നിയമസഭയിലേക്ക് ബിജെപി അരയും തലയും മുറുക്കുമ്പോള്‍

കൊവിഡ് കാലം പാര്‍ട്ടി വളര്‍ത്താന്‍ ഏറ്റവും ആസൂത്രിതമായി ഉപയോഗിക്കുന്നത് ബിജെപിയാണ്്. ശബരിമലയില്‍ നേടാനാവാത്തത് കൊവിഡില്‍ നേടാമെന്നാണവരുടെ സ്വപ്‌നം. സ്പ്രിംഗ്‌ളറില്‍ നിന്നാരംഭിച്ച് ജലീലില്‍ എത്തിനില്‍ക്കുന്ന കൊവിഡ് കാല വിവാദങ്ങളില്‍ കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപി പോരടിക്കുന്നത് വെറുതെയല്ല. തങ്ങള്‍ ശക്തരാണെന്ന് ഏവരേയും ബോധ്യപ്പെടുത്തലാണ് അതിന്റെ ലക്ഷ്യം. മാധ്യമങ്ങളാകട്ടെ അതിവരെ പരമാവധി സഹായിക്കുന്നുമുണ്ട്. അതിലൂടെ വിലപേശല്‍ ശക്തമാക്കാനാണവരുടെ ശ്രമം. ഏതാനും സീറ്റുനേടാന്‍ തങ്ങളെ സഹായിക്കുന്നവരെ ഭൂരിപക്ഷം നേടാന്‍ തിരിച്ചും സഹായിക്കാമെന്ന വാഗ്ദാനമാണ് അവര്‍ മുന്നോട്ടുവെക്കാന്‍ പോകുന്നത്.

മൂന്നാമത്തെ വലിയ പാര്‍ട്ടിയായിട്ടും പ്രത്യേക രീതിയിലുള്ള മുന്നണി സംവിധാനം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ശക്തിക്കനുസൃതമായി അധികാരത്തില്‍ പങ്കാളിത്തം ലഭിക്കാത്ത അവസ്ഥയില്‍ ബിജെപി തുടരുകയാണല്ലോ. ഒരു എം എല്‍ എ സ്ഥാനവും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ കുറെ സീറ്റും അപൂര്‍വ്വം ചിലയിടത്ത് അധികാരവുമാണല്ലോ അവരുടെ ഇപ്പോഴത്തെ സമ്പാദ്യം. കേന്ദ്രത്തിലും രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നിട്ടും കേരളത്തിലെ ഈ അവസ്ഥ ബിജെപിയെ സംബന്ധിച്ചിടത്തോളം ഇനിയും തുടരുക എളുപ്പമല്ല. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുറെയിടങ്ങളില്‍ ഭൂരിപക്ഷവും നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തോളം സീറ്റുകളിലെങ്കിലും വിജയവും അവരുടെ ലക്ഷ്യമാണ്. അതിനായി ഏതുരീതീയിലുള്ള അധാര്‍മ്മിക രാഷ്ട്രീയത്തിനും അവര്‍ തയ്യാറാകുമെന്നുറപ്പ്, എന്നാല്‍ അതിന് യുഡിഎഫില്‍ നിന്നോ എല്‍ഡിഎഫില്‍ നിന്നോ സഹായം അവര്‍ക്കാവശ്യമാണ്. അതാരില്‍ നിന്ന് എന്നതായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കാന്‍ പോകുന്നത്.

രാജ്യത്തിന്റെ പൊതുവായ രാഷ്ട്രീയ അവസ്ഥയില്‍ നിന്ന് തികച്ചും വ്യത്യസ്ഥമാണല്ലോ കേരളത്തിലെ രാഷ്ട്രീയരംഗം. മിക്കവാറും സംസ്ഥാനങ്ങളില്‍ ശക്തി ക്ഷയിച്ച കോണ്‍ഗ്രസ്സ് ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. ബംഗാളില്‍ പോലും തകര്‍ന്ന സിപിഎമ്മിന്റെ കാര്യവും അങ്ങനെതന്നെ. ഇവരുടെ നേതൃത്വത്തില്‍ രണ്ടുമുന്നണികള്‍ ശക്തമായി നിലനില്‍ക്കുകയും അവ മാറി മാറി അധികാരത്തില്‍ വരുകയും ചെയ്യുന്ന രാഷ്ട്രീയചരിത്രത്തെ തിരുത്താനുള്ള ശക്തി ബിജെപി നേടിയിട്ടില്ല തങ്ങള്‍ കാലങ്ങളായി വിശ്വസിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് മാറിചിന്തിക്കാത്തവരാണ് മലയാളികളില്‍ മഹാഭൂരിപക്ഷവും. ചെറിയൊരു ശതമാനം ചാഞ്ചാടുന്നതുകൊണ്ടുമാത്രമാണ് മുന്നണിഭരണം മാറി മാറി വരുന്നത്.അതിനിടയില്‍ കുറെ വോട്ടുവര്‍ദ്ധനയൊക്കെ നേടാനായെങ്കിലും അതൊന്നും അധികാരത്തിനടുത്തെത്താന്‍ പര്യാപ്തമല്ല. മുന്നണിയെന്ന നിലയില്‍ കാര്യമായി ആരേയും അവര്‍ക്ക് കിട്ടുകയുമില്ല. ലീഗൊഴികെ കാര്യമായ ശക്തിയുള്ള വേറെ പാര്‍ട്ടിയും കേരളത്തിലില്ലല്ലോ. ഈ സാഹചര്യത്തില്‍ നിലവിലെ മുന്നണി സംവിധാനത്തെ തകര്‍ക്കാന്‍ അവര്‍ക്കാകില്ല.

മറ്റൊന്ന് കേരളജനസംഖ്യയുടെ സാമുദായിക വിതരണമാണ്. അതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതല്ല. ജനസംഖ്യയുടെ 40 ശതമാനത്തില്‍ പരം കൃസ്ത്യന്‍ – മുസ്ലിം ന്യൂനപക്ഷമാണല്ലോ. അവരിലേക്കിറങ്ങാന്‍ എന്തായാലും ബിജെപിക്കാകില്ല. പിന്നെയുള്ളത് അവരുടെ ഹിന്ദുത്വരാഷ്ട്രീയമാണ്. അതും കേരളത്തില്‍ അത്ര എളുപ്പമല്ല. ഒരു സെമിറ്റിക് മതമല്ലാത്തതും ജാതീയവിവേചനങ്ങളും ഹിന്ദുമതത്തെ ഏകീകരിക്കാന്‍ തടസ്സമാണല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോള ംചരിത്രപരമായ കാരണങ്ങളാല്‍ അവരില്‍ വലിയ പങ്കും ഇടതുപക്ഷത്തിനൊപ്പമാണ്. അവരില്‍ ചെറിയൊരു വിഭാഗത്തെ അടര്‍ത്തിയെടുക്കാമെങ്കിലും ഭൂരിപക്ഷത്തേയും സാധ്യമല്ല. കൂടാതെ അടിത്തട്ടില്‍ നിന്നുള്ള ഒരുപാട് നവോത്ഥാന പ്രസ്ഥാനങ്ങള്‍ കുഴച്ച മണ്ണുകൂടിയാണല്ലോ ഇത്. അതിനെ തകര്‍ക്കാനാവുമോ എന്ന പരീക്ഷണമായിരുന്നു ശബരിമല വിവാദത്തില്‍ കണ്ടത്. അതുവിജയിക്കില്ലെന്നു ബിജെപിക്ക് ബോധ്യപ്പെടുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് കുതിരക്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും വിലയിരുത്തുന്നത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരുകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. അതു മറ്റൊന്നുമല്ല. എത്ര അകറ്റി നിര്‍ത്തുന്നു എന്നു പറയുമ്പോഴും പലപ്പോഴും പരസ്പരം തോല്‍പ്പിക്കാന്‍ ഇരുമുന്നണികളും ബിജെപിയുമായി രഹസ്യധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നതാണത്. അടുത്തകാലം വരെ വോട്ടുമറക്കലായിരുന്നു ബിജെപിയുടെ പ്രധാനപരിപാടിയെന്ന വിമര്‍ശനം നിലവിലുണ്ടല്ലോ. പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിയുമായി ധാരണയുണ്ടാക്കാനും പല പാര്‍ട്ടികളും തയ്യാറായിട്ടുമുണ്ട്. വരും തെരഞ്ഞെടുപ്പുകളില്‍ ഇതു ശക്തമാകുമെന്നാണ് സൂചനകള്‍. രാജ്യത്ത് എവിടേയും സാന്നിധ്യം പോലുമല്ലാതിരിക്കുന്ന സിപിഎമ്മിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണ്. അനുദിനം തകരുന്ന കോണ്‍ഗ്രസ്സിനും ഏറ്റവും വലിയ പ്രതീക്ഷ കേരളമാണ്. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഭരണമാറ്റം എന്ന പതിവു തെറ്റുന്നത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചിന്തിക്കാന്‍ പോലുമാകാത്തതാണ്. മാത്രമല്ല, 5 വര്‍ഷം ഇനിയും പ്രതിപക്ഷത്തിരിക്കലും അവര്‍ക്ക് എളുപ്പമല്ല. ബിജെപിക്കാണെങ്കില്‍ ഇക്കുറി രണ്ടക്കത്തിലെത്തിയില്ലെങ്കില്‍ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ഒരു വിശദീകരണവും നല്‍കാന്‍ ഉണ്ടാവില്ല. പതിവുപോലെ പ്രസിഡന്റിനെ മാറ്റി ഇനിയും പരീക്ഷണം തുടരുന്നത് ആലോചിക്കാന്‍ പോലുമാകില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ് ഏതെങ്കിലുമൊരു മുന്നണിയുമായി രഹസ്യധാരണയില്‍ ബിജെപി എത്തുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ കണക്കുകൂട്ടുന്നത്. അതിനുള്ള അടിത്തറയൊരുക്കുകയാണവര്‍. കൊവിഡ് കാലം പാര്‍ട്ടി വളര്‍ത്താന്‍ ഏറ്റവും ആസൂത്രിതമായി ഉപയോഗിക്കുന്നത് അവരാണ്. ശബരിമലയില്‍ നേടാനാവാത്തത് കൊവിഡില്‍ നേടാമെന്നാണവരുടെ സ്വപ്‌നം. സ്പ്രിംഗ്‌ളറില്‍ നിന്നാരംഭിച്ച് ജലീലില്‍ എത്തിനില്‍ക്കുന്ന കൊവിഡ് കാല വിവാദങ്ങളില്‍ കോണ്‍ഗ്രസ്സിനെ മറികടന്ന് ബിജെപി പോരടിക്കുന്നത് വെറുതെയല്ല. തങ്ങള്‍ ശക്തരാണെന്ന് ഏവരേയും ബോധ്യപ്പെടുത്തലാണ് അതിന്റെ ലക്ഷ്യം. മാധ്യമങ്ങളാകട്ടെ അതിവരെ പരമാവധി സഹായിക്കുന്നുമുണ്ട്. അതിലൂടെ വിലപേശല്‍ ശക്തമാക്കാനാണവരുടെ ശ്രമം. ഏതാനും സീറ്റുനേടാന്‍ തങ്ങളെ സഹായിക്കുന്നവരെ ഭൂരിപക്ഷം നേടാന്‍ തിരിച്ചും സഹായിക്കാമെന്ന വാഗ്ദാനമാണ് അവര്‍ മുന്നോട്ടുവെക്കാന്‍ പോകുന്നത്. തുടര്‍ന്നുള്ള അഞ്ചുവര്‍ഷം അതിശക്തമായ പ്രചാരണങ്ങളും സമരങ്ങളും നടത്തി കൂടുതല്‍ കരുത്തുനേടാമെന്നാണ് അവരുടെ പ്രതീക്ഷ. ഇന്നത്തെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു മുന്നണി തങ്ങളുടെ ചൂണ്ടയില്‍ കൊത്തുമെന്ന് അവര്‍ക്കുറപ്പുണ്ട്.

വാസ്തവത്തില്‍ ബിജെപിയുടെ ആദ്യചോയ്‌സ് സിപിഎമ്മാണെന്നതാണ് കൗതുകകരം. സിപിഎം പ്രതിപക്ഷത്തിരുന്നാല്‍ പ്രക്ഷോഭങ്ങളില്‍ അവരെ മറികടക്കുക എളുപ്പമാകില്ല എന്നവര്‍ക്കറിയാം. കോണ്‍ഗ്രസ്സിനാണെങ്കില്‍ ഇനിയും 5 വര്‍ഷം പ്രതിപക്ഷത്തിരിക്കാനെളുപ്പമല്ല. ഭരണം കിട്ടുകയാണെങ്കില്‍ കോണ്‍ഗ്രസ്സിനു അതു കരുത്തേകുകയും ചെയ്യും. മാത്രമല്ല, അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ്സ് വിമുക്ത ഭാരതമാണല്ലോ അവരുടെ മുദ്രാവാക്യം തന്നെ. ഒരിക്കല്‍ കൂടി ഭരണത്തിലിരുന്നാല്‍ സിപിഎം കൂടുതല്‍ അധപതിക്കുമെന്നും അവര്‍ കരുതുന്നു. ഇതെല്ലാം മുന്നില്‍ കണ്ട് സിപിഎമ്മിനു മുന്നിലായിരിക്കും അവര്‍ ആദ്യനിര്‍ദ്ദേശം വെക്കുക. സിപിഎം ആ ചൂണ്ടയില്‍ കൊത്തിയില്ലെങ്കിലായിരിക്കും കോണ്‍ഗ്രസ്സിന് അവസരം ലഭിക്കുക.

തീര്‍ച്ചയായും വളരെ ഗൗരവമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് നിയമസഭാതെരഞ്ഞെടുപ്പോടെ കേരളത്തില്‍ ഉരുത്തിരിയാനിട. താല്‍ക്കാലിക നേട്ടമെന്ന പ്രലോഭനത്തില്‍ വീഴാതെ പരസ്പരം അതിശക്തമായി മത്സരിക്കാനാണ് ഈ സാഹചര്യത്തില്‍ ഇരുമുന്നണികളും തയ്യാറാകേണ്ടത്. ഭരണതുടര്‍ച്ച ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ, ബിജെപിയെ പൂജ്യത്തിലൊതുക്കുക എന്ന രഹസ്യധാരണയിലാണ് സിപിഎം – കോണ്‍ഗ്രസ്സ് നേതാക്കള്‍ എത്തേണ്ടത്. അതുതന്നെയായിരിക്കണം ജനാധപത്യ – മതേതരവാദികളുടെയും പ്രാഥമിക കടമ. ആ കടമക്കുള്ളില്‍ നിന്നായിരിക്കണം മറ്റെല്ലാ രാഷ്ട്രീയപരിഗണനകളും. എങ്കിലേ വര്‍ഗ്ഗീയഫാസിസ്റ്റുകള്‍ക്ക് ബാലികേറാമലയായി കേരളത്തെ നിലനിര്‍ത്താനാവൂ. അധികാരം നീട്ടികിട്ടാന്‍ ശ്രമിക്കുന്ന സിപിഎമ്മും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ്സും ഇത്തരമൊരു വിശാലമായ ധാരണക്കു തയ്യാറാകുമോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. അല്ലെങ്കില്‍ ബിജെപി കേരളരാഷ്ട്രീയത്തെ ഹൈജാക് ചെയ്യുമെന്നുറപ്പ്,

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply