സ്വര്‍ണ്ണകേസ്, ചാരകേസിന്റേയും സോളാറിന്റേയും തനിയാവര്‍ത്തനമോ..?

ഇപ്പോഴത്തെ അവസ്ഥയില്‍ വരുംദിവസങ്ങളില്‍ ഈ വൃത്തികെട്ട യുദ്ധം രൂക്ഷമാകാനാണ് സാധ്യത. അതിലൂടെ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നുറപ്പ്. മലയാളികള്‍ തോറ്റുതൊപ്പിയിട്ട ജനതതന്നെ. പക്ഷെ ആ തോല്‍വിയെ നാം ആഘോഷിക്കുന്നതിനാല്‍ ആരുമിനി അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നുറപ്പ്.

മലയാളികള്‍ തോറ്റ ജനതയാണെന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്ത ഒരു സുബ്രഹ്മണ്യദാസ് നമുക്കുണ്ടായിരുന്നു. പ്രതീക്ഷിച്ച രീതിയില്‍ സാമൂഹ്യമുന്നറ്റേങ്ങളും രാഷ്ട്രീയ ചലനങ്ങളും മുന്നോട്ടുപോകാതിരുന്നതിനാലായിരുന്നു ആ ആത്മഹത്യ. എന്നാലിന്നത്തെ അവസ്ഥ അതല്ല. മലയാളി എത്രമാത്രം പുറകോട്ടാണ് നടക്കുന്നത് എന്നതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു ദിവസത്തെ ചര്‍ച്ചകള്‍. കക്ഷിരാഷ്ട്രീയവും സ്ത്രീവിരുദ്ധതയും കപടസദാചാരവുമായിരിക്കുന്നു നമ്മുടെ മുഖമുദ്രകള്‍. ഒരുകാലത്ത് സാമൂഹ്യമുന്നേറ്റങ്ങളിലൂടെ നേടിയെന്നഹങ്കരിച്ച എല്ലാ വിജയങ്ങളും അടിയറവെച്ച് അക്ഷരാര്‍ത്ഥത്തില്‍ തോറ്റ ജനതയായി നാം മാറിയിരിക്കുന്നു.

ഏകദേശം അഞ്ചുവര്‍ഷം മുമ്പ്, ഉമ്മന്‍ ചാണ്ടി ഭരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ സംഭവങ്ങളുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ കാണുന്നത്. അന്ന് സരിതയുടെ പേരിലായിരുന്നു വിവാദങ്ങളെങ്കില്‍ ഇപ്പോള്‍ സ്വപ്‌നയുടെ പേരിലാണെന്നു മാത്രം. സോളാര്‍ അഴിമതിയുടെ പേരുപറഞ്ഞ് എന്തിനെല്ലാമായിരുന്നു കേരളം അന്ന് സാക്ഷ്യം വഹിച്ചത്. ഒരു അഴിമതി നടന്നാല്‍ അന്വേഷിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ അതായിരുന്നില്ല കേരളത്തെ പിടിച്ചുകുലുക്കിയത്. സോളാറില്‍ കുറ്റമാരോപിക്കപ്പെട്ട സരിതയുമായി ആര്‍ക്കൊക്കെ ബന്ധങ്ങളുണ്ടെന്നായിരുന്നു രാഷ്ട്രീയക്കാരും മാധ്യമങ്ങളും മിക്കവാറും മലയാളികളും ചര്‍ച്ച ചെയ്തത്. സരിതക്കു പകരം ഒരു പുരുഷനാണെങ്കില്‍ ഇത്രമാത്രം കോലാഹലമുണ്ടാകുമായിരുന്നോ? വര്‍ഷങ്ങള്‍ക്കുമുമ്പെ കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ചാരകേസും നമ്മള്‍ ആഘോഷിച്ചത് അങ്ങനെയായിരുന്നല്ലോ. കാസറ്റ് തേടിയുള്ള യാത്രയും തിരുവനന്തപുരത്തെ സ്തംഭിപ്പിച്ചു നടന്ന സമരാഭാസങ്ങളും സരിത ആരുടെയൊക്കെ കൂടെ നില്‍ക്കുന്നു അവരുടെയാക്കെ ഫോട്ടോകളുമായി അക്ഷരാര്‍ത്ഥത്തില്‍ കേരളം ആഷോഷിച്ചു തിമര്‍ക്കുകയായിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്നു പ്രത്യകിച്ചു ഓര്‍മ്മപ്പെടുത്തേണ്ടതില്ലല്ലോ. ചാരകേസിനും എന്താണ് സംഭവിച്ചതെന്നു നാം കണ്ടു. കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുണ്ടാകാന്‍ തന്നെ കാരണം ഒരു നേതാവിന്റെ കാറില്‍ ഒരു സ്ത്രീ യാത്ര ചെയ്തതാണ് എന്നു കൂടി ഇപ്പോള്‍ ഓര്‍ക്കുന്നത് നന്ന്.

ഇപ്പോഴിതാ അഴിമതിയുടെ ഗ്രാവിറ്റിയില്‍ സോളാറിനേക്കാള്‍ വലുതെന്നു തോന്നിപ്പിക്കുന്ന സ്വര്‍ണ്ണ കടത്തായിരിക്കുന്നു നമ്മുടെ വിഷയം. തീര്‍ച്ചയായും തുടക്കത്തില്‍ പറഞ്ഞപോലെ അഴിമതി അന്വേഷിക്കണം. ഏതു കുറ്റവാളിയാണെങ്കിലും ശിക്ഷിക്കപ്പെടണം. എന്നാല്‍ കാര്യങ്ങളുടെ പോക്ക് സോളാര്‍ വഴിയിലൂടെയെന്നാണ് രണ്ടു ദിവസത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തിന് മധുരമായ പകരം വീട്ടലിന്റെ അവസരമായിരിക്കും ഇത്. ഏതൊരു വിഷയത്തേയും കക്ഷിരാഷ്ട്രീയത്തിലൂടെയാണല്ലോ നാം കാണുന്നത്. എന്നാല്‍ എത്രമാത്രം അധപതിച്ച ഒരവസ്ഥയിലേക്കാണ് നാം പോകുന്നതെന്ന് ഈ കോലാഹലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. സ്വപ്‌നയുടെ ഫ്‌ളാറ്റില്‍ എന്തൊക്കെ സംഭവിക്കുന്നു, അവര്‍ ആരുടെയൊക്കെ കൂടെ നില്‍ക്കുന്ന ചിത്രങ്ങളുണ്ട് എന്നൊക്കെ അറിയാനാണ് നമുക്ക് താല്‍പ്പര്യം. മാധ്യമങ്ങള്‍ അതു നല്‍കുന്നുമുണ്ട്. ‘സ്വപ്നസുന്ദരി ഉന്നതരുടെ ഇഷ്ടതോഴിയോ ‘ എന്നൊക്കെയാണ് മാധ്യമങ്ങളുടെ ചര്‍ച്ചാവിഷയം. ഈ നിലക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വരുംദിവസങ്ങളില്‍ ഈ വൃത്തികെട്ട യുദ്ധം രൂക്ഷമാകാനാണ് സാധ്യത. അതിലൂടെ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നുറപ്പ്. മലയാളികള്‍ തോറ്റുതൊപ്പിയിട്ട ജനതതന്നെ. പക്ഷെ ആ തോല്‍വിയെ നാം ആഘോഷിക്കുന്നതിനാല്‍ ആരുമിനി അതിന്റെ പേരില്‍ ആത്മഹത്യ ചെയ്യില്ലെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply