വിദ്യാര്‍ത്ഥി രാഷ്ട്രീയം സമഗ്രാധിപത്യവും സദാചാരഗുണ്ടായിസവുമാകുമ്പോള്‍

കേരളത്തില്‍ ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നപോലെ യുപിയിലല്ല, ഇവിടെതന്നെയാണ് ഈ ആള്‍ക്കൂട്ട വിചാരണയും കൊലയും നടന്നിരിക്കുന്നത്. ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയക്കാരല്ല, വിപ്ലവ രാഷ്ട്രീയക്കാരാണെന്നുമാത്രം. നമ്മുടെ കാമ്പസ് രാഷ്ട്രീയമെന്നത് കുറെകാലമായി അരാഷ്ട്രീയതയുടേയും സഹിഷ്ണതയില്ലായ്മുടേയും സമഗ്രാധിപത്യത്തിന്റേയും പിടിയിലമര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ നിന്നു പുറത്തുവന്നിരിക്കുന്നത്. റാഗിങ്ങിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യവാര്‍ത്ത. എന്നാലതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. സിദ്ധാര്‍ത്ഥന്‍ ഒരുപക്ഷെ ആത്മഹത്യ ചെയ്തതായിരിക്കാം. പക്ഷെഫലത്തിലത് കൊല തന്നെ. പ്രണയദിനത്തില്‍ നൃത്തം ചെയ്തതിന്റെ പേരിലാണ് സദാചാര ഗുണ്ടകള്‍ നൂറില്‍പരം വിദ്യാര്‍ത്ഥികളെ സാക്ഷി നിര്‍ത്തി മണിക്കൂറുകളോളം സിദ്ധാര്‍ത്ഥനെ നഗ്നാക്കി വിചാരണ ചെയ്തതും ക്രൂരമായി മര്‍ദ്ദിച്ചതും. അവരില്‍ എസ് എഫ് ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും റാഗിംഗ് വിരുദ്ധ കമ്മിറ്റിക്കാരും ഉള്‍പ്പെടുന്നു. ക്രൂരമായ മര്‍ദ്ദനം നടന്നു എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നിട്ടും അധ്യാപകരും പോലീസും പതിവുപോലെ കൊലയാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. അവിടെ നടന്ന കാര്യങ്ങള്‍ പുറത്തുപറയരുതെന്ന് പല അധ്യാപകരും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയത്രെ. പക്ഷെ പല വിദ്യാര്‍ത്ഥികളും സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളോട് സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ മകന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് അവര്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കിയിട്ടുണ്ട്. അവര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരത്തിനൊരുങ്ങുകയാണ്. റാഗിംഗ് കുറ്റം ചുമത്തി 12 സീനിയര്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍നന് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കേസില്‍ ഇരുപതോളം പ്രതികളുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണത്രെ. കോളജ് ഹോസ്റ്റലില്‍ എസ്.എഫ്.ഐ. കോടതിയുടെ പരസ്യവിചാരണകളും ശിക്ഷ നടപ്പാക്കലും പതിവാണെന്ന് ഡിവൈ.എസ്.പി തന്നെ സമ്മതിക്കുകയുണ്ടായി. അന്യായമായി തടഞ്ഞുവയ്ക്കല്‍, ആത്മഹത്യാപ്രേരണ, റാഗിങ്, സംഘം ചേര്‍ന്ന് മര്‍ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസ്.

കേരളത്തില്‍ ഇപ്പോള്‍ എവിടേയും കേള്‍ക്കുന്നപോലെ യുപിയിലല്ല, ഇവിടെതന്നെയാണ് ഈ ആള്‍ക്കൂട്ട വിചാരണയും കൊലയും നടന്നിരിക്കുന്നത്. ചെയ്തത് ഹിന്ദുത്വ രാഷ്ട്രീയക്കാരല്ല, വിപ്ലവ രാഷ്ട്രീയക്കാരാണെന്നുമാത്രം. നമ്മുടെ കാമ്പസ് രാഷ്ട്രീയമെന്നത് കുറെകാലമായി അരാഷ്ട്രീയതയുടേയും സഹിഷ്ണതയില്ലായ്മുടേയും സമഗ്രാധിപത്യത്തിന്റേയും പിടിയിലമര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹ്യമാറ്റങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്കു വളരെ പ്രധാനമാണ്. ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എവിടേയും വിദ്യാര്‍ത്ഥികളുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. ചൈനയിലെ വിദ്യാര്‍ത്ഥികലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമല്ല. സ്വാതന്ത്ര്യസമരകാലം മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കുശേഷം പോലും നാമത് കണ്ടു. പക്ഷെ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ പൊതുവില്‍ നിരാശാജനകമാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ അനിവാര്യമായ ജനാധിപത്യബോധം നിലനില്‍ക്കാത്ത ഒന്നാണ് നമ്മുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. ആണ്‍ കൈകരുത്താണതിന്റെ മുഖമുദ്ര. ഈ വിദ്യാര്‍ത്ഥി നേതാക്കളാണ് ഭാവിയില്‍ നമ്മെ നയിക്കാനും ഭരിക്കാനും പോകുന്നവരില്‍ ബഹുഭൂരിപക്ഷവും എന്നതാണ് നമ്മെ ഭീതിപ്പെടുത്തേണ്ടത്.

നമ്മുടെ പല കാമ്പസുകളും ചില സംഘടനകള്‍ മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലും അനുവദിക്കാത്ത, ജനാധിപത്യവിരുദ്ധമായ കോട്ടകളാണ്. വെറ്ററിനറി സര്‍വകലാശാലയും അങ്ങനെതന്നെ. പ്രതാപകാലത്ത് കെ എസ് യു തന്നെയാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചത്. നിരവധി എസ് എഫ് ഐ പ്രവര്‍ത്തകര്‍ അവരുടെ കൊലക്കത്തിക്ക് ഇരയായിട്ടുണ്ട്. പിന്നീട് അടിയന്തരാവസ്ഥക്കു ശേഷമുള്ള അന്തരീക്ഷമാണ് എസ് എഫ് ഐക്ക് കലാലയങ്ങളില്‍ സ്വാധീനമുണ്ടാക്കിയത്. ആദ്യകാലങ്ങളില്‍ തികച്ചും സര്‍ഗ്ഗാത്മകമായിരുന്നു അവരുടെ പ്രവര്‍ത്തനം. എന്നാല്‍ പിന്നീടത് കണ്ണൂര്‍ മോഡല്‍ രാഷ്ട്രീയത്തിലേക്ക് മാറുകയായിരുന്നു. ചുവപ്പിനല്ലാതെ മറ്റൊരു വര്‍ണ്ണത്തിനും പ്രവേശനമില്ലാത്ത കോട്ടകളായി മിക്ക കലാലയങ്ങളും മാറി. സഖ്യശക്തികളായ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ പോലും അക്രമിക്കപ്പെട്ടു. ജനാധിപത്യത്തിന്റെ പൊടിപോലുമില്ലാത്ത കലാലയങ്ങള്‍ പോലും പ്രബുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ടു. തങ്ങള്‍ക്കു ശക്തിയുള്ളിടത്ത് എബിവിപിയും അതേ പാത പിന്തുടര്‍ന്നു. പതുക്കെ പതുക്കെ കോളേജുകളുടെ നിയന്ത്രണവും പിന്നീട് സര്‍വ്വകലാശാലകളുടെ നിയന്ത്രവുമെല്ലാം ഇടതു പാര്‍ട്ടികളുടേയും അധ്യാപക – അനധ്യാപക സംഘടനകളുടേയുമെല്ലാം സഹായത്തോടെ എസ് എഫ് ഐക്കായി. അവര്‍ കാണിക്കുന്ന പേപ്പറില്‍ ഒപ്പിട്ടു കൊടുക്കാന്‍ കോണ്‍ഗ്രസ്സ് നേതാവായ പ്രിന്‍സിപ്പാളിനുപോലും തയ്യാറാകേണ്ടി വന്നത് നാം കണ്ടു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം വളരെ മോശപ്പെട്ട അവസ്ഥയിലെത്താനും വിദ്യാര്‍ത്ഥികള്‍ അരാഷ്ട്രീയവാദികളാകാനും അവരില്‍ വലിയൊരു ഭാഗം പഠനത്തിനായി പുറത്തുപോകാനും പല കാരണങ്ങള്‍ക്കൊപ്പം ഇതും ഒരു കാരണമാണ്. രാഷ്ട്രീയനേതാക്കള്‍ പോലും തങ്ങളുടെ മക്കളെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്നു തടയുകയും രാഷ്ട്രീയം തൊട്ടുതീണ്ടാത്ത കലാലയങ്ങളില്‍ പഠിപ്പിക്കുകയുമാണല്ലോ. അരാഷ്ട്രീമായ ഒരു തലമുറയാണ് ഇവിടെ വളരുന്നത് എന്നത് ഭീതിതമായ ഒന്നാണ്. കാരണം രാജ്യത്ത് ശക്തമായികൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ ആഗ്രഹിക്കുന്നത് അത്തരെമാരു തലമുറയെയാണ്. അവര്‍ക്കുള്ള വിടുപണിയാണ് അറിഞ്ഞോ അറിയാതേയോ ഇവെരെല്ലാം ചെയ്യുന്നത്.

മറുവശത്ത് വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി പ്രതികരിക്കേണ്ട ഒരു വിഷയത്തിലും പ്രതികരണം കാണുന്നുമില്ല. കാമ്പസുകള്‍ മയക്കുമരുന്നിന്റെ കേന്ദ്രങ്ങളായിരിക്കുന്നു എന്നാണല്ലോ പുറത്തുവന്നുകൊണ്ടിരിക്കുന്ന പ്രധാന വാര്‍ത്ത. അതിനെ തടയാന്‍ ഈ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊന്നും കഴിയുന്നില്ല. പല സ്ഥാപനങ്ങളില്‍ നിന്നും പുറത്തുവരുന്ന റാഗിംഗിനെതിരേയും ചെറുവിരലനക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇവിടത്തെുോലെ പലപ്പോഴും വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകര്‍ തന്നെ ഇത്തരം കേസുകളില്‍ പ്രതികളാകുന്നു. ബസ് ചാര്‍ജ്ജ് ഇളവിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ ബസുകളില്‍ നേരിടുന്ന അവഹേളനങ്ങള്‍ സ്ഥിരം സംഭവങ്ങളാണ്. എയ്ഡഡ് കോളേജുകളില്‍ തുടരുന്ന സംവരണ നിഷേധത്തിനെതിരെ ഇവരാരും മിണ്ടുന്നില്ല. അതെല്ലാം പോട്ടെ, ഇപ്പോള്‍ സജീവവിഷയമായ വി സി നിയമനങ്ങളിലും അധ്യാപക നിയമനത്തിലുമൊക്കെയുള്ള അഴിമതികള്‍ക്കും സ്വജനപക്ഷപാതത്തിനും ചട്ടങ്ങള്‍ മറികടന്നതിനുമെതിരെ ഈ സംഘടനകളൊന്നും രംഗത്തുവരുന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എസ്ഫ്ഐയുടെ ശക്തികേന്ദ്രമായ യൂണിവേഴ്‌സിറ്റി കോളേജില്‍ ഇലയനങ്ങാന്‍ പോലും അവരുടെ അനുമതി വേണമെന്ന അവസ്ഥയായിരുന്നു. മറ്റു സംഘടനകളുടെ സ്വാതന്ത്ര്യം തടയുന്നതുമുതല്‍ സദാചാരസംരക്ഷണം വരെ അവരാണ് നടപ്പാക്കിയിരുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സംഘടനക്കും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. നിര്‍ബന്ധിത സൈനിക സേവനം പോലെ നിര്‍ബന്ധിത എസ് എഫ് ഐ പ്രവര്‍ത്തനവും അവിടെ നടപ്പാക്കിയിരുന്നു. അതുമൂലം എത്രയോ പേര്‍ അവിടെ നിന്ന് പഠനം അവസാനിപ്പിച്ചു. 2000 നവംബര്‍ 10 ന് കെ. എസ്.യു നേതാവിന്റെ മുതുകില്‍ കത്തികൊണ്ട് എസ്എഫ്‌ഐ എന്ന് ചാപ്പ കുത്തിയ സംഭവവുമുണ്ടായി. 2017ല്‍ ഒരുമിച്ചിരുന്ന് നാടകം കണ്ടിരുന്ന സൂര്യഗായത്രി, ജാനകി രാവന്‍ എന്നീ പെണ്‍കുട്ടികളേയും അവരുടെ സുഹൃത്തായ ജിജീഷിനേയും സദാചാരപോലീസിംഗിന്റെ ഭാഗമായി മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ എസ് എഫ് ഐയെ ഞെട്ടിച്ച സംഭവമാണ് 2019 ജൂലായ് ആദ്യം നടന്നത്. ഇനിയും നേതാക്കളുടെ അടിമകളാകാന്‍ തയ്യാറല്ല എന്ന് എസ് എഫ് ഐയുടെ അണികള്‍ തന്നെ പ്രഖ്യാപിച്ചു. പെണ്‍കുട്ടികളാണ് മുന്‍നിരയില്‍ എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. അവര്‍ നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തുകയും എസ് എഫ് ഐയുടെ പതാക എടുത്തുമാറ്റുകയും ചെയ്തു. ഇതാണോ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്നാണവര്‍ ചോദിച്ചത്. ആ ചോദ്യത്തിനു മുന്നിലാണ് യൂണിറ്റ് പിരിച്ചുവിടാന്‍ അഖിലേന്ത്യാ നേതൃത്വം തന്നെ തയ്യാറായത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഗുണ്ടായിസം ഒന്നൊന്നായി പുറംലോകം അറിഞ്ഞത്. കോളേജില്‍ സ്റ്റേജിന് പിന്നില്‍ എസ്എഫ്‌ഐ യൂണിറ്റ് റൂം അഥവാ ഇടിമുറിയില്‍ വച്ചാണ് കോളേജിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിരുന്നത്. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് സ്ഥിതിയില്‍ അല്‍പ്പം മാറ്റം വന്നു എന്നുമാത്രം.

കേരളത്തിലെ നിരവധി കലാലയങ്ങളില്‍ ഏറിയും കുറഞ്ഞും ഇതേ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. ചെങ്കോട്ടകളെന്നാണ് കലാലയങ്ങളെ ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. മഹാരാജാസ്, കേരളവര്‍മ്മ, വിക്ടോറിയ, കാലടി സര്‍വ്വകലാശാല, മടപ്പിള്ളി, ഗാന്ധി സര്‍വ്വകലാശാല, നാട്ടകം, സി എം എസ് തുടങ്ങി എത്രയോ കലാലയങ്ങളില്‍ സമീപകാലത്തുതന്നെ അക്രമസംഭവങ്ങള്‍ നടന്നു. പലയിടത്തും ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പ്രതിരോധങ്ങളും ശക്തമായി. ജിഷ്ണുപ്രണോയുടെയും രജനി എസ് ആനന്ദിന്റേയും മരണം, ലോ അക്കാദമിയിലെ സംഭവവികാസങ്ങള്‍, രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടു നടന്ന സമരങ്ങള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ ചെറിയ ഉണര്‍വ്വുണ്ടാക്കിയെങ്കിലും അവക്കൊന്നും കാര്യമായ തുടര്‍ച്ച കാണുന്നില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തെ ലോകനിലവാരത്തിലെത്തിക്കുമെന്നും പുറത്തുപോയവരൊക്കെ തിരിച്ചുവരുമെന്നും മറ്റു രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തുമെന്നും മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും നാഴികക്ക് നാല്‍പ്പതുവട്ടം പറയുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “വിദ്യാര്‍ത്ഥി രാഷ്ട്രീയം സമഗ്രാധിപത്യവും സദാചാരഗുണ്ടായിസവുമാകുമ്പോള്‍

  1. Thank you, continue

Leave a Reply