കുടുംബാധിപത്യമല്ല, വര്‍ഗ്ഗീയാധിപത്യമാണ് ഭരണഘടനക്കു പ്രധാന ഭീഷണി സര്‍…

വാസ്തവത്തില്‍ സംഘപരിവാര്‍ ഇപ്പോഴും കിനാവു കാണുന്ന ഭരണഘടന അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതല്ല. അത് പഴയ മനുസ്മൃതി തന്നെയാണ്. അതില്‍ വിഭാവനം ചെയ്യുന്ന സവര്‍ണ്ണ ഹിന്ദുരാഷ്ട്രം തന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ജനനം കൊണ്ടുതന്നെ ചില മനുഷ്യര്‍ ഉന്നതരും ഭൂരിഭാഗവും അടിമകളുമാണെന്ന് സ്ഥാപിക്കുന്ന ലോകം കണ്ട ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രമാണത്.

ഭരണഘടനാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്യവും ഭരണഘടനയും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അവതരിപ്പിച്ചത് കുടുംബാധിപത്യത്തെയാണ്. കുടുംബാധിപത്യം ഒരു ജനാധിപത്യവ്യവസ്ഥക്ക് ഗുണകരമല്ല എന്നതില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ അതാണോ ഇന്ന് നാം നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം? അതാണോ ജനാധിപത്യത്തിനും ഭരണഘടനക്കും നേരെ വെല്ലുവിളിയുയര്‍ത്തിയിരിക്കുന്ന പ്രധാന ശത്രു?

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികാവകാശവും സംരക്ഷിക്കാന്‍ കാരണമായത് നമ്മുടെ ഭരണഘടനയാണ്, ഇന്ത്യയുടെ ശക്തിയാണ് ഭരണഘടന, അതിലെ ഓരോ വരികളേയും രാഷ്ട്രീയ സങ്കുചിത ചിന്തകള്‍ക്കായി വളച്ചൊടിക്കരുതെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകാനിടയില്ല. എന്നാല്‍ അക്കാര്യത്തില്‍ പ്രധാന വില്ലന്‍ കുടുംബാധിപത്യമാണോ എന്നതുതന്നെയാണ് ചോദ്യം. പ്രധാനമായും കോണ്‍ഗ്രസ്സിനേയും പിന്നെ ചില സംസ്ഥാനങ്ങളിലെ പ്രാദേശികപാര്‍ട്ടികളേയുമാണ് മോദി ഉദ്ദേശിച്ചതെന്നു വ്യക്തം. എന്നാല്‍ അതിലെന്തു യാഥാര്‍ത്ഥ്യമുണ്ട്? കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്ത് ഔപചാരികമായി സോണിയാഗാന്ധി തുടരുന്നു എന്നത് ശരിയാണ്. അത് പ്രോത്സാഹിപ്പിക്കേണ്ട പ്രവണതയല്ല. എന്നാല്‍ പ്രധാനമന്ത്രിയാകാവുന്ന അവസരം പോലും നിഷേധിച്ചവരാണവര്‍. രാഹുലാകട്ടെ എത്ര സമ്മര്‍ദ്ദമുണ്ടായിട്ടും കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനം പോലും സ്വീകരിക്കുന്നില്ല. അതൊന്നുമല്ല ഇന്നു രാജ്യം നേിടുന്ന പ്രധാന വെല്ലുവിളി. അത് സാക്ഷാല്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിതന്നെയാണ് എന്താണ് വസ്തുത……

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്താണ് ഇന്നു രാഷ്ട്രം നേരിടുന്ന പ്രധാന വെല്ലുവിളി എന്നതിനു ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഒരു ചര്‍ച്ച തന്നെ ഉദാഹരണം. ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വിഷയമാണത്. ഓരോരുത്തര്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുമതി നല്‍കുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണഘടന. ഒരാളുടെ വിശ്വാസം മറ്റൊാളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് ഭരണഘടനാവിരുദ്ധം. എന്നാല്‍ ഇവിടെ എന്താണ് നടക്കുന്നത്? എത്രയോ കാലമായി ഒരു വിഭാഗം തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഹലാല്‍ ഭക്ഷണത്തിനെതിരെ വര്‍ഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നത് ആരാണ്? പ്രധാനമായും ഭരണഘടനയെ കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ അനുയായികള്‍ തന്നെ. ഒപ്പം വേറെ കുറെ പേരും കൂടിയിട്ടുണ്ട്. കേരളത്തില്‍ ഇടതുപക്ഷമെന്നു ്‌വയം പറയുന്ന പലരും അതിലുണ്ട്. ഇവിടെ ഇതു നടക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ പലയിടത്തും മറ്റു ദേവാലയങ്ങള്‍ക്കും മതപുരോഹിതന്മാര്‍ക്കുമെതിരായ അക്രമങ്ങളും തുടരുന്നു. സ്വന്തം വിശ്വാസമനുസരിച്ചു ജീവിക്കാനുള്ള ഏതൊരു പൗരന്റേയും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നിഷേധിച്ചാണ് പ്രധാനമന്ത്രി കുടുംബാധിപത്യമാണ് പ്രധാന വെല്ലുവിളിയെന്നു പറയുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?

ഭരണഘടനാ മൂല്യങ്ങള്‍ അംഗീകരിക്കാത്തത് ആരാണെന്നതിനു ഏറ്റവും വലിയ തെളിവുകളാണല്ലോ പൗരത്വഭേദഗതിനിയമവും മുന്നോക്ക സംവരണവും ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തില്‍ നടന്ന കലാപങ്ങളും. ആദ്യത്തേത് പൗരത്വവിഷയത്തില്‍ മതം കൊണ്ടുവരുന്നു. ഒരു മതേതരരാജ്യത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഒന്ന്. രണ്ടാമത്തേത് സഹസ്രാബ്ദങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഒരു വിഭാഗത്തിന് മുഖ്യധാരയിലെത്താന്‍ ഭരണഘടന വിഭാവനം ചെയ്ത ജാതിസംവരണത്തെ അട്ടിമറിക്കല്‍. മൂന്നാമത്തേത് ലിംഗസമത്വം എന്ന ഭരണഘടനാമൂല്യത്തെ ബലികൊടുക്കല്‍. ഇവക്കും നേതൃത്വം കൊടുത്തത് ആരാണ്? ഈ വാചകകസര്‍ത്തെല്ലാം നടത്തുന്ന പ്രധാനമന്ത്രിയുടെ പ്രസ്ഥാനം തന്നെ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ സംഘപരിവാര്‍ ഇപ്പോഴും കിനാവു കാണുന്ന ഭരണഘടന അംബേദ്കറുടെ നേതൃത്വത്തില്‍ രൂപം കൊണ്ടതല്ല. അത് പഴയ മനുസ്മൃതി തന്നെയാണ്. അതില്‍ വിഭാവനം ചെയ്യുന്ന സവര്‍ണ്ണ ഹിന്ദുരാഷ്ട്രം തന്നെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. ജനനം കൊണ്ടുതന്നെ ചില മനുഷ്യര്‍ ഉന്നതരും ഭൂരിഭാഗവും അടിമകളുമാണെന്ന് സ്ഥാപിക്കുന്ന ലോകം കണ്ട ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രമാണത്. മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളെല്ലാം അതനുസരിച്ച് അവര്‍ക്ക് അംഗീകരിക്കാനാവില്ലല്ലോ. ബീഫിന്റെ പേരിലുള്ള കൊലകള്‍, എഴുത്തുകാരേയും ചിന്തകരേയും കൊന്നുകളയല്‍, യു എ പി എ ചുമത്തി ജയിലിലിടല്‍, ചരിത്രവും സിലബസും തിരുത്തിയെഴുതല്‍, സര്‍വ്വകലാശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും കയ്യടക്കല്‍, ഗോഡ്‌സെയേയും സവര്‍ക്കറേയും ഗഡ്ഗവാറിനേയും ആരാധിക്കല്‍, പള്ളി പൊളിക്കല്‍, മിഷണറിമാരെ അക്രമിക്കല്‍, വര്‍ഗ്ഗീയ കൂട്ടക്കൊലകള്‍, മതേതരത്വത്തെ തള്ളിക്കളയല്‍ തുടങ്ങിയവയെല്ലാം ആ അജണ്ടയുടെ ഭാഗമാണ്. ആ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗത്തിലെ ഇടത്താവളം മാത്രമാണ് അവര്‍ക്ക ജനാധിപത്യം. ഭരണഘടനയെ കുറിച്ചുള്ള ഈ പ്രഭാഷണങ്ങളും അതിന്റെ ഭാഗം മാത്രം. ഭരണഘടനാപരമായി ജനാധിപത്യ പ്രക്രിയയിലൂടെയാണ് അധികാരത്തിലെത്തിയത് എന്നു പറഞ്ഞ് അവയെ അട്ടിമറിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുന്നത്.

നിര്‍ഭാഗ്യവശാല്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനാമൂല്യങ്ങള്‍ക്കും വേണ്ടി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്നവരില്‍ പലരും അറിഞ്ഞോ അറിയാതേയോ ഇതിനെയെല്ലാം പിന്തുണക്കുന്നു എന്നതാണ് കൗതുകകരം. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരു നിന്നവരില്‍ കേരളത്തിലെ ഏതെണ്ടെല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായിരുന്നല്ലോ. മുന്നോക്ക സംവരണത്തിലും ഹലാല്‍ ഭക്ഷണത്തിലും മറ്റും വലിയൊരു വിഭാഗം സംഘപരിവാര്‍ നിലപാടുകളെ പിന്തുണക്കുന്നു. അത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ പൊതുബോധമെന്ന പേരില്‍ പ്രചരിക്കുന്ന പലതും ഭരണഘടനാ വിരുദ്ധമായവയാണെന്നതാണ് വസ്തുത. ജനനം കൊണ്ടുതന്നെ മനുഷ്യര്‍ തുല്ല്യരാണെന്നും അല്ലെങ്കില്‍ ആക്കാനുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നുമുള്ള ഭരണഘടനാ ദര്‍ശനത്തെയാണ് ഇവര്‍ തള്ളിപ്പറയുന്നത്. എന്നിട്ടാണ് മോദിയെപോലെ അവരും ഭരണഘടനാദിനം ആചരിക്കുന്നത് എന്നതാണ് വൈരുദ്ധ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply