എന്തുകൊണ്ട് ആത്മഹത്യാനിരക്ക് കൂടുന്നു?പരിഹാരമുണ്ടോ?

മെച്ചപ്പെട്ട സൗകര്യങ്ങളിലും അസംതൃപ്തി എന്നത് മനുഷ്യന്റെ ഒരു ജൈവാനുഭവമാണ്. സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോഴും അടുത്തനിമിഷത്തില്‍ സ്വന്തം ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മനുഷ്യനെ കൂടുതല്‍ പ്രലോഭനീയമാക്കുകയാണ്. കൂടുതല്‍ ലക്ഷ്യങ്ങളുമായി പുതുരുചിതേടിപോകുകയാണ് മനുഷ്യന്‍. നൈനമിഷികമായ സംതൃപ്തിയുടെ മേഖല നീണ്ടുനില്‍ക്കുക എന്നത് അസാധ്യമാണ് – സൈക്കോളജിസ്റ്റ് പ്രസാദ് അമോര്‍ എഴുതുന്നു

മനുഷ്യചരിത്രത്തില്‍ ഇതിന് മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണ് ഇന്ന് ജീവിക്കുന്നവര്‍.ഇഷ്ടാനുസരണം രൂപപ്പെടുത്തിയ പ്രകൃതിയിലാണ് മനുഷ്യന്‍ ജീവിക്കുന്നത്.ആധുനിക ശാസ്ത്രസാങ്കേതികവിദ്യകള്‍ സൃഷ്ടിച്ച ജീവിത സൗകര്യങ്ങള്‍ അദ്ഭുതാഹമാണ്. എന്നാല്‍ സൗകര്യങ്ങള്‍ ഉള്ള ജീവിതം നയിക്കുന്നത് നമുക്ക് സന്തോഷം തരുന്നില്ല.പുരോഗതി പ്രാപിക്കുംതോറും അശാന്തരാകുന്നു മനുഷ്യര്‍. 2050 ആകുമ്പോഴെയ്ക്കും കോടിക്കണക്കിനാളുകള്‍ ആന്തരികസമ്മര്‍ദ്ദവും, നൈരാശ്യവും നിമിത്തം ജീവിതം വെടിയുമെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നു . മനുഷ്യ രാശി എന്തുകൊണ്ടാണ് അസ്വസ്ഥമാകുന്നത്? എന്തുകൊണ്ട് എല്ലാം ത്യജിച്ചുകൊണ്ട് ജീവിതം അവസാനിപ്പിക്കുന്നു? മനുഷ്യന്‍ ഇനി എന്തിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്? എന്തുകൊണ്ട് മനുഷ്യര്‍ക്ക് സന്തുലനം പാലിച്ചു ജീവിക്കാന്‍ കഴിയുന്നില്ല?

ആത്മഹത്യയ്ക്ക് കാരണം മനോരോഗങ്ങളോ ?

വൈകാരിക രോഗങ്ങള്‍ , സ്‌കീസോഫ്രീനിയ, പേഴ്‌സണാലിറ്റി ഡിസോഡര്‍, ഉല്‍ക്കണ്ഠാ രോഗങ്ങള്‍ തുടങ്ങിയ പല മാനസിക ആരോഗ്യപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണങ്ങളെന്നു എളുപ്പം തീര്‍പ്പ് കല്പിക്കുന്നത് ഒരു തരം ലേബലിങ്ങാണ് . തീര്‍ച്ചയായും ഹോര്‍മോണുകളും സംവേദക നാഡികളും നാഡീവ്യൂഹങ്ങളുമൊക്കെ സൃഷ്ടിക്കുന്ന ജൈവ രാസിക മാറ്റങ്ങളുണ്ടാക്കുന്ന ആന്തരികാരോഗ്യ പ്രശ്നങ്ങളാണ് ഈ രോഗങ്ങള്‍. വിഷാദവും, അശാന്തതയും ഉണ്ടാകുന്നതിനുള്ള സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ, ആശയപരമായ ഘടകങ്ങള്‍ നാം കണ്ടെത്തുമ്പോഴും അസ്വസ്ഥപ്പെടുത്തുന്ന ആ അവസ്ഥകള്‍ വ്യക്തി ശാരീരികമായി അനുഭവിക്കുന്നതാണ്. മസ്തിഷ്‌കത്തിലെ രാസികങ്ങളില്‍ തുലനാവസ്ഥകള്‍ ഉണ്ടാക്കുന്ന മരുന്നുകളും ആരോഗ്യശീലങ്ങളും ജീവിത സമ്മര്‍ദ്ദങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ വികസിത ലോകത്തിന്റെ സൗകര്യങ്ങളും അറിവുകളും നമ്മുടെ ജീവിത സ്‌നേഹത്തെ സ്ഥായിയായി നിലനിര്‍ത്തുന്നില്ല.മനുഷ്യര്‍ അസന്തുഷ്ടരായി തുടരുകയാണ്.ആത്മഹത്യചെയ്യുകയാണ്.

മെച്ചപ്പെട്ട സൗകര്യങ്ങളിലും അസംതൃപ്തി എന്നത് മനുഷ്യന്റെ ഒരു ജൈവാനുഭവമാണ്. സുഖസൗകര്യങ്ങള്‍ ആസ്വദിക്കുമ്പോഴും അടുത്തനിമിഷത്തില്‍ സ്വന്തം ശരീരത്തില്‍ സംഭവിക്കുന്ന രാസമാറ്റങ്ങള്‍ മനുഷ്യനെ കൂടുതല്‍ പ്രലോഭനീയമാക്കുകയാണ്. കൂടുതല്‍ ലക്ഷ്യങ്ങളുമായി പുതുരുചിതേടിപോകുകയാണ് മനുഷ്യന്‍. നൈനമിഷികമായ സംതൃപ്തിയുടെ മേഖല നീണ്ടുനില്‍ക്കുക എന്നത് അസാധ്യമാണ്

മനുഷ്യജീവി എപ്പോഴും ജീവനത്തിന്റെ സാധ്യതകളും പ്രതുല്പാദനത്തിനുവേണ്ടിയുള്ള ചോദനകളുമായുള്ള പരിണാമപരമായ സമ്മര്‍ദ്ദം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. വിശപ്പ് ഭോഗാര്‍ത്തി, സുരക്ഷിതത്വംഎന്നി അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ചോദനകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മസ്തിഷം ആന്തരികവും ബാഹ്യവുമായ സംഘര്‍ഷാവസ്ഥയിലാണ്. അനുഭുതികള്‍ക്കുവേണ്ടിയുള്ള സംവേദനങ്ങള്‍ അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.സാമൂഹ്യ അംഗീകാരവും ആഡംബരജീവിതവുമെല്ലാം അതിന്റെ രൂപകങ്ങളാണ്.

മനുഷ്യനില്‍ അന്തര്‍ലീനമായ നിരവധി പ്രേരണകളുണ്ട്. അന്വേഷണ വ്യഗ്രതയും സാഹസികതയും സര്‍ഗാത്മകതയുമെല്ലാം അടിസ്ഥാന വാസനകളുടെ പ്രതീകങ്ങളാണ്.ജീവനത്തിന്റേതായ പ്രേരണകള്‍, വികാരങ്ങള്‍, ആവേശങ്ങള്‍ അക്രമങ്ങള്‍ തുടങ്ങിവയിലൊന്നും പരിണാമം സംഭവിച്ചിട്ടില്ല. പരിസ്ഥിതി മാറിയതനുസരിച്ചു സ്വന്തം ശരീരത്തിലെ ജൈവചോദനയിലും അതിന്റെ രാസപ്രവര്‍ത്തനത്തിലും മാറ്റമൊന്നും വന്നിട്ടില്ല.

ആത്മഹത്യ ചെയ്തവരെ ഏതെങ്കിലും ഒരു മനോരോഗ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്.ആത്മഹത്യ സാമൂഹ്യ ശൈഥില്യത്തിന്റെ സൃഷ്ടിയാണ്.

അടിമകള്‍ ആത്മഹത്യചെയ്തിരുന്നില്ല.

അടിമയ്ക്ക് മൃഗത്തിന്റെ സ്ഥാനമേ ഉണ്ടായിരുന്നുള്ളു.അടിമകളായവര്‍ ജീവിച്ചിരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.അവരുടെ ഇടയില്‍ ആത്മഹത്യകള്‍ വളരെകുറവായിരുന്നു.അടിമകള്‍ക്ക് തങ്ങളുടെ ദുരവസ്ഥയില്‍ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റി മാത്രമേ ആലോചനയുണ്ടായിരുന്നുള്ളു.അവര്‍ക്ക് സ്വത്വബോധമില്ലായിരുന്നു.

ഇന്നും സുഖ ഭോഗങ്ങള്‍ വര്‍ജ്ജിക്കുകയും, അപരിഷ്‌കൃതവും വേദനാജനകമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന മനുഷ്യര്‍ പലതരത്തിലുള്ള ആശയസംഹിതകളുടെ പേരില്‍ അസ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്നു. പ്രാകൃത ദശയില്‍ കഴിയുന്ന അവരില്‍ .
സ്വത്വ ബോധം വളരെകുറവായിരിക്കും. അതി ഭൗതിക വിശ്വാസങ്ങളെയും ബിംബങ്ങളെയും നിലനില്‍പ്പിനായി അവര്‍ ആശ്രയിക്കുന്നു.അനശ്വരത്വം, അന്ധവിശ്വാസങ്ങള്‍, കഠിന മതവിശ്വാസങ്ങള്‍ തുടങ്ങിയ ആശയങ്ങളോട് കൂറുപുലര്‍ത്തി ജീവിക്കുന്ന മനുഷ്യര്‍ക്ക് ഇന്നും സ്വത്വബോധം വികസിച്ചു വന്നിട്ടിട്ടില്ല. ആധുനിക ലോകത്തെ അടിമകളായ അവര്‍ സ്വന്തം ജീവിതത്തെ വേര്‍പെടുത്തി ചിന്തിക്കാന്‍ കഴിയാത്തവരാണ്. അവര്‍ ജഡ വസ്തുക്കളാണ്.അവര്‍ക്ക് പ്രത്യേകമായ ചിന്തയോ അഭിപ്രായങ്ങളോ ഇല്ല. മതത്തിനും, ദൈവത്തിനും, ആദര്‍ശങ്ങള്‍ക്കും,രാജ്യത്തിനും വേണ്ടി മരിക്കാന്‍ തയ്യാറാവുന്നവരുണ്ട്.ജീവിച്ചിരിക്കുന്ന സമയത്തു തനിക്കും കുടുബാംഗങ്ങള്‍ക്കും കിട്ടുന്ന അംഗീകാരത്തിന് വേണ്ടിയാണ് അവര്‍ അഭിമാനത്തോടെ സ്വന്തം ജീവന് വിലകല്‍പ്പിക്കാതെയിരിക്കുന്നത്.സമൂഹത്തിലെ എല്ലാം അംഗങ്ങളും വിശ്വസിക്കുകയും കുട്ടിക്കാലം മുതലേ അനുശാസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അത്തരം മരണങ്ങളെ വീരമൃത്യുവായി സമൂഹം വാഴ്ത്തുന്നു.

ഭാവിയിലും ആത്മഹത്യാ നിരക്ക് കൂടുമോ

സഹസ്രാബ്ധങ്ങളായി മനുഷ്യന്റെ അവബോധം കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്. ആഴത്തിലുള്ള അന്വേഷണം നടത്തി അറിവിന്റെ മണ്ഡലം വികസിപ്പിക്കാനും സ്വത്വത്തെ നവീകരിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യന് കഴിഞ്ഞിരിക്കുന്നു. ജീവിതത്തിന്റെ ലക്ഷ്യം സന്തോഷം അനുഭവിക്കുക -ആനന്ദിക്കുക എന്ന് ആധുനിക നാഗരികത തീരുമാനിച്ചിരിക്കുന്നു.അത് മനുഷ്യന്റെ ജൈവാവശ്യങ്ങളുടെ സൃഷ്ടിയാണ്. മനുഷ്യന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തിയ പല ആശയസംഹിതകളും ആത്യന്തികമായി നാശം വന്നു. സ്വന്തം അവകാശത്തെക്കുറിച്ചു തിരിച്ചറിവുള്ള, സ്വത്വബോധമുള്ള മനുഷ്യര്‍ വിവേചനമുള്ള ഈ ലോകത്തു അതൃപ്തരാണ്.ആയിരക്കണക്കിന് വര്‍ഷങ്ങളായി അടിമകളായി കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക് തിരിച്ചറിവുണ്ടാകുമ്പോള്‍ നിലവിലുള്ള അവസ്ഥയില്‍ അതൃപ്തി തോന്നും. സ്വത്വബോധമുള്ളവരുടെയിടയില്‍ ആത്മഹത്യാനിരക്ക് കൂടുതലാണ്. എന്നാല്‍ സാമ്പ്രദായിക ഗ്രാമീണ ചുറ്റുപാടുകളില്‍ ജീവിക്കുന്നവരുടെ ഇടയില്‍, പാരമ്പരാഗത സമൂഹങ്ങളില്‍ ആത്മഹത്യാനിരക്ക് വളരെക്കുറവാണ്.

അറിവ് വിദ്യാഭ്യാസം സാമ്പത്തിക സ്ഥിതി എല്ലാം മനുഷ്യരുടെ സാമൂഹിക സ്ഥാനവും പദവിയും നിര്‍ണ്ണയിക്കുന്ന മുഖ്യ ഘടകങ്ങളാണ്. മനുഷ്യരുടെ സഹകരണം അവരുടെ സ്വതാല്പര്യങ്ങളുടെ പാരസ്പര്യമാണ്.ഓരോരുത്തരുടെയും സന്തുഷ്ടിയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് ചുറ്റുമുള്ളമനുഷ്യരാണ് അതിനാല്‍ അംഗീകാരം നഷ്ടപ്പെടുന്നത് ആത്മഹത്യാപരമാണ്. ചുറ്റുമുള്ളവരുടെ അംഗീകാരത്തിന് പ്രാധാന്യം ഏറെയുള്ള സമൂഹങ്ങളില്‍ ആത്മഹത്യകള്‍ കൂടും

സാമൂഹ്യനീതിയുടെയും സമത്വത്തിന്റെയും സങ്കല്‍പ്പങ്ങളെക്കുറിച്ചു അവബോധമുള്ളവര്‍ മനുഷ്യരെന്ന നിലയിലുള്ള തങ്ങളുടെ ജീവിതാവകാശങ്ങള്‍ നിഷേധിക്കുന്ന സാമൂഹ്യസാഹചര്യങ്ങളില്‍ അതൃപ്തരാകും.പലവിധ കാരണങ്ങള്‍കൊണ്ട് സ്വന്തം കഴിവുകള്‍ പ്രയോജനപ്പെടുത്താനും സമൂഹത്തില്‍ നന്നായി ജീവിക്കാനും കഴിയാത്ത അവസ്ഥ ജീവിത വിരക്തി സൃഷ്ടിക്കുന്നു.

ആത്മഹത്യാ പ്രതിരോധം സാധ്യമാണോ?

വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും പ്രത്യുല്പാദനത്തിന്റെയും നിലനില്പിന്റെയും ജൈവഉപാധിയായ ലൈംഗികതയും എല്ലാമായുള്ള മനുഷ്യന്റെ ആനന്ദത്തിന്റെ ലോകം ഓരോ നിമിഷവും അതി വിപുലമാവുകയാണ്. മനുഷ്യരെ തൃപ്തിപ്പെടുത്താന്‍ എളുപ്പം സാധ്യമല്ല.അംഗീകാരത്തിന് വേണ്ടിയും അംഗീകാരം നഷ്ടപ്പെടുമ്പോഴും മനുഷ്യര്‍ ആത്മഹത്യചെയ്യുന്നു.പലവിധ കാരണങ്ങള്‍ കൊണ്ട് സാമൂഹ്യ അംഗീകാരം നഷ്ടപ്പെട്ടുമ്പോള്‍ മരിക്കുന്നതാണ് മെച്ചം എന്ന് തിരുമാനിച്ചവരോട് അവര്‍ ജീവിച്ചിരിക്കാന്‍ പതിനായിരം കാരണങ്ങളുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചിട്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.സംഘര്‍ഷ കാരണങ്ങളായ സ്ഥലത്തുനിന്നും വ്യക്തികളില്‍ നിന്നും മാറി മറ്റൊരിടത്തു ജീവിതം ആരംഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. ജീവിതം അവസാനിപ്പിക്കാന്‍ പോകുന്ന മനുഷ്യന്റെ സൂചനകള്‍ മനസ്സിലാക്കി പ്രതികരിക്കുകയും സംഘര്‍ഷ ലഘൂകരണത്തിന് ആവശ്യമായ ഔഷധ ചികിത്സ ചിലപ്പോള്‍ താല്‍ക്കാലികമായെങ്കിലും വേണ്ടിവരാം. വിവിധ ചികിത്സാ മനഃശാസ്ത്രസങ്കേതങ്ങള്‍ ഒരളവുവരെ ഉപകാരപ്പെടും. എന്നാല്‍ ശരീരത്തിലെ ജൈവരാസമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള മരുന്നുകള്‍ കഴിച്ചതുകൊണ്ടോ, കേവലം ഉപദേശം ശ്രവിച്ചതുകൊണ്ടോ അന്തിമ പരിഹാരം കണ്ടെത്താനാവുകയില്ല. സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ ആവശ്യമുള്ള ഒരു മേഖലയാണിത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply