സി എ ബി മാത്രമല്ല, എന്‍ ആര്‍ സിയും നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കണം

അതേസമയം ആസാമിലും മറ്റും നടക്കുന്നതുപോലുള്ള പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിയെടുക്കണമെന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവന കണ്ടു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെയാണോ അദ്ദേഹത്തിന്റെ പ്രസ്താവന എന്നു സംശയിക്കണം.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കയ്യടിയോടെയാണ് ജനാധിപത്യ – മതേതര വിശ്വാസികള്‍ സ്വീകരിക്കുന്നത്. ഭരമപക്ഷവും പ്രതിപക്ഷവും സംയുക്തമായി നടത്തുന്ന സമരത്തേയും. നേരത്തെ തന്നെ ബംഗാളും പഞ്ചാബും സമാനപ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അത് സാധ്യമാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. കേന്ദ്രം ചൂരലുമായി രംഗത്തെത്തിയിട്ടുമുണ്ട്. ഭരണഘടനാ വിരുദ്ധമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെയാണ് അതിനുള്ള മറുപടി. പിന്നീട് മുഖ്യമന്ത്രിയുടെ കാലിടറാതിരുന്നാല്‍ മതി. യു എ പി എയില്‍ നാമത് കണ്ടതാണ്.
അതേസമയം പൗരത്വ ഭേദഗതി ബില്ലിനേക്കാള്‍ പ്രധാനം ദേശീയ പൗരത്വ പട്ടികയാണ്. പഞ്ചാബും ബംഗാളും സി എ ബി മാത്രമല്ല, എന്‍.ആര്‍.സിയും നടപ്പാക്കില്ല എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും അത് പ്രഖ്യാപിക്കണം. പൗരത്വ ഭേദഗതി ബില്‍ പുതുതായി ഇന്ത്യന്‍ പൗരത്വം അപേക്ഷിക്കുന്നവര്‍ക്ക് മാത്രം ബാധകമായ കാര്യമാണ്. അതില്‍ നിര്‍ണ്ണായക തീരുമാനം കേന്ദ്രത്തിന്റേതുമാണ്. സംസ്ഥാനങ്ങള്‍ക്ക് അതിലെന്തു ചെയ്യാനാകുമെന്നത് അവ്യക്തമാണ്. എന്നാല്‍ എന്‍.ആര്‍.സി വ്യക്തികളുടെ രേഖകള്‍ ചികഞ്ഞ് പൗരത്വം തീരുമാനിക്കാനുള്ള അടിസ്ഥാനമാണ്. അതാകട്ടെ എല്ലാവര്‍ക്കും ബാധകവുമാണ്. അക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കു വലിയ പങ്കുമുണ്ട്. അതിനാല്‍ എന്‍ ആര്‍ സി കൂടി നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കണം.
തീര്‍ച്ചയായും അതുമാത്രം പോര. സമരവും ഭരണവും എന്ന പഴയ മുദ്രാവാക്യം പൊടിത്തട്ടിയെടുക്കാന്‍ സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറാകണം. രാജ്യത്തു പല ഭാഗത്തും ശക്തമായ പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ കേരളത്തില്‍ നടക്കുന്നത് ചടങ്ങു മാത്രമാണ്. അതു മാറണം. കേന്ദ്രത്തോടുള്ള നിസ്സഹകരണമടക്കം ശക്തമായ സമരങ്ങള്‍ക്ക് പ്രസ്ഥാനങ്ങള്‍ തയ്യാറാകണം. അതിനോട് സര്‍ക്കാരും ഐക്യപ്പെടണം. ഉദാഹരണമായി പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17ന് വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം ആഹ്വാനം ചെയ്തിരിക്കുന്ന ജനകീയ ഹര്‍ത്താലില്‍ സഹകരിക്കാനാണ് ഭരണ – പ്രതിപക്ഷ പ്രസ്ഥാനങ്ങളും സര്‍ക്കാരും തയ്യാറാവേണ്ടത്. എന്നാല്‍ അത്തരത്തില്‍ ശക്തമായി നീക്കങ്ങള്‍ക്കൊന്നും അവരുദ്ദേശിക്കുന്നില്ല എന്നു കരുതാം.
അതേസമയം ആസാമിലും മറ്റും നടക്കുന്നതുപോലുള്ള പ്രക്ഷോഭം രാജ്യമെങ്ങും വളര്‍ത്തിയെടുക്കണമെന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ടിന്റെ പ്രസ്താവന കണ്ടു. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെയാണോ അദ്ദേഹത്തിന്റെ പ്രസ്താവന എന്നു സംശയിക്കണം. ഏറ്റവും ലളിതമായി പറഞ്ഞാല്‍ പൗരത്വം നല്‍കുന്നതില്‍ മുസ്ലിംവിഭാഗങ്ങളോട് വിവേചനം കാണിക്കുന്നതിനെതിരെയാണ് മറ്റുഭാഗങ്ങളില്‍ സമരമെങ്കില്‍ ആസാമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇത്തരം നിയമമേ വേണ്ട എന്നും ആര്‍ക്കും പൗരത്വം നല്‍കരുതെന്നുമാവശ്യപ്പെട്ടാണ് ഹര്‍ത്താലും മറ്റും നടക്കുന്നത്. രണ്ടും കടകവിരുദ്ധമാണെന്നര്‍ത്ഥം. ആസാമില്‍ ഈ ദിശയിലുള്ള പോരാട്ടത്തിനു എത്രയോ കാലത്തെ ചരിത്രമുണ്ട്. സാംസ്‌കാരികമായും വര്‍ഗപരമായും ഭാഷാപരമായും തീര്‍ത്തും വ്യത്യസ്തമായ സാഹചര്യമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങലിലേത്. അവയില്‍ പലതും ഇന്ത്യയെ ഒരു കൊളോണിയല്‍ ഗവണ്‍മെന്റായാണ് കണക്കാക്കുന്നത്. അതില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ് അവയുടെ ലക്ഷ്യം. കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും തങ്ങളുടെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന്് അവിടങ്ങളിലെ തദ്ദേശീയ ഗോത്രജനവിഭാഗങ്ങള്‍ സംശയിക്കുന്നു. തങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതും പുറത്തു നിന്നുള്ളവരുടെ എണ്ണം കൂടുന്നതുമായ നിരവധി കണക്കുകള്‍ അവര്‍ ഉദ്ധരിക്കുന്നു. ഈ വിഷയങ്ങള്‍തന്നെയായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഉള്‍ഫയും ആസാം വിദ്യാര്‍ത്ഥി സംഘടനകളും മറ്റും നടത്തിയ രക്തരൂക്ഷിത സമരങ്ങളുടെ അടിസ്ഥാനം. അതിന്റെ അടിസ്ഥാനത്തില്‍ രൂപം കൊണ്ട കരാറിന്റെ ലംഘനമാണ് പുതിയ നീക്കങ്ങള്‍ എന്നതാണ് അവരുടെ അവകാശവാദം. പതിറ്റാണ്ടുകളായി ആ മണ്ണിന്റെ ഭാഗമായി ജീവിക്കുന്നവരെ പൗരന്മാരായി അംഗീകരിക്കാനാവില്ല എന്ന അവരുടെ വാദം അംഗീകരിക്കാനാവില്ല എങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമാണ് അവിടങ്ങളിലെ സ്ഥിതി എന്നത് അംഗീകരിക്കണം. അതനുസരിച്ചുള്ള നടപടികളാണ് അവിടൈടുക്കേണ്ടത്. അതില്‍ നിന്നു വ്യത്യസ്ഥമാണ് മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ. അവിടങ്ങളിലെ പ്രധാന പ്രശ്‌നം മതേതരത്വത്തെ കുഴിച്ചുമൂടി മുസ്ലിംവിഭാഗങ്ങളോട് വിവേചനം കാണിക്കുന്നതുതന്നെയാണ്. അതിനാല്‍ തന്നെ പോരാട്ടങ്ങളും വ്യത്യസ്ഥമാകണം. അതിന്റെ പ്രധാന ഉള്ളടക്കം ഹിന്ദുത്വരാഷ്ട്രമെന്ന ലക്ഷ്യത്തിനും ഇസ്ലാമോഫോബിയ പരത്തുന്നതിനെതിരെയുമായിരിക്കണം. ജനാധീപത്യവും സാമൂഹ്യനീതിയും ഫെഡറലിസവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കാനായിരിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply