കൊവിഡും ഇളവുകളം : സര്‍ക്കാര്‍ കൂടുതല്‍ സുതാര്യമാകണം

വിദഗ്ധര്‍ നല്‍കുന്ന ഏതൊക്കെയോ കണക്കുകളും താരതമ്യങ്ങളും വെച്ച് ഇല്ലാത്ത അവകാശവാദങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചപ്പോഴേ, ഇതു മഹാമാരിയാണെന്നും ഇത്തരം പ്രവണതകള്‍ നല്ലതല്ല എന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനേ അതുപകരിക്കൂ എന്നും വിദഗ്ധരല്ലാത്തവര്‍ പറഞ്ഞിരുന്നു. അവരെ, സ്വന്തമായി ചിന്താശേഷിയില്ലാതെ സര്‍ക്കാരിനും പാര്‍ട്ടിക്കും നേതാവിനും കയ്യടിക്കാന്‍ മാത്രമറിയുന്നവര്‍ എന്തെല്ലാം വിളിച്ചാക്ഷേപിച്ചു. ഇപ്പോഴും ആ പ്രവണത കൈവിടാന്‍ തയ്യാറായിട്ടില്ല എന്നതാണ് തമാശ. അതിന്റെ ഭാഗമാണ് സംസ്ഥാനത്ത് പകുതിക്കു താഴെ മാത്രമേ രോഗം വന്ന് ആര്‍ജ്ജിത പ്രതിരോധശേഷി നേടിയിട്ടുള്ളു എന്ന മുന്‍കൂര്‍ ജാമ്യം. പല സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ കുറവാണ് ആ കണക്ക്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിച്ചും സുതാര്യമായുമാണ് മഹാമാരിയെ നേരിടേണ്ടതെന്നതാണ് അധികൃതര്‍ മറക്കുന്നത്.

സമൂഹത്തെയും സാധാരണജനങ്ങളുടെ ജീവിതത്തേയുമറിയാത്ത വിദഗ്ധരുടെ ഉപദേശത്തിനല്ല പ്രാധാന്യം കൊടുക്കേണ്ടതെന്നു വൈകിയാണെങ്കിലും ഒരു പരിധിവരെ സര്‍ക്കാരിനു മനസ്സിലായെന്നു തോന്നുന്നു. അതിന്റെ തെളിവാണ് നിയമസഭയില്‍ പുതിയ കൊവിഡ് ഇളവുകളെ കുറിച്ചുള്ള ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. കടകള്‍ പരമാവധി സമയവും ദിവസവും തുറക്കുന്നതാണ് തിരക്കുകുറക്കാന്‍ നല്ലതെന്ന് എത്രയോ കാലമായി സാമാന്യവിവരമുള്ളവര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരേയും എന്താണ് ചെയ്തുകൊണ്ടിരുന്നത്? അതിന്റെ ഫലമെന്തായിയിരുന്നു എന്നും എല്ലാവരും കണ്ടതാണ്. ഇപ്പോഴിതാ കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ചില കടകള്‍ ചില ദിവസം എന്ന അശാസ്ത്രീയരീതിയും അവസാനിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും കടകള്‍ തുറക്കുന്നതിനു മുന്നോടിയായി കുറെ നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന കണക്കിലായിരിക്കും പ്രവേശനം. ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, രോഗം വന്ന് ഭേദമായവര്‍, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി ആര്‍ എടുത്തവര്‍ എന്നിവരായിരിക്കണം പരമാവധി കടകളില്‍ പോകേണ്ടത് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവസാനം പറഞ്ഞവയൊന്നും പ്രായോഗികമാകാന്‍ പോകുന്നവയല്ല എന്നുറപ്പ്. മന്ത്രി അഭികാമ്യം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഉത്തരവു വന്നപ്പോള്‍ അഭികാമ്യം എന്ന വാക്കു പോയതായും വാര്‍ത്തയുണ്ട്്. എന്തായാലും പുതിയ തീരുമാനം വ്യാപാരികളും തൊഴിലാളികളുമായി സംസ്ഥാനത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആശ്വാസമാകും. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. ശനി, ഞായര്‍ ദിവസങ്ങളിലെ ലോക് ഡൗണ്‍ മൂലം വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ നിരത്തുകളിലും കടകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ വലിയ തിരക്കായിരുന്നു. ഞായറാഴ്ചകളില്‍ നിലനിര്‍ത്തിയിട്ടുള്ള ലോക് ഡൗണ്‍ പോലും അനാവശ്യമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

ടിപിആര്‍ കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും മാറ്റം വരുത്തിയിട്ടുണ്ട്. അതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാനാണ് പുതിയ തീരുമാനം. അതിന്റെ ഫലം എന്താണെന്നു കാത്തിരുന്നുകാണാം. അപ്പോഴും തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. പക്ഷെ ഇവിടെ പറയുന്ന പ്രദേശം എന്നത് എന്താണെന്നു വ്യക്തമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തായാലും എത്രയോ കാലമായി സാധാരണക്കാര്‍ ആവശ്യപ്പെടുന്ന കാര്യങ്ങളില്‍ പെട്ടവയാണിവ. ഇത്രയും അംഗീകരിച്ചത് നന്നായി. ഇതു പ്രഖ്യാപിക്കുമ്പോഴും ആരോഗ്യമന്ത്രി അനാവശ്യമായി, ഇല്ലാത്ത അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിച്ചു എന്ന ഇപ്പോഴും തുടരുന്ന അവകാശവാദമാണ് അതിലൊന്ന്. വിദഗ്ധര്‍ നല്‍കുന്ന ഏതൊക്കെയോ കണക്കുകളും താരതമ്യങ്ങളും വെച്ച് ഇല്ലാത്ത അവകാശവാദങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിച്ചപ്പോഴേ, ഇതു മഹാമാരിയാണെന്നും ഇത്തരം പ്രവണതകള്‍ നല്ലതല്ല എന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ തളര്‍ത്താനേ അതുപകരിക്കൂ എന്നും വിദഗ്ധരല്ലാത്തവര്‍ പറഞ്ഞിരുന്നു. അവരെ, സ്വന്തമായി ചിന്താശേഷിയില്ലാതെ സര്‍ക്കാരിനും പാര്‍ട്ടിക്കും നേതാവിനും കയ്യടിക്കാന്‍ മാത്രമറിയുന്നവര്‍ എന്തെല്ലാം വിളിച്ചാക്ഷേപിച്ചു. ഇപ്പോഴും ആ പ്രവണത കൈവിടാന്‍ തയ്യാറായിട്ടില്ല എന്നതാണ് തമാശ. അതിന്റെ ഭാഗമാണ് സംസ്ഥാനത്ത് പകുതിക്കു താഴെ മാത്രമേ രോഗം വന്ന് ആര്‍ജ്ജിത പ്രതിരോധശേഷി നേടിയിട്ടുള്ളു എന്ന മുന്‍കൂര്‍ ജാമ്യം. പല സംസ്ഥാനങ്ങളിലും ഇതിനേക്കാള്‍ കുറവാണ് ആ കണക്ക്. യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അംഗീകരിച്ചും സുതാര്യമായുമാണ് മഹാമാരിയെ നേരിടേണ്ടതെന്നതാണ് അധികൃതര്‍ മറക്കുന്നത്.

സര്‍ക്കാര് ഇനിയും തിരുത്തേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എല്ലാവര്‍ക്കും കിറ്റ് നല്‍കുന്നതിന്റെ അര്‍ത്ഥം എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ശതകോടികള്‍ വരുമാനമുള്ള മുതലാളിമാര്‍ക്കും വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും വന്‍കിട തോട്ടം ഉടമകള്‍ക്കും ജ്വല്ലറി ഉടമകള്‍ക്കും യുജിസി സ്‌കെയില്‍ വേതനം വാങ്ങുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ആശുപത്രി – ലാബ് ഉടമകള്‍ക്കും ജഡ്ജിമാര്‍ക്കും കളക്ടര്‍മാര്‍ക്കും യൂണിയന്‍ – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും KSEB – KSFE ബീവറേജ് പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മാതൃഭൂമി – മനോരമ – ഏഷ്യാനെറ്റ് – 24 ന്യൂസ് പോലുള്ള മാധ്യമസ്ഥാപന ഉടമകള്‍ക്കും ബാങ്ക് – ഇന്‍ഷ്വറന്‍സ് ജീവനക്കാര്‍ക്കുമെല്ലാം മാസാമാസം 500 രൂപയുടെ കിറ്റ് എന്തിനാണ് നല്‍കുന്നത്? പകരം ഏറ്റവും ബുദ്ധിമുട്ടുള്ളവരുടെ അക്കൗണ്ടിലേക്ക് മാസം 2000 രൂപയെങ്കിലും നല്‍കുകയല്ലേ വേണ്ടത്? അതായിരുന്നു സിപിഎം പോലും കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കിറ്റ് നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെങ്കില്‍ ഒന്നരമാസത്തിനുള്ളില്‍ 20 പേര്‍ ആത്മഹത്യ ചെയ്യുമായിരുന്നില്ലല്ലോ. ഇനിയും ആ പട്ടിക നീളുമെന്നുറപ്പ്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഇനിയും ഒരു സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ദിവസം പ്രഖ്യാപിച്ച പാക്കേജില്‍ പ്രധാനമായും ഉണ്ടായിരുന്നത് വായ്പകളിലെയും കുറികളിലേയും മറ്റും ഇളവാണ്. അതാകട്ടെ പ്രധാനമായും KSFE, പോലുള്ള ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട്. അവിടങ്ങളില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുന്നവരില്‍ വലിയൊരു ഭാഗം കൊവിഡ് കാര്യമായി ജീവിതത്തെ ബാധിക്കാത്ത, അക്കാലത്തുപോലും ഇന്‍ക്രിമെന്റ് ലഭിച്ച സര്‍ക്കാര്‍ ജിവനക്കാരാണ്. കൊവിഡ് ആരംഭിച്ചതിനുശേഷം ഇന്നോളം ഒരു വരുമാനവുമില്ലാത്ത ലക്ഷകണക്കിനുപേര്‍ കേരളത്തിലുണ്ട്. പൊതുപരിപാടികള്‍ ഒന്നും നടക്കാത്തതിനാല്‍ അവയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന നാടകക്കാര്‍ തുടങ്ങി ഉത്സവങ്ങളിലെ കൊട്ടുകാര്‍ വരെയുള്ള കലാകാരന്മാര്‍, സ്റ്റേജ് സൗണ്ട് കാര്‍, കാറ്ററിംഗുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, സ്ഥലവും കസേരകളും മറ്റും വാടകക്ക് കൊടുക്കുന്നവര്‍, തിയറ്ററുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവര്‍, സ്‌കൂള്‍ വാന്‍, മിനി ബസുകാര്‍ തുടങ്ങി എത്രയോ മേഖലകളിലുള്ളവര്‍ ഉദാഹരണം. അവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 500 രൂപയുടെ കിറ്റ് മാത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാക്‌സിനേഷനാണ് കൊവിഡ് വ്യാപനത്തിനുള്ള പ്രതിവിധി എങ്കില്‍ അക്കാര്യത്തിലും വലുതായൊന്നും മുന്നോട്ടുപോകാന്‍ നമുക്കായിട്ടില്ല. വാക്‌സിന്‍ ഡോസിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം തുടരണം. അതോടൊപ്പം വാക്സിന്‍ ചലഞ്ചിലൂടെ പിരിച്ച തുകക്കെങ്കിലും ആഗോളവിപണിയില്‍ നിന്ന് വാക്സിന്‍ വാങ്ങാനും തയ്യാറാകണം. എന്നാല്‍ ആ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ് എന്നാണറിവ്. മറ്റൊരു പ്രധാന വിഷയം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പോലീസിനു നല്‍കിയിട്ടുള്ള അമിതാധികാരങ്ങളാണ്. അതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ നിരവധി അതിക്രമകഥകള്‍ പുറത്തുവന്നല്ലോ. ഇപ്പോഴിതാ മനുഷ്യാവകാശ കമ്മീഷന്‍ തന്നെ വിഷയത്തിലടപെട്ടിരിക്കുന്നു. കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ഡിജിപി ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ക്രമസമാധാന പ്രശ്‌നമല്ല, ആരോഗ്യ പ്രശ്‌നമാണെന്നാണ് സര്‍ക്കാര്‍ മറക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ പോലീസ് എന്തതിക്രമം കാണിച്ചാലും ന്യായീകരിക്കുക എന്ന നയം തന്നെയാണ് ഇക്കാര്യത്തിലും സ്വീകരിച്ചിരിക്കുന്നത്.

മഹാമാരിയുടെ കാലത്ത് ഏറ്റവും പ്രധാനം സുതാര്യതയാണ്. ജനങ്ങളില്‍ ഒന്നും മറച്ചുവെക്കാതിരിക്കുക. അത് മരണകണക്കാണെങ്കിലും രോഗവ്യാപനകണക്കാണെങ്കിലും മറ്റെന്തായാലും. സാങ്കേതികവിദഗ്ധരോട് അഭിപ്രായങ്ങള്‍ ചോദിക്കാം. പക്ഷെ മഹാമാരിമൂലം ഏറ്റവും ബുദ്ധിമുട്ടുന്നവരുടെ അഭിപ്രായമറിഞ്ഞേ തീരുമാനങ്ങളെടുക്കാവൂ. ജനാധിപത്യത്തിന്റെ ഗുണമേന്മ പരീക്ഷിക്കപ്പെടുന്ന ഏറ്റവും നിര്‍ണായക സന്ദര്‍ഭമാണ് മഹാമാരിയുടെ കാലം. അതിനൊത്ത് ഉയരാന്‍ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കു കഴിയുന്നുണ്ടോ എന്ന ചോദ്യമാണ് ഈയവസരത്തില്‍ ഏറ്റവും പ്രധാനം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply