കാസര്‍ഗോഡിനു എയിംസ് വേണം

കൊറോണ കാലത്തെ തിരിച്ചറിവില്‍ നിന്ന് കാസര്‍ഗോഡുകാരുടെ ഓണ്‍ലൈന്‍ കൂട്ടായ്മകള്‍, ഒന്നുമറിയാതെ ജനപ്രതിനിധികളും. മംഗലാപുരം പ്രൈവറ്റ് ഹോസ്പിറ്റല്‍ ലോബിയാണ് മെഡിക്കല്‍ കോളജ് പണി മന്ദീഭവിപ്പിക്കുന്നതിനു പിന്നില്‍ എന്ന വാദം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

കേരളത്തില്‍ കൊറോണയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഏറെ ഭീതി പടര്‍ന്ന ജില്ലയാണ് കാസര്‍ഗോഡ്. ഒരു വേള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നതും പിന്നീട് ജനങ്ങളുടെ ഉണര്‍വ്വ് പ്രവര്‍ത്തനം മൂലം കോവിഡ് 19 പൂജ്യത്തില്‍ നിലക്കുകയും ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. കൊറോണയാണ് ജില്ലയുടെ ഞെട്ടിക്കുന്ന ആരോഗ്യ പരിതോവസ്ഥ സംസ്ഥാനത്തിനു മുന്നില്‍ തുറന്നു കാട്ടിയത്. ഭരണാധികാരികളുടെ അവഗണനകള്‍ക്ക് ഏറെ പാത്രമായ കാസര്‍ഗോഡ് ജില്ലയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ താലൂക്ക് ആശുപത്രിയെ പേരുമാറ്റം നടത്തിയ ഏക ജനറല്‍ ആശുപത്രി മാത്രമാണ് ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ എട്ടു കഴിഞ്ഞും പണി പൂര്‍ത്തിയാകാത്ത ഒരു മെഡിക്കല്‍ കോളേജ് ചില തട്ടുമുട്ടു പണികള്‍ നടത്തി കോവിഡ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റി. ഇന്ന് ജില്ലയിലെ ജനങ്ങള്‍ തങ്ങളുടെ പരിതസ്ഥിതികള്‍ തിരിച്ചറിഞ്ഞ് പൊതു കാര്യബോധത്തോടെ ഊര്‍ജ്ജസ്വലരായിരിക്കുകയാണ്. അതിന്റെ നേര്‍ നിദര്‍ശനമാണ് ‘കാസര്‍ഗോഡിനു എയിംസ് വേണം എന്ന ടാഗ് ലൈന്‍.’

2012 ലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനു തറക്കല്ലിടുന്നത്. എട്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. നാലു വര്‍ഷം മുമ്പ് 2016 ല്‍ ഭരണമാറ്റം നടന്നു. പക്ഷേ ഇപ്പോഴും വെറും 40 % മാത്രമാണ് പണി പൂര്‍ത്തിയായത്. ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ പോലുമില്ലാത്ത ജില്ലയാണ് കാസര്‍ഗോഡ്. അല്‍പം ഗൗരവമേറിയ ചികിത്സാ പ്രതിവിധികള്‍ക്ക് പോലും കര്‍ണ്ണാടകയിലേക്ക് ആംബുലന്‍സ് കയറ്റിവിടലാണ് പതിവ്. പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ജില്ലാ ആസ്ഥാനത്തു നിന്ന് അറുപതോളം കിലോമീറ്റര്‍ അകലെയുള്ള പരിയാരത്തേക്കും. ഒരു ജില്ലയുടെ മൊത്തം അവസ്ഥയാണ് ഇത്. ഇവിടെയാണ് ഇന്ത്യയിലെ തന്നെ മഹാ ദുരിതമായ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഉള്ളത്.

എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല കൂടിയായ ബദിയഡുക്കയിലാണ് 2012 ല്‍ മെഡിക്കല്‍ കോളജിനു തറക്കല്ലിടുന്നത്. പക്ഷേ ഇതുവരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് മാത്രമാണ് ഏകദേശ പണി പൂര്‍ത്തിയായത്. അതിനെയാണ് കൊറോണയോട് മല്ലിടാന്‍ കൊവിഡ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി മാറ്റിയത്. ഇനിയും ബാക്കിയുള്ള അറുപത് ശതമാനം പണി പൂര്‍ത്തിയാകാന്‍ എത്ര നാള്‍ കാത്തു നില്‍ക്കേണ്ടി വരുമെന്ന് ഒരു നിശ്ചയവുമില്ല.

കൊറോണ ഒരു തരത്തില്‍ അനുഗ്രഹമായിരുന്നു കാസര്‍ഗോഡുകാര്‍ക്ക്. കര്‍ണ്ണാടക അതിര്‍ത്തി വേലികെട്ടി ഭദ്രമാക്കിയപ്പോഴാണ് ടാറ്റയുടെ വക മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വരുന്നത്. മുതലാളിമാര്‍ ധാരാളമുള്ള കാസര്‍ഗോഡ് ജില്ല വ്യവസായ വാണിജ്യപരമായ വികസന കാര്യത്തില്‍ വെറും ചതുപ്പ് നിലമാണ്. തൊട്ടടുത്ത മംഗലാപുരം ഈ മുതലാളിമാര്‍ക്ക് നല്ല വിളനിലമായി മാറിയതു കൊണ്ടും നാട്ടില്‍ ചെങ്കൊടികുത്തി സ്വന്തം നാടിനെ മുരടിപ്പിക്കുന്ന വികസന വിരുദ്ധര്‍ എല്ലാത്തിനും തടസ്സമാകുന്നതുമാണ് പ്രധാന കാരണങ്ങള്‍.

ഇപ്പോള്‍ കാസര്‍ഗോഡുകാര്‍ AlMS നു വേണ്ടി ശബ്ദിക്കുകയാണ്. ഉന്നയിക്കുന്ന ആവശ്യം വളരെ ന്യായമാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ കോലാഹളം സൃഷ്ടിച്ചതുകൊണ്ട് മാത്രം കാര്യം സാധിക്കില്ലെന്നും കാസര്‍ഗോഡുകാര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഭരണാധികാരികളുടെ ബധിരകര്‍ണ്ണങ്ങള്‍ തുറക്കുവാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിടേണ്ടതുണ്ട്. പാര്‍ട്ടി ഭേദമന്യേ ഭരണാധികാരികളെ എതിര്‍ക്കുകയും പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്താല്‍ മാത്രമേ ജനകീയ കൂട്ടായ്മ ശക്തിപ്പെടുള്ളൂ.

AIMS നു വേണ്ടി കാസര്‍ഗോട്ടെ ജനങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ട്. പലവിധത്തിലുള്ള ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ ഇതുവഴി നടക്കുന്നു. (https://www.facebook.com/groups/aiimsforkasaragod/)
‘കാസര്‍ഗോഡിന് എയിംസ് വേണം’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഓണ്‍ലൈന്‍ ധര്‍ണ്ണകള്‍ നടത്തുന്നുണ്ട്. ഇതിനകം നടന്‍ കുഞ്ചാക്കോ ബോബന്‍ പിന്തുണ അറിയിച്ചു. സിനിമാ നടന്‍ കൂടിയായ സബ് ഇന്‍സ്‌പെക്ടര്‍ സിബി തോമസ് പിന്തുണയുമായി വീഡിയോയില്‍ വന്നു. സാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഡന്‍, സാഹിത്യകാരന്‍ അംബികാസുതന്‍ മങ്ങാട്, നാടക കലാകാരന്‍ സുധീപ് അമ്പലത്തറ തുടങ്ങി നിരവധി പേര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ഭാഷയിലും മറ്റുമായി ഭരണാധികാരികളുടെ അവഗണനക്കെതിരെ നിരവധി ടോളുകളുമായ് ട്രോളന്മാരും രംഗത്തെത്തിയിട്ടുണ്ട്.

കാലങ്ങളായി വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന മേഖലകളിലായി കാസര്‍ഗോഡ് ജില്ല അനുഭവിക്കുന്ന പിന്നോക്കാവസ്ഥക്ക് വലിയൊരളവില്‍ ഉത്തരവാദികള്‍ തങ്ങള്‍ തെരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികളാണെന്നു മനസ്സിലാക്കാതെ തങ്ങള്‍ നടത്തുന്ന പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകില്ലെന്നു കാസര്‍ഗോഡുകാര്‍ തിരിച്ചറിയേണ്ടതുണ്ട്. പാര്‍ട്ടി ഭേദങ്ങള്‍ക്കതീതമായ കൂട്ടായ്മ ശക്തിപ്പെടുത്തേണ്ട അനിവാര്യമായ സന്ദര്‍ഭമാണിത്. വര്‍ഷങ്ങളായി തങ്ങളെ ഭരിക്കുന്ന നേതാക്കള്‍ തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അവരെ ചോദ്യം ചെയ്യാനും അവരുടെ നിഷ്‌ക്രിയത്വത്തെ എതിര്‍ക്കാനും ജനങ്ങള്‍ തയ്യാറാകണം.

മംഗലാപുരം പ്രൈവറ്റ് ഹോസ്പിറ്റല്‍ ലോബിയാണ് മെഡിക്കല്‍ കോളജ് പണി മന്ദീഭവിപ്പിക്കുന്നതിനു പിന്നില്‍ എന്ന വാദം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. അതിനു കൂട്ടുനില്‍ക്കുന്നവരാണ് ഇടം-വലം ഭേദമില്ലാതെ ജനപ്രതിനിധികളും. എയിംസിനു വേണ്ടി കാസര്‍ഗോഡുകാര്‍ ഒണ്‍ലൈനില്‍ സഗൗരവം ശബ്ദിക്കുമ്പോള്‍ അതിന്റെ പ്രതിഫലനമറിയാന്‍ വേണ്ടി ഒരു കൗതുകത്തിന് കാസര്‍ഗോഡ് എം എല്‍ എ മാരുടെ ഫേസ്ബുക്ക് വാളുകള്‍ തുറന്നു നോക്കിയതായിരുന്നു. ആഹാ! അതില്‍ ഒരു ഇലയനക്കം പോലുമില്ല. ഇവരെയാണ് ജനങ്ങള്‍ പതിവായി ജയിപ്പിച്ചു വിടുന്നത്. ഓണ്‍ലൈന്‍ പ്രതിഷേധങ്ങള്‍ കനക്കട്ടെ, പക്ഷേ നിഷ്‌ക്രിയരായ നേതാക്കളെ ആരു പാഠം പഠിപ്പിക്കുമെന്ന ചോദ്യത്തിന് ഉത്തരം ഇതേ കൂട്ടായ്മക്കു നല്‍കാന്‍ കഴിയണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply