ഇളയിടവും ചെരുവിലും ചെയ്യുന്നത് വിമര്‍ശനമല്ല, ന്യായീകരണം തന്നെ…

യൂണിവേഴ്‌സിറ്റി കോളേജിലടക്കം കേരളത്തിലെ എത്രയോ കോളേജുകളില്‍ മറ്റു സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത ജനാധിപത്യ ധ്വംസനം നടക്കുമ്പോഴൊന്നും പ്രതികരിക്കാത്ത ഇവര്‍ ഒരു എസ് എഫ് ഐ പ്രവര്‍ത്തകനുതന്നെ കുത്തേറ്റപ്പോഴും അതിനെതിരെ വിദ്യാര്‍ത്ഥിനികളും എസ് എഫ് ഐ പ്രവര്‍ത്തകരമടക്കമുള്ളവര്‍ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ് രംഗത്തുവരുന്നത്. എന്നാലിതുതന്നെ എത്രയോ കാലമായി അവിടെ നടക്കുന്നു എന്നറിയാത്തവര്‍ ആരാണുള്ളത്? ഏതാനും ദിവസം മുമ്പ് ഇക്കാര്യം തന്നെ പറഞ്ഞല്ലേ ഒരു പെണ്‍കുട്ടി അവിടെ നിന്ന് ടി സി വാങ്ങി രക്ഷപ്പെട്ടത്? അപ്പോഴൊന്നും ഒരക്ഷരം മിണ്ടാത്ത ഇളയിടവും ചെരുവിലും മറ്റും ഇപ്പോള്‍ രംഗത്തു വരുന്നത് എസ് എഫ് ഐയെ വിമര്‍ശിക്കാനല്ല, രക്ഷിക്കാനാണെന്നു വ്യക്തം. അല്ലെങ്കില്‍ മറ്റു സംഘടനകളുടേയും വ്യക്തികളുടേയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും കുറിച്ചവര്‍ പറയുമായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളെ ന്യായീകരിക്കാന്‍ പതിവുപോലെ നിരവധി പേര്‍ രംഗത്തുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് നിരവധി പേരെ കെ എസ് യുക്കാര്‍ കൊന്നുകളഞ്ഞിട്ടുണ്ട്, എം ജി കോളേജില്‍ എ ബി വി പി എന്താണ് ചെയ്യുന്നത്, എല്ലാം മാധ്യമസൃഷ്ടിയാണ് എന്നിങ്ങനെ പോകുന്നു ഒരു വിഭാഗത്തിന്റെ ന്യായീകരണം. മറ്റൊരു വിഭാഗമാകട്ടെ ഇതല്ല എന്റെ എസ് എഫ് ഐ, എന്നെ ഞാനാക്കിയത് എസ് എഫ് ഐയാണ്, ഇത് ഒറ്റപ്പെട്ട സംഭവമാണ് എന്നു പറഞ്ഞ് കൈ കഴുകുന്നു. ഉന്നത വര്‍ഗ്ഗത്തിലെ വിദ്യാര്‍ത്ഥികള്‍ സ്വാശ്രയ കോളേജുകളില്‍ പോകാതെ സര്‍ക്കാര്‍ കോളേജുകളില്‍ വരുകയും എസ് എഫ് ഐയില്‍ കയറിപ്പറ്റുകയും ചെയ്തതാണ് മൂലകാരണമെന്നു കണ്ടെത്തിയ ബുദ്ധിജീവികളും കുറവല്ല. എസ് എഫ് ഐയുടെ ജനാധിപത്യവിരുദ്ധതയെ സ്പര്‍ശിക്കാന്‍ ഇവരൊന്നും തയ്യാറില്ല എന്നതാണ് ഏറ്റവും കൗതുകകരം. ഇവരെയെല്ലാം മറികടന്ന് സംഭവത്തെ ശക്തമായി അപലപിക്കുന്നു എന്നുഭാവിച്ച് രംഗത്തുവന്നിട്ടുള്ള ചില സാംസ്‌കാരിക നായകരും അതെ കുറിച്ചു പറയാന്‍ തയ്യാറില്ല. സാക്ഷാല്‍ സുനില്‍ പി ഇളയിടത്തിന്റേയും അശോകന്‍ ചെരുവിലിന്റേയും മറ്റും പ്രതികരണങ്ങള്‍ ഇതിനുദാഹരണമാണ്.
യൂണിവേഴ്‌സിറ്റി കോളേജിലടക്കം കേരളത്തിലെ എത്രയോ കോളേജുകളില്‍ മറ്റു സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത ജനാധിപത്യ ധ്വംസനം നടക്കുമ്പോഴൊന്നും പ്രതികരിക്കാത്ത ഇവര്‍ ഒരു എസ് എഫ് ഐ പ്രവര്‍ത്തകനുതന്നെ കുത്തേറ്റപ്പോഴും അതിനെതിരെ വിദ്യാര്‍ത്ഥിനികളും എസ് എഫ് ഐ പ്രവര്‍ത്തകരമടക്കമുള്ളവര്‍ തെരുവിലിറങ്ങുകയും ചെയ്തപ്പോഴാണ്് രംഗത്തുവരുന്നത്. എസ് എഫ് ഐ കൊടിയിലെഴുതിയിട്ടുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും അവര്‍ തന്നെ തങ്ങള്‍ക്കു നിഷേദിക്കുന്നു എന്നും പാട്ടുപാടാനോ മറ്റുള്ളവരോട് മിണ്ടാനോ പോലും നേതാക്കളുടെ അനുമതി വേണമെന്നും അനുസരിക്കാത്തവരെ കൈകാര്യം ചെയ്യാന്‍ ഇടിമുറിയുണ്ടെന്നും അവര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ഇവര്‍ വാ തുറന്നത്. എന്നാലിതുതന്നെ എത്രയോ കാലമായി അവിടെ നടക്കുന്നു എന്നറിയാത്തവര്‍ ആരാണുള്ളത്? ഏതാനും ദിവസം മുമ്പ് ഇക്കാര്യം തന്നെ പറഞ്ഞല്ലേ ഒരു പെണ്‍കുട്ടി അവിടെ നിന്ന് ടി സി വാങ്ങി രക്ഷപ്പെട്ടത്? അപ്പോഴൊന്നും ഒരക്ഷരം മിണ്ടാത്ത ഇളയിടവും ചെരുവിലും മറ്റും ഇപ്പോള്‍ രംഗത്തു വരുന്നത് എസ് എഫ് ഐയെ വിമര്‍ശിക്കാനല്ല, രക്ഷിക്കാനാണെന്നു വ്യക്തം. അല്ലെങ്കില്‍ മറ്റു സംഘടനകളുടേയും വ്യക്തികളുടേയും പ്രവര്‍ത്തന സ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും കുറിച്ചവര്‍ പറയുമായിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലെ യുണിറ്റ് പിരിച്ചുവിടാനും അവിടെ അരങ്ങേറിയ സംഘര്‍ഷത്തിന്റെ പേരില്‍ കേരളീയ സമൂഹത്തോട് മാപ്പു പറയാനും എസ്. എഫ്. ഐ . നേതൃത്വം തയ്യാറായത് നന്നായെന്നാണ് ഇളയിടം പറയുന്നത്. കേട്ടാല്‍ ശരിയെന്നു തോന്നുന്ന അഭിപ്രായം. എന്നാല്‍ പുതിയ യൂണിറ്റ് വന്നാല്‍ മാത്രം പോര, വിദ്യാര്‍ത്ഥികളുടെ ജനാധിപത്യാവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് എന്തേ അദ്ദേഹം പറയുന്നില്ല? ഇടതുപക്ഷത്തിന്റെ സംഘടനാശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ടീയവും നഷ്ടപ്പെടുന്നതിന്റെ വികൃതമായ രൂപമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ കണ്ടതെന്നു പറയുമ്പോള്‍ ഉടനെ കൂട്ടിചേര്‍ക്കേണ്ടത് അവ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയല്ലേ…? സംവാദസന്നദ്ധത, പുതിയ ആശയ – വൈജ്ഞാനിക ലോകങ്ങളുമായി വിനിമയത്തിനുള്ള ശേഷി, ആണൂറ്റത്തിന്റെ അശ്ലീലം കലര്‍ന്ന ശരീരഭാഷയെയും സംഘടനാരൂപങ്ങളെയും മറികടക്കുന്ന രാഷ്ട്രീയം, ജനാധിപത്യവിവേകം എന്നിവയ്ക്കായി ബോധപൂര്‍വം പണിപ്പെടുന്നതിലൂടെ മാത്രമേ ഇടതുപക്ഷ രാഷ്ട്രീയത്തിന് ഈ മൗലികപ്രശ്‌നം പരിഹരിക്കാനാവൂ എന്ന് അലസമട്ടില്‍ പറയുമ്പോഴും അതിന്റെ ആദ്യപടി സംസ്ഥാനത്തെ ചെങ്കോട്ടകളെന്നു പേരിട്ടിട്ടുള്ള കലാലയങ്ങളില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ജനാധിപത്യാവകാശം ഉറപ്പുവരുത്തലാണെന്നു പറയാത്തിടത്തോളം ഇളയിടത്തിന്റെ ലക്ഷ്യം എസ് എഫ് ഐയെ ന്യായീകരിക്കലാണ് വ്യക്തം.
ഇക്കാര്യത്തില്‍ ചെരുവിലിന്റെ നിലപാടും വ്യത്യസ്ഥമല്ല. എസ്.എഫ്.ഐ. എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂനി. കോളേജില്‍ ഉണ്ടായത്, കേവലം ഒരു കോളേജിനകത്തെ പ്രശ്‌നമായോ കുട്ടികള്‍ക്കിടയിലെ സ്വാഭാവികമായ തര്‍ക്കമായോ ഇതിനെ ചുരുക്കി കാണാനാവില്ല, നിലവിലെ എസ്.എഫ്.ഐ.സംസ്ഥാന നേതൃത്വത്തിന് ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല എന്നു പറയുന്ന ചെരുവില്‍ തുടര്‍ന്ന് പറയുന്നത് എസ്.എഫ്.ഐ.യുടെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് ഒരുവക നിയന്ത്രണവുമില്ലാത്ത ഒരു അരാഷ്ട്രീയ ക്രിമിനല്‍ സംഘം ‘യൂണിറ്റ് കമ്മിറ്റി’ എന്ന പേരില്‍ കോളേജിലെ എസ്.എഫ്.ഐ.നേതൃത്വത്തില്‍ കടന്നുപറ്റിയിരിക്കുന്നു എന്നാണ്. ഒരിക്കലുമല്ല. അവരുടെയെല്ലാം അനുഗ്രഹാശംസകളോടെയാണ് എസ് എഫ് ഐ അവിടെ പ്രവര്‍ത്തിക്കുന്നതെന്ന കാര്യത്തില്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്ക് സംശയമുണ്ട്? യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ, സംഭവത്തിന്റെ ഉത്തരവാദിത്തം അഞ്ചോ ആറോ പേരിലൊതുക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്ക് വെള്ള പൂശുകയാണ് ചെരുവിലിന്റെ ലക്ഷ്യം. അധികാരത്തിന്റെ പിന്‍ബലത്തോടെ മനുവാദി ഫാസിസ്റ്റ് ഭീകരത രാജ്യത്തെ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഒരു ജനാധിപത്യ പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രസക്തി വളരെ വലുതാണ് എന്നദ്ദേഹം പറയുമ്പോള്‍ അതിന്റെ ആദ്യപടി സംസ്ഥാനത്താകെ എസ് എഫ് ഐ വെച്ചുപുലര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ – ചെങ്കോട്ട രാഷ്ട്രീയം അവസാനിപ്പിക്കണമെന്നു തന്നെയല്ലേ? അതുപറയാന്‍ അദ്ദേഹം തയ്യാറുണ്ടോ?
2017ല്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയും സദാചാരപോലീസിന്റെ വേഷത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചപ്പോഴോ മുകളില്‍ സൂചിപ്പിച്ച പോലെ പഠനമുപേക്ഷിച്ച് പെണ്‍കുട്ടി പോയപ്പോഴോ മഹാരാജാസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമങ്ങള്‍ നടന്നപ്പോഴോ കേരളവര്‍മ്മയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഐസ പ്രവര്ഡത്തകരെ കയ്യേറ്റം ചെയ്തപ്പോഴോ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ദീപാഞ്ജലി എന്ന ദലിത് ഗവേഷക വിദ്യാര്‍ത്ഥിനിയെ ജാതിയധിക്ഷേപത്തിനും തെറിയഭിഷേകങ്ങള്‍ക്കും ഇരയാക്കിയപ്പോഴോ അതിനെതിരെ ദളിത് വിദ്യാര്‍ത്ഥിനികള്‍ സമരത്തിനിറങ്ങിയപ്പോഴോ മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ സല്‍വ അബ്ദുല്‍ഖാദര്‍ തനിക്ക് കോളേജിലെ എസ് എഫ് ഐയില്‍ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങള്‍ വിവരിച്ചപ്പോഴോ തലശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് കാമ്പസിലെ സോഫി എന്ന വിദ്യാര്‍ത്ഥിനിയുടെ പല്ലിടിച്ചിളക്കിയപ്പോഴോ കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ ആതിരയും ആത്മജയും അക്രമിക്കപ്പെട്ട്പപോഴോ മഹാരാജാസില്‍ രോഹിത് വെമുല അനുസ്മരണം നടത്തിയവര്‍ക്കുപോലും മര്‍ദ്ദനമേറ്റപ്പോഴോ രോഹിത് വെമുലയെ കുറിച്ച് ഏറെ സംസാരിക്കുമ്പോഴും വെമുലയുടെ സംഘടനയായ എ എസ് എയില്‍ പ്രവര്‍ത്തിച്ചതിന് എം ജി സര്‍വ്വകലാശാലയിലെ വിവേക് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചപ്പോഴോ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് പലയിടത്തും വെച്ച് ഫ്രട്ടേണിറ്റി്യുടെ യാത്രയെ അക്രമിച്ചപ്പോഴോ ഒന്നും ഇവരാരും പ്രതിഷേധിച്ചിട്ടില്ല. ഇപ്പോള്‍ നടന്നത് ഒറ്റപ്പെട്ട സംഭവമാകുന്നതും സംഘടനയില്‍ കയറിക്കൂടിയ സാമൂഹ്യവിരുദ്ധര്‍ ചെയ്യുന്നതാകുന്നതും ഞങ്ങളുട എസ് എഫ് ഐ ഇതല്ലാതാകുന്നതും എങ്ങിനെയാണ്? യഥാര്‍ത്ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കാതിരിക്കാതെ എസ് എഫ് ഐയെ ന്യായീകരിക്കല്‍ തന്നെയാണ് ഇളയിടവും ചെരുവിലുമടക്കമുള്ളവരുടെ ലക്ഷ്യം എന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. പണ്ട് കണ്ണൂരിലെ കൊലപാതകരാഷ്ട്രീയത്തെ ഇതുപോലെ തന്ത്രപരമായി ന്യായീകരിക്കാന്‍ എം എന്‍ വിജയന്‍ രംഗത്തുവന്നപോലെ തന്നെ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply