കേരളത്തില്‍ അംബേദ്കര്‍ രാഷ്ട്രീയത്തെ തടഞ്ഞത് സിപിഎം

ഭൂപരിഷ്‌കരണമൊക്കെ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ദളിതര്‍ ഇപ്പോഴും ആയിരകണക്കിനു കോളനികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. അതിനു കാരണം ഇടതുപക്ഷമാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. അതെ, ദളിതരെ എന്നും കോളനികള്‍ക്കകത്ത് പൂട്ടിയിട്ടത് ഇടതുപക്ഷമാണ്. കോളനിനിവാസികളില്‍ 70 ശതമാനവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. പിര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലാനും തല്ലുകൊള്ളാനും പോകുന്നവര്‍ പ്രധാനമായും ഇവരാണ്. അതിനാല്‍തന്നെ ഇവര്‍ എന്നും കോളനികളില്‍ കെട്ടിയിടപ്പെടേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്

ദലിത് വിഭാഗത്തില്‍ ജനിക്കുകയും, ഇന്ത്യയിലെ, കേരളത്തിലെ, സ്വന്തം പാര്‍ട്ടിക്കുളിലെ അസമത്വങ്ങളോട് നിരന്തരം പോരാടുകയും – അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അമാനുഷനെ പോലെ – ചെയ്ത് നേതാവായ ഒരാളാണ് കൊടിക്കുന്നില്‍ സുരേഷ്. കേരളത്തില്‍ ഏല്ലാവര്‍ക്കും ലഭ്യമാണോ എന്ന് അന്വേഷിക്കാതെ ഓണ്‍ലൈന്‍ ക്ലാസ്സ് സംവിധാനങ്ങള്‍ തുടങ്ങുക്കയും, അത് മൂലം ഒരു ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിലെ സാമൂഹ്യസ്ഥിതിയെ കുറിച്ചും മറികടക്കേണ്ട വിഷയങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. സ്വന്തം പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങളെയകുറിച്ചും തന്റെ പരിമിതികളെ കുറിച്ചും മൗനത്തിലും അദ്ദേഹം ജിജില്‍ അകലാണത്തിനോട് സംസാരിക്കുന്നു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ അപര്യാപ്ത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദലിത് പെണ്‍കുട്ടി ദേവികയുടെ വീട്ടില്‍ നിന്നാണല്ലോ താങ്കള്‍ വരുന്നത്. ആ വിഷയത്തൈ എങ്ങിനെയാണ് നോക്കി കാണുന്നത് ?

കേരളം നേരിടുന്ന വളരെ ഗുരുതരമായ വിഷയമാണ് ദേവിക എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ഉയര്‍ത്തുന്നത്. അത് കേവലം ലാപ്ടാപ്പിന്റേയോ മൊബൈല്‍ ഫോണിന്റേയോ വിഷയമേയല്ല. ഞാനവരുടെ വീട്ടില്‍ പോയിരുന്നു. അഞ്ചുസെന്റ് ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടുപോലുമില്ലാത്ത, ജീവിക്കാന്‍ പാടുപെടുന്ന ഒരു കുടുംബമാണ് ദേവികയുടേത്. മാതാപിതാക്കള്‍ അവളെ നന്നായി പഠിപ്പിക്കാന്‍ ആഗ്രഹിച്ചു. ദേവികയാകട്ടെ പഠിക്കാന്‍ മിടുക്കിയുമായിരുന്നു. ഈ വര്‍ഷമാകട്ടെ അവള്‍ പത്താംക്ലാസ്സിലും. മറ്റു കുട്ടികള്‍ക്കു ലഭിക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം തനിക്കു കിട്ടില്ല എന്ന വേവലാതിയായിരുന്നു ദേവികയെ ആത്മഹത്യയിലെത്തിച്ചത് എന്നു വ്യക്തം

സര്‍ക്കാര്‍ ഈ സംഭവത്തെ എങ്ങിനെയാണ് നോക്കി കാണുന്നത് ?. തങ്ങളുടെ വീഴ്ചയാണ് ഇതിനു കാരണമെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ടോ?.

നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഇപ്പോഴും ഈ വിഷയത്തെ അഭിമാനപ്രശ്നമായാണ് എടുക്കുന്നത്. അശാസ്ത്രീയമായി നടപ്പാക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ രക്തസാക്ഷിയാണ് ദേവിക എന്നതംഗീകരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഏറെക്കുറെ ശരിയായ രീതിയില്‍ പോകുന്ന പോലീസ് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തന്നെ നടത്തുന്നത്. അതാണ് ദേവികയുടെ വീട്ടുകാരടക്കം ആരും ആവശ്യപ്പെടാതെ അന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ദിശമാറ്റിവിടലാണ് ഇതിന്റെ ലക്ഷ്യമെന്നുറപ്പ്.

എല്ലാവര്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കാതെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതാണോ പ്രശ്‌നമായത്?

സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്തതാണെന്നു ബോധ്യമായിട്ടും ട്രയലിന്റെ പേരില്‍ ഒന്നാം തിയതിതന്നെ ക്ലാസ്സുകള്‍ തുടങ്ങിയത് സര്‍ക്കാരിനു പറ്റിയ വീഴ്ചതന്നെയാണ്. മെയ് 29നാണ് ജൂണ്‍ ഒന്നിനു ക്ലാസ് തുടങ്ങുന്ന ഉത്തരവ് ഇറങ്ങിയത്. ഈ രണ്ടരലക്ഷത്തില്‍ മിക്കവാറും പേര്‍ sc/st വിഭാഗത്തില്‍ പെട്ടവരാണെന്നതില്‍ സംശയമില്ല. വാസ്തവത്തില്‍ ഏതാനും ദിവസം തയ്യാറെടുപ്പിനായി ചിലവഴിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു. അംഗന്‍വാടികളും വായനശാലകളുമൊക്കെയായി ബന്ധപ്പെട്ട് എല്ലാ കോളനികളിലും ഓണ്‍ ലൈന്‍ സൗകര്യമൊരുക്കി വേണമായിരുന്നു ക്ലാസ്സുകള്‍ തുടങ്ങാന്‍. എന്നാല്‍ ആദ്യമായി ക്ലാസ്സുകള്‍ തുടങ്ങി എന്ന പ്രശസ്തിക്കാവാം സര്‍ക്കാര്‍ പുറന്തള്ളപ്പെടുന്നവരെ കുറിച്ച് ചിന്തിച്ചില്ല. അതാണ് ഈ ദുരന്തത്തിനു കാരണമായത്

ദേവികയുടെ ആത്മഹത്യ ഒറ്റപ്പെട്ട എന്ന പ്രശ്‌നം എന്നതിലുപരിയായി 1957 മുതല്‍ മാറി മാറി വന്ന സര്‍ക്കാറുകളുടെ ദലിതരുടേയും മറ്റു പാര്‍ശ്വവല്‍ക്കൃതരുടേയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കഴിയാത്തതു കൊണ്ടുള്ള സാഹചര്യം കൂടിയല്ലെ ?

തീര്‍ച്ചയായും ഇതൊരു ഒറ്റപ്പെട്ട വിഷയമല്ല. ദേവിക ആത്മഹത്യ ചെയ്തത് പഠിക്കാന്‍ കഴിയാത്തതിനാലായിരിക്കും. എന്നാല്‍ അതിനുപുറകില്‍ നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ മിക്കവാറും നടപ്പാക്കപ്പെടുന്നില്ല. ദളിത് വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈഫന്റും അലവന്‍സുകളുമൊന്നും കൃത്യമായി കിട്ടുന്നതേയില്ല. sc/st വിഭാഗങ്ങള്‍ക്ക് മാറ്റിവെച്ച ഫണ്ടുകള്‍ പലപ്പോഴും വകമാറ്റി ചിലവാക്കുന്നു. പലപ്പോഴും ലാപ്സാകുന്നു. അതിനുകാരണക്കാരായവര്‍ ഒരിക്കലും ശിക്ഷിക്കപ്പെടുന്നതേയില്ല. അവരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണം. ഇക്കാര്യം പാര്‍ലിമെന്റില്‍ തന്നെ ഞാനാവശ്യപ്പെട്ടിട്ടുണ്ട്. എന്തിനേറെ, കേരളത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട ലൈഫ് പദ്ധതിയില്‍ പോലും പട്ടികജാതിക്കാര്‍ വഞ്ചിക്കപ്പെട്ടു. കാലങ്ങളായി വിവിധ വകുപ്പുകളും പദ്ധതികളും വഴി പട്ടികജാതിക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു. അത്തരത്തിലുള്ള പദ്ധതികളെല്ലാം ലൈഫ് മിഷനില്‍ സംയോജിപ്പിച്ചിരിക്കുകയാണ്. പട്ടികജാതിക്കാര്‍ക്കുള്ള ഫണ്ട് ജനറല്‍ ഫണ്ടിന്റെ ഭാഗമായിരിക്കുകയാണ്. അതുവഴി വന്‍നഷ്ടമാണ് അവര്‍ക്കുണ്ടായത്.

ഏറെ കൊട്ടിഘോഘിച്ച് നടപ്പാക്കിയ ഭൂപരിഷ്‌കരണത്തിനു ശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഈ പൊതുസ്ഥിതി കാലങ്ങളായി എം.പി കൂടിയായ താങ്കള്‍ പരിശോധിച്ചിട്ടുണ്ടോ ?.

ഭൂപരിഷ്‌കരണമൊക്കെ കഴിഞ്ഞിട്ടും സംസ്ഥാനത്തെ ദളിതര്‍ ഇപ്പോഴും ആയിരകണക്കിനു കോളനികളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. അതിനു കാരണം ഇടതുപക്ഷമാണെന്നു പറയാന്‍ എനിക്കൊരു മടിയുമില്ല. അതെ, ദളിതരെ എന്നും കോളനികള്‍ക്കകത്ത് പൂട്ടിയിട്ടത് ഇടതുപക്ഷമാണ്. കോളനിനിവാസികളില്‍ 70 ശതമാനവും സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമാണ്. പിര്‍ട്ടിക്കുവേണ്ടി കൊടിപിടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലാനും തല്ലുകൊള്ളാനും പോകുന്നവര്‍ പ്രധാനമായും ഇവരാണ്. അതിനാല്‍തന്നെ ഇവര്‍ എന്നും കോളനികളില്‍ കെട്ടിയിടപ്പെടേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. മെച്ചപ്പെട്ട ജീവിതം ഇവര്‍ക്കു ലഭിച്ചാല്‍ അവര്‍ വിട്ടുപോകുമെന്ന് നേതാക്കള്‍ക്കറിയാം. അവരുടെ പ്രധാന വോട്ടുബാങ്കും മറ്റാരുമല്ല. ചെറിയ പ്രദേശത്ത് തിങ്ങികൂടി ജീവിക്കുന്നവരായതിനാല്‍ തന്നെ തെരഞ്ഞെടുപ്പു പ്രചരണവും വോട്ടുറപ്പിക്കലും എളുപ്പമാണ്.

കേരളത്തിലെ ദലിത് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തടസ്സം നില്‍ക്കുന്നത് സി.പി.ഐ (എം) ആണെന്നാണോ പറയുന്നത് ?

ഭൂമിക്കും മാന്യമായ ജീവിതത്തിനും വേണ്ടിയുള്ള ദളിതരുടെ ഏതൊരു പോരാട്ടത്തേയും ശക്തമായി എതിര്‍ക്കുന്നത് സിപിഎമ്മാണ്. ചങ്ങറയിലും അരിപ്പയിലുമൊക്കെ അത് പ്രകടമാണ്. കണ്ണൂരില്‍ തങ്ങളുമായി ബന്ധപ്പെട്ടവരുടെ ഭൂമിയും സ്വത്തും സംരക്ഷിക്കാന്‍ ദേശീയപാത തിരിച്ചുവിടുന്നത് തുരുത്തി കോളനിയിലൂടെയാണ്. അതിനെതിരായ കോളനിനിവാസികളുടെ സമരത്തിനും സിപിഎം എതിരാണ്. കെ പി എം എസിനും മറ്റും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച കോളേജിനു ഇപ്പോഴും അംഗീകാരം നല്‍കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ലല്ലോ. ഹാരിസണും ടാറ്റയും മറ്റും ്അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ലക്ഷകണക്കിനു ഏക്കര്‍ ഭൂമി മനസ്സുവെച്ചാല്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയും. എന്നാല്‍ അതിനു തയ്യാറാകാതെയാണ് അവരെ സ്വന്തം ഭൂമിയില്ലാത്ത ഫ്്ളാറ്റുകളിലൊതുക്കുന്നത്. കോര്‍പ്പറേറ്റുകള്‍ കോടതി കയറുമായിരിക്കാം. എന്നാല്‍ ഈ സര്‍ക്കാര്‍ ചെയ്തതെന്താണ് എന്നു നമ്മള്‍ കണ്ടു.. എല്ലാവര്‍ക്കുമറിയാവുന്ന പോലെ രാജമാണിക്യമടക്കമുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയതും അഡ്വ. സുശീല. ആര്‍. ഭട്ടിനെ ഗവ പ്ലീഡര്‍ സ്ഥാനത്തുനിന്നു മാറ്റിയതും ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നു വ്യക്തമാണ്. സംസ്ഥാനത്തെ ഭൂരഹിതരോട് പ്രത്യകിച്ച് ദളിതരോടു ഈ സര്‍ക്കാര്‍ ചെയ്ത വഞ്ചനയായിരുന്നു അവയെല്ലാം. മറ്റുമേഖലകളും ഇങ്ങനെതന്നെ. വിനായകന്‍, മധു, കെവിന്‍, വാളയാര്‍ പെണ്‍കുട്ടികള്‍ തുടങ്ങി നിരവധി പേരുടെ അനുഭവങ്ങള്‍ ആവര്‍ത്തിക്കേണ്ടതില്ലല്ലോ. സാമ്പത്തിക സംവരണത്തിനായുള്ള സിപിഎം നിലപാടും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്.

എം.പി എന്ന നിലയില്‍ കേരളത്തിനു പുറത്തുള്ള ദലിതരുടെ സാമൂഹ്യ അവസ്ഥയെ കുറിച്ച് എന്താണ് പറയാനുള്ളത് ?.കേരളം എങ്ങനെയാണ് ഇക്കാര്യത്തില്‍ വ്യത്യസ്ഥമായിരിക്കുന്നത്?

ദളിതരുടെ തനതായ രാഷ്ട്രീയമുന്നേറ്റങ്ങള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായപ്പോഴൊക്കെ കേരളത്തില്‍ അതിനെ തടഞ്ഞുനിര്‍ത്തിയത് സിപിഎം തന്നെയായിരുന്നു. കമ്യൂണിസ്റ്റുകാരനായാല്‍ ജാതിയില്ലാതായി എന്ന അവര്‍ സൃഷ്ടിച്ച മിഥ്യാബോധം ദളിതര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അംബേദ്കര്‍ രാഷ്ട്രീയവും അങ്ങനെ ഇവിടെ തടയപ്പെടുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ അതല്ല സ്ഥിതി. ദളിതരുടെ ശക്തമായ സംഘടനകളും പോരാട്ടങ്ങളും അവിടങ്ങളിലെല്ലാം സജീവമാണ്. മാത്രമല്ല, എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കകത്തും ശക്തമായ ദളിത് സാന്നിധ്യവും നേതൃത്വവുമുണ്ട്. കോണ്‍ഗ്രസ്സും വ്യത്യസ്തമല്ല. മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയും ജി പരമേശ്വരയും മറ്റും ഉദാഹരണങ്ങള്‍. കേരളത്തില്‍ പക്ഷെ കോണ്‍ഗ്രസ്സടക്കം എല്ലാ പാര്‍ട്ടികളിലും ഇത്തരമൊരവസ്ഥയില്ല. അതിനു പ്രധാന കാരണം നേരത്തെ പറഞ്ഞപോലെ ഇടതുപക്ഷം സൃഷ്ടിച്ച പൊതുബോധത്തിന്റെ സാന്നിധ്യമാണ്. ആ പൊതുബോധത്തിനെതിരെ ശക്തമായി പോരാടി തന്നെയാണ് പാര്‍ട്ടിയിലും സമൂഹത്തിലും ഞങ്ങളൊക്കെ നിലനില്‍ക്കുന്നത്. മറ്റൊന്നുകൂടി, മറ്റു പല സംസ്ഥാനങ്ങളിലും ദളിത് വിഭാഗങ്ങളില്‍ നിന്നുള്ള സംരംഭകര്‍ നിരവധിയുണ്ട്. ഗാര്‍ഗെ തന്നെ ഉദാഹരണം. കേരളത്തിലാകട്ടെ അതും വളരെ കുറവാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ അംബ്ദേകറൈറ്റ് ആശയങ്ങള്‍ ശക്തമായി ഉയര്‍ന്നു വരികയാണല്ലോ. അതിനെ എങ്ങിനെയാണ് കാണുന്നത്?

തീര്‍ച്ചയായും ഞാന്‍ ഒരു അംബേദ്കറൈറ്റാണ്. അംബേദ്കര്‍ മുന്നോട്ടുവെച്ച ആശയങ്ങളിലൂടെ മാത്രമേ നമുക്കു മുന്നോട്ടുപോകാനാവൂ. രാജ്യം നേരിടുന്ന ഏറ്റവും ഗൗരവമായ വിഷയമാണ് ജാതീയപീഡനം. ജാതീയപീഡനങ്ങള്‍ക്കെതിരായും സാമൂഹ്യനീതിക്കായുമുള്ള പ്രക്ഷോഭങ്ങളില്‍ അംബേദ്കര്‍ തന്നെയാണ് വഴികാട്ടി..

കേരളത്തില്‍ 30 വര്‍ഷത്തോളം ദലിത് വിഭാഗത്തില്‍ നിന്ന് എം.പി എന്ന പ്രവര്‍ത്തനവും, പാര്‍ട്ടി പ്രവര്‍ത്തനവും എങ്ങിനെയാണ് മുന്നോട്ട് കൊണ്ട് പോകുന്നത് ?

പുറത്തും പാര്‍ലിമെന്റിലുമെല്ലാം രാജ്യത്തെ ദളിതരുടെ പ്രശ്നങ്ങള്‍ ശക്തമായി ഉന്നയിക്കാറുമുണ്ട്. ദളിതര്‍ അക്രമിക്കപ്പെടുന്നയിടങ്ങളില്‍ എത്തിപ്പെടാറുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യമായാണ് ബജറ്റിലെ പട്ടികജാതി വിഹിതത്തെ കേന്ദ്രീകരിച്ച് പാര്‍ലിമെന്റ് പ്രത്യേക ചര്‍ച്ച നടത്തിയത്. അക്കാര്യം ആവശ്യപ്പെട്ടത് മറ്റാരുമായിരുന്നില്ല. എയ്ഡഡ്് മേഖലയില്‍ മാത്രമല്ല പ്രൈവറ്റ് മേഖലകളിലും സംവരണം എന്ന ആവശ്യം ഞങ്ങള്‍ സക്തമായി ഉന്നയിക്കുന്നുണ്ട്. അതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കകത്തും പുറത്തും ജനപ്രതിനിധിസഭകളിലുമെല്ലാം ഈ ദിശയിലുള്ള പോരാട്ടങ്ങള്‍ തുടരുക തന്നെ ചെയ്യും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply