മനുഷ്യന്റെ വൈരുപ്യത്തിലേക്ക് പിടിച്ച കണ്ണാടിയാണ് ഡുക്ക് സിനിമ

മനുഷ്യമനസ്സിന്റെ ഉള്ളറകളില്‍, അയുക്തികമായ ആഴങ്ങളിലുറങ്ങുന്ന ഹിംസാത്മകതയിലേക്കാണ് കിം കി ഡുക്കിന്റെ സിനിമകള്‍ സഞ്ചരിക്കുന്നത്. അത്രമേല്‍ അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നു ഈ കലാകാരന്‍ അവിടെ കണ്ടെത്തിയ ലോകം. ആ ലോകം അത്രമേല്‍ ഇരുണ്ടതായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്കും ആ ഇരുള്‍ പടര്‍ന്നിരുന്നു. അതിന് അദ്ദേഹം വേണ്ടുവോളം പഴി കേട്ടിട്ടുമുണ്ട്

ഒരു ചലചിത്ര പ്രതിഭ കൂടി നമുക്കിടയില്‍ നിന്ന് അപഹരിക്കപ്പെട്ടിരിക്കുന്നു.  കിം കി ഡുക്കിനെപോലെ പ്രതിഭാശാലിയായ ഒരു കലാകാരന്റെ അകാലവിയോഗം തീര്‍ച്ചയായും ദുഖകരമാണ്. എഷ്യന്‍ സിനിമയെ ലോകസിനിമാവേദികളില്‍ ശ്രദ്ധേയമാക്കുന്നത്‌ അകിര കുറസ്സോവയാണ്. തുടര്‍ന്ന് ഒട്ടേറെ സംവിധായകര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലോകസിനിമയിലേക്ക് വളര്‍ന്നു. ആ തുടര്‍ച്ചയില്‍ ഏറ്റവും ഇങ്ങേ അറ്റത്തു നില്‍ക്കുകയായിരുന്നു കിം കി ഡുക്ക്. കൊറിയന്‍ സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ സംവിധായകന്‍. യൂറോപ്യന്‍ – അമേരിക്കന്‍ സിനിമാരീതികളില്‍ നിന്ന് വ്യത്യസ്ഥമായി സ്വന്തം സാംസ്‌കാരികതയിലൂന്നിയ ഒരു ആഖ്യാനശൈലിക്ക് രൂപം കൊടുക്കാനായി എന്നതായിരുന്നു ആ വിജയത്തിന്റെ അടിസ്ഥാനം. ഒരു ഒറ്റയാന്റെ കരുത്തും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കുന്നവയായിരുന്നു രണ്ടു ഡസനോളം വരുന്ന ഡുക്കിന്റെ സിനിമകള്‍. മലയാളികള്‍ക്കിടിയല്‍ അദ്ദേഹത്തിനുണ്ടായിരുന്ന ജനപ്രിയത വിസ്മയിക്കുന്നതായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഫ്രെയിമുകളില്‍ തളം കെട്ടിനില്‍ക്കുന്ന മുഴങ്ങുന്ന മൗനം. ഷോട്ടുകളില്‍ നിന്നു ഷോട്ടുകളിലേക്കും സീക്വന്‍സുകളിലേക്കും അവധാനതയോടെയുള്ള, താളനിബദ്ധമായ ഒഴുക്ക്. അദ്ദേഹത്തിന്റെ ആഖ്യാനരീതിയില്‍ എന്നെ ആകര്‍ഷിച്ച രണ്ടു പ്രധാന ഘടകങ്ങള്‍ ഇവയാണ്. ഒരു ഘട്ടം പിന്നിടുമ്പോള്‍ സ്വയം അനുകരിച്ച് വിരസമായ അദ്ദേഹത്തിന്റെ പല സിനിമകളും എന്നെ നിരാശപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ പ്രതിഭാശാലിയായ ചലചിത്രകാരന്‍ എന്ന പദവിക്ക് അത് യാതൊരുവിധ കോട്ടവും വരുത്തിയിട്ടില്ല എന്നതും വാസ്തവമാണ്. പ്രത്യേകിച്ചും ത്രി അയേണ്‍, സ്പ്രിംഗ്, സമ്മര്‍….. തുടങ്ങിയ സിനിമകള്‍. പ്രതിഭാശാലിയായ ഒരു ചലചിത്രപ്രതിഭയുടെ കരസ്പര്‍ശം ഇവയില്‍ കാണാം. ഇന്ന് ലോകമെമ്പാടും കൊറിയന്‍ സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ അംഗീകാരത്തിലേക്കുള്ള വഴിവെട്ടി തുറക്കുന്നതില്‍ ഈ സിനിമകള്‍ക്കും കിം കി ഡുക്കിനുമുള്ള പങ്ക് വളരെ വലുതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനുഷ്യമനസ്സിന്റെ ഉള്ളറകളില്‍, അയുക്തികമായ ആഴങ്ങളിലുറങ്ങുന്ന ഹിംസാത്മകതയിലേക്കാണ് കിം കി ഡുക്കിന്റെ സിനിമകള്‍ സഞ്ചരിക്കുന്നത്. അത്രമേല്‍ അവിശ്വസനീയവും വിസ്മയിപ്പിക്കുന്നതുമായിരുന്നു ഈ കലാകാരന്‍ അവിടെ കണ്ടെത്തിയ ലോകം. ആ ലോകം അത്രമേല്‍ ഇരുണ്ടതായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സിനിമകളിലേക്കും ആ ഇരുള്‍ പടര്‍ന്നിരുന്നു. അതിന് അദ്ദേഹം വേണ്ടുവോളം പഴി കേട്ടിട്ടുമുണ്ട്. മനുഷ്യകേന്ദ്രീകൃതമായ ആധുനികത ആഘോഷമാക്കിയ ”സുന്ദരനായ” മനുഷ്യനെ നാം ആ സൃഷ്ടികളില്‍ കാണുന്നില്ല. നമ്മുുടെ വിശ്വാസ പ്രമാണങ്ങളുടേയും സ്ഥാപന ശൃംഖലകളുടേയും ബാഹ്യമോടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന ഹിംസയെയാണ് ഡുക്ക് സിനിമകള്‍ നമുക്കുനേരെതന്നെ പിടിച്ചത്. നമുക്കത് വിശ്വസിക്കാവുന്നതിനപ്പുറമായിരുന്നു. താങ്ങാവുന്നതിനപ്പുറം. മനുഷ്യാനന്തരലോകത്താണ് കിം കി ഡുക്ക് സിനിമകള്‍ സ്വയം സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ടായിരിക്കണം ഇത്രയും സ്വാഭാവികമായി, ലാവണ്യപരതയില്ലാതെ അദ്ദേഹം ഹിംസയെ ലാളിച്ചത്. നമ്മുടെ നൈതിക സാംസ്‌കാരിക നാട്യങ്ങളെ തുറന്നു കാണിച്ചത്. ഇത്രയും അശ്ലീലമാണോ മനുഷ്യന്‍ എന്ന് നാം സ്തബ്ധരായത്. മനുഷ്യന്റെ വൈരുപ്യത്തിലേക്ക് പിടിച്ച കണ്ണാടിയാണ് ഡുക്ക് സിനിമ. അക്ഷന്തവ്യമായ ഹിംസയാണ് മനുഷ്യന്റെ ഏകമതം എന്ന് അത് ഓര്‍മ്മിപ്പിക്കുന്നു. നമുക്ക് ഏറ്റവും വൃത്തിയായി ചെയ്യാവുന്ന ഏകകര്‍മ്മമാണ് ഹിംസ എന്നു പഠിപ്പിച്ച കിം കി ഡുക്കിന് ആദരാജ്ഞലികള്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply