ഇക്കുറി യേശു പരാജയപ്പെടരുത്

കന്യാസ്ത്രീസമരത്തിന്റെ ചരിത്രവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യുന്ന, അംബിക എഡിറ്റ് ചെയ്ത ‘കണ്ണീര്‍ മഠങ്ങള്‍’ക്ക് എഴുതിയ അവതാരിക

ക്രിസ്തീയത നന്നായി ഇഴപാകിയ ജീവിതമാണ് എന്റേത്. എഴുപതു ശതമാനം ക്രിസ്ത്യാനി ജനസംഖ്യയുള്ള ഗ്രാമത്തില്‍ ക്രിസ്ത്യന്‍ അയല്‍പക്കങ്ങളാല്‍ ചൂഴ്ന്നാണ് ഞാന്‍ വളര്‍ന്നത്. ക്രിസ്ത്യന്‍ വിദ്യാലയങ്ങളിലാണ് ഞാന്‍ ഏറിയ പങ്കും പഠിച്ചത്. തികഞ്ഞ ഗാന്ധി-നെഹ്റു ഭക്തരും കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകളും ആയ ക്രിസ്ത്യന്‍നാമധാരികള്‍ ആയിരുന്നു എന്റെ അധ്യാപകര്‍. അവരാണ് എന്നില്‍ അബോധപൂര്‍വമായി രാഷ്ട്രീയചിന്തയ്ക്ക് വിത്തിട്ടത്. എന്റെ ഒമ്പതാം വയസ്സില്‍ നടന്ന വിമോചനസമരത്തില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധപ്രചാരണം നൂറു ശതമാനവും സത്യമെന്നുള്‍ക്കൊണ്ട് ആ ഗ്രാമം മുഴുവന്‍ പങ്കെടുത്തിരുന്നു. (റോമിലെ ആദിമക്രിസ്ത്യാനികളെ പോലെ പ്രത്യയശാസ്ത്ര പ്രേരിതരായി പത്തിരുപതു ത്യാഗികള്‍ ആ പ്രതികൂല സാഹചര്യത്തിലും അവിടവിടങ്ങളില്‍ ജീവിച്ചിരുന്നു എന്നതൊഴിച്ചാല്‍ എണ്‍പതുകള്‍ വരെ ഞങ്ങളുടെ ഗ്രാമത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ തുലോം കുറവായിരുന്നു) പുരോഗമന-പ്രതിലോമ രാഷ്ട്രീയങ്ങള്‍ ഏറ്റുമുട്ടിയ അന്നത്തെപ്രക്ഷുബ്ധമായ കാലാവസ്ഥ ഇന്നും നമ്മുടെ രാഷ്ട്രീയത്തെ പനിപിടിപ്പിക്കുന്നുണ്ട്. മൂപ്പെത്തും മുമ്പേ തന്നെ ആര്‍ത്തിപിടിച്ച പത്രവായനാ സ്വഭാവത്തിലേക്ക് എന്നെനയിച്ചതും, വിമര്‍ശനാത്മകമായും പ്രായോഗികമായും കാര്യങ്ങളെ നോക്കിക്കാണാന്‍ പഠിപ്പിച്ചതും ഏറെക്കുറെ ക്രിസ്ത്യാനികള്‍ നിയന്ത്രിച്ചിരുന്ന സാക്ഷരതയുള്ള ആ ഗ്രാമത്തിലെ രാഷ്ട്രീയ കാലാവസ്ഥയാണ്.
സ്‌കൂളിലും ഫുട്‌ബോള്‍ ക്ലബ്ബുകളിലും വായനശാലയിലും മതാഘോഷങ്ങളിലും വിശാലമായ നദീതീരത്തെ മണല്‍പ്പരപ്പിലും ഒക്കെ ഞങ്ങളുടെ ഇടപഴകല്‍ അത്രയ്ക്ക് സ്വാഭാവികമായിരുന്നു. മതേതരത്വം, മതസൗഹാര്‍ദ്ദം എന്നിങ്ങനെയുള്ള പേരുകളൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇന്നോര്‍ക്കുമ്പോള്‍ ഞങ്ങള്‍, തുല്യദരിദ്രര്‍, ആഘോഷിച്ചിരുന്ന ആ കൂട്ടായ്മയെ അത്തരം പേരുകളിട്ട് അപമാനിക്കാനും തോന്നുന്നുമില്ല.
ഏറ്റവും മനസ്സിനോടടുത്തതാണല്ലൊ കലാസൃഷ്ടിയില്‍ കയറിപ്പറ്റുക. ദിവസവും സന്ധ്യാസ്‌നാനം കഴിഞ്ഞ് വീട്ടിലേക്കുള്ള രണ്ടു മൈല്‍ നടത്തയില്‍ പാതയുടെ ഇരുവശത്തുമുള്ള എല്ലാ വീടുകളില്‍ നിന്നും ഉയരുന്ന, വേദനയുടെ ഈര്‍പ്പം കലര്‍ന്നപ്രാര്‍ഥനകളിലൂടെ ക്രിസ്തു പിന്നീട് ഞാനെഴുതിയതിലൊക്കെ കയറിപ്പറ്റി. കടുത്ത മാനസികവും ശാരീരികവുമായ വേദനയനുഭവിച്ച് ഞാനൊരു നോവലെഴുതുമ്പോള്‍ സാക്ഷിയായിരിക്കുവാന്‍ വിഡ്ഢിത്തത്തോടടുക്കുന്നനിഷ്‌കളങ്ക മുഖത്തോടെയുള്ള ആ വിദ്വാന്റെ ഒരു അപൂര്‍വ ചിത്രം ഞാനെന്റെ എഴുത്തു മേശമേല്‍ സൂക്ഷിച്ചിരുന്നു. എന്റെ കമ്മ്യൂണിസ്റ്റ് കഥയില്‍ മിക്കവാറും എല്ലാ അധ്യായങ്ങളിലും അതിന്റെ ആത്മാവായി അയാള്‍ ഒളിച്ചുകടന്നു. എന്നിട്ടൊടുവില്‍, പുസ്തകത്തെ കുറിച്ച് ‘നിങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധനോവല്‍ നന്നായിരിക്കുന്നു’ എന്ന് ആളുകള്‍ പുകഴ്ത്തിയപ്പോള്‍ ഞാന്‍ എന്റെ ഉദ്യമത്തില്‍ പരാജിതനായതു പോലെ തോന്നി. ഞാന്‍ നോവലിലെല്ലായിടത്തും നിഗൂഹനം ചെയ്തിരുന്ന യേശുവിനെ ആരും കണ്ടില്ല! ഒടുവില്‍, വ്യക്തിപരിചയം ഇല്ലെങ്കിലും എനിക്ക് ആദരണീയനായിരുന്ന, ദൈവശാസ്ത്രജ്ഞനായ ഡോ. എം എം തോമസ് ‘കഷ്ടാനുഭവാഴ്ചയിലെ ധ്യാനം’ എന്ന ലേഖനത്തിലൂടെ ആ നോവലില്‍ എല്ലായിടത്തും വ്യാപരിച്ചിരുന്ന സാര്‍വലൗകികനും സാര്‍വകാലികനും ആയിരുന്ന യേശുവിനെ സൂക്ഷ്മമായി കണ്ടെത്തിയപ്പോഴാണ് എനിക്ക് ചാരിതാര്‍ത്ഥ്യം ലഭിച്ചത്. ആ പുസ്തകത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു, ഒരു പക്ഷേ, ഡോ. തോമസ് തന്റെ ജീവിതത്തില്‍ അവസാനമായി എഴുതിയ ആ ലേഖനം.
എന്റെ ക്രിസ്തീയ ലോകത്ത് എല്ലായിടത്തും കന്യാസ്ത്രീകള്‍ ഒരു അത്യന്താപേക്ഷിത സാന്നിധ്യമായിരുന്നു. അയല്‍പക്കത്തുള്ളവര്‍, നിത്യവും കണ്ടിട്ടുള്ളവര്‍, സഹപാഠികള്‍, കന്യാസ്ത്രീകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ മാത്രം പഠിച്ചിട്ടുള്ള സഹോദരിമാരുടെ സുഹൃത്തുക്കള്‍-ഇവരില്‍ നിന്നൊക്കെ, വിവാഹിതരായി പോവുന്നവരെ പോലെ തന്നെ, ക്രിസ്തുവിന്റെ മണവാട്ടികള്‍ ആയും ചിലര്‍ പെട്ടെന്ന് അപ്രത്യക്ഷരാവും. എല്ലാവരും ദൈവവിളികൊണ്ട് പോയതല്ല. ചിലര്‍ ദാരിദ്ര്യം കൊണ്ട് പോയതാണ്. ധനികകുടുംബങ്ങളില്‍ നിന്നുള്ള ചിലര്‍ കുടുംബാംഗങ്ങളുടെ ലുബ്ധിനും ലോഭത്തിനും ഇരയായിട്ടും. കേരളത്തിലെ ജീവിത മണ്ഡലങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ ഏതു പട്ടണത്തില്‍ വച്ചും ഇക്കൂട്ടരില്‍ ഒരാളെ പിന്നീട് നാം കണ്ടുമുട്ടാം. കണ്ടു മുട്ടുമ്പോള്‍ പത്തിരുപതു വര്‍ഷം അവര്‍ ജീവിച്ചഗ്രാമത്തിന്റെ ഐഹികതയിലേക്കും തൃശൂര്‍ ഭാഷയിലെ തന്നെ ഏറ്റവും അപരിണാമിയായ അതിന്റെ വായ്‌മൊഴിയിലേക്കും ഉള്ള അവരുടെ ഒരു ഗംഭീരമായ തിരിച്ചു വരവുണ്ട്. എന്റെ ഓരോ കുടുംബാംഗത്തെ കുറിച്ചും നാട്ടുകാരനെ കുറിച്ചും ബന്ധുവിനെ കുറിച്ചും സവിശദം അന്വേഷിക്കും. ഔപചാരികത കൊണ്ട് വരണ്ടു പോയ എന്റെ ജീവിതത്തില്‍ മുട്ടിനു മുട്ടിനുള്ള ‘എടാ, നീ’ പ്രയോഗങ്ങളും ‘നിനക്കു വേണ്ടി സിസ്റ്റര്‍ പ്രാര്‍ഥിക്കാട്ടോ’ എന്ന വിടവാങ്ങലും കുറച്ചു നേരത്തേക്കെങ്കിലും കുളിര്‍പാകും.

 

 

 

 

 

 

 

 

മനുഷ്യാവകാശപരവും ലിംഗനീതിപരവും ആയ കാരണങ്ങള്‍ക്ക് പുറമേ ഈ പൂര്‍വകാലസ്മരണകളും കൂടിയാണ് എറണാകുളത്ത് ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ സപ്തംബറില്‍ നടന്ന സമരത്തിന്റെ മിക്ക ദിനങ്ങളിലും സമരപ്പന്തലില്‍ പോവാന്‍ എന്നെ പ്രേരിപ്പിച്ചത്. എല്ലാ ക്രിസ്തുമത വിഭാഗങ്ങളിലെയും ഉല്‍പ്പതിഷ്ണുക്കള്‍, മനസ്സാക്ഷിയുള്ള അല്‍മായര്‍, തുല്യദുഃഖിതരായ മറ്റു കന്യാസ്ത്രീകള്‍, പോരാളികളായ പുരോഹിതര്‍, ദൈവശാസ്ത്രജ്ഞര്‍, ക്രിസ്തുനീതി തൊട്ടറിഞ്ഞിട്ടുള്ള വിമതര്‍, സ്ത്രീവാദികള്‍, എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍, ദലിത് പ്രവര്‍ത്തകര്‍, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ എന്നിവരെല്ലാം ഏറെക്കുറെ നിരാധാരരായ കന്യാസ്ത്രീകള്‍ക്കു വേണ്ടി ഏകോപിച്ച ഒന്നായിരുന്നു പതിമൂന്നു ദിവസം നീണ്ടു നിന്ന ആ സമരം. ഈ പുസ്തകം ആ സമരചരിത്രവും അതിന്റെ ബാക്കിപത്രവും മാത്രമല്ല; രണ്ടായിരം കൊല്ലത്തെക്രിസ്തുമത ചരിതത്തിലും കേരളസഭകളുടെ ചരിത്രത്തിലും അത് ഈ നിസ്തുല സമരത്തെപ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
ഈ പുസ്തകത്തിന്റെ ഏറ്റവും ഉള്ളുപൊള്ളിക്കുന്ന ഭാഗം കന്യാസ്ത്രീകള്‍ തങ്ങളുടെ അഭിമുഖങ്ങളിലൂടെ നല്‍കുന്ന അവര്‍ ജീവിക്കുന്ന തടവറകളുടെ വിവരണമാണ്. ‘എനിക്ക് നഷ്ടപ്പെട്ടത് തിരികെ തരാന്‍ സഭയ്ക്കാവുമോ’ എന്ന പീഡിതയായ കന്യാസ്ത്രീയുടെ ആത്മരോദനമാണ് നമ്മുടെ ശ്രദ്ധയെ ആദ്യം ആകര്‍ഷിക്കുന്നത്. പീഡിതയായ കന്യാസ്ത്രീക്കു പുറമേ സിസ്റ്റര്‍മാരായ അനുപമ, ആന്‍സിറ്റ, നീനാറോസ്, ജോസഫിന്‍, ആല്‍ഫി, ലൂസി കളപ്പുരയ്ക്കല്‍, ലിസി വടക്കേല്‍ എന്നിവരുമായുള്ള സംഭാഷണങ്ങള്‍, നമ്മുടെ പരിഷ്‌കൃത സമൂഹത്തിനുള്ളില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരുള്ള സമുദായത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന സമഗ്രാധിപത്യപരമായ ലൈംഗിക, സാമ്പത്തിക ചൂഷണത്തെ വെളിവാക്കുന്നു. നമ്മുടെ ആത്മീയ നേതൃത്വവും സെക്കുലര്‍ നേതൃത്വവും തങ്ങളുടെ വിലാപങ്ങളോട് എത്ര ബധിരവും അനാര്‍ദ്രവും ആണെന്നും തങ്ങളെ ഹിംസിക്കുവാനും പീഡിപ്പിക്കുവാനും പുരുഷാധിപത്യപരമായി അവര്‍ എങ്ങനെ കൈകോര്‍ക്കുന്നുവെന്നും ഈ വക്താക്കള്‍ പറയുന്നു. ഈ സഹോദരിമാര്‍ പണ്ഡിതകളോ ഔപചാരിക ഫെമിനിസ്റ്റുകളോ അല്ല. അവരുടെ ഊര്‍ജ്ജം ക്രൂശിതനായ മനുഷ്യപുത്രന്‍നല്‍കുന്ന ഊര്‍ജ്ജമാണ്. അവരുടേത് നിഷ്‌കളങ്കരില്‍ നിന്ന് ഉയരുന്ന അശിക്ഷിത വിലാപങ്ങളാണ്. ഈ സംഭവശ്രേണിയില്‍ എന്നെ ഏറ്റവും ആഴത്തില്‍സ്പര്‍ശിച്ച കാര്യം ഒരു പാട് ആപല്‍സാധ്യതകളും നഷ്ടസാധ്യതകളും ഉണ്ടായിട്ടും പീഡിതയായ അവരുടെ ‘അമ്മയോട്’ ആറോ ഏഴോ സഹോദരിമാര്‍ പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യമാണ്. (ഇതെഴുതുമ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ അവര്‍ അംഗമായ മഠത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നതായി വാര്‍ത്ത വന്നിരിക്കുന്നു.) അനീതികള്‍ മഴപോലെ പെയ്യുമ്പോഴും മരിച്ച മുഖത്തോടെ ഇതെല്ലാം നിര്‍വികാരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പൊതുസമൂഹത്തില്‍ ഇത്തരം ജൈവികമായ ധീരതാപ്രകടനങ്ങള്‍ വിരളവും മാതൃകാപരവും ആണ്. ‘കന്യാസ്ത്രീ മഠങ്ങളില്‍ ഒരു പാട് കണ്ണീര്‍ വീഴുന്നുണ്ട്’ എന്ന് ഈ കന്യാസ്ത്രീകളിലൂടെ സംസാരിക്കുന്നത് ക്ഷുഭിതനായ യേശുവാണ് എന്ന് നാം മനസ്സിലാക്കണം.
ഡോ. ജെ ജെ പള്ളത്തും കെ സി വര്‍ഗീസും ആയി താഹ മാടായി നടത്തുന്ന ‘സഭയ്ക്കു മേലുള്ള സമൂഹത്തിന്റെ വിശ്വാസം’ എന്ന വളരെ പ്രസക്തമായ അഭിമുഖത്തില്‍ പീഡകനായ ഫ്രാങ്കോയും പീഡിതരായ കന്യാസ്ത്രീകളും സൃഷ്ടിക്കപ്പെടുന്ന സാമൂഹ്യവും ഘടനാപരവും ദൈവശാസ്ത്രപരവുമായ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. കൂടാതെ, ഈ അഭിമുഖം ലൈംഗികത, ആത്മീയത, പാപബോധം, ബ്രഹ്മചര്യം, അച്ചടക്കം, കുടുംബം, ക്രിസ്തുവിനും ക്രിസ്തുമതത്തിനും ചരിത്രത്തിലൂടെ വന്ന പരിണാമം, വിശ്വാസികളുടെ കപടാവബോധം, സഭയും സമൂഹവുമായുള്ള പ്രതിപ്രവര്‍ത്തനം എന്നിവയെകുറിച്ചൊക്കെ ഇപ്പോഴത്തെ സംഘര്‍ഷവിഷയത്തിന് കൂടുതല്‍ വ്യക്തത ലഭിക്കുമാറ് ചര്‍ച്ച ചെയ്യുന്നു. കേരളീയ സഭകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചും ഇന്നും നിലനില്‍ക്കുന്ന പൗരോഹിത്യത്തിന്റെ അപ്രമാദിത്യത്തെ കുറിച്ചും വിശദമാക്കുന്ന ‘കുരിശു ചുമക്കുന്നക്രിസ്ത്യാനി പെണ്ണുങ്ങള്‍’ എന്ന മറ്റൊരു ലേഖനവും കെ സി വര്‍ഗീസ് എഴുന്നുണ്ട്.
റവ. ബാര്‍ യൂഹോനോന്‍ റമ്പാനുമായുള്ള ‘മതി മെത്രാനെ മാടമ്പിത്തം’എന്ന ബാബുരാജും അംബികയുമായുള്ള അഭിമുഖത്തില്‍ കേരളീയ സഭകളിലെ ജനാധിപത്യചരിത്രത്തെ കുറിച്ചും ജനാധിപത്യ നഷ്ടത്തിന്റെ നാള്‍വഴികളെ കുറിച്ചും സഭാചരിത്രത്തിന്റെ വികലീകരണത്തെ കുറിച്ചും നല്ല ഉള്‍ക്കാഴ്ചയോടെ വിവരിക്കുന്നു. കത്തോലിക്കേതര സഭകളിലും എങ്ങനെ അധികാരവും ധനസമ്പത്തും കൗടില്യവും എല്ലാം ക്രിസ്തുവിനേക്കാള്‍ പ്രാമാണ്യം നേടുന്നുവെന്ന വിശകലനവും ഈ അഭിമുഖത്തില്‍ ഉണ്ട്.

 

 

 

 

 

ഡോ.റോസി തമ്പിയുടെ ‘അവനോടൊപ്പം അവിടെത്തന്നെനിന്നു പോയ സ്ത്രീകള്‍’ എന്ന ലേഖനം ഒട്ടേറെ നൂറ്റാണ്ടുകളായി തമസ്‌കരിക്കപ്പെട്ട ദൈവശാസ്ത്രത്തിന്റെ സ്ത്രീപക്ഷ വായനയെ വീണ്ടെടുക്കുന്നു. ഒട്ടും സിദ്ധാന്തപരമായല്ല വൈകാരികമായിത്തന്നെ. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കേരളത്തെ ഇളക്കിമറിച്ച ലൈംഗികാതിക്രമങ്ങളിലെ ഇരകള്‍ക്കൊപ്പം നില്‍ക്കുകയും സാര്‍വത്രികമായ പുരുഷാധിപത്യത്തിനാല്‍ മിക്കവാറും തോല്‍പ്പിക്കപ്പെട്ട ആ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തിട്ടുള്ള ഫെമിനിസ്റ്റ് ആണ് ഡോ. പി ഗീത. ഈ സമരത്തിലും ഫ്രാങ്കോ അറസ്റ്റ് ചെയ്യപ്പെടുന്നത് വരെ കന്യാസ്ത്രീകളോട് അതുല്യമാം വിധത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരാഹാരസമരം നടത്തിയതും ഗീതയാണ്. കന്യാസ്ത്രീ സമരം എങ്ങിനെ പുരുഷകേന്ദ്രിതമായ കേരളീയ നവോത്ഥാനത്തിന്റെ പരിമിതികളില്‍ നിന്നുള്ള വിച്ഛേദവും കേരളത്തിലെ സ്ത്രീ പ്രസ്ഥാനത്തിലെ നാഴികക്കല്ലും ആവുന്നു എന്ന് ഗീത ‘നവോത്ഥാനമല്ല; സ്ത്രീവിമോചനം’ എന്ന അഭിമുഖത്തില്‍ വിവരിക്കുന്നു. ക്രിസ്തുവില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഏറെക്കുറെ സ്വയംപ്രവര്‍ത്തിതമായി ഉരുവം കൊണ്ടതാണ് കന്യാസ്ത്രീസമരം. രണ്ടു മൂന്നു പതിറ്റാണ്ടുകളിലെ അനുഭവസമ്പത്ത് സമാഹരിച്ച സ്ത്രീവാദം കൂടി അതിനെ പിന്തുണച്ചപ്പോള്‍ ഒരു കുത്സിതഭരണകൂടത്തിന് ഫ്രാങ്കോയെ പിന്നെ സംരക്ഷിക്കാനാവാതായി. പക്ഷേ, അധികം വൈകാതെ തന്നെ, ബിജെപിക്കെതിരായി സിപിഎമ്മിന് വേണ്ടി വോട്ടുപിടിക്കാന്‍ വനിതാമതിലില്‍ അണിനിരന്നു കന്യാസ്ത്രീസമരത്തിന്റെ സംഘാടകരും അതില്‍ ഭാഗഭാക്കായ പലരും എന്ന വിമര്‍ശനവും ഗീത ഉയര്‍ത്തുന്നുണ്ട്. ഒരു പടി കൂടി കടന്ന്, ശബരിമല പ്രശ്‌നത്തില്‍ സ്ത്രീവാദം അടക്കമുള്ള എല്ലാ ബദല്‍ പ്രസ്ഥാനങ്ങളുടെയും സമീപനം വീണു കിട്ടിയ ഹല്‍വാഖണ്ഡത്തിനു മേല്‍ചാടി വീഴുന്നഗ്രഹണി പിടിച്ച കിശോരന്റേതു പോലെ അപക്വമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റേത് പിന്തിരിപ്പനായ ഒരു വ്യക്തിയുടെ അഭിവീക്ഷണം എന്നനിലയില്‍ നിങ്ങള്‍ക്ക് അവഗണിക്കാം. പക്ഷേ, വളരെശക്തമായിരുന്ന ഒരു പ്രതിഷ്ഠാപനം ആയിരുന്ന യോനീകവാടവും മറ്റും ഒരുക്കി തീവ്രസ്ത്രീവാദികള്‍ കാത്തിരുന്ന ആ വിശിഷ്ടാതിഥി ആരായിരുന്നു? ഐസ്‌ക്രീം പാര്‍ലറിലും സൂര്യനെല്ലി കേസിലും നീതി അട്ടിമറിച്ചആള്‍, പി കെ ശശിക്കും മുകേഷിനും എതിരായ സ്ത്രീപീഡന പരാതികള്‍ അട്ടിമറിക്കുന്നപ്രക്രിയ പ്രസ്തുത സമയത്ത് പോലും സജീവമാക്കിക്കൊണ്ടിരുന്ന ആള്‍, രോഗാവസ്ഥയില്‍ വിശ്രമിച്ചു കൊണ്ടിരുന്ന ഒരു സ്ത്രീ അടക്കമുള്ള മാവോവാദികളെ നിയമത്തിന്റെ യാതൊരു മറപോലുമില്ലാതെ ചുട്ടു കൊന്ന ആള്‍. അയാള്‍ തന്നെയായിരിക്കണം മുന്‍നക്‌സലൈറ്റുകള്‍ കൂടി ഉള്‍പ്പെടുന്ന സ്ത്രീവാദികളായ സംഘാടകരുടെ സുപ്രതീക്ഷിത അതിഥി! ഒടുവില്‍ ഉപഗുപ്തന്‍ വന്നുമില്ല!
ഇതേ പ്രത്യയശാസ്ത്രപരമായ കുഴമറിച്ചില്‍ -ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാങ്കോയുടെ സംരക്ഷകനായ വില്ലന്‍ തന്നെ യുവതികളുടെ ശബരിമലപ്രവേശ സംരംഭത്തിന്റെ നായകന്‍ ആയി മാറുന്നു എന്ന വൈരുദ്ധ്യം-ഒഴിച്ചാല്‍ എങ്ങിനെയാണ് ക്രൈസ്തവസഭയും സമൂഹവും മതങ്ങളും പൗരോഹിത്യവും ഭരണകൂടവും എല്ലാം സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്നത് എന്ന് വ്യക്തതയോടെ കെ എം സലിംകുമാര്‍ തന്റെ ലേഖനത്തില്‍ വിശദീകരിക്കുന്നു.
ഹ്രസ്വമെങ്കിലും ധര്‍മ്മസങ്കടം കൊണ്ട് വീര്‍പ്പുമുട്ടുന്ന ശരിക്കും ക്രിസ്തീയമായ ഒരു ഏറ്റുപറച്ചിലാണ് ‘ഒരു ദൈവശാസ്ത്രജ്ഞന്റെ ആശങ്കയും താക്കീതും’ എന്ന പേരിലുള്ള ഫാ. പോള്‍തേലക്കാട്ടുമായുള്ള എന്‍ എം സിദ്ദിഖിന്റെ അഭിമുഖം. കന്യാസ്ത്രീകളടക്കം അശരണരായവര്‍ക്കുള്ള സഭയ്ക്കുള്ളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ ഏതളവില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നത് വേദനാപൂര്‍വം അദ്ദേഹം വിവരിക്കുന്നു.
പരമ്പരാഗത ഇടതു സമരശക്തികള്‍ കേരളത്തില്‍ ഇന്ന് നിര്‍വീര്യമായിരിക്കുന്നു. പുതുതായി ഉയര്‍ന്നു വന്നിരിക്കുന്ന ശക്തികളില്‍ ദൃഢപ്രസ്താവങ്ങള്‍ നടത്തുന്നവയില്‍ മുഖ്യം സ്ത്രീശക്തിയാണ്. കഴിഞ്ഞ മുപ്പതോളം വര്‍ഷമായി നമ്മുടെ സമൂഹത്തില്‍ വ്യക്തികളുടെതലത്തിലും കുടുംബത്തിലും പ്രവൃത്തിസ്ഥലത്തും ജൈവികമായി വളര്‍ന്നു വരുന്നത് സ്ത്രീശക്തിയാണ്. അന്തര്‍ദേശീയ ഉണര്‍വുകളുടെയും കേരളത്തില്‍ ഈ പതിറ്റാണ്ടില്‍ നടന്ന പൊമ്പിളൈ ഒരുമൈ സമരം, നഴ്‌സുമാരുടെ സമരം, ജോലിസ്ഥലത്ത് ഇരിക്കാനുള്ള സമരം എന്നീ ഉജ്ജ്വലസമരങ്ങളുടെയും തുടര്‍ച്ചയില്‍ കന്യാസ്ത്രീകളുടെ സമരത്തെ സ്ഥാപിക്കുകയാണ് ബി രാജീവന്റെ ‘സ്ത്രീകള്‍ നിര്‍ണ്ണയിക്കുന്ന ഭാവിയുടെ രാഷ്ട്രീയം’ എന്ന ഒന്നാന്തരം സൈദ്ധാന്തിക ലേഖനം. ഈ സമരങ്ങളില്‍ ചിലവ പരാജയപ്പെട്ടു. ചിലവ ഇനിയും ജയിച്ചു എന്നു പറയാറായിട്ടില്ല. ഇവയെ തോല്‍പ്പിക്കുന്ന, ജയിക്കാനനുവദിക്കാത്ത രാഷ്ട്രീയ ശക്തികളെയും കേരള പൊതുസമൂഹത്തെത്തന്നെയും നാം വിചാരണ ചെയ്യേണ്ടതുണ്ട്.

 

 

 

 

 

 

 

 

ബെന്യാമിന്റെ നോവലുകളില്‍ ചിലവ താന്‍ ജനിക്കുകയും വ്യവഹാരപരമായി വിശ്വസിക്കുകയും ചെയ്യുന്ന ഓര്‍ത്തഡോക്‌സ് സഭയെ വിമര്‍ശനാത്മകമായി കൂടി സമീപിക്കുന്നതാണ്. ‘ക്രിസ്തുവിനും എനിക്കുമിടയില്‍ സഭയെന്തിന്?’ എന്നശ്രീകല മുല്ലശ്ശേരിയുമായുള്ള സമഗ്രമായ അഭിമുഖത്തില്‍ മതവിശ്വാസത്തെ പറ്റി, ക്രിസ്തീയ സഭകളുടെ ആണധികാര ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എത്ര വിവേചനപരമായാണ് സ്ത്രീകളും കന്യാസ്ത്രീകളും കൈകാര്യം ചെയ്യപ്പെട്ടതെന്നതിനെപ്പറ്റിയെല്ലാം പരിശോധിക്കുന്നു. അതോടൊപ്പം സഭകളിലെ ഉല്‍പ്പതിഷ്ണുത്വ ചരിത്രം, മതം, വിശ്വാസം, പൗരോഹിത്യം, കുമ്പസാരം, കമ്മ്യൂണിസം, എഴുത്തുകാരുടെ നിലപാടുതറ എന്നിവയെ കുറിച്ചുള്ള തന്റെ ബോധ്യങ്ങളും വിവരിക്കുന്നു ‘മൗനം ഭാഷയായവരുടെ വിമോചനസമരം’എന്ന ലേഖനത്തില്‍ എം എസ് സജി. ‘ജീര്‍ണ്ണിച്ച മതവും അധഃപതിച്ച രാഷ്ട്രീയവും കൈകോര്‍ക്കുന്ന ദുരന്തകാല’ത്ത് സംഭവിക്കുന്ന ‘സേവ് ഔവര്‍ സിസ്റ്റേഴ്‌സ്’ പ്രക്ഷോഭം വരാനിരിക്കുന്ന അപ്രതിരോധ്യമായ മാറ്റത്തിന്റെ സൂചനയാണെന്ന് നിരീക്ഷിക്കുന്നു. ‘കത്തോലിക്കാസഭയുടെ വിഷമവൃത്തം’ എന്ന ലേഖനത്തില്‍ ടി ജി ജേക്കബ് കത്തോലിക്കാസഭയുടെ സാര്‍വലൗകികമായ ചൂഷണവ്യവസ്ഥയെക്കുറിച്ചും ആ വ്യവസ്ഥയില്‍ കന്യാസ്ത്രീകള്‍ എങ്ങനെ സാമ്പത്തികവും ലൈംഗികവുമായ ഇരകള്‍ ആയിത്തീരുന്നു എന്നും വിവരിക്കുന്നു.
സമൂഹത്തിന്റെ പല ധാരകളില്‍ നിന്നു വന്ന മനുഷ്യസ്‌നേഹികളാണ് ഫ്രാങ്കോയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടെത്തിക്കുന്നിടത്തോളമെങ്കിലും കന്യാസ്ത്രീ സമരത്തെ വിജയിപ്പിച്ചത്. ഈ സമരത്തിന്റെ മുഖ്യസംഘാടകരില്‍ ചിലരുടെ നന്‍മനിറഞ്ഞ ജീവിതയാത്ര കൗതുകകരമാണ്. വളരെയധികം ജീര്‍ണ്ണിച്ച ഒരു അധികാരസ്വരമായിട്ടുള്ള കത്തോലിക്കാ പൗരോഹിത്യത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള വിമതസ്വരമാണ് ഫാ. അഗസ്റ്റിന്‍ വട്ടോലിയുടേത്. ക്രിസ്തുവിനെ ഋജുവായി സമീപിക്കുന്ന എന്റെ ഈ അയല്‍ഗ്രാമക്കാരന്റേതു പോലുള്ള ശബ്ദങ്ങള്‍ പണ്ട് വളരെ പരിചിതമായിരുന്നെങ്കിലും ഇന്ന് വിരളമായി വരികയാണ്. താന്‍ മതപരതയില്‍ നിന്ന് ആത്മീയതയിലേക്ക്, ഇന്ന് ഏറെക്കുറെ ഏകാന്തമായ വിമോചനദൈവശാസ്ത്ര വഴികളിലൂടെ നടന്നെത്തിയ നാള്‍വഴികള്‍ വിവരിക്കുന്നതോടൊപ്പം സഭയുടെ സമകാലീന ജീര്‍ണ്ണതയെക്കുറിച്ചും ഫാ.അഗസ്റ്റിന്‍ വട്ടോലി ബി എസ് ബാബുരാജുമായി നടത്തിയ ‘സഭയുടെ ജനാധിപത്യവല്‍ക്കരണം അനിവാര്യം’ എന്ന സംഭാഷണത്തില്‍ വിവരിക്കുന്നു.
എന്റെ സുഹൃത്തെന്നനിലയില്‍ കെ ഡി മാര്‍ട്ടിന്റെ (കുട്ടന്‍) ഒരു കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്നനിലയില്‍ ഉള്ള ജീവിതകഥയുടെ ബാഹ്യരേഖകള്‍ എനിക്ക് മുമ്പേഅറിയാമെങ്കിലും അദ്ദേഹം കടന്നുപോന്ന സംഘര്‍ഷവഴികളുടെ വികാരവത്തായ വിശദാംശങ്ങള്‍ അംബികയുമായി നടത്തുന്ന ‘ഒരു അവിശ്വാസിയുടെ വിശ്വാസപ്രമാണങ്ങള്‍’ എന്ന ആത്മകഥനത്തിലൂടെയാണ് മനസ്സിലായുന്നത്. എഴുപതുകളുടെ അവസാനത്തോടെ തുടങ്ങുന്ന അദ്ദേഹത്തിന്റെ റാഡിക്കല്‍ പ്രവര്‍ത്തനങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് കന്യാസ്ത്രീ സമരത്തിലെ സജീവ പങ്കാളിത്തം.
സപ്തംബര്‍ സമരത്തിന്റെ സംഘാടകരില്‍ പ്രമുഖരായ അഡ്വ. കെ വി ഭദ്രകുമാരിയുടെയും സി ടി തങ്കച്ചന്റെയും ലേഖനങ്ങള്‍ കന്യാമറിയത്തിന്റെ പിറവിനാളില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ ആരംഭിച്ച പതിമൂന്നു ദിവസത്തെ ‘സേവ് ഔവര്‍ സിസ്റ്റേഴ്‌സ്’ സമരത്തിന്റെ സംഘാടനാനുഭവങ്ങള്‍ വിവരിക്കുന്നു. കെ എസ് ഹരിഹരന്റെ ‘വഞ്ചിസ്‌ക്വയറില്‍ നിന്ന് ജലന്ധറിലേക്ക്’എന്ന ലേഖനം ഈ സംഭവത്തോടനുബന്ധിച്ചുണ്ടായ എറണാകുളത്തേതടക്കമുള്ള എല്ലാ സമരമുഖങ്ങളെ കുറിച്ചും പറയുന്നു. പീഡനത്തെ അതിജീവിച്ച കന്യാസ്ത്രീയുടെ സഹോദരിയായ ഡാര്‍ലിയെ സത്യാഗ്രഹി എന്നനിലയില്‍ വഞ്ചി സ്‌ക്വയറിലെ പന്തലില്‍ കണ്ടിട്ടുണ്ട്. അവരുടെ ‘ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’ എന്ന ലേഖനം അതിശക്തമായി സഭയുടെ നാണം കെട്ട നുണകളെ പൊളിച്ചടുക്കുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ഫ്രാങ്കോയുടെ അറസ്റ്റിനും ജാമ്യലബ്ധിക്കും ശേഷമാണ് ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംശയാസ്പദമായ മരണം സംഭവിക്കുന്നത്. ഫ്രാങ്കോവിന്റെ കുത്സിതസാമ്രാജ്യ രഹസ്യങ്ങള്‍ മുഴുവന്‍ അറിയുന്ന വിലപിടിച്ച സാക്ഷിയെയാണ് കാട്ടുതറയുടെ ഉദ്ദീപിതമരണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. ഈ മരണത്തോട് അനുബന്ധിച്ചുള്ള സഭാഭീകരതയുടെ ചിത്രമാണ് അന്തരിച്ച പുരോഹിന്റെ അടുത്തബന്ധുക്കളായ ജോയികാട്ടുതറയും ജോസ് കുര്യനും നല്‍കുന്നത്.
ഈ പുസ്തകത്തിലൂടെ വെളിവാകുന്നത് ഫ്രാങ്കോയുടെ കരാളചെയ്തികള്‍ മാത്രമല്ല. സഭയുടെ മേല്‍ഘടകങ്ങളുടെ ചെവികള്‍ ഈ സാധുസ്ത്രീകളുടെ വിലാപങ്ങളോട് ബധിരമാണ് എന്നു തന്നെയല്ല ഈ മേലധികാരികളുടെ സമ്മര്‍ദ്ദത്താലും മൗനാനുവാദത്തോടെയും ആണ് അവര്‍ താമസിക്കുന്ന ഇടത്തും പോവുന്ന ഇടങ്ങളിലും നിരന്തരം പീഡിപ്പിക്കപ്പെടുന്നത് എന്ന സത്യവും വെളിവാകുന്നു. ഈ സമരത്തെ പിന്തുണച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തില്‍ നിന്ന് പുറത്താക്കി തെരുവിലേക്ക് ഇറക്കി വിടുവാന്‍ തുനിയുന്നത്. സമാനമായ അനുഭവം കേസില്‍ സാക്ഷിയായ മൂവാറ്റുപുഴയിലെ സിസ്റ്റര്‍ ലിസി വടക്കേലിനുമുണ്ട്. ആഗോള മാധ്യമശ്രദ്ധ അവരുടെ മേലുണ്ട് എന്നറിയാമായിരുന്നിട്ടും യാതൊരു വിധത്തിലും ക്രിസ്തുവിന് നിരക്കാത്ത വിധം നിഷ്ഠുരരാവാന്‍ സഭയ്ക്ക് ധൈര്യം നല്‍കുന്നത് ഷണ്ഡമായ ഒരു സെക്കുലര്‍ ഭരണകൂടം എല്ലാ സഹായങ്ങളുമായി അവരോടൊപ്പം ഉണ്ടെന്നതാണ്.
ഈ സമാഹാരത്തിലെ ലേഖനങ്ങളും അഭിമുഖങ്ങളും ശ്രദ്ധേയമാകുന്നത് അവയെല്ലാം ഏതെങ്കിലും നിര്‍ബന്ധിതമാതൃകക്കൊപ്പിച്ചു തയ്യാറാക്കിയതല്ല എന്നതിനാലാണ്. എല്ലാവരും തങ്ങള്‍ക്ക് നൈസര്‍ഗ്ഗികമായ രീതിയില്‍ രാഷ്ട്രീയമായും ചരിത്രപരമായും ദൈവശാസ്ത്രപരമായും പശ്ചാത്തലമൊരുക്കി ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തിന് ഗംഭീരമായ മാനങ്ങള്‍ നല്‍കുന്നു. മുമ്പ് സൂചിപ്പിച്ച പോലെ, കന്യാസ്ത്രീസമരത്തിന്റെ മുഖ്യഊര്‍ജ്ജം കന്യാസ്ത്രീ സഹോദരിമാര്‍ ക്രിസ്തുവില്‍ നിന്ന് ആര്‍ജ്ജിച്ചനീതിബോധമാണ്. അവരുടെ ദൃഢമായ നിലപാടിനോട് നമ്മുടെ ബദല്‍ പ്രസ്ഥാനങ്ങള്‍ സമയോചിതമായി പ്രതികരിക്കുകയും സഹകരിക്കുകയും ചെയ്തു. അത് പൊതുസമൂഹമനസ്സാക്ഷിയെ തൊട്ടു. മനസ്സാക്ഷി ഉണര്‍ന്ന ജനങ്ങളുടെ ശക്തിയെ മാത്രമേ ഭരണകൂടങ്ങള്‍ പേടിക്കുന്നുള്ളു. അതുകൊണ്ടു മാത്രമാണ് കുടിലമായ ഇന്നത്തെ ഭരണകൂടം സഭയോടുള്ള വിധേയത്വം താല്‍ക്കാലികമായി വിഛേദിച്ച് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ഈബന്ധവിഛേദനം താല്‍ക്കാലികമാണെന്ന് എല്ലാവരും മനസ്സിലാക്കണം. സമൂഹമനസ്സാക്ഷി ഉറങ്ങുമ്പോള്‍, ബദല്‍ പ്രസ്ഥാനങ്ങള്‍ ഉദാസീനമാവുമ്പോള്‍ ഓരോ ഭരണകൂടസ്ഥാപനവും പരസ്പരം സഹകരിച്ച് പീഡകനെ സംരക്ഷിക്കും എന്നതാണ് സദൃശമായ സംഭവങ്ങളിലെ പൂര്‍വകാലാനുഭവം. അതിനാല്‍, ഇക്കാര്യത്തില്‍ ഇരയ്ക്കും അവരോടൊപ്പം നില്‍ക്കുന്നക്രിസ്തീയ ത്യാഗത്തിന്റെ പ്രതിനിധികളായ കന്യാസ്ത്രീകള്‍ക്കും സമ്പൂര്‍ണമായ നീതി നേടിക്കൊടുക്കാന്‍ പര്യാപ്തമാവും വിധം വഞ്ചി സ്‌ക്വയറിലെ പതിമൂന്നു ദിവസത്തെ മാതൃകാപരമായ ജാഗ്രത നാം നിലനിര്‍ത്തണം. ഇക്കുറിയേശു പരാജയപ്പെടരുത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply