സിപിഎം കൂടുതല്‍ ജീര്‍ണ്ണിക്കുന്നു

2014 ല്‍ പാലക്കാട്ടു സംഘടിപ്പിച്ച പ്ലീനത്തില്‍ തൊഴിലാളികള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പരിസ്ഥിതിക്കുമെതിരായ ‘അദ്ധ്വാനവര്‍ഗ സിദ്ധാന്തം’ ആവിഷ്‌കരിച്ച മാണിയെ ക്ഷണിച്ചാദരിച്ച് കേഡര്‍മാരുടെ അവശേഷിച്ച രാഷ്ട്രീയ ബോധത്തെ പോലും അപനിര്‍മ്മിച്ച് അരാഷ്ട്രീയവല്‍കരിച്ച സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, മാണി പുത്രനുമായുള്ള അഭിനവ ബാന്ധവം, മറ്റേതൊരു ഭരണവര്‍ഗ പാര്‍ട്ടിയെയും പോലെ, ഒരു പ്രത്യയ ശാസ്ത്ര പ്രശ്‌നവും സംജാതമാക്കുന്നില്ലെന്നു വ്യക്തമാണ്. വ്യവസ്ഥാപിത രാഷ്ടീയത്തിലേക്ക് പൂര്‍ണമായും അധ:പതിച്ചു തുടങ്ങിയ 1960 കള്‍ മുതല്‍ അധികാരത്തിനും ഭരണവര്‍ഗ്ഗസേവക്കും വേണ്ടി എല്ലാത്തരം മത-ജാത്യാധിപത്യ ശക്തികളുമായി അവിഹിത ബാന്ധവം സ്ഥാപിച്ചു കൊണ്ടു തന്നെയാണ് സിപിഎം നീങ്ങിയിട്ടുള്ളത്.

56 വര്‍ഷത്തെ ചരിത്രത്തിന്നിടയില്‍ കേരള കോണ്‍ഗ്രസിലെ 12-ാമത്തെ പിളര്‍പ്പിനെ തുടര്‍ന്ന്, അതിലെ ‘മാണി കേരള’ യുടെ മകന്‍ നയിക്കുന്ന വിഭാഗം കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് വിട്ട് സിപിഎം മുന്നണിയായ എല്‍ഡിഎഫി ന്റെ ഭാഗമാകുമെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്. ഇത് കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രതിഫലനമുണ്ടാക്കുമെന്നും, ശിഥിലമായ യുഡിഎഫിന്റെ തകര്‍ച്ചയുടെ ആരംഭമാണെന്നും, മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുമെന്നും, ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിശാല കൂട്ടുകെട്ടുണ്ടാക്കി അട്ടിമറി ശ്രമം നടത്താനിറങ്ങിയവര്‍ക്കുള്ള തിരിച്ചടിയാണെന്നും, യുഡിഎഫിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുമെന്നും മറ്റും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും അവകാശപ്പെട്ടിരിക്കുന്നു. നേരെ മറിച്ച്, ജോസ് കെ മാണിയുടെ തീരുമാനം രാഷ്ട്രീയ വഞ്ചനയാണെന്നും മാണിയുടെ ആത്മാവ് പൊറുക്കില്ലെന്നും പ്രതിപക്ഷനേതാവ് ചെന്നിത്തലയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സന്ദര്‍ഭത്തില്‍, ഇക്കാര്യത്തെ ജനപക്ഷത്തു നിന്ന് എങ്ങനെ നോക്കിക്കാണണമെന്നു സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

തീര്‍ച്ചയായും, 1964-ല്‍ രൂപീകൃതമായ കേരള കോണ്‍ഗ്രസ് ഇന്ത്യയിലെ പഴക്കം ചെന്ന പ്രാദേശിക പാര്‍ട്ടികളിലൊന്നാണ്. അന്നത്തെ കോണ്‍ഗ്രസ്സ് നേതാക്കളിലൊരാളായ പി.ടി.ചാക്കോയുടെ കാറിലെ സ്ത്രീ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ മുതലാക്കി കോണ്‍ഗ്രസ്സിനകത്തെ ക്രിസ്തീയ വിഭാഗങ്ങള്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ പിന്‍ബലത്തോടെ നടത്തിയ കരുനീക്കമാണ് 1964 ഒക്ടോബര്‍ 9-ന് കേരള കോണ്‍ഗ്രസ്സിന് ജന്മം നല്‍കിയതെന്ന ധാരണ സൃഷ്ടിക്കാനാണ് അതിന്റെ ജാതകക്കുറിപ്പെഴുത്തുകാര്‍ ശ്രമിച്ചു വരാറുള്ളത്. എന്നാല്‍ ചരിത്ര പരിണാമങ്ങളുടെ അന്ത്യകാരണങ്ങള്‍ കിടക്കുന്നത് വ്യക്തികളുടെ ഇച്ഛയിലോ അവര്‍ക്കിടയിലെ പടലപിണക്കങ്ങളിലോ അല്ലെന്നും മറിച്ച് രാഷ്ട്രീയവും സാമ്പത്തികവുമായ അടിയൊഴുക്കുകളിലാണെന്നുമുള്ള വസ്തുത കേരള കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിനും അതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആറു ദശാബ്ദ കാലത്തെ രാഷ്ട്രീയാപചയത്തിനും ബാധകമാണ്.

കൊളോണിയല്‍ കാലത്ത് ‘യൂണിയന്‍ ജാക്കി’ ന് സല്യൂട്ട് ചെയ്തും ജോര്‍ജ്ജ് അഞ്ചാമന് സിന്ദാബാദ് വിളിച്ചും കഴിഞ്ഞിരുന്ന മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യന്‍ സമുദായ നേതൃത്വം ഒരു സംഘടിത രാഷ്ട്രീയ ശക്തിയായി രംഗപ്രവേശം ചെയ്തത് സിഐഎ ഫണ്ടിന്റെ പിന്‍ബലത്തില്‍ ആദ്യത്തെ ഇഎംഎസ് സര്‍ക്കാരിനെതിരെ നടത്തിയ 1959 ലെ വിമോചന സമരത്തിന്റെ തുടര്‍ച്ചയായാണ്. എന്നാല്‍, ആ ഗവണ്‍മെന്റ് കൊണ്ടുവന്ന പരിഷ്‌കരണവാദ ഭൂപരിഷ്‌കരണത്തിന്റെയും വിദ്യാഭ്യാസ ബില്ലിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ക്രിസ്ത്യന്‍ മതപ്രമാണിമാരും പുത്തന്‍ ഭൂവുടമാ വര്‍ഗമായി മാറിയ വരേണ്യ കത്തോലിക്കരുമായിരുന്നു. ജാതിവ്യവസ്ഥയെ സംബന്ധിച്ച യാന്ത്രികമായ (ഫലത്തില്‍ ബ്രാഹ്മണ്യപരമായ) സമീപനം നിമിത്തം ഇന്ത്യയില്‍ ജാതിയും ഭൂവുടമസ്ഥതയും തമ്മിലുള്ള ബന്ധത്തെ കാണാന്‍ കഴിയാതെ പോയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്നത്തെ അടിസ്ഥാന ദൗര്‍ബല്യം തന്നെയായിരുന്നു പ്രശ്‌നം. തന്നിമിത്തം മണ്ണില്‍ പണിയെടുത്തിരുന്ന, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ദളിത് ജനതയെ അതില്‍നിന്നും ചവിട്ടി പുറത്താക്കി, കങ്കാണിമാരായിരുന്ന ‘സവര്‍ണ ക്രിസ്ത്യന്‍’ വിഭാഗങ്ങളില്‍ പ്രധാനമായും ഭൂമി നിക്ഷിപ്തമാക്കുകയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം ചെയ്തതെന്നതിന്റെ കൂടുതല്‍ വിശദീകരണത്തിലേക്കിവിടെ കടക്കുന്നില്ല. വിമോചന സമരത്തിലൂടെ സ്വായത്തമാക്കിയ പിന്തിരിപ്പന്‍ രാഷ്ട്രീയ മുന്‍കയ്യും ഭൂപരിഷ്‌കരണത്തിലൂടെ നേടിയ സാമ്പത്തിക അടിത്തറയുമാണ് 1964 ല്‍ കേരള കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജനനത്തിനും വളര്‍ച്ചയ്ക്കും ഭൗതിക പിന്‍ബലമേകിയത്.

നൂറ്റാണ്ടുകളിലൂടെ പുറംലോകവുമായുണ്ടായിരുന്ന കച്ചവട-വ്യാപാരാദി ബന്ധങ്ങള്‍, ഇന്ത്യയുടെ മറ്റു പ്രദേശങ്ങളില്‍ വൈശ്യ- ഇടത്തട്ടു ജാതികളില്‍ നിക്ഷിപ്തമായിരുന്ന നാടിനകത്തും പുറം ലോകവുമായും ഉണ്ടായ കച്ചവട, വ്യാപാര, പണമിടപാടുകളും സാമ്പത്തിക പ്രവര്‍ത്തനങ്ങളും, ചരിത്രപരമായ കാരണങ്ങളാല്‍, കേരളത്തില്‍ ഒരു പരിധി വരെ ക്രിസ്തീയ വിഭാഗങ്ങള്‍ ഏറ്റെടുത്തത്, കൊളോണിയല്‍ കാലത്തും അധികാരക്കൈമാറ്റത്തിനു ശേഷവും വളര്‍ന്നു വികസിച്ച നാണ്യവിള കൃഷിക്കും അതുമായി കെട്ടുപിണഞ്ഞ് ലോക കമ്പോളവുമായുള്ള പങ്ക്, പള്ളിക്കുറികളിലും ചിട്ടിക്കമ്പനികളിലും തുടങ്ങി ബാങ്കുകളുടെയും പണമിടപാടുകളുടെയും മേലുണ്ടായ ആധിപത്യം, ഇക്കാര്യങ്ങളിലെല്ലാം മതനേതൃത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇഴുകിച്ചേരല്‍, പില്‍ക്കാലത്ത് കേരളത്തിലെ വിദ്യാഭ്യാസ – ആരോഗ്യാദികളടക്കം സേവന മേഖലയിലെ നിര്‍ണ്ണായക മേല്‍ക്കൈ, എഴുപതുകള്‍ മുതല്‍ കേരളത്തിലേക്കൊഴുകിയ ഗള്‍ഫ്പണത്തില്‍ ഒരു വിഹിതം ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്കൊഴുകിയത്, എന്നിത്യാദി പരസ്പര ബന്ധിതമായ ഘടകങ്ങള്‍ സംജാതമാക്കിയ സാമൂഹ്യ-സാമ്പത്തിക ‘മൂലധന’ ത്തിന്റെ അടിത്തറയില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് നിലയുറപ്പിച്ചത്. തല്‍ഫലമായി, ഈ പ്രക്രിയയിലൂടെ, വിമോചന സമരകാലത്തെ തൊപ്പിപ്പാളക്കാരനും കുറുവടിക്കാരനും ഇന്നിപ്പോള്‍ നവഉദാരവല്‍കരണ കാലത്ത് വിദ്യാഭ്യാസ-ആരോഗ്യ-കുടിയേറ്റ-റിയല്‍ എസ്റ്റേറ്റ്-വന മാഫിയയായി രൂപാന്തരപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഇതു സംജാതമാക്കിയ രാഷ്ട്രീയാപചയത്തിന്റെയും സാമ്പത്തിക വികൃതവല്‍ക്കരണത്തിന്റെയും സാംസ്‌കാരിക ജീര്‍ണ്ണതയുടെയും പ്രതിഫലനമായിട്ടു കൂടിയാണ് നിരവധി ഗ്രൂപ്പുകളായി പിളരുന്നതിനിടയിലും, ഇവിടുത്തെ ഇടതു-വലതു മുന്നണികളില്‍ തരാതരം പോലെ കേരളാകോണ്‍ഗ്രസ് നിലയുറപ്പിച്ചത്.

കേരള കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ഉളളടക്കം എക്കാലവും ദളിത്- ആദിവാസി വിരുദ്ധവും പരിസ്ഥിതി വിരുദ്ധവും സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായിരുന്നു. ‘തമ്പ്രാനെന്നു വിളിപ്പിക്കും, പാളയില്‍ കഞ്ഞി കുടിപ്പിക്കും’, ‘ചാത്തന്‍ പൂട്ടാന്‍ പോകട്ടെ, ചാക്കോ നാടു ഭരിക്കട്ടെ ‘ തുടങ്ങിയ വിമോചനസമര കാലത്ത് കേരളത്തില്‍, പ്രത്യേകിച്ചും മധ്യതിരുവിതാംകൂറില്‍ വ്യാപകമായിരുന്ന മുദ്രാവാക്യങ്ങള്‍ ക്രിസ്ത്യന്‍ സവര്‍ണ്ണ മാടമ്പിത്തത്തിന്റെ നെറികെട്ട ജാതിവെറിയുടെയും, ദളിത് വിരുദ്ധതയുടെയും പ്രതിഫലനങ്ങള്‍ മാത്രമായിരുന്നില്ല; അതുവരെ മര്‍ദ്ദിത ജനവിഭാഗങ്ങളെ വര്‍ഗ്ഗാടിത്തറയാക്കിയിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കൂടി ലക്ഷ്യം വെച്ചുളളതായിരുന്നു. ദശാബ്ദങ്ങളിലൂടെ മേല്‍ സൂചിപ്പിച്ച പ്രവണതകള്‍ ഇന്നു കൂടുതല്‍ പ്രതിലോമപരമായിരിക്കുന്നു. രാഷ്ടീയ-സമ്പദ്ഘടനയിലും ചിന്താ-സാംസ്‌കാരിക മണ്ഡലത്തിലും ഉണ്ടായിട്ടുള്ള ഒട്ടു മൊത്തത്തിലുള്ള മാറ്റങ്ങളും വ്യവസ്ഥാപിത ഇടതുപക്ഷത്തിനുണ്ടായ ജീര്‍ണതയും സ്ഥിതി കൂടുതല്‍ വഷളാക്കിയിരിക്കുന്നു. ഇതിന്റെ മ്ലേച്ഛമായ ഒരു പരിച്ഛേദമാണ് ഇന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത്. സംശയിക്കേണ്ടാ, കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ദളിതരെ ജീവനോടെ കുഴിച്ചു മൂടിയതടക്കുള്ള നരാധമത്വത്തിന്റെ ‘സത്യാനന്തര’ കാലത്തെ വഷളന്‍ ആവിഷ്‌കാരമായിരുന്നു പിന്നീട് നേതാവ് രൂപം കൊടുത്ത ‘അദ്ധ്വാനവര്‍ഗ സിദ്ധാന്തം’. എന്നത് സൂക്ഷ്മനിരീക്ഷണത്തില്‍ തെളിഞ്ഞു കാണാം.

അതായത്, കയ്യേറ്റ, (‘കുടിയേറ്റ’) വനമാഫിയകളുടെ താല്പര്യങ്ങള്‍ പേറുന്ന കേരള കോണ്‍ഗ്രസ്സും അതിന്റെ ആത്മീയ ശക്തിയായിട്ടുള്ള കത്തോലിക്കാ പളളിയും (പാപ്പാത്തിച്ചോലയില്‍ കുരിശ് എന്ന കയ്യേറ്റ ഉപകരണം ഉപയോഗിച്ച് 2018 ല്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമാഫിയ കയ്യേറിയതും സര്‍ക്കാരുദ്യോഗസ്ഥര്‍ അതു പിഴുതെടുത്തപ്പോള്‍, മാണി അതിനെ ബാബ്‌റി മസ്ജിദ് പൊളിച്ചതിനോടു ഉപമിച്ചതും, തുടര്‍ന്ന് കുരിശ് ക്രൈസ്തവര്‍ മഹത്തായി കാണുന്നതാണെന്ന പിണറായിയുടെ പ്രസ്താവനക്കു പുറകെ മരക്കുരിശ് അവിടെ പുന:സ്ഥാപിച്ചതും ഓര്‍ക്കുക ) ഇന്നു കേരളത്തിലെ ദളിതരുടെയും ആദിവാസികളുടെയും കേരളത്തിലെ ഒന്നാം നമ്പര്‍ ശത്രുവാണ്. ഇവര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിതര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട 40000 ത്തോളം തൊഴിലവസരങ്ങളാണ് കവര്‍ന്നെടുത്തിരിക്കുന്നത്. അതോടൊപ്പം കുടിയേറ്റ കര്‍ഷകന്റെയും റബര്‍ കര്‍ഷകന്റെയും പേരില്‍ ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ടുകള്‍ ഉറപ്പാക്കുന്ന കേരളാ കോണ്‍ഗ്രസ്സ് പേറുന്ന താല്പര്യങ്ങള്‍ വനമാഫിയായുടെയും കുടിയേറ്റ മാഫിയായുടേയുമാണെന്ന് വിശദീകരണമാവശ്യമില്ലാതെ തന്നെ വ്യക്തമാണ്. പശ്ചിമഘട്ടമടക്കമുളള കേരളത്തിന്റെ പരിസ്ഥിതിയുടെ ഒന്നാം നമ്പര്‍ ശത്രുവായി കേരളാകോണ്‍ഗ്രസ്സും കത്തോലിക്കാ മതനേതൃത്വവും പരസ്യമായി നിലയുറപ്പിച്ചിരിക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഭ്രാന്തന്‍ റിപ്പോര്‍ട്ടെന്നു വിശേഷിപ്പിച്ചതിന്റെ തുടര്‍ച്ചയായി കോട്ടയത്തു തുടക്കം കുറിച്ച കേരള കോണ്‍ഗ്രസ്സിന്റെ 2014ലെ സുവര്‍ണ ജൂബിലി പരിപാടികളില്‍ ഏറ്റവുമധികം മുഴച്ചുനിന്നത് മാണിയുടെ നേതൃത്വത്തില്‍ ഗാഡ്ഗിലിനെതിരായ തെറിവിളികളായിരുന്നു. അന്നു കേരള കോണ്‍ഗ്രസ്സിനൊപ്പം സിപിഎമ്മും കോണ്‍ഗ്രസും ബിജെപിയുമെല്ലാം ചേര്‍ന്നാണ് ക്രിസ്ത്യന്‍ മേഖലകളില്‍ ഗാഡ്ഗിലിനെതിരെ ബന്ദ് സംഘടിപ്പിച്ചത്. മധ്യതിരുവിതാംകൂറിലും ഇടുക്കി-വയനാട് ജില്ലകളിലെ കൂടിയേറ്റ ബെല്‍റ്റുകളിലും മാത്രം വേരുകളുളള കേരള കോണ്‍ഗ്രസ്സ് കഴിഞ്ഞ അരനൂറ്റാണ്ടിലൂടെ കേരളത്തില്‍ മാറി മാറി വന്ന മുന്നണി ഭരണങ്ങളില്‍ കക്ഷിയായി കേരളത്തെ കൂടുതല്‍ പിന്നോട്ടു തള്ളിയത് വലതുപക്ഷത്തിനുണ്ടായ രാഷ്ട്രീയ മേല്‍ക്കൈ എന്ന പൊതു പ്രസ്താവനക്കപ്പുറം സിപിഎം നയിച്ച വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയാപചയവുമായി നേരിട്ടു കണ്ണി ചേര്‍ന്നതാണ്.

വാസ്തവത്തില്‍, സിപിഎം ഇന്നു മാണിപുത്രനെ വാഴ്ത്തുമ്പോള്‍, അതു കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു പ്രവണതയും പ്രതിഫലിപ്പിക്കുന്നില്ലെന്നും, മറിച്ച് മുമ്പേ തന്നെ പ്രകടമായിട്ടുള്ള അതിന്റെ രാഷ്ട്രീയാപചയയും ജീര്‍ണതയും കൂടുതല്‍ ദുര്‍ഗന്ധം വമിപ്പിക്കുന്നുവെന്നുമാണ് അര്‍ത്ഥമാക്കേണ്ടത്. 2014 ല്‍ പാലക്കാട്ടു സംഘടിപ്പിച്ച പ്ലീനത്തില്‍ തൊഴിലാളികള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും പരിസ്ഥിതിക്കുമെതിരായ ‘അദ്ധ്വാനവര്‍ഗ സിദ്ധാന്തം’ ആവിഷ്‌കരിച്ച മാണിയെ ക്ഷണിച്ചാദരിച്ച് കേഡര്‍മാരുടെ അവശേഷിച്ച രാഷ്ട്രീയ ബോധത്തെ പോലും അപനിര്‍മ്മിച്ച് അരാഷ്ട്രീയവല്‍കരിച്ച സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, മാണി പുത്രനുമായുള്ള അഭിനവ ബാന്ധവം, മറ്റേതൊരു ഭരണവര്‍ഗ പാര്‍ട്ടിയെയും പോലെ, ഒരു പ്രത്യയ ശാസ്ത്ര പ്രശ്‌നവും സംജാതമാക്കുന്നില്ലെന്നു വ്യക്തമാണ്. വ്യവസ്ഥാപിത രാഷ്ടീയത്തിലേക്ക് പൂര്‍ണമായും അധ:പതിച്ചു തുടങ്ങിയ 1960 കള്‍ മുതല്‍ അധികാരത്തിനും ഭരണവര്‍ഗ്ഗസേവക്കും വേണ്ടി എല്ലാത്തരം മത-ജാത്യാധിപത്യ ശക്തികളുമായി അവിഹിത ബാന്ധവം സ്ഥാപിച്ചു കൊണ്ടു തന്നെയാണ് സിപിഎം നീങ്ങിയിട്ടുള്ളത്. മാണിയെ ആശ്രയിച്ചു കൊണ്ടാണല്ലോ 1980 ല്‍ സിപിഎം ഭരണത്തിലെത്തിയത്.

ശരിയാണ്, മാണി അഴിമതിയുടെ ആള്‍രൂപമാണെന്നും, മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും, മാണി -കുടുംബത്തിന്റെ സ്വത്ത് അന്വേഷിക്കണമെന്നും മറ്റും കേരളമാകെ പറഞ്ഞു നടക്കുകയും, അതിന്റെ പേരില്‍ നിയമസഭയിലെ കയ്യാങ്കളിയിലൂടെ ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത ജനങ്ങളുടെ ചുമലില്‍ സിപിഎം കെട്ടിവെക്കുകയും ചെയ്തിട്ടുണ്ട്. ലോകസഭാംഗത്വമുപേക്ഷിച്ച് ജോസ് കെ മാണി രാജ്യസഭയിലേക്കു പോയപ്പോള്‍, ജോസ് മോന്‍ കോട്ടയത്തെ അനാഥമാക്കിയെന്നു വിലപിച്ചിട്ടുണ്ട്. പക്ഷെ അതൊക്കെ അധികാരക്കസേരക്കു വേണ്ടിയുള്ള ഭരണവര്‍ഗ്ഗ രാഷ്ട്രീയക്കളികള്‍ മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്. വ്യത്യസ്തങ്ങളെന്ന പ്രതീതി സ്യഷ്ടിക്കുമ്പോഴും ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിലേക്ക് ജീര്‍ണ്ണിച്ച്, തൊഴിലാളികള്‍ക്കും മര്‍ദ്ദിതരായ ആദിവാസികള്‍ക്കും ദളിത് ജനവിഭാഗങ്ങള്‍ക്കുമെതിരെ കോര്‍പ്പറേറ്റുകളുടെയും ഭൂമാഫിയകളുടെയും പാദസേവ ഏറ്റെടുത്തിട്ടുള്ള ഇടതുപക്ഷവും അതു ജന്മനാ വര്‍ഗ്ഗ സ്വഭാവമായിട്ടുള്ള കേരള കോണ്‍ഗ്രസ്സുമെല്ലാം ഒരേ ലക്ഷ്യം പങ്കിടുന്ന നവഉദാരവല്‍കരണത്തിന്റേതാണ് വര്‍ത്തമാന സന്ദര്‍ഭം. മുന്നണി ദേദമെന്യേ ഒരേ തൂവല്‍ പക്ഷികളായിട്ടുള്ള ഈ പിന്തിരിപ്പന്‍ സഖ്യത്തിനെതിരെ, കേരളത്തിലെ പണിയെടുക്കുന്നവരും മര്‍ദ്ദിതരുമായ വിശാല ജനവിഭാഗങ്ങളോടൊപ്പം പുരോഗമന ജനാധിപത്യ ശക്തികള്‍ മുന്നിട്ടിറങ്ങുന്നതിലൂടെ മാത്രമേ, മ്ലേച്ഛമായ , ദുര്‍ഗന്ധം വമിക്കുന്ന ഈ ദുരവസ്ഥയെ മറികടക്കാനാകൂ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply