ജാതി വിരുദ്ധപോരാട്ടമല്ല, ബ്രാഹ്മണ്യ വിരുദ്ധ പോരാട്ടമാണ്

സാഹിത്യ അക്കാദമിയില്‍ ‘സമദര്‍ശി’ സംഘടിപ്പിച്ച ‘ബ്രാഹ്മണ്യ ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ചതിന്റെ സംക്ഷിപ്തരൂപം

സത്യത്തില്‍ ജാതി വിരുദ്ധപോരാട്ടം എന്നല്ല, ബ്രാഹ്മണ്യ വിരുദ്ധ പോരാട്ടം എന്നാണ് നമ്മള്‍ പറയേണ്ടത്. ബ്രാഹ്മണ്യം എന്നാല്‍ ഒരു ഭൂതകാലമല്ല, വര്‍ത്തമാനകാലത്തിന്റെ പേരു കൂടിയാണത്. ശബരിമല മേല്‍ശാന്തി നിയമന വിഷയത്തില്‍ ഹൈക്കോടതി വിധി തന്നെ അവസാന ഉദാഹരണം. പ്രസ്തുത കേസില്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച അഫിഡിവെറ്റില്‍ പറയുന്നത് മലയാള ബ്രാഹ്മണര്‍ പ്രത്യേക വര്‍ഗ്ഗമാണെന്നാണ്. പുതിയൊരു വര്‍ഗ്ഗസിദ്ധാന്തം…!! അതിന് ഉപോല്‍ഫലകമായി ഹാജരാക്കിയത് പരശുരാമന്റെ കഥ. കൂടെ 2019ലിറങ്ങിയ അയ്യപ്പന്റെ കഥയും. അതില്‍ പറയുന്നതത്രയും കോടതി അംഗീകരിക്കുകയായിരുന്നു. അതാണ് സമകാലിക ഇന്ത്യ. സത്യത്തില്‍ പോറ്റിയുടെ കോടതിയായി ഇന്ത്യ മാറിയിരിക്കുന്നു. സവര്‍ണസംവരണം മറ്റൊരു ഉദാഹരണം. അയോദ്ധ്യയുമായി ബന്ധപ്പെട്ട വിധിയും മറ്റൊന്നല്ല. മനുവിനെ ഉദ്ധരിച്ച് മരുമകള്‍ അമ്മായിയമ്മയെ സേവിക്കണമെന്ന വിധിയും വിളിച്ചു പറയുന്നത് മറ്റൊന്നല്ല. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ജാതകത്തില്‍ ചൊവ്വദോഷമെന്ന കണ്ടെത്തല്‍, സീത – അക്ബര്‍ സിംഹ വിവാദത്തിലെ വിധി. പട്ടികയങ്ങനെ നീളുന്നു. സ്മൃതികള്‍ നോക്കി വിധി പറയുന്ന കോടതികള്‍ എങ്ങനെ നീതിന്യായ കോടതികളാകും. അവ മനുവിന്റെ ശാസനാലയങ്ങളാണ്. മനു പോയകാലത്തിന്റെ പ്രതീകമല്ല, വര്‍ത്തമാനത്തിന്റേതുമാണ് എന്ന് അംബേദ്കര്‍ തന്നെ ചൂണ്ടികാട്ടിയത് അതുകൊണ്ടാണല്ലോ.. അനിഹിലേഷന്‍ ഓഫ കാസ്റ്റ് എന്നദ്ദേഹം പറയുന്നത് അനിഹിലേഷന്‍ ഓഫ് ബ്രാഹ്മണ്യം എന്നാണ്. അതു തിരിച്ചറിയലാണ് പ്രധാനം. ഭരണഘടനക്കെതിര ബ്രാഹ്മണ്യം എന്ന കാഴ്ചയാണ് നാമിന്ന് കാണുന്നത്.

എന്താണ് സത്യത്തില്‍ ജാതി? ന്യായസൂത്രത്തില്‍ പറയുന്നത് സമാനരീതിയില്‍ പ്രസവിക്കുന്നവരാണ് ജാതി എന്നാണ്. അതനുസരിച്ച് മനുഷ്യര്‍, പശുക്കള്‍ തുടങ്ങിയവയെക്കെ ഓരോ ജാതിയാണ്. നാരായണ ഗുരു പറയുന്നത് പശുക്കള്‍ക്ക് എങ്ങനെയാണോ പശുത്വം, അതുപോലെയാണ് മനുഷ്യന് മനുഷ്യത്വം എന്നാണ്. അതാണ് ജാതി. പക്ഷെ ഈ തത്വം ബ്രാഹ്മണര്‍ അറിയുന്നില്ല എന്നും ഗുരു കൂട്ടിചേര്‍ക്കുന്നു. വാസ്തവത്തില്‍ ജാതികളല്ല, സമുദായങ്ങളാണ് ഉള്ളത്. ഇ മാധവന്‍ സ്വതന്ത്ര സമുദായങ്ങള്‍ പുസ്തകം തന്നെ രചിച്ചിട്ടുണ്ടല്ലോ. അവയെ ശ്രേണീകൃതമായ ജാതികളാക്കിയത് ബ്രാഹ്മണ്യമാണ്. അതിനായി എത്രയോ പുസ്തകങ്ങള്‍ അവരെഴുതി. മറുവശത്ത് ദളിതരും പിന്നോക്കക്കാരുമാണ് ജാതി കൊണ്ടുനടക്കുന്നതെ് പ്രചരിപ്പിച്ചു. ജാതിയൊക്കെ പോയി, നമ്മള്‍ പുരോഗമിച്ചു എന്നൊക്കെ അവര്‍ പറയും. എന്നാല്‍ യഥാര്‍ത്ഥ ജാതിവാദികള്‍ ബ്രാഹ്മണ്യ പൗരോഹിത്യമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പൂജിക്കാനും പാചകക്കാരനാകാന്‍ പോലും ബ്രാഹ്മണന്‍ വേണം. പുരോഗമനമൊക്കെ പുറത്തുമതി. ഗ്രൂപ്പ് എയില്‍ പെടുന്ന, ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെല്ലാം കാലങ്ങളായി ബ്രാഹ്മണരാണ്. ജീര്‍ണ്ണിച്ച അമ്പലങ്ങളില്‍ അവര്‍ക്ക് കാര്യമായ അവകാശവാദങ്ങളില്ല. പ്രധാന പ്രശ്‌നം സമ്പത്ത് തന്നെ. ഭക്തിയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്നു എന്നുമാത്രം. വിപ്ലവം വീടിനകത്തുവേണ്ട. സാഹിത്യ അക്കാദമിയിലും മറ്റും മതി. അവിടെയും വേണമെന്നത് വേറെ വിഷയം.

നമ്മുടെ വിപ്ലവം പലതിനേയും പൊതിഞ്ഞു പിടിക്കുന്നതാണ്. അത് ജാതി അസമത്വത്തെ പ്രശ്‌നവല്‍ക്കരിക്കാന്‍ തയ്യാറല്ല. 1934ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരിനു സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടില്‍ പിന്നോക്കക്കരെ ourt casters ജാതിയില്ലാത്തവര്‍ എന്നും സവര്‍ണ്ണരെ ജാതിഹിന്ദുക്കള്‍ എന്നുമാണ് വിശേഷിപ്പിക്കുന്നത്. അതാണ് യാഥാര്‍ത്ഥ്യം. ഈ സവര്‍ണതയെയാണ് ഹിന്ദുത്വ ഫാസിസം ഇപ്പോള്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് രാമന്‍ അവരുടെ ഏറ്റവും പ്രധാന ദൈവമായി മാറുന്നത്? ബ്രാഹ്മണ്യത്തിനായി ഏറ്റവും പോരാടിയത് രാമനാണ്. പശുവിനും ബ്രാഹ്മണനും വേണ്ടി ജന്മം ഉഴിഞ്ഞുവെച്ചയാളാണ് രാമനെന്ന് വാത്മീകി പറയുന്നുണ്ട്. ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം എന്നു പറഞ്ഞത് കൃഷ്ണനും പ്രായങ്കരന്‍ തന്നെ. സഹോദരന്‍ അയ്യപ്പന്‍ ഗാന്ധിയോട് കൃഷ്ണന്‍ കൊലയാളിയല്ലേ എന്നു ചോദിക്കുന്നുണ്ട്. ഇന്നുപക്ഷെ അതു ചോദിക്കാന്‍ ആര്‍ക്കുണ്ട് ധൈര്യം? ജാതിബ്രാഹ്മണ്യത്തെ സാധൂകരിക്കുന്ന ആശയങ്ങള്‍ സമൂഹത്തില്‍ സാമൂഹ്യവും സാംസ്‌കാരികവുമായ ബോധമായി നില്‍ക്കുകയാണ്. അതിനെതിരെ ശബ്ദിക്കാതെ ഹിന്ദുത്വത്തിനെതിരായ ഒരു പോരാട്ടവും സാധ്യമല്ല. ചിലപ്പോള്‍ അവരെ രാഷ്ട്രീയമായി തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയുമായിരിക്കും. അപ്പോഴും പുരോഗമന മുഖംമൂടിയണിഞ്ഞ് വിജയിക്കുന്നവരും നടപ്പാക്കുന്നത് ഹിന്ദുത്വത്തി്‌ന്റെ വകഭേദങ്ങളായിരിക്കും. ഉദാഹരണം സവര്‍ണ്ണസംവരണം.

എന്തുകൊണ്ട് ബ്രാഹ്മണ്യത്തെ പൂര്‍ണ്ണമായും തള്ളണം? ഡോ അംബേദ്കര്‍ പറയുന്നത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കെതിരായ പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ബ്രാഹ്മണ്യം എന്നാണ്. അവരെഴുതിയ ഭാരതവും രാമായണവുമടക്കമുള്ള ഏതെങ്കിലും ഗ്രന്ഥത്തില്‍ സ്വാതന്ത്ര്യത്തെ കുറിച്ചൊരു പരാമര്‍ശമുണ്ടോ? സാഹോദര്യത്തെ കുറിച്ച് ഒരു വരി അവരുടെ സംസ്‌കൃത സാഹിത്യങ്ങളിലുണ്ടോ? മറിച്ച് ബ്രാഹ്മണ്യത്തെ ഊട്ടിയുറപ്പിക്കുന്നവയാണവ. അതു തുറന്നുപറയാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ ഒരുപാട് വരുന്ന വ്യത്യസ്ത സമുദായങ്ങളെ ശ്രേണീവല്‍ക്കരിക്കുകയാണ്ബ്രാഹ്മണ്യം ചെയ്തത്. ഭരണവും സമ്പത്തുമുള്ളവരെ ക്ഷത്രിയരാക്കി. ഉദാഹരണം കേരളത്തിലെ വര്‍മ്മമാര്‍ ഇതിനായി ആയിരകണക്കിനു പേജുകള്‍ എഴുതികൂട്ടി. സന്ധ്യക്കു വായിക്കുന്ന എല്ലാ പുസ്തകങ്ങളും രാമായണമായാലും ഭാരതമായാലും ജ്യോതിഷമായാലും മറ്റെന്തായാലും ചാതുര്‍വര്‍ണ്യത്തേയും അദ്വൈത സിദ്ധാന്തത്തേയും സാധൂകരിക്കുന്നവയാണ്. ശൂദ്രന്റെ ധര്‍മ്മം ബ്രാഹ്മണസേവയും സ്ത്രീയുടെ ധര്‍മ്മം ഭര്‍തൃസേവയുമാണെന്നാണ് എഴുത്തച്ഛന്‍ പറയുന്നത്. ദൈവം ബ്രാഹ്മണരാണ്. അതിനാലാണ് ഇന്നും ജഡ്ജിമാര്‍ ഭൂരിഭാഗവും ബ്രാഹ്മണരായിരിക്കുന്നത്. അപ്പോള്‍ അയോദ്ധ്യയിലെ വിധി മറ്റൊന്നാകുമോ? ആ കോടതിയിലെ ജഡ്ജിമാരില്‍ മൂന്നു മുസ്ലിം സ്ത്രീകളും രണ്ടു ദളിതരുമുണ്ടെങ്കില്‍ വിധി എന്താകുമായിരുന്നു? പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയമില്ലാത്തതാണ് പ്രശ്‌നം. യൂണിവേഴ്‌സിറ്റികളിലും ഐഐടികളിലും എയിംസിലും ക്യാമ്പിനറ്റ് സെക്രട്ടറിമാരിലും മറ്റെവിടേയും അതുതന്നെ അവസ്ഥ. സവര്‍ണ്ണരാല്‍ നയിക്കപ്പെടുന്ന രാഷ്ട്രമാണിത്. അവിടെ എങ്ങനെ നീതിയുണ്ടാകും? നീതിയെപറ്റി സവര്‍ണര്‍ക്ക് എന്ത് ആകുലത? ബ്രാഹ്മണ്യത്തെ നിലനിര്‍ത്തലില്‍ മാത്രമാണ് അവര്‍ക്ക് ആകുലതയുള്ളത്. .

ഹിന്ദുമതമെന്ന സ്വത്വം രൂപീകരിച്ചതില്‍ കോടതികള്‍ക്ക് വലിയ പങ്കുണ്ട്. ശബരമല കേസ് ഇപ്പോള്‍ വിശാല ഭരണഘടനാ ബഞ്ച് പരിശോധിക്കുകയാണ്. അവര്‍ പക്ഷെ തന്ത്രസമുച്ചയമാണ് പരിശോധിക്കുന്നത്. ഭരണഘടനയല്ല. തന്ത്രസമുച്ചയമനുസരിച്ച് ഉന്നതകുലജാതനായ ബ്രാഹ്മണനേ പൂജ നടത്താനാകൂ. ഗുരു പക്ഷെ അതല്ലല്ലോ ചെയ്തത്? ഇപ്പോള്‍ ഗുരുവിന്റെ അനുയായികള്‍ക്കുപോലും ബ്രാഹ്മണന്‍ വേണം. പൂണൂല്‍ വേണം. ശബരിമല വിഷയത്തില്‍ കോടതി പരിശോധിച്ചത് പ്രധാനമായം അയ്യപ്പചരിതമായിരുന്നു. അതില്‍ ബ്രാഹ്മണര്‍ മാത്രമാണ് പൂജ നടത്തേണ്ടത് എന്നു പറയുന്നു. പക്ഷെ സ്‌കന്ദപുരാണത്തില്‍ അയ്യപ്പചരിതമില്ല. അത് അടുത്ത കാലത്ത് ആരോ കൃത്രിമമായി എഴുതിയതാണെന്നു സാരം. ടിവി സീരിയലുകളെല്ലാം ബ്രാഹ്മണ്യത്തെയാണ് പുനരുജ്ജീവിപ്പിക്കുന്നത്. ചണ്ഡകര്‍മ്മങ്ങള്‍ ചെയ്യുന്നവന്‍ ചാവുമ്പോള്‍ ചണ്ഡാലനാകുന്നു എന്നാണ് ദിവസവും ക്ഷേത്രങ്ങളില്‍ നിന്നു കേള്‍ക്കുന്നത്. ഇതെഴുതിയ പൂന്താനവും നമുക്ക് വിപ്ലവകാരിയാണ്. എഴുത്തച്ഛനും എ ആര്‍ രാജരാജവര്‍മ്മയുമെല്ലാം നവോത്ഥാന നായകരാണ്. മുസ്ലിമുകള്‍ കാലുകുത്തിയപ്പോള്‍ കേരളം അശുദ്ധമായി എന്നെഴുതിയയാളാണ് രാജരാജവര്‍മ്മ.

നമ്മുടെ സാംസ്‌കാരിക ബോധമണ്ഡലം അടിമുടി ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ്യം നിലനില്‍ക്കുന്നത് വിശ്വാസങ്ങളിലൂടേയും കെട്ടുകഥകളിലൂടേയും അനുഷ്ഠാനങ്ങളിലൂടേയുമാണ്. ഐതിഹ്യമാലയില്‍ ഏതു കഥയാണ് ബ്രാഹ്മണ്യത്തെ സ്തുതിക്കാത്തത്്? മറുവശത്ത് ബ്രാഹ്മണ്യമാണ് പ്രശ്‌നം ബ്രാഹ്മണന്‍ പ്രശ്‌നമല്ല എന്നു പറയാറുണ്ട്. അതും തെറ്റാണ്. വംശീയവാദമല്ല പറയുന്നത്. ബ്രാഹ്മണന്‍ എന്ന സ്വത്വം പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണോ എന്നതാണ് ചോദ്യം. എന്നാല്‍ വിപ്ലവകാരികള്‍ എന്നു വിശേഷിക്കപ്പെടുന്നവര്‍ പോലും സവര്‍ണ്ണ ജാതിവാലുകളുമായി നടക്കുന്നവരാണ്. കൊടുമോണ്‍ പോറ്റിയുണ്ടാകുന്നതും ചാത്തന്‍ അവര്‍ണനും വിരൂപനുമൊക്കെ ആകുന്നതും ബ്രാഹ്മണ്യത്തിന്റെ കണ്ണുകളിലൂടെയാണ്. ഭ്രമയുഗം സിനിമ ഉദാഹരണം. ബ്രാഹ്മണ്യത്തിന്റെ ദൈവങ്ങളെല്ലാം ഷേവ് ചെയ്ത് ആഭരണങ്ങളെല്ലാം അണിഞ്ഞ് അമ്പും വില്ലുമേന്തിനില്‍ക്കുന്നു. പക്ഷെ വാല്‍മീകി രാമായണത്തിലെ രാമന്‍ അങ്ങനെയല്ല. മരവുരിയും മറ്റുമാണ് വേഷം. അതില്‍ കിഷ്‌കിണ്ഡ കുറെ ഗുഹകളുള്ള പൊന്തക്കാടാണ്. അയോദ്ധ്യയുടെ അവസ്ഥയും വ്യത്യസ്തമല്ല. പിന്നീടതെല്ലാം മാറ്റിയെഴുതപ്പെടുകയാണ്.

ബ്രാഹ്മണ്യത്തില്‍ നിന്നു പുറത്തുകടന്നാലേ സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവുമുള്ള ഒരു ലോകം ലഭ്യമാകൂ.ബ്രാഹ്മണ്യം തുല്ല്യത അംഗീകരിക്കുന്നില്ല. ലോകാ സമസ്താ സുഖിനോ ഭവന്തൂ എന്നെല്ലാം പറയും. അതിനു മുമ്പ് പറയുന്നത് രാജാവ് ജനങ്ങളെ പരിപാലിക്കട്ടെ, പശുവിനും ബ്രാഹ്മണനും സൗഖ്യമുണ്ടാകട്ടെ എന്നാണ്. ജി 20യുടെ ആപ്തവാക്യമാണല്ലോ വസുധൈവ കുടുംബകം എന്നത്. കേള്‍ക്കുമ്പോള്‍ എന്തുരസം. വിഷ്ണുശര്‍മ്മ എന്ന ബ്രാഹ്മണന്‍ എഴുതിയ പഞ്ചതന്ത്രകഥകളിലാണ് ഈ കഥയുള്ളത്. ഒരു കുറുക്കന്‍ ആടിനോട് പറയുകയാണ്, വസുധൈവ കുടുംബമല്ലേ, നാമെല്ലാം ഒന്നല്ലേ എന്ന്. എന്തിനാണ് കുറുക്കന്‍ അതു പറയുന്നതെന്ന് വ്യക്തമാണല്ലോ. ആടുകളെ കൊല്ലാനുള്ള പ്രത്യയശാസ്ത്രമാണ് വസുധൈവ കുടുംബം.

ഭയാനകമായ വയലന്‍സിനകത്താണല്ലോ നാമിന്ന് ജീവിക്കുന്നത്. അതു സൃഷ്ടിച്ചത് ബ്രാഹ്മണ്യമാണ്. പച്ചക്കറി മാത്രം ഭക്ഷിക്കുന്ന, സാത്വികനെന്ന പ്രതീതി സൃഷ്ടിച്ചാണ് അത് വയലന്‍സ് നടപ്പാക്കുന്നത്. ക്ഷേത്രങ്ങളില്‍ നമുക്കുനേരെ പ്രസാദം വലിച്ചെറിയുകയല്ലേ ബ്രാഹ്മണര്‍ ചെയ്യുന്നത്. തീര്‍ത്ഥത്തിനായി നമ്മള്‍ ഓച്ഛാനിച്ചുനില്ക്കുന്നു ബ്രാഹ്മണ്യം നമ്മുടെ ലജ്ജപോലും ഇല്ലാതാക്കിയിരിക്കുന്നു. പൂജാരി വരുമ്പോള്‍ പണ്ടു പൊതുവഴിയിലെന്നപോലെ നാം ഒതുങ്ങി നില്‍ക്കണം. നമ്മുടേത് ഒരു അമ്പലരാജ്യമായിരിക്കുന്നു. ഹിന്ദുത്വം അതിന്റെ ആത്മാവ്. രാഷ്ട്രീയ ബ്രാഹ്മണ്യം അതിന്റെ ശരീരം. ബ്രാഹ്മണരുടെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ വലിയ പാപമാണ്. എന്നാല്‍ ബ്രാഹ്മണ്യം എത്രയോ കാലമായി നിലനില്‍ക്കുന്നത് പി്‌ന്നോക്ക ദളിത് വിഭാഗങ്ങളുടെ വിശ്വാസങ്ങളെ അട്ടിമറിച്ചല്ലേ? അവരുടെ ദൈവങ്ങളെ തട്ടിയെടുത്തല്ലേ? അങ്ങനെയല്ലേ ലളിതാ സഹസ്രനാമം ഉണ്ടായത്. തിരുപ്പതി മൂര്‍ത്തിപോലും തദ്ദേശീയ ജനതയുടെ ആരാധാ മൂര്‍ത്തിയായ വരാഹമായിരുന്നു. അപഹരണത്തിന്റെ ചരിത്രമാണ് ബ്രാഹ്മണ്യത്തിന്റേത്. അത് സ്വന്തമായി ഒന്നുംതന്നെ സൃഷ്ടിച്ചിട്ടില്ല. ഇന്ത്യയിലെ അടിസ്ഥാനവിഭാഗങ്ങളുടെ അറിവ് അപഹരിച്ച് സംസ്‌കൃതത്തിലാക്കുകയാണ് ബ്രാഹ്മണ്യം ചെയ്തത്. അതുപോലെ ഗോത്രവിഭാഗങ്ങളുടെ ആരാധനാ രീതിയായിരുന്നു തന്ത്രം. അതും തട്ടിയെടുക്കപ്പെട്ടു. ഗോത്രവിഭാഗങ്ങള്‍ ആരാധിച്ചിരുന്ന കാളിയെ ഇന്നാരാധിക്കുന്നത് ആരാണ്? ഇങ്ങനെ ഇവിടെ നിലനിന്നിരുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെ അപഹരിച്ച ചരിത്രമാണ് ബ്രാഹ്മണ്യത്തിന്റേത്. അറബികളില്‍ നിന്നാണ് ഇവര്‍ ഗണിതവിജ്ഞാനം നേടിയത്. എന്നിട്ട് അവരുടേതാക്കി. കൃഷിഗീതയെഴുതിയ ബ്രാഹ്മണര്‍ കൃഷിചെയ്തിട്ടില്ല. എല്ലാം അപഹരിച്ചത് ബ്രാഹ്മണ്യമാണെങ്കിലും നല്ലവനായ, സാത്വികനായ സത്യസന്ധനായ ഒരാളെ സങ്കല്‍പ്പിക്കാന്‍ പറഞ്ഞാല്‍ എല്ലാവരും സങ്കല്‍പ്പിക്കുക ഏതെങ്കിലും ബ്രാഹ്മണനെയായിരിക്കും.

കേരളം ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന ശങ്കരാചാര്യരും അദ്വൈത വേദാനന്തവുമാണെന്നാണല്ലോ സുകുമാര്‍ അഴിക്കോട് പറഞ്ഞത്. വേദം പഠിക്കാന്‍ ശൂദ്രര്‍ക്ക് അവകാശമില്ല എന്ന് പ്രഖ്യാപിച്ചത് ശങ്കരനായിരുന്നു. (അതോടൊപ്പം ഓര്‍ക്കേണ്ട ഒന്നുണ്ട്. പിന്നോക്കക്കാരനും ദളിതനുമൊന്നും വേദം പഠിക്കാനാശിച്ചിട്ടില്ല. അവര്‍ക്ക് അന്ന് അവരുടേതായ ആരാധനാ മൂര്‍ത്തികളും രീതികളും ഉണ്ടായിരുന്നു. ആഗ്രഹിച്ചത് ശൂദ്രരായിരുന്നു) ശൂദ്രന്‍ സഞ്ചരിക്കുന്ന പട്ടടയാണത്രെ. അതുപറഞ്ഞ പുസ്തകത്തിന്റെ പേര് ബ്രഹ്മസൂത്രമെന്നാണെന്നതാണ് തമാശ. ശൂദ്രന് ബുദ്ധിയുണ്ടാകരുത് എന്നും അതില്‍ പറയുന്നു. ബ്രാഹ്മണ്യത്തെ തകര്‍ത്തു തരിപ്പണമാക്കണമെന്ന് അംബേദ്കര്‍ പറയാന്‍ കാരണമിതൊക്കെയാണ്.

ചുരുക്കത്തില്‍ ബ്രാഹ്മണ്യത്തില്‍ ഉപ്പിലിട്ടിരിക്കുന്ന സമൂഹമാണ് ഇന്ത്യ. അതില്‍ നിന്നു പുറത്തുവരാതെ നമുക്ക് ജനാധിപത്യ സാമൂഹ്യ ശരീരത്തിലേക്ക് പ്രവേശിക്കാനാവൂ. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ പ്രാതിനിധ്യ അട്ടിമറിയിലൂടെയും സംവരണ അട്ടിമറിയിലൂടേയും സവര്‍ണ്ണ സംവരണത്തിലൂടേയുമൊക്കെയാണ് ബ്രാഹ്മണ്യ ഇന്ത്യ തുടരുന്നത്. ദേശീയ വിദ്യാഭ്യാസ നയവും സിലബസുമൊക്കെ അതിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ പോലും സാമുദായിക സംവരണം വര്‍ഗ്ഗീയത വളര്‍ത്തുമെന്ന് പഠിപ്പിക്കുന്നു. സവര്‍ണ്ണ ശൂദ്ര ബുദ്ധിജീവികളാണ് അത് പുസ്തകത്തില്‍ ചേര്‍ത്തത്. നമ്മുടെ പാഠപുസ്തകങ്ങളില്‍ കാണുന്ന കുചേലവൃത്തം വഞ്ചിപാട്ടിന്റെ ആധുനിക രൂപം തന്നെയല്ലേ അഗ്രഹാരങ്ങള്‍ക്ക് 10 ലക്ഷം അനുവദിച്ച നടപടി? ഗാന്ധിയെ കൊന്നത് ബ്രാഹ്മണനായ ഗോഡ്‌സെ ആണെന്ന് NCERT പാഠപുസ്തകത്തിലുണ്ടായിരുന്നു. എന്നാല്‍ പിന്നീടത് വെറും ഗോഡ്‌സെയായി. കാരണം ആ സിലബസ് കമ്മിറ്റിയുടെ ചെയര്‍മാനായി ആ സമുദായത്തില്‍ പെട്ട ഒരാളെത്തി. ഒരു ബ്രാഹ്മണന്‍ ആരെയെങ്കിലും കൊല്ലുമോ? ഇല്ലെന്ന മുന്‍വിധി അവര്‍ തന്നെ സൃഷ്ടിച്ചതാണ്. യാഥാര്‍ത്ഥ്യവുമായി അതിനൊരു ബന്ധവുമില്ല. അപരത്വത്തെ സൃഷ്ടിച്ചാണ് ബ്രാഹ്മണ്യം നിലനില്‍ക്കുന്നത്. ഹിന്ദു എന്ന ഒന്നില്ല എന്ന് ഗുരുപോലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഹിന്ദുവിന്റെ പൈതൃകമാണ് ബ്രാഹ്മണ്യം ഏറ്റടുക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ തന്നെ അത് കാര്‍ന്നു തിന്നുകയാണ്. അതിനെ നെടുകെ പിളര്‍ക്കാതെ ജനായത്ത ഇന്ത്യ ഉണ്ടാകില്ല. സാമുദായിക സെന്‍സസിന്റെ പ്രസക്തി അവിടെയാണ്. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണം രാഷ്ട്രത്തിനേറ്റ മുറിവുമാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയെതന്നെ അത് കീറിമുറിക്കുകയാണ്. അതിനാല്‍ തന്നെ നാം ജാഗരൂകരാകേണ്ട സമയമാണത്. ചെറിയ ഭിന്നതകളൊക്കെ മാറ്റിവെച്ച് ബ്രാഹ്മണ്യത്തെ തകര്‍ക്കാനും സാഹോദര്യ സമഭാവനയുള്ള രാഷ്ട്രശരീരത്തിന്റെ നിര്‍മ്മാണത്തിനായും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ജാതി വിരുദ്ധപോരാട്ടമല്ല, ബ്രാഹ്മണ്യ വിരുദ്ധ പോരാട്ടമാണ്

  1. Avatar for ഡോ ടി എസ് ശ്യാംകുമാര്‍

    Sudhakaran Satheesan

    This is the fact. Appreciate the views and support the movement

Leave a Reply