ഇന്ത്യയെ ജാതിയുടെ റിപ്പബ്ലിക്ക് എന്ന് വിളിക്കാം

സംവരണത്തെക്കുറിച്ച് ഈ പുസ്തകത്തില്‍ ഒരധ്യായമുണ്ട്. സംവരണം ഇന്നത്തെ നിലയില്‍ തുടരുന്നത് ജാതിവ്യവസ്ഥയെ ഉറപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ദളിത് രാഷ്ട്രീയവും ഇടതുപക്ഷവും ഇനിയും കടന്നുപോയിട്ടില്ലാത്ത വിമോചന ഭാവനകളെ അടയാളപ്പെടുത്തിയ ചിന്തകനാണ് ആനന്ദ് തെല്‍തുംദെ. ഭരണകൂടത്തിന്റെ ഇരയായി ജീവിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ് ‘റിപ്പബ്ലിക്ക് ഓഫ് കാസ്റ്റ്’ എന്നത്. നിയോലിബറലിസത്തിന്റേയും ഹിന്ദുത്വത്തിന്റേയും കാലത്തെ സമത്വചിന്തകളാണ് സാമാന്യമായി പുസ്തകത്തിലെ ഉള്ളടക്കം. ജാതി, വര്‍ഗ്ഗം, ഹിന്ദുത്വ രാഷ്ട്രീയം, സംവരണം, ഹിംസയുടെ രാഷ്ട്രീയം എന്നിങ്ങനെ സമകാല ഇന്ത്യന്‍ ദൈനംദിനത്തെ സ്വാധീനിക്കുന്ന നിരവധി പ്രമേയങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സുനില്‍ ഖില്‍നാനിയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
സമകാല ആക്റ്റിവിസത്തിന്റെ ഭാവനാലോകത്തെ വ്യവച്ഛേദിച്ച് പരിശോധിക്കുകയാണ് തെല്‍തുംദെ ചെയ്യുന്നത്. ഇന്ത്യയിലുടനീളം നിരവധി അവകാശ സമരങ്ങള്‍ നടക്കുന്നുണ്ട്. ഭൂമിക്കുവേണ്ടി, നീതിക്കുവേണ്ടി, അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിരവധി പോരാട്ടങ്ങള്‍ ഇന്ത്യയില്‍ അനുദിനം നടക്കുന്നുണ്ടെങ്കിലും അവക്കൊന്നിനും ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയുന്നില്ല. അവയെല്ലാം ശിഥിലമായാണ് സംഭവിക്കുന്നത്. സാമാന്യമായി പൗരര്‍ക്കിടയിലെ തുല്യതയാണ് ഒരു റിപ്പബ്ലിക്കിന്റെ ആധാരം. തുല്യത എന്ന ആശയം എങ്ങിനെയാണ് ഇന്ത്യയില്‍ അട്ടിമറിക്കപ്പെടുന്നതെന്ന് വിശദീകരിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കെന്ന ആശയം തന്നെ ജാതിക്കുമേല്‍ കെട്ടിയുയര്‍ത്തിയ ഒന്നാണ്. ഇന്ത്യയില്‍ സമത്വത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ ഉല്‍ക്കണ്ഠപുലര്‍ത്തിയ രാഷ്ട്രീയ നേതാവും ധൈഷണികനുമാണ് അംബേദ്ക്കര്‍. എന്നാല്‍ അദ്ദേഹം സൃഷ്ടിച്ച ഭരണഘടനക്കു പോലും ഇന്ത്യയുടെ ശരിയായ അടിത്തറയാകാന്‍ കഴിഞ്ഞില്ല. പരാജയത്തില്‍നിന്ന് കൂടുതല്‍ പരാജയത്തിലേക്ക് എന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ ഗതി.
സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ ഇന്ത്യയുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതല്ല നാം കാണുന്നത്. അവ കൂടുതല്‍ ശക്തമാവുകയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജാതി. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ഇക്കാര്യം ഉന്നയിക്കാനുള്ള അവസരമെങ്കിലും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം അടിസ്ഥാന പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ മാവോയിസത്തിന്റേയും ദേശീയതയുടേയും പേരില്‍ പ്രതികരിക്കുന്നവരെ അപരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മൗലികമായ ഒരു പ്രശ്‌നവും ഇന്ത്യന്‍ ദേശീയതയില്‍ ഉന്നയിക്കാനാവില്ല എന്ന് വന്നിരിക്കുന്നു. ഈ പുസ്തകം ആരേയും കുറ്റവിമുക്തരാക്കുന്നില്ല. ജാതിപ്രശ്‌നത്തെ ഇന്നുവരെ തിരിച്ചറിയാന്‍ കഴിയാത്ത ഇന്ത്യന്‍ ഇടതുപക്ഷം, ജാതിസ്വത്വത്തെ ആഘോഷിക്കുന്ന അംബേദ്ക്കറിസ്റ്റുകള്‍, അംബേദ്ക്കറെ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിലേക്ക് മെരുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വവാദികള്‍, രാഷ്ട്രീയത്തിലെ സര്‍ഗ്ഗാത്മകത മുഴുവന്‍ ചോര്‍ന്ന് ആള്‍ക്കൂട്ടം മാത്രമായിത്തീര്‍ന്ന കോണ്‍ഗ്രസ്സ് എന്നിങ്ങനെ എല്ലാവര്‍ക്കുനേരേയും തെല്‍തുംദെ വിരല്‍ ചൂണ്ടുന്നുണ്ട്. ‘ജാതി ഒരു ഭൗതിക വസ്തുവല്ല. ആയതിനാല്‍ ഒരു മതില്‍ പൊളിക്കുന്നതുപോലെ അത് പൊളിച്ചുമാറ്റാന്‍ കഴിയില്ല. അത് ഒരു മനോനിലയാണ്. ആ മനോനിലയാണ് മാറേണ്ടത്.’ എന്ന അംബേദ്ക്കറുടെ നിരീക്ഷണം തെല്‍തുംദെ ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
സംവരണത്തെക്കുറിച്ച് ഈ പുസ്തകത്തില്‍ ഒരധ്യായമുണ്ട്. സംവരണം ഇന്നത്തെ നിലയില്‍ തുടരുന്നത് ജാതിവ്യവസ്ഥയെ ഉറപ്പിക്കാന്‍ മാത്രമേ സഹായിക്കൂ എന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു. സംവരണത്തിനുവേണ്ടി ശക്തിയായി വാദിച്ച അംബേദ്ക്കര്‍ പോലും ഒടുവില്‍ അതിനെതിരെ ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. വളരെയധികം വിവാദങ്ങള്‍ക്ക് തിരി കൊളുത്താവുന്ന അധ്യായമാണിത്. കൊല്‍ഹാപ്പൂറിലെ രാജാവായിരുന്ന ഷാഹുമഹാരാജ് (1874-1922) ആണ് സംവരണം എന്ന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നത്. അക്കാലത്ത് തന്റെ നാട്ടില്‍ നടന്നിരുന്ന ‘വേദോക്ത’ത്തില്‍ പങ്കെടുക്കാന്‍ ബ്രാഹ്മണര്‍ രാജാവിനെ അനുവദിച്ചില്ല. കാരണം രാജാവ് ശൂദ്രനായിരുന്നു. ഇതില്‍ ക്ഷുഭിതനായ അദ്ദേഹം കൊട്ടാരത്തിലുള്ള തന്റെ ഉദ്യോഗസ്ഥന്‍മാരില്‍ അമ്പതു ശതമാനം ബ്രാഹ്മണേതര ജാതിയില്‍പ്പെട്ടവരായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ഇതാണ് ഇന്ത്യയിലെ സംവരണത്തിന്റെ ആദ്യപാഠം. ശൂദ്രന്‍മാരില്‍നിന്ന് തനിക്കാവശ്യമായ ഉദ്യോഗസ്ഥരെ സൃഷ്ടിക്കാനായി അദ്ദേഹം അവര്‍ക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും ആരംഭിച്ചു. പിന്നീട് മദ്രാസ് പ്രസിഡന്‍സിയിലെ ജസ്റ്റിസ് പാര്‍ട്ടിയാണ് സംവരണത്തിനുവേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്. ബ്രാഹ്മണരല്ലാത്തവര്‍ക്ക് ഉദ്യോഗത്തില്‍ സംവരണം എന്നതായിരുന്നു ഇവരുടേയും ആവശ്യം. എന്നാല്‍ സംവരണത്തിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ആനുകൂല്യങ്ങളെല്ലാം അധികവും ലഭിക്കുന്നത് താരതമ്യേന ഭേദപ്പെട്ട അവസ്ഥയിലുള്ള ശൂദ്രര്‍ക്കാണ്. ദളിത് എന്ന് വിളിക്കപ്പെടുന്ന അടിസ്ഥാന ജനത അതില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതാണ് അനുഭവം. ജ്യോതി റാവ് ഫൂലെക്കുപോലും ജാതികള്‍ക്കിടക്കുള്ള വൈരുദ്ധ്യം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷം നടന്ന അനുശോചന യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് സംഘാടകര്‍ ദളിതരെ വിലക്കി. പിന്നീട് സമാജത്തില്‍നിന്ന് ചമ്പാരന്‍മാരേയും ധേഡുകളേയും മഹറുകളേയും മാംഗുകളേയും പുറത്താക്കി. മൈസൂര്‍ രാജാവായിരുന്ന കൃഷ്ണരാജ വൊഡയാര്‍ നാലാമന്റെ കാലത്ത് സംവരണത്തിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മില്ലര്‍ കമ്മറ്റിയെക്കുറിച്ച് അംബേദ്ക്കര്‍ പറയുന്നുണ്ട്. 1918ലാണ് ഈ കമ്മിറ്റി നിലവില്‍ വന്നത്. 1919ല്‍ അത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പില്‍ക്കാലത്ത് സംവരണത്തെക്കുറിച്ച് പഠിക്കാന്‍ നിയമിക്കപ്പെട്ട സമിതികള്‍ക്കെല്ലാം മാതൃകയായിരുന്നു മില്ലര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. പിന്നീട് ബറോഡ, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലെല്ലാം സംവരണം എന്ന ആശയം ഉന്നയിക്കപ്പെടുകയും അത് നടപ്പിലാക്കാനുള്ള ചില നീക്കങ്ങള്‍ നടക്കുകയും ചെയ്തു. ഇത്തരം നീക്കങ്ങള്‍ തീര്‍ച്ചയായും ബ്രാഹ്മണേതര സമൂഹങ്ങളെ ശാക്തീകരിച്ചു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ന് തമിഴ്‌നാട്ടിലെ ഉദ്യോഗങ്ങളില്‍ 69 ശതമാനം ബ്രാഹ്മണേതര വിഭാഗങ്ങളാണുള്ളത്. ദളിതര്‍ക്ക് പ്രത്യേക നിയോജകമണ്ഡലമെന്ന അംബേദ്ക്കറുടെ ആവശ്യവും അതിനെതിരെയുള്ള ഗാന്ധിയുടെ നിരാഹാരവും തുടര്‍ന്നുണ്ടായ പൂന കരാറും ചരിത്രപ്രസിദ്ധമാണല്ലോ. ഈ കരാറിനെത്തുടര്‍ന്ന് ദളിത് ജനതക്ക് ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിലും മതിയായ സംവരണം എന്ന ആശയം അംഗീകരിക്കപ്പെട്ടു. 1943ലാണ് സംവരണത്തിന് ക്വോട്ട നിശ്ചയിക്കുന്ന സമ്പ്രദായം തുടങ്ങിയത്. സ്വാതന്ത്ര്യാനന്തരമാണ് ആദിവാസികളെ പട്ടികവര്‍ഗ്ഗമായി പരിഗണിക്കാന്‍ തുടങ്ങിയത്. ആദിവാസികളേയും ദളിതരേയും പ്രത്യേകം പ്രത്യേകം പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ജാതിയുടെ ഉന്‍മൂലനത്തിന് തടസ്സമാവുകയാണ് ചെയ്തതെന്ന് തെല്‍തുംദെ വാദിക്കുന്നു. പിന്നീടാണ് ഒ. ബി. സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം കടന്നുവരുന്നത്. അദര്‍ ബാക്ക്‌വാര്‍ഡ് ക്ലാസ് എന്നാണ് ഇവര്‍ വിശേഷിപ്പിക്കപ്പെട്ടത്. അതോടെ ജാതി എന്ന സംജ്ഞ തന്നെ മാറ്റി നിര്‍ത്തപ്പെട്ടു. ‘ജാതി’ എന്ന അപമാനത്തില്‍നിന്ന് വിട്ടുനില്‍ക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ജാതിപ്രശ്‌നം അസ്പൃശ്യരുടേതു മാത്രമാണെന്ന് ഇതുവഴി സ്ഥാപിക്കപ്പെട്ടു. നെഹ്രുവാണ് ഒ. ബി. സി. എന്ന സങ്കല്‍പ്പം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ജാതി പ്രാചീനവും അപരിഷ്‌കൃതവുമായ ഒന്നായതിനാല്‍ പരമാവധി അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന് നെഹ്രുവിന്റെ ലിബറല്‍ മാനവികതാവാദം സങ്കല്‍പ്പിച്ചു. എന്നാല്‍ ഉപേക്ഷിക്കാം എന്ന് സ്വയം തീരുമാനിക്കുന്നതോടെ അപ്രത്യക്ഷമാകുന്നതല്ല ജാതി എന്നതാണ് യാഥാര്‍ത്ഥ്യം. ഏതായാലും ജാതിയോടൊപ്പം വര്‍ഗ്ഗത്തിനും സംവരണം എന്ന് വന്നതോടെ സംവരണത്തിന് എല്ലാവരും അര്‍ഹരാണ് എന്ന് വന്നു. കാരണം ഇന്ത്യയില്‍ ഏതെങ്കിലും തരത്തിലുള്ള പിന്നോക്കാവസ്ഥ അനുഭവിക്കാത്ത ഒരു ജാതി വിഭാഗങ്ങളും ഉണ്ടാകില്ല. അംബേദ്ക്കര്‍ ഉപയോഗിച്ച ‘ശ്രേണീകൃത അസമത്വം’ എന്ന സങ്കല്‍പ്പം ഉപയോഗിച്ചാല്‍ എല്ലാ ജാതിക്കാരേയും പിന്നോക്കക്കാരായി ഗണിക്കാനുള്ള യുക്തിയുണ്ട്. ഇപ്രകാരം സംവരണം എന്ന ആശയത്തെ ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ആസൂത്രിതമായി അട്ടിമറിക്കുകയാണുണ്ടായത്. അതോടെ ജാതിവ്യവസ്ഥയുടെ അടിത്തട്ടിലുള്ള ദളിതര്‍ക്ക് ലഭിക്കേണ്ട സവിശേഷമായ ആനുകൂല്യങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വന്നു. ഇത് ജാതി വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ. ഇതാണ് തെല്‍തുംദേയുടെ വാദം. വിദ്യാഭ്യാസ മേഖലയില്‍ വളര്‍ന്നുവരുന്ന സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ സംവരണതത്വം പാലിക്കാറില്ല. അത്രയും വലിയ ഫീസുകൊടുത്ത് പഠിക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ദളിത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ആനുപാതികമായ കുറവുണ്ടാകുന്നു. മറ്റൊരു പ്രശ്‌നം ദളിത് വിദ്യാര്‍ത്ഥികള്‍ ആജീവനാന്തം നേരിടുന്ന അവഹേളനമാണ്. അവരുടെ എന്ത് നേട്ടവും സംവരണം വഴി നേടിയതാണല്ലോ എന്ന അപകര്‍ഷതാ ബോധത്തോടെ അവര്‍ക്ക് എക്കാലവും ജീവിക്കേണ്ടിവരുന്നു. വാസ്തവത്തില്‍ സംവരണം എല്ലാ കാലത്തേക്കുമായി നിലനിര്‍ത്തുകയല്ല ചെയ്യേണ്ടത്. അതില്ലാതാക്കാനുള്ള വഴികള്‍ തന്നെയാണ് ആലോചിക്കേണ്ടത്. അതിനാദ്യം വേണ്ടത് വിദ്യാഭ്യാസത്തിലേക്ക് മൂലധന താല്‍പര്യങ്ങള്‍ കടന്നുവരാതിരിക്കുക എന്നതാണ്. സംവരണം ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ത്തന്നെ ഒരു വരേണ്യവര്‍ഗ്ഗം ഉയര്‍ന്നുവരുന്നതിനിടയാക്കിയിട്ടുണ്ടെന്നും തെല്‍തുംദെ വാദിക്കുന്നുണ്ട്. സംവരണം എന്നത് മുമ്പ് ദളിതരോട് കാട്ടിയ ക്രൂരതക്ക് അവര്‍ക്ക് നല്‍കുന്ന ഒരു നഷ്ടപരിഹാരമായാണ് വ്യാഖ്യാനിക്കാറുള്ളത്. എന്നാല്‍ അത് തുടര്‍ന്നുവരുന്ന വംശീയ വിവേചനത്തില്‍നിന്ന് ദളിതരെ സംരക്ഷിക്കാനുള്ള ഒരു മാര്‍ഗ്ഗമെന്ന നിലയില്‍ ആരും കാണുന്നില്ല. ദളിതരുടെ സാമൂഹ്യമായ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള വഴിയാണ് സംവരണം. അത് നീതിയുടെ മാത്രം പ്രശ്‌നമല്ല.
ജാതിപ്രശ്‌നം പരിഹരിക്കാന്‍ ജാതിക്കകത്ത് പോംവഴികളൊന്നുമില്ല. സംവരണം ദളിതര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണം. അത് അമ്പത് ശതമാനമായി വര്‍ധിപ്പിക്കണം. അതില്‍ തന്നെ സംവരണത്തിന്റെ ആനുകൂല്യം ഇതുവരെയായും കിട്ടാത്തവര്‍ക്ക് മുന്‍ഗണന കൊടുക്കുകയും വേണം. അങ്ങിനെ കാലാന്തരത്തില്‍ അത് അവസാനിപ്പിക്കാന്‍ കഴിയണം. ഇതായിരുന്നു സംവരണം എന്ന ആശയം ഭരണാഘടനാപരമായ അവകാശമായി പ്രഖ്യാപിക്കുമ്പോഴുള്ള സങ്കല്‍പ്പം. എന്നാല്‍ ഇന്നത് മേല്‍ജാതിക്കാര്‍ക്കുള്‍പ്പെടെ ഓരോ വിഭാഗത്തിനും തങ്ങളുടെ ജാതിസ്വത്വം ഉറപ്പിച്ചെടുക്കാനും രാഷ്ട്രീയത്തില്‍ ഇടപെടാനുമുള്ള ഉപാധിയായി രൂപം മാറി. ഒരര്‍ത്ഥത്തില്‍ ജാതിയില്ലാതാക്കാന്‍ അവതരിപ്പിച്ച ഒരാശയം ജാതിയെ പുനരുല്‍പ്പാദിപ്പിക്കുന്ന ഒന്നായി മാറി.
സംവരണത്തെക്കുറിച്ചുള്ള ലേഖനം ഒരു മാതൃകയായി എടുത്തു എന്ന് മാത്രമേയുള്ളൂ. ഇതേവിധം സാമാന്യമായി നാം വട്ടം കറങ്ങുന്ന ചില കേവല വിപരീതങ്ങളെ വിട്ട് വേറിട്ട കോണുകളിലൂടെ പ്രശ്‌നത്തെ സമീപിക്കുന്ന രീതിയാണ് തെല്‍തുംദെ മറ്റ് വിഷയങ്ങളുടെ കാര്യത്തിലും സ്വീകരിക്കുന്നത്. നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് മാവോയിസ്റ്റുകളെ ഉല്‍പ്പാദിപ്പിക്കുന്നത് എന്നും ജാതി എന്നത് അടഞ്ഞ വര്‍ഗ്ഗമാണെന്നും അത് മാര്‍ക്‌സിസ്റ്റുകള്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. വര്‍ഗ്ഗം എന്നത് സാമൂഹ്യയന്ത്രത്തിന്റെ ഭാഗമല്ല. വര്‍ഗ്ഗം രൂപപ്പെടുമ്പോഴാണ് യന്ത്രം ചലിക്കുന്നത്. ഈ അര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയുടെ ചാലക ശക്തിയായ വര്‍ഗ്ഗം ജാതിയാണ്. വര്‍ഗ്ഗത്തേയും ജാതിയേയും വേറിട്ട് കാണുന്ന വിശകലനങ്ങളില്‍നിന്ന് മാറി, വിപുലമായ ജനാധിപത്യപ്രക്രിയയിലൂടെ സമൂഹത്തെ നവീകരിക്കുമ്പോള്‍ അതിന്റെ വര്‍ഗ്ഗഘടന മാറുകയും അതോടെ ജാതിയുടെ ഉന്‍മൂലനം സംഭവിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കാനുള്ള പക്വത നാമിനിയും കൈവരിച്ചിട്ടില്ല.
ചുരുക്കത്തില്‍ നാമിന്ന് ദൈനംദിനത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളെയെല്ലാം സ്പര്‍ശിക്കാനുള്ള ധൈര്യം തെല്‍തുംദെ കാണിച്ചിട്ടുണ്ട്. നമുക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷെ ഈ ആശയങ്ങള്‍ക്ക് പുതുമയും സംവാദത്തിന്റെ ഊര്‍ജ്ജവുമുണ്ട്. വസ്തുതകളുടെ പിന്‍ബലവും.

(പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഇന്ത്യയെ ജാതിയുടെ റിപ്പബ്ലിക്ക് എന്ന് വിളിക്കാം

  1. Avatar for അനില്‍ ചേലേമ്പ്ര

    റ്റി എൻ. സുനിൽ (സുനിൽ നാരായണൻ)

    ജാതി റിപ്ബ്ലിക്കു ആണെങ്കിൽ എല്ലാ ജാതി വിഭാഗങ്ങൾക്കും നയ രൂപീകരണ , എക്സിക്യൂട്ടീവ് തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജനസംഖ്യാനുപാതികമായ സംവരണം നടപ്പിലാക്കണം.

Leave a Reply