കെ റെയിലും ശശി തരൂരും : ഒപ്പം വികസനവും ജനാധിപത്യവും

കെ റെയിലിനൊപ്പം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ശശി തരൂര്‍ എം പിയുമാണ്. യു ഡി എഫ് എംപിമാര്‍ കെ റെയിലിനെതിരെ കേന്ദ്രറെയില്‍വേ മന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ ഒപ്പുവെക്കാതിരുന്നതാണ് അതിനു പ്രധാന കാരണമായത്. കൂടാതെ തിരുവനന്തപുരത്തെ ലുലുമാള്‍ ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രിയുടെ വികസനകാഴ്ചപ്പാടുകളെ പിന്തുണക്കുന്ന രീതിയിലായിരുന്നു തരൂരിന്റെ പ്രസംഗം എന്ന വാര്‍്ത്തയും വന്നു. നേരത്തെ തിരുവനന്തപുരം വിമാനത്താവളത്തെ അദാനിക്കുകൊടുത്തതിനെ തരൂര്‍ പിന്തുണച്ചിരുന്നു. ആത്യന്തികമായി ഒരു മുതലാളിത്തപക്ഷ വികസനവാദിയെന്ന വിമര്‍ശനം നിലനില്‍ക്കുന്ന തരൂരിനെ സോഷ്യലിസത്തെ ഉയര്‍ത്തിപിടിക്കുന്ന ഇടതുപക്ഷനിലപാടുള്ളതാണെന്നു സ്വയം വിശ്വസിക്കുന്ന കേരളത്തിലെ വലിയൊരു വിഭാഗം എതിര്ക്കുന്നത് സ്വാഭാവികം മാത്രം. ക്രിട്ടിക്കിലും തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച കെ വിനോദ് ചന്ദ്രന്റെ ലേഖനം കണ്ടു.

എന്തായാലും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് തന്റെ നിലപാടുകള്‍ വിശദീകരിച്ച് മാതൃഭൂമി എഡിറ്റ് പേജിലൂടെ തരൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിട്ടുണ്ട്. വികസനത്തെ കുറിച്ചും ജനാധിപത്യത്തെ കുറിച്ചുമൊക്കെ ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ തന്റെ നിലപാട് വിശദീകരിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ചര്‍ച്ച ചെയ്യേണ്ടതായ പല വിഷയങ്ങളും അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. അതേസമയം ഒരു കാര്യം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കെ റെയിലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ അറിയാനുണ്ടെന്നും അതറിയുന്നതനുസരിച്ച് നിലപാട് പറയുമെന്നതാണത്. തത്വത്തില്‍ ഈ നിലപാട് ശരിയാണ്. ഭരണമാറ്റം പോലുള്ള നിര്‍ണ്ണായക വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വം പറയുന്നതനുസരിച്ച് ജനപ്രതിനിധികള്‍ തീരുമാനമെടുക്കേണ്ടിവരും, വോട്ടുചെയ്യേണ്ടിവരും. അവിടെ സ്വന്തം അഭിപ്രായത്തിനു പ്രസക്തിയുണ്ടാവില്ല. എന്നാല്‍ ഏതൊരു വിഷയത്തിലും അങ്ങനെയായിരിക്കണമെന്ന വാശി ജനാധിപത്യത്തിനു ഗുണകരമല്ല. പാര്‍ട്ടിതീരുമാനം – ഫലത്തില്‍ നേതാക്കളെടുക്കുന്ന തീരുമാനം, കാരണം ജനാധിപത്യപരമായ രീതിയില്‍ അടിയില്‍ നിന്നുള്ള അബഭപ്രായരൂപീകരണത്തോടെ തീരുമാനമെടുക്കുന്ന രീതിയൊന്നും ഒരു പാര്‍ട്ടിയിലുമില്ലല്ലോ – അതേപടി അനുസരിക്കേണ്ട ഉത്തരവാദിത്തമൊന്നും ജനപ്രതിനിധികള്‍ക്കില്ല, അഥവാ ഉണ്ടാകണമെന്നില്ല. അത്തരത്തിലുള്ള ജനാധിപത്യവിരുദ്ധ സംവിധാനമാകരുത് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളുടേത്. തരൂര്‍ പറയുന്നപോലെ പാര്‍ട്ടി അച്ചടക്കത്തിന്റെ വാളുപയോഗിച്ച് സ്വതന്ത്രചിന്തയെ തടയുകയുമരുത്. പക്ഷെ ഇവിടെ സംഭവിക്കുന്നത് അതാണ്. സത്യത്തില്‍ സ്വന്തമായൊരു നിലപാടും ഇല്ലാതെ പാര്‍ട്ടി തീരുമാനം മാത്രം പറയേണ്ടവരാണ് ജനപ്രതിനിധികളെങ്കില്‍ ഇവിടെ നടക്കുന്ന രീതിയില്‍ വിപുലമായ ഒരു തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലല്ലോ. ഓരോപാര്‍ട്ടിയുടേയും ജനപിന്തുണ കണ്ടെത്തി, അതനുസരിച്ച് പ്രതിനിധികളെ പാര്‍ട്ടികള്‍ തീരുമാനിച്ചാല്‍ മതിയല്ലോ. അത്തരമൊരു രീതി പല രാജ്യങ്ങളിലും ഉണ്ടെന്നു കേട്ടിട്ടുണ്ട്. അങ്ങനെയാകുമ്പോള്‍ അവര്‍ക്കുള്ള വേതനം പൊതുഖജനാവില്‍ നിന്ന് കൊടുക്കേണ്ടതുമില്ല.

എന്നാല്‍ ഇന്ത്യയിലെ സംവിധാനം അതല്ല. പാര്‍ട്ടിക്കൊപ്പം വ്യക്തിയെകൂടിയാണ് ജനങ്ങള്‍ തെരഞ്ഞെടുക്കുന്നത്. അതിനാലാണല്ലോ ജയസാധ്യതയുള്ള വ്യക്തികളെ കണ്ടെത്തി പാര്‍ട്ടികള്‍ മത്സരിപ്പിക്കുന്നത്. വേതനം പൊതുഖജനാവില്‍ നിന്നും. അപ്പോള്‍ ഈ പ്രതിനിധികള്‍ക്ക് പാര്‍ട്ടികളോട് മാത്രമല്ല, ജനങ്ങളോടും ഉത്തരവാദിത്തമുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടി പറയുന്നത് അനുസരിച്ചാല്‍ മാത്രം പോര, ജനങ്ങളുമായി സംസാരിക്കാനും പഠിക്കാനും അതെല്ലാമനുസരിച്ച് നിലപാടെടുക്കാനും തന്നെയാണ് പ്രതിനിധകള്‍ തയ്യാറാകേണ്ടത്. തരൂര്‍ പറയുന്നപോലെ മാധ്യമങ്ങള്‍ ആഗ്രഹിര്രുന്നപോലെ ചിലപ്പോള്‍ യെസ് ഓര്‍ നോ എന്ന രീതിയിലൊരു ഉത്തരവും നല്‍കാന്‍ കഴിഞ്ഞെന്നു വരില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതെല്ലാം ശരിയായിരിക്കുമ്പോള്‍ തന്നെ കെ റെയിലില്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാണ്. കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ എന്നേ ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ഏതാണ്ടെല്ലാ വിശദാംശങ്ങളും ലഭ്യമാണ്. എന്തുകൊണ്ടാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്നു പദ്ധതിക്കെതിരെ നിലപാടെടുക്കുന്നവരും വിശദീകരിച്ചുകഴിഞ്ഞു. അതേസമയം ഒരുപക്ഷെ കേരളം ഇന്നോളം കണ്ടിട്ടില്ലാത്തത്രയും ചിലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും കുടിയൊഴിപ്പിക്കലുമെല്ലാമുള്ള ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ വേണ്ട നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയാണ് സര്‍ക്കാര്‍ സ്ഥലമളക്കലിലേക്കും കല്ലിടലിലേക്കുമൊക്കെ കടക്കുന്നത്. എതിര്‍ക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് നേരിടുകയാണ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധസമ്മേളനങ്ങലും സമരങ്ങളും നടക്കുന്നു. കഴിഞ്ഞ ദിവസം ഒരു കുടുംബം ആത്മഹത്യക്കടക്കം ശ്രമിച്ചു. ഇതൊക്കെയായിട്ടും നിയമസഭയില്‍ ഇതേകുറിച്ചുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറല്ല. ഈ സാഹചര്യത്തിലും തനിക്കിനിയും പഠിക്കാനുണ്ടെന്ന തരൂരിന്റെ വാദം അവിശ്വസനീയമാണ്. തന്റെ തന്നെ നിലപാടുകളെയാണ് അദ്ദേഹം റദ്ദുചെയ്യുന്നത്. മാത്രമല്ല വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്ന നിലപാടും അംഗീകരിക്കാനാവില്ല. കക്ഷിരാഷ്ട്രീയം വേണ്ട എന്നുപോലുമല്ല അദ്ദേഹം പറയുന്നത്. വികസനത്തില്‍ രാഷ്ട്രീയമുണ്ടെന്ന് ഇന്നു ലോകം ഒന്നടങ്കം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ അതു കൂടുതല്‍ പ്രകടമാണ്. വികസനം സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയെന്ന രാഷ്ട്രീയ നിലപാടെടുക്കുന്ന ആര്‍ക്കും കെ റെയിലിനെ പിന്തുണക്കാനാവില്ല എന്നതാണ് സത്യം.

അതേസമയം തുടക്കത്തില്‍ സൂചിപ്പിച്ച പോലെ പൂര്‍ണ്ണമായും തള്ളിക്കളയേണ്ട ഒരാളല്ല തരൂര്‍. കേരളത്തില്‍ രാഷ്ട്രീയനേതാക്കളുടെ പാര്‍ട്ടി അടിമത്തത്തെകുറിച്ചു മാത്രമല്ല, അവരുടെ വളര്‍ച്ചയെ കുറിച്ചും വേഷവിധാനത്തെ കുറിച്ചും ശരീരഭാഷയെ കുറിച്ചുമെല്ലാം കുറെ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ നിലവിലുണ്ട്. അതിലൊതുങ്ങാത്തവരെ നേതാക്കളായി കാണാത്തവരാണ് വലിയൊരു വിഭാഗം മലയാളികളും. അഭിപ്രായങ്ങളില്‍ മാത്രമല്ല, കാഴ്ചയിലും ആ പരമ്പരാഗത നിര്‍വ്വചനത്തില്‍ ഒതുങ്ങുന്ന ഒരാളല്ല തരൂര്‍. (രാഹുല്‍ ഗാന്ധിയേയും രാഷ്ട്രീയക്കാരനായി കാണാത്തതാണല്ലോ പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്നവരുടെ പൊതുബോധം. ഏതൊരു പൗരനും രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ അവകാശമുള്ള ജനാധിപത്യസംവിധാനത്തില്‍ കിറ്റക്‌സ് കമ്പനിയുടമയായതിനാല്‍ മാത്രം സാബുവിനു അതിനവകാശമില്ലെന്നു വാദിക്കുന്നവരുമാണവര്‍). ഏതൊരു പൗരനും പ്രധാനമന്ത്രിവരെയാകാനുള്ള അവകാശമുള്ളപ്പോഴാണ് ഈ മനോഭാവം എന്നതാണ് കൗതുകകരം. കഴിഞ്ഞില്ല. മലയാളിയുടെ മറ്റനവധി കാപട്യങ്ങളും ഇതൊടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. സ്വകാര്യമേഖലയുടെ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് പൊതുമേഖലക്കായി വാചാടോപം നടത്തുന്നവരാണ് ഇവരില്‍ വലിയൊരു ഭാഗവും. അമേരിക്കയും ദുബായും യൂറോപ്യന്‍ രാജ്യങ്ങളുമെല്ലാം തുറന്നിടുന്ന വിശാലമായ ലോകം സ്വപ്‌നം കാണുമ്പോഴും ഉത്തരകൊറിയക്കും ചൈനക്കും മറ്റുമായി വാദിക്കുന്നു. മുതലാൡത്തവും ജനാധിപത്യവും നല്‍കുന്ന എല്ലാ സൗകര്യങ്ങളും അവകാശങ്ങളും ആസ്വദിച്ച് സോഷ്യലിസത്തിനും ഏകപാര്‍ട്ടി സമഗ്രാധിപത്യത്തിനും വേണ്ടി വാദിക്കുന്നു. സ്വകാര്യസംരംഭകരെല്ലാം അമേരിക്കന്‍ ചാരന്മാരും പൊതുമേഖല സോഷ്യലിസവുമാണെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. അതിനാലാണ് സംസ്ഥാനത്തെ ഏതൊരു സംരംഭകനേയും സംരംഭകത്വത്തേയും എതിര്‍ക്കുകയും സര്‍ക്കാരിന്റെ ഏതൊരു ജനവിരുദ്ധ പദ്ധതിയേയും അനുകൂലിക്കുന്നത്. യൂസഫലിയും ബൈജു ആപ്പുമൊക്കെ ശത്രുക്കളും കെ എസ് ആര്‍ ടി സിയും FACTയുമൊക്കെ പൊതുജനസേവകരാകുന്നത്. വിമാനത്താവളം അദാനിക്ക് കൊടുത്തത്് കേന്ദ്രമാണെങ്കില്‍ വിഴിഞ്ഞം തുറമുഖം കൊടുത്തത് സംസ്ഥാന സര്‍ക്കാരാണ്. കെ റെയിലായാലും ലുലുമാളായാലും പരിശോധിക്കേണ്ടത് നിയമലംഘനങ്ങളുണ്ടോ, പാരിസ്ഥിതിക ഭീഷണിയാണോ, ജനതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണോ തുടങ്ങിയ കാര്യങ്ങളാണ്. ലുലുമാള്‍ ലംഘിച്ചിരിക്കുന്ന പാരിസ്ഥിതിക നിയമങ്ങളെ കുറിച്ചുള്ള വാര്‍ത്ത കണ്ടു. അതാണ് ഉന്നയിക്കേണ്ടത്. അല്ലാതെ രാജ്യം മുഴുവന്‍ കൈപ്പിടിയിലൊതുക്കുന്ന അദാനി, അംബാനിമാരെപോലെയല്ല യൂസഫലിയെ കാണേണ്ടത്. അവിടെയാണ് സര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്. അതോടൊപ്പം സാബു മുതല്‍ സര്‍ക്കാര്‍ നയങ്ങളാല്‍ തന്റെ സംരംഭം തകര്‍ന്ന് കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത തിരുവനന്തപുരത്തെ രാജിയെന്ന യുവതിയും നീതി അര്‍ഹിക്കുന്നു. പക്ഷെ അതേകുറിച്ചൊന്നും പറയാന്‍ ആരുമില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ വികസനം, രാഷ്ട്രീയം, ജനാധിപത്യം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് സാധ്യതയുള്ള ലേഖനമാണ് ശശി തരൂരിന്റേത്. പക്ഷെ അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് സാധ്യതയില്ലാത്ത, അടഞ്ഞ ഒരു സമൂഹമാണ് ഇന്നു നമ്മുടേത്. കേണ്‍ഗ്രസ്സ് നേതൃത്വം പോലും ശശി തരൂരിനെ തള്ളിപറയുന്നു. സ്വന്തം പാര്‍ട്ടികള്‍ക്കുള്ളില്‍ വ്യത്യസ്ത അഭിപ്രായങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത ഇടതുപക്ഷമാകട്ടെ തരൂരിനെ പിന്തുണക്കുന്നു. പരസ്പരം ചെളിവാരിയെറിയലല്ലാതെ ഗുണാത്മകമായൊരു ചര്‍ച്ചയും പ്രതീക്ഷിക്കാനാകില്ല എന്നുതന്നെയാണ് ഇതെല്ലാം നല്‍കുന്ന സൂചന.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply