മാറ്റങ്ങളെ പ്രതിരോധിച്ച് ഒരു പാര്‍ട്ടി കോണ്‍ഗ്രസ്സ് കൂടി

കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ കുറിച്ചെന്നപോലെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളഘടകവും മറ്റു ഘടകങ്ങളുമായി വലിയ ഭിന്നതകള്‍ക്ക് സമ്മേളനം സാക്ഷ്യം വഹിച്ചതായാണ് വാര്‍ത്ത. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിഘടകവും അധികാരത്തില്‍ ഒരിക്കലും എത്താനിടയില്ലാത്ത ഘടകങ്ങളുമായുണ്ടാകുന്ന സ്വാഭാവിക ഭിന്നതകളാണത്. ആശയപരമായി അംഗീകരിക്കാത്ത ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നതിന്റെ തുടര്‍ച്ചയാണത്. കെ റെയിലുമായി ബന്ധപ്പെട്ടാണ് ഈ വിഷയത്തില്‍ രൂക്ഷമായ ഭിന്നതകള്‍ പ്രകടമായത്.

രാഷ്ട്രീയത്തിലോ സംഘടനയിലോ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് കടന്നുപോയത്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കാലഘട്ടത്തിലൂടെയാണ് പാര്‍ട്ടി കടന്നു പോകുന്നത് എന്നു പൊതുവില്‍ അംഗീകരിക്കപ്പെടുമ്പോഴും ഇക്കാലയളവില്‍ നേതൃത്വം കൊടുത്ത സീതാറാം യെച്ചൂരിക്കുപകരം മറ്റൊരാളെ അമരത്ത് കൊണ്ടുവരാന്‍ പോലും സമ്മേളനത്തില്‍ തീരുമാനമുണ്ടായില്ല എന്നതില്‍ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. അതേസമയം കേരളത്തില്‍ സമ്മേളനം ശ്രദ്ധിക്കപ്പെട്ടത് കാര്യമായ രാഷ്ട്രീയപ്രാധാന്യവുമില്ലാത്ത കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന വിഷയത്തിലും. സെമിനാറില്‍ തോമസ് നടത്തിയതാകട്ടെ സിപിഎമ്മുകാര്‍ പോലും പറയാത്ത പിണറായി സ്തുതികളും. എടുത്തുപറയാവുന്ന ഏക വിഷയം പോളിറ്റ് ബ്യൂറോയില്‍ ആദ്യമായി ഒരു ദളിത് നേതാവ് കടന്നു വന്നു എന്നതുമാത്രം. കമ്യൂണിസ്റ്റുകാരെ ബ്രാഹ്മിണ്‍ബോയ്‌സ് എന്നു വിശേഷിപ്പിച്ച അംബേദ്കറും നേരത്തെ എസ് എഫ് ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇക്കാര്യമടക്കം ഉന്നയിച്ച് അംബേദ്കര്‍ സ്റ്റുഡന്റ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകനായി മാറിയ രോഹിത് വെമുലയുമടക്കം നിരവധി പേര്‍ നിരന്തരമായി ഉന്നയിച്ചിരുന്ന വിമര്‍ശനത്തിനാണ് ഏറെ വൈകിയാണെങ്കിലും ഈ തീരുമാനത്തോടെ സി പി എം മറുപടി നല്‍കിയിരിക്കുന്നത്.

ഓരോ ദിവസംതോറും ശക്തിപ്പെട്ടുവരുന്ന ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിനെതിരായ നിലപാടുകളെയും പ്രവര്‍ത്തനങ്ങളേയും കുറിച്ചുള്ള സംവാദങ്ങളും തര്‍ക്കങ്ങളുമാണ് അടുത്ത കാലത്തായി സിപിഎം സമ്മേളനങ്ങളില്‍ നിന്നു പുറത്തുവരാറുള്ളത്. അതിലേറ്റവും പ്രധാനം കോണ്‍ഗ്രസ്സിനോടുള്ള നിലപാടും. ഇക്കുറിയും അതുതന്നെ ആവര്‍ത്തിച്ചു എന്നാണ് വാര്‍ത്തകള്‍. ഇന്ത്യയില്‍ ഫാസിസം വന്നോ ഇല്ലയോ എന്ന അര്‍ത്ഥരഹിതമായ ചര്‍ച്ചകള്‍ ഇത്തവണയും നടന്നു. അപ്പോഴും ബി.ജെ.പിയെ മുഖ്യരാഷ്ട്രീയ ശത്രുവായി കാണണമെന്നതില്‍ ഏകാഭിപ്രായം തന്നെ. പക്ഷെ അത്തരമൊരു ലക്ഷ്യത്തില്‍ കോണ്‍ഗ്രസ്സിനെ എവിടെ നിര്‍ത്തുമെന്നതിലാണ് അവസാനിക്കാത്ത തര്‍ക്കം തുടരുന്നത്.. കോണ്‍ഗ്രസ്സുമായി രാഷ്ട്രീയ സഖ്യം പാടില്ല എന്ന ഏറ്റവും ശക്തിയുള്ള കേരള ഘടകത്തിന്റെ നിലപാടിനാണ് സ്വാഭാവികമായും മുന്‍തൂക്കം ലഭിച്ചത്. പ്രാദേശികപാര്‍ട്ടികളുമായി ഐക്യപ്പെട്ടാല്‍ മതിയെന്നും അതിലൊന്നായി മാത്രം കോണ്‍ഗ്രസ്സിനെ കണ്ടാല്‍ മതിയെന്നുമാണത്രെ പൊതുവായ ധാരണ. കേരളത്തില്‍ കോണ്‍ഗ്രസ്സ് പ്രധാന എതിരാളിയായതിനാല്‍ ഇവിടെ ഇത്തരമൊരു സഖ്യം പ്രതികൂലമായി ബാധിക്കുമെന്ന ചിന്ത മാത്രമാണ് കേരളഘടകത്തിന്റേത് എന്നു വ്യക്തം. തത്വത്തില്‍ ശരിയെന്നു ന്യായീകരിക്കാവുന്ന തീരുമാനം തന്നെയാണിത്. ഇന്ത്യയെന്നത് ശക്തമായ ദേശീയ രാഷ്ട്രമല്ല, വിവിധ ദേശീയതകളുടെ സമുച്ചയമായതിനാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വളരെ പ്രസക്തിയുണ്ട്. അപ്പോഴും ഇന്ത്യയെന്ന യാഥാര്‍ത്ഥ്യം നിലവിലുള്ളത് പൂര്‍ണ്ണമായും തള്ളിക്കളയാനും കഴിയില്ല. ബിജെപി എന്ന രാജ്യം മുഴുവന്‍ വേരുകളുള്ള പാര്‍ട്ടിയോടുള്ള മത്സരത്തില്‍ ഏറെക്കുറെ എല്ലായിടത്തും സാന്നിധ്യമുള്ള കോണ്‍ഗ്രസിനെ പ്രാദേശിക പാര്‍ട്ടിയാക്കി ചുരുക്കുന്നതിലൂടെ ഐക്യനിരയുടെ ശക്തി തകര്‍ക്കുകയാണ് ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ തന്നെ പറയുന്ന വൈരുദ്ധ്യാധിഷ്ടിത വാദത്തിന് എതിരുമാണത്. കേരളനേതാക്കളില്‍ പലരുമാകട്ടെ കോണ്‍ഗ്രസ്സിനെയാണ് മുഖ്യശത്രുവായി കാണുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ഈ വിഷയത്തില്‍ സിപിഎം തന്നെയാണ് ഒരു പുനപരിശധന നടത്തേണ്ടത്. ഫലത്തില്‍ ഇന്നു സിപിഎം കേരളത്തിലെ ഒരു പ്രാദേശികപാര്‍ട്ടിയായി മാറിയിരിക്കുന്നു. അതങ്ങനെ പ്രഖ്യാപിക്കുക എളുപ്പമായിരിക്കില്ല. പക്ഷെ ചുരുങ്ങിയ പക്ഷം പാര്‍ട്ടി സംഘടനാ ചട്ടക്കൂട് പരമാവധി ഫെഡറല്‍ ആക്കി, സംസ്ഥാന സമിതികള്‍ക്ക് നിര്‍ണ്ണായക വിഷയങ്ങളില്‍ സ്വയം തീരുമാനമെടുക്കാനുള്ള അധികാരം നല്‍കാനാണ് സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കമുള്ള പാര്‍ട്ടികള്‍ തയ്യാറാവേണ്ടത്. ഒരൊറ്റ ഇന്ത്യ, ഒറ്റ മതം, ഒറ്റ ഭാഷ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കാവശ്യം ശക്തമായ പ്രാദേശിക പ്രസ്ഥാനങ്ങളാണ്. പല സംസ്ഥാനങ്ങളിലും അത്തരം പ്രസ്ഥാനങ്ങള്‍ നിലവിലുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരമൊന്ന് കേരളത്തില്‍ ഇന്നോളമുണ്ടായിട്ടില്ല. അതിന്റെ എല്ലാ നഷ്ടങ്ങളും നമുക്കുണ്ട്. കേന്ദ്രം സംസ്ഥാനത്തോടു ചെയ്യുന്ന അനീതികളെ കുറിച്ച് സിപിഎം ഏറെ വാചാലരാകാറുണ്ടെങ്കിലും അതിനെ ശക്തമായ മുന്നേറ്റമാക്കാന്‍ അവര്‍ക്ക് കഴിയാത്തതിനുകാരണം സംസ്ഥാനത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം അഖിലേന്ത്യാരാഷ്ട്രീയത്തിനു നല്‍കുന്നതാണ്. അതിനു പകരം ഫെഡറല്‍ ഘടനക്കായി ശക്തമായി വാദിക്കാനും അതിനനുസൃതമായി സംഘടനയില്‍ മാറ്റങ്ങള്‍ വരുത്താനും ഇത്തവണയും സിപിഎമ്മിനു കഴിഞ്ഞിട്ടില്ല. സത്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇത്തരമൊരു നിലപാട് പുതിയതല്ല. സ്വാതന്ത്ര്യസമരകാലത്തുതന്നെ ദേശീയതയെകുറിച്ചുള്ള ലെനിന്റെ നിലപാടുകളിലൂന്നി ഇന്ത്യയെ 17 ദേശീയതകളുടെ സമുച്ചയമായി വിലയിരുത്തിയവരാണ് കമ്യൂണിസ്റ്റുകാര്‍. അതിന്റെ ഭാഗമായിരുന്നു ഇ എം എസിന്റെ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം. എന്നാല്‍ പിന്നീട് ആ നിലപാട് കൈയൊഴിയുകയായിരുന്നു.

കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് അംഗീകരിക്കുമ്പോഴും അതിനുള്ള രാഷ്ട്രീയകാരണങ്ങള്‍ വിശകലനം ചെയ്യാനോ തിരുത്താനോ ഇത്തവണയും ശ്രമമുണ്ടായില്ല. തീര്‍ച്ചയായും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും അധികാരത്തിലെത്തുന്നത്. എന്നാല്‍ ഈ ജനാധിപത്യപ്രക്രിയയില്‍ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യപാര്‍ട്ടിയാകാന്‍ അതിനായിട്ടുണ്ടോ. ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നുമുള്ള പാര്‍ട്ടി ഭരണഘടനയിലെ പ്രഖ്യാപനത്തിനു ഇപ്പോഴും തിരുത്തലില്ല. ഇന്ത്യയില്‍ സിപിഐ അടക്കം ലോകത്തെ മിക്ക കമ്യൂണിസ്റ്റ് പാര്‍ട്ടികളും കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന കാലത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അത് തിരുത്തിയിരിക്കുന്നു. അടവും തന്ത്രവുമൊക്കെ ആയിട്ടാണ് ഇപ്പോഴും പാര്‍ട്ടി ജനാധിപത്യത്തെ കാണുന്നത്. അത്തരമൊരു പാര്‍ട്ടിക്ക് ജനാധിപത്യത്തില്‍ വലിയ ഭാവിയൊന്നുമില്ല. ഈ നിലപാടിന്റെ ഭാഗമായിട്ടായിരുന്നല്ലോ ജ്യോതിബാസുവിന് പ്രധാനമന്ത്രിപദം നിഷേധിച്ച ചരിത്രപരമായ വിഡ്ഢിത്തം നടന്നത്. അന്നതു സ്വീകരി്ച്ചിരുന്നെങ്കില്‍ ഒരുപക്ഷെ പാര്‍ട്ടിയുടേയും ഇന്ത്യയുടേയും ചരിത്രം ഇതാകുമായിരുന്നില്ല. മറുവശത്താകട്ടെ കുടുംബവാഴ്ചയും ഏകപാര്‍ട്ടി ഭരണവും മറുവശത്ത് മുതലാളിത്ത സാമ്പത്തിക നയങ്ങളുമൊക്കെ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളെ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായി പ്രകീര്‍ത്തിക്കുന്നു. അതാണല്ലോ ഈ സമ്മേളനത്തില്‍ തന്നെ ചൈനയെ യെച്ചൂരി പ്രകീര്‍ത്തിച്ചതും റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ നിശബ്ദരായതും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തോടുള്ള നിലപാടിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യനീതിയേയും കുറിച്ച് പറയുന്നത്. വ്യവസായവിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്സ് രൂപം കൊടുത്ത വര്‍ഗ്ഗസമരസിദ്ധാന്തത്തെ അതേപടി ഇറക്കുമതി ചെയ്യുകയാണ് ഇവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തത്. സമൂര്‍ത്തസാഹചര്യങ്ങളെ സമൂര്‍ത്തമായി വിശകലനം ചെയ്യുക എന്ന മാര്‍ക്‌സിന്റെ തന്നെ വാക്കുകളെ മറന്ന്. ഇന്ത്യയുടെ അനന്തമായ വൈവിധ്യങ്ങളും സംസ്‌കാരങ്ങളും ഭാഷകളും ജാതികളുമൊന്നും പരിഗണിച്ചതേയില്ല. അതിലേറ്റവും പ്രധാനം ജാതിവ്യവസ്ഥ തന്നെ. എന്നാലതിനെ മുതലാളിത്തതിന്റെ സൃഷ്ടിയായി കാണുകയും വര്‍ഗ്ഗസമരത്തിലൂടെ അതിനു പരിഹാരം കാണാമെന്നു പ്രഖ്യാപിക്കുകയുമായിരുന്നു പാര്‍ട്ടി ചെയ്തത്. എല്ലാവിഷയത്തേയും സാമ്പത്തിക മാത്രവാദത്തിലൊതുക്കിയത് അങ്ങനെയാണ്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നകന്ന ഈ സമീപനമാണ് പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വിഘാതമായ ഒരു കാരണം. ഇപ്പോഴിതാ ഒരു ദളിത് നേതാവിനെ പി ബി അംഗമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തെ ഇക്കുറിയും ഗൗരവമായി ചര്‍ച്ച ചെയ്തിട്ടില്ല എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. സമാനമാണ് ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ച് മുസ്ലിംവിഭാഗങ്ങളോടുള്ള സമീപനവും. ഇന്ത്യയില്‍ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഹിന്ദുത്വ തീവ്രവാദമാണ് കൂടുതല്‍ അപകടകരമെന്നു സമ്മേളനത്തില്‍ പ്രകാശ് കാരാട്ട പറഞ്ഞെങ്കിലും അതിന്റെ രാഷ്ട്രീയം ഉള്‍ക്കൊള്ളാനാവാതെ ഹിന്ദുത്വവും മുസ്ലിം വര്‍ഗ്ഗീയതയും ഒരുപോലെ എന്നു പറയുന്നവരാണ് മിക്കവാറും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും, പ്രത്യേകിച്ച് കേരളത്തില്‍. ലിംഗനീതിയെ കുറിച്ചുള്ള അവകാസവാദങ്ങളിലും വലിയ കഴമ്പൊന്നുമില്ലെന്നതിന്റെ തെളിവായിരുന്നു പുരുഷന്മാര്‍ മാത്രം നിരന്നിരുന്ന സാംസ്‌കാരിക സമ്മേളനം. ഇത്തവണ വൃന്ദാകാരാട്ടിനെ സെക്രട്ടറിയാക്കുമെന്നൊക്കെ പ്രതീക്ഷിച്ചവര്‍ സ്വാഭാവികമായും വിഡ്ഢികളായി.

കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തെ കുറിച്ചെന്നപോലെ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിലും കേരളഘടകവും മറ്റു ഘടകങ്ങളുമായി വലിയ ഭിന്നതകള്‍ക്ക് സമ്മേളനം സാക്ഷ്യം വഹിച്ചതായാണ് വാര്‍ത്ത. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിഘടകവും അധികാരത്തില്‍ ഒരിക്കലും എത്താനിടയില്ലാത്ത ഘടകങ്ങളുമായുണ്ടാകുന്ന സ്വാഭാവിക ഭിന്നതകളാണത്. നേരത്തെ സൂചിപ്പിച്ചപോലെ ആശയപരമായി അംഗീകരിക്കാത്ത ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തുന്നതിന്റെ തുടര്‍ച്ചയാണത്. കെ റെയിലുമായി ബന്ധപ്പെട്ടാണ് ഈ വിഷയത്തില്‍ രൂക്ഷമായ ഭിന്നതകള്‍ പ്രകടമായത്. പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമാണ് കേരള സര്‍ക്കാരിന്റെ പല നടപടികളുമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ വളരെ ശക്തമാണ്. യെച്ചൂരിയുടെ വാക്കുകളില്‍ പോലും അത് പ്രകടമാണ്. എന്നാല്‍ ഭരണത്തുടര്‍ച്ച നേടുകയും സാമ്പത്തികമായി വലിയൊരു ശക്തിയാകുകയും ചെയ്ത കേരളഘടകത്തിനും പ്രത്യേകിച്ച് പിണറായിക്കുമെതിരെ ശക്തമായ നിലപാടെടുക്കാനുള്ള കരുത്ത് ഇപ്പോള്‍ പാര്‍ട്ടിക്കില്ല എന്നു തന്നെയാണ് 23-ാം കോണ്‍ഗ്രസ്സിന്റെ മൗനമായ പ്രഖ്യാപനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply