കെ എസ് എഫ് ഇ റെയ്ഡും സിപിഎമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങളും

ഏതു വഷയം വന്നാലും അതിനു പുറകില്‍ ഏതെങ്കിലും സ്വകാര്യസ്ഥാപനമാണെന്നു വരുത്തിതീര്‍ക്കുന്ന നമ്മുടെ സ്ഥിരം തന്ത്രം ഇവിടേയും പ്രയോഗിക്കുന്നതു കേട്ടു. മറ്റു ധനകാര്യസ്ഥാപനങ്ങളാണ് ഈ പരിശോധനക്കു പുറകിലെന്ന വാദം അത്തരത്തിലൊന്നു മാത്രമാണ്. ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിനു തകര്‍ക്കാവുന്ന വിശ്വാസ്യതയേ കെ എസ് എഫ് ഇക്കുള്ളു എന്നാണോ ഐസക്കും കൂട്ടരും കരുതുന്നത്? മാത്രമല്ല കുറികമ്പനികളെ കുറിച്ച് പലരും ധരിച്ചു വെച്ചിരിക്കുന്നതു തന്നെ തെറ്റായ ധാരണകളാണ്. വന്‍പലിശ വാങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥാപനങ്ങളാണ് സ്വകാര്യ കുറി കമ്പനികള്‍ എന്ന ധാരണ തന്നെ തെറ്റാണ്. മറിച്ച് സാധാരണക്കാരന് ഏറ്റവും സഹായകരമായ ഒന്നാണ് കുറി കമ്പനികള്‍ എന്നതാണ് വസ്തുത. ആ വിശ്വാസ്യത കണ്ടാണല്ലോ സര്‍ക്കാര്‍ തന്നെ ഈ കുറി കമ്പനി തുടങ്ങിയത്.

കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്പ്രിംഗ്‌ളര്‍ വിവാദത്തോടെ ആരംഭിച്ച വിവാദങ്ങളും അഴിമതി ആരോപണങ്ങളും തുടരുകയാണ്. അവസാനമത് എത്തിനില്‍ക്കുന്നത് കെ എസ് എഫ് ഇയിലാണ്. അതേസമയം കെ എസ് എഫ് ഇയിലെത്തിയപ്പോള്‍ കാര്യങ്ങളില്‍ പ്രകടമായൊരു മാറ്റവും കാണാം. ഇതുവരേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിപക്ഷത്തേയും നേരിടുന്നതില്‍ സര്‍ക്കാരും സിപിഎമ്മും ഒറ്റക്കെട്ടായിരുന്നു എങ്കില്‍ പുതിയ വിവാദത്തില്‍ അതിനു മാറ്റം വന്നിരിക്കുന്നു. കെ എസ് എഫ് ഇ യില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിലും പാര്‍ട്ടിയിലും അഭിപ്രായ ഭിന്നത വന്നു എന്നു മാത്രമല്ല, അത് പരസ്യമായി തന്നെ പുറത്തുവന്നിരിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ട്ടിയില്‍ നിന്ന് വിമതസ്വരമുയരുന്നു.

പരാതികള്‍ ലഭിക്കുമ്പോള്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത് നിലവിലെ സംവിധാനത്തില്‍ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. അത് വകുപ്പുമന്ത്രി അറിയണമെന്ന് ഒരു നിര്‍ബന്ധവുമില്ലെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിതന്നെ നിരവധി ഉദാഹരണങ്ങളിലൂടെ അത് വ്യക്തമാക്കി കഴിഞ്ഞു. തന്റെ വകുപ്പില്‍ നടക്കുന്ന റെയ്ഡുകളെ കുറിച്ച് താനറിയാറില്ല എന്ന്് മന്ത്രി സുധാകരനും വ്യക്തമാക്കി. കിട്ടിയ അവസരം ഉപയോഗിച്ച് ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളിലെ തന്റെ എതിരാളിയായ ഐസക്കിനെ രൂക്ഷമായി അക്രമിക്കാനും സുധാകരന്‍ മടിച്ചില്ല. അഴിമതിക്കെതിരെ നിലപാടുള്ള ഒരാളാണ് താന്‍ എന്നതിനാല്‍ വിജിലന്‍സ് റെയ്ഡുകളില്‍ തനിക്ക് സന്തോഷമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്ര രൂക്ഷമായല്ലെങ്കിലും മന്ത്രിമാരായ ഇ പി ജയരാജനും കടകംപള്ളിയും ഐസക്കിനെതിരെ രംഗത്തുവന്നു. മറുവശത്ത് പാര്‍ട്ടി സെക്രട്ടറിയേറ്റും ഐസക്കിന്റെ പരസ്യപ്രസ്താവനയെ വിമര്‍ശിച്ചു. ഒപ്പം പതിവുപോലെ കുറ്റം മുഴുവനും മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനുമാക്കി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തായാലും വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ തികച്ചും വൈകാരികമായിരുന്നു ഐസക്കിന്റെ പ്രതികരണം എന്നുറപ്പ്. തീര്‍ച്ചയായും സിപിഎമ്മിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിനു അതില്‍ പങ്കുണ്ടായിരിക്കാം. കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയതും എം വി ഗോവിന്ദനു പകരം ആരും പ്രതീക്ഷിക്കാതിരുന്ന വിജയരാഘവന് ചാര്‍ജ്ജ് കൊടുത്തതുമെല്ലാം ഗ്രൂപ്പിസത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. പൊതുവായി പറഞ്ഞാല്‍ തെക്കരും വടക്കരുമായുള്ള പോരാട്ടമാണ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ബേബിയും ഐസക്കും ആനത്തലവട്ടവുമൊക്കെ മുഖ്യമന്ത്രിയടക്കമുള്ള വടക്കന്‍ നേതാക്കള്‍ക്കെതിരെ നിലപാടെടുത്തിട്ടുണ്ടത്രെ. ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്നെയാണ് അവരുടെ പ്രസ്താവനകള്‍. കഴിയുമെങ്കില്‍ മുഖ്യമന്ത്രിയേയും മാറ്റുക എന്ന അജണ്ടയും ഇവര്‍ക്കുണ്ടായിരിക്കാം. അതെല്ലാം തിരിച്ചറിഞ്ഞുള്ള തിരിച്ചടിയാണ് കെ എസ് എഫ് ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് എന്നു വിശ്വസിക്കുന്നവര്‍ പാര്‍ട്ടിയില്‍ നിരവധിയാണ്.

അതേസമയം ഇതൊന്നും റെയ്ഡിനോടുള്ള ഐസക്കിന്റെ വൈകാരിക നിലപാടിനു ന്യായീകരണമല്ല. കെ എസ് എഫ് ഇ യുടെ മഹത്വങ്ങളുടെ വര്‍ണ്ണനകളൊന്നും പരിശോധനകളും നിയമങ്ങളും ഒഴിവാക്കാന്‍ കാരണമല്ല. ഇത്രയധികം ജീവനക്കാരുള്ള ഒരു സ്ഥാപനത്തില്‍ അഴിമതി നടക്കില്ല എന്നു കരുതുന്നതുതന്നെ മൗഢ്യമാണ്. വിജിലന്‍സ് കണ്ടെത്തിയതായി പറയുന്ന പല വിഷയങ്ങളും അവിടെ നടക്കുന്നതാണെന്നു സ്ഥിരം ഇടപാടുകാര്‍ക്കും ജീവനക്കാര്‍ക്കും അറിയാവുന്നതുമാണ്. പരിശോധനകള്‍ വിശ്വാസ്യതയെ തകര്‍ക്കുമെന്നു കരുതുന്നതും തെറ്റാണ്. കുറ്റവാളികളുണ്ടെങ്കില്‍ കണ്ടെത്തി നടപടിയെടുക്കുന്നതാണ് സ്ഥാപനത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക. അല്ലാതെ അഴിമതി മൂടിവെക്കുന്നതല്ല. മുഖ്യമന്ത്രി പറയുന്നപോലെ മടിയില്‍ കനമില്ലെങ്കില്‍ പേടിക്കണോ?

ഏതു വഷയം വന്നാലും അതിനു പുറകില്‍ ഏതെങ്കിലും സ്വകാര്യസ്ഥാപനമാണെന്നു വരുത്തിതീര്‍ക്കുന്ന നമ്മുടെ സ്ഥിരം തന്ത്രം ഇവിടേയും പ്രയോഗിക്കുന്നതു കേട്ടു. മറ്റു ധനകാര്യസ്ഥാപനങ്ങളാണ് ഈ പരിശോധനക്കു പുറകിലെന്ന വാദം അത്തരത്തിലൊന്നു മാത്രമാണ്. ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിനു തകര്‍ക്കാവുന്ന വിശ്വാസ്യതയേ കെ എസ് എഫ് ഇക്കുള്ളു എന്നാണോ ഐസക്കും കൂട്ടരും കരുതുന്നത്? മാത്രമല്ല കുറികമ്പനികളെ കുറിച്ച് പലരും ധരിച്ചു വെച്ചിരിക്കുന്നതു തന്നെ തെറ്റായ ധാരണകളാണ്. വന്‍പലിശ വാങ്ങി ജനങ്ങളെ ദ്രോഹിക്കുന്ന സ്ഥാപനങ്ങളാണ് സ്വകാര്യ കുറി കമ്പനികള്‍ എന്ന ധാരണ തന്നെ തെറ്റാണ്. മറിച്ച് സാധാരണക്കാരന് ഏറ്റവും സഹായകരമായ ഒന്നാണ് കുറി കമ്പനികള്‍ എന്നതാണ് വസ്തുത. ആ വിശ്വാസ്യത കണ്ടാണല്ലോ സര്‍ക്കാര്‍ തന്നെ ഈ കുറി കമ്പനി തുടങ്ങിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശ്രദ്ധേയമായ ചരിത്രമാണ് കുറികമ്പനികളുടേത്. സംസ്ഥാനത്ത് കുറികമ്പനികളുടെ ആസ്ഥാനം തൃശൂരാണ്. നഗരശില്‍പ്പിയായ ശക്തന്‍ തമ്പുരാന്‍ വിവിധഭാഗങ്ങളില്‍ നിന്ന് കച്ചവടക്കാരെ തൃശൂര്‍ക്ക് ക്ഷണിക്കുകയും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ക്കായി കുറിയുടെ ആദ്യരൂപം തയ്യാറാക്കി എന്നുമാണ് പറയപ്പെടുന്നത്. എല്ലാവരും ഒരു നിശ്ചിതതുക എടുക്കുകയും അത് അത്യാവശ്യമുള്ള ഒരാള്‍ക്ക് കൊടുക്കുകയും ചെയ്യുക, അടുത്ത തവണ അടുത്തയാള്‍ക്ക്… ലോകത്ത് കാര്യമായി ഒരിടത്തും കാണാനിടയില്ലാത്ത സാമ്പത്തിക സംവിധാനം. പിന്നീട് കുറെയേറെ കുറികമ്പനികള്‍ രൂപം കൊണ്ടു. KSFE ക്ക് 50 വര്‍ഷത്തെ പാരമ്പര്യമെന്നു ധനമന്ത്രി പറയുമ്പോള്‍ നൂറ്റാണ്ടിനേക്കാള്‍ പാരമ്പര്യമുള്ള പല കുറികമ്പനികളും ഇവിടെയുണ്ട്. ഈ സാമ്പത്തിക സംവിധാനത്തിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് കേരളത്തിന്റെ പ്രമുഖ നാലു ബാങ്കുകളില്‍ മൂന്നിന്റേയും ആസ്ഥാനം തൃശൂരായതും കുറികമ്പനികളുടെ മാതൃകയില്‍ തൃശൂര്‍ തന്നെ ആസ്ഥാനമായി KSFEക്ക് രൂപം കൊടുത്തതും.

സത്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്കും ആവശ്യക്കാര്‍ക്കും ഏതൊരു ലോണിനേക്കാള്‍ മെച്ചമാണ് കുറികളില്‍ ചേരുന്നത്. ഇതിന്റെ പ്രവര്‍ത്തനശൈലി കണ്ട് ആകൃഷ്ടനായ ബില്‍ ഗേറ്റ്സ് ഈ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറായതും എന്നാല്‍ ആഗോള കുത്തകകള്‍ ഇങ്ങോട്ടു വരേണ്ട എന്ന് കുറിയുടമകളുടെ സംഘടന തീരുമാനിച്ചതും സമീപകാല ചരിത്രമാണ്. തീര്‍ച്ചയായും എല്ലാ മേഖലയേയും പോലെ തെറ്റായ പ്രവണതകള്‍ ഇവിടേയും കാണുമായിരിക്കാം. പക്ഷെ അതെല്ലാം തുലോം തുച്ഛം. മാത്രമല്ല, സാമ്പത്തിക ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളേക്കാളും KSFE യേക്കാളും എളുപ്പത്തില്‍ ആശ്രയിക്കാവുന്നത് സ്വകാര്യകുറി കമ്പനികളെയായിരുന്നു. പണം ലഭിക്കാന്‍ മിനിമം സര്‍ക്കാര്‍ ജീവനക്കാരായ രണ്ടു ജാമ്യക്കാര്‍ വേണം തുടങ്ങി കര്‍ശനമായ വ്യവസ്ഥകളായിരുന്നു KSFEയുടേത്. പക്ഷെ സ്വകാര്യ കമ്പനികളുടേത് വളരെ ഉദാരമായിരുന്നു. ജനങ്ങളുടെ സ്ഥാപനമെന്നു പറയുന്ന സഹകരണബാങ്കുകള്‍ മറ്റു ബാങ്കുകളേക്കാള്‍ കൊള്ളപ്പലിശ വാങ്ങുന്നപോലെ, കെഎസ്എഫ്ഇ സ്വകാര്യ കുറികമ്പനികളേക്കാള്‍ മോശം സേവനമായിരുന്നു നടത്തിയിരുന്നത്. പിന്നീട് വന്‍കിട കുറികമ്പനികള്‍ വളര്‍ന്നു വരുകയും ജനങ്ങള്‍ അവയെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യാനാരംഭിച്ചപ്പോഴാണ് KSFE നിബന്ധനകള്‍ ഉദാരമാക്കി മത്സരിക്കാന്‍ തയ്യാറായതും തുടര്‍ന്ന് വളര്‍ന്നതും. സ്വാകാര്യബാങ്കുകളോട് മത്സരിക്കേണ്ടി വന്നപ്പോള്‍ പൊതുമേഖലാബാങ്കുകളും സ്വാകാര്യ ഇന്‍ഷ്വറന്‍സ് കമ്പനികളോട് മത്സരിക്കേണ്ടിവന്നേപ്പാള്‍ എല്‍ഐസിയും സ്വാകര്യസ്‌കൂളുകളോട് മത്സരിക്കേണ്ടി വന്നപ്പോള്‍ സര്‍ക്കാര്‍ സ്‌കൂളുകളും വളര്‍ന്നപോലെ തന്നെ.

അതേസമയം കുറിമേഖലയില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍ പല ചെറുകിട കുറികമ്പനികള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അത് KSFEയ സഹായിക്കാനാണെന്ന ആരോപണം നിലവിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ വിജിലന്‍സ് റെയ്ഡ്. അഴിമതി ഇല്ലാത്ത ഏതെങ്കിലും മേഖല നിലവിലുണ്ടോ? അക്കാര്യത്തില്‍ സ്വകാര്യമേഖലയും പൊതുമേഖലയും തമ്മിലെന്തു വ്യത്യാസം? അതെല്ലാം അന്വേഷിക്കാനല്ലേ അന്വേഷണ ഏജന്‍സികള്‍? അല്ലെങ്കില്‍ വിജിലന്‍സ് പിരിച്ചുവിടുന്നതല്ലേ നല്ലത്. കോടികള്‍ ചിലവഴിച്ച് എന്തിനത് നിലനിര്‍ത്തുന്നു? സംഭവത്തന്റെ പുറകില്‍ എന്തൊക്കെ രാഷ്ട്രീയകളികള്‍ ഉണ്ടെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ്, ധനമന്ത്രിയുടേതല്ല ശരി എന്നു പറയേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply