കപ്പേള സദാചാരപോലീസിങ്ങല്ല

സിനിമ മോറല്‍ പോലീസിങ്ങിനെ അനുകൂലിക്കുന്നു എന്നതാണ് ഉയര്‍ന്നുവന്ന സിനിമാ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. അപരിചിതരായ സ്ത്രീപുരുഷന്മാരെ പിന്തുടര്‍ന്ന റോയിയെ നയിക്കുന്നത് സദാചാരപരമായ ആണ്‍ബോധമാണ് എന്ന് ഇതിന് നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമ സൂക്ഷ്മമായി വീക്ഷിക്കുന്നതിലുണ്ടായ ഒരു പിഴവ് മാത്രമാണ് ഈ ആരോപണം.

മുഹമ്മദ്ദ് മുസ്തഫ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച് 2020 മാര്‍ച്ച് 6ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്ച ‘കപ്പേള’. കോവിഡ് പത്തൊമ്പതിന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രദര്‍ശനം തുടരാന്‍ കഴിയാതെപോയ ചിത്രം പിന്നീട് നെറ്റ്ഫ്‌ലിക്‌സ് വഴിയാണ് പ്രേക്ഷക-നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന ബെന്‍ (ജെസ്സി), റോഷന്‍ മാത്യു(വിഷ്ണു ), ശ്രീനാഥ് ബാസി (റോയ്) എന്നിവരാണ് സിനിമയിലെ മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

കോഴിക്കോട്ടെ ഒരു മലയോരഗ്രാമത്തില്‍ താമസിക്കുന്ന ജെസ്സി എന്ന കഥാപാത്രം, അക്കം തെറ്റിയുള്ള ഒരു ഫോണ്‍കോളിലൂടെ ഓട്ടോഡ്രൈവറായ വിഷ്ണുവിനെ പരിചയപ്പെടുന്നതും അവര്‍ തമ്മിലുള്ള അടുപ്പം പരസ്പരം കാണുകപോലും ചെയ്യാതെയുള്ള പ്രണയത്തിലേക്ക് വഴിമാറുന്നതുമാണ് സിനിമയുടെ ആദ്യഭാഗങ്ങളെ അപഹരിക്കുന്നത്.(പ്ലസ് ടു പരീക്ഷ പരാജയപ്പെട്ട നായിക; വീട്ടുകാരെ സഹായിച്ചുപോരുന്ന, ബേസ് മോഡല്‍ ഫോണ്‍ ഉപയോഗിക്കുന്ന, ബാല്യശേഷം അന്നേവരെ കടല്‍പോലും കണ്ടിട്ടില്ലാത്ത ഒരാളാണ്). അന്നാട്ടിലെ പ്രമാണികുടുംബത്തിലെ ഒരാള്‍ ജെസ്സിയില്‍ അനുരക്തനാവുകയും അവളെ വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം അതിന്റെ ആദ്യസംഘര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ വിവാഹത്തെയോ ജീവിതത്തെക്കുറിച്ചു തന്നെയോ ഉള്ള തീരുമാനങ്ങള്‍ കുടുംബത്തിന്റെ (മാതാപിതാക്കളുടെ) തീര്‍പ്പുകള്‍ അനുസരിച്ചതാണെന്നിരിക്കെ, ജെസ്സി വിഷ്ണുവിന്റെ സഹായം തേടുകയും അവര്‍ കോഴിക്കോട് നഗരത്തില്‍ ആദ്യമായി കണ്ടുമുട്ടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.

ഈ ആദ്യകൂടിക്കാഴ്ചയാണ് റോയ് എന്ന കഥാപാത്രത്തെ കമിതാക്കള്‍ക്കിടയിലേക്ക് കൊണ്ടെത്തിക്കുന്നത്. ബസ് സ്റ്റാന്‍ഡിലെ അപ്രതീക്ഷിതമായ ചില കോലാഹലങ്ങള്‍ക്കിടയില്‍ വിഷ്ണുവിന്റെ ഫോണ്‍ നഷ്ടമാവുകയും അത് റോയ് വീണ്ടെടുത്ത് നല്‍കുകയും ചെയ്യുന്നതാണ് പ്രസ്തുതസന്ദര്‍ഭം. എന്നാല്‍ അതവിടെ തീരുന്നതിനുപകരം റോയ് അവരിരുവരേയും പിന്തുടരുകയും പിന്നീട് വിഷ്ണുവുമായുള്ള ഒരു പൊതുവിടസംഘര്‍ഷത്തിലേക്ക് അത് വഴിമാറുകയും ചെയ്യുന്നു. സംഘര്‍ഷത്തില്‍ അഴുക്കുപുരണ്ടതിനാല്‍ ജെസ്സിയും വിഷ്ണുവും ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും വസ്ത്രം മാറുകയുമാണ് തുടര്‍ന്ന് ചെയ്യുന്നത്. ലോഡ്ജിലെ നാടകീയമായ ചില രംഗങ്ങള്‍ക്കൊടുവില്‍ വിഷ്ണു ഒരു പെണ്‍വാണിഭസംഘത്തിലെ മുഖ്യകണ്ണിയാണെന്നും ജെസ്സി ഇരയാക്കപ്പെടുകയായിരുന്നു എന്നും സിനിമ നമ്മോട് പറയുന്നു. പിന്നീട് റോയി തന്റെ ചുമട്ടുതൊഴിലാളിയായ സുഹൃത്തുമായി ചേര്‍ന്ന് ലോഡ്ജിലെത്തി ജെസ്സിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതോടെ ചിത്രം അതിന്റെ ആദിമധ്യങ്ങളെ താണ്ടുകയുമാണ്. ഇത്രയുമാണ് സാമാന്യമായി ‘കപ്പേള’ എന്ന സിനിമയുടെ ഉള്ളടക്കം. ഇനി സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിരൂപകാഭിപ്രായങ്ങളെ പരിഗണിക്കാം.

സിനിമ മോറല്‍ പോലീസിങ്ങിനെ അനുകൂലിക്കുന്നു എന്നതാണ് ഉയര്‍ന്നുവന്ന സിനിമാ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. അപരിചിതരായ സ്ത്രീപുരുഷന്മാരെ പിന്തുടര്‍ന്ന റോയിയെ നയിക്കുന്നത് സദാചാരപരമായ ആണ്‍ബോധമാണ് എന്ന് ഇതിന് നിദാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിനിമ സൂക്ഷ്മമായി വീക്ഷിക്കുന്നതിലുണ്ടായ ഒരു പിഴവ് മാത്രമായി അവഗണിക്കാവുന്ന ഒന്നാണ് ഈ ആരോപണം. വിഷ്ണുവില്‍നിന്നും നഷ്ടമായ മൊബൈല്‍ഫോണ്‍ റോയ് തിരിക്കിച്ചേല്‍പ്പിക്കുന്നതിനുമുന്‍പ് ലോഡ്ജ് നടത്തിപ്പുകാരിയും വാണിഭസംഘത്തിലെ ഇടനിലക്കാരിയുമായ സ്ത്രീ ആ ഫോണിലേക്ക് വിളിക്കുകയും പദ്ധതികളെക്കുറിച്ച് ആരായുകയും ചെയ്യുന്നുണ്ട്. ഇത് മനസ്സിലാക്കിയതുകൊണ്ടു മാത്രമാണ് റോയ് എന്ന കഥാപാത്രം ഒരു സംരക്ഷകവേഷം സ്വയം അണിയാന്‍ തുനിയുന്നത്. അതിനെ സദാചാരപരമായ ആണ്‍കോയ്മയായി വിലയിരുത്താന്‍ കഴിയില്ല എന്ന് തീര്‍ച്ചയാണ്. റോയിയിലെ സദാചാര ആങ്ങളയെ കണ്ടെത്തിയതായി അവകാശപ്പെടുന്നവര്‍ ഉയര്‍ത്തികാണിക്കുന്ന മറ്റൊരുരംഗം, റോയിയുടെ ജീവിതചുറ്റുപാടുകള്‍ ചിത്രീകരിക്കുന്ന ഭാഗങ്ങളില്‍ നിന്നുള്ളതാണ്. രാത്രിയിരുട്ടില്‍ പൊതുസ്ഥലത്ത് സമ്മേളിക്കുന്ന പ്രണയിതാക്കളെ റോയി ഒച്ചയിട്ട് വിരട്ടിയോടിക്കുന്ന ഒരു രംഗമാണത്. എന്നാല്‍ തൊട്ടടുത്ത് നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും അതൊരു സദാചാരലംഘനമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ അയാള്‍ ഇവിടെ ശ്രമിക്കുന്നതേയില്ല. ഈ സംഭവത്തിന് ശേഷമുള്ള റോയിയുടെ പുഞ്ചിരി അയാളുടെ ലാഘവത്തെ സൂചിപ്പിക്കുന്ന ഒന്നുമാണ്. മറ്റാരെങ്കിലും കണ്ടാല്‍ അതൊരു പ്രശ്‌നഭരിത മുഹൂര്‍ത്തമാകാമെന്നിരിക്കെ മുന്നറിയിപ്പ് നല്‍കുന്ന ഒരു സമാനഹൃദയന്‍ മാത്രമാണ് അവിടെ റോയ് എന്നും വ്യക്തമാണ്. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ സദാചാരപോലീസിങ്ങിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന സിനിമാവവിരുദ്ധവാദം അസ്ഥാനത്താണെന്ന് തീര്‍ത്തുപറയാം.

സിനിമക്കെതിരെ ഉയര്‍ന്നുവന്ന മറ്റൊരു സുപ്രധാന വിമര്‍ശനം അത് ‘ദൃശ്യ’മടക്കമുള്ള മലയാളസിനിമകള്‍ മഹത്വവല്‍ക്കരിച്ച കുടുംബസദാചാരത്തെ പിന്‍പറ്റുന്നു എന്നതാണ്. അതിനെ സാധൂകരിക്കാനായി രണ്ട് സന്ദര്‍ഭങ്ങള്‍ ഉദാഹരിക്കപ്പെടുകയും ചെയ്യുന്നു. അതില്‍ ആദ്യത്തേത് ജെസ്സിയുടെ ഹൈസ്‌കൂള്‍ പോലും എത്താത്ത അനുജത്തി സഹപാഠിക്കൊപ്പം സൈക്കിളില്‍ വരുന്നതിനെ സദാചാരവിരുദ്ധമായി പരിഗണിക്കുന്ന കുടുംബത്തിന്റെ മനോഭാവമാണ്. രണ്ടാമത്തേത് സിനിമയുടെ അവസാനഭാഗങ്ങളില്‍ റോയിയുടെ കാമുകി ജെസ്സിക്ക് നല്‍കുന്ന ഉപദേശമാണ്. ‘നടന്നതൊന്നും പുറത്തറിയിക്കരുത് ‘എന്ന ആ ഉപദേശം മേല്‍പ്പറഞ്ഞനിലയില്‍ സദാചാരപരമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

കുടുംബ സദാചാരം, വ്യക്തിഗത സദാചാരം എന്നീനിലകളില്‍ പരിഗണിക്കപ്പെട്ട ഈ രണ്ട് സന്ദര്‍ഭങ്ങളും വാസ്തവത്തില്‍ വിരല്‍ചൂണ്ടുന്നത് സാമൂഹ്യപരമായ ചില പ്രതിസന്ധികളിലേക്കാണ് എന്ന് വിശാലാര്‍ത്ഥത്തില്‍ പറയാം. ലൈംഗികമായ കടന്നുകയറ്റങ്ങള്‍ക്ക് വിധേയമായവര്‍ ‘സൂര്യനെല്ലി പെണ്‍കുട്ടി’ എന്നോ ‘ആക്രമിക്കപ്പെട്ട നടി’ എന്നോ അറിയപ്പെടുന്ന ഒരു രാജ്യത്താണ് നാമുള്ളത് എന്ന വസ്തുത നമുക്കു മുന്‍പില്‍ തെളിമയോടെ നിലകൊള്ളുന്നുണ്ട്. ഒരാള്‍ ആക്രമിക്കപ്പെട്ടാല്‍, അത് അയാളുടെകൂടി പിഴവോ കളങ്കമോ ആയി പൊതുസമൂഹം കരുതിപ്പോരുന്ന ഒരിടം യുക്തിരഹിതവും ഹിംസാത്മകവുമായ പുരുഷകേന്ദ്രീകൃതയുക്തികളെ പേറുന്ന ഒന്നാണെന്നു വരുന്നു. അതുകൊണ്ടുതന്നെ കുടുംബം, വ്യക്തി എന്നിവയിലെ രാഷ്ട്രീയ ശരികേടുകളായി എണ്ണപ്പെട്ടവ വാസ്തവത്തില്‍ ‘പൊതുവായ സാമൂഹികസദാചാരത്തിന്റെ സമ്മര്‍ദ്ദം ‘എന്ന കേന്ദ്രപ്രശ്നത്തില്‍നിന്ന് അപഭ്രംശം സംഭവിച്ചവയാകുന്നു.

ജെസ്സി എന്ന വ്യക്തിയുടെ വര്‍ഗപരിസരം കൂടി ഇതോടൊത്ത് ചേര്‍ത്തു വായിക്കേണ്ടതാണ്. പെണ്ണുകാണലിനു വന്നവര്‍ക്ക്, ‘പറമ്പില്‍ കുറച്ച് പണിയുണ്ട്. ഒരാളെ കൂടി കൂട്ടി നീയങ്ങുവാ ‘എന്ന തീവ്രപരിഹാസം ചൊരിഞ്ഞ് ഇറങ്ങിപോകാവുന്നതും കലഹമേതുമില്ലാതെ അത് ശിരസ്സാവഹിക്കേണ്ടിവരുന്നതുമായ ആ പിതൃകേന്ദ്രീകൃതകുടുംബത്തിന്റെ പതിതത്വങ്ങളെത്തന്നെ വര്‍ഗപരമായ കീഴാളത്വത്തിലേക്കുള്ള ചൂണ്ടുപലകയായി പരിഗണിക്കാം. മതില്‍ക്കെട്ടുകള്‍ക്ക് വിപരീതമായി, ചെമ്പരത്തിമതിലുകള്‍ നിറഞ്ഞ ഒരു നാട്ടിന്‍പുറം അതിന്റെ സ്വാഭാവികതയായി കൊണ്ടാടുന്ന സ്വകാര്യതാ വിരുദ്ധതകളും ഇതേ നിലയിലുള്ള ശ്രദ്ധയര്‍ഹിക്കുന്നു. ആണധികാരപരവും സദാചാരപരവുമായ സാമൂഹ്യസമ്മര്‍ദ്ധങ്ങളെ വകഞ്ഞുമാറ്റാനുള്ള ജെസ്സിയുടെ സാധ്യതകളെ പിന്നോട്ട് വലിക്കുന്ന ഒരു മുഖ്യഘടകവും ഇതുതന്നെയാവാം. ഇത്തരം സാമൂഹികയാഥാര്‍ഥ്യങ്ങളോട് പുറംതിരിഞ്ഞുകൊണ്ട്, ചിത്രത്തില്‍ പുരോഗമന വീരുദ്ധത തിരയുന്ന നിരൂപകലോകം ഉപരിതലസ്പര്‍ശിയും വസ്തുതാവിരുദ്ധവുമായ പ്രതിലോമ വിമര്‍ശനങ്ങളുടെ വക്താക്കളായി മനഃപ്പൂര്‍വമോ അല്ലാതെയോ സൈബറിടങ്ങളില്‍ സ്വയം കാഴ്ചവക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply