കെ വി തോമസ് വിവാദവും രാഷ്ട്രീയപാര്‍ട്ടികളുടെ ജനാധിപത്യവല്‍ക്കരണവും

ജനാധിപത്യത്തേക്കാള്‍ മികച്ചൊരു ഭരണസംവിധാനം കണ്ടെത്താത്ത സാഹചര്യത്തില്‍ അതിനെ കൂടുതല്‍ പരിപക്വമാക്കുകയാണ് ഇന്ന് ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്തം. കണ്‍മുന്നില്‍ നില്‍ക്കുന്ന ഫാസിസത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറുക്കാന്‍ അങ്ങനെയേ കഴിയൂ. കേഡര്‍ പ്രസ്ഥാനങ്ങളെയല്ല, ജനാധിപത്യ പാര്‍ട്ടികളെയാണ് കാലം ആവശ്യപ്പെടുന്നത് എന്നു തിരിച്ചറിയണം. എങ്കില്‍ മാത്രമേ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സാമൂഹ്യനീതിയും നിലനില്‍ക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാവൂ. ഭാരതം എന്ന സങ്കല്‍പ്പത്തിനു പകരം ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം നിലനിര്‍ത്താനാവൂ. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിലപാടാണ് കെ വി തോമസ് വിഷയത്തിലും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിക്കേണ്ടത്.

ലോകത്തെ ഏറ്റവും ശക്തമെന്ന് നാം അഭിമാനിക്കുന്ന ഇന്ത്യന്‍ ജനാധിപത്യം ഫാസിസ്റ്റ് ശക്തികളില്‍ നിന്നു കടുത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ ഫാസിസ്റ്റ് വെല്ലുവിളിയെ ഇന്ത്യ അതിജീവിക്കുമെന്നും ഇല്ലെന്നും കരുതുന്ന രാഷ്ട്രീയനിരീക്ഷകര്‍ നിരവധിയാണ്. അതേ സമയം ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യത്തിനു നേരെ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ ജനാധിപത്യശക്തികളെന്നു അവകാശപ്പെടുന്നവര്‍ അതിനെ പ്രതിരോധിക്കുന്നതില്‍ നിരന്തരമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അതിനു നിരവധി രാഷ്ട്രീയ കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് തങ്ങളുടെ രാഷ്ട്രീയത്തേയും സംഘടനയേയും നിരന്തരമായി ജനാധിപത്യവല്‍ക്കരിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നില്ല എന്നത്. അതിനു തയ്യാറാകാത്തിടത്തോളം കാലം കണ്‍മുന്നിലെ ഫാസിസത്തെ ചെറുക്കാന്‍ സാധ്യമല്ല.

സിപിഎം കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടുണ്ടായ ചില സംഭവവികാസങ്ങളാണ് ഇത്തരമൊരു ചിന്തക്ക് പ്രേരിപ്പിക്കുന്നത്. കേരളത്തിലെങ്കിലും പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത് കോണ്‍ഗ്രസ്സ് നേതാവ് കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു. ഫാസിസ്റ്റ് ഭീഷണി ഇത്രയും ശക്തമായ കാലത്ത്, ഫാസിസ്റ്റ് വിരുദ്ധമെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യയിലെ ചെറുതെങ്കിലും ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് ഇതു സംഭവിച്ചത്. ഇത്തരമൊരു ദുരന്തത്തിനു കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ഉത്തരവാദിയാണ്. സിപിഎം സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുത്തതിന് തോമാസിനോട് വിശദീകരണം ചോദിക്കുകയാണ് ജനാധിപത്യപാര്‍ട്ടി എന്നു വിശേഷിപ്പിക്കുന്ന അവര്‍ ചെയ്തിരിക്കുന്നത്.

സമീപകാലത്ത് ഏറ്റവും പ്രസക്തമായ ഒരു വിഷയത്തിലായിരുന്നു സിപിഎം സമ്മേളനത്തില്‍ സെമിനാര്‍ നടന്നത്. ഇവിടെ പേരിനെങ്കിലും നിലവിലുള്ള ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള നീക്കം സജീവമായിരിക്കുന്ന വേളയില്‍ കേന്ദ്ര – സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെമിനാര്‍ വളരെ രാഷ്ട്രീയപ്രാധാന്യമുള്ള ഒന്നു തന്നെ. കേന്ദ്രത്തിനും സംഘപരിവാറിനുമെതിരായ രാഷ്ട്രീയപോരാട്ടത്തിനു നേതൃത്വം നല്‍കാന്‍ ഏറ്റവും കരുത്തുള്ള നേതാവ് എന്നു യെച്ചൂരി വിശേഷിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സെമിനാറിനു ക്ഷണിച്ചതു വളരെ ഉചിതമാകുകയും ചെയ്തു. എന്നാലതിന്റെ രാഷ്ട്രീയമെല്ലാം കളഞ്ഞു കുളിക്കുന്ന ഒന്നു തന്നെയായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതിനിധി എന്ന നിലയില്‍ കെ വി തോമസിനെ ക്ഷണിച്ച നടപടി.. സത്യത്തില്‍ അഖിലേന്ത്യാ സമ്മേളനമെന്ന രീതിയില്‍ രാഹുല്‍ ഗാന്ധിയേയോ തലയെടുപ്പുള്ള മറ്റേതെങ്കിലും അഖിലേന്ത്യാനേതാവിനേയോ ചുരുങ്ങിയ പക്ഷം ഏതെങ്കിലും കോണ്‍ഗ്രസ് മുഖ്യമന്ത്രിയേയോ ആയിരുന്നു ക്ഷണിക്കേണ്ടിയിരുന്നത്. അതുപോലെ ബംഗാള്‍ മുഖ്യമന്ത്രി മമതയേയും ക്ഷണിച്ചിരുന്നെങ്കില്‍ എത്രയോ അര്‍ത്ഥവത്തും രാഷ്ട്രീയപ്രാധാന്യവുമുള്ള ഒന്നായി ആ സെമിനാര്‍ മാറുമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കേവലമായ ചില കക്ഷിരാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു സെമിനാറിലേക്ക് കെ വി തോമസിനെ ക്ഷണിച്ചതെന്ന കാര്യത്തില്‍ കക്ഷി രാഷ്ട്രീയത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ആര്‍ക്കും സംശയമുണ്ടാവില്ല. കുറച്ചുകാലമായി തോമസ് പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. ആശയപരമായ ഒരു കാരണവും അതിനില്ല എന്നും ഈ വാര്‍ദ്ധക്യത്തിലും ഉപേക്ഷിക്കാത്ത അധികാരമോഹം മാത്രമാണ് കാരണമെന്നും രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കുമറിയാം. ഈ വൈരുദ്ധ്യത്തെ മൂര്‍ച്ഛിപ്പിച്ച്, കഴിയുമെങ്കില്‍ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്തു ചാടിക്കുക എന്ന ജനാധിപത്യസംവിധാനത്തിനു യോജിക്കാത്ത ചിന്തയാണ് സിപിഎമ്മിനെ ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. അവര്‍ പ്രതീക്ഷിച്ചപോലെ കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു. എന്നാല്‍ മറുവശത്ത് ശ്രദ്ധേയമാകേണ്ടിയിരുന്ന സെമിനാറിലെ വിഷയം അപ്രസക്തമാകുകയും തോമസിന്റെ പിണറായി സ്തുതികള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. ഫാസിസത്തിനെതിരായ ശക്തികളെ പരമാവധി ഐക്യ.പ്പെടുത്തുന്നതിനു പകരം അവരില്‍ വിള്ളലുണ്ടാക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന വിമര്‍ശനവും പ്രസക്തമാണ്. ഒപ്പം കേരളത്തിലെങ്കിലും ആരെയാണ് സിപിഎം മുഖ്യശത്രുവായി കാണുന്നതെന്ന ചോദ്യവും ഇതിലൂടെ ശക്തമാകുന്നു.

തീര്‍ച്ചയായും ഈ സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ്സിനും കൈകഴുകാനാവില്ല. എന്തുലക്ഷ്യത്തോടെയാണെങ്കിലും ഒരു സെമിനാറില്‍ പങ്കെടുക്കിന്നതില്‍ നിന്നു ഒരാളെ വിലക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നു പറയാതെ വയ്യ. വ്യാത്യസ്ഥ രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്പരം മത്സരിക്കുമ്പോഴും യോജിപ്പുള്ള വിഷയങ്ങളില്‍ പോതുവേദികള്‍ സൃഷ്ടിക്കുകയാണ് വേണ്ടത്. വിരുദ്ധ അഭിപ്രായങ്ങളാണെങ്കില്‍ പോലും ഒരേ വേദിയില്‍ സംവാദം നടത്തുന്നത് ജനാധിപത്യത്തെ വളര്‍ത്തുകയേ ഉള്ളു. വാസ്തവത്തില്‍ നമ്മുടെ ന്യൂസ് അവര്‍ ചര്‍ച്ചകള്‍ അത്തരത്തില്‍ ഉയരേണ്ടതാണ്. എന്നാല്‍ മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരവും ചര്‍ച്ചയിലെത്തുന്നവരുടെ ജനാധിപത്യബോധമില്ലായ്മയും ആങ്കര്‍മാരുടെ അഹന്തയുമൊക്കെയാണ് അങ്ങനെയാകാത്തതിനു കാരണം. ഇവിടെ തോമസ് പങ്കെടുക്കുന്നതിനോട് നിശബ്ദമായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തിരുന്നതെങ്കില്‍ ഇതൊരു വലിയ വാര്‍ത്ത പോലുമാകുമായിരുന്നില്ല. എം കെ സ്റ്റാലിന്റെ വാക്കുകളാകുമായിരുന്നു പ്രധാനം. ഹിന്ദുത്വ ഫാസിസത്തിനെതിരായ സെമിനാറില്‍ ശശി തരൂരിനെ വിലക്കാതിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിനാകുമായിരുന്നു രാഷ്ട്രീയ നേട്ടം. ഒരുപക്ഷെ കോണ്‍ഗ്രസ്സിനെ സിപിഎമ്മിനേയും ബിജെപിയേയും പോലെ കേഡര്‍ പാര്‍ട്ടിയാക്കാന്‍ ശ്രമിക്കുന്ന സുധാകരനു പകരം മറ്റാരെങ്കിലുമായിരുന്നു കെ പി സി സി അധ്യക്ഷമെങ്കില്‍ ചിത്രം മാറുമായിരുന്നു. കേഡര്‍ പാര്‍ട്ടി എന്ന സങ്കല്‍പ്പം തന്നെ ജനാധിപത്യ വിരുദ്ധമാണെന്നു നമ്മുടെ രാഷ്ട്രീയക്കാര്‍ എന്നാണാവോ മനസ്സിലാക്കുക. തോമസിനെതിരെ നടപടിയെടുക്കാനുള്ള നീക്കം ഉപേക്ഷിക്കുകയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചെയ്യേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫാസിസത്തിനും മതരാഷ്ട്രീയത്തിനും കേന്ദ്രീകരണത്തിനുമെതിരെ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും ഉയര്‍ത്തിപിടിച്ച് പോരാടേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നു പോകുന്നത്. സ്വന്തം പ്രസ്ഥാനങ്ങളില്‍ ഈ ആശയങ്ങള്‍ നടപ്പാക്കാതെ ഈ പോരാട്ടം വിജയിക്കുമെന്നു കരുതുക വയ്യ. ഒപ്പം ജനാധിപത്യത്തെ കൂടുതല്‍ കരുത്തുള്ളതാക്കാനുള്ള നടപടികളും ആവശ്യമാണ്. അതേകുറിച്ച് ഈ കോളത്തില്‍ പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്. തികച്ചും ജനാധിപത്യപരമായ രീതിയില്‍ തങ്ങളുടെ നിലപാടുകള്‍ ഉടച്ചുവാര്‍ക്കാനാണ് ആദ്യം തയ്യാറാകേണ്ടത്. ഒരു തരത്തിലുള്ള സര്‍വ്വാധിപത്യത്തേയും അംഗീകരിക്കില്ല എന്നു പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി പരിപാടിയില്‍ എഴുതിവെക്കാനും തയ്യാറാകണം. ജനങ്ങളാണ് അന്തിമ വിധികര്‍ത്താക്കള്‍ എന്നംഗീകരിക്കണം. പാര്‍ട്ടി നിലപാടുകളും നേതാക്കളേയും ജനപ്രതിനിധികളായി മത്സരിക്കുന്നവരേയും തിരുമാനിക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായം പരിഗണിക്കണം. സമ്മേളനങ്ങള്‍ സുതാര്യമാക്കണം. വിവരാവകാശ നിയമത്തിനു വിധേയമാകണം. ലോക്പാല്‍, തിരിച്ചുവിളിക്കാനുള്ള അവകാശം എന്നിവക്കായി നിലകൊള്ളണം. പാര്‍ട്ടി പ്രവര്‍ത്തനം ഉപജീവനമാര്‍ഗ്ഗമാക്കരുത്. ജനപ്രതിനിധിയായിരിക്കുമ്പോഴൊകെ മറ്റൊരിക്കലും പൊതുപ്രവര്‍ത്തനത്തിനു വേതനം വാങ്ങരുത്. അതുമായി ബന്ധപ്പെട്ട പെന്‍ഷനും. ഒരു ടേമില്‍ കൂടുതല്‍ ഒരാള്‍ ജനപ്രതിനിധിയായിരിക്കരുത്. പാര്‍ട്ടി നേതൃത്വത്തിലും അത് നടപ്പാക്കണം. ജനസംഖ്യാനുപാതികമായി സ്ത്രീ, ദളിത്, പിന്നോക്ക, ന്യൂനപക്ഷ (എല്ലാ വിധത്തിലുമുള്ള) പ്രാതിനിധ്യം പാര്‍ട്ടിയിലെ എല്ലാ തലത്തിലും നടപ്പാക്കണം. അധികാരമേഖലകളിലും നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ഫെഡറലിസത്തിനു വേണ്ടി നിലകൊള്ളുകയും പോരാടുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിക്കകത്തും അത് നടപ്പാക്കണം, താഴെതട്ടില്‍ നിന്നു മുകളിലേക്കായിരിക്കണം അഭിപ്രായങ്ങള്‍ പ്രവഹിക്കേണ്ടത്. തിരിച്ചല്ല. സാമൂഹ്യവിരുദ്ധരേയും കുറ്റവാളികളേയും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നും ജനപ്രതിനിധിസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തണം. തെരുവില്‍ കായികമായി ശക്തികാണിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി മാറ്റി സംവാദങ്ങളില്‍ കേന്ദ്രീകരിക്കണം. ദൃശ്യ – സാമൂഹ്യ മാധ്യമങ്ങള്‍ അതിനായി ഉപയോഗിക്കണം. ജനവിരുദ്ധമായ സമരരീതികള്‍ ഉപേക്ഷിക്കണം. പട്ടാളത്തേയും ഫാസിസത്തേയും അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വളണ്ടിയര്‍ മാര്‍ച്ചുകളും മറ്റും അവസാനിപ്പിക്കണം. രാഷ്ട്രീയകൊല എന്ന പദം പോലും ഇല്ലാതാകണം.

ഈ ലിസ്റ്റ് ഇനിയുമേറെ നീട്ടാന്‍ കഴിയും. ജനാധിപത്യത്തേക്കാള്‍ മികച്ചൊരു ഭരണസംവിധാനം കണ്ടെത്താത്ത സാഹചര്യത്തില്‍ അതിനെ കൂടുതല്‍ പരിപക്വമാക്കുകയാണ് ഇന്ന് ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്തം. കണ്‍മുന്നില്‍ നില്‍ക്കുന്ന ഫാസിസത്തെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചെറുക്കാന്‍ അങ്ങനെയേ കഴിയൂ. കേഡര്‍ പ്രസ്ഥാനങ്ങളെയല്ല, ജനാധിപത്യ പാര്‍ട്ടികളെയാണ് കാലം ആവശ്യപ്പെടുന്നത് എന്നു തിരിച്ചറിയണം. എങ്കില്‍ മാത്രമേ ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സാമൂഹ്യനീതിയും നിലനില്‍ക്കുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനാവൂ. ഭാരതം എന്ന സങ്കല്‍പ്പത്തിനു പകരം ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം നിലനിര്‍ത്താനാവൂ. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നിലപാടാണ് കെ വി തോമസ് വിഷയത്തിലും സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply