ഗതികേടിലായ ഗള്‍ഫ് പ്രവാസി

കേരളത്തിന്റെ കോവിഡ് നിയന്ത്രണ നടപടികള്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ജാഗ്രതയോടെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചു. രോഗം വ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് ആളുകളെത്തുന്നത് എല്ലാം തകിടം മറിക്കുമോയെന്ന ആശങ്ക ഭരണാധികാരികള്‍ക്കുണ്ടാവുക സ്വാഭാവികം. എന്നു വെച്ച് ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നാട്ടിലേക്ക് വരുന്നതിനെ വിലക്കുന്നത് ഉചിതമാണോ? – സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ സി.ഒ.ടി അസീസ് എഴുതുന്നു

ആറ് ഗള്‍ഫ് രാജ്യങ്ങളിലായി ചുരുങ്ങിയത് 35 ലക്ഷം മലയാളികളെങ്കിലുമുണ്ടെന്നാണ് കണക്ക്. ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയിലാണ് അടുത്ത കാലം വരെ ഏറ്റവും കൂടുതല്‍ പ്രവാസി ഇന്ത്യക്കാരുണ്ടായിരുന്നത്. നയതന്ത്ര കാര്യാലയത്തിന്റെ പുതിയ കണക്കനുസരിച്ചും 26 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ സൗദി അറേബ്യയിലുണ്ട്. അതില്‍ പാതിയോളം മലയാളികളാണ്. ഏറ്റവും കൂടുതല്‍ മലയാളികളുള്ള യു.എ.ഇ കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ല പോലെയാണെന്ന് പറയുന്നതാവും ശരി. മാര്‍ച്ച് പാതിയില്‍ കോവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് ലോകം നിശ്ചലമാവും വരെ ദുബായിയും കേരളത്തിലെ നഗരങ്ങളും തമ്മിലുള്ള അടുപ്പം അങ്ങിനെയായിരുന്നു. ഏത് പണപ്പിരിവിനും രാഷ്ട്രീയ, സാമുദായിക പ്രമാണിമാര്‍ പറന്നിറങ്ങുന്നത് ദുബായ്, മസ്‌കത്ത്, ജിദ്ദ, റിയാദ്, മനാമ, കുവൈത്ത്, ദോഹ എന്നീ നഗരങ്ങളിലേക്കായിരുന്നു.

കൈയിലുള്ളതെല്ലാം വാരിക്കോരി നല്‍കുന്നവരാണ് പ്രവാസികള്‍. ജോലി ആവശ്യാര്‍ഥം ഗള്‍ഫിലേക്ക് ആളുകള്‍ പോകുന്നതിന് പുറമേ കേരളത്തിലെ വിഭവങ്ങളുടെ പ്രധാന വിപണി കൂടിയാണ് ഗള്‍ഫ്. മൂവ്വാറ്റുപുഴയിലെ കൈതച്ചക്കയും മണ്ണാര്‍ക്കാട്ടെ നേന്ത്രപ്പഴവും കല്‍പ്പറ്റയിലെ കരിവേപ്പിലയും കൊണ്ടോട്ടിയിലെ പച്ചക്കറികളുമെല്ലാം വിമാനം കയറി ഇങ്ങോട്ടെത്തുന്നു. ഉംറ തീര്‍ഥാടനത്തിനെത്തുവന്നവരുടെ സംഘങ്ങള്‍ വര്‍ഷത്തില്‍ ഹജ് സീസണ്‍ ഒഴികെ എല്ലാ മാസങ്ങളിലും കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും സൗദി അറേബ്യയിലേക്ക് പറന്നു. നാട്ടിലും പ്രവാസ ലോകത്തും ആയിരങ്ങള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന മേഖലയാണിത്. ഒരിടിത്തീ പോലെ കൊറോണ രംഗം കീഴടക്കിയപ്പോള്‍ എല്ലാം നിശ്ചലമായി. യു.എ.ഇയിലെ ഷാര്‍ജയിലേക്കും സൗദിയിലെ ജിദ്ദയിലേക്കും കേരളത്തില്‍ നിന്ന് നിത്യേന വന്നെത്തിയിരുന്ന ഡസന്‍ വിമാനങ്ങളാണ് പെട്ടെന്ന് നിലച്ചത്. ലോകമാകെ വ്യാപിച്ച മഹാമാരിയില്‍ ഭാവിയെ കുറിച്ച് ഉല്‍ക്കണ്ഠയോടെ താമസ കേന്ദ്രങ്ങളില്‍ പ്രവാസിയും ഒതുങ്ങിക്കൂടി. മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ കുടുങ്ങിപ്പോയവരെ തിരികെ കൊണ്ടു പോകാന്‍ തീരുമാനിച്ചത്.

ഇന്ത്യ ഭരിക്കുന്നത് വളരെ ശക്തമായ സര്‍ക്കാരാണ്. ആദ്യ മോഡി സര്‍ക്കാരിലും കൂടിയ ഭൂരിപക്ഷത്തിലാണ് ഒരു വര്‍ഷം മുമ്പ് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കഴിഞ്ഞ നൂറ്റാണ്ടിലും പ്രവാസ ലോകത്ത് ചെലവഴിച്ച ആദ്യ കാല പ്രവാസിയുടെ ഓര്‍മയില്‍ മറ്റൊരു കുടിഒഴിപ്പിക്കലുണ്ട്. 1990 ഓഗസ്റ്റ് 2ന് സദ്ദാം ഹുസൈന്‍ കുവൈത്തിനെ അക്രമിക്കുമ്പോള്‍ വളരെ ദുര്‍ബലമായ ഒരു സ,ര്‍ക്കാരായിരുന്നു ഇന്ത്യയില്‍. ഒട്ടും ഐക്യമില്ലാത്ത ഐക്യമുന്നണി സര്‍ക്കാരിനെ നയിച്ചത് വി.പി. സിംഗ്. ഐ.കെ ഗുജ്റാള്‍ വിദേശ കാര്യമന്ത്രിയും. കുവൈത്തില്‍ നിന്ന് മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരെ എയര്‍ ഇന്ത്യ വിമാനമയച്ചാണ് മോചിപ്പിച്ചത്. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഇവാക്യുവേഷന്‍ എന്ന നിലയ്ക്കാണ് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ജോര്‍ദാനിലെ അമ്മനില്‍ നിന്ന് പതിനായിരക്കണക്കിന് മലയാളികളെ കാശൊന്നും ഈടാക്കാതെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ മുംബൈയില്‍ എത്തിച്ചു. മുംബൈ കുര്‍ളയില്‍ നിന്നും വിടിയില്‍ നിന്നും യാത്രാക്കൂലി ഈടാക്കാതെയാണ് മലയാളികളെ കേരളത്തിലെത്തിച്ചത്. ഗതികെട്ടെത്തുന്ന പ്രവാസികള്‍ക്ക് പോക്കറ്റ് മണി നല്‍കാനും സംസ്ഥാനം ഭരിച്ചിരുന്ന ഇ.കെ നായനനാര്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. യുദ്ധ മുഖത്ത് നിന്ന് മലയാളികളെ മോചിപ്പിച്ച പഴയ കാലം ഓര്‍ത്തെടുക്കുന്ന ധാരാളം ആദ്യകാല പ്രവാസികളെ കുവൈത്തിലും സൗദിയിലും കാണാം.

ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്ഥമാണെന്ന് പറയുന്നവരുണ്ടാവും. ഗള്‍ഫിലെ 35 ലക്ഷം മലയാളികളും തിരിച്ചു വരാന്‍ പുറപ്പെട്ടിട്ടൊന്നുമില്ല. കാത്തിരുന്ന് കാണാമെന്ന മനോഭാവമാണ് മഹാഭൂരിപക്ഷത്തിനും. സൗദിയിലെ ഒരു ലക്ഷം ഉള്‍പ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും കൂടി മൂന്ന് ലക്ഷം പ്രവാസി ഭാരതീയരേ പെട്ടെന്ന് തിരിച്ചു വരാന്‍ സാധ്യതയുള്ളു. ഇതില്‍ 60,000 മുതല്‍ ഒരു ലക്ഷം വരെയേ മലയാളികള്‍ കാണൂ. ഗര്‍ഭിണികള്‍, രോഗികള്‍, സന്ദര്‍ശനത്തിനെത്തിയ ബന്ധുക്കള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെല്ലാം ഇതില്‍ ഉള്‍പ്പെടും. ഗള്‍ഫില്‍ തുടുരേണ്ട ഒരു കാര്യവുമില്ലാത്തവര്‍. മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് വിമാനങ്ങള്‍ തുടങ്ങുന്നുവെന്നറിഞ്ഞ് എം.ബസികളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പ് തുടരുകയാണ്. സൗദിയിലെ ഇന്ത്യന്‍ എംബസിയില്‍ തിരിച്ചു പോകാന്‍ രജിസ്റ്റര്‍ ചെയ്ത് ഒരു ലക്ഷം പേരില്‍ 60,000ഉം മലയാളികളാണ്. എന്നാല്‍ രണ്ടു മാസമായിട്ടും വന്ദേഭാരത്-ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇതേ വരെ പതിനായിരം പേര്‍ക്കേ യാത്ര ചെയ്യാനായുള്ളു. ഇക്കണക്കിന് എല്ലാവരും ഇന്ത്യയില്‍ തിരിച്ചെത്താന്‍ രണ്ടു മൂന്ന് വര്‍ഷമെങ്കിലും വേണ്ടി വരും.

കേരളത്തിന്റെ കോവിഡ് നിയന്ത്രണ നടപടികള്‍ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ചൈനയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ജാഗ്രതയോടെ ആരോഗ്യ സംവിധാനം പ്രവര്‍ത്തിച്ചു. രോഗം വ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് ആളുകളെത്തുന്നത് എല്ലാം തകിടം മറിക്കുമോയെന്ന ആശങ്ക ഭരണാധികാരികള്‍ക്കുണ്ടാവുക സ്വാഭാവികം. എന്നു വെച്ച് ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നാട്ടിലേക്ക് വരുന്നതിനെ വിലക്കുന്നത് ഉചിതമാണോ? ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ തിരികെ കൊണ്ടു വരുന്നതിന് മുമ്പ് ആരോഗ്യ പരിശോധന നടത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടപ്പോള്‍ അതിനെതിരെ ഒറ്റ സ്വരത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കിയത്.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍ ആവശ്യം നിറവേറ്റാന്‍ പര്യാപതമല്ലെന്ന് കണ്ടാണ് ഗള്‍ഫിലെ പ്രവാസി സംഘടനകള്‍ വന്‍തുക മുടക്കി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയത്. അപ്പോഴതാ പുതിയ നിര്‍ദേശം വരുന്നു. കോവിഡ് മുക്തനെന്ന സാക്ഷ്യപത്രമുണ്ടെങ്കിലേ ഇങ്ങോട്ട് വിമാനം കയറേണ്ടതുള്ളു. ഇക്കാര്യം പ്രവാസിയ്ക്ക് നെഞ്ചിടിപ്പ് കൂട്ടിയപ്പോഴതാ പരിഷ്‌കരിച്ച മുന്നറിയിപ്പ് വരുന്നു. വന്ദേഭാരത് വിമാനത്തില്‍ വരുന്നവരും ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ബോധ്യപ്പെടുത്തണമെന്നതാണ് പുതിയ ഓര്‍ഡര്‍. ജനപക്ഷത്ത് നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഇത്തരം നീക്കമുണ്ടാവാന്‍ വഴിയില്ല. ഭരണമാറ്റത്തിനായി കഠിനാധ്വനം ചെയ്യുന്ന വല്ല ബ്യൂറോക്രാറ്റുമായിരിക്കുമോ ഇതിനൊക്കെ പിന്നില്‍?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply