കൊവിഡ് ദുരന്തം : പ്രതി ഇന്ത്യന്‍ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതി

ആരോഗ്യസംവിധാനത്തിന്റെ പരാജയത്തിനു കാരണം ഈ വര്‍ഷങ്ങളിലെല്ലാം ഇന്ത്യയിലെ അധികാരം നിയന്ത്രിച്ചവരുടെ ഭാഗത്തുനിന്നുള്ള ഒരുതരം ‘അലസത’ അല്ലെങ്കില്‍ ‘കാര്യക്ഷമതയില്ലായ്മ’ യല്ല. പകരം, ഇന്ത്യന്‍ സാമൂഹിക സാമ്പത്തിക വ്യവസ്ഥ തന്നെ ലക്ഷ്യം വെക്കുന്നത് പൗരന്മാരില്‍ ഭൂരിഭാഗത്തിന്റേയും കഷ്ടപ്പാടും അനാരോഗ്യവും മരണവും തന്നെയാണ്.

ഓക്‌സിജന്‍ പോലും ലഭിക്കാതെ നിരവധി കോവിഡ് -19 രോഗികള്‍ തെരുവുകളില്‍ മരിച്ചു വീഴുന്നത് നമ്മള്‍ കണ്ടു. ജീവന്‍ നിലനിര്‍ത്താനായി, ചികിത്സയ്ക്കായി ആശുപത്രി കിടക്കകള്‍ക്കായി ആളുകള്‍ പരക്കം പായുന്നതും നിരാശരാകുന്നതും കണ്ടു. മരിച്ചവര്‍ക്കാകട്ടെ അന്തസ്സുള്ള സംസ്‌കാരം പോലും നിഷേധിക്കപ്പെട്ടു. അവരുടെ മൃതദേഹങ്ങള്‍ നദികളില്‍ വലിച്ചെറിഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ ആദ്യം മുതല്‍ രാജ്യത്തെ കോവിഡ് -19 കേസുകളില്‍ ഉണ്ടായ വന്‍കുതിപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ സ്വീകരിക്കുന്നതില്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനുണ്ടായ പരാജയത്തെ കുറിച്ച് പലരും ധാരാളം എഴുതിയിട്ടുണ്ട്. മറ്റുപലതിനുമൊപ്പം സര്‍ക്കാരിന്റെ കഴിവില്ലായ്മ, എതിരഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, എല്ലാ ദേശീയ മുന്‍ഗണനകള്‍ക്കും മീതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ഇമേജ് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എന്നിവയും വിമര്‍ശനവിധേയമായി. അതോെടാപ്പം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ വഴിതിരിച്ചുവിടാനായി, രാജ്യത്തിന്റെ സമ്പന്നമായ ആരോഗ്യസംരക്ഷണ സംവിധാനത്തെ പഴി ചാരാനുള്ള ശ്രമങ്ങളും വ്യാപകമാണ്.

അതെ, ഈ ഘടകങ്ങളെല്ലാം കോവിഡ് -19 മൂലം ഉണ്ടാകാനിടയുള്ളതിനേക്കാള്‍ വലിയ നാശം സൃഷ്ടിക്കുന്നതില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്. എന്നിട്ടും, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയും രണ്ടാമത്തെ വലിയ സൈന്യവുമുള്ള, ബഹിരാകാശ, ആണവ, ശക്തിയുമായ രാജ്യത്തിന് എന്താണ് ശ്വാസം മുട്ടുന്ന പൗരന്മാര്‍ക്ക് ഓക്‌സിജനോ മരിച്ചവരെ സംസ്‌കരിക്കാന്‍ വിറകോ നല്‍കാനാവാത്തത് എന്നാരും ചോദിക്കുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ തുടര്‍ച്ചായായി രൂപപ്പെട്ട ആധുനിക ഇന്ത്യന്‍ റിപ്പബ്ലിക് ഒരു ചെറിയ ന്യൂനപക്ഷx ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് എന്നതാണ് ഇതിനുള്ള ഉത്തരം. മഹാ ഭൂരിപക്ഷത്തെയും അത് അവഗണിക്കുന്നു. വാസ്തവത്തില്‍ അധികാരത്തിന്റെ ഈ വരേണ്യ നിയന്ത്രണം ഇന്ത്യയില്‍ മാത്രമുള്ളതല്ല – പക്ഷെ ഇവിടെ ഭരണാധികാരികളും ഭരിക്കപ്പെടുന്നവരുമായുള്ള വേര്‍തിരിവ് മറ്റുപല ഘടകങ്ങളാല്‍ വളരെയധികം രൂക്ഷമാണെന്നു മാത്രം.

ഈ ഘടകങ്ങളില്‍ ഏറ്റവും പ്രധാനം ജാതിവ്യവസ്ഥയാണ്. അത് ഏതെങ്കിലും തരത്തിലുള്ള സഹാനുഭൂതി പോലുമില്ലാതെ ഇന്ത്യന്‍ ജനസംഖ്യയുടെ വളരെ വലിയൊരു വിഭാഗത്തെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ല.

മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ പേരില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഏറെ പീഡിപ്പിച്ച പ്രശസ്ത ഡോക്ടര്‍ ഡോ. ബിനായക് സെന്‍ ഒരു ദശാബ്ദത്തിന് മുമ്പുതന്നെ ഇന്ത്യയില്‍ വ്യാപകമായ പോഷകാഹാരക്കുറവ് ഒരു ‘വംശഹത്യ’യാണെന്നു ചൂണ്ടികാട്ടിയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ പൗരന്മാരില്‍ വലിയൊരു വിഭാഗം ജനങ്ങളെ അധികാരത്തിലിരിക്കുന്നവര്‍ വളരെ നേരത്തെ തന്നെ മരണത്തിലേക്ക് തള്ളി്വിടുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടിയിരുന്നു.

അക്കാലത്ത് ബിനായക് സെന്നിന്റെ അനുയായികളില്‍ പലരും ബ്യൂറോക്രസിയുടേയും ആരോഗ്യസംവിധാനത്തിന്റെയും വീഴ്ചകളെ സൂചിപ്പിക്കുന്നതിന് അദ്ദേഹം വംശഹത്യ എന്ന പദം ഉപയോഗിക്കുന്നതില്‍ അത്ഭുതപ്പെട്ടിരുന്നു. വിഭവങ്ങളുടെ അപര്യാപ്തതയും ബ്യൂറോക്രയുടേയും രാഷ്ട്രീയനേതൃത്വത്തിന്റേയും പരാജയവുമാണ് മഹാഭൂരിപക്ഷത്തിനും ആരോഗ്യ, ക്ഷേമ നടപടികള്‍ നിഷേധിക്കപ്പെടുന്നതിനു കാരണമെന്ന പൊതുധാരണയാണ് നിലനിന്നിരുന്നത്.

ഇന്ത്യയിലെ ജനസംഖ്യയില്‍ പ്രായമായവരുടെ 33 ശതമാനത്തിലധികം പേരുടെയും ബോഡി മാസ് ഇന്‍ഡ്ക്‌സ് 18.5 ല്‍ താഴെയാണെന്ന് ഡോ. സെന്‍ ചൂണ്ടികാട്ടി. അതിനുകാരണം പോഷകാഹാരകുറവുതന്നെ. കൂടാതെ, അഞ്ച് വയസ്സിന് താഴെയുള്ള ഇന്ത്യയിലെ കുട്ടികളില്‍ 47%വും പോഷകാഹാരക്കുറവുള്ളവരാണ്. 26% നവജാത ശിശുക്കളം ജനനസമയത്തുതന്നെ ഭാരക്കുറവുള്ളവരാണ്.

വംശഹത്യ എന്ന പദം ഉപയോഗിക്കുന്നതിനുള്ള ഡോ. സെന്നിന്റെ യുക്തി മറ്റൊന്നുമല്ല, അത്തരം പോഷകാഹാരക്കുറവ് ഇന്ത്യന്‍ ജനസംഖ്യയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നില്ല, മറിച്ച് കൂടുതലും കേന്ദ്രീകരിച്ചത് ഗോത്രക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കുമിടയിലാണ് എന്നതാണ്. ഇന്ത്യന്‍ പൗരന്മാരില്‍ ഈ രണ്ട് വിഭാഗങ്ങളും ജനസംഖ്യയുടെ 29 ശതമാനത്തിലധികമാണ്. എന്നാല്‍ പോഷകാഹാരക്കുറവിന്റെ കണക്കില്‍ പകുതിയിലധികവും ഇവരിലാണ്. രാജ്യത്തെ വിവിധ രോഗവ്യാപനങ്ങളുടെ വലിയൊരു പങ്കും ക്ഷയരോഗം, മലേറിയ, വയറിളക്കം, ന്യുമോണിയ എന്നിവ മൂലമുള്ള ശിശുമരണ നിരക്കും ഏറ്റവും കൂടുതല്‍ ഈ വിഭാഗങ്ങള്‍ക്കിടയിലാണെന്നതില്‍ അത്ഭുതപ്പെടാനില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യന്‍ ജനസംഖ്യയുടെ 41 ശതമാനം വരുന്ന മറ്റ് പിന്നോക്ക ജാതികളിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവും രോഗഭാരത്തിന്റെ തോതും ഇതിനേക്കാള്‍ വളരെ പിന്നിലല്ല. 2020ലെ ആഗോള പട്ടിണി സൂചിക പ്രകാരം 107 രാജ്യങ്ങളില്‍ ഇന്ത്യ 94-ാം സ്ഥാനത്താണ്. റുവാണ്ട, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, ലൈബീരിയ, മൊസാംബിക്ക്, ചാഡ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്കു പുറകിലുള്ളത്. .

കോവിഡ് – 19 സൃഷ്ടിച്ച വിനാശകരമായ പ്രത്യാഘാതത്തിന്റെ രണ്ടാമത്തെ വ്യവസ്ഥാപരമായ കാരണം സമ്പത്തിന്റെ അസാധാരണമായ കേന്ദ്രീകരണമാണ്. ലോകത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സമ്പൂര്‍ണ്ണ ദാരിദ്ര്യത്തില്‍ വസിക്കുന്ന ഈ രാജ്യത്തെ ജനസംഖ്യയുടെ 10% പേര്‍ മൊത്തം ദേശീയ സമ്പത്തിന്റെ 77%വും കയ്യടക്കി വെച്ചിരിക്കുകയാണ്.

ഇന്ത്യന്‍ വരേണ്യവര്‍ഗം കയ്യടക്കി വെച്ചിരിക്കുന്ന ഈ സമ്പത്തിന്റെ ഭൂരിഭാഗവും ചങ്ങാത്ത മുതലാളിത്തത്തിലൂടെയും അനന്തരാവകാശത്തിലൂടെയും കേന്ദ്രീകരിക്കപ്പെടുക.യാണ്. അധികാരത്തിലെത്തുന്ന ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇവരുടെ ലക്ഷ്യങ്ങള്‍ക്കായി നയങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നു. ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ക്ഷേമത്തില്‍ അവര്‍ക്കൊരു പരിഗണനയുമില്ല. ഉദാഹരണത്തിന്, 2017-18ല്‍ പൊതു ആരോഗ്യമേഖലയില്‍ ചിലവഴിച്ച തുക ജിഡിപിയുടെ വെറും 1.28 ശതമാനമായിരുന്നു, ലോകത്തിലെ ഏറ്റവും താഴ്ന്ന കണക്കുകളിലൊന്നാണിത്. ഏഴ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം ക്രമാനുഗതമായി നിലനിര്‍ത്തുന്ന ലജ്ജാകരമായ റെക്കോര്‍ഡ്.

പൊതുമേഖലയിലെ ഈ ദയനീയ അവസ്ഥ മൂലം രാജ്യ്തതെ ആരോഗ്യരംഗത്തെ 75 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് സ്വകാര്യമേഖലയിലാണ്. ആഗോളതലത്തില്‍ തന്നെ ആരോഗ്യസംരക്ഷണത്തിനായി ഏറ്റവും ഉയര്‍ന്ന ചെലുവരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. പലരും കടക്കെണിയിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതുതന്നെ. രാജ്യത്തു നടക്കുന്ന ആത്മഹത്യകളില്‍ 20 ശതമാനത്തിലധികവും ആരോഗ്യപരമായ പ്രശ്‌നങ്ങളാലും ആശങ്കകളാലുമാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആരോഗ്യസംവിധാനത്തിന്റെ ഈ പരാജയത്തിനു കാരണം ഈ വര്‍ഷങ്ങളിലെല്ലാം ഇന്ത്യയിലെ അധികാരം നിയന്ത്രിച്ചവരുടെ ഭാഗത്തുനിന്നുള്ള ഒരുതരം ‘അലസത’ അല്ലെങ്കില്‍ ‘കാര്യക്ഷമതയില്ലായ്മ’ യല്ല. പകരം, ഇന്ത്യന്‍ സാമൂഹിക സാമ്പത്തിക വ്യവസ്ഥ തന്നെ ലക്ഷ്യം വെക്കുന്നത് പൗരന്മാരില്‍ ഭൂരിഭാഗത്തിന്റേയും കഷ്ടപ്പാടും അനാരോഗ്യവും മരണവും തന്നെയാണ്. അങ്ങേയറ്റത്തെ ക്രൂരതയിലൂടെ മാത്രമേ അത് ശാശ്വതമായി നിലനിര്‍ത്താനാകൂ.

ജാതിശ്രേണികളെ അട്ടിമറിക്കുകയും സമ്പത്ത് ഗണ്യമായി പുനര്‍വിതരണം ചെയ്യുകയും ചെയ്യുന്ന നയങ്ങളില്ലാതെ, ഏതെങ്കിലും തരത്തിലുള്ള മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം ഇന്ത്യന്‍ പൗരന്മാര്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷ നിരര്‍ത്ഥകമാണ്. കോവിഡ് -19 പ്രതിസന്ധി നല്‍കുന്ന യഥാര്‍ത്ഥ പാഠം, ഇന്നത്തെ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനതയുടെ നിലനില്‍പ്പോ കൊളോണിയലും വംശീയവുമായ വ്യവസ്ഥയോ എന്നതാണ്.

(Sagarnama@gmail.com. ഈ ലേഖനം ആര്‍ക്കും പുനപ്രസിദ്ധീകരിക്കാവുന്നതാണ്. കടപ്പാട്: www.countercurrents.org)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply