ദളിതര്‍ക്കും സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സിപിഎമ്മില്‍ ഇടമുണ്ടോ?

വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നാണ് ആകാശത്തിനു കീഴിലെ എല്ലാ പ്രശ്‌നങ്ങളും എന്ന ധാരണയില്‍ ദളിതരേയും ആദിവാസികളേയുമെല്ലാം കര്‍ഷകത്തൊഴിലാളികളായിട്ടായിരുന്നു പാര്‍ട്ടി പരിഗണിച്ചത്. മുത്തങ്ങക്കും ചെങ്ങറക്കും ശേഷമാണ് ഈ മേഖലയില്‍ സവിശേഷ പ്രവര്‍ത്തനം നടത്താന്‍ പ്രത്യേക സംഘടനകള്‍ക്ക് രൂപം നല്‍കിയത്. അവയാകട്ടെ മറ്റു വര്‍ഗ്ഗ ബഹുജന സംഘടനകളെപോലെ തന്നെ പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തില്‍ നിയന്ത്രിക്കപ്പെടുന്നവ മാത്രം.

വര്‍ഷങ്ങള്‍ക്കുമുമ്പ് ഇ എം എസിന്റെ മരണശേഷം ആരായിരിക്കും ധൈഷണികമായി അദ്ദേഹത്തിന്റെ പിന്‍ഗാമി എന്നു കേരളം ചര്‍ച്ച ചെയ്തിരുന്ന കാലം. സ്വാഭാവികമായും എല്ലാവരും ഉറ്റുനോക്കിയിരുന്നത് എം എ ബേബിയിലായിരുന്നു. ഡെല്‍ഹിയായിരുന്നു അന്ന് ബേബിയുടെ പ്രവര്‍ത്തനമേഖല. കേരളത്തിലെ മിക്കവാറും ജില്ലകളില്‍ ബേബിയുടെ പ്രഭാഷണപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതോടെ അക്കാര്യം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടു. എന്നാല്‍ പിന്നീട് സംഭവിച്ചത് മറ്റൊന്നായിരുന്നു. തൃശൂരിലെ പ്രഭാഷണത്തിനുശേഷമുണ്ടായ ചോദ്യോത്തരവേളയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ ബേബി ഒരു ചോദ്യം മാത്രം ഒഴിവാക്കി. വളരെ വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ് ആ ചോദ്യമെന്നും അതിനാലത് മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ജാതീയപീഡനങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കാന്‍ എന്താണ് പാര്‍ട്ടിയുടെ പരിപാടി എന്നതായിരുന്നു ആ ചോദ്യം. നിര്‍ഭാഗ്യവശാല്‍ ഇത്രകാലമായിട്ടും ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാനോ മറുപടി കണ്ടെത്താനോ പാര്‍ട്ടിക്കായിട്ടില്ല എന്നതാണ് വാസ്തവം. ഒപ്പം ന്യൂനപക്ഷപ്രശ്‌നവും. എറണാകുളത്തു നടന്ന സംസ്ഥാനസമ്മേളനത്തിലും ഇക്കാര്യത്തിലെ പാര്‍ട്ടിയുടെ നിലപാടില്ലായ്മ വ്യക്തമായി.

ദളിതര്‍ സ്വത്വരാഷ്ട്രീയത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു, അതിനാല്‍ അവരുടെ വിഷയങ്ങളില്‍ പാര്‍ട്ടി സജീവമായി ഇടപെടണമെന്നയിരുന്നു സമ്മേളനവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത്. സ്വത്വരാഷ്ട്രീയത്തോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നതു കൊണ്ടാണോ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. സൈദ്ധാന്തികമായും പ്രായോഗികമായും ഈ വിഷയത്തെ എങ്ങനെയായിരുന്നു പാര്‍ട്ടി സമീപിച്ചിരുന്നത്? ദളിതര്‍ എന്ന പദം പോലും ഉപയോഗിക്കാന്‍ തുടങ്ങി അധികകാലമായില്ലല്ലോ. വര്‍ഗ്ഗസമരത്തിലൂടെ പരിഹരിക്കാവുന്ന ഒന്നാണ് ആകാശത്തിനു കീഴിലെ എല്ലാ പ്രശ്‌നങ്ങളും എന്ന ധാരണയില്‍ ദളിതരേയും ആദിവാസികളേയുമെല്ലാം കര്‍ഷകത്തൊഴിലാളികളായിട്ടായിരുന്നു പാര്‍ട്ടി പരിഗണിച്ചത്. മുത്തങ്ങക്കും ചെങ്ങറക്കും ശേഷമാണ് ഈ മേഖലയില്‍ സവിശേഷ പ്രവര്‍ത്തനം നടത്താന്‍ പ്രത്യേക സംഘടനകള്‍ക്ക് രൂപം നല്‍കിയത്. അവയാകട്ടെ മറ്റു വര്‍ഗ്ഗ ബഹുജന സംഘടനകളെപോലെ തന്നെ പാര്‍ട്ടിയുടെ സമഗ്രാധിപത്യത്തില്‍ നിയന്ത്രിക്കപ്പെടുന്നവ മാത്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ ദളിതര്‍ക്ക് മോചനം നല്‍കിയത് തങ്ങളാണെന്ന് കമ്യൂണിസ്റ്റുകാര്‍ നിരന്തരം വാദിക്കാറുണ്ട്. മോചനം ലഭിച്ചോ എന്നത് അവിടെ നില്‍ക്കട്ടെ. ഈ അവകാശവാദത്തില്‍ എന്തു കഴമ്പാണുള്ളത്? വഴി നടക്കാനോ വിദ്യാഭ്യാസം നേടാനോ പോലും അവകാശമില്ലാതിരുന്ന ദളിതരുടെ അവസ്ഥയില്‍ എടുത്തുപറയത്തക്കത്ത രീതിയില്‍ മാറ്റമുണ്ടാക്കിയ നവോത്ഥാനകാലഘട്ടത്തിലെ മിക്കവാറും മുന്നേറ്റങ്ങളെല്ലാം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിട്ടുപോലുമില്ലായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നു എന്നവകാശപ്പെടുന്ന, കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യവിപ്ലവമെന്നു വിശേഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണത്തില്‍ ഒരു നേട്ടവും ഇവര്‍ക്കുണ്ടായില്ല. പകരം പതിനായിരകണക്കിനു കോളനികളിലേക്ക് ഒതുക്കപ്പെട്ടു. അ്‌പ്പോഴും ദളിതരുടെ മാചനത്തിനായി നിലകൊണ്ടിരുന്ന അംബേദ്കര്‍ രാഷ്ട്രീയത്തെ കേരളത്തിലേക്ക് കടത്താതിരിക്കാന്‍ പാര്‍ട്ടി ഏറെ ശ്രദ്ധിച്ചു. ദളിതരുടെ ജീവിതം അല്‍പ്പസ്വല്‍പ്പം മെച്ചപ്പെടുത്തിയ ജാതി സംവരണത്തിനു തുടക്കം മുതലെ പാര്‍ട്ടി എതിരായിരുന്നു. ഇപ്പോള്‍ പോലും സംവരണത്തിലേക്ക് സാമ്പത്തിക മാനദണ്ഡം കടത്തിവിട്ട് അതിന്റെ രാഷ്ട്രീയത്തെ അട്ടിമറിച്ചതും സിപിഎം തന്നെ. തങ്ങള്‍ പറഞ്ഞത് മോദി നടപ്പാക്കി എന്നാണ് കോടിയേരി പറഞ്ഞത്. ലോകത്തെവിയെും നിലവിലില്ലാത്ത വിധം ജനാധിപത്യവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇന്ത്യയിലെ ജാതിപ്രശ്‌നത്തെ ഗൗരവമായി പഠിക്കാനോ അതിനെതിരായ ദീര്‍ഘകാല പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കാനോ തയ്യാറാകാതെ, മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണ് ജാതിയെന്നും വര്‍ഗ്ഗസമരത്തിലൂടെ അത് പരിഹരിക്കപ്പെടുമെന്ന ചരിത്രവിരുദ്ധനിലപാടെടുക്കുന്ന ഒരു പ്രസ്ഥാനം സ്വാഭാവികമായും നേരിടുന്ന പ്രതിസന്ധിയാണ് ദളിതര്‍ പാര്‍ട്ടിയില്‍ നിന്നകലുന്നു എന്ന കോടിയേരിയുടെ പ്രസ്താവനയില്‍ പ്രകടമാകുന്നത്. എന്നിട്ടും എന്തെങ്കിലും മാറ്റം ഈ സമ്മേളനത്തിലും ഉണ്ടായില്ല എന്നതാണ് ഖേദകരം. രാജ്യത്ത് ദളിത് വനിതാ മുഖ്യമന്ത്രിയും മേയറുമൊക്കെ ഉണ്ടായിട്ടും കേരളത്തില്‍ അത്തരം മാറ്റങ്ങള്‍ ഉണ്ടാകാത്തതിനുകാരണം തേടി വേറെ എവിടേയും പോകേണ്ടതില്ല.

സമാനമാണ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നവും. വര്‍ഗ്ഗസമരത്തെ തകര്‍ക്കാനായുള്ള സാമ്രാജ്യത്വ ഗൂഢാലോചന എന്നൊക്കെയായിരുന്നു കേരളത്തില്‍ പോലും ആദ്യകാല ഫെമിനിസ്റ്റ് സംഘടനകള്‍ക്കെതിരെ പാര്‍ട്ടി പ്രചാരണം നടത്തിയത്. ഇപ്പോഴും ആ നിലപാടില്‍ കാര്യമായ മാറ്റമൊന്നുമില്ല. സ്ത്രീകളോടുള്ള അവഗണനയെ കുറിച്ച് മന്ത്രി ആര്‍ ബിന്ദുവിന് പാര്‍ട്ടി സമ്മേളനത്തില്‍ പറയേണ്ടിവന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയത് വെറുതെയല്ല. പാര്‍ട്ടിയില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമോ എന്ന ചോദ്യത്തിനു തമാശരൂപത്തിലാണ് കോടിയേരി മറുപടി പറഞ്ഞതെങ്കിലും അതാണ് ഉള്ളലിരിപ്പ് എന്നു വ്യക്തം. അല്ലെങ്കില്‍ 17 സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ഒരാള്‍ മാത്രമാകില്ലല്ലോ സ്ത്രീ. വെറും ആറു ശതമാനം. പി ശശിയുടെ സംസ്ഥാന സമിതിയിലേക്കുള്ള തിരിച്ചുവരവും കൂട്ടിവായിക്കേണ്ടതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ന്യൂനപക്ഷരംഗത്തും സ്ഥിതി വ്യത്യസ്ഥമല്ല. ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രാഥമിക ഇരകളായ മുസ്ലിം ന്യൂനപക്ഷത്തിനൊപ്പം നില്‍ക്കുക എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഒരിക്കലും പാര്‍ട്ടിക്കില്ല. മറിച്ച് ഭൂരിപക്ഷവര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും എന്നു സമീകരിക്കുക, ഫാസിസ്റ്റ് ഭീകര സംഘടനകളെ സാമുദായിക സംഘടനകളുമായി തുലനം ചെയ്യുക, ലീഗിനെപോലും വര്‍ഗ്ഗീയ ഭീകരസംഘടനയായി ആക്ഷേപിക്കുക, പല രീതിയിലും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുക തുടങ്ങിയ നടപടികളാണ് നിരന്തരമായി കാണുന്നത്. ഒരു വശത്ത് കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫിനേയും കോണ്‍ഗ്രസ്സിനേയും നയിക്കുന്നതെന്ന് ആരോപിക്കുകയും മറുവശത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ന്യൂനപക്ഷവിഭാഗങ്ങളില്ല എന്നു ആക്ഷേപിക്കുകയും ചെയ്ത കോടിയേരിയുടെ പ്രസ്താവനകളും അടുത്ത കാലത്ത് കേള്‍ക്കുകയുണ്ടായി. എന്നിട്ടും സിപിഎം സെക്രട്ടറിയേറ്റില്‍ ആകെയുള്ള മുസ്ലിംനാമധാരി മുഹമ്മദ് റിയാസാണെന്നതാണ് ചിരിക്കാന്‍ വക നല്‍കുന്നത്.

ഒരു വശത്ത് തലമുറമാറ്റം എന്നപേരില്‍ വൃദ്ധരായ നിരവധിപേരെ ഒഴിവാക്കി ചെറുപ്പക്കാരെ കൊണ്ടുവന്ന് കയ്യടി നേടുമ്പോള്‍ മറുവശത്ത് ഒരാളെ മാത്രം അതില്‍ നിന്ന് ഒഴിവാക്കുകയും അയാള്‍ ഏറെക്കുറെ സമഗ്രാധിപതിയാകുകയും ചെയ്യുന്ന കാഴ്ചയാണ് സമ്മേളനാന്തരം കാണുന്നത്. ലോകകമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇതു തന്നെയാണ് എവിടേയും നടന്നിട്ടുള്ളത്. പാര്‍ട്ടി രൂപം കൊണ്ടനാള്‍ മുതല്‍ ഇതുവരേയുള്ള ചരിത്രം അതാണ്. ഇപ്പോഴും കമ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന രാഷ്ട്രങ്ങളിലെ ഭരണാധികാരികളുടെ കാലാവധി മരണം വരെയാണല്ലോ. കഴിഞ്ഞില്ല, സാമ്പത്തിക ഘടനയിലും വികസന കാഴ്ചപ്പാടിലും മുതലാളിത്ത നയങ്ങള്‍ നടപ്പാക്കുകയും എന്നാല്‍ രാഷ്ട്രീയഘടന പഴയ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടില്‍ നിലനിര്‍ത്തുകയും ചെയ്യുക എന്ന സമീപനം തന്നെയാണ് ഈ സമ്മേളനം മറനീക്കി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളവികസനത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുമ്പോള്‍ അതിന് അനുസൃതമായി പാര്‍ട്ടി ചട്ടക്കൂടുകളടക്കം മാറുകയും ജനാധിപത്യപത്യത്തെ കലവറയില്ലാതെ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പാര്‍ട്ടി തിരിച്ചറിയുന്നില്ല. പകരം കമ്യൂണിസ്റ്റ് എന്നു വിശേഷിക്കപ്പെടുന്ന രാഷ്ട്രങ്ങളെപോലെ പാര്‍ട്ടിയുടേയും നേതാവിന്റേയും ഭരണം സ്ഥിരമാക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ തയ്യാറാകുന്നത്. അത്തരമൊരു രാഷ്ട്രീയ ചട്ടക്കൂടില്‍ ദളിതരും ആദിവാസികളും സ്ത്രീകളും ന്യൂനപക്ഷങ്ങളുമടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കുമെന്നു കരുതുന്നതു തന്നെ വങ്കത്തരമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply