സിപിഎം നയരേഖയിലെ നയംമാറ്റങ്ങള്‍ പലതും സ്വാഗതാര്‍ഹം, പക്ഷെ….

പൊതുവില്‍ സ്വീകാര്യമാണ് ഈ നിര്‍ദ്ദേശങ്ങളെങ്കിലും പ്രസക്തമായ മറ്റു ചിലവിഷയങ്ങള്‍ക്ക് രേഖയില്‍ വലിയ പ്രധാന്യം കൊടുക്കുന്നില്ല എന്നാണറിവ്. ഒരു കാലത്ത് ചര്‍ച്ചാവിഷയം മാത്രമായിരുന്ന കാലാവസ്ഥാവ്യതിയാനം ഇന്ന് കേരളത്തിലും യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്ന വേളയില്‍ പരിസ്ഥിതിയെ കണക്കിലെടുത്താവണം വികസനപദ്ധതികള്‍ എന്നതാണത്. എന്നാല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പിടിവാശി പിടിക്കുന്ന കെ റെയിലില്‍ അക്കാര്യം പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത.

യുഡിഎഫും എല്‍ഡിഎഫും മാറി മാറി ഭരിച്ച ചരിത്രമാണ് പൊതുവില്‍ കേരളത്തിന്റേത്. ഇതുവരെയുള്ള കണക്കെടുത്താല്‍ ഇരുകൂട്ടരും ഏറെക്കുറെ തുല്ല്യമായ കാലയളവാണ് കേരളം ഭരിച്ചത്. എന്നാല്‍ വളരെ കൗതുകകരമായ ഒരു ചിന്താരീതി കക്ഷിരാഷ്ട്രീയഭേദമന്യേന കേരളത്തില്‍ നിലനില്‍ക്കുന്നതു കാണാം. പുരോഗമനപരമെന്നാല്‍ ഇടതുപക്ഷമാണ് എന്നതാണത്. കോണ്‍ഗ്രസ്സുകാര്‍ പോലും തങ്ങളാണ് യഥാര്‍ത്ഥ ഇടതുപക്ഷമെന്നു വാദിക്കുന്നത് കേള്‍ക്കാറുണ്ട്. അതിനേക്കാള്‍ രസകരം മറ്റൊന്നാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിനുള്ള നേട്ടങ്ങള്‍ക്ക് കാരണം എല്‍ഡിഎഫ് ഭരണമാണെന്നും കോട്ടങ്ങള്‍ക്കു കാരണം യുഡിഎഫ് ഭരണമാണെന്നുമുള്ള ധാരണയാണത്. വസ്തുതകളെടുത്തു നോക്കിയാല്‍ അതിനും ഒരടിസ്ഥാനവുമില്ല. നേട്ടത്തിനും കോട്ടത്തിനും ഇരുകൂട്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം,. അത്തരം നയങ്ങള്‍ ഇരുകൂട്ടരുടേയും ഭരണകാലത്തു നടന്നിട്ടുണ്ട്. അപ്പോഴും സൂക്ഷ്മമായ വിശകലനത്തില്‍ മറ്റൊന്നു കൂടി കാണാം. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന പല നയങ്ങളേയും ആദ്യമെതിര്‍ക്കുകയും പിന്നീട് അനുകൂലിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന സമീപനം തുടരുന്നത് മിക്കപ്പോഴും ഇടതുപക്ഷമാണ്. സിപിഎമ്മിന്റെ അന്ധമായ പ്രത്യയശാസ്ത്ര പിടിവാശിയാണ് അതിനു കാരണമാകാറുള്ളത്. പിന്നീട് പലവിധ ന്യായീകരണങ്ങളോടെ തെറ്റുതിരുത്തുമ്പോഴേക്കും ഒരുപാട് അവസരങ്ങള്‍ സംസ്ഥാനത്തിനു നഷ്ടപ്പെടുന്നതും കാണാം. പലപ്പോഴും തെറ്റുതിരുത്തുന്നതിന്റെ പേരില്‍ ഇപ്പോഴത്തെ കെ റെയില്‍ പോലെ അങ്ങേ അറ്റത്തെ നിലപാടുകളും പാര്‍ട്ടി സ്വീകരിക്കുന്നതും കാണാം. ഇതിനെയെല്ലാം അതാതുകാലത്തു ന്യായീകരിക്കാനുള്ള ഒരു സംവിധാനവും പാര്‍ട്ടിക്കുണ്ട്.

പറഞ്ഞു പറഞ്ഞു ക്ലീഷേ ആയ കമ്പ്യൂട്ടര്‍, ട്രാക്ടര്‍, കൊയ്ത്തു മെതിയന്ത്രങ്ങള്‍, ടിപ്പര്‍, നോക്കുകൂലി, വിദേശനിക്ഷേപം, വിവിധ മേഖലകളിലെ സ്വകാര്യവല്‍ക്കരണം തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ചൂണ്ടികാണിക്കാനാകും. 2016മുതല്‍ പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്ന പല പദ്ധതികളും നേരത്തെ എതിര്‍ത്തവയുമാണ്. ഇപ്പോഴിതാ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിന്റെ 25 വര്‍ഷത്തെ വികസനത്തെ മുന്‍കൂട്ടി കണ്ട് ഒരു നയരേഖ തയ്യാറാക്കിയിരിക്കുന്നു. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ചെയ്യേണ്ടതായ ഒന്നുതന്നെയാണ്. രേഖയിലുന്നയിക്കുന്ന പല വിഷയങ്ങളും സ്വാഗതാര്‍ഹം തന്നെയാണ്. പലതും പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രനിലപാടുകള്‍ക്ക് കടകവിരുദ്ധമാണ്. എന്നാലത് സത്യസന്ധമായി തുറന്നു പറയാന്‍ തയ്യാറാകാതെ, കാലഹരണപ്പെട്ട പ്രത്യശാസ്ത്രനിലപാടുകളില്‍ മുറുകെ പിടിച്ചാണ് മാറ്റങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത്. അതിനാലാണ് അതില്‍ നേതാക്കള്‍ വിയര്‍ക്കുന്നതും അണി്കള്‍ക്ക് ബോധ്യമാകാത്തതും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിദ്യാഭ്യാസ, ആരോഗ്യ, വികസന മേഖലകളില്‍ സ്വകാര്യ – വിദേശ നിക്ഷേപത്തെ വന്‍തോതില്‍ ക്ഷണിക്കലും തൊഴിലാളി മേഖലയില്‍ നിലനില്‍ക്കുന്ന കാലഹരണപ്പെട്ട നിലപാടുകള്‍ തിരുത്തലുമാണ് നയരേഖയിലെ നിലപാടുകളില്‍ വിവാദമായിരിക്കുന്നത്. കാലങ്ങളായി സംസ്ഥാനത്ത് വിവിധമേഖലകളിലെ വിദഗ്ധര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളാണിവ. അപ്പോള്‍ അവരെയെല്ലാം മുതലാളിത്തവക്താക്കളായി ആക്ഷേപിക്കുകയായിരുന്നു ചെയ്തിരുന്നത്. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത രീതിയിലാണ് മൂലധനം സ്വീകരിക്കുക എന്ന മുന്‍കൂര്‍ ജാമ്യം പാര്‍ട്ടി എടുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലെത്തിക്കണം. വിദ്യാഭ്യാസ- ഗവേഷണ മേഖലയില്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വന്‍കിട സ്ഥാപനങ്ങള്‍ വേണം. സര്‍ക്കാര്‍ സഹകരണ മേഖലകള്‍ക്കു പുറമേ പിപിപി മാതൃകയിലും സ്വകാര്യ മേഖലയിലും വന്‍കിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങണം, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കണം, ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണം, പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ന്നോയെന്ന് പരിശോധിക്കണം, പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം, എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഗൗരവമായി വിലയിരുത്തണം എന്നിങ്ങനെപോകുന്നു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസത്തില്‍ മാത്രമാണ് കേരളത്തിന് മെച്ചപ്പെട്ട അവസ്ഥയുള്ളു എന്നും ഉന്നതവിദ്യാഭ്യാസമേഖലയില്‍ വളരെ പുറകിലാണെന്നും ആ മേഖലയില്‍ മുന്നോട്ടുപോകാന്‍ സ്വകാര്യനിക്ഷപമില്ലാതെ കഴിയില്ലെന്നും എത്രയോ കാലമായി ഇവിടെ ഉയരുന്ന നിര്‍ദ്ദേശങ്ങളാണ്. എന്നാല്‍ സ്വാശ്രയവിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത് കൊല്ലപ്പെട്ട യുവാക്കളുടെ വീരസ്മരണകളിലാണ് പാര്‍ട്ടി ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കാറ്. വിദേശ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനച്ച ടി പി ശ്രീനിവാസനെ അക്രമിച്ച സംഭവം കഴിഞ്ഞ് അധികം കാലമായില്ലല്ലോ. മിടുക്കരായ വിദ്യാര്‍ത്ഥികളെല്ലാം പ്ലസ് ടുവിനുശേഷം സംസ്ഥാനം വിടുന്ന ്അവസ്ഥയാണ് ഇതുമൂലം സംജാതമായത്. അക്കാര്യത്തിലൊരുമാറ്റം കൊണ്ടുവരാന്‍ കഴിയുകയാണെങ്കില്‍ അതുനല്ലതു തന്നെ. വിദ്യാഭ്യാസത്തില്‍ കേരളം ഒന്നാമതെന്ന തെറ്റായ അവകാശവാദം ഉപേക്ഷിച്ച് വിഷയത്തെ യാഥാര്‍ത്ഥ്യബോധത്തോടെ കാണാന്‍ തയ്യാറായത് നന്നായി. അപ്പോഴും തെറ്റുകള്‍ തുറന്നു പറയുന്ന രാഷ്ട്രീയ നൈതികത പാര്‍ട്ടി പ്രകടിപ്പിക്കുന്നില്ല എന്നതാണ് വാസ്തവം.

തൊഴിലാളി മേഖലയില്‍ കാര്യങ്ങള്‍ കുറെ കൂടി രൂക്ഷമാണ്. നിക്ഷേപസൗഹൃദസംസ്ഥാനമെന്നൊക്കെ പറയുമ്പോഴും യൂസഫലിയെ പോലുള്ള ഉന്നതര്‍ക്കൊഴികെ സാധാരണക്കാരായ നിക്ഷേപകര്‍ നേരിടുന്ന ദുരിതങ്ങള്‍ ചെറുതല്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ബാങ്കുകളില്‍ നിന്നും തൊഴിലാളി യൂണിയനുകളില്‍ നിന്നുമൊന്നും യാതൊരു സൗഹാര്‍ദ്ദപരമായ നിലപാടും അവര്‍ക്കു ലഭിക്കുന്നില്ല. എന്നേ നിരോധിച്ച നോക്കുകൂലി പോലും ഇപ്പോഴും പലയിടത്തും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ തിരുത്തല്‍ വേണമെന്ന് വികസന നയരേഖ പറയുന്നത്. ചില കാര്യങ്ങള്‍ തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചെയ്യുകയാണ്. തെറ്റുകള്‍ തുടരുന്നത് പല മേഖലകളേയും ബാധിക്കുമെന്ന് രേഖയില്‍ പറയുന്നു. കഴിഞ്ഞ കുറേ നാളുകളായി യൂണിയന്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ നടപടികള്‍ കാര്യക്ഷമമായി മുന്നോട്ട് പോയില്ല. ഇത് വികസനത്തെയടക്കം ബാധിക്കും. തൊഴിലാളികളെ സംഘടന അവകാശബോധം മാത്രമല്ല പഠിപ്പിക്കേണ്ടതെന്നും, ഉത്തരവാദിത്ത ബോധം ഉണ്ടാക്കേണ്ടതുണ്ടെന്നും രേഖയില്‍ പറയുന്നു. സംസ്ഥാനത്തു പലയിടത്തും ചെറുകിട സ്വകാര്യ സംരംഭകര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന അവസ്ഥയില്‍ ഈ നിലപാട് വളരെ പ്രസക്തമാണ്. എന്നാലത് നടപ്പാക്കാനാവുമോ ന്നെു കാത്തിരുന്നു കാണേണ്ടിവരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വികസനത്തിന് സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് രേഖയില്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യവസായികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കും. പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തും. നാടിന്റെ താല്‍പര്യത്തെ ഹനിക്കാത്ത വിധമുള്ള മൂലധന നിക്ഷേപം സ്വീകരിക്കേണ്ടി വരുമെന്നു പറയുന്ന രേഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പൊതുമേഖലയെ കുറിച്ചാണ്. പൊതുമേഖലയെന്നാല്‍ സോഷ്യലിസമാണെന്ന ധാരണ മൂലമാണെന്നു തോന്നുന്നു അവിടങ്ങളില്‍ നടക്കുന്ന എന്തു തോന്നിവാസത്തേയും പിന്തുണക്കുന്ന നിലപാടായിരുന്നു പാര്‍ട്ടി സ്വീകരിച്ചിരുന്നത്. ഉത്തരവാദിത്തമനില്ലായ്മയും സമൂഹത്തോട്് പ്രതിബദ്ധതയില്ലായ്മയാലും ധൂര്‍ത്തിനാലും ഔട്ട് പുട്ട് പരിശോധിക്കാനുള്ള ഫലപ്രദമായ സംവിധാനമില്ലാത്തതിനാലും സ്വകാര്യമേഖല ലാഭത്തിലുള്ള മേഖലകളില്‍ പോലും വന്‍നഷ്ടം വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുഖജനാവില്‍ നിന്നു കോടികള്‍ നല്‍കി സംരക്ഷിക്കുന്ന നിലപാടു തിരുത്തുമെന്നു തന്നെയാണ് പാര്‍ട്ടി പറയുന്നത്. അവ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിനും തൊഴിലാളികള്‍ക്കും തുല്ല്യ ഉത്തരവാദിത്തമുണ്ട്. മാനേജ്‌മെന്റില്‍ പ്രൊഫഷണലുകള്‍ വേണം. തൊഴിലാളികള്‍ക്കുവേണ്ടിയല്ല, ജനങ്ങള്‍ക്കുവേണ്ടിയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതെന്നു അസന്നിഗ്ദമായി രേഖയില്‍ പറയുന്നു. ശരിയായ ഈ നിലപാട് ആദ്യം കെ എസ് ആര്‍ ടി സിയില്‍ നടപ്പാക്കാനും തുടര്‍ന്ന് മറ്റു സ്ഥാപനങ്ങളിലും നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

പൊതുവില്‍ സ്വീകാര്യമാണ് ഈ നിര്‍ദ്ദേശങ്ങളെങ്കിലും പ്രസക്തമായ മറ്റു ചിലവിഷയങ്ങള്‍ക്ക് രേഖയില്‍ വലിയ പ്രധാന്യം കൊടുക്കുന്നില്ല എന്നാണറിവ്. ഒരു കാലത്ത് ചര്‍ച്ചാവിഷയം മാത്രമായിരുന്ന കാലാവസ്ഥാവ്യതിയാനം ഇന്ന് കേരളത്തിലും യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്ന വേളയില്‍ പരിസ്ഥിതിയെ കണക്കിലെടുത്താവണം വികസനപദ്ധതികള്‍ എന്നതാണത്. എന്നാല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പിടിവാശി പിടിക്കുന്ന കെ റെയിയില്‍ അക്കാര്യം പരിഗണിക്കുന്നില്ല എന്നതാണ് വസ്തുത. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ വിഷയത്തിലേക്ക് ഇവിടെ കൂടുതല്‍ കടക്കുന്നില്ല. വികസനം വേണം, എന്നാലത് വികസന മൗലിക വാദമാകരുത് എന്നാണ് അക്കാര്യത്തില്‍ പറയാനുള്ളത്. അപ്പോഴും അന്ധമായ പ്രത്യയശാസ്ത്ര പിടിവാശികള്‍ വലിച്ചറിഞ്ഞ്, യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി കാണാനുള്ള നീക്കം സ്വാഗതാര്‍ഹമാണെന്നു തന്നെ പറയേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply