കേരള ബജറ്റ് : പോപ്പുലിസ്റ്റ് മുഖം മൂടിയില്‍ അതിരുകളില്ലാത്ത കോര്‍പറേറ്റ് സേവ !

ഭരണത്തുടര്‍ച്ച ഉറപ്പാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയുള്ള പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് കെട്ടിലും മട്ടിലും ഒരു തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയാണെന്ന് പലരും ഇതോടകം അഭിപ്രായപ്പെട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പിനു മാസങ്ങള്‍ അവശേഷിക്കെ, സ്ഥാനമൊഴിയുന്ന സര്‍ക്കാരിന്റെ ‘ബജറ്റ് അവതരണം’ എന്നു പറയുന്നത്, നടപ്പു സാമ്പത്തിക വര്‍ഷത്തെ വരവു ചെലവു കണക്കുകള്‍ നിയമ നിര്‍മ്മാണ സഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന ‘വോട്ട് ഓണ്‍ അക്കൗണ്ട് ‘, അതുമല്ലെങ്കില്‍ അടിയന്തര കാര്യങ്ങള്‍ക്കുള്ള ‘ഇടക്കാല ബജറ്റ് ‘എന്നതിനപ്പുറം, ഒരു പൂര്‍ണ്ണ ബജറ്റാവില്ലെന്നതാണ് പൊതുവെയുള്ള പാര്‍ലമെന്ററി കീഴ് വഴക്കം. എന്നാല്‍, ‘നവകേരള’ സൃഷ്ടിക്കായി ദീര്‍ഘകാല ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഫുള്‍ ബജറ്റ്, ഭരണത്തുടര്‍ച്ച ഉറപ്പെന്ന മട്ടില്‍, അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള നയരേഖയുടെ രൂപത്തില്‍ അവതരിപ്പിച്ചുകൊണ്ട് , കീഴ് വഴക്കമോ ഔചത്യമോ തങ്ങള്‍ക്കു ബാധകമല്ലെന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്.

സവര്‍ണ വിദ്യാര്‍ത്ഥിനിയെ മേയറാക്കിയതിന്റെ തുടര്‍ച്ചയായി, നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവശക്തിയെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ കവിതാ ശകലങ്ങള്‍ (പീഡിപ്പിച്ചു കെട്ടിത്തൂക്കിയ 2 ദളിത് കുട്ടികളടക്കം പിണറായി ഭരണത്തില്‍ വാളയാറില്‍ മാത്രം നീതിക്കായി കേഴുന്ന 41 കുട്ടികളുടെ കാര്യം നമുക്കു മറക്കാതിരിക്കുക) 3 മണിക്കൂര്‍ 18 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയില്‍ തിരുകിക്കയറ്റിയും നാരായണ ഗുരുവും സോളമനും മുതല്‍ ഖുറാന്‍ വരെ സ്ഥാനത്തും അസ്ഥാനത്തും പരാമര്‍ശിച്ചും അവതരിപ്പിച്ച ബജറ്റ് കേരള വികസന മാതൃകക്ക് ഒരു പുതിയ പതിപ്പ് (new edition) ആണെന്നാണ് ധനമന്ത്രി തോമസ് ഐസക് അവകാശപ്പെടുന്നത്. അതോടൊപ്പം, ലോകത്തെവിടെയുമുള്ള സംരംഭകര്‍ക്ക് കടന്നു വരാനാവും വിധം കേരളത്തെ ഒരു ‘ആഗോള ബ്രാന്റ് ആക്കി വിക്ഷേപിക്കുകയാണെന്നു കൂടി ധനമന്ത്രി പറയുമ്പോള്‍, അദ്ദേഹം വിഭാവനം ചെയ്യുന്ന പുതിയ കേരള മോഡലിന്റെ തനി നിറം നമുക്കു വ്യക്തമാകുകയും ചെയ്യുന്നുണ്ട്. ഐസക്കിന്റെ അവകാശവാദത്തിന്റെ ചുവടു പിടിച്ച്, ‘ ഭാവി കേരളത്തിന് രൂപരേഖ’, ‘പുതിയ കേരള സൃഷ്ടിക്കുള്ള മാനിഫെസ്റ്റോ’, ‘ജനകീയ സര്‍ക്കാരിന്റെ ജനകീയ ബജറ്റ്’, തുടങ്ങി വിജയരാഘവനും ബേബിയും യെച്ചൂരിയും ഉള്‍പ്പടെ സിപിഎം നേതാക്കള്‍ മുതല്‍ ‘ആഗ്രഹിച്ച കാര്യങ്ങള്‍ കേട്ടു’ എന്ന് നവ ലിബറല്‍ വിദഗ്ധനായ തുമ്മാരുകുടി നിവൃതി അടയുന്നിടത്തുവരെ ബജറ്റ് വിശകലനങ്ങള്‍ എത്തിയിരിക്കുന്നു.

പതിവു പോലെ, ആഗോള, ഇന്ത്യന്‍ സാഹചര്യങ്ങളും മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുമാണ് (ഫെഡറല്‍ ഘടനയെ അട്ടിമറിച്ച്, സംസ്ഥാനങ്ങളുടെ വിഭവ സമാഹരണാധികാരം കവര്‍ന്നെടുത്ത ജിഎസ്ടി ക്കു വേണ്ടി മോദി സര്‍ക്കാരിനേക്കാള്‍ ആവേശത്തോടെ മുറവിളി കൂട്ടിയത് കേരളത്തിലെ പിണറായി സര്‍ക്കാരായിരുന്നു) കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന മുന്‍കൂര്‍ ജാമ്യത്തോടെയായിരുന്നു ബജറ്റ് അവതരണം. അതേസമയം, മോദി സര്‍ക്കാരിന്റെ തീവ്ര വലതു കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍, പോലീസിനെ വിന്യസിച്ചും മാതൃകാപരമായി നടപ്പാക്കുന്നതില്‍ ( ഉദാഹരണത്തിന്, പിപിപി മോഡലില്‍ ദേശീയ പാത, ഗെയ്ല്‍ പദ്ധതി എന്നിവ നടപ്പാക്കുന്നതില്‍ യഥാക്രമം മുമ്പ് ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും ഈയിടെ പ്രധാനമന്ത്രി മോദിയും മുഖമന്ത്രി പിണറായിയെ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി) ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. കേന്ദ്രത്തിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഫലപ്രദമായ ഒരു പ്രതിരോധവും പിണറായി ഭരണം നടത്തുന്നില്ലെന്നു മാത്രമല്ല, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയും ആസൂത്രണ കമ്മീഷന്‍ പിരിച്ചു വിട്ടും സാമ്പത്തിക നയരൂപവല്‍കരണം കോര്‍പ്പറേറ്റ് ബ്യൂറോക്രറ്റിക് ചിന്താ സംഭരണി (corporate bureaucratic think-tank) യായ ‘നീതി ആയോഗി’ നെ ഏല്പിച്ച ‘മോദിനോമിക്‌സി’ ന്റെ മാതൃകയില്‍, മൂലധന സമാഹരണവും വികസനവുമായി ബന്ധപ്പെട്ട എല്ലാ നയ തീരുമാനങ്ങളും നിയമസഭ യോട് ഉത്തരവാദിത്വമില്ലാത്ത, സംസ്ഥാന ആസൂത്രണ ബോര്‍ഡിനെ അപ്രസക്തമാക്കുന്ന, അതാര്യമെന്നും ചട്ടവിരുദ്ധമെന്നും സിഎജി രേഖപ്പെടുത്തേണ്ടി വരുന്ന ഒരു കോര്‍പ്പറേറ് ബോഡി യായ ‘കിഫ്ബി’ യെയാണ് കേരളത്തില്‍ പിണറായി ഭരണം ചുമതലപ്പെടുത്തിയിരിക്കുന്നത്.

കോര്‍പ്പറേറ്റുകളുടെ സര്‍വതന്ത്ര സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ഉതകും വിധം ഭരണ സംവിധാനവും പോലീസ് വിന്യാസവും ( മുഖ്യന്‍ തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ) ഉറപ്പാക്കുന്നതോടൊപ്പം ക്ഷേമ മുഖം മൂടി വിദഗ്ധമായി ഭരണകൂടം ഉപയോഗപ്പെടുത്തണമെന്നതാണ് നവ ലിബറല്‍ കേന്ദ്രങ്ങള്‍ ആവശ്യപ്പെടുന്നത്. അതിന്‍ പ്രകാരം, സാമൂഹ്യ മേഖലക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വമ്പിച്ച ഊന്നല്‍ നല്‍കുന്നുവെന്ന പ്രതീതി സൃഷ്ടിക്കേണ്ടതും ന്യായീകരണ വിദഗ്ധരെ രംഗത്തിറക്കി അതിന് പ്രചരണം നല്‍കേണ്ടതും പ്രധാനമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അനുവദിച്ചതും ക്ഷേമ പെന്‍ഷന്‍ 1600 രൂപയാക്കി ഉയര്‍ത്തിയതും തൊഴിലുറപ്പു തൊഴിലാളികള്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്നും ദാരിദ്ര്യം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്നും ഉള്ള പ്രഖ്യാപനവുമെല്ലാം ഈ ദിശയിലുള്ളതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാല്‍, ഇമ്മാതിരി പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യവുമായി എങ്ങനെ ഒത്തുപോകുന്നുവെന്ന് ഒരുദാഹരണത്തിലൂടെ പരിശോധിക്കാം. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണത്തിലൂടെ ഭൂമിയില്‍ നിന്നും ലക്ഷം വീടു കോളനികളിലേക്കും റോഡ്-തോട് പുറമ്പോക്കുളിലേക്കും ചവിട്ടിയകറ്റപ്പെട്ട ദളിതരടക്കം കേരളത്തിലെ പരമ ദരിദ്രര്‍ 12 ശതമാനത്തോളം – ഏകദേശം 35 ലക്ഷം – വരുമെന്നാണ് കണക്ക്. ( അസംഘടിത – അനൗപചാരിക തൊഴിലുകളും സ്വയം തൊഴിലും തൊഴില്‍രഹിതരുമെല്ലാമടക്കം കേരളത്തിലെ പകുതിയോളം ജനങ്ങള്‍ ദരിദ്രരാണ് എന്നതാണ് വസ്തുത ) ഇതില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് 52000 വീട് വെച്ചു നല്‍കുമെന്നാണ് ബജറ്റ് പറയുന്നത്. വാദത്തിനു വേണ്ടി, ഈ പ്രഖ്യാപനം നടക്കുമെന്നു കരുതിയാല്‍, രണ്ടര ലക്ഷം പേര്‍ക്കാണ് (ശരാശരി 5 അംഗ കുടുംബം എന്ന കണക്കു വെച്ച് ) അടുത്ത 5 വര്‍ഷത്തിനുള്ളില്‍ വീടുണ്ടാകുക. അവശേഷിക്കുന്ന 32.5 ലക്ഷം പേര്‍ എത്ര ദശാബ്ദങ്ങള്‍ വീടിനായി കാത്തിരിക്കേണ്ടിവരും? (ലോകാരോഗ്യ സംഘടനയും യുഎന്‍ ഹാബിറ്റാറ്റും അംഗീകരിച്ചിട്ടുള്ള മാനദണ്ഡപ്രകാരം അഞ്ചംഗ കുടുംബത്തിന് ശരാശരി 770 ചതുരശ്ര അടി വിസ്തൃതി വേണ്ടിടത്ത് 400 ചതുരശ്ര അടി വിസ്തൃതി പോലുമില്ലാത്ത ‘ഗെറ്റോ’ (ghettos) ക്കു സമാനമാണ് കേരള സര്‍ക്കാരിന്റെ ‘ലൈഫ് മിഷന്‍’ വീടുകളെന്നും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.) അതേസമയം, ഭരണത്തുടര്‍ച്ചക്കായുള്ള ബജറ്റില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉപ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം കുത്തനെ കുറക്കുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍, ഇത് യഥാക്രമം 3002. 84 കോടി രൂപയും 866.2 കോടി രൂപയുമായിരുന്നത്, ‘ജനകീയ ബജറ്റ്’, ‘ആഗോള ബ്രാന്റ്’, തുടങ്ങിയ ഡക്കറേഷനുള്ള ഈ ബജറ്റിലെത്തുമ്പോള്‍ 2708.54 കോടി രൂപയും 781. 36 കോടി രൂപയുമായി കുറച്ചിരിക്കുകയാണ്. ക്ഷേമ മുഖം മൂടി എടുത്തണിയുന്ന ബജറ്റിന്റെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളോടുള്ള സമീപനം ഇതില്‍ നിന്നു വ്യക്തമാണല്ലോ ?മാണി കേരളയുമായി ഉണ്ടാക്കിയ ബാന്ധവത്തിന്റെ തുടര്‍ച്ചയായി സവര്‍ണ ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പിക്കുന്നതിന് റബ്ബറിന്റെ തറവില 20 രൂപ വര്‍ദ്ധിച്ചതും (അനുബന്ധമായി നാളികേരത്തിന് 5 രൂപയും നെല്ലിന് ഒരു രൂപയും സംഭരണവില വര്‍ധിപ്പിച്ചു) ഈ ക്ഷേമ പരിപാടിയുടെ അക്കൗണ്ടില്‍ പെടുന്നു. ഇതടക്കം തദ്ദേശ സ്ഥാപനങ്ങളിലൂടെയും (1000 കോടി രൂപ) കുടുംബശ്രീയിലൂടെയും മറ്റും വിഭാവനം ചെയ്തിട്ടുള്ള ക്ഷേമ പദ്ധതികളുടെ ഒരു പരമ്പര തന്നെ ബജറ്റിലുണ്ട്. അവയുടെ വിശദാംശങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല.

പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്, കോവിഡാനന്തര ലോക സമ്പദ്ഘടനയിലുണ്ടായിട്ടുള്ള പ്രവണതകളുടെ പശ്ചാത്തലത്തില്‍, കേരളത്തെ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും ( digital platform) വിജ്ഞാന സമ്പദ്ഘടന (knowledge economy) യുമായി പരിവര്‍ത്തിപ്പിച്ച് ലോകകമ്പോളത്തിനു മുമ്പില്‍ അതിനെ വില്പനക്കു വെക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടാണ്. സ്റ്റാര്‍ട്ട് അപ്പുകള്‍ കെട്ടിപ്പടുക്കല്‍, പ്രെഫഷണല്‍ പരിശീലനം നല്‍കല്‍, നൈപുണ്യവികസനം തുടങ്ങിയവയിലൂടെ ‘വര്‍ക്ക് ഫ്രം ഹോം’ അടിസ്ഥാനത്തില്‍ 3 ലക്ഷം തൊഴിലവസര സൃഷ്ടിയാണ് ഇതിലൂടെ മുന്നോട്ടുവെച്ചിരിക്കുന്നത്. 5 വര്‍ഷത്തിനുള്ളില്‍, 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ നല്‍കാന്‍ കെ -ഡിസ്‌ക് ( Kerala Development and Innovation Strategic Council-K-DISC) എന്നൊരു സ്ഥാപനത്തിനും (കിഫ്ബി മാതൃകയില്‍?) രൂപം നല്‍കിയിരിക്കുന്നു. ഇതിനൊപ്പം, ഉന്നത വിദ്യാഭ്യാസ-ഗവേഷണ മേഖലയിലും മികവു കൂട്ടാനും വിജ്ഞാന ഉല്പാദനവും വ്യവസായവുമായി ഉദ്ഗ്രഥിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളുമുണ്ട്.

ഈ സന്ദര്‍ഭത്തില്‍ ഒരു കാര്യം മാത്രമാണ് ഇവിടെ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ധനമന്ത്രി ഐസക് ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കുന്ന ഡിജിറ്റൈസേഷന്‍ ഉള്‍പ്പടെയുള്ള ഫ്രോണ്ടിയര്‍ ടെക്‌നോളജിയുടെ – പ്രത്യേകിച്ച്, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ഹാര്‍ഡ് വെയറും സോഫ്ട് വെയറുമടക്കം – മുഴുവന്‍ കുത്തകയും പ്രധാനമായും ചൈനീസ് – അമേരിക്കന്‍ ബഹുരാഷ്ട്രക്കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇവയെല്ലാമുപയോഗിച്ച് ‘വര്‍ക്ക് ഫ്രം ഹോം’ പോലുള്ള തൊഴില്‍ സംഘാടനത്തിലൂടെ തൊഴിലാളികളുടെ സംഘടിത ശക്തിയും കൂട്ടായ വില പേശലും ഇല്ലാതാക്കുന്ന പുതിയൊരു കോവിഡാനന്തര ആഗോള തൊഴില്‍ വിഭജനത്തിനാണ് കോര്‍പറേറ്റ് കുത്തകകള്‍ കരുക്കള്‍ നീക്കുന്നത്. പിന്നാക്ക രാജ്യങ്ങളിലെ വിദഗ്ധ – അവിദഗ്ധ തൊഴിലാളികളെ ഏറ്റവും കുറഞ്ഞ കൂലിക്കു പണിയെടുപ്പിക്കുന്നതിനും തൊഴിലാളികളും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത എട്ടു മണിക്കൂര്‍ അധ്വാനം, മിനിമം കൂലി, ജനാധിപത്യാവകാശങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിനും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള ഈ നവലോകക്രമത്തിലെ ഒരു ‘ദുര്‍ബല കണ്ണി’ യാക്കി കേരളത്തെ മാറ്റാമെന്ന നവ ലിബറല്‍ വ്യാമോഹമാണ് തന്റെ ബജറ്റ് അവതരണത്തിലൂടെ ഐസക് മുന്നോട്ടു വെക്കുന്നത്. ജിഎസ്ടി കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള ശ്വാശത പരിഹാരമാണെന്ന് 2017 – ലുടെനീളം പ്രസംഗിച്ചു നടന്ന അദ്ദേഹവും അദ്ദേഹത്തിന്റെ ബുദ്ധിജീവി സുഹൃത്തുക്കളും അന്നു കണ്ട ‘മലര്‍ പൊടിക്കാരന്റെ സ്വപ്നം’ മറ്റൊരു രൂപത്തില്‍ ആവര്‍ത്തിക്കുകയാണിവിടെ. കൂടുതല്‍ വിശകലനം ആവശ്യപ്പെടുന്ന വിഷയമാണിത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബജറ്റിനെ സവിശേഷമാക്കുന്ന മറൊരു ഘടകം, 50000 കോടി മുതല്‍ മുടക്കാവശ്യമുള്ള മൂന്നു വ്യവസായ ഇടനാഴികള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നതാണ്. കൊച്ചി-മംഗലാപുരം വ്യവസായ ഇടനാഴി, കൊച്ചി-പാലക്കാട് ഹൈടെക് ഇടനാഴി, തലസ്ഥാന നഗര പ്രാദേശിക വികസന പദ്ധതി എന്നിവയാണവ. 25000 കോടി രൂപ നിക്ഷേപം വേണ്ടി വരുന്ന മൂന്നാമത്തേതിന് ബജറ്റില്‍ നിന്നും 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും കയ്യടക്കിക്കഴിഞ്ഞ അദാനിയുടെ ഒരു ഉപഗ്രഹനഗരമായി ഇതു മാറാനുള്ള സാധ്യതയാണ് കൂടുതല്‍. ഇതുപറയാന്‍. ഇതുപറയാന്‍. ഇതുപറയാന്‍ കാരണം, ഇതെഴുതുമ്പോള്‍ പുറത്തുവന്ന മറ്റൊരു വാര്‍ത്ത കൂടിയാണ്. സംസ്ഥാനത്തെ പണയപ്പെടുത്തി സമാഹരിച്ച പണത്തില്‍ നിന്നും 5000 കോടിയോളം ദേശീയ പാത നിര്‍മ്മാണത്തിന് വേഗത കൂട്ടാന്‍ കേന്ദ്രത്തിന് പിണറായി സര്‍ക്കാര്‍ അങ്ങോട്ടു കൊടുക്കുകയുണ്ടായി. ഇപ്പോള്‍ കേള്‍ക്കുന്നത്, കേരളത്തിലെ ദേശീയ പാത 17 ആഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള 40 കിലോമീറ്റര്‍ ഭാഗം 1838 കോടി രൂപയുടെ കരാറിന് ദേശീയ പാത അതോരിറ്റിയില്‍ നിന്നും അദാനി ഏറ്റെടുത്തു എന്നാണ്. മോദിയുടെ ഉറ്റതോഴനും അംബാനി കഴിഞ്ഞാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകയായി വളര്‍ന്നു കൊണ്ടിരിക്കുന്നതുമായ അദാനി ഛത്തീസ്ഘട്ട്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ദേശീയ പാത നിര്‍മ്മാണം ഏറ്റെടുത്തതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ കേരളത്തിലും തുറമുഖവും വിമാനത്താവളവും ഗ്യാസ് പദ്ധതിയും ഏറ്റെടുത്തതിനു പുറകെ റോഡ് നിര്‍മാണവും വ്യവസായ ഇടനാഴി നിര്‍മ്മാണവുമെല്ലാം ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. 10000 കോടി രൂപ നിക്ഷേപം വിഭാവനം ചെയ്തിട്ടുള്ള കൊച്ചി – പാലക്കാട് ഇടനാഴിയുടെ ഭാഗമായ കൊച്ചിയിലെ ഗിഫ്റ്റ് സിറ്റി ( Global Industrial Finance and Trade City) ക്ക് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അയ്യമ്പുഴയില്‍ 220 ഹെക്ടര്‍ സ്ഥലം ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ, ഐസക് ബജറ്റ് അവതരിപ്പിച്ച ഏറെക്കുറെ അതേ സമയത്ത്, തദ്ദേശ വാസികള്‍ എറണാകുളം കളട്റേറ്റിലേക്കു മാര്‍ച്ചു ചെയ്യുകയായിരുന്നു.

ഖജനാവ് കാലിയായിരിക്കെ, ഇതെല്ലാമടക്കമുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കണമെങ്കില്‍ വിദേശ കോര്‍പറേറ്റ് കുത്തകകളെ ആദരിച്ചു കൊണ്ടു വരേണ്ടതുണ്ട്. അപ്രകാരം, ‘ആഗോള ബ്രാന്റ് ‘ എന്ന നിലയില്‍ കേരളത്തെ വില്പനക്കു വെക്കുന്നതിനുള്ള ആദ്യ പടിയായി 22 രാജ്യങ്ങളിലെ നവലിബറല്‍ വിദഗ്ധരുമായി ധന മന്ത്രി ഓണ്‍ലൈന്‍ യോഗം ജനുവരി 23 ന് നടത്താന്‍ പോകുന്നു. തീര്‍ച്ചയായും, ഇതിനാവശ്യമായ ലോക ബാങ്ക് ആവശ്യപ്പെട്ടിട്ടുള്ള നിക്ഷേപസൗഹൃദ (ease of doing business) അന്തരീക്ഷം (കരിമ്പട്ടികയില്‍ പെട്ട ആഗോള കണ്‍സള്‍ട്ടന്‍സിയായ കെപിഎംജി യെ യും മറ്റും വിന്യസിച്ച് മുമ്പേ തന്നെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു ) പിണറായി സര്‍ക്കാര്‍ കേരളത്തിലാവിഷ്‌കരിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റ് -കണ്‍സള്‍ട്ടന്‍സികളും അവരുടെ ബിനാമികളും ഭരണ സിരാ കേന്ദ്രത്തിലടക്കം കയറി നിരങ്ങിയതും അതിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികള്‍ പിടിമുറുക്കായതും ഇതിന്റെ ഭാഗമാണല്ലോ?

അതേ സമയം, എല്ലാവര്‍ക്കും അറിവുള്ളതുപോലെ, മദ്യവും ലോട്ടറിയും ഒഴിച്ചാല്‍ കാര്യമായ ഒരു വിഭവ സമാഹരണവും, ബജറ്റിലില്ല. സംസ്ഥാനത്തിന്റെ ഭൂമിയടക്കം (വ്യാജ രേഖയുണ്ടാക്കി കൈവശപ്പെടുത്തിയ അഞ്ചേകാല്‍ ലക്ഷം ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന പക്ഷം സര്‍ക്കാരിന് അതു എത്രയോ വലിയ മുതല്‍ കൂട്ടായിരിക്കും) വിഭവങ്ങള്‍ കയ്യടക്കിയ കോര്‍പ്പറേറ്റ് – ഭൂമാഫിയകളെയോ ആഡംബര ഉപഭോഗത്തെയോ, ക്വാറി മാഫിയെയോ (ആയിരക്കണക്കിനു കോടി രൂപയുടെ വരുമാനം കണ്ടെത്താവുന്ന ഈ രംഗം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു പോലും തയ്യാറല്ല ) സ്വര്‍ണ്ണക്കച്ചവടത്തെയോ ഫലപ്രദമായ നികുതി സംവിധാനത്തില്‍ കൊണ്ടുവരാനുള്ള ഒരു സമീപനവുമില്ല. ‘പോപ്പുലിസ’ ത്തിന്റെ ഭാഗമായി ഈ ബജറ്റില്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങളൊന്നും ഇല്ലെന്നതോ പോകട്ടെ, നിലവിലുള്ളതില്‍ നിന്നും 191 കോടി രൂപയുടെ നികുതി ഇളവുകള്‍ നല്‍കിയിരിക്കുന്നു പോലും. ജിഎസ്ടി യിലൂടെ ഉണ്ടായ വമ്പിച്ച നികുതി ശോഷണവും സമ്പന്ന വര്‍ഗ്ഗത്തെ നികുതി വലയില്‍ കൊണ്ടു വരില്ലെന്ന നവ ലിബറല്‍ സമീപനവും നിമിത്തം വിഭവ സമാഹരണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും നിയമസഭയോട് ഉത്തരവാദിത്വമില്ലാത്ത, കിഫ്ബിയെ ഏല്പിച്ചിരിക്കുന്നു.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞ കിഫ്ബി, ബജറ്റിന്റെ തുടര്‍ച്ചയായി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചതോടെ, വീണ്ടും ചര്‍ച്ചയായിരിക്കുന്നു. തീര്‍ച്ചയായും, സംസ്ഥാന വിഭവ സമാഹരണത്തിന്മേല്‍ കേന്ദ്രം കടിഞ്ഞാണിടുന്നതിന്റെ വക്കാലത്തേറ്റെടുത്തിട്ടുള്ള സിഎജി നിലപാട് അപലപനീയമാണെന്ന് ഊന്നിപ്പറയുന്നതോടൊപ്പം, നിയമസഭക്കും ബജറ്റിനും പുറത്ത് കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേറ്റ് മൂലധനത്തിന് സംസ്ഥാനത്തെ അടിയറ വെക്കുന്ന ദിശയിലുള്ളതാണ് എന്ന് തിരിച്ചറിയണം. സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന നികുതികളും സെസ്സും കൈകാര്യം ചെയ്യുന്ന കിഫ്ബി വരുത്തി വെക്കുന്ന മസാല ബോണ്ടും കടമെടുപ്പും ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാധ്യതയും ജനങ്ങളുടെ ചുമലിലാണ് വന്നു പതിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍, 2026 മാര്‍ച്ചിനകം സംസ്ഥാന കടത്തില്‍ നിന്നും 81056.92 കോടി രൂപ തിരിച്ചടക്കാന്‍ കേരളം ബാധ്യസ്ഥമാണെന്ന കിഫ്ബിയുടെ മുന്നറിയിപ്പ് നിസ്സാരമായി കാണാനാവില്ല.

കേരള ധനമന്ത്രിയും സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ സൂഹൃത്തുക്കളും സ്ഥിരം പറഞ്ഞു പോരുന്നത് കടം വാങ്ങി ചെലവ് ചെയ്യുന്നത് നല്ല കാര്യമാണെന്നും അതുവഴി വികസനം സാധ്യമാകുന്ന തോടൊപ്പം, ഭാവിയില്‍ തിരിച്ചടവ് അനായാസകരമാകുമെന്നുമാണ്. നവലിബറല്‍ -കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ നടത്തിപ്പുകാര്‍ കെയ്‌നീഷ്യസം (Keynesianism)പ്രസംഗിക്കുന്നതിന്റെ കാപട്യം തിരിച്ചറിയണമെന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. വര്‍ദ്ധിത നികുതി (progressive taxation) കളിലൂടെയും കമ്മി ബജറ്റിലൂടെയും വിഭവ സമാഹരണം നടത്തി സര്‍ക്കാരിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും വന്‍ തോതില്‍ അടിസ്ഥാന സൗകര്യ പദ്ധതികളും (infrastructures) സാമ്പത്തിക സംരംഭങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിച്ചിരുന്ന ക്ഷേമ മുതലാളിത്ത (welfare capitalism) ത്തിനു ബാധകമായ സാമ്പത്തിക ചലന നിയമങ്ങള്‍ സമ്പദ്ഘടനയുടെ നിയന്ത്രണം കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതുന്ന മോദി – പിണറായി കാലത്തിനു ബാധകമാണെന്നു പറയുന്നതിലെ വങ്കത്തം തിരിച്ചറിയണമെന്നാണ് ഇവിടെ സൂചിപ്പിക്കാനുള്ളത്. നികുതി പിരിച്ചാലും കടം വാങ്ങിയാലും വിഭവങ്ങള്‍ കോര്‍പ്പറേറ്റുകളിലേക്കൊഴുകുകയും പൊതുമേഖലാ സംരംഭങ്ങളും ബാങ്കുകളിലെ പണം പോലും ‘കിട്ടാക്കടം’ എന്ന പേരില്‍ കോര്‍പ്പറേറ്റുകള്‍ അടിച്ചു മാറ്റുകയും കോര്‍പറേറ്റ് നികുതി 15 ശതമാനത്തിലേക്കു ചുരുക്കിയതടക്കം ലക്ഷക്കണക്കിനു കോടി രൂപയുടെ നികുതിയിളവുകള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കോര്‍പ്പറേറ്റുകളാകട്ടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഉല്പാദന മേഖലകള്‍ കയ്യൊഴിഞ്ഞ് പെട്ടെന്നു ലാഭമടിക്കാവുന്നക്കാവുന്നക്കാവുന്ന റിയല്‍ എസ്റ്റേറ്റ് , ഓഹരി വിപണി, അവധി വ്യാപാരമടക്കമുള്ള ഊഹമേഖലകളില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. രാജ്യം 23.9 ശതമാനം കണ്ടു ചുരുങ്ങുകയും തൊഴിലില്ലായ്മ ചരിത്രത്തിലൊരിക്കലുണ്ടായില്ലാത്ത വിധം ഭീതി ജനകമാകുകയും കര്‍ഷകരുടെ വരുമാനം പകുതിയായി ഇടിയുകയും ചെയ്യുമ്പോള്‍ അംബാനി -അദാനി മാരുടെ കോര്‍പ്പറേറ്റ് സമ്പത്ത് പല മടങ്ങ് വര്‍ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ സന്ദര്‍ഭത്തില്‍, കടം വാങ്ങുന്ന പണം സര്‍ക്കാര്‍ എങ്ങനെ തിരിച്ചടക്കുമെന്ന് ഈ വിദഗ്ധന്മാര്‍ വിശദീകരിക്കേണ്ടതുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും (രണ്ടു കൂട്ടരും സാമ്പത്തികോപദേശം തേടുന്നത് ഒരേ നവ ലിബറല്‍ കേന്ദ്രത്തില്‍ നിന്നാണല്ലോ. പിണറായിയുടെ സാമ്പത്തിക ഉപദേഷ്ടാവ് പിന്നീട് ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റായ ഗീത ഗോപിനാഥ് ആയിരുന്നല്ലോ?) ഭരിക്കുന്നവരുടെ ഒത്താശയോടെ രാജ്യ സമ്പത്തു കൊള്ളയടിച്ച് കോര്‍പ്പറേറ്റുകള്‍ തടിച്ചു കൊഴുക്കുന്ന തീവ്ര വലതു സാമ്പത്തിക നയങ്ങള്‍ അവസാനിപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാട് വളര്‍ത്തിക്കൊണ്ടു വരാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനമുണ്ടാകില്ലെന്ന തിരിച്ചറിവും അതിന്‍ പ്രകാരമുള്ള രാഷ്ട്രീയ ഇടപെടലുമാണ് പ്രസക്തമെന്നു സൂചിപ്പിക്കട്ടെ. അക്കാരണത്താല്‍, തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ എന്നതേക്കാള്‍, എഴുതിത്തയ്യാറാക്കിയ ഒരു തെരഞ്ഞെടുപ്പു പ്രസംഗമാണ് ഈ ബജറ്റ് എന്നു പറഞ്ഞാലും അധികമാകില്ല..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply