സുതാര്യമാകണം ഐ സി യു

പാരച്യൂട്ട് നിവരാതെ വന്ന അവസ്ഥയെ കുറിച്ച് വിവരിക്കാന്‍ ഒരു വൈമാനികനെയും കണ്ടിട്ടില്ല എന്ന് പറയും പോലെയാണ് സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ അവസ്ഥ. എത്ര പേര്‍ അതിനുള്ളില്‍ നിന്നും ജീവനോടെ പുറത്ത് വന്നിട്ടുണ്ട് എന്നത് ഗവേഷണം നടത്തി മാത്രം കണ്ട് പിടിക്കേണ്ട കാര്യമാണ്.

നിസ്സാര രോഗത്തിന് പോലും ഇന്ന് സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ അഭയം പ്രാപിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് നാം മലയാളികള്‍. ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നമ്മുടെ ഒട്ടു മിക്ക നാട്ടിന്‍പുറങ്ങളിലും പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ചെറിയ ആശുപത്രികള്‍ എല്ലാം തന്നെ കാലത്തിന്റെ യവനികയ്ക്ക് ഉള്ളിലേക്ക് മറഞ്ഞു പോയിരിക്കുന്നു.അല്പസ്വല്പം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന, കിടത്തി ചികിത്സ സൗകര്യമുണ്ടായിരുന്ന ആശുപത്രികളാക്കട്ടെ, തിരുവനന്തപുരം എറണാകുളം കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഉപഗ്രഹ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നോ നാലോ എല്‍ പി സ്‌കൂളുകളെ ആശ്രയിച്ചു യു പി സ്‌കൂളും ഹൈസ്‌കൂളും പ്രവര്‍ത്തിക്കും പോലെ ചെറു പട്ടണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള ഉപഗ്രഹ ആശുപത്രികളാണ് ഇന്ന് വന്‍നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ ഫീഡിങ് യൂണിറ്റുകള്‍. ചികിത്സ തേടി ഫീഡിങ് യൂണിറ്റുകളിലെത്തിപ്പെടുന്ന രോഗികളെ വിദഗ്ധ ചികിത്സകളുടെ പെരുമ പറഞ്ഞു എത്രയും പെട്ടന്ന് വന്‍നഗരങ്ങളിലെ സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് എത്തിക്കുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജിലേക്കും റെഫര്‍ ചെയ്യുന്നത് പോലെയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഉപഗ്രഹ ആശുപത്രികളില്‍ എത്തിപ്പെടുന്ന രോഗികളെ അവിടുത്തെ പ്രാരംഭ ഊറ്റലിന് ശേഷം വന്‍നഗരങ്ങളിലെ സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ എത്തിപ്പെടുന്ന രോഗികളെ ആദ്യമേ തന്നെ നേരെ ഐസിയു എന്ന പേരിലറിയപ്പെടുന്ന തീവ്ര പരിചരണ വിഭാഗമായ വൈതരണിയിലേക്ക് തട്ടിക്കയറ്റുന്നു. അതോടെ രോഗിയും പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിക്കുന്നു.പാരച്യൂട്ട് നിവരാതെ വന്ന അവസ്ഥയെ കുറിച്ച് വിവരിക്കാന്‍ ഒരു വൈമാനികനെയും കണ്ടിട്ടില്ല എന്ന് പറയും പോലെയാണ് ഈ പറഞ്ഞ സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലെ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ അവസ്ഥ. എത്ര പേര്‍ അതിനുള്ളില്‍ നിന്നും ജീവനോടെ പുറത്ത് വന്നിട്ടുണ്ട് എന്നത് ഗവേഷണം നടത്തി മാത്രം കണ്ട് പിടിക്കേണ്ട കാര്യമാണ്. ഐസിയുവിലേക്ക് തട്ടിക്കയറ്റുന്ന ഹതഭാഗ്യന്റെ ശരീരത്തിലേക്ക് വെന്റിലേറ്റര്‍ എന്ന ഉപകരണം കൂടി ഘടപ്പിക്കുന്നതോടെ പിന്നെ അവന്റെ നാളുകളുടെ എണ്ണം കുറയ്ക്കാനും കൂട്ടാനുമുള്ള അവകാശം ആശുപത്രി അധീകൃതരില്‍ മാത്രമായി നിക്ഷിപ്തമാകുന്നു. ഇക്കാര്യത്തില്‍ ചിത്രഗുപ്തനെ പോലും കടത്തി വെട്ടിയിരിക്കുന്നു നമ്മുടെ സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്മെന്റുകള്‍. അകത്ത് കിടക്കുന്ന തങ്ങളുടെ ഉറ്റവരും ഉടയൊരുമായ അടുത്ത ബന്ധുക്കളെ ഒന്ന് കാണുന്നതിനോ പോകട്ടെ അവരുടെ രോഗവിവരങ്ങള്‍ അറിയുവാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് വാര്‍ഡിന് പുറത്തും ആശുപത്രി മുറ്റത്തുമായി ആകാംഷരായി കഴിയേണ്ടി വരുന്ന ബന്ധുക്കളുടെ അവസ്ഥയെ കുറിച്ച് ദയനീയം എന്നൊക്കെ പറയുന്നത് എത്രയോ ലാഘവമായ വാക്കാണ്. ഇടയ്ക്കിടെ ലഭിക്കുന്ന വന്‍ തുകകള്‍ക്കുള്ള ബില്ലുകള്‍ താമസം കൂടാതെ അടയ്ക്കുക എന്നതിനപ്പുറം മറ്റൊരു ജോലിയും തല്‍ക്കാലം രോഗികളുടെ ബന്ധുക്കള്‍ക്ക് നിര്‍വ്വഹിക്കാനില്ല. ഐസിയു വില്‍ കിടക്കുന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷണ സൗകര്യത്തോട് കൂടി വിശ്രമിക്കാനായി ശീതീകരിച്ച മുറികള്‍ വരെ ഏര്‍പ്പാടാക്കി നല്‍കുന്ന സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുമുണ്ട്. ഒടുവില്‍ ഭീമമായ തുകയ്ക്കുള്ള ബില്ല് കൂടി അടയ്ക്കുവാന്‍ ആവശ്യപ്പെടുന്നതിനെ തുടര്‍ന്ന് ഔദ്യോഗികമായി മരണം പ്രഖ്യാപിച്ച് മൃതദേഹം പുറത്തെത്തിക്കുന്നതോട് കൂടി ഒരു ഹതഭാഗ്യന്റെ ജീവിതപര്‍വ്വത്തിന് തിരശ്ശീല വീഴുന്നു. വേദനയോടെയാണെങ്കില്‍ പോലും ഇത്തരം കാര്യങ്ങള്‍ എഴുതാതിരിക്കാന്‍ നിര്‍വ്വാഹമില്ല. അത്രമാത്രം കണ്ണില്‍ ചോരയില്ലാത്ത തരത്തിലുള്ള കൊടിയ ചൂഷണമൊ പിടിച്ചു പറിയോ പകല്‍ കൊള്ളയോ ഒക്കെയാണ് ഈ മേഖലയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചില യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ ഒറ്റപ്പെടലുകള്‍ ഉണ്ടായേക്കാം. സാമ്പത്തികമായും സാമൂഹ്യ മായും, എന്തിന് രാഷ്ട്രീയമായി പോലും ശക്തരാണ് കേരളത്തിലെ സൂപ്പര്‍/മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി മാനേജ്‌മെന്റുകള്‍. അവയ്ക്കെതിരെ ചൂണ്ടുന്ന ഓരോ വിരലുകള്‍ മാത്രമല്ല കൈ പോലും അറുത്ത് മാറ്റിയേക്കാം. പക്ഷെ, എങ്കില്‍ പോലും പ്രതികരിക്കാതിരിക്കാനാവുന്നില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആതുര സേവനത്തിന്റെ പേരില്‍ നടക്കുന്ന ഈ പകല്‍ കൊള്ളയ്ക്ക് വിധേയരാകാത്ത ഒരു കുടുംബം പോലും കേരളത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഈ പകല്‍ കൊള്ളയുടെ, പിടിച്ചു പറിയുടെ നിരവധി അനുഭവങ്ങള്‍ നിരത്തുവാനുണ്ട്, വിസ്താര ഭയത്താല്‍ അതിന് തുനിയുന്നില്ല എന്ന് മാത്രം.

എന്താണ് ഇതിനൊരു പരിഹാരം. ഭരണകൂടങ്ങളുടെയും അധികാര കേന്ദ്രങ്ങളുടേയും മൗനാനുവാദത്തോടെ നടക്കുന്ന ഈ പകല്‍ കൊള്ളയ്ക്ക് ഉടനടി ഒരറുതി വരുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും ഇതിനെതിരായി പൊതു മനസ്സാക്ഷി ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഏറ്റവും ചുരുങ്ങിയത് തങ്ങളുടെ പണം ഉപയോഗിച്ച് കൊണ്ട് തങ്ങളുടെ ബന്ധുക്കള്‍ക്ക് ഒരുക്കിയിരിക്കുന്ന തീവ്രപരിചരണ തടവറക്കുള്ളില്‍ എന്താണ് നടക്കുന്നത് എന്നറിയാനുള്ള അവകാശമെങ്കിലും രോഗികളുടെ ബന്ധുക്കള്‍ക്ക് അനുവദിച്ചു നല്‍കേണ്ടതാണ്. ആശുപത്രികളിലെ ഐസിയൂ വാര്‍ഡുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും .വാര്‍ഡിന് മുന്നില്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബന്ധുക്കള്‍ക്ക് കാണാവുന്ന രീതിയില്‍ അത് പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ഒന്നും മറച്ചുവെക്കാനില്ലയെങ്കില്‍ പിന്നെ അത് അനുവദിക്കുന്നതില്‍ എന്താണ് അപാകത.തികച്ചും ധാര്‍മ്മീകവും മനുഷ്യത്വപരവുമായ ഈ ആവശ്യത്തിന് വേണ്ടി കേരളീയ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ആവശ്യം ഉയരേണ്ടതുണ്ട്. അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളുന്നതിന് ഭരണകൂങ്ങളുടേയും അധികാരകേന്ദ്രങ്ങളുടെയും ുന്നില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.

(ലേഖകന്‍ സമാജ് വാദി ജനത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply