സിനിമക്കെതിരെ സിനിമകൊണ്ട് കലഹിച്ചു ജോണ്‍.

സിനിമക്കെതിരെ സിനിമകൊണ്ട് കലഹിച്ചു ജോണ്‍. ലക്ഷങ്ങളും കോടികളും മുതല്‍മുടങ്ങുന്ന സിനിമയുടെ മൂലധനവ്യവസ്ഥക്കെതിരെ ജോണ്‍ കലാപം നടത്തിയത് ജനകീയമായി സിനിമയെടുത്തും പ്രദര്‍ശിപ്പിച്ചുമാണ്. തെരുവുകള്‍ പ്രദര്‍ശനശാലകളായി. കേരളത്തിന്റെ മുക്കിലും മൂലയിലും നിരവധി ഫിലിം സൊസൈറ്റികള്‍ പിറന്നു. എഴുപതുകള്‍ക്കുശേഷം ഉയര്‍ന്നു വന്ന പ്രബുദ്ധമായ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ അടയാളപ്പെടലായിരുന്നു ഒഡേസ. ആ പ്രബുദ്ധതയുടെ ഇടപെടലായിരുന്നു ജോണ്‍ സംവിധാനം ചെയ്ത അമ്മ അറിയാന്‍ – ഇന്ന് ജോണിന്റെ ജന്മദിനം

ജീവിക്കാനാഗ്രഹിക്കാത്ത, ഒരിക്കല്‍ പോലും മോഹിക്കാത്ത, എന്നാല്‍ ഏറെ ആരാധനയോടെ നെഞ്ചേറ്റുന്ന ചില അരാജകജീവിതമുണ്ട്. ആ ഇഷ്ടത്തിനെത്ര ആനവലിപ്പമുണ്ടെങ്കിലും സ്വന്തം വീട്ടിലേക്കതിനെ ആനയിക്കാറില്ല. ഏറിയാല്‍ വീട്ടുപടിക്കല്‍ വരെ,പടിക്കല്‍വെച്ച് അനാഥമാക്കും ആ ഇഷ്ടത്തെ. വീടിറങ്ങിവരുന്നതുവരെ ആ ഇഷ്ടം വെയിലത്ത്, മഴയത്ത്, ഇരുട്ടില്‍ അനാഥമായങ്ങനെ. വീണ്ടും കണ്ടുമുട്ടുന്നതോടെ അതേയിഷ്ടത്തോടെ, ചിലപ്പോഴൊക്കെ അതിലേറെ തോളൊപ്പിച്ച് ആ ജീവിതത്തിനൊപ്പം നില്‍ക്കും.ആ ജീവിതം തന്നെയല്ലേ ജീവിക്കുന്നതെന്ന് കണ്ടുനില്‍ക്കുന്നവരില്‍ അന്ധാളിപ്പ് സൃഷ്ടിച്ചുകൊണ്ട് തുടരും.ജീവിക്കാത്ത ജീവിതം, ആഗ്രഹിക്കാത്ത ജീവിതം, എന്നാലത് ജീവിക്കുന്നു എന്ന പ്രതീതിമാത്രയില്‍ ഒളിച്ചു കളിക്കുന്ന മറ്റൊരു ജീവിതമുണ്ട് അങ്ങനെ. അകവും പുറവും രണ്ടായി തന്നെ ജീവിച്ച ആരാധകരുടെ വംശം തെരുവില്‍ മാത്രം അരാജകവാദികളെ നെഞ്ചേറ്റി. ബുദ്ധിജീവികളുടെയും അരാജകവാദികളുടെയും സാമിപ്യം സര്‍പ്പസാന്നിധ്യമാണെന്ന കവിവാക്യം ആരാധകര്‍ നിറവേറ്റി, അതുകൊണ്ട് അരുത് വീട്ടില്‍! തെരുവില്‍ മാത്രം ആരാധിച്ചു.തെരുവില്‍ മാത്രം ആഘോഷിച്ചു.കലയിലും ജീവിതത്തിലും സര്‍പ്പസാന്നിധ്യമായിരുന്ന ജോണ്‍ എബ്രഹാമിന്റെ വിധിയും മറ്റൊന്നായിരുന്നില്ല.സിനിമയിലെ വരേണ്യകുലം ജോണിനെ അവഗണിച്ചു.അച്ചടക്കമില്ലാത്തവന്‍ എന്നു പറഞ്ഞു കണ്ടില്ലെന്നു നടിച്ചു.രണ്ടും രണ്ടും കൂട്ടിയാല്‍ നാല് എന്ന കണിശതയുണ്ട് വരേണ്യതയ്ക്ക്. ജോണ്‍ ആത്മബലിയാവുകയായിരുന്നു. ജീവിച്ച ജീവിതം കൊണ്ട് ജീവിതത്തിന്റെ കടം വീട്ടി.കാലമെത്ര വൈകിയാലും ശവക്കല്ലറ പൂക്കുക തന്നെ ചെയ്യും. ജോണ്‍ എബ്രഹാം സിനിമയില്‍ തുടങ്ങിവെച്ചത് പലരീതിയില്‍ പൂക്കുന്ന കാലമാണിന്ന്. ഒരേ തരം ജോണല്ല, പലതരം ജോണ്‍.

നിന്നിലൊരു ജോണുണ്ട് എന്ന് ഇഷ്ടത്തോടെ, അല്ലെങ്കില്‍ വെറുപ്പോടെ ഒരാള്‍ നിരൂപിച്ചാല്‍ ജോണ്‍ വെറുമൊരു പേരല്ലാതെ വേറൊരു അവസ്ഥയാവുന്ന സ്ഥിതിയുണ്ടായി. ജോണ്‍ ഒരു സംസ്‌കാരമായി ജീവിതത്തിലും കലയിലും. അച്ചടക്കത്തെ അച്ചടക്കരാഹിത്യംകൊണ്ടു നേരിട്ട , ഉടുത്തൊരുങ്ങിയ ലോകത്തെ ഉടുപ്പില്ലായ്മകൊണ്ടു നേരിട്ട സാംസ്‌കാരിക ബോധത്തിനും അങ്ങനെ ജോണ്‍ എന്ന വിളിപ്പേര് വന്നു. ജോണ്‍ പലവിധ പാഠമാണ്, പഠിക്കാനും പഠിക്കാതിരിക്കാനും.ഒരാളില്‍ ജോണുണ്ട് എന്ന് പറയുമ്പോള്‍ അയാളില്‍ അരാജകവാദിയുണ്ട് എന്ന അര്‍ഥം വന്നു. എന്നാല്‍ ആ ജോണല്ല, ഈ ജോണ്‍ എന്ന് ബോധ്യപ്പെടാന്‍ അധികസമയം വേണ്ടിവരില്ല. അത്രയെളുപ്പം ഡ്യൂപ്ലിക്കേറ്റ് ചെയ്യാനാവില്ല ആ ജോണിനെ.ഉള്ളിലൊരു ജോണുണ്ടെങ്കില്‍ ആ ജോണിനെ നിരന്തരം ഡിസിപ്ലിന്‍ ചെയ്യുന്നു.അരുത് എന്ന് ശീലിപ്പിക്കുന്നു.കണ്‍മുന്നില്‍ കാണുന്ന അനീതിക്കെതിരെ പൊട്ടിതെറിക്കണമെന്ന് തോന്നും,എന്നാല്‍ പൊട്ടിത്തെറിക്കില്ല.അരുതാത്തത് കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ഒരു കുതറല്‍ എന്ന നിലയില്‍ കൂവാന്‍ തോന്നും,എന്നാല്‍ കൂവില്ല.സമരസപെടാന്‍ സാധിക്കാത്ത പലതിനോടും സമരസപെടാന്‍ സാധിക്കാതെ പ്രതിപക്ഷ ബോധത്തോടെ ധീരമായി ഇറങ്ങി പോരാന്‍ തോന്നും,എന്നാല്‍ ഇറങ്ങി പോരില്ല.ഇങ്ങനെ മനസ്സില്ലാമനസ്സോടെ പലതിനോടും സമ്മതിയാവുന്ന ഇരട്ടത്താപ്പ്, ഇതത്രേ അകത്തും പുറത്തും ജീവിതം രണ്ടായതിന്റെ രസതന്ത്രജ്ഞത.കള്ളുകുടിച്ച് ലക്കുകെട്ട് തെരുവില്‍ കിടന്നുറങ്ങുന്ന ജോണ്‍,കുളിക്കാത്ത ജോണ്‍,പല്ലുതേയ്ക്കാത്ത ജോണ്‍,സ്വന്തമായൊരുടുപ്പു പോലുമില്ലാത്ത ജോണ്‍, അളിഞ്ഞ വസ്ത്രം ധരിക്കുന്ന ജോണ്‍, അടിവസ്ത്രം ധരിക്കാത്ത ജോണ്‍, ഫ്രെയിമില്ലാതെ ജീവിച്ച്, ഫ്രെയിമുകളിലൂടെ സമൂഹത്തെ കണ്ട ജോണ്‍, ഇങ്ങനെ പലവിധ മിത്തുകളില്‍ ജോണ്‍ മൂര്‍ച്ഛിക്കപെട്ടു.ജീവിതത്തെ തലകുത്തന നിര്‍ത്തി മെനയുന്ന ഏതുകഥകളിലും ജോണ്‍ വാഴ്ത്തപ്പെട്ടു. ഭൗതികമായൊന്നും സ്വന്തമായിട്ടില്ലാത്ത, ഉടുത്ത വസ്ത്രത്തിനുപോലും മറ്റാരോടോ കടപെട്ട, സ്വന്തം പ്രതിഭയില്‍ മാത്രം ഉടമസ്ഥത ആഘോഷിച്ചു. അലക്കിതേച്ച ജീവിതത്തിന്റെ ഉളുപ്പില്ലായ്മയില്‍ നിന്ന് കുതറിപോരാന്‍ മോഹിച്ചു പോകുന്ന ജോണെന്ന മനസ്ഥിതിയുണ്ടല്ലോ ഓരോരുത്തരിലും.ആ ജോണ്‍ ചങ്ങലയിലാണ്.അതുകൊണ്ട് ആ ജോണിനൊരു എക്‌സ്പ്രഷനില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിനിമക്കെതിരെ സിനിമകൊണ്ട് കലഹിച്ച അരാജകവാദിയായിരുന്നു ജോണ്‍. സിനിമയുടെ റിപ്പബ്ലിക്കില്‍ അധികം ഉദാഹരണങ്ങളില്ല. കര്‍തൃസങ്കല്പത്തെ നിരന്തരം പൊളിച്ചെടുത്ത ഗൊദാര്‍ദാണ് അപവാദം.ഗൊദാര്‍ദ് തന്നെത്തന്നെ നിരന്തരം പൊളിച്ചെഴുതി. ഗൊദാര്‍ദിന്റെ ഒരു സിനിമയും രൂപപരമായി മറ്റൊന്നിന്റെ തുടര്‍ച്ചയല്ല.ശൈലിയെ ക്രമവല്‍കരിച്ചില്ല.എന്താണോ ആരാധകര്‍ നിനയ്ക്കുന്നത്,ആ നിനവിനെതിരെ ഗൊദാര്‍ദ് സ്വന്തം സിനിമയില്‍ ജാഗ്രത പാലിച്ചു.ഭക്തരുടെ നിഴലില്‍ ഒരുങ്ങിയൊതുങ്ങിയില്ല.പ്രവണതയുടെ തടവറയില്‍ സംതൃപ്തനായിരുന്നില്ല ഗൊദാര്‍ദ്.കലയിലായിരുന്നു ഗൊദാര്‍ദിന്റെ കലാപം.സിനിമയെ കലയിലും മൂലധനവ്യവഹാരത്തിലും ജോണ്‍ കലാപകാരിയായി.ലക്ഷങ്ങളും കോടികളും മുതല്‍മുടങ്ങുന്ന സിനിമയുടെ മൂലധനവ്യവസ്ഥക്കെതിരെ ജോണ്‍ കലാപം നടത്തിയത് ജനങ്ങളില്‍ നിന്ന് പണം പിരിച്ച് ജനകീയമായി സിനിമയെടുത്തും പ്രദര്‍ശിപ്പിച്ചുമാണ്.ചരിത്രത്തിലാദ്യമായി സിനിമക്കായി ജനകീയ പ്രസ്ഥാനം രൂപംകൊണ്ടു.ഒരു തലമുറയുടെ ചലച്ചിത്ര സാക്ഷരതയില്‍ ഒഡേസ വഹിച്ച പങ്ക് ചെറുതല്ല.തെരുവുകള്‍ പ്രദര്‍ശനശാലകളായി.ലോകോത്തര സിനിമകള്‍ ഗ്രാമനഗരവിത്യാസമില്ലാതെ പ്രദര്‍ശിപ്പിക്കപെട്ടു.കേരളത്തിന്റെ മുക്കിലും മൂലയിലും നിരവധി ഫിലിം സൊസൈറ്റികള്‍ പിറന്നു.എഴുപതുകള്‍ക്കുശേഷം ഉയര്‍ന്നു വന്ന പ്രബുദ്ധമായ സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ അടയാളപെടലായിരുന്നു ഒഡേസ.ആ പ്രബുദ്ധതയുടെ ഇടപെടലായിരുന്നു ജോണ്‍ സംവിധാനം ചെയ്ത അമ്മ അറിയാന്‍.

John was an anarchist who pitted film against film. John rebelled against the capital system of the film, which starts from lakhs and crores, by filming and showing it to the masses. The streets became showrooms. Many film societies were born in the nooks and crannies of Kerala. Odessa was a symbol of the enlightened cultural politics that emerged after the seventies. It was the intervention of that enlightenment that directed John Amma Ariyan

സംവിധാനം ചെയ്ത സിനിമകളേക്കാളേറെ സംവിധാനം ചെയ്യാത്ത, സംവിധാനം ചെയ്യാനുള്ള സിനിമയുടെ പേരില്‍ ജോണ്‍ അറിയപ്പെട്ടു. സിനിമ ജോണിനെ സംബന്ധിച്ച് ജീവശ്വാസമായിരുന്നു.ഓരോ ചുവടും സിനിമയ്ക്കുവേണ്ടിയായിരുന്നു, സിനിമയ്‌ക്കൊപ്പമായിരുന്നു.പലവിധ ആംഗിളുകളില്‍ ജോണ്‍ പലവിധ സിനിമകളായി ആവിഷ്‌കരിക്കപെട്ടു.ജീവിതവും സിനിമയും രണ്ടായിരുന്നില്ല ജോണിന്.ജോണ്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വാക്ക് പ്രതിബദ്ധതയായിരുന്നു.സ്വന്തം മാധ്യമത്തോട് നൂറു ശതമാനം കൂറു പുലര്‍ത്തി.എഴുതി തയ്യാറാക്കിയ തിരക്കഥയില്ലാതെ സിനിമയെടുക്കാന്‍ ധൈര്യം കാണിച്ചു.ആ ജോണിലേക്ക് ആരാധകര്‍ സഞ്ചരിച്ചിരുന്നില്ല.മറിച്ച് ജോണിനെ കള്‍ട്ട് ഫിഗറായി കണ്ടു. ജീവിച്ചിരിക്കെതന്നെ ജോണ്‍ മിത്തായി.ജോണില്‍ നിന്ന് ജോണിന്റെ സിനിമയെ ചോര്‍ത്തി കളഞ്ഞു.ജോണിനെ ആത്മാവില്ലാതെ കണ്ടു.ജോണില്‍ നിന്ന് സിനിമയെ മൈനസ് ചെയ്താല്‍ പിന്നെയെന്ത് ജോണ്‍!മദ്യമെത്ര അകത്തു ചെന്നാലും വിറയ്ക്കാത്ത കൈവിരലുകള്‍കൊണ്ട് സാങ്കല്പിക ക്യാമറ ആംഗിള്‍ ചെയ്ത് ഫ്രെയിം ഒപ്പുന്ന ജോണ്‍ കണ്ണില്‍ നിന്ന് മായാത്ത ചിത്രമാണ്.

ആരാധകരുടെ കെണിയില്‍ ജോണ്‍ കുരുങ്ങി. ആരാധകരെ മറികടക്കാന്‍ ജോണിനായില്ല.നരകതീര്‍ത്ഥം വിളമ്പുന്നിടത്തൊക്കെ നിത്യ സന്ദര്‍ശകനായി.ജോണുമായി ആത്മബന്ധം പുലര്‍ത്തുന്നൊരു കവിത ബാലചന്ദ്രന്‍ ചുള്ളിക്കാട് രചിച്ചിട്ടുണ്ട്.ജോണിനെ തേടിയെത്തുന്നു നരകതീര്‍ത്ഥം വില്‍ക്കുന്നിടത്ത്, എവിടെ ജോണ്‍? ഒരു പരിചയം ഗ്ലാസ് നീട്ടുന്നു.നിരവധി പരിചയം ഗ്ലാസ് നീട്ടുന്നു.ഇവിടെയുണ്ടായിരുന്നു ജോണ്‍ ഒരു ബൊഹീമിയന്‍ ഗാനം പാതിയില്‍ പാടിനിര്‍ത്തി അവനെവിടെയോ മറഞ്ഞു.ജോണിന്റെ സിനിമകളിലൂടെ ജോണിലെത്തിയവരായിരുന്നില്ല ജോണിന് നേരെ ഗ്ലാസ് നീട്ടിയ വിവിധ കൈകളായത്.അതുകൊണ്ട് കൂടിയായിരിക്കണം അത്ര ഉയരത്തില്‍ നിന്ന് നിപതിക്കാന്‍ ജോണിനായത്.പക്ഷാഘാതം പിടിപെട്ടോ ക്ഷയം പിടിച്ചോ മരണത്തിന്റെ ദാക്ഷിണ്യത്തിനായി കാത്തുകിടക്കേണ്ടിവന്നില്ലല്ലോ.തന്റെ സിനിമയിലെ കഥാപാത്രത്തെ പോലെ ആരാലും തിരിച്ചറിയാതെ ആശുപത്രി വരാന്തയില്‍ അനാഥശവമായി കിടന്നു.ജോണ്‍ സ്വന്തം ആത്മാവിനെ ആവിഷ്‌കരിക്കുകയായിരുന്നോ ആ ഷോട്ടില്‍.അനീതി നിറഞ്ഞ ജീവിതത്തോട് കലഹിച്ചു ആത്മബലിയാവുകയായിരുന്നു.ബദല്‍സിനിമയ്ക്കായി ജോണ്‍ ഉഴുതിട്ട പരീക്ഷണത്തിന്റെ മണ്ണുണ്ട്.മലയാളസിനിമയില്‍ നടന്നുകൊണ്ടിരിക്കുന്ന ചെറുതും വലുതുമായ പരീക്ഷണങ്ങള്‍ ആ മണ്ണിലാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിജിറ്റല്‍ കാലത്ത് ക്യാമറ കളിപാട്ടമായതോടെ പ്രതിഭയുള്ള ആര്‍ക്കും ചലച്ചിത്രകാരനാവാന്‍ സാധിക്കുന്ന നിലവന്നു. ഒഡേസ തെളിച്ച വഴിയെ ചെറുതും വലുതുമായ സിനിമകള്‍ ക്ലൗഡ് ഫണ്ടിംഗിലൂടെയും മറ്റും വന്നുകൊണ്ടിരിക്കുന്നു. പുതിയ ചലച്ചിത്രകാരന്മാര്‍ ജോണില്‍ പുനസന്ദര്‍ശനം നടത്തുന്നു.ച ലചിത്രകാരന്‍ എന്താവണമെന്നും എന്താവരുതെന്നുമുള്ള തുറന്ന പാഠപുസ്തകമാണ് ജോണ്‍ അവരുടെ മുന്നില്‍.അതേ ജോണല്ല, നിരന്തരം പരീക്ഷണങ്ങളിലൂടെ സിനിമയെ തിരിച്ചുപിടിക്കുന്ന പലതരം ജോണിന്റെ പുതിയ വംശം തന്നെ മലയാളത്തില്‍ പിറന്നുകഴിഞ്ഞു.

ഇത്രയേറെ പൊതുവുടമസ്ഥതയുള്ള മറ്റൊരു അരാജകവാദി നമുക്കില്ല.എന്റെ ജോണ്‍ നിന്റെയും എന്ന നിലയില്‍ ഓരോരുത്തരിലും പലവിധത്തില്‍ ആവിഷ്‌കരിക്കപെടാനാവുന്ന രീതിയില്‍ ജോണ്‍ സാധ്യതയായി. എന്തെല്ലാം കഥകളാണ് ജോണിന്റെ പേരില്‍ പിറന്നത്. സര്‍റിയല്‍ ഭാവുകത്വത്തോടെ ഓരോ കഥയും കളം നിറഞ്ഞു. ആത്മവഞ്ചന കലര്‍ന്ന കഥാപാത്രമായി ഒരു കഥയിലും ജോണ്‍ വരുന്നില്ല. ജീവിച്ചിരിക്കെതന്നെ മിത്തായി മാറിയ ജോണ്‍ മരണശേഷവും അങ്ങനെ തുടര്‍ന്നു.ജീവിതത്തില്‍ ജോണിന്റെ വംശം കുറ്റിയറ്റു.പക്ഷെ സിനിമയില്‍ ജോണിന്റെ വംശം പിറന്നുകൊണ്ടിരിക്കുന്നു. ഒരേതരം ജോണല്ല, പലതരം ജോണ്‍……

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply