അണിചേരാം ഈ പോരാട്ടത്തിനൊപ്പം

താരങ്ങള്‍ മെഡലുകള്‍ നദിയിലൊഴുക്കാന്‍ ശ്രമിച്ചതിനു സമാനമായൊരു സംഭവത്തിനു ചരിത്രം സാക്ഷിയായിട്ടുണ്ട്. നിറത്തിന്റെ പേരില്‍ ഹോട്ടലില്‍ ഭക്ഷണം നിഷേധിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്തതില്‍ വേദനിച്ചും പ്രതിഷേധിച്ചും 1960ല്‍ തന്റെ 18-ാം വയസ്സില്‍ ലൈറ്റ് വെയ്റ്റ് ലിഫ്റ്റിംഗില്‍ നേടിയ ഒളിബിക്സ് സ്വര്‍ണ്ണമെഡല്‍ സാക്ഷാല്‍ മുഹമ്മദലി നദിയിലെറിഞ്ഞിരുന്നു. പിന്നീട്, 36 വര്‍ഷത്തിനുശേഷം 1996ലെ അറ്റ്ലാന്റ ഒളിബിക്സ് വെച്ച് പകരം മെഡല്‍ നല്‍കി കായികലേകം പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ആ ചരിത്രം ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കേണ്ടത് നാം ഓരോരുത്തരുടേയും രാഷ്ട്രീയ ഉത്തരവാദിത്തമാണ്.

ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരേ നടപടിയാവശ്യപ്പെട്ട് വനിതാ ഗുസ്തി താരങ്ങളുടെ പോരാട്ടം പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഭാരതീയ കിസാന്‍ യൂണിയന്‍ (ബി.കെ.യു) നേതാവ് രാകേഷ്‌ ടിക്കായത്ത് ഉള്‍പ്പെടെയുള്ള കര്‍ഷകനേതാക്കളുടെ ഇടപെടലിനേത്തുടര്‍ന്ന് മെഡലുകള്‍ ഗംഗയിലൊഴുക്കാനുള്ള തീരുമാനത്തില്‍നിന്നു താരങ്ങള്‍ തത്കാലം പിന്‍വാങ്ങിയിട്ടുണ്ട്. സമരത്തിനു പിന്തുണയുമായി കപില്‍ദേവ് അനില്‍ കുംബ്ലെ, സാനിയ മിര്‍സ, നീരജ് ചോപ്ര തുടങ്ങി പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. അന്താരാഷ്ട്ര ഒളിബിക്‌സ് കമ്മിറ്റിയാകട്ടെ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ മൗനം തുടരുകയാണ്. പോലീസാകട്ടെ തെളിവില്ലെന്നു പറഞ്ഞ് പോക്‌സോ നിയമം പോലും അട്ടിമറിക്കപ്പെടുന്നു. അഞ്ചു കൊലപാതകം, പെണ്‍ വാണിഭം, സ്ത്രീ പീഡനം, മയക്ക് മരുന്ന് കടത്ത്, ആളെ തട്ടിക്കൊണ്ട് പോവല്‍, ദളിതരെ അക്രമിക്കല്‍, പൈസ തട്ടിപ്പ്, നികുതി തട്ടിപ്പ്, കള്ളനോട്ട് അച്ചടിക്ക , പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കല്‍, ബീഫ് കഴിച്ചതിന് യുവാവിനെ കൊലപ്പെടുത്തല്‍ തുടങ്ങി നാല്‍പ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ബ്രിജ് ഭൂഷണ്‍ എന്നതും ഓര്‍ക്കേണ്ടതാണ്.

ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും കായികമേഖലയില്‍ എത്രയോ പുറകിലാണ് നാം. അതിനുളള കാരണം വ്യക്തമാണ്. ഇനിയും ഭൂരിപക്ഷവും ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു രാജ്യത്ത് അതത്ര എളുപ്പമല്ല. എന്നിട്ടും എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് അപൂര്‍വ്വം പേര്‍ ലോകത്തിന്റെ നെറുകയിലെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് വനിതകള്‍. അവരിലൊരു വിഭാഗമാണ് തങ്ങള്‍ നേരിട്ട പീഡനത്തിനെതിരെ ദിവസങ്ങളായി രാജ്യതലസ്ഥാനത്തു പോരാടുന്നത്. ആത്മാഭിമാനം പണയംവച്ച് ജീവിക്കാനില്ലെന്ന പ്രഖ്യാപനവുമായാണ് അവരുടെ പോരാട്ടം. പുണ്യനഗരമായി കണക്കാക്കപ്പെടുന്ന ഹരിദ്വാറില്‍ . മെഡലുകള്‍ നെഞ്ചോടു ചേര്‍ത്ത്, താരങ്ങള്‍ കണ്ണീരണിഞ്ഞു നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലോകം കണ്ടു. തുടര്‍ന്നാണ് ഐതിഹാസികമായ പോരാട്ടത്തിലൂടെ കേന്ദ്രത്തെ വിറപ്പിച്ച കര്‍ഷക നേതാക്കള്‍ സ്ഥലത്തെത്തിയതും പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചതും താരങ്ങളില്‍നിന്ന് മെഡലുകള്‍ ഏറ്റുവാങ്ങിയതും. തങ്ങളെ പീഡിപ്പിച്ച ബ്രിജ്ഭൂഷണെതിരേ അഞ്ചുദിവസത്തിനകം നടപടി വേണമെന്നു താരങ്ങള്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ പുതിയ രൂപത്തില്‍ സമരം പുനരാരംഭിക്കും. കര്‍ഷകരുടെ നേതൃത്വത്തില്‍ സമരം ആസൂത്രണം ചെയ്യാന്‍ ഖാപ് ചഞ്ചായത്തും ചേരുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പാര്‍ലമെന്റിന്റെ പുതിയ മന്ദിരോദ്ഘാടനദിവസം ഗുസ്തി താരങ്ങള്‍ക്കുനേരേ ഡല്‍ഹി പോലീസ് ബലപ്രയോഗം നടത്തിയതില്‍ പ്രതിഷേധിച്ചാണ് രാജ്യത്തിനായി പോരാടി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു സമരക്കാര്‍ പ്രഖ്യാപിച്ചത്. ഈ മെഡലുകള്‍ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. ഒരു തരത്തില്‍ ജലസമാധിക്ക് തുല്ലൃമായ ജീവതൃാഗത്തിനാണ് അവര്‍ തയ്യാറായത്. സാക്ഷിമാലിക്കിന്റെ തുറന്ന കത്തില്‍നിന്ന് അവര്‍ എത്തിനില്ക്കുന്ന അരക്ഷിതാവസ്ഥയുടെ ആഴം മനസ്സിലാവും. ”വീട്ടിലെ പെണ്‍മക്കള്‍ എന്നു വിളിച്ചിരുന്ന പ്രധാനമന്ത്രിയോട് സഹായം ആവശൃപ്പെട്ടിട്ടും ലഭിച്ചില്ല. കാരണം ഒരിക്കല്‍പോലും അദ്ദേഹം തന്റെ വീട്ടിലെ പെണ്‍മക്കളെപ്പോലെ ഞങ്ങളെ പരിപാലിച്ചിട്ടില്ല. പകരം ‘പെണ്‍മക്കളെ പീഢിപ്പിച്ചയാളെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. മെഡലുകള്‍ തിരികെനല്‍കുന്നതു ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണെങ്കിലും ആത്മാഭിമാനം പണയംവച്ച് ജീവിക്കുന്നതിലെന്തു കാര്യം? ഇത് ആര്‍ക്കാണു തിരികെ നല്‍കേണ്ടതെന്നു ഞങ്ങള്‍ ആശ്ചര്യപ്പെടുന്നു? ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ട് കിലോമീറ്റര്‍ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവര്‍ ഒന്നും പ്രതികരിച്ചിട്ടില്ല.’ എന്നിങ്ങനെ പോകുന്നു അവരുടെ കത്ത്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ എന്നു നാഴികക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോഴാണ് ഇതെല്ലാം ംസഭവിക്കുന്നത്..!!

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനിടെ പ്രതിഷേധ മാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയും ജന്തര്‍ മന്ദറിലെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പൂനിയ തുടങ്ങിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. രാജ്യദ്രോഹമടക്കം ചാര്‍ത്തുമെന്നാണ് വാര്‍ത്ത. വാസ്തവത്തില്‍ അതിലൊരു അത്ഭുതവുമില്ല. പാര്‍ലിമെന്റ് മന്ദിരോദ്ഘാടനത്തില്‍ തന്നെ തങ്ങളാരാണ്, തങ്ങളുടെ ലക്ഷ്യം എന്താണ് എന്ന് സംഘപരിവാറും മോദിയും അമിത്ഷായുമൊക്കെ വ്യക്തമാക്കിയിരുന്നു. അത് ലോകം മുഴുവന്‍ കണ്ടതുമാണ്. നെഹ്‌റു ചരിത്ര സ്മാരകത്തില്‍ സൂക്ഷിച്ച്, ഫ്യൂഡല്‍ രാജഭരണകാലത്തിന്റെ പ്രതീകമായ ചെങ്കോലിനെ പൂജിച്ചാദരിച്ച് ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതിനിധിസഭയിലേക്ക് കൊണ്ടുവരുക, മതേതര ജനാധിപത്യരാജ്യമായിട്ടും പാര്‍ലിമെന്റിലേക്ക് സന്യാസിമാരെ പൂജിച്ച് ആനയിക്കുക, പ്രധാനമന്ത്രിതന്നെ അവര്‍ക്കുമുന്നില്‍ കമഴ്ന്നടിച്ചുവീഴുക എന്നതെല്ലാം നാം കണ്ടതല്ലേ? മറുവശത്ത് ആദിവാസിയും സ്ത്രീയും വിധവയുമായ രാഷ്ട്രപതിയെ പടിക്കുപുറത്തുനിറുത്തുകയും ചെയ്തു.

സത്യത്തില്‍ ഇതല്ലാതെ മറ്റെന്താണ് സംഘപരിവാറില്‍ നിന്നു പ്രതീക്ഷിക്കുക? ബ്രാഹ്മണാധിപത്യത്തിന്റെ സൃഷ്ടിയായ മനുസ്മൃതിയാണ് അവരുടെ അനൗദ്യാഗിക ഭരണഘടന. എത്രയും വേഗം അതിനെ ഔദ്യോഗിക ഭരണഘടനയാക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. ആര്‍ എസ് എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികമായ 2025ല്‍ അത് സാധ്യമാക്കാനുള്ള നീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മനുസ്മൃതി അനുശാസിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ നടന്നത്. അതും സാക്ഷാല്‍ സവര്‍ക്കറുടെ ജന്മദിനത്തില്‍. മനുസ്മൃതിയനുസരിച്ച് രാജാവിനെ നിയന്ത്രിക്കുന്നത് സന്യാസിവര്യന്മാരാണല്ലോ. മാത്രമല്ല ദളിത് – ആദിവാസി – സ്ത്രീ വിഭാഗങ്ങള്‍ക്കൊന്നും അവിടെ സ്ഥാനവുമില്ല. വിധവകളുടെ കാര്യം പറയുകയും വേണ്ട. അവര്‍ അനുഷ്ഠിക്കേണ്ടത് സതിയാണ്. എന്തുകൊണ്ട് രാഷ്ട്രപതിക്ക് പാര്‍ലിമെന്റില്‍ പ്രവേശനം ലഭിച്ചില്ല എന്ന് കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിന്റെയെല്ലാം തുടര്‍ച്ചതന്നെയാണ് വനിതാതാരങ്ങളോടും സംഘപരിവാര്‍ സര്‍ക്കാര്‍ കാണിക്കുന്നത്. സ്ത്രീകള്‍ക്ക് ആത്മാഭിമാനമില്ല എന്നു വിശ്വസിക്കുന്ന ഒരു വിഭാഗത്തോട് ആത്മാഭിമാനത്തെ കുറിച്ച് വനിതാ താരങ്ങള്‍ പറഞ്ഞിട്ടെന്തു കാര്യം? മെഡലുകള്‍ ഗംഗയിലൊഴുക്കിയാല്‍ അതൊരു പുണ്യകര്‍മ്മമായിട്ടായിരിക്കും അവര്‍ വ്യാഖ്യാനിക്കുക. അത്തരത്തിലുള്ള ഫാസിസ്റ്റ് ശക്തിയോടാണ് ആ താരങ്ങള്‍ പോരാടുന്നത്. ജര്‍മ്മനിയിലും ഇറ്റലിയിലുമെല്ലാം കണ്ട ഫാസിസ്റ്റ് ശക്തികള്‍ ഇവര്‍ക്കുമുന്നില്‍ എത്രയോ നിസ്സാരര്‍. കാരണം അവര്‍ക്കൊന്നും അതിശക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ പിന്തുണയില്ലായിരുന്നു. ഇവിടെയാകട്ടെ അതല്ല സ്ഥിതി. ചാതുര്‍വര്‍ണ്യത്തിന്റേയും മനുസ്മൃതിയുടേയും അയിത്തത്തിന്റേതുമായ നൂറ്റാണ്ടുകള്‍ പാരമ്പര്യമുള്ള ശക്തമായ പ്രത്യയശാസ്ത്രത്തിലാണ് ഇന്ത്യന്‍ ഫാസിസം കെട്ടിപ്പടുക്കപ്പെട്ടത്. ദേശീയപ്രസ്ഥാനവും നവോത്ഥാനകാലവും ഇടതുപക്ഷ – സോഷ്യലിസ്റ്റ് ആശയങ്ങളുമെല്ലാം സൃഷ്ടിച്ച ആശയപരിസരവും ഗാന്ധിവധവും മൂലം ഏറെ കാലത്തേക്ക് തിരിച്ചടി നേരിട്ടെങ്കിലും മുസ്ലിംവിരുദ്ധതയിലൂന്നി അക്കൂട്ടര്‍ തിരിച്ചുവരവ് നടത്തുകയാണ്.

ഇത്തരത്തിലുള്ള ഒരു വന്‍ശക്തിയോടുള്ള വനിതാതാരങ്ങളുടെ ഈ പോരാട്ടം ഒട്ടും ചെറുതല്ല. ആധുനികതയും പൗരാണികതയും സംയോജിപ്പിക്കുമെന്നവകാശപ്പെടുന്ന, എന്നാല്‍ സത്യ്തതില്‍ ചരിത്രത്തെ പുറകോട്ടുവലിക്കുന്ന ഇന്ത്യന്‍ നവ ഫാസിസത്തോടാണ് അവര്‍ മല്ലിടുന്നത്. അതിനാല്‍ തന്നെ കര്‍ഷകരുടെ മാത്രമല്ല, എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ അവര്‍ക്കാവശ്യമാണ്. ഇന്ത്യ ഒരു ജനാധിപത്യ – മതേതരരാജ്യമായി തുടരണോ എന്ന കാതലായ ചോദ്യം തന്നെയാണ് ഈ സമരത്തിലൂടേയും സത്യത്തില്‍ ഉന്നയിക്കപ്പെടുന്നതെന്നു സാരം……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply