സ്റ്റാന്‍ സ്വാമി – ‘പാതാള്‍ഗഡി’യിലെ ആദ്യ പേരുകാരന്‍

മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ഝാര്‍ഖണ്ഡിലെ ഗവണ്‍മെന്റ് ജയിലിലടച്ച 102 തടവുകാരില്‍ 97% ആളുകള്‍ നിരപരാധികളാണെന്ന് സ്റ്റാന്‍സ്വാമിയും സംഘവും കോടതിയെ ബോധ്യപ്പെടുത്തി. ഇത് ഭരണകൂടത്തിന് വലിയ തലവേദനയായി. പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്റ്റാന്‍സ്വാമിയെ കുടുക്കാന്‍ പദ്ധതിയിട്ടു. അങ്ങനെയാണ് 2018ലെ ഭീമ-കൊറഗാവിലെ അക്രമസംഭവങ്ങളില്‍ സ്റ്റാന്‍ പ്രതി ചേര്‍ക്കപ്പെട്ടത്. അദ്ദേഹം നടന്നുതീര്‍ത്ത അഗ്നിപഥങ്ങളുടെ രേഖാചിത്രമായ ‘I am not a silent spectator : Why truth has become so bitter, dissent so intolerable, justice so out of reach ” എന്ന പുസ്തകത്തെ കുറിച്ച്

2021 ജൂലായ് 5ന് സ്റ്റാന്‍സ്വാമി അന്തരിച്ചപ്പോള്‍ അംബേദ്കറും ഗാന്ധിയും ഒരിക്കല്‍ക്കൂടി തോല്‍പിക്കപ്പെട്ടു. അംബേദ്കര്‍ വിഭാവനം ചെയ്ത ഭരണഘടനയും ഗാന്ധിയുടെ സമരമാര്‍ഗ്ഗവും ഒരേപോലെ എത്ര പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ പോരാളിയായിരുന്നു സ്റ്റാന്‍. അദ്ദേഹം ജീവിതാന്ത്യം വരെ പോരാടിയത് ഭരണഘടനാമൂല്യങ്ങള്‍ക്കു വേണ്ടിയായിരുന്നു. ഗാന്ധിയന്‍ സമരമാര്‍ഗ്ഗമാണ് അദ്ദേഹം പിന്തുടര്‍ന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ലക്ഷ്യത്തേയും മാര്‍ഗ്ഗത്തേയും തകര്‍ത്തു തരിപ്പണമാക്കാന്‍ കഴിവുള്ള നാരകീയ യന്ത്രമായി ഇന്ത്യന്‍ ഭരണകൂടം മാറിക്കഴിഞ്ഞിരിക്കുന്നു. അതിനെ സംബന്ധിച്ചിടത്തോളം സ്റ്റാന്‍സ്വാമി അപകടകാരിയായ അര്‍ബന്‍ നക്‌സലൈറ്റാണ്.

ഭരണകൂടത്തിന് സത്യം എല്ലായ്‌പ്പോഴും കയ്‌പേറിയതും വിയോജിപ്പ് അസഹനീയവുമാണ്. അതുകൊണ്ടുതന്നെ ജനതക്ക് അപ്രാപ്യമായ ഒന്നായി നീതി തുടരുന്നു. ഭരണകൂടം കൂടുതല്‍ കൂടുതല്‍ മര്‍ദ്ദകരൂപം കൈവരിക്കുമ്പോഴും നിശ്ശബ്ദ സാക്ഷിയായിത്തുടരാന്‍ താനില്ലെന്ന് സ്റ്റാന്‍ ഉറപ്പിച്ചു. അദ്ദേഹം നടന്നുതീര്‍ത്ത അഗ്നിപഥങ്ങളുടെ രേഖാചിത്രമാണ് ‘I am not a silent spectator : Why truth has become so bitter, dissent so intolerable, justice so out of reach ” എന്ന പുസ്തകം. ആത്മകഥാപരമായ കുറിപ്പുകളും ഓര്‍മ്മകളും ചിന്തകളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ദില്ലി സര്‍വ്വകലാശാലയിലെ നന്ദിനിസുന്ദര്‍ ആണ് മുഖവുര എഴുതിയിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ പ്രസിദ്ധീകരിക്കണമെന്നാഗ്രഹിച്ച ഈ പുസ്തകം സ്റ്റാന്‍ മരിച്ചതിനുശേഷ(കൊല്ലപ്പെട്ടതിനുശേഷം എന്നല്ലേ ശരി)മാണ് പ്രസിദ്ധീകരിച്ചത്.

റോമന്‍ കത്തോലിക്കാ പുരോഹിതനായ അദ്ദേഹം ഒരു ജസ്യൂട്ടാണ്. ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് ജസ്യൂട്ട് പാതിരിമാര്‍ നല്‍കിയ സംഭാവന ഏറെ വിലപ്പെട്ടതാണല്ലോ. അവരുടെ വലിയൊരു പാരമ്പര്യം ഇന്ത്യയിലുണ്ട്. അതിന്റെ തുടര്‍ച്ചയിലാണ് സ്റ്റാന്‍ വരുന്നത്. എന്നാല്‍ പുരോഹിതന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഒതുങ്ങിനിന്നില്ല. ഝാര്‍ഘണ്ഡിലെ ആദിവാസിമേഖലയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം. ആദിവാസികള്‍ക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനായി അദ്ദേഹം ഉയര്‍ന്നുവന്നു. ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയിനിങ് സെന്റര്‍ കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനായി സ്വയം നിര്‍വ്വചിച്ചതോടെ സ്റ്റാന്‍സ്വാമിക്ക് സ്വന്തം സഭയിലെ പൗരോഹിത്യവുമായും ഇടയേണ്ടിവന്നു. പക്ഷെ എതിര്‍പ്പുകള്‍ക്കു മുന്നില്‍ അദ്ദേഹം പതറിയില്ല. മരണാനന്തരജീവിതം ഉറപ്പിക്കാനുള്ള ഒരു കരാറല്ല മതമെന്നും ജനനാനന്തര ജീവിതം നീതിയുക്തമാക്കാനുള്ള ശ്രമവും അതിന്റെ ഭാഗമാണെന്നും സ്റ്റാന്‍ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസ ദാര്‍ഢ്യത്തിന്റെ ചുരുക്കപ്പേരായിരുന്നു അദ്ദേഹത്തിന് ജീവിതം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ഝാര്‍ഖണ്ഡിലെ ഗവണ്‍മെന്റ് ജയിലിലടച്ച 102 തടവുകാരില്‍ 97% ആളുകള്‍ നിരപരാധികളാണെന്ന് സ്റ്റാന്‍സ്വാമിയും സംഘവും കോടതിയെ ബോധ്യപ്പെടുത്തി. ഇത് ഭരണകൂടത്തിന് വലിയ തലവേദനയായി. പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിച്ച ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്റ്റാന്‍സ്വാമിയെ കുടുക്കാന്‍ പദ്ധതിയിട്ടു. അങ്ങനെയാണ് 2018ലെ ഭീമ-കൊറഗാവിലെ അക്രമസംഭവങ്ങളില്‍ സ്റ്റാന്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

അടിയന്തിരാവസ്ഥക്കാലത്താണ് സ്റ്റാന്‍സ്വാമി ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്-ട്രെയിനിങ് സെന്ററില്‍ എത്തുന്നത്. കൃഷി, മൃഗപരിപാലനം, സഹകരണം, സമുദായ വികസനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനുള്ള സ്ഥാപനമായിരുന്നു അത്. ദില്ലിയിലെ സ്ഥാപനത്തിന്റെ ഒരു ശാഖയാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തിച്ചിരുന്നത്. അടിയന്തിരാവസ്ഥയുടെ പൊതു ചിത്രം നല്‍കിക്കൊണ്ടാണ് സ്റ്റാന്‍ തന്റെ പുസ്തകം ആരംഭിക്കുന്നത്. സമൂഹത്തിലെ ചെറുപ്പക്കാര്‍ ഗവണ്‍മെന്റിന്റെ വികസന നയങ്ങളില്‍ തീര്‍ത്തും നിരാശരായ സന്ദര്‍ഭമായിരുന്നു അത്. സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയും വികസനത്തിന്റെ ലക്ഷ്യസമൂഹം നിരന്തരം അവഗണിക്കപ്പെടുകയും ചെയ്തു. ‘മുകളില്‍നിന്ന് താഴേക്ക് അരിച്ചിറങ്ങുന്ന മാതൃക’ യഥാര്‍ത്ഥത്തില്‍ ദരിദ്രജനകോടികളെ എക്കാലത്തും വികസനത്തിന്റെ പുറത്തു നിര്‍ത്താനുള്ള ഒരു പദ്ധതിയായിരുന്നുവെന്ന് അടിയന്തിരാവസ്ഥക്കാലത്തെ യുവത്വം തിരിച്ചറിഞ്ഞിരുന്നു.

ISITC-യില്‍ എത്തിയ ഉടന്‍ പൗലോ ഫ്രേയറുടെ ‘മര്‍ദ്ദിതരുടെ ബോധനശാസ്ത്രം’ എന്ന പ്രബന്ധം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സ്റ്റാനും സുഹൃത്തുക്കളും ചെയ്തത്. ഇത് ചെറുപ്പക്കാരുടെയിടയില്‍ ഒരുണര്‍വ്വുണ്ടാക്കി. അക്കാലത്ത് തീര്‍ത്തും അവിചാരിതമായി ഒരു സംഘം ചെറുപ്പക്കാര്‍ തങ്ങളുടെ സ്ഥാപനത്തില്‍ വന്നതും ‘ഞങ്ങള്‍ക്ക് മാര്‍ക്‌സിസം പഠിപ്പിച്ചുതരണ’മെന്നാവശ്യപ്പെട്ടതും സ്റ്റാന്‍ ഓര്‍മ്മിക്കുന്നുണ്ട്. ‘സാമൂഹ്യ-രാഷ്ട്രീയ വിശകലനപദ്ധതി’ക്ക് തുടക്കം കുറിച്ചത് അങ്ങിനെയാണ്. മാര്‍ക്‌സിസത്തിന്റെ രീതിശാസ്ത്രം തന്നെയായിരുന്നു കോഴ്‌സിന്റെ ഉള്ളടക്കം.

ബാംഗ്ലൂര്‍ നഗരത്തിന്റെ പ്രാന്തത്തിലുള്ള ഒരു ഗ്രാമത്തില്‍ ‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന ആശയം നടപ്പാക്കാന്‍ ശ്രമിച്ചതിനെ ഭൂസ്വാമിമാരും രാഷ്ട്രീയ നേതൃത്വവും നിയമ വ്യവസ്ഥയും കൈകോര്‍ത്ത് പരാജയപ്പെടുത്തിയ അനുഭവം സ്റ്റാന്‍ വിവരിക്കുന്നുണ്ട്. അന്ന് കടകക്കൊപ്പം നിന്ന ഡെപ്യൂട്ടി കമ്മീഷണറെ ആസ്‌ത്രേലിയയിലേക്ക് ‘പരിശീലന’ത്തിനയച്ചതോടെ ഭരണവര്‍ഗ്ഗത്തിന്റെ ‘മാംസത്തില്‍ തറഞ്ഞ ഒരു മുള്ള്’ പറിച്ചു മാറ്റപ്പെട്ട കാര്യവും സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല കത്തോലിക്കാസഭയും ഇക്കാര്യത്തില്‍ ഭൂസ്വാമിമാര്‍ക്കൊപ്പമാണ് നിലയുറപ്പിച്ചത്. ‘നിരീശ്വരവാദം’ പഠിപ്പിക്കുന്നു എന്ന പേരില്‍ ക്രിസ്ത്യാനികളോട് കടക നല്‍കുന്ന പരിശീലനങ്ങളില്‍ പങ്കെടുക്കരുതെന്ന രഹസ്യ നിര്‍ദ്ദേശവും കത്തോലിക്കാപുരോഹിതര്‍ നല്‍കിയിരുന്നു. കടക ഒരു ജസ്യൂട്ട് സ്ഥാപനമല്ല, ഒരു മാര്‍ക്‌സിസ്റ്റ് കേന്ദ്രമാണെന്ന് പുരോഹിതന്മാര്‍ പരിഹസിച്ചു.

അംബേദ്കറുടെ വഴി പിന്തുടരുന്ന തമിഴ്‌നാട്ടിലെ ദളിത് സമൂഹങ്ങള്‍, തങ്ങളുടെ വിഭവങ്ങള്‍ നിരന്തരം കവര്‍ന്നെടുക്കപ്പെടുന്നതുവഴി പാപ്പരാകുന്ന മധ്യേന്ത്യയിലെ ആദിവാസികള്‍, കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ശ്രീലങ്കയിലെ തമിഴ്‌വംശജരായ തൊഴിലാളികള്‍ എന്നിവര്‍ക്കിടയിലാണ് സ്റ്റാന്‍സ്വാമി പ്രധാനമായും പ്രവര്‍ത്തിച്ചത്. 1983ല്‍ ശ്രീലങ്കന്‍ ഗവണ്‍മെന്റ് ചിട്ടയായ വംശഹത്യാപദ്ധതി ആരംഭിക്കുന്നതുവരേയും സ്റ്റാന്‍സ്വാമി നിരന്തരമായി ശ്രീലങ്ക സന്ദര്‍ശിച്ചിരുന്നു. 1990വരെ സ്റ്റാന്‍ കടകയില്‍ത്തുടര്‍ന്നു. പിന്നീട് സ്ഥാപനപരമായ ബന്ധങ്ങളില്‍നിന്ന് പുറത്തുകടക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ അവരുടെ സ്വാഭിമാനപ്രസ്ഥാനങ്ങളോട് ഐക്യപ്പെട്ട് ശിഷ്ടകാലം പ്രവര്‍ത്തിക്കാന്‍ സ്റ്റാന്‍ ഉറച്ചു. അങ്ങിനെയാണ് ഝാര്‍ഖണ്ഡിലെത്തുന്നത്.

ഝാര്‍ഖണ്ഡിലെ ആദിവാസികളില്‍നിന്ന് താന്‍ പഠിച്ച നൈതിക പാഠങ്ങള്‍, അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശയവിനിമയ സമ്പ്രദായങ്ങള്‍, പുതുതലമുറയില്‍ ചിലര്‍ വരേണ്യതയിലേക്ക് ചേക്കേറാന്‍ നടത്തുന്ന ശ്രമങ്ങള്‍ തുടങ്ങി തന്റേതായ നിരവധി അനുഭവങ്ങള്‍ സ്റ്റാന്‍ ലളിതസുന്ദരമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. കൂറ്റന്‍ ഡാമുകള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, എന്നിവക്കെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളും അവക്ക് നേതൃത്വം നല്‍കിയ ദയാമണി ബര്‍ലയെപ്പോലുള്ള നേതാക്കളും ഈ വിവരണത്തില്‍ കടന്നുവരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഝാര്‍ഖണ്ഡിലെ സിങ്ബൂം ജില്ലയില്‍ ‘ഹൊ’എന്ന് വിളിക്കുന്ന ആദിവാസികള്‍ക്കിടയില്‍ രണ്ടുവര്‍ഷത്തിലേറെക്കാലം സ്റ്റാന്‍ ജീവിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവരുടെ സാമൂഹ്യവും സാംസ്‌കാരികവുമായ മൂല്യബോധം ഏറെ ഉയര്‍ന്നതായിരുന്നു. പരസ്പര സഹകരണം, അളവെത്രയെന്ന് നോക്കാതെയുള്ള പങ്കുവെപ്പ്, പെട്ടെന്ന് തീരുമാനമെടുക്കാനുള്ള ശേഷി, പ്രകൃതിയോടുള്ള അടുപ്പം തുടങ്ങി ഈ സമൂഹത്തില്‍നിന്ന് തങ്ങള്‍ക്ക് പഠിക്കാനുള്ള പാഠങ്ങള്‍ നിരവധിയായിരുന്നു എന്ന് സ്റ്റാന്‍ ഓര്‍മ്മിക്കുന്നുണ്ട്.

ഭൂമിയുടെ അവകാശികളായ ആദിവാസികള്‍ ഭൂരഹിതരും അടിമത്തൊഴിലാളികളുമായി തീര്‍ന്നതിന്റെ ചരിത്രമാണ് ഇന്ത്യാചരിത്രം. ഭരണഘടനയും കോടതിവിധികളും ആദിവാസികളുടെ കഷ്ടാല്‍ കഷ്ടതരമായ അവസ്ഥയെക്കുറിച്ച് നിരവധി വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിട്ടും അവരുടെ പരിതാപകരമായ അവസ്ഥ തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സവിശേഷ അനുഭവമാണ് സ്റ്റാന്‍സ്വാമി വിവരിക്കുന്നത്. ആദിവാസികളുടെ പരിരക്ഷയ്ക്കായി ഇന്ത്യന്‍ പാര്‍ലമെന്റും കോടതികളും യു.എന്‍. രക്ഷാസമിതിയും മറ്റും രൂപീകരിച്ച നിരവധി നിയമങ്ങളും പ്രഖ്യാപനങ്ങളും വിധികളുമുണ്ടെങ്കിലും അവയൊന്നും അവര്‍ക്ക് തുണയായിട്ടില്ല. 1996ലെ ‘പെസ’ നിയമം, 1991ലെ സമത വിധിന്യായം, 2006ലെ വന നിയമം, 2013ലെ ഭൂമികയ്യാളല്‍ നിയമം, ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം എന്നിങ്ങനെ പലതും സ്റ്റാന്‍ ഉദ്ധരിക്കുന്നുണ്ട്. അതേസമയം ആദിവാസികള്‍ക്കിടയില്‍നിന്ന് രൂപപ്പെട്ടുവരുന്ന പ്രതിഷേധങ്ങള്‍ മാവോയിസത്തിന്റെ പേരില്‍ നിരന്തരം അടിച്ചമര്‍ത്തപ്പെടുന്നു. ആദിവാസി സംരക്ഷണ നിയമങ്ങളെ മരവിപ്പിക്കുകയും തീവ്രവാദവിരുദ്ധ നിയമങ്ങളെ അതിശക്തമായും സന്ദര്‍ഭാതീതമായും പ്രയോഗിക്കുകയും ചെയ്യുന്നു. അതോടെ ആദിവാസിമേഖല അതിസങ്കീര്‍ണ്ണമായ രാഷ്ട്രീയ മേഖലയായിത്തീരുന്നു. അതാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തല്‍ക്കാലസ്ഥിതി. മാവോയിസത്തിന്റെ പേരില്‍ നടക്കുന്ന ഭരണകൂട വേട്ടകളെ നിയന്ത്രിക്കാനും കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അവയൊന്നും നിയമ പരിപാലനത്തില്‍ പരിഗണിക്കപ്പെടാറില്ല. നക്‌സലൈറ്റുകളെ സഹായിച്ചു എന്നാരോപിച്ച് എത്രയോ ആദിവാസികളെ കരിനിയമങ്ങള്‍ ചുമത്തി തുറുങ്കിലടച്ചിരിക്കുകയാണ്. ജാമ്യം കിട്ടാനവസരമുള്ള കേസുകള്‍ വളരെ ചുരുക്കമാണ്. അവസരമുണ്ടെങ്കില്‍തന്നെ ഇവരെ ജാമ്യത്തിലിറക്കാന്‍ ആരാണുള്ളത്?

ഇത്രയും പറഞ്ഞതില്‍നിന്ന് ആദിവാസികളുടെ അവസ്ഥ മാത്രമല്ല, അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവരുടെ അവസ്ഥ കൂടിയാണ് വെളിപ്പെടുന്നത്. അതുതന്നെയാണ് സ്റ്റാന്‍സ്വാമിയുടെ ജീവിതത്തില്‍ സംഭവിച്ചത്. 2018 ആഗസ്ത് 28ന് രാവിലെ 6മണിക്ക് ഒരു സംഘം പൊലീസുകാര്‍ അദ്ദേഹത്തിന്റെ വീട് വളയുന്നു. അവരിലൊരുവിഭാഗം അദ്ദേഹത്തെ തള്ളിമാറ്റി വീട്ടിലേക്ക് ‘റെയ്ഡ്’ ആരംഭിക്കുന്നു. എന്തിനാണ് നിങ്ങള്‍ ഇത് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍, ‘നിങ്ങള്‍ ഭീമാ-കൊറഗോണ്‍ കേസില്‍ പ്രതിയാണെന്ന് സംശയിക്കുന്നു’ എന്നായിരുന്നു മറുപടി. അതുകേട്ട് സ്റ്റാന്‍സ്വാമി ശരിക്കും ഞെട്ടി. കാരണം ആ സംരംഭവുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഉണ്ടായിരുന്നില്ല.

പക്ഷെ ഭീമ-കൊറഗോണ്‍ കേസില്‍ ഉള്‍പ്പെടുത്തി തടവിലിടാന്‍ ഭരണകൂടം തീരുമാനിച്ച മറ്റുചിലരും രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു എന്ന് സ്റ്റാന്‍ പിന്നീടാണ് മനസ്സിലാക്കിയത്. എന്തിനാണ് ഭീമ-കൊറഗോണ്‍ കേസില്‍ പോലീസ് നിരപരാധികളെ വേട്ടയാടിയത്? ഉത്തരം വളരെ ലളിതമാണ്. ആ കേസില്‍ പ്രതികളായ ഉന്നത ജാതിക്കാരായ പലരും ഹിന്ദുത്വശക്തികളുടെ ഭാഗമാണ്. അവരെ രക്ഷിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് നടന്ന ഒരു ജാതിയുദ്ധത്തില്‍ ബ്രാഹ്മണര്‍ക്കു മേല്‍ ദളിതര്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ആഘോഷമാണ് ‘എല്‍ഗര്‍ പരിഷദ്’. 2018ല്‍ അത് തടസ്സപ്പെടുത്താന്‍ സവര്‍ണ്ണ ജാതികളില്‍പ്പെട്ട ചിലര്‍ നടത്തിയ അതിക്രമമാണ് ഭീമ-കൊറഗോണ്‍ സംഭവം. ഇതില്‍ ആദ്യം എകഞ തയ്യാറാക്കിയപ്പോള്‍ ചില സവര്‍ണ്ണ ബിജെപി നേതാക്കള്‍ പ്രതിയായിരുന്നു. ഇത് സൃഷ്ടിച്ച ഭരണപരമായ പ്രതിസന്ധി മറികടക്കാന്‍ പൂന പൊലീസ് കെട്ടിച്ചമച്ച കഥയിലെ ഇരകളിലൊരാളാണ് സ്റ്റാന്‍സ്വാമി.

‘നക്‌സലൈറ്റുകളെ സഹായിച്ചു’ എന്ന പേരില്‍ തടവിലിട്ട ആദിവാസികള്‍ക്കുവേണ്ടി ഝാര്‍ഖണ്ഡ് ഭരണകൂടത്തിനെതിരെ കോടതിയെ സമീപിച്ചതു മുതല്‍ സ്റ്റാന്‍സ്വാമി അവരുടെ കണ്ണിലെ കരടായിരുന്നു. അദ്ദേഹത്തെ കുരുക്കാനുള്ള വഴി അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഭീമ-കൊറഗോണ്‍ പൊലീസിന് വീണുകിട്ടിയത്. നിരപരാധികളെ തടവില്‍നിന്ന് മോചിപ്പിക്കാനായുണ്ടാക്കിയ ‘committee for release of political prisoners’ എന്ന സംഘടനയ്ക്ക് മാവോയിസ്റ്റുകളുടെ പിന്തുണയും സാമ്പത്തിക സഹായവും ലഭിക്കുന്നുണ്ടെന്നും ആ സമിതിയുടെ ഭാഗമാണ് സ്റ്റാന്‍സ്വാമിയെന്നും ആരോപിച്ചാണ് അദ്ദേഹത്തെ തടങ്കലില്‍വെച്ചത്.

വിചാരണ കൂടാതെ തടങ്കലില്‍വെച്ചവരുടെ വിമോചനത്തിനുവേണ്ടി താന്‍ നടത്തിയ പോരാട്ടത്തെ പൊലീസിന് താല്‍ക്കാലികമായി അടിച്ചമര്‍ത്താന്‍ കഴിഞ്ഞേക്കാം, എന്നാല്‍ എന്നെന്നേക്കുമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന ആത്മവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടാണ് സ്റ്റാന്‍സ്വാമി തന്റെ പുസ്തകം അവസാനിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കഠിനവും ദുര്‍ഗ്ഗമവുമായിത്തുടരുന്നു എന്നുമാത്രം. തീര്‍ച്ചയായും മുതലാളിത്തവും സോഷ്യലിസവും തമ്മില്‍ വ്യത്യാസമുണ്ട്. തന്റെ അമേരിക്കന്‍-ചൈനീസ് അനുഭവങ്ങളെ താരതമ്യം ചെയ്ത് സ്റ്റാന്‍സ്വാമി ഇക്കാര്യം പറയുന്നുണ്ട്. വനസംരക്ഷകരായ ആദിവാസികളെ കാടിന്റെ അന്തകരായി ചിത്രീകരിക്കുന്ന വിചിത്രമായ നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ആദിവാസികളുടെ അനുഷ്ഠാനങ്ങളെ കുറ്റകൃത്യമായാണ് ഭരണകൂടം കാണുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപ്പക്കാര്‍ കൂട്ടംകൂട്ടമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നതിനെ സ്റ്റാന്‍സ്വാമി ഭീതിയോടെയാണ് കാണുന്നത്. പൊലീസന്വേഷണത്തിന്റെ ഭാഗമായി സ്റ്റാന്‍സ്വാമിയോട് ചോദിച്ച ചോദ്യങ്ങളും അവയ്ക്ക് അദ്ദേഹം നല്‍കിയ മറുപടിയും ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നീതിക്കുവേണ്ടി സ്വയം സമര്‍പ്പിച്ച ആ പോരാളിയുടെ നിര്‍ഭയത്വവും സത്യസന്ധതയും ആരേയും അത്ഭുതപ്പെടുത്തും. ജയിലില്‍വെച്ച് എഴുതിയ കുറിപ്പുകളും ചില കവിതകളും ഈ പുസ്തകത്തിലുണ്ട്.

‘ജീവിതവും മരണവും ഒന്നാണ്, പുഴയും കടലും പോലെ’ എന്ന ജിബ്രാന്റെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. മരിച്ചവര്‍ ആത്മാക്കളായി തിരിച്ചുവരുമെന്ന ആദിവാസികളുടെ വിശ്വാസത്തിന് എന്തൊരു സൗന്ദര്യമാണ്!

(പാതാള്‍ഗഡി=ശിലാഫലകം)

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply