മോദിയും പെരിയാറും : രണ്ടു സംസ്‌കാരങ്ങളുടെ പ്രതിനിധികള്‍

കഥകളുടെയും മിത്തുകളുടെയും സഹായത്തോടെ ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമല്ലാതിരുന്ന സമൂഹങ്ങളെ പണ്ട് ഹിന്ദു മതത്തിന്റെ ഭാഗമായി മാറ്റിയത് മുതല്‍ ഇന്ന് മോദിയെ ചുറ്റിപറ്റി മാധ്യമങ്ങളുടെ സഹായത്തോടെ നിര്‍മിച്ചെടുക്കപെടുന്ന കഥകള്‍ വരെ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് മുന്‍പെങ്ങും ഇല്ലാതിരുന്ന ഏകമാനമായ ഒരു ബോധം സൃഷ്ടിക്കാനാണ്. അത് കൊണ്ട് തന്നെ ഹിന്ദുത്വ ശക്തികളെ നേരിടുമ്പോള്‍ ആവശ്യം അത്തരം കഥകളോടും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പൊതു ബോധത്തോടുമുള്ള സമരമാണ്.അത്തരം കഥകള്‍ ഇന്നും അവസാനിക്കാതെ നില്‍ക്കുന്ന ഒരിടമാണ് തമിഴ് നാട് , അത്തരം പല പ്രതിഷേധ വികാരത്തിന്റെയും കാരണമാകട്ടെ ഈ.വി. രാമസാമി പെരിയാറും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് നടത്തുന്നത്. ആഘോഷങ്ങളുടെ ഉത്ഘാടന വേളയില്‍ പാര്‍ട്ടി പ്രസിഡന്റ് ജെ. പി നദ്ദ നടത്തിയ പ്രസ്താവന വളരെയധികം മാധ്യമ ശ്രദ്ധ നേടിയിരുന്നു . ‘മോദിജി രാഷ്ട്രീയത്തിന്റെ സംസ്‌കാരം തന്നെ മാറ്റിമറിച്ചു’ എന്നായിരുന്നു അത് . നദ്ദ വളരെ ശുഭസൂചകമായി പറഞ്ഞ ‘മാറ്റം’ പക്ഷെ ഇന്ത്യയുടെ ജനാധിപത്യത്തിനും മതനിരപേക്ഷതക്കും അത്ര ശുഭമല്ല. 2014 മുതല്‍ മോഡി നടത്തിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാതലായ മാറ്റം സാംസ്‌കാരികമായിരുന്നു എന്ന് കാണാം . മധ്യവര്‍ഗ പ്രതിനിധിയായി അവതരിക്കുകയും, സ്വഭാവത്തിലും പെരുമാറ്റത്തിലും ഇന്ത്യക്കാരനായ ആദ്യ പ്രധാനമന്ത്രി എന്ന് അനുഭാവികളാല്‍ സ്മരിക്കപ്പെടുകയും ചെയ്തിരുന്ന അദ്ദേഹം കോണ്‍ഗ്രസിന്റെ കുടുംബ ഭരണത്തിന് ബദലായി തെരെഞ്ഞെടുക്കപ്പെടുകയായിരുന്നു. രാജ്യത്തിന്റെ കാവല്‍ക്കാരനായും, രാഷ്ട്രസേവനത്തിന് വേണ്ടി സംഘചാലക് ജീവിതം തെരഞ്ഞെടുത്ത സന്യാസിയായും സ്വയം പ്രദര്‍ശിപ്പിച്ച അദ്ദേഹം , നോട്ട് നിരോധനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടെങ്കിലും , രാജ്യസുരക്ഷ മുന്‍നിര്‍ത്തി രണ്ടാമതും അധികാരത്തില്‍ വന്നു . കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കല്‍, പൗരത്വ ബില്ല് എന്നിവ പാര്‍ട്ടി അജണ്ട പോലെ തന്നെ നടപ്പിലാക്കുകയും ചെയ്തതോടെ രാജ്യത്തെ എല്ലാ രീതിയിലും ഏകീകരിക്കുക എന്നതാണ് തങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്ന് ആഹ്വാനം ചെയ്തിരുന്നു . ഒരു രാജ്യം – ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം – ഒരു വോട്ടര്‍ പട്ടിക , ഒരു രാജ്യം-ഒരു ഭാഷ എന്നിങ്ങനെ പോകുന്ന ഏകീകരണ പരിപാടികള്‍ പൗരത്വത്തിന് വേണ്ടിയുള്ള രജിസ്‌ട്രേഷനില്‍ എത്തി നില്‍ക്കുമ്പോള്‍ അതില്‍ മതം ഒരു ഘടകമായി മാറിയത് യാദൃശ്ചികമല്ല .റേഡിയോയിലൂടെ നടത്തുന്ന മന്‍ കീ ബാത്തും, നവ മാധ്യമങ്ങളിലൂടെ വരുന്ന മോദിയുടെ ചിത്രങ്ങളും എല്ലാം രാജ്യത്തെ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുക മാത്രമല്ല മോദിയാണ് ഇനി രാജ്യത്തിനുള്ള ഏക ആശ്രയമെന്നും വരുത്തുന്നുണ്ട് . ഇങ്ങനെ നാളുകളായി നടന്നിരുന്ന ഹിന്ദുത്വ ആശയത്തിന്റെ ഒഴുക്ക് രാമക്ഷേത്രശിലാസ്ഥാപനത്തിലൂടെ ഭൗതിക രൂപം പൂണ്ടപ്പോള്‍ ആ അവസരത്തെ ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്ത് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും താന്‍ നല്ലൊരു രാമഭക്തനാണെന്നും , ആര്‍.എസ്.എസുമായി രാജ്യത്തിന്റെ സര്‍ക്കാരിന് ഒരു തരത്തിലുള്ള ആശയവ്യത്യാസങ്ങളുമില്ല എന്ന് തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ് പോലൊരു രോഗം ഉയരുമ്പോഴും അതിനെതിരെയുള്ള പ്രതികരണങ്ങളും മതത്തിന്റെ സ്വാധിനമുള്ള പ്രഖ്യാപനങ്ങളായിരുന്നു.സാമൂഹിക അകലം പാലിക്കുന്നതിനെ ലക്ഷ്മണ രേഖയുമായി ബെന്ധപെടുത്തുകയും, കോവീടുനോടുള്ള പ്രതിരോധം മഹാഭാരതയുദ്ധമായി കാണുവാനും പ്രസ്താവനകള്‍ നടത്തിയത് നിഷ്‌ക്കളങ്കമായ മതവിശ്വാസമല്ല മറിച്ച് കൃത്യമായി നടത്തുന്ന സംസ്‌ക്കാര നിര്‍മാണമാണ്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ മാത്രമല്ല നയതന്ത്ര നിലപാടുകളിലും മഹാഭാരതം കടന്നു വരുന്നുണ്ട്. ചൈനയുമായി നടന്ന് കൊണ്ടൊരിക്കുന്ന സൈനിക നീക്കങ്ങളില്‍ പോലും നയങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരും, നയതന്ത്ര ഗവേഷകരും സ്വീകരിക്കുന്നത് ഭഗവത്ഗീതയാണ് (ദ ഹിന്ദു. 16 സപ്റ്റംബര്‍ 2020). അതിലൂടെ ലക്ഷ്യമാകുന്നതാകട്ടെ ധര്‍മ്മ സംരക്ഷണവും.എന്നാല്‍ ധര്‍മ്മം എന്നാല്‍ എന്താണ് എന്ന് ചോദിക്കുമ്പോള്‍ ആകെ സംശയമായി .രാജ്യത്തിന്റെ നന്മയെ കരുതിയാണ് ഇത്തരം പ്രസ്തവനകള്‍ നടത്തുന്നത് എന്ന് പറഞ്ഞാലും പക്ഷെ അതിലൂടെ നിര്‍മിക്കപ്പെടുന്ന ധര്‍മ്മം ഹിന്ദുത്വ ധര്‍മ്മമാണോ, ബുദ്ധമതത്തിന്റെ ധര്‍മ്മമാണോ എന്ന ചോദ്യം അവിടെ നില്‍ക്കും . ഇങ്ങനെ ആഭ്യന്തര കാര്യങ്ങളില്‍ തുടങ്ങി നയതന്ത്രങ്ങളില്‍ വരെ നടത്തുന്നത് ഇന്ത്യയ്ക്ക് അതുവരെ ഇല്ലാതിരുന്ന അല്ലെങ്കില്‍ കൃത്യമായി നിര്‍വചിക്കപെടാതെയിരുന്ന മതാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സംസ്‌കാരത്തിന് രൂപപെടുത്തലാണ് . ഇതിലൂടെ സര്‍ക്കാര്‍ എല്ലാ മതങ്ങളില്‍ നിന്നും ഒരേ പോലെ അകലം പാലിക്കണം എന്ന ആധുനികബോധ്യം ഇല്ലാതാകുന്നുമുണ്ട് . ഇത് ഒരു പ്രത്യേക പാര്‍ട്ടിയുടെ സ്വഭാവമായി കാണാമെന്ന് വിചാരിച്ചാലും സാധിക്കില്ല ബി.ജെ.പി യുടെ വളര്‍ച്ച തന്നെ വേഗത്തില്‍ ആക്കിയത് കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവാദമാണെന്ന് ചില പഠനങ്ങള്‍ കണ്ടെത്തുന്നുണ്ട് .രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന സമയത്തുണ്ടായ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രസ്താവനകള്‍ ശ്രദ്ധിച്ചാല്‍ എല്ലാവരും ബി.ജെ.പി യെ അനുകരിക്കുന്നതായി കാണാം ഇടതു പാര്‍ട്ടികളും വ്യത്യസ്തമല്ല, കോവിഡ് കാലത്തെ രാമായണമാസ പാരായണം കേരളത്തില്‍ നടത്തിയത് മാര്‍ക്‌സിസ്റ്റുകാരായിരുന്നു. ഇങ്ങനെ എല്ലാ പാര്‍ട്ടികളിലേക്കും കാവി പടരുന്നത് മോദിയുടെ വരവോടെ ഉറപ്പിക്കപ്പെട്ട പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന്റെ സ്വാധീനത്തിലാണ് . രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ മാത്രമല്ല കാവി പടരുന്നത്. കോടതികളിലെ വിധിപ്രസ്താവനകളില്‍ മുതല്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ വരെ ഈ സംസ്‌കാരം പ്രതിഫലിക്കുന്നതായി കാണാം.

ഈ പ്രതിഫലനം വളരെ വേഗത്തില്‍ എതിര്‍ക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ് നാട്. അതിന് കാരണമായി നില്‍ക്കുന്നതാകട്ടെ ഈ. വീ. രാമസാമി പെരിയാര്‍ അടിത്തറയിട്ട തീവ്ര മതവിരുദ്ധതയും ജാതിവിരുദ്ധതയും ഉറങ്ങികിടക്കുന്ന തമിഴ് സംസ്‌കാരവും. മറ്റു സംസ്ഥാനങ്ങളിലെ നവോത്ഥാന നായകന്മാരെയെല്ലാം തന്നെ ബീ.ജെ.പീ ഏറ്റെടുക്കുമ്പോഴും തമിഴ് നാട്ടിലെ പെരിയാറിനെ തൊടുവാന്‍ അവര്‍ ഭയക്കുന്നു. അതൊരു സാധാരണ ഭയമല്ല, ഗണപതി വിഗ്രഹങ്ങള്‍ ഉടച്ച, രാമായണത്തില്‍ രാവണന്റെ മേന്മകളെ കണ്ടെത്തുന്ന,തന്റെ മാര്‍ഗം പിന്തുടരുന്നവരുടെ പേരുകളില്‍ നിന്നും ജാതി പേര് മാറ്റുവാന്‍ ആവശ്യപ്പെട്ട മറ്റൊരു നേതാവിനെ അവര്‍ കണ്ടിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ പെരിയാറില്‍ ഹിന്ദുത്വത്തിന്റെ മര്‍മ്മമറിഞ്ഞ ശത്രുവിനെ അവര്‍ കണ്ടിരുന്നു .യുക്തിയുടെ അടിസ്ഥാനത്തില്‍ മതത്തെ ചോദ്യം ചെയ്യുകയും, ആധുനിക മനുഷ്യന് മതം ആവശ്യമില്ല, സ്ത്രീകളുടെ മുന്നേറ്റമാണ് സമൂഹത്തിന്റെ ആകെ മുന്നേറ്റത്തിന്റെ കാതല്‍ എന്നീ കണ്ടെത്തലുകള്‍ നടത്തിയ പെരിയാര്‍ യഥാര്‍ത്ഥത്തില്‍ നല്‍കുന്നത് ഇന്ത്യയില്‍ ഉണരുവാന്‍ സാധ്യതയുള്ള ഹിന്ദുത്വത്തിനുള്ള മറുപടിയാണ്. ഷഹീന്‍ ബാഗും, ഭീം ആര്‍മിയും, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളും അവരുടേതായ രീതിയില്‍ ഇന്ന് നടത്തുന്ന പ്രതിരോധം പക്ഷെ ഒരുമിച്ചാണ് നടത്തേണ്ടത് എന്ന് പെരിയാറില്‍ നിന്നും വായിച്ചെടുക്കാം. എന്നാല്‍ ആ പ്രതിരോധം തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് കൊണ്ടാകരുത്.മറിച്ച് സാംസ്‌കാരിക സാമൂഹിക മുന്നേറ്റങ്ങളിലൂടെയാണ് നടക്കേണ്ടത് . ഇന്ത്യയില്‍ ഉയര്‍ന്നു വന്ന ദളിത് മുന്നേറ്റങ്ങള്‍ക്ക് എല്ലാം സംഭവിച്ച പിഴവ് (ബഹുജന്‍ മുന്നേറ്റവും, ഇപ്പോള്‍ ഭീം ആര്‍മിക്കും), അവര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതോടെ സമാന്തരമായി നടക്കുന്ന ദളിത് സമരങ്ങളില്‍ നിന്നും അവര്‍ക്ക് ബന്ധം നഷ്ട്ടപെട്ടു പോയി എന്നതാണ്.യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ സഹചര്യത്തില്‍ വേണ്ടത് സാമൂഹികവും സാംസ്‌കാരികവുമായ പോരാട്ടമാണ്. അതാകട്ടെ ഹിന്ദുത്വ ശക്തികള്‍ നിര്‍മിക്കുന്ന സംസ്‌ക്കാരത്തിന് ബദല്‍ സൃഷ്ഠിച്ചു കൊണ്ട് നടക്കേണ്ടതാണ് . തമിഴ് നാട്ടില്‍ ഇത് സിനിമകളിലും, സംഗീതത്തിലും, സാഹിത്യത്തിലും കാണുവാന്‍ കഴിയും. ദളിത് സാംസ്‌കാരിക അടയാളങ്ങള്‍ പേറുന്ന കലാസൃഷ്ടികള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകാം, പക്ഷെ അത് മുഖ്യധാരയെ പിടിച്ചടക്കുന്നത് തമിഴ് നാട്ടില്‍ മാത്രമാണ് . മോദിയുടെ രണ്ടാം ഭരണം തുടങ്ങിയ വര്ഷം തന്നെയാണ് തമിഴ് നാട്ടില്‍ ദളിത് സിനിമകള്‍ ആഘോഷിക്കപ്പെട്ടു തുടങ്ങുന്നത്, ദരിദ്രരും നിരാലംബരുമായ ദലിതരല്ല മറിച്ച് ദളിതര്‍ എന്നതില്‍ അഭിമാനം കൊള്ളുന്ന കഥാപാത്രങ്ങളായിരുന്നു അവ .പാ.രഞ്ജിത്തും അദ്ദേഹത്തിന്റെ ഫിലിം പ്രൊഡക്ഷന്‍ കമ്പനിയായ ‘നീലം പ്രൊഡക്ഷന്‍സും’ ആയിരുന്നു അത്തരം സിനിമകളുടെ പിന്നില്‍ . ചെന്നൈ കേന്ദ്രികരിച്ച് വളര്‍ന്നു വന്ന ‘ഗാനാ പാട്ടുകള്‍’ സിനിമകളില്‍ ഉള്‍പ്പെടുത്തി, പിന്നീട് അത്തരം പാട്ടുകള്‍ ഉള്‍പ്പെടുത്തി ‘കാസ്റ്റ് ലെസ്സ് കളക്റ്റീവ്’ എന്ന മ്യൂസിക് ബാന്‍ഡ് ഉദയം കൊള്ളുകയും ചെയ്തു . എന്നാല്‍ അത്തരം മ്യൂസിക് ഒരിക്കലും അരികുവല്‍ക്കരിക്കപ്പെടുകയല്ല മറിച്ച് മുഖ്യധാരയെ പിടിച്ചടക്കുകയായിരുന്നു തമിഴ് നാട്ടില്‍.. ഇത് പതിയെ ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ എന്നിങ്ങനെ തമിഴ് സംസ്‌കാരം ഉള്ള എല്ലാ ദേശങ്ങളിലേക്കും വ്യാപിക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു നേട്ടം തമിഴ് നാട്ടില്‍ സാധ്യമായത് , പെരിയാര്‍ അടിത്തറയിട്ട സ്വാഭിമാന ചിന്തയാണ് എന്ന് കാലങ്ങള്‍ക്കിപ്പുറം നമുക്ക് വായിച്ചെടുക്കാം. മാര്‍ക്‌സിസവും, അംബേദ്കറിസവും, ഫെമിനിസവും എല്ലാം മര്‍ദിത വര്‍ഗത്തോടൊപ്പം നില്‍ക്കണം എന്ന ധാര്‍മികത തമിഴന് അന്യമല്ല എന്തെന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ പെരിയാര്‍ കൊടുത്ത നിര്‍ദേശം അവര്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ കേരളത്തിലെ പോലെ മാര്‍ക്‌സിസം തമിഴ് നാട്ടില്‍ ദളിത് ഐക്യത്തിന് തടസമാകുന്നില്ല, പെരിയാറിന്റെ അഭിപ്രായത്തില്‍ കമ്മ്യൂണിസം ജാതിയുടെ ഉന്മൂലനത്തിന് ശേഷം നടക്കേണ്ട ചരിത്രമായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് അംബേദ്കറെ കാണുന്നതിലും വിപ്ലവത്തിന് ശേഷം റഷ്യയില്‍ പോകുന്നതിനും വൈമുഖ്യമില്ലായിരുന്നു. തമിഴ് എന്നത് ഒരു ഭാഷയുടെ അടിസ്ഥാനത്തിലുള്ള സംസ്‌കാരമായത് കൊണ്ട് തമിഴ് എവിടെയെല്ലാമുണ്ടോ അവിടെ പെരിയാറുമുണ്ട്.എവിടെ പെരിയാറുണ്ടോ അവിടെ ഹിന്ദുത്വത്തിന് നിലനില്‍പ്പുമില്ല. പൊതു ബോധത്തെ ഏതു വിധേനെയും ഭരിക്കുക എന്നതാണ് ഹിന്ദുത്വ ശക്തികള്‍ എന്നും അധികാരത്തിനായി പാലിച്ച് പോകുന്ന തത്ത്വം.കഥകളുടെയും മിത്തുകളുടെയും സഹായത്തോടെ ഒരിക്കലും ഹിന്ദു മതത്തിന്റെ ഭാഗമല്ലാതിരുന്ന സമൂഹങ്ങളെ പണ്ട് ഹിന്ദു മതത്തിന്റെ ഭാഗമായി മാറ്റിയത് മുതല്‍ ഇന്ന് മോദിയെ ചുറ്റിപറ്റി മാധ്യമങ്ങളുടെ സഹായത്തോടെ നിര്‍മിച്ചെടുക്കപെടുന്ന കഥകള്‍ വരെ ശ്രമിക്കുന്നത് ഇന്ത്യയ്ക്ക് മുന്‍പെങ്ങും ഇല്ലാതിരുന്ന ഏകമാനമായ ഒരു ബോധം സൃഷ്ടിക്കാനാണ്. അത് കൊണ്ട് തന്നെ ഹിന്ദുത്വ ശക്തികളെ നേരിടുമ്പോള്‍ ആവശ്യം അത്തരം കഥകളോടും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പൊതു ബോധത്തോടുമുള്ള സമരമാണ്.അത്തരം കഥകള്‍ ഇന്നും അവസാനിക്കാതെ നില്‍ക്കുന്ന ഒരിടമാണ് തമിഴ് നാട് , അത്തരം പല പ്രതിഷേധ വികാരത്തിന്റെയും കാരണമാകട്ടെ ഈ.വി. രാമസാമി പെരിയാറും.

ഇന്ന് (സെപ്റ്റംബര്‍ 17) പെരിയാറിന്റെ ജന്മദിനമാണ്. ഇന്ത്യയൊട്ടാകെ മോദിയുടെ ജന്മദിനം ആഘോഷിക്കപ്പെടുമ്പോഴും തമിഴ് നാട്ടില്‍ മാത്രം പെരിയാറിന്റെ ജന്മദിനം ആഘോഷിക്കെപ്പടും. രണ്ടു പേരും രണ്ടു സംസ്‌കാരനിര്‍മിതിയെ പ്രതിനിധീകരിക്കുന്നവര്‍. പക്ഷെ വിരോധാഭാസം എന്തെന്നാല്‍ ഇന്നത്തെ മോദിയേക്കാള്‍ ആധുനികനാണ് അന്നത്തെ പെരിയാര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply