രാമനുപകരം ഇനി കൃഷ്ണനോ…

അനന്തമായ വൈവിധ്യങ്ങളാണ് ഇന്ത്യയുടെ മുഖമുദ്ര എന്നത് വ്യക്തമാണ്. വിശ്വാസത്തിന്റേയും ആരാധനയുടേയും മേഖലകളും അങ്ങനെതന്നെ. അവയെല്ലാം ഇല്ലാതാക്കി ഏകീകൃതമാക്കാനുള്ള നീക്കങ്ങളാണ് സമകാലിക ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കാതല്‍. പ്രധാനമായും ശിവനെ ആരാധിക്കുന്ന മലയാളികളുടെ മനസ്സില്‍ രാമനേയും കൃഷ്ണനേയുമൊക്കെ പ്രതിഷ്ഠിക്കുന്നതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്.

സാംസ്‌കാരികമായി ഒരു ജനതയെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുകയാണ് എന്നും ഫാസിസ്റ്റുകള്‍ ആദ്യം ചെയ്യാറുള്ളത്. പിന്നീടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുക. അതിനായി വംശീയതയേയും വിശ്വാസത്തേയും ദൈവത്തേയുമെല്ലാം അവര്‍ സൗകര്യം പോലെ ഉപയോഗിക്കും. അതിനുള്ള ഉദാഹരണങ്ങള്‍ ലോകമെമ്പാടുമുണ്ട്. എന്നാല്‍ അതിനായി മറ്റെവിടേയും പോകേണ്ടതല്ല. ഇന്ത്യയില്‍ തന്നെ അതിനു പ്രകടമായ ഉദാഹരണമുണ്ട്. ശ്രീരാമനെ എങ്ങനെയാണ് തങ്ങളുടെ ലക്ഷ്യങ്ങള്‍ക്കനുസരിച്ച് സംഘപരിവാര്‍ ശക്തികള്‍ പ്രതീകവല്‍ക്കരിച്ചതെന്നു മാത്രം നോക്കിയാല്‍ മതി അതു ബോധ്യമാകാന്‍. ഇപ്പോഴിതാ ശ്രീകൃഷ്ണനേയും ആ ദിശയില്‍ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ശ്രീരാമന്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസങ്ങളില്‍ എന്നുമുണ്ടായിരുന്നു. രാമായണം മറ്റെല്ലാറ്റിനുമൊപ്പം യുദ്ധത്തിന്റെ കഥയാണ്. തീര്‍ച്ചയായും അതില്‍ ഇന്നു നമുക്ക് സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയുമൊക്കെ വായിക്കാം. അപ്പോഴും ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുവരെ അക്രമണത്തിന്റെയോ അന്യമതവിദ്വേഷത്തിന്റേയോ പ്രതീകമായിരുന്നില്ല രാമന്‍. മാത്രമല്ല, മാപ്പിള രാമായണമടക്കം എത്രയോ വൈവിധ്യമാര്‍ന്ന രാമായണങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് ഗാന്ധിയുടെ മറ്റൊരു രാമനും ഉണ്ടായി. എന്നാല്‍ ഈ രാമസങ്കല്‍പ്പങ്ങളൊക്കെ മാറി, മറ്റൊരു രൂപത്തിലാകുന്നത് സമീപകാലത്താണ്. അതിന്റെ തുടക്കം അന്വേഷിച്ചാല്‍ കാണാന്‍ കഴിയുക 1980കളില്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണത്തിലായിരിക്കും. വൈവിധ്യമാര്‍ന്ന രാമസങ്കല്‍പ്പങ്ങളെയെല്ലാം ഇല്ലാതാക്കി, ഏകീകൃതമായ രാമനെ കുറിച്ചുള്ള സങ്കല്‍പ്പം രൂപപ്പെടുന്നത് അന്നുമുതലാണ്. അന്ന് സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തുമെന്ന് വിദൂരപ്രതീക്ഷപോലും ആര്‍ക്കുമുണ്ടായിരുന്നില്ല എന്നോര്‍മ്മ വേണം. എന്നാല്‍ സാംസ്‌കാരികമായി രൂപപ്പെടുത്തിയ പുതിയ രാമസങ്കല്‍പ്പത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് അധികാരത്തിലെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അതിനിടയില്‍ ബാബറി മസ്ജിദ് തകര്‍ക്കുക മാത്രമല്ല, വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസത്തിന്റെ പേരില്‍ സുപ്രിം കോടതിയില്‍ നിന്ന് അതിനംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴിതാ ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ അറുംകൊലകള്‍ നടക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
ഈ വിഷയം ഇപ്പോഴുന്നയിക്കാന്‍ കാരണമുണ്ട്. രാമനെയും അയോദ്ധ്യയേയും രാഷ്ട്രീയമായി ഉപയോഗിച്ച് ലക്ഷ്യം നേടിയ ശക്തികള്‍ ഇനി കൃഷ്ണനിലേക്കും മഥുരയിലേക്കും നീങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി പുറത്തുവരുന്നുണ്ട്. പിന്നീട് ടാജ് മഹലിലേക്കും അതു നീങ്ങും. ഈ നീക്കം ഇപ്പോള്‍ കൂടുതല്‍ ശക്തമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. അക്കാര്യം ബോധ്യപ്പെടാന്‍ വടക്കെയിന്ത്യയിലേക്കൊന്നും പോകേണ്ടതില്ല. കേരളത്തില്‍ തന്നെ അതു കാണാം. കേന്ദ്രസാസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യുപിയിലെ വൃന്ദാവന്‍ ഇന്‍സ്റ്റിട്യൂട്ട് തൃശൂരില്‍ നടത്തിയ ത്രിദിന സെമിനാര്‍ തന്നെ ഉദാഹരണം. വിവിധ പ്രദേശങ്ങളില്‍, വിവിധ ഭാവങ്ങളില്‍ ആരാധിക്കപ്പെടുന്ന യുഗപുരുഷനായ ശ്രീകൃഷ്ണന്‍ കേരളത്തിലെ സംസ്‌കാരത്തിലും സാഹിത്യത്തിലും കലയിലും പ്രതിഫലിക്കുന്നതിനെ കുറിച്ചായിരുന്നു സെമിനാര്‍. കൃഷ്ണസങ്കല്പവും ക്രിസ്തീയതയും, കൃഷ്ണസങ്കല്പം കേരളീയ സംഗീതത്തില്‍, കൃഷ്ണസങ്കല്പം നാടോടിാട്ടുകളില്‍, കൃഷ്ണ സങ്കല്‍പ്പം കേരളീയ സാംസ്‌കാരിക ചരിത്രത്തില്‍, കൃഷ്ണസങ്കല്പം വിഗ്രഹ നിര്‍മ്മാണത്തില്‍, കേരളത്തിലെ ചില കൃഷ്ണവിഗ്രഹങ്ങളുടെ സവിശേഷതകള്‍, ആദിശങ്കരാചാര്യനും കൃഷ്ണാരാധനയും, കൃഷ്ണാരാധന വൈദികപാരമ്പര്യത്തില്‍, കൃഷ്ണസങ്കല്പം മലയാളകാവ്യങ്ങളില്‍, കേരളത്തിലെ വൈഷ്ണവ സിദ്ധന്മാര്‍ എന്നിങ്ങനെ പോയി സെമിനാറില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍. ഇടതുപക്ഷ സഹയാത്രികനായ ഡോ എന്‍ ആര്‍ ഗ്രാമപ്രകാശടക്കമുള്ളവര്‍ ഒരു സെഷനില്‍ അധ്യക്ഷത വഹിച്ചു എന്ന് എടുത്തു പറയണം. ഡോ ടി പവിത്രന്റെ പേരും നോട്ടീസില്‍ കണ്ടു. തീര്‍ച്ചയായും ഇതെല്ലാം കേവലം അക്കാദമിക് പരിപാടിയാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകാം. എന്നാല്‍ മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല, അടുത്തകാലം വരെ കേരളത്തിന് അന്യമായിരുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും ബാലഗോകുലവും സിപിഎമ്മിന്റെ ബദല്‍ ആഘോഷങ്ങളുമൊക്കെ നമ്മുടെ തെരുവുകളെ ഇളക്കിമറക്കിക്കുന്ന കാലഘട്ടത്തില്‍.
അനന്തമായ വൈവിധ്യങ്ങളാണ് ഇന്ത്യയുടെ മുഖമുദ്ര എന്നത് വ്യക്തമാണ്. വിശ്വാസത്തിന്റേയും ആരാധനയുടേയും മേഖലകളും അങ്ങനെതന്നെ. അവയെല്ലാം ഇല്ലാതാക്കി ഏകീകൃതമാക്കാനുള്ള നീക്കങ്ങളാണ് സമകാലിക ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ കാതല്‍. പ്രധാനമായും ശിവനെ ആരാധിക്കുന്ന മലയാളികളുടെ മനസ്സില്‍ രാമനേയും കൃഷ്ണനേയുമൊക്കെ പ്രതിഷ്ഠിക്കുന്നതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. മലയാളത്തിലെ വൈഷ്ണവസാഹിത്യവും ആരാധാനാസമ്പ്രദായങ്ങളും ഇവിടുത്തെ ജാതീയ ഉച്ചനീചത്വങ്ങളെ അരക്കിട്ടുറപ്പിച്ചിട്ടേയുള്ളൂ. അതിനെ ഭക്തിയുടേയും വിഭക്തിയുടേയും കഥകള്‍ പറഞ്ഞ് മനോഹരമാക്കുവാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്നത് ബ്രാഹ്മണ്യസേവ തന്നെ. ചുരുങ്ങിയത് കൊസാമ്പിയെയെങ്കിലും വായിച്ചവര്‍ അതിനു കൂട്ടുനില്‍ക്കില്ല. ഇത് കേവലം ഗവേഷണമാണെന്ന വാദവും വിശ്വസിക്കാനാവില്ല. ആരാണ് ശ്രീകൃഷ്ണന്‍? ആ മിത്തിന്റെ ഉല്‍പ്പത്തി എന്നാണ്? എവിടെ നിന്നാണ്? ഏത് സാഹചര്യത്തില്‍ ഏത് കാലത്തിലാണ് അത് സംഭവിച്ചത്? പറയപ്പെടുന്നതു പോലെ ശ്രീകൃഷ്ണന്‍ എന്ന ഏക വ്യക്തി ജീവിച്ചിരിന്നോ? അതോ നിരവധി മിത്തുകളുടെ സമന്വയമായിരുന്നോ? അദ്ദേഹം ‘ഭഗവാന്‍’ ആയിരുന്നോ? എന്നെല്ലാം വസ്തുതകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷിച്ചാല്‍ അത് ഗവേഷണമാണ് എന്ന് അവകാശപ്പെടാം. അതിനു പകരം ഭക്തിസാഹിത്യത്തെ ഗവേഷണം എന്നു പറയുന്നത് ശരിയല്ല. പ്രത്യകിച്ച് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം പകല്‍പോലെ വ്യക്തമാകുമ്പോള്‍. അത് ബീഫ് ഫ്രൈ ഉള്ളിക്കറിയാണ് എന്ന് പറയുന്ന പോലെയാണ്. അതിനാല്‍ തന്നെ അപകടകരവുമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply