പാല്‍പൊടി ഫാക്ടറിയില്ലാത്തിനു കാരണം രാഷ്ട്രീയമാണ്

വാസ്തവത്തില്‍ ഈ രാഷ്ട്രീയപ്രശ്‌നം ഇന്ത്യയില്‍ ആദ്യമുന്നയിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യ വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നും ആ ദേശീയതകള്‍ക്കെല്ലാം സ്വയംനിര്‍ണ്ണയാവകാശം വേണമെന്നും സ്വാതന്ത്ര്യസമരകാലത്തുതന്നെ അവര്‍ നിലപാടെടുത്തിരുന്നു. അങ്ങനെയാണ് ഇ എം എസ് ”കേരളം, മലയാളികളുടെ മാതൃഭൂമി” എന്ന ഗ്രന്ഥം രചിച്ചത്. പിന്നീട് അവരാ നിലപാട് കയ്യൊഴിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ മത്തായി മാഞ്ഞൂരാനും ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചിരുന്നു.

ലക്ഷങ്ങള്‍ ചിലവഴിച്ച് സര്‍ക്കാര്‍ നിര്‍മ്മിച്ച് മലയാളചാനലുകള്‍ ആഴ്ചതോറും സംപ്രേഷണം ചെയ്യുന്ന നാം മുന്നോട്ട് എന്ന പരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു വാചകം സൂക്ഷ്മമായ രാഷ്ട്രീയ പരിശോധന അര്‍ഹിക്കുന്നതാണ്. ”കേരളത്തില്‍ ഇത്രമാത്രം പാല്‍ ഉല്‍പ്പാദിപ്പിച്ചിട്ടും ഇവിടെ പാല്‍പ്പൊടി ഉല്‍പ്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഇല്ല എന്ന് നമ്മള്‍ അറിയുന്നത് ഈ കൊവിഡ് കാലത്താണ്” എന്നതാണ് ആ പരാമര്‍ശം. നാം മുന്നോട്ട് എന്ന പരിപാടി അസുഖകരമായ ഒരു ചോദ്യവും മുഖ്യമന്ത്രിയോട് ഉന്നയിക്കില്ല എന്നുറപ്പു വരുത്തുന്ന ഒന്നാണല്ലോ. അഥവാ ചോദിച്ചാല്‍ തന്നെ ലൈവ് അല്ലാത്തതിനാല്‍ എഡിറ്റ് ചെയ്തു കളയുകയുമാകാം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തന്നെയാണല്ലോ പരിപാടിയുടെ അവതാരകന്‍.

തീര്‍ത്തും തെറ്റായ ഒരു പരാമര്‍ശമാണ് മുഖ്യമന്ത്രിയുടേത്. ഒരുപക്ഷെ മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ മറ്റു പാര്‍ട്ടികള്‍ക്കോ അതറിയില്ലായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഉപയോഗിച്ചത് നമ്മള്‍ എന്ന വാക്കാണ്. ്അതായത് മലയാളികള്‍ എന്നര്‍ത്ഥം. അതൊരിക്കലും ശരിയല്ല. എത്രയോ സാമ്പത്തിക വിദഗ്ധരും ചെറിയ രാഷ്ട്രീയ – യുവജന പ്രസ്ഥാനങ്ങളുമൊക്ക ഈ വിഷയം എന്നേ ഉന്നയിച്ചിരുന്നു. എന്നാലത് മുഖവിലക്കെടുക്കാന്‍ മാറി് മാറി ഭരിച്ച മുഖ്യധാരാപ്രസ്ഥാനങ്ങളും നേതാക്കളും തയ്യാറായില്ല എന്നതല്ലേ വാസ്തവം.

ഈ വിഷയത്തെ സമഗ്രമായി ഉന്നയിച്ച് നിരവധി സമരങ്ങള്‍ നടന്ന കാലം കേരളത്തിലുണ്ടായിരുന്നു. 1980കളുടെ അവസാനം സി ആര്‍ സി സിപിഐ ഐംഎല്‍ എന്ന നക്‌സലൈറ്റ് വിഭാഗവും അവരുടെ യുവജനവിഭാഗമായിരുന്ന കേരളീയ യുവജനവേദിയുമായിരുന്നു ഈ വിഷയം രാഷ്ട്രീയമായി ഉന്നയിച്ചത്. പാലിന്റെ വിഷയം മാറ്റമല്ല, റബ്ബര്‍, വെളിച്ചെണ്ണ തുടങ്ങി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പല അസംസ്‌കൃത വസ്തുക്കളുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധനാ വ്യവസായങ്ങള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന വിഷയം തന്നെയായിരുന്നു അന്ന് ചര്‍ച്ച ചെയ്തത്. ചെറിയ പ്രസ്ഥാനങ്ങള്‍ ഉന്നയിച്ചതായതിനാല്‍ ശ്രദ്ധയില്‍ പെട്ടില്ല എന്നുപോലും പറയാനാകില്ല. കാരണം കേരളം ഏറെ ചര്‍ച്ച ചെയ്യുകയും രാജ്യം ശ്രദ്ധിക്കുകയും ചെയ്ത കൊച്ചി സ്റ്റോക് എക്‌സ്‌ചേഞ്ച് ഉപരോധവും റിസര്‍വ്വ് ബാങ്ക് ഉപരോധവും പോലുള്ള സമരങ്ങള്‍ ഈ കാമ്പയിനിന്റെ ഭാഗമായി നടന്നിരുന്നു.

ഇത്രയധികം റബ്ബര്‍ ഉല്‍പ്പാദിപ്പിച്ചിട്ടും എന്തുകൊണ്ട് ടയര്‍ കമ്പനികളോ ബലൂണ്‍ കമ്പനികളഓ പോലും ഇവിടെയുണ്ടാകുന്നില്ല, എന്തുകൊണ്ട് റബ്ബര്‍, വെറും ഷീറ്റുകളായി പുറത്തുപോയി, ടയറും ബലൂണുമടക്കമുള്ള വിവിധ ഉല്‍പ്പന്നങ്ങളായി നമ്മുടെ മാര്‍ക്കറ്റില്‍ തിരിച്ചെത്തുന്നു, എന്തുകൊണ്ട് കൊപ്രയുടെ രൂപത്തില്‍ നാളികേരം പുറത്തുപോയി സോപ്പും മറ്റു ഉല്‍പ്പന്നങ്ങളുമായി തിരിച്ചെത്തുന്നു, എന്തുകൊണ്ട് പാല്‍ പുറത്തുപോയി പാല്‍പ്പൊടിയായി മാര്‍ക്കറ്റിലെത്തുന്നു തുടങ്ങിയ ചോദ്യങ്ങള്‍ തന്നെയാണ് അന്ന് ഉന്നയിക്കപ്പെട്ടത്. ഈ എല്ലാ ഉല്‍പ്പന്നങ്ങളുടേയും വലിയ മാര്‍ക്കറ്റ് തന്നെയാണ് കേരളം. എന്നിട്ടും മൂല്യവര്‍ദ്ധന പ്രക്രിയ ഇവിടെ നടക്കുന്നില്ല, അതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങള്‍ നമുക്കു കിട്ടുന്നില്ല. അസംസ്‌കൃതവസ്തുക്കള്‍ മാത്രമല്ല, ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടുന്നതിലൂടെ ഇവിടെ മൂലധനമായി മാറേണ്ട നമ്മുടെ സമ്പത്തും പുറത്തേക്കൊഴുകുന്നു.

വാസ്തവത്തില്‍ വ്യവസായവല്‍ക്കരണത്തിനുള്ള എല്ലാ അന്തരീക്ഷവും ഇവിടെയുണ്ടായിരുന്നു. എന്നിട്ടും കാര്യമായ വ്യവസായമൊന്നും കേരളരൂപീകരണത്തിനുശേഷം ഉണ്ടായില്ല. അതിനുമുമ്പും ശേഷവും ഉണ്ടായവയാകട്ടെ മിക്കവാറും ധാരാളം വൈദ്യുതി ആവശ്യമായ, അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന, തൊഴിലവസരങ്ങള്‍ കുറഞ്ഞ രാസവ്യവസായങ്ങള്‍. കേരളത്തിനു വ്യവസായവല്‍ക്കരണ സ്വപ്‌നങ്ങള്‍ സമ്മാനിച്ച് ആദ്യകമ്യൂണിസ്റ്റ് മന്ത്രിസഭ ആദിത്യബിര്‍ളയെ കൊണ്ടുവന്ന് ആരംഭിച്ച മാവൂര്‍ റയോണ്‍സിനെപോലുള്ളവ നമ്മുടെ കാടും പുഴയുമെല്ലാം നശിപ്പിക്കുകയും ജനങ്ങള്‍ക്ക് കാന്‍സര്‍ വിതക്കുകയും ചെയ്ത അനുഭവങ്ങള്‍ വേറെ. നമ്മുടെ വിഭവങ്ങളും ലഭ്യമായ ഊര്‍ജ്ജവും മനുഷ്യശേഷിയും മാര്‍ക്കറ്റുമുപയോഗിച്ച് വ്യവസായവല്‍ക്കരണത്തിനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. നേരത്തെ സൂചിപ്പിച്ച വ്യവസായങ്ങള്‍ ആ ദിശയിലുണ്ടായിരുന്നു. എന്നാലതു സംഭവിച്ചില്ല. അസംസ്‌കൃവസ്തുക്കള്‍ പുറത്തുപോയി. അധ്വാനശേഷിയായ ചെറുപ്പക്കാര്‍ തൊഴിലിനായി പുറത്തുപോയി. അവരയക്കുന്ന പണമാകട്ടെ മാര്‍ക്കറ്റിലൂടേയും പുറത്തുപോയി. അങ്ങനെയായിരുന്നു കേരളത്തില്‍ വ്യവസായവല്‍ക്കരണം തടയപ്പെട്ടത്.

ഇതൊരു രാഷ്ട്രീയവിഷയമാണെന്നായിരുന്നു അന്ന് സിപിഐഎംഎല്‍ നിലപാടെടുത്തത്. ദേശീയ, സാര്‍വ്വദേശീയ കുത്തകകളാണ് നമ്മുടെ അസംസ്‌കൃവവ,്തുക്കള്‍ കടത്തിയിരുന്നത്. അവരുടെ ഉല്‍പ്പന്നങ്ങളാണ് മാര്‍ക്കറ്റുകള്‍ നിയന്ത്രിച്ചത്. നമ്മുടെ ബാങ്കുകളും സ്റ്റോക് എക്‌സ്‌ചേഞ്ചുമൊക്കെ കുത്തകകള്‍ക്ക് കേരളത്തില്‍ നിന്നുള്ള പണം ഒഴുക്കുന്ന ഏജന്‍സികളായി മാറി. ഈ കുത്തകകളെ നിയന്ത്രിക്കാനുള്ള രാഷ്ട്രീയ അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. ഫെഡറല്‍ എന്നു വിശേഷിപ്പിക്കുമ്പോഴും അത്യന്തം കേന്ദ്രീകൃതമായ ഈ സംവിധാനത്തില്‍ സ്വന്തം മാര്‍ക്കറ്റിനെ പോലും നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. അത്തരമൊരു സംവിധാനത്തെ ഉടച്ചുവാര്‍ക്കുകയും യഥാര്‍ത്ഥ ഫെഡറല്‍ സംവിധാനം സ്ഥാപിക്കുകയും വേണം എന്നായിരുന്നു സംഘടന മുന്നോട്ടുവെച്ചത്. ആസാമിലും പഞ്ചാബിലും കാശ്മീരിലുമൊക്കെ സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു സമരങ്ങള്‍ നടന്നിരുന്ന കാലമായിരുന്നു അത്. ഒരു ഘട്ടത്തില്‍ സ്വതന്ത്രകേരളം എന്ന മുദ്രാവാക്യം പോലും അന്നുയരുകയുണ്ടായി.

കുത്തകളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും കേരളീയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടുള്ള കാമ്പയിന്‍, കുത്തകകളുടെ പരസ്യങ്ങളും വാഹനങ്ങളും നശിപ്പിക്കല്‍ തുടങ്ങി റിസര്‍വ്വ് ബാങ്കും സ്റ്റോക് എക്‌സ്‌ചേഞ്ചും ഉപരോധിക്കുന്നതുവരെ ആ സമരം വളര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ പി ജെ ജോസഫിന്റെ നേതൃത്വത്തിലുള്ള കേരളകോണ്‍ഗ്രസ്സും ചെറിയാന്‍ ഫിലിപ്പിന്റെ കേരള ദേശീയവേദിയുമൊക്കെ ഇതുമായി സഹകരിച്ചിരുന്നു. പഞ്ചാബ് മോഡല്‍ സമരത്തെ കുറിച്ച് ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയും പിന്നീട് വന്നിരുന്നു. സാമ്പത്തിക രംഗത്തുമാത്രമല്ല, മറ്റുമേഖലകലിലും സമാന സമരങ്ങള്‍ നടന്നു. മലയാള സര്‍വ്വകലാശാലക്കായി വന്‍ പ്രചാരണമാണ് അന്നു നടന്നത്.

വാസ്തവത്തില്‍ ഈ രാഷ്ട്രീയപ്രശ്‌നം ഇന്ത്യയില്‍ ആദ്യമുന്നയിച്ചത് കമ്യൂണിസ്റ്റുകാരായിരുന്നു. ഇന്ത്യ വവിധ ദേശീയതകളുടെ സമുച്ചയമാണെന്നും ആ ദേശീയതകള്‍ക്കെല്ലാം സ്വയംനിര്‍ണ്ണയാവകാശം വേണമെന്നും സ്വാതന്ത്ര്യസമരകാലത്തുതന്നെ അവര്‍ നിലപാടെടുത്തിരുന്നു. അങ്ങനെയാണ് ഇ എം എസ് ”കേരളം, മലയാളികളുടെ മാതൃഭൂമി” എന്ന ഗ്രന്ഥം രചിച്ചത്. പിന്നീട് അവരാ നിലപാട് കയ്യൊഴിയുകയായിരുന്നു. ഒരു ഘട്ടത്തില്‍ മത്തായി മാഞ്ഞൂരാനും ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചിരുന്നു.

ഇപ്പോള്‍ പിണറായി വിജയന്‍ ഉന്നയിച്ചത് പാല്‍പ്പൊടിയുടെ വിഷയമായിരിക്കാം. എന്നാല്‍ അദ്ദേഹത്തിനറിഞ്ഞാലും അറിയില്ലെങ്കിലും അതിനു പുറകില്‍ വലിയൊരു രാഷ്ട്രീയമുണ്ട്. ആഗോളീകരണത്തിന്റെ കാലത്തിനനുസരിച്ച മാറ്റങ്ങളോടെയാണെങ്കിലും ഇന്നും പ്രസക്തമാണ് ആ രാഷ്ട്രീയം. കൃത്യമായ ഫെഡറല്‍ സംവിധാനത്തിലൂടെയല്ലാതെ സ്വന്തം വിഭവങ്ങളും മൂലധനവും അധ്വാനശേഷിയും മാര്‍ക്കറ്റുമൊന്നും നിയന്ത്രിക്കാന്‍ നമുക്കാവില്ല. അത്തരമൊരു സംവിധാനത്തിനായാണ് പോരാടേണ്ടത്. എന്നാല്‍ രാജ്യത്ത് സംഭവിക്കുന്നത് കടകവിരുദ്ധമായ കാര്യങ്ങളാണല്ലോ. എല്ലാ വൈവിധ്യങ്ങളേയും ഇല്ലാതാക്കി ഹിന്ദുത്വത്തിലധിഷ്ഠിതമായി, കോര്‍പ്പറേറ്റ് താല്‍പ്പര്യപ്രകാരം കരുത്തുറ്റ ഭാരതം കെട്ടിപ്പടുക്കാനാണല്ലോ സംഘപരിവാര്‍ നീക്കം. നിര്‍ഭാഗ്യവശാല്‍, സംഘപരിവാറിനെ എതിര്‍ക്കുന്നവര്‍ പോലും ഇതിനു ബദലായി വൈവിധ്യങ്ങളുടേതായ ഫെഡറല്‍ സംവിധാനത്തിന്റെ രാഷ്ട്രീയം ശക്തമായി ഉന്നയിക്കുന്നില്ല. ഇടതുപക്ഷമടക്കം അഖണ്ഡതയുടെ രാഷ്ട്രീയത്തിന്റെ വക്താക്കളാകുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ എന്തുകൊണ്ടാണ് പാല്‍ുൊടി ഫാക്ടറി ഇവിടെ ഇല്ലാത്തത് എന്നു നമുക്ക് ചോദിക്കാം. പക്ഷെ കൃത്യമായ രാഷ്ട്രീയനിലപാടില്ലാതെ ആ ചോദ്യത്തിനു ഉത്തരം കണ്ടെത്താനാകില്ല എന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply