹിത്യ സംഘത്തിന്റേയോ, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, തുടങ്ങിയ യുദ്ധ പ്രഭുക്കളുടേയോ എം.ടി തുടങ്ങിയ ഇടപ്രഭുക്കളുടേയോ വിളിപ്പുറത്തുള്ള പരാമര്‍ശമര്‍ഹിക്കാത്ത കൂലിപ്പടയാളികള്‍ മാത്രമാണ്.’

‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുക്കുക പുത്തനൊരായുധമാണ് നിനക്കത്’ എന്ന തൊഴിലാളിപക്ഷ ഉദ്‌ഘോഷണം ജര്‍മ്മന്‍ നാടകകൃത്തും കവിയുമായ ബ്രാത്തോള്‍ഡ് ബ്രഹ്തിന്റേതാണ്. വ്യക്തിഗത പരിവര്‍ത്തനത്തിനും സാമൂഹിക പരിവര്‍ത്തനത്തിനും ഏറ്റവുമുതകുന്ന മാധ്യമങ്ങളിലൊന്നായ വായനയെ ഉയര്‍ത്തിക്കാണിക്കുകയാണ് ഈ വരികള്‍. എന്നാല്‍ നമ്മെ സംബന്ധിച്ച് ഇത് ചരിത്രയുക്തമല്ലെന്നതാണ് വാസ്തവം. എഴുത്തധികാരവും ചൊല്ലധികാരവും സവര്‍ണ്ണ ന്യൂനപക്ഷത്തിനായി സംവരണം ചെയ്യപ്പെട്ടിരുന്ന ജാത്യാധിഷ്ഠിത ഭൂതകാലമായിരുന്നല്ലോ നമ്മുടേത്. ക്രൈസ്തവാധിപത്യത്തിനും (ബ്രിട്ടീഷ് അധിനിവേശം) അതേത്തുടര്‍ന്നുവന്ന നവോത്ഥാന പരിവര്‍ത്തനങ്ങള്‍ക്കുമൊടുവില്‍ വളരെയേറെ വൈകിയെത്തിയ നീതിയായിരുന്നു നമ്മെ സംബന്ധിച്ച് ഭാഷാര്‍ജന സാര്‍വത്രികത. (ഭാഷ ഇന്ന് കാണുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയതില്‍ വൈദേശികര്‍ക്കുള്ള പങ്കും സുപ്രധാനമാണ്). ഭാഷാനവീകരണത്തോടൊത്തുതന്നെയാണ് (ക്രമീകൃത രൂപവല്‍കരണമെന്നും പറയാം) സാഹിത്യത്തിലെ ക്ലാസിക്കല്‍ യുഗത്തിന് തിരശ്ശീലവീഴുന്നതും, അതേ അരങ്ങില്‍ പാശ്ചാത്യാനുകരണപരമായ നവീന സാഹിത്യ മാതൃകകള്‍ കെട്ടിയാടപ്പെടുന്നതും. എന്നാല്‍ ഇവ കേവലാനുകരണങ്ങള്‍ക്കുപരിയായി സാമൂഹ്യ വിമര്‍ശനത്തിന്റെ സാധ്യതകളെക്കൂടിയായിരുന്നു ഉള്‍ക്കൊണ്ടത്. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ‘ഇന്ദുലേഖ’യിലും തുടര്‍ന്നുവന്ന ‘സരസ്വതീവിജയ’ത്തിലുമടക്കം മേല്‍പ്പറഞ്ഞ പരിവര്‍ത്തനോന്മുഖത പ്രകടമായിത്തന്നെ ദൃശ്യമായിരുന്നു. (തന്റെ ഭാര്യക്ക് വായിച്ചുരസിക്കാനുള്ള വക എന്ന നിലയിലാണ് ‘ഇന്ദുലേഖ’ അവതരിപ്പിക്കപ്പെട്ടതെങ്കിലും). എന്നാല്‍ പാശ്ചാത്യ വിദ്യാഭ്യാസമാര്‍ജിച്ച ഒന്നാം തലമുറക്കാരാല്‍ എഴുതപ്പെട്ട ഈ സാഹിത്യസൃഷ്ടികളുടെ പ്രചാരണ-പരിവര്‍ത്തന സാധ്യതകള്‍ ഭൂരിപക്ഷ നിരക്ഷരതയില്‍ ഉടക്കി നില്‍ക്കുകയാണുണ്ടായത്. പ്രസ്തുത പരിമിതി പരിഹരിക്കപ്പെടാന്‍ പതിറ്റാണ്ടുകളുടെ ദീര്‍ഘദൂരം തന്നെ വേണ്ടി വന്നു. എന്നാല്‍ ഭാവികാല വായനക്കാരുടെ ബൃഹത് സംഖ്യ ഭ്രൂണത്തിലിരിക്കെതന്നെ സാഹിത്യം അതിന്റെ ബാല്യകൗമാരങ്ങളിലേക്കുള്ള വളര്‍ച്ചാപാത കണ്ടെത്തുകയാണുണ്ടായത്.

മലയാളസാഹിത്യത്തിന്റെ അതിവേഗവും അസാമാന്യവുമായ വളര്‍ച്ചയെ ഹോര്‍മോണ്‍ കുത്തിവയ്ക്കപ്പെട്ട ബ്രോയിലര്‍ കോഴികളോടുപമിക്കാവുന്നതാണ്. എം മുകുന്ദന്റെ ‘എന്താണ് ആധുനികത’ എന്ന പഠനഗ്രന്ഥത്തില്‍ അദ്ദേഹം മലയാള സാഹിത്യത്തിന് നല്‍കുന്ന വിവരണാത്മക നിര്‍വ്വചനം ഇവിടെ എടുത്തുപറയേണ്ടതാണ്. ”ചക്രവാളങ്ങക്കപ്പുറത്തുനിന്ന് കേള്‍ക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് നമ്മളിന്നും ഉണരാറ്. നമുക്ക് സ്വന്തമായി ശബ്ദിക്കാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. നമ്മള്‍ പ്രതിധ്വനികള്‍ മാത്രമാണ്. പടിഞ്ഞാറോട്ട് തിരിച്ചുവച്ച റഡാറുകളാണ് നമ്മുടെ ഇന്ദ്രിയങ്ങള്‍’ – എന്ന മുകുന്ദന്റെ വാക്കുകള്‍ സാഹിത്യമേഖലയിലെ അനുകരണോന്മാദത്തെ മറയേതുമില്ലാതെയാണ് വെളിപ്പെടുത്തുന്നത്. ആദ്യകാല രചനകള്‍ക്കൊടുവില്‍ ശൂന്യതയില്‍നിന്നെന്നോണം പിറവിയെടുത്ത സാഹിത്യ ശാഖകള്‍ വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ബഹുദൂരം അകലെയായിരുന്നു എന്നത് തീര്‍ത്തും വ്യക്തമവുമാണ്.

ക്ലാസിക്കല്‍, നിയോ ക്ലാസിക്കല്‍ ഘട്ടങ്ങള്‍ക്കൊടുവിലായി ഉടലെടുത്ത റൊമാന്റിസിസം/കാല്‍പനികതയാണ് സാഹിത്യത്തിന്റെ പാശ്ചാത്യ കേന്ദ്രിത വികാസത്തിലെ പ്രഥമവും സുപ്രധാനവുമായ ഘട്ടങ്ങളിലൊന്ന്. (തുടര്‍ന്നങ്ങോട്ടുള്ള നവശാഖകളിലെല്ലാം ഈ അനുകരണത്തുടര്‍ച്ച കാണാം). പൂര്‍വ്വ ശാഖകളെ – രചനാപരവും പ്രമേയപരവുമായ പരമ്പരാഗത മാതൃകകളെ – അപേക്ഷിച്ച് മനുഷ്യനോട് ഒട്ടിനിന്ന ഒന്നായാണ് കാല്‍പനികത അവതരിച്ചത്. ഇതിന് നാന്ദികുറിച്ചത് കുമാരനാശാന്റെ ‘വീണപൂവ്’ എന്ന കാവ്യശില്‍പമായിരുന്നു. (ഏ.ആര്‍ രാജരാജവര്‍മ്മയുടെ ‘മലയവിലാസ’മാണ് എന്നൊരു മറുവാദവുമുണ്ട്). നിരക്ഷരഭൂരിപക്ഷത്തിലേക്കും ക്ലാസിസത്തിന്റെ ഹാങ്ങോവര്‍ നിറഞ്ഞ സാക്ഷര ന്യൂനപക്ഷത്തിനുമിടയിലേക്കാണ് വീണപൂവ് വന്നുവീഴുന്നത്. ഇന്ന് സുനില്‍ പി ഇളയിടത്തിലൂടെയടക്കം നാം കേട്ടറിയുന്ന വീണപൂവിന്റെ ദാര്‍ശനിക ആഴങ്ങള്‍ അക്കാലത്ത് തിരിച്ചറിയപ്പെട്ടിരുന്നേയില്ല എന്നാണ് ചരിത്രവസ്തുതകള്‍ തെളിയിക്കുന്നത്.

മുമ്പു സൂചിപ്പിച്ചതുപോലെ മലനിരകളെ വര്‍ണിക്കുന്ന മലയവിലാസവും പൂവിനെ ‘വര്‍ണിക്കുന്ന’തായി പരിഗണിക്കപ്പെട്ട വീണപൂവും തമ്മിലുള്ള ബൗദ്ധികതയുടെ അനന്തദൂരം വ്യതിരിക്തമാക്കുകയുണ്ടായില്ല. അതിന്റെ നവീകരണരഹിതമായ തുടര്‍ച്ച തന്നെയാണ് മലയവിലാസത്തെ പ്രഥമ കാല്‍പനിക കൃതിയായി പരിഗണിക്കുന്ന ഒരു വലിയ വിഭാഗത്തെ നിര്‍മിച്ചത്. അതുപോലെത്തന്നെ മലയാള സാഹിത്യ ചരിത്രത്തില്‍ ഏറ്റവുമധികം പ്രചാരം നേടിയ കൃതികളിലൊന്നാണ് ചങ്ങമ്പുഴയുടെ ‘രമണന്‍’. ഈ കൃതി ഇടയ ഗാനശാഖയുടെ പിന്‍തുടര്‍ച്ചാപരമായ നവാവിഷ്‌കാരമാണെന്നും; രചനയുടെ ആന്തരിക തലം വ്യക്തമാക്കുന്നത് രമണനും മദനനും തമ്മിലുള്ള സ്വവര്‍ഗ്ഗ പ്രണയമാണെന്നും പുതിയകാലം വ്യാഖ്യാനിക്കുമ്പോള്‍ പൂര്‍വ്വാസ്വാദനത്തിലെ ഉപരിപ്ലവത നമ്മെ പ്രഹരിക്കുന്നത് കാണാം. (എന്‍.എസ്. മാധവന്റേതാണ് പ്രസ്തുത നിരീക്ഷണം- രമണന്‍ വായനയുടെ ഉള്ളി തൊലിക്കുമ്പോള്‍ എന്ന ലേഖനത്തില്‍). മേല്‍സൂചിപ്പിച്ച രണ്ട് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിച്ചത്, റൊമാന്റിക് പ്രസ്ഥാനം അത് നിലനിന്നിരുന്ന കാലത്തെ സാഹിത്യാസ്വാദക ന്യൂനപക്ഷത്താല്‍ പോലും ഉപരിപ്ലവ വായനക്ക് മാത്രം പാത്രമാക്കപ്പെട്ടു എന്ന് സൂചിപ്പിക്കാനാണ്. നിരക്ഷരര്‍ക്കും സാക്ഷരരിലെത്തന്നെ ബൗദ്ധിക നിരക്ഷരര്‍ക്കും (ആധുനിക/പാശ്ചാത്യ നിബദ്ധമായ നവസാഹിത്യത്തെ ഗഹനതയോടെ ഉള്‍ക്കൊള്ളാനാവഞ്ഞവര്‍ക്കും) കാല്‍പനികതയുടെ അന്തസാര വാതായനങ്ങള്‍ അന്യമായിരുന്നു എന്ന് ചുരുക്കം.

കാല്‍പനികതക്കുശേഷം മലയാള സാഹിത്യത്തിലുണ്ടായ പുതുപ്പിറവി ‘റിയലിസ’ത്തിന്റേതാണ്. ഗദ്യസാഹിത്യത്തിലാണ് പ്രധാനമായും ഇത് പ്രകടമായത്. അന്നേവരെ സാഹിത്യബാഹ്യവും അപ്രധാനവുമായി കരുതപ്പെട്ടിരുന്ന അടിസ്ഥാനവര്‍ഗ/അരികുജീവിതങ്ങള്‍ ദൃശ്യതയാര്‍ജിക്കുന്നത് റിയലിസത്തിന്റെ ആവിര്‍ഭാവത്തോടെയായിരുന്നു. തോട്ടിയും ചുമട്ടുതൊഴിലാളിയും റിക്ഷാക്കാരനുമെല്ലാം ഇതോടെ മലയാളസാഹിത്യത്തിന്റെ ‘പൂമുഖത്തേക്ക്’ പരേഡ് ചെയ്തു. ‘അരിവാളിന്റെ ഇരുമ്പിനെ കാല്‍പനികവല്‍കിച്ച് പൊന്നാക്കിമാറ്റി’ – എന്ന നിലയിലുള്ള വിമര്‍ശനങ്ങള്‍ (പ്രദീപന്‍ പാമ്പിരികുന്നിന്റെ പ്രയോഗം – ദളിത് സൗന്ദര്യശാസ്ത്രം എന്ന കൃതിയില്‍) റിയലിസം പില്‍ക്കാലത്ത് നേരിടേണ്ടി വന്നെങ്കിലും യതാതഥ സാഹിത്യം അന്നോളം നിലനിന്നിരുന്ന പ്രമേയ-അവതരണ രീതികളേയും സാഹിത്യ ലക്ഷ്യത്തെ തന്നെയും അപകടകരമാംവിധം പരിവര്‍ത്തിപ്പിച്ചു എന്നതില്‍ തര്‍ക്കിക്കാനാവില്ല. മുന്‍പുണ്ടായിരുന്നതും പിന്‍പുണ്ടായതുമായ സാഹിത്യ സമ്പ്രദായങ്ങളെ അപേക്ഷിച്ച് റിയലിസത്തിന് ലഭിച്ച ജനശ്രദ്ധ എടുത്തു പറയേണ്ടതാണ്. അതിന് കാരണമായത് പ്രസ്തുത ശാഖയെ തങ്ങളുടെ മുഖമാക്കിമാറ്റിയ സാമൂഹിക പ്രസ്ഥാനങ്ങളാണ്. ജീവല്‍ സാഹിത്യ പ്രസ്ഥാനവും അതിന്റെത്തന്നെ തുടര്‍ച്ചയായ പുരോഗമന സാഹിത്യ പ്രസ്ഥാനവുമാണ് അവ. റിയലിസ്റ്റിക് സാഹിത്യത്തിന്റെ കാലഘട്ടമായപ്പോഴേക്കും ശക്തിയാര്‍ജിച്ച സാക്ഷരതാ മുന്നേറ്റങ്ങളും ഇവിടെ പ്രസക്തമാണ്. എന്നാല്‍ റിയലിസ്റ്റിക് കൃതികള്‍ സാമാന്യ ജനതക്കിടയില്‍ എത്രമാത്രം പ്രചിരിപ്പിക്കപ്പെട്ടുവെന്നും സ്വാംശീകരിക്കപ്പെട്ടുവെന്നും തീര്‍ത്തു പറയുകവയ്യ (മുദ്രാവാക്യ സ്വഭാവമുള്ള നാടകങ്ങള്‍ക്കു ലഭിച്ച സ്വീകാര്യത പോലും സാഹിത്യത്തിന് ലഭിച്ചില്ല എന്നത് തീര്‍ച്ചയുമാണ്). സാക്ഷരത-സാഹിത്യ/സര്‍ഗാത്മക സാക്ഷരത എന്നിവ തീര്‍ത്തും വിഭിന്നമാണെന്ന കാര്യത്തില്‍ കൂടുതല്‍ ഉറച്ച തിരിച്ചറിവ് ഇവിടെ ഉണ്ടാകേണ്ടതുണ്ട്.

സാഹിത്യവുമായി യാതൊരു മുന്‍പരിചയവുമില്ലാത്ത ഒന്നാം തലമുറ സാക്ഷരര്‍ക്ക് തങ്ങളുടെത്തന്നെ കഥകളെ അതാകുന്നരീതില്‍ മനസ്സിലായിക്കൊള്ളണമെന്ന നിര്‍ബന്ധബുദ്ധിയും ഇതിനാല്‍ തന്നെ പ്രായോഗികമല്ലാതാകുന്നു. ഭൂരിപക്ഷവും വരേണ്യരായ സാഹിത്യ സാക്ഷര സമൂഹത്തില്‍ റിയലിസം ഒരു ബൗദ്ധിക വ്യായാമമെന്ന നിലയില്‍ കവിയാനുള്ള സാധ്യത തുച്ഛമായിരുന്നിരിക്കാമെന്ന് യുക്ത്യാധിഷ്ഠിതമായി വിലയിരുത്താവുന്നതുമാണ്. ( ‘ചോര വെറുതെ വല്ലടത്തുമൊക്കെ തുപ്പിക്കളയരുത്- മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ മുഖത്തുതുപ്പുക. വേണ്ട. വിപ്ലവത്തിന്റെ വിശാല, വിശാല ചോരക്കടലിലേക്ക് തുപ്പുക!’ – എന്നെഴുതിവെച്ച ബഷീറിനെ – യാ ഇലാഹി എന്ന സമാഹാരത്തിലെ ‘കേശുമൂപ്പന്‍’ എന്ന കഥയില്‍ – ദൈനംദിന ജീവിതത്തിന്റെ സരസാവിഷ്‌കര്‍ത്താവായി വിലയിരുത്തിപ്പോരുന്ന പാഠപുസ്തക വിശകലനങ്ങള്‍ പോലുമാണ് നമുക്കുള്ളതെന്നോര്‍ക്കുക )

റിയലിസത്തിനു ശേഷം ഉടലെടുത്ത ആധുനികത, പാശ്ചാത്യാധിഷ്ഠിത അസ്തിത്വവാദ ചിന്തകളുടെ പ്രതിധ്വനിയായാണ് അവതരിച്ചത്. ദാര്‍ശനികതയിലൂന്നിയ രചനാപദ്ധതിയായി ഇതിനെ പൊതുവില്‍ വിശേഷിപ്പിക്കാം. അഭ്യസ്തവിദ്യരായ (മിക്കവാറും തൊഴില്‍ രഹിതരും) ഒരു കൂട്ടം യുവാക്കള്‍ക്ക് തങ്ങളുടെ അസ്വാസ്ഥ്യങ്ങളെ സൈദ്ധാന്തികവല്‍കരിക്കാനായി എന്നത് ഈ ശാഖയുടെ പ്രത്യേകമായ ഒരു സവിശേഷതയാണ്. എന്നാല്‍ ബഹുഭൂരിപക്ഷത്തില്‍ നിന്നും ഏറെ അകലെയായിരുന്നു ഇതിന്റെ ബൗദ്ധിക തലം (മറ്റ് സാഹ്യത്യശാഖകളെയപേക്ഷിച്ച് വളരെയേറെയകലെ) ആധുനിക രചയിതാക്കളെ വായിക്കാന്‍ മുതിര്‍ന്നവര്‍ തന്നെ അതിനെ കാല്പനികതയാല്‍ വിഴുങ്ങിക്കളഞ്ഞതായി സക്കറിയ അഭിപ്രായപ്പെട്ടു കാണുന്നുണ്ട്. തമിഴ് ഉത്തരാധുനിക സാഹിത്യകാരനായ ചാരുനിവേദിതയുടെ ‘സീറോ ഡിഗ്രി’ എന്ന നോവലിന്റെ ആമുഖത്തില്‍ സക്കറിയ ഇത് വ്യക്തമാക്കുന്നതായി കാണാം. വ്യത്യസ്ത സാഹിത്യകാരന്മാരെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

(1) മേതില്‍ രാധാകൃഷ്ണന്‍- ‘പരമ്പരാഗത കാല്പനികതയോടുള്ള അടിമത്തമാണ് മേതില്‍ രാധാകൃഷ്ണനെപ്പോലെയൊരു പ്രതിഭാശാലിയായ ഭാഷാ-ഭാവുകതാ പുനര്‍നിര്‍വചകനെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും ശേഷിയില്ലാത്ത, സങ്കുചിതവും അന്ധവുമായ ഒരു സാഹിത്യാന്തരീക്ഷം ഇവിടെ നിര്‍മിക്കുന്നത്’

(2) ബാലചന്ദ്രന്‍ ചുള്ളിക്കാട്- ‘ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍ കവികളിലൊരാളായ ബാലചന്ദ്രന്‍, മലയാള പദ്യത്തേയും പദ്യതന്ത്രങ്ങളെയും എത്ര പ്രകാശവര്‍ഷങ്ങള്‍ മുന്നോട്ടെടുത്തെറിഞ്ഞു എന്നതിനെപ്പറ്റി മലയാള കവിതാ എസ്റ്റാബ്ലിഷ്‌മെന്റും കുടില്‍ വ്യവസായവും ഒരുപോലെ പ്രകടിപ്പിക്കുന്ന അബോധാവസ്ഥയുടെ പിന്നില്‍ കാല്പനിക ലോബിയുടെ കൂര്‍മ്മ ബുദ്ധിയാണ് പ്രവര്‍ത്തിക്കുന്നത്’

(3) ഒ.വി വിജയന്‍ -‘ മലയാളി കാല്പനിക ഭാവുകത ഖസാക്കിനെ സ്വന്തം ആസ്വാദന നിലവാരത്തിന്റെ പാതാളങ്ങളിലേക്ക് വലിച്ചു താഴ്ത്തി.

(4) ആനന്ദ് – ‘ആനന്ദ് മൊഴിമാറ്റിയെടുത്ത ദാര്‍ശനിക കാല്പനികതയെ, പരമ്പരാഗത കാല്‍പനികത മുടിനാരിഴകീറലുകളും മുറവിളികളും ആത്മീയത പരിവേഷണങ്ങളും കൊണ്ട് നിര്‍ജീവമാക്കി.

ഇവിടെ സക്കറിയ ആശങ്കപ്പെട്ടുകാണുന്നത് അതിശക്തരായ ഒരു കാല്‍പ്പനിക സംഘത്തെപ്രതിയാണ്. എന്നാല്‍, അതിബുദ്ധിമാന്മാരായ പരിവര്‍ത്തകര്‍ എന്ന അദ്ദേഹത്തിന്റെ ആരോപണം മിക്കവാറും അസ്ഥാനത്താവുന്നു. അഭ്യസ്തവിദ്യരായ (സര്‍ഗസാക്ഷരരും) ന്യൂനപക്ഷത്തിനിടയില്‍പ്പോലും ആഗോള ബൗദ്ധികതാ സംബന്ധിയായ അജ്ഞത നിലനില്‍ക്കേയാണ്, പാശ്ചാത്യ കലയും സാഹിത്യവും തത്വചിന്തയും ഉള്‍പ്പെടെയുള്ളവയുടെ പാരസ്പര്യത്തില്‍നിന്നും ഉടലെടുത്ത ഒരു രചനാ സമ്പ്രദായം ഇടിമിന്നല്‍ കണക്കേ അവതരിച്ചത്. അതിനെ ഉള്‍ക്കൊള്ളുന്നതിലുണ്ടായ പിഴവ് വസ്തുനിഷ്ഠ/ഭൗതിക സാഹചര്യങ്ങളെ പരിശോധിച്ചാല്‍ നീതീകരിക്കപ്പെടാവുന്നതുമാണ്.

വ്യക്തമായ തത്വചിന്താപിന്‍ബലങ്ങളേതുമില്ലാതെയാണ് അടുത്ത ഘട്ടമായ ആധുനികോത്തരത രൂപംകൊള്ളുന്നത്. ദാര്‍ശനികത- നൈരാശ്യം- ലൈംഗികത എന്നീ ആധുനിക ചിന്താത്രയങ്ങളെ ചരിത്രം- രാഷ്ട്രീയം- അധികാരം എന്നിവയാല്‍ ഉത്തരാധുനികത പകരം വക്കുകയാണുണ്ടായത്.
‘ആധുനികത ഇന്നിനെ മറന്നു എന്നും ചരിത്രത്തെ നിരാകരിച്ചു’ എന്നുമുള്ള വാദമുഖങ്ങള്‍ പ്രമുഖ മാര്‍ക്‌സിസ്റ്റ് തത്വചിന്തകനായ ടെറി ഈഗിള്‍ടണ്‍ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ മലയാളത്തിലെ ആധുനികര്‍, പ്രത്യേകിച്ചും ആനന്ദ് അധികാരത്തെ കേന്ദ്ര പ്രശ്‌നമാക്കി അവതരിപ്പിച്ചിരുന്നതായി കാണാം. (ഇന്ത്യന്‍ അവസ്ഥകളെ ആനന്ദ് മനുഷ്യാവസ്ഥകളായി ന്യൂനീകരിച്ചു എന്ന ഇതിന്റെ മറുവാദവുമുണ്ട്). ആധുനികതയും ഉത്തരാധുനികതയും തമ്മിലുള്ള വേര്‍പിരിയല്‍ പൂര്‍ണാര്‍ത്ഥത്തില്‍ സംഭവിച്ചുകൊള്ളണമെന്നില്ല എന്ന സൂചനയാണ് ഇതു നല്‍കുന്നത്. മുന്‍പ് പ്രധാനമായിരുന്നവ അപ്രധാനമാവുകയോ തിരിച്ചോ സംഭവിക്കുകയാണ് ഉത്തരാധുനികതയിലെന്നും മനസ്സിലാക്കാം. മലയാളത്തിലെ ഉത്തരാധുനികത ഇന്നും പരിവര്‍ത്തന പാതയിലുള്ള ഒന്നുമാണ്. ആധുനികതക്കു സമാനമായി ഉത്തരാധുനികതയും സംവേദനപരമായ വലിയ പ്രതിസന്ധിതന്നെ നേരിട്ടിട്ടും നേരിടുന്നുമുണ്ട്. (‘മലയാള സാഹിത്യത്തിന് എന്നെ കൊല്ലാതെ നിവര്‍ത്തിയില്ലായിരുന്നു’ – എന്ന മേതില്‍ രാധാകൃഷ്ണന്റെ വാക്കുകള്‍ ഉത്തരാധുനിക നേരിട്ട സംഘര്‍ഷങ്ങളെ രക്തവര്‍ണത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്)

ആധുനികോത്തരകാല (വര്‍ത്തമാനകാല) രചനകളെ സംബന്ധിച്ച് തൊണ്ണൂറുകളുടെ അവസാനത്തില്‍ സി ആര്‍ പരമേശ്വരന്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇന്നും ഒരു വലിയ പരിധിവരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ‘അസഹിഷ്ണുതയുടെ ആവശ്യം’ എന്ന് തന്റെ ലേഖനത്തില്‍ സി ആര്‍ ഇപ്രകാരം രേഖപ്പെടുത്തിക്കാണുന്നു: ‘ആധുനികതയ്ക്ക് ശേഷമുള്ള തലമുറയില്‍ സ്വയം രാഷ്ട്രീയവത്കരിക്കാനും അതുവഴി എഴുത്തുകാരന്റെ മൂല്യബോധത്തെ ബലവത്താക്കാനും സ്വതന്ത്രമായ ഒരു ദര്‍ശനം രൂപീകരിക്കാനും സാധിച്ചിട്ടുള്ളവര്‍ വിരളമാണ്. നമ്മുടെ യുവ കവികളും കഥാകൃത്തുക്കളും വൃഥാ പുലമ്പികൊണ്ടിരിക്കുന്ന യുവനിരൂപകരുമെല്ലാം പുരോഗമനസാഹിത്യ സംഘത്തിന്റേയോ, സുകുമാര്‍ അഴീക്കോട്, എം എന്‍ വിജയന്‍, തുടങ്ങിയ യുദ്ധ പ്രഭുക്കളുടേയോ എം.ടി തുടങ്ങിയ ഇടപ്രഭുക്കളുടേയോ വിളിപ്പുറത്തുള്ള പരാമര്‍ശമര്‍ഹിക്കാത്ത കൂലിപ്പടയാളികള്‍ മാത്രമാണ്.’ സാഹിത്യശോഷണം സംബന്ധിച്ച ഇത്തരം ദയാരഹിതമായ വിമര്‍ശനങ്ങള്‍ നിലനില്‍ക്കേത്തന്നെ, വര്‍ത്തമാന സാഹിത്യാസ്വാദനത്തില്‍ സ്വീകാര്യതയും മേല്‍ക്കൈയ്യും നേടിയെടുത്ത (താരതമ്യേന) ഒരു പ്രത്യേക വിഭാഗത്തിന്റെ നിലനില്‍പിനെക്കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. സി വി രാമന്‍പിള്ള, ചന്തു മേനോന്‍ എന്നിവരിലൂടെ വളര്‍ന്ന് എം ടി യിലൂടെയും മാധവിക്കുട്ടിയിലൂടെയും ഒരു ശരാശരി മലയാളിയുടെ സെക്കുലര്‍ നൊസ്റ്റാള്‍ജിയയായി രൂപം പ്രാപിച്ച ‘തറവാട്’ കേന്ദ്രിത രചനകളാണ് അവ. ഇതിന്റെ ലാവണ്യ-രൂപപരമായ പിന്‍തുടര്‍ച്ചകള്‍ ഇന്നും പ്രബലമാണുതാനും. (ഉത്തരാധുനികതക്കുനേരെയുള്ള ഉന്മൂലന ശ്രമങ്ങളില്‍ ഈ ഗൃഹാതുരതാ ലോബിയുടെ പങ്ക് സ്ത്യുത്യര്‍ഹമാണ്) ഇത്തരം കൃതികളുടെ വ്യവഹാര സാധ്യതകളുടെ ആക്കം കൂട്ടുന്നതില്‍ ചാലക ശക്തിയായി പ്രവര്‍ത്തിച്ചത് ആധുനികതാധിഷ്ഠിത ബൗദ്ധിക പ്രാരാബ്ധങ്ങളുടെ കുറവും (സാമാന്യ ജനതയെ സംബന്ധിച്ച്) ഫ്യൂഡല്‍ നിറക്കൂട്ടുകളുമായിരിക്കാം. സാഹിത്യത്തിന്റെ രചന, പ്രചാരം, സ്വാംശീകരണം എന്നിവയുടെ ഭൂതകാലത്തെ പൊതുവായി മേല്‍ പ്രസ്താവിച്ച വിധം ക്രമപ്പെടുത്താവുന്നതാണ്.

വര്‍ത്തമാനകാല സാഹ്യവും സാഹിത്യം പൊതുവിലും ഇന്നു നേരിടുന്ന പ്രതിസന്ധികളെയാണ് ഇനി പരിശോധിക്കാനായുള്ളത്. സിനിമയുടെ ജനപ്രിയ കലാരൂപമെന്ന നിലയിലുള്ള വളര്‍ച്ച, ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തകര്‍ച്ച, ടെലിവിഷന്റെ പ്രചാരം,ഇതോടനുബന്ധിച്ചുള്ള സിനിമയുടെ മിനിസ്‌ക്രീന്‍ പ്രചാരം, ടെലി സീരിയലുകള്‍ (ഇവ പ്രധാനമായും തുരങ്കം വെച്ചത് ‘മ’ മാസികകളില്‍ പ്രചരിച്ചിരുന്ന പൈങ്കിളി സാഹിത്യത്തെയാണ്) തുടങ്ങി ഒട്ടനേകം കാരണങ്ങള്‍ സാഹിത്യ വായനയുടെ നിലനില്‍പിനേയും വളര്‍ച്ചയെ മുരടിപ്പിക്കാനിടയാക്കി. വിവരസാങ്കേതികവിദ്യയും ആഗോളവല്‍ക്കരണവും ഇതിന്റെ ആക്കം കൂട്ടുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ തൊഴില്‍ലായി മാറുന്ന സ്ഥിതിവിശേഷത്തിന്റെ സൂചനകള്‍ വളരെ മുന്‍പ് തന്നെ ഉണ്ടായിരുന്നു. അരവിന്ദന്‍ സംവിധാനം ചെയ്ത ‘പോക്കുവെയില്‍’ എന്ന ചിത്രത്തിലെ ഒരു പ്രയോഗത്തെ കടമെടുത്താല്‍, ‘ഗുമസ്തരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം’ പില്‍ക്കാലത്തെ ആകമാനമായി ഗ്രസിച്ചു. ചരിത്രപരമായ അനേകം കാരണങ്ങളാല്‍ മലയാളിയുടെ ബൗദ്ധിക മണ്ഡലത്തെ പരിഷ്‌കരിക്കുന്നതില്‍ അതിപരിമിതമായ പങ്കു മാത്രം വഹിക്കാനായ സാഹിത്യമെന്ന മാധ്യമത്തിന്റെ പില്‍ക്കാല സാധ്യതകള്‍ കൂടിയാണ് ഇപ്രകാരം റദ്ദുചെയ്യപ്പെട്ടത്. ഒരു കൃതി രചിക്കപ്പെട്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം അത് സംവേദന ക്ഷമത കൈവരിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉദാഹരണങ്ങളായിത്തന്നെയുണ്ട്. ഫ്രാന്‍സ് കാഫ്കയുടെ കൃതികളിലെ അദൃശ്യനായ ‘പീഢക’ സങ്കല്പം ഭരണകൂടമെന്നും അധികാരമെന്നും വിവര്‍ത്തനം ചെയ്യപ്പെട്ടത് തലമുറകള്‍ പലതു കഴിഞ്ഞാണ്. ആ നിലയില്‍ മലയാളകൃതികള്‍ക്ക് ഉണ്ടായേക്കാമായിരുന്ന ഭാവിയധിഷ്ഠിതമായ വീണ്ടെടുപ്പിന്റേയും തന്മൂലമുള്ള പ്രചരണത്തിന്റേയും സാധ്യതകള്‍ക്കൂടി അടഞ്ഞു പോകുന്ന വര്‍ത്തമാനകാല നേരനുഭവങ്ങളാണ് നമുക്കു മുന്നിലുള്ളത്.

ഒടുവില്‍ ഇവിടെ പ്രഥമമായി ഉദ്ധരിക്കപ്പെട്ട ബ്രഹ്തിയന്‍ സര്‍ഗാഹ്വാനം നമ്മുടെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ഒരു കാല്‍പനിക കാവ്യശകലത്തിന്റെ പരിഹാസ്യരൂപം പ്രാപിക്കുന്നതിന് നാം സാക്ഷിയാകുന്നു. അത് കേരളീയ സാംസ്‌കാരികതയുടെ രക്തസാക്ഷ്യവുമാകുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply